പുഞ്ചിരി വരുന്ന വഴിയിലെ തടസ്സങ്ങൾ
യൂമാ വാസുകി
വെളിപ്പെട്ടു പ്രകാശിക്കാൻ ആഗ്രഹിച്ച്
ഒരു പുഞ്ചിരി
വിദൂരതയിൽ നിന്നു പുറപ്പെട്ടു.
വഴിയിൽ മലഞ്ചെരിവിൽ നിന്ന്
ഒരു പാറ ഉരുണ്ടു വീണ്
അതിന്റെ ഒരു കാൽ മുറിഞ്ഞു.
ഇപ്പോൾ അതിനു മുടന്ത്.
തട്ടിത്തടഞ്ഞു നടന്ന്
മുള്ളു നിറഞ്ഞ കുഴിയിൽ വീണപ്പോൾ
അതിന്റെ കാഴ്ച്ചയും പോയി.
ഇപ്പോൾ അതിന് പാതി അന്ധത.
കാട്ടുവഴിയിൽ മൃഗങ്ങൾ ആക്രമിച്ചു
അതിനിപ്പോൾ പാതിജീവൻ.
എന്നാലും അതു പിന്മാറിയില്ല.
എങ്ങനെയോ ലക്ഷ്യമണഞ്ഞ്
വെളിപ്പെടുക തന്നെ ചെയ്തു.
ചുട്ടു തിളയ്ക്കുന്ന ഒരു തുള്ളി കണ്ണീരായി.
No comments:
Post a Comment