പ്രിയമുള്ളവരേ,
നനവുകൾ എന്ന പുസ്തകത്തിലെ ചില കവിതകൾ വായിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്:
നമുക്കറിയാവുന്ന ദൗത്യങ്ങളിലും ധർമ്മങ്ങളിലും കുടുങ്ങിക്കിടക്കണം കലകൾ എന്നത് മനുഷ്യന്റെ ഒരു നിർബന്ധബുദ്ധിയാണ്. കാവ്യകലയും മിക്കവാറും നിർവ്വഹിച്ചു പോരുന്നത് ആ പരിധിക്കകത്തു നിന്നു കൊണ്ടുള്ള ഇടപെടലുകൾ തന്നെയാണ്. എന്നാൽ ആ പരിധിയെ തകർത്ത് പൊതുവേ നമുക്കജ്ഞാതമായ ചില ധർമ്മങ്ങൾ നിർവ്വഹിക്കാനായി കാവ്യകലയെ സ്വതന്ത്രമാക്കുന്നു എന്നതാണ് ജോർജ് എന്ന കവി ചെയ്തുകൊണ്ടിരിക്കുന്നത്. കവിത ചെന്നു തൊടുന്ന ഇടങ്ങളെ അത് നിർവ്വചിക്കുന്നില്ല എന്നത് വളരെ പ്രധാനമാണ്. മുൻകൂട്ടി നിശ്ചയിച്ച ലക്ഷ്യങ്ങളിലേക്കു കുതിക്കുന്ന വാഹനങ്ങളിലാണ് സാധാരണയായി യാത്രക്കാർ കയറുക. കാരണം അവർക്കു ചെല്ലേണ്ടിടം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അത്തരമൊരു വാഹനമല്ല ജോർജിന്റെ കവിത.
ശ്വാസധാരകൾക്കു ശേഷം നനവുകൾ ഞാൻ മെല്ലെ വായിച്ചു തുടങ്ങിയിട്ടേയുള്ളൂ. കലുങ്ക് എന്ന ദീർഘകാവ്യമാണ് ഇപ്പോൾ ശ്രദ്ധയോടെ വായിച്ചത്. കഴിഞ്ഞയാഴ്ച്ച ഞാൻ കൊങ്കൺ വഴി തീവണ്ടിയിൽ സഞ്ചരിച്ചപ്പോൾ വഴിവക്കിൽ കാട്ടിൽ ഉറക്കെ മുഴങ്ങിക്കൊണ്ടിരിക്കുന്ന ഒരു ചെറുപുഴയുടെ തീരത്തെ മരക്കൊമ്പിൽ ഇരിക്കുന്ന ഒരു പക്ഷിയുടെ അടിവയറിന്റെ ചുവപ്പുനിറം ഒരു മിന്നായം പോലെ കണ്ടതോർക്കുന്നു. തീവണ്ടി മുന്നോട്ടു പോയതിനാൽ തിരിഞ്ഞു തിരിഞ്ഞു നോക്കിക്കാണാൻ കഴിഞ്ഞില്ല. ഇപ്പോൾ ഞാൻ അവിടെ, അതിനെ കണ്ട ആ നിമിഷത്തിലാണോ അതോ മറ്റെവിടെയെങ്കിലുമാണോ, അതോ ഒരേ സമയം അവിടെയും ഇവിടെയുമാണോ എന്നത് എന്റെ ഉണ്മ ഉയർത്തുന്ന ഒരു ചോദ്യമാണ്. ഈ ചോദ്യത്തെ ജീവിതത്തിൽ നിരന്തരം എനിക്ക് അഭിമുഖീകരിച്ചേ മതിയാകൂ. അതിനെന്നെ പ്രാപ്തമാക്കാൻ പ്രചോദിപ്പിക്കുന്നു ജോർജിന്റെ കവിത. യാത്രക്കിടയിൽ എന്നോ പിന്നിട്ടു പോയ ഒരു കലുങ്കിനും വരാനിരിക്കുന്ന ഭാഷക്കുമിടയിൽ മനസ്സ് സഞ്ചരിക്കുന്നതിന്റെ ദൂരവും വേഗവുമാണ് കലുങ്ക് എന്ന കവിത. അഥവാ ഒരനുഭവത്തിനും അതിന്റെ ആവിഷ്ക്കാരത്തിനുമിടയിലെ ദൂരവേഗങ്ങൾ. മൂന്നാമതൊരു വിധത്തിൽ പറഞ്ഞാൽ ഒരു നിമിഷത്തിനും അതിന്റെ ഭാഷാവിഷ്ക്കാരത്തിനുമിടയിൽ മനസ്സ് കൈവരിക്കുന്ന വേഗവും പിന്നിടുന്ന ദൂരവുമാണ് ജോർജിന്റെ കവിത. സാന്നിദ്ധ്യത്തിനും അസാന്നിദ്ധ്യത്തിനുമിടയിലെ അവസാനിക്കാത്ത സംവാദം.
കലുങ്ക് വായിച്ചു നിർത്തി പുസ്തകമടച്ച് പുറത്തിറങ്ങിയപ്പോൾ ഒരു കാഴ്ച്ച കണ്ടു. ഇന്നലെ കണ്ടതിന്റെ തുടർച്ച തന്നെ. പക്ഷേ ഇന്നലെ കാണാത്തത്. വേനൽക്കാലത്ത് വാങ്ങിത്തിന്ന തണ്ണിമത്തന്റെ കുരു കല്ലു വിരിച്ച മുറ്റത്തിനപ്പുറത്തെ മണ്ണിൽ തുപ്പിക്കളഞ്ഞത് മുളച്ചു വള്ളിയായി തഴച്ച് മുറ്റത്തെ കൽവിരിയിലേക്കു പടർന്നിട്ടുണ്ട്. ഈ കാഴ്ച്ച ഇന്നലെയും കണ്ടതു തന്നെ. പെരുമഴയിൽ തണ്ണിമത്തൻ വലുതാവാതെ ചീഞ്ഞുപോകുമെന്നാണ് കേട്ടിട്ടുള്ളത്. ചീഞ്ഞുപോകാതിരിക്കാനാണോ വള്ളി കല്ലിലേക്കു പടരുന്നത്? മുറ്റത്തെ വള്ളിയിൽ ഇന്നലെ കണ്ട്, വലുതാവില്ല എന്നു ഞങ്ങളുറപ്പിച്ച കൊച്ചു മത്തൻ കായ് ഇപ്പോൾ നോക്കുമ്പോൾ വീർത്തു വലിപ്പം വെച്ചിരിക്കുന്നു. ഒരു ദിവസം കൊണ്ട് അത് എത്ര ദൂരം സഞ്ചരിച്ചു കഴിഞ്ഞു!
പിന്നിട്ട നിമിഷം ജോർജിന്റെ കവിതയുടെ നനവുള്ള സ്ഥലത്ത് ഇതുപോലെ വിളഞ്ഞിരിക്കുന്നു.
ഇന്ന് അവിടെ വരേണ്ടതായിരുന്നു. ഈ കാര്യങ്ങൾ വിശദമായി നേരിൽ പറയേണ്ടതായിരുന്നു. കഴിഞ്ഞില്ല. എന്നാൽ തിരക്കിട്ട് ഇത്രയെങ്കിലും പറയാതിരിക്കാനും കഴിയുന്നില്ല. അതുകൊണ്ട് ഈ ചെറുകുറിപ്പ് അവിടെ വായിക്കും എന്നു കരുതുന്നു. 'അവിടെ' ക്കും 'ഇവിടെ' ക്കുമിടയിൽ വിളയാനായി എന്നെ പടർത്തുന്ന ജോർജ് മാഷിന്റെ കവിതക്ക് വന്ദനം.
നന്ദി.
No comments:
Post a Comment