Thursday, July 20, 2023

രാമചരിതം പടലം 4

 രാമചരിതം

പടലം 4


1

പിരിയരുതാത്ത നീയിങ്ങനെ പിതാവു വെടിഞ്ഞു നാടും

പിഴുതുകളഞ്ഞിരന്നു വനത്തിലുറച്ചവനോടകന്നാൽ

ഉരുകിടുമല്ലേ നിനക്കുടനുൾക്കുരുന്ന്? വിരുന്നായെന്തേ

കരുതുവതില്ലാ ലങ്കയിൽ വന്നത്? മതി മതി നിൻ സാമർത്ഥ്യം

ഒരു കുറി ഞങ്ങൾ നിന്നുടൽ വെട്ടിയൊക്കെ നുകർന്നു മദിച്ചേ

വിളയാടും ഹരമോടേയെന്നു പറഞ്ഞവരണയും നേരം 

കണ്ട കിനാവു താനറിയിച്ചൂ ത്രിജട,യതെല്ലാം കേട്ട്

തിരിഞ്ഞകലും നിശാചരിമാരടങ്ങിയുറങ്ങിയല്ലോ.


2

ഉറങ്ങി നിശാചരിമാരൊക്കേയുമെന്നതറിഞ്ഞു മെല്ലെ

ഒരു തരുശാഖ താണുകിടന്നതു കരുതൽ പൂണ്ടു പിടിച്ച്

വിതുമ്പി വിതുമ്പിക്കരയുന്നവളെ ഞാനിങ്ങണയെക്കണ്ടൂ

ഒടുങ്ങും ദു:ഖമിതെന്നു നിനച്ചൂ വീണുവണങ്ങി ഞാനും

അല്ല നിശാചരമായ, കുരങ്ങൻ തന്നേയെന്നറിയിച്ചു

ഇവിടുന്നിനുള്ള ദുഃഖം പിന്നെക്കനിവിനൊടേയറിയിച്ചു

സുന്ദരമാകും മോതിരമങ്ങു കൊടുക്കെ മടക്കിത്തന്ന

ചൂഡാമണിയുമെടുത്തുടനടിയൻ തിരികേയിങ്ങു പോന്നു.


3

ഉടനെത്തിരികേ വന്നതുണർത്തീ ഞാ,നൊരു നൊടിയിടയാലേ

ലങ്കയെ, രാക്ഷസരെപ്പൊടിയാക്കാം തിരുവുള്ളമുണ്ടെന്നാകിൽ

മറ്റുള്ള വാനരവീരരുമൊത്തെഴുനള്ളാമല്ലെന്നാകിൽ

ഇവയല്ലാതില്ലെളുതായൊരു വഴി, നമുക്കങ്ങകത്തു കടക്കാം

ഇനിയരുതിങ്ങു നമ്മളിരുന്നു നേരം കളവാൻ, അങ്ങെ-

ങ്ങാനും ക്രൂരകളായ നിശാചരിമാരുടെ നടുവിലിരുന്ന്

ശേഷിച്ച ജീവൻ പോറ്റീ, പോറ്റിടുമങ്ങെന്ന തോന്നൽ വരേണം.


4

കാറ്റിൻ മകനേ, നീയൊരു കാര്യം പറയുകിലതിനൊടിടഞ്ഞ്

മറ്റൊന്നാരുരചെയ്തിടുമുലകിൽ എന്നിങ്ങനെയവനോട്

ചൊന്ന ശേഷം വാനരരാജനൊടെന്തു ചെയ്യും നാമിനി

എന്നരുളിച്ചോദിച്ചൂ രാമൻ,പിന്നെ നീലനോടുടനേ

നീ നിൻ പടയെ നയിക്കുക നീലാ, വഴിയിൽ നടന്നിടയ്ക്കിടെ 

നിന്നു നിന്നു വാനരവീരർ വരുമ്പോളവർക്കു തിന്നാനായ്

പഴവും കിഴങ്ങും നല്ല വെള്ളവുമിടുകെങ്ങെങ്ങും വഴിമേലേ

വാനരവീരന്മാരുടെ വാട്ടമകറ്റി നടക്കെന്നരുൾ ചെയ്തു.


5

അരുളിച്ചെയ്തൂ രാജാധിരാജൻ ലക്ഷ്മണനോടും, ഭക്തി-

യ്ക്കളവില്ലാത്ത വാനരനായകൻ സുഗ്രീവനൊടും, വേറേ

വാനരവംശവീരന്മാരൊടുമൊപ്പം ചിന്ത ചെയ്കേ

അനുപമവിജയം ചേർന്ന  മുഹൂർത്തമൊത്തു വരുന്നതു കണ്ടു

മലയൊത്ത തോളിൽ വായുവിൻ പുത്രൻ മനുജാധിപനെയെടുത്തൂ

വന്ദനം ചെയ്ത്, ബാലി തൻ പുത്രൻ രാമാനുജനെയെടുത്തൂ

തന്നുടെ തോളി, ലവരവ്വണ്ണമെടുത്തു നടന്ന നേരം

ദേവകളെല്ലാമഴകൊടുകൂടേ പൂക്കൾ പൊഴിച്ചൂ നീളേ


6

പൊഴിയും പൂന്തേനിൻ തെളി ചാടിയോടിയണഞ്ഞുകൊണ്ടും

ഭൂമിയിൽ നിന്നുമുയർന്നു വളർന്നു വാനൊടു മുട്ടുമാറും

പഴവന്മാരാം മുനിമാരുടെ മനമലിവൊടുണർത്തിയ വഴിയേ

കടലൊടു ചേരുന്നതിനായോടി വീറകമേയെഴുമാറും

മയിലിൻ പീലികൾ പോലേ കാന്തിയിൽ പൂത്തുകുളിർത്തു നിൽക്കും

തരുനിര ചേർന്നാകാശം മുട്ടും പർവ്വതനിരകൾ കടന്ന്

അഴകൊടു പാഞ്ഞെഴുനേറ്റു തിളച്ചലറിക്കപിവീരരെല്ലാം

അലകടലോടു മുട്ടീയുടയോൻ രാമനു മുമ്പേ ചെന്ന്.


7

അലകടലോടു മുട്ടിയ വീരൻ മട്ടലരമ്പനമ്പേ -

റ്റണിമുലമൊട്ടിൻ വട്ടം വളരും മൈഥിലി തന്നെ നണ്ണി

പല വകയും നിനച്ചു നിനച്ചു സങ്കടമേറി നീറി

പട നടുവേയിരുന്നു കരഞ്ഞൂ മണ്ണിലവൻ വീണപ്പോൾ

പുകഴ്പെറ്റോരു ലക്ഷ്ണനുടനേ വാക്കുകളാകും കോൽത്തേൻ

പലപലമട്ടിൽ പകർന്നു നമസ്ക്കരിച്ചവനെയുണർത്തി

നിലയുംതെറ്റിസ്സൂര്യൻ കടലിൽ വീണു താണതു കണ്ട്

സന്ധ്യാവന്ദനകർമ്മം ചെയ്തുമുടിച്ചു തെളിഞ്ഞൂ രാമൻ


8

തെളിവൊടു ചെന്ന ദേവന്മാരസുരന്മാർ രാജാക്കന്മാ-

രവരോടെല്ലാമെല്ലായ്പ്പോഴും പടയും കൂട്ടിച്ചെന്ന്

കുറവുകൾ കാട്ടി വെട്ടിമുടിച്ചു വിജയം വിളയിപ്പിക്കും

പടയൊടു കൂടേ ലങ്കാനഗരം വാഴും രാക്ഷസരാജൻ

ഇളയവനോടും വാനരവീരന്മാരൊട്, രവിയുടെ മകനാം

സുഗ്രീവനൊടും ചേർന്നു രാമനാഴിയുടെ വടക്കേ

വളർകരയിൽ വന്നെത്തീയെന്നതു കേട്ടു തളർന്നണഞ്ഞൂ

മനവുമഴിഞ്ഞു മന്ത്രശാലയിൽ മന്ത്രിമാരോടൊപ്പം.


9

മനവുമഴിഞ്ഞു സചിവർക്കൊപ്പം മന്ത്രശാലയിൽപ്പോയ്

മലർമകളാകും ജാനകിയെക്കൊടായ്‌വതിനെന്തു ചെയ്യും?

എവിടേനിന്നും നമ്മൾ തുടങ്ങു, മങ്ങെതിരിടണോ ചെന്ന്?

രാവിൽ മറഞ്ഞു വിരഞ്ഞു മുഴുക്കെയടിച്ചു നശിപ്പിക്കേണോ?

വനഭുവിയിൽ പിറന്നു വളർന്ന വാനരജാതിയെല്ലാ-

മെതിരേ വന്നാൽ വല്ലായ്മയാകുമെന്നു വിചാരിക്കേണോ?

നിനവുകളൊറ്റക്കെട്ടായിടുമോ? നിങ്ങൾ പറഞ്ഞീടേണം

നിലതെറ്റാതെയെന്നവരോടു രാക്ഷസരാജൻ ചൊന്നു.


10

അവരോടിങ്ങനെ രാക്ഷസരാജനുരയ്ക്കേയൊത്തവർ ചൊന്നൂ

അടരിൽ പണ്ടൈരാവതമാനയെയോടിച്ചോൻ മനമുലയെ:

അമരരെ വെന്നിട്ടമരേശ്വരനെച്ചെന്നു പിടിച്ചുകൊള്ളാൻ

നിന്നുടെ മകനാമിന്ദ്രജിത്തിനു സാധിച്ചൂ യുദ്ധത്തിൽ

ആരേയളകേശ്വരനിൽ നിന്നു പറിച്ചെടുത്തു പോന്നൂ

പുഷ്പകമെന്ന വിമാനം? ഭൂമിയിലാരേ രാജാക്കന്മാർ

നമ്മെയെതിർത്തവരിപ്പൊഴുമുയിരൊടിരിപ്പൂ, ഹരി ഹരി, യിന്നീ

രാമനിലായിത്തീർന്നോ നിന്നുടെ പേടി മുഴുക്കെയുമിപ്പോൾ?


11

അടരാടുമ്പോളമരർക്കെല്ലാം നെറിയില്ലാതാവുന്നു

മയനേകീ തൻ പെണ്ണിനെ നമ്മൊടു ചുറ്റമുറയ്ക്കാൻ വേണ്ടി.

കുറവറിയാ നാഗങ്ങൾ തോറ്റീടുന്നൂ വമ്പൻ പോരിൽ

വെറുതെക്കിട്ടിയ പ്രാണനുമായ് പോയൊഴിയാനായ് തൊഴുകുന്നു.

ചങ്കിൽ കറയുള്ളോനിള കൊളളും കൈലാസമെടുത്താടാൻ

കരബലമുള്ള നിന്നൊടു യുദ്ധത്തിന്നു തുനിഞ്ഞടുക്കാൻ

അറിവില്ലാത്തതിനാലേ രാമൻ തുടങ്ങി, യെല്ലാമെന്നും

വിചിത്രമായിശ്ശരിയായ് വരുമോ?, ഞങ്ങളിതറിയിക്കുന്നു.


No comments:

Post a Comment