Wednesday, July 5, 2023

കസവ്

കസവ്



ഉടുതുണിയുടെ കസവുതിളക്കം

ബ്രഷുകൊണ്ടുള്ള പരുക്കനൊരു കോറലല്ലാതെ

മറ്റെന്ത്?


രവിവർമ്മയുടെ രാധാമാധവം

എത്ര മനോഹരം, കാല്പനികം!

കൃഷ്ണൻ മിഴി താഴ്ത്തി രാധയെ,

രാധ മിഴി ചെരിച്ചുയർത്തി വിദൂരതയെ

നോക്കുന്നു.

രാത്രിയെ, യമുനാ നദിയെ 

വസ്ത്രത്തിന്റെ മടക്കുകളെയെല്ലാം

തിളക്കുമമ്പിളിയെ

നോക്കുന്നില്ലിരുവരും.


രാധയണിഞ്ഞ മുത്തുമാലയിലെ

വെൺമുത്തോരോന്നും തിളങ്ങുന്നു.

ഓരോന്നിലുമുണ്ടോരോ

ബ്രഷ്‌ഷു കുത്ത്.


പരുക്കൻ കോറലുകളും കൂർത്ത കുത്തുകളും

ചിത്രത്തിലേറെയുണ്ടെന്നിൽ,

തിളങ്ങാതിരിക്കുമോ പിന്നെ ഞാൻ!


No comments:

Post a Comment