ഹൃദയതാളരേഖ
ആഴങ്ങളുടെയും ഉയരങ്ങളുടെയും നർത്തനമണ്ഡപമാണ് ജയശ്രീയുടെ കവിതാലോകം. മലമുടികളും അഗാധതകളും നിറഞ്ഞ ഒരു ലോകം, അല്ലെങ്കിൽ ഒരു ഹൃദയതാള രേഖ.
ആഴത്തിൽ നിന്നു പടർന്നു കയറുന്ന ഒരു തുടരെഴുത്തായി ഈ കവി പ്രപഞ്ചത്തെ സങ്കല്പിക്കുന്നുണ്ട്. മണ്ണിന്റെ താളിയോലക്കെട്ട് എന്ന കല്പന ഒന്നിലേറെക്കവിതകളിൽ വരുന്നു. മണ്ണിന്റെ താളിയോലക്കെട്ടിൽ പച്ച കൂർപ്പിച്ചെഴുതുന്ന എഴുത്തുകളാണ് പൂവും പുഴുവും പൂമ്പാറ്റയും ചിതലുമെല്ലാമാകുന്നത് (പരിഭാഷ). ആ എഴുത്തുകളുടെ, ലിപികളുടെ, തുടർച്ചയാണ് പാറി നടക്കുന്ന അപ്പൂപ്പൻ താടികളും കാറ്റിൽ പായുന്ന ഇലകളും മാനത്തൊഴുകുന്ന മേഘങ്ങളും വരെ. ഉയരെ പറക്കുന്ന പക്ഷിയുടെ കൊക്കിൽ നിന്നു പുറമേക്കു തെറിച്ചു നിൽക്കുന്നത് തന്റെ ഹൃദയമാകുന്ന ലിപിയാണ് എന്നും ഈ കവി പറയും. ഇങ്ങനെ പ്രപഞ്ചത്തെ മുഴുവൻ എഴുത്തായി കാണലും അറിഞ്ഞു വായിക്കലുമാണ് ജയശ്രീയുടെ കവിതയുടെ ഒരു സവിശേഷസ്വഭാവം. അവസാനമില്ലാത്ത എഴുത്തിന്റെയും അവസാനമില്ലാത്ത വായനയുടെയും പെരും പടർപ്പാണ് ഈ കവിതക്കൂട്ടം - കാറ്റിൽ അവസാനമില്ലാതെയുലഞ്ഞാടുന്ന മരപ്പടർപ്പു പോലെ.
വേരു തൊട്ടു മേഘം വരെയും തിരിച്ചുമാണ് ഈ കവിതകളുടെ സഞ്ചാരം. അതുകൊണ്ടു തന്നെ മരങ്ങളും ചെടികളും ഈ കവിതകളിൽ ആവർത്തിച്ചു വരുന്ന കാവ്യബിംബങ്ങളാകുന്നു. വേര്, തണ്ട്, ഈരില, ചെടി, പൂക്കൾ, കായ്കൾ, വീണ്ടും ഒറ്റയില എന്നിടത്തെത്തി മണ്ണിലടിഞ്ഞ് വീണ്ടും മുളച്ചുയരുന്ന ചെടി(ഇലനര). ജൈവികമായ ആവർത്തനത്തിന്റെ ഈ താളം ഈ കവിതകളിലുടനീളം മിടിച്ചു കൊണ്ടേയിരിക്കുന്നു. പ്രണയവൃക്ഷത്തിന്റെ മേലേ പൂക്കളെങ്കിൽ താഴെ ജീവജലമാണ്(ഒരു വേനൽ നിൽപ്പ്). വേര് മീട്ടിയുണർത്തിയ സ്വരങ്ങളാണ് ചില്ലത്തുമ്പിൽ പാട്ടാവുന്നത്(ഉണങ്ങി വീണ മരച്ചില്ലകളിലെ കോളാമ്പിഗാനം)
ആഴത്തിൽ നിന്നു മുളച്ചുപൊന്തുന്നതാണ് മനസ്സെന്ന ഏദൻ തോട്ടത്തിലെ ചെടികളും മരങ്ങളുമെല്ലാം. "ആഴത്തിൽ പാവുന്ന വിത്ത് പിന്നീട് ഭ്രാന്തുപിടിച്ച് ഉലഞ്ഞു പൂക്കു" മിവിടെ(ഏദൻതോട്ടം). മണ്ണിൽ ചവിട്ടിത്താഴ്ത്തപ്പെട്ട മഴ പിറ്റേന്ന് തെക്കേത്തൊടിയിൽ കൂണായി പൊന്തും(ഇര). ആഴത്തിൽ നിന്ന് നിന്നെ തേടി ഉറവെടുക്കുന്നതാണ് ഓരോ ഒഴുക്കും എന്ന് ഒഴുക്ക് എന്ന കവിത പറയും. ആകാശം മണ്ണിന്റെ താളിയോലകളിലെഴുതുന്ന മഹാകാവ്യമാണ് മഴ എന്ന് ജലാക്ഷരങ്ങൾ എന്ന കവിതയിൽ. ഇങ്ങനെ ആഴത്തിൽ നിന്ന് തഴച്ചു പൊന്തുന്ന കവിതയെക്കുറിച്ചുള്ള ഒരു ദർശനം ജയശ്രീക്കവിതകൾ തുറന്നുതരുന്നു.
ആഴത്തിലേക്കുള്ള ആഴലിലും പൊങ്ങലിലും കലർന്നിരിക്കുന്ന വേദനയും ആനന്ദവും ഉന്മാദവുമാണ് ഈ കവിതകളെ നമുക്കു പ്രിയങ്കരമാക്കുന്നത്. രാത്രി പെയ്ത മഴ രാവിലെ കൂമ്പാളത്തൊപ്പികൊണ്ടു മുഖം മറച്ച കൂണുകളായിപ്പൊന്തുന്ന കാഴ്ച്ച മനോഹരം. എന്നാൽ ആ മഴ, ഇടിയും മിന്നലും കൂടി നാഭിയിൽ ചവിട്ടി മണ്ണിൽ താഴ്ത്തിയ മഴയാണ് എന്നു വിശേഷിപ്പിക്കുന്നതോടെ കവിതയുടെ തുടക്കം തന്നെ ഭയവും വേദനയും നിറഞ്ഞതാകുന്നു. അടിഞ്ഞതിന്റെ നാനാതരം ഉയിർപ്പുകളുടെ ആകെത്തുകയാണ് ലോകം എന്നും അതു തന്നെയാണ് എഴുത്ത് അഥവാ കവിത എന്നും ഈ കവിതകൾ ഉറച്ചു പറയുന്നു.
മണ്ണിലടിഞ്ഞ പെണ്ണിന്റെ കവിത വേരു പിടിച്ചു വളരുന്നത് ആവിഷ്കരിക്കുന്ന 'മരണശേഷവും' എന്ന കവിത വേദനിപ്പിക്കുന്നതാണ്. എന്നാൽ ആ വേദനയ്ക്കടിയിൽ കാളിദാസകവിതയുടെ സൗന്ദര്യാനുഭവത്തിന്റെ ഒരു തുള്ളി മധുരം ഓർമ്മയായ് ഊറിയെത്തുമ്പോൾ ആ കാവ്യാനുഭവം സങ്കീർണ്ണമായിത്തീരുന്നു. മണ്ണിലടിഞ്ഞ പെണ്ണ് തന്റെ കവിത ഇങ്ങനെ എഴുതുന്നു:
ഞെരമ്പു മുറിച്ചിട്ട ലാവയിൽ
കൺപീലി മുക്കി
പൊളളിയടർന്ന കൃഷ്ണമണി കൊണ്ട്
കവിളിലെഴുതി
കണ്ണീരും രക്തവും കലർന്ന ചുണ്ടുകൊണ്ട്
ഒപ്പുവെച്ച്
ഇറ്റുവീണ് മുലക്കണ്ണുണർത്തി
പാൽമധുരം ചുരക്കാതെ
വേദനിച്ചു വിണ്ട വാക്കണ്ണിലൂടെ
ചുവപ്പു വറ്റിപ്പോയ ഹൃദയലിപിയായി
പുറത്തേക്കു ചാടി.
ചുളിഞ്ഞ വയറിൽ നട തെറ്റി
പൊക്കിൾക്കുഴിയിൽ ഒന്നിടറി
യോനിയിലൂടെ ഗർഭത്തിലൊതുങ്ങി
തുടയിലൂടെ കവിത ഒലിച്ചിറങ്ങി
മണ്ണിൽ വേരു പിടിച്ചു വളർന്നു.
മണ്ണിനടിയിൽ കിടക്കുന്ന പെണ്ണിനുടലിലൂടെ ഊറി വരുന്ന കവിതയുടെ സഞ്ചാരത്തെക്കുറിച്ചുള്ള ഈ വിവരണം വായിക്കവേ പൊടുന്നനെ ഞാൻ കാളിദാസഭാവനയുടെ ഒരോർമ്മത്തുള്ളിയിലേക്ക് ഊറിയിറങ്ങുകയായി. പഞ്ചാഗ്നിമദ്ധ്യത്തിൽ തപം ചെയ്യുന്ന പാർവതിയുടെ ഉടലിലേക്കിറ്റു വീണ പ്രഥമോദബിന്ദുവിന്റെ ഓർമ്മ ചേരുന്നതോടെ ആ കവിത അതീവ സങ്കീർണ്ണമാവുകയും ഏകമുഖമല്ലാത്തതായി മാറുകയും ചെയ്യുന്നു. ജയശ്രീയുടെ ഈ വരികളോടു ചേർത്തു വെച്ച് കുമാരസംഭവത്തിലെ പ്രസിദ്ധമായ ആ ശ്ലോകം വായിച്ചു നോക്കാം:
ക്ഷണമിമകളിൽ നിന്നു, തല്ലി ചുണ്ടിൽ,
കുളുർമുലമേലഥ വീണുടൻ തകർന്നു
വലികളിലിടറി,ച്ചിരേണ നാഭി -
ച്ചുഴിയിലിറങ്ങി നവീനവർഷബിന്ദു.
പാർവതിയുടേത് മണ്ണിനു വെളിയിലെ നില്പെങ്കിൽ മരണശേഷവും എന്ന കവിതയിലെ പെണ്ണിന്റേത് മണ്ണിനടിയിലെ കിടപ്പാണ്. വാനിൽ നിന്നടർന്ന് പുറമേ തെളിയുന്ന ഓരോ ശരീരഭാഗത്തിനുമേൽ കൂടിയും ഇറ്റി താഴേക്കു വീഴുന്ന ആദ്യമഴത്തുള്ളിക്കു പകരം ഈ കവിതയിലുള്ളത് മണ്ണിൽ നിന്ന് പെണ്ണുടലിനുള്ളിലൂടെയും പുറത്തൂടെയും അകം പുറം മറിച്ചൊഴുകുന്ന കവിതത്തിര. അതു വേരു പിടിച്ചു പടർന്നുയരുന്നു. ആകാശമഹാകാവ്യത്തിലെ ഒരു കുഞ്ഞു ശ്ലോകം എന്ന് ഒരു മഴത്തുള്ളിയെ വിശേഷിപ്പിക്കുമ്പോൾ (തുള്ളി) ആ പ്രഥമോദബിന്ദുവിനെ നാം വീണ്ടും കാണുന്നു.
വേരിൽ വാക്കിട്ടുകൊടുത്താൽ തളിർക്കുന്ന കാട് എന്നൊരു അപൂർവകല്പനയുണ്ട് വേണ്ട എന്ന ചെറു കവിതയിൽ. അങ്ങനെയെങ്കിൽ വാക്ക് ഈ കവിയെ സംബന്ധിച്ചിടത്തോളം വളമാകുന്നു. വാക്കിനുള്ളിൽ കടന്നിരിക്കുന്ന 'ഞാ'നും അങ്ങനെ തളിർക്കുന്ന കാടിന് വളമാകുന്നു. ജലാശയം പോടിൽ എന്ന പോലെ വാക്കിനുള്ളിൽ കടന്നിരിക്കുമ്പോൾ നീളുന്ന നേർത്ത ചാലാണ് എന്റെ കവിത എന്ന് കവി വിളംബരം ചെയ്യുന്നു.
മരങ്ങളേക്കാളുയരത്തിൽ പറക്കുന്നു വിത്തുകൾ പേറുന്ന അപ്പൂപ്പൻതാടികൾ. ഉള്ളു പൊട്ടിത്തെറിച്ച വാക്കിനെ പറത്താൻ വാക്ക് കീറിക്കീറി നേർപ്പിച്ച് വെൺനാരുകളുണ്ടാക്കുകയാണ് കവി(സ്വപ്നം). എത്രയുയരത്തിൽ പറന്നാലും വിത്തിന് പക്ഷേ മണ്ണിലടിഞ്ഞേ പറ്റൂ. നനഞ്ഞ മണ്ണിൽ അടർന്നു വീണടിയലിനെപ്പറ്റിയാണ് സ്വസ്ഥം എന്ന കവിത. കാറ്റിൽ പറന്ന് മണ്ണിലടിഞ്ഞു പൊടിയുന്നതാണ് ഈ കവിതാലോകത്തെ ഓരോ ഇലയും. ആ അടിയലും ഉയിർക്കലും പടരലും വീണ്ടും അടിയലുമാണ് ജയശ്രീയുടെ പുസ്തകത്തെ ചലനം കൊള്ളിക്കുന്നത്. അടിഞ്ഞെത്തുന്ന ഇരുട്ടിൽ ശ്വാസം മുട്ടിയാണ് വാക്ക് കവിതയാവുന്നത് (വാക്ക് പ്രളയമാകുന്നതെങ്ങനെ) ഉള്ളിൽ ഒളിപ്പിച്ച പാട്ടുകളാണ് കടങ്കഥ എന്ന കവിത തരുന്ന വാഗ്ദാനം. ഉള്ളിലിട്ടു ചവച്ച് പുറമേക്കു തുപ്പുന്നതാണ് മൗനം പോലും(മൗനം). ഉള്ളിനെ, സ്വന്തം ഹൃദയത്തെ, ഉയരെ പക്ഷിക്കൊക്കിൽ കാണുന്നതാണ് പുസ്തകശീർഷകമായ സാരമില്ല എന്ന കവിത. ഉള്ളിൽ നിന്ന് കൊത്തിയെടുത്തു കൊണ്ടുപോയ തന്റെ ഹൃദയം മറ്റെവിടെയും വയ്ക്കാതെ കൊക്കിൽ വെച്ചു തന്നെ കൊത്തിത്തിന്നൂ എന്നാണ് പക്ഷിയോടുള്ള ഒരേയൊരഭ്യർത്ഥന. ഒരു ഹൃദയമല്ലേ, സാരമില്ല എന്ന് അവസാനിപ്പിക്കുന്നിടത്ത് പുതിയൊരു തുടക്കത്തിന്റെ ആശ്വാസം കൂടിയുണ്ട്. സാരമില്ല, എല്ലാം വീണ്ടും മുളച്ചുയിർക്കും, ആർത്തു തഴക്കും എന്ന് പ്രതീക്ഷയുടെ മാനത്തേക്കു തന്നെ ഈ കവിതകൾ ഉയരുന്നു.
വാചകത്തിൽ നിന്ന് ജയശ്രീ പലപ്പോഴും നേരിട്ടു കടക്കുന്നത് പാചകത്തിലേക്കാണ്. ജീവിതത്തേയും കവിതയേയും പാചകകർമ്മത്തിലൂടെ അറിഞ്ഞാവിഷ്കരിക്കുന്ന പല കവിതകൾ ഈ സമാഹാരത്തിലുണ്ട്. എത്ര വെന്തുവെന്താണ് കവിത കവിതയാവുന്നത് എന്ന വിസ്മയത്തിൽ ഉള്ളടക്കിയ വേവൽ ജീവിതത്തിന്റെ സഹനം തന്നെയാണ്. സഹിച്ചുണ്ടാവുന്നതാണ് കവിത എന്ന് ജീവിതത്തെ സാക്ഷി നിർത്തി ഈ കവി പറയുന്നു. ഓർമ്മപ്പാത്രം തിളപ്പിച്ചു വാർത്തു വെച്ച് നേരിന്റെ കടുന്തോടു പൊട്ടിച്ച് ഉൾക്കാമ്പു ചിരകിയെടുത്ത് മനസ്സു ചേർത്ത് അരച്ചെടുക്കുമ്പോൾ കവിതയാവുന്നു. ഈ കവിതപ്പാചകം വായനക്കാരിൽ ദഹിച്ചു ലയിക്കുന്നതിനെക്കുറിച്ചുള്ള പരിഗണനയും എഴുത്തുകാരിക്കുണ്ട്.
അകത്താക്കിയ കൊഴുപ്പേറിയ വാക്കുകൾ
തികട്ടി വരുന്നു
മൗനത്തിന്റെ ഇഞ്ചി ചവച്ച്
ധ്യാനത്തിന്റെ ഒരച്ചു മധുരം ചേർത്ത്
അലിയിച്ചു കഴിക്കണം
ദഹിച്ചു പോട്ടെ.
നേരത്തേ പറഞ്ഞ, മണ്ണിലടിഞ്ഞു ലയിക്കുന്ന പ്രകൃതിയെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള ബോദ്ധ്യത്തിന്റെ തുടർച്ച തന്നെയാണ് അകമേ ദഹിച്ചു ലയിക്കുന്ന കവിതയെക്കുറിച്ചുള്ള ബോദ്ധ്യവും. ഇതും കൂട്ടിച്ചേർക്കുമ്പോൾ അടിയുക, വേവുക, ലയിക്കുക, ദഹിക്കുക, ഒടുവിൽ വീണ്ടും ഉയിർക്കുക എന്നതാണ് ഈ എഴുത്തുകാരിയുടെ ജീവിതദർശനം എന്നു നമുക്കു സംഗ്രഹിക്കാനാകും. ജീവിതത്തിന്റെ ഓരോ അണുവിലും മുഴുകിക്കൊണ്ട് കവി ഈ ദർശനത്തെ കവിതയായ് തളിർപ്പിക്കുന്നു.
നീ, ഞാൻ എന്ന ദ്വന്ദ്വമാണ് കവിതകളിലുടനീളം കാണാകുന്ന മറ്റൊരു സാന്നിദ്ധ്യം. ഒരളവോളം ജയശ്രീയുടെ കവിതയെ പരിമിതപ്പെടുത്തുന്നില്ലേ ഈ ദ്വന്ദ്വസാന്നിദ്ധ്യം എന്ന് വിമർശനാത്മകമായിത്തന്നെ പറയാനും ഞാൻ വിചാരിക്കുന്നു. എനിക്കും നിനക്കുമിടയിലെ ഈ കുടുങ്ങിക്കിടക്കൽ മാത്രം 'സാരമില്ല' ആദ്യസമാഹാരമാണെന്ന് എന്നെ ഓർമ്മിപ്പിച്ചു. ഈ കുടുങ്ങിക്കിടക്കൽ മാറ്റിവെച്ചാൽ ഇത് മുതിർച്ചയെത്തിയ ഒരു കവിയുടെ പുസ്തകം തന്നെ. എങ്കിലും സാരമില്ല, പാരസ്പര്യത്തിന്റെയും ബന്ധത്തിന്റെയും ലീലയെ കുറിക്കുന്നതാണ് ജയശ്രീയുടെ കവിതകളിൽ ഈ ദ്വന്ദ്വം. ഒരേ സമയം അടുത്താവാൻ കൊതിക്കുന്ന അകലവും അകലാൻ വെമ്പുന്ന അടുപ്പവുമാണ് ഈ ദ്വന്ദ്വം. അതിന്റെ സംഘർഷം ഈ കവിതകളിലുണ്ട്.
പഠനകാലം തൊട്ടേ എനിക്കടുപ്പമുള്ള സുഹൃത്താണ് ജയശ്രീ. എങ്കിലും അവർ കവിതകളെഴുതും എന്നത് എനിക്കു പുതിയ അറിവാണ്. അവർ തന്നെ പറഞ്ഞതു പ്രകാരം അടുത്തിടെയാണ് അവർ എഴുതിത്തുടങ്ങിയത്. എന്നാൽ ഇരുട്ടിന്റെ ഉറിയിൽ ഇത്രനാൾ എടുത്തു വെച്ച കവിതയുടെ വെളിച്ചം തട്ടിമറിച്ച് വായനക്കാർക്കു മുന്നിൽ വെളിപ്പെടുത്തി കുറുമ്പോടെ ചിരിക്കുന്ന കാൽത്തളക്കിലുക്കമാവാൻ എന്റെ പ്രിയ സുഹൃത്തിന്റെ കവിതക്കു കഴിഞ്ഞിരിക്കുന്നു. അതു തട്ടിമറിച്ചത് ഒരു തുടക്കക്കാരിയാകാം, എന്നാൽ ഏറെക്കാലം ഉള്ളു കടഞ്ഞു കരുതി വെച്ച സത്തയാണ് ഈ പ്രകാശനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
No comments:
Post a Comment