കവിതയിലെ യോഗമാർഗ്ഗചാരുത
രാധാകൃഷ്ണൻ കാക്കശ്ശേരി മാഷെ എനിക്കു കുട്ടിക്കാലം തൊട്ടേ അറിയാം. ഗുരുവായൂർ ശ്രീകൃഷ്ണാ ഹൈസ്കൂളിൽ പഠിച്ചിരുന്ന എന്റെ ചേച്ചി പറഞ്ഞു കേട്ട അറിവാണ് കൂടുതൽ. ചേച്ചിയുടെ മലയാളം അദ്ധ്യാപകനായിരുന്നു അദ്ദേഹം. പിന്നീട് ചേച്ചിയുടെ വിവാഹത്തിന് അദ്ദേഹം വീട്ടിൽ വന്നതും ഓർക്കുന്നു. കോളേജിൽ പഠിക്കുന്ന കാലത്താണ് എഴുത്തുകാരനായ രാധാകൃഷ്ണൻ കാക്കശ്ശേരിയെ പരിചയപ്പെടുന്നത്. കോവിലന്റെ തെരഞ്ഞെടുത്ത കഥകളുടെ അവതാരികയാണ് അന്നു വായിച്ചത്. കോവിലൻ അന്ന് എന്റെ പ്രിയപ്പെട്ട എഴുത്തുകാരനായിരുന്നു. സാഹിത്യലോകത്ത് അഖിലകേരളപ്രസിദ്ധി ഇല്ലാത്ത രാധാകൃഷ്ണൻ മാഷാണ് അതിന് അവതാരിക എഴുതിയത് എന്നത് എന്നെ അന്ന് അത്ഭുതപ്പെടുത്തി. കോവിലന്റെ കഥകളെ കൃത്യമായി അടയാളപ്പെടുത്തിയ അവതാരികയായിരുന്നു അത് എന്നോർക്കുന്നു. പിൽക്കാലത്ത് ചില കവിയരങ്ങുകളിൽ അദ്ദേഹം കവിത വായിക്കുന്നതറിഞ്ഞപ്പോഴാണ് മാഷ് കവിയുമാണ് എന്നു മനസ്സിലായത്. ഇതൊക്കെയാണെങ്കിലും സഹൃദയനായ മികച്ച ഭാഷാദ്ധ്യാപകൻ എന്ന നിലയിലാണ് രാധാകൃഷ്ണൻ കാക്കശ്ശേരി എന്ന പേര് എന്റെ മനസ്സിൽ കൊത്തിവയ്ക്കപ്പെട്ടിരിക്കുന്നത്. ഇപ്പോഴിതാ സഹൃദയനായ ആ അദ്ധ്യാപകൻ തന്റെ ജീവിതകാലത്ത് എഴുതിയ, മൂന്നു സമാഹാരങ്ങളായി മുമ്പു പ്രസിദ്ധീകരിച്ച മുഴുവൻ കവിതകളും എന്റെ മുന്നിലിരിക്കുന്നു. അവയിലൂടെ പല തവണ ഞാൻ ഇതിനകം കടന്നുപോയിക്കഴിഞ്ഞു.
സഹൃദയത്വമാണ് മാഷിന്റെ കവിതയുടെ അടിസ്ഥാനധാര. ഇക്കാലം മുഴുവൻ താൻ വായിച്ചും പഠിച്ചും പഠിപ്പിച്ചും പോന്ന കാവ്യസംസ്ക്കാരം മുഴുവൻ പ്രതിഫലിപ്പിക്കുന്നതാണ് ആ കാവ്യ ലോകം. പുരാണേതിഹാസങ്ങളുടെയും വേദോപനിഷത്തുകളുടെയും ശങ്കരാചാര്യരുടെയും മേൽപ്പത്തൂരിന്റെയും കൃതികളുടെ വായനാസംസ്ക്കാരം ഇവയിലുണ്ട്. എഴുത്തച്ഛൻ,നമ്പ്യാർ, പൂന്താനം എന്നിവരുടേതു തൊട്ട് വൈലോപ്പിളി, ജി.ശങ്കരക്കുറുപ്പ്, എൻ.വി.കൃഷ്ണവാരിയർ, ഓട്ടൂർ, വി.കെ.ജി, ജി.കുമാരപ്പിള്ള വരെയുള്ള ഒട്ടേറെ മലയാള കവികളുടെ രചനകളുടെ വായനയിൽനിന്ന് ഊറിവന്ന മലയാളകാവ്യസംസ്ക്കാരവുമുണ്ട്. ഇവ രണ്ടും ഇരുതീരങ്ങൾ പോലെ രാധാകൃഷ്ണൻ മാസ്റ്ററുടെ കാവ്യനദിയെ പാലിക്കുന്നു. നദിയിൽ ആകാശമെന്ന പോലെ രാധാകൃഷ്ണകവിതയിൽ ആ കാവ്യസംസ്ക്കാരം പ്രതിഫലിക്കുന്നു എന്നും പറയാം. ഇത്ര നീണ്ട കാലം സാഹിത്യത്തിൽ മുഴുകിക്കഴിഞ്ഞ സഹൃദയനായ ഈ കവി എങ്ങനെയാണ് കാവ്യസംസ്ക്കാരത്തെ സ്വാംശീകരിച്ചത്, എങ്ങനെയാണ് അതിൽ നിന്ന് സ്വന്തം സ്വരം കണ്ടെത്തിയത് എന്നു മനസ്സിലാക്കുക ഇവിടെ പ്രധാനമാണെന്നു ഞാൻ കരുതുന്നു. അതിലൂടെ ജീവിതത്തെ അതിന്റെ സമഗ്രതയിൽ എങ്ങനെയാണീ കവി മനസ്സിലാക്കിയതും ആവിഷ്ക്കരിച്ചതും എന്നറിയുന്നതും എന്നെപ്പോലൊരു വായനക്കാരന് പ്രധാനമാണ്.
രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ കവിതകളെ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ സാമാന്യമായി മൂന്നായി തിരിക്കാം. കവി - കാവ്യാനുസ്മരണം, കാല- സമൂഹവിചാരം, ഭക്തിയോഗാവിഷ്ക്കാരം എന്നിവയാണവ. ആത്മീയാന്വേഷണത്തിന്റെ പ്രവാഹം ഈ മൂവുലകങ്ങളിലൂടെയും ഒരുപോലെ ഒഴുകി വായനക്കാരിൽ വന്നണയുന്നു. ഈ മൂന്നു വിഭാഗങ്ങളിലും ഉൾപ്പെടുന്ന പ്രധാന കവിതകളിലൂടെ നമുക്കൊന്നു കടന്നുപോകാം. തന്റെ ജീവിതത്തേയും കവിതയേയും ഏറെ സ്വാധീനിച്ച മഹാത്മാക്കളെ ഓർക്കുന്നവയാണ് ഒന്നാം വിഭാഗത്തിലെ കവിതകൾ.പി.കുഞ്ഞിരാമൻ നായരുടെ ഓർമ്മയിലെഴുതിയ കവിതയാണ് കളിയച്ഛനോട്. "സത്യസൗന്ദര്യം പ്രതിഷ്ഠിച്ച ഗോപുരം കത്തിയെരിയുന്നതോർത്തു സംദഗ്ദ്ധനായ്" പോയതുകൊണ്ടാണ് നട്ടുവന് രംഗം കലമ്പുന്നതറിയാതിരുന്നതും ചുട്ടിയടർന്ന് വേച്ചു വീണതും എന്നാണ് ഈ കവിതയിലെ ഭാഷ്യം. സത്യ സൗന്ദര്യങ്ങളെയോർത്തു സ്വയം മറന്നു നിൽക്കയാൽ മഹാകവി പി വരിച്ച ദുരന്തങ്ങളെക്കുറിച്ചാണ് സഹ്യദയനായ ഈ കവിയുടെ ആധി. ആ ആധിയിൽ ശിഷ്യനായ നട്ടുവനും ഗുരുവായ കളിയച്ഛനും ഒരാളായി മാറുന്നു. ഉജ്വലഭാവനയുടെ പോർനിലങ്ങളിൽ മുഴങ്ങിക്കേൾക്കുന്ന ആത്മശുദ്ധിയുടെ ശംഖൊലിയും പാർത്തലമാകെയിണക്കുന്ന തേരൊലിയും കേൾപ്പിച്ചു കൊണ്ടാണ് കവിത അവസാനിക്കുന്നത്. അങ്ങനെ, ഗീതാദർശനത്തെ കാവ്യദർശനത്തിൽ ലയിപ്പിക്കുന്ന കവിതയായി കളിയച്ഛനോട് മാറിയിരിക്കുന്നു. മഹാകവി പി യുടെ ആത്മവിസ്മൃതിയെത്തന്നെയാണ് വേഷങ്ങൾ എന്ന കവിതയും വിഷയമാക്കുന്നത്. ആത്മവിസ്മൃതിയുടെ മൂർദ്ധന്യത്തിൽ മിന്നൽ പോലെ ഉടലിലൊരു വിറ വരികയും അത്ഭുത നർത്തനത്തിലേക്ക് ഉണരുകയും ചെയ്യുകയാണ് നടൻ ഇവിടെ. നൃത്തത്തിനൊടുവിൽ തിര താഴുമ്പോലെ പദപതനങ്ങൾ താണ് അയാൾ നിലം പതിക്കുന്നു. കളിയാശാനോട് തറുതല പറയാനാവാത്തതു കൊണ്ടാണ് അയാൾക്ക് എല്ലാം ഉള്ളിലമർത്തി രംഗത്താടേണ്ടി വന്നത്. ആട്ടത്തിനൊടുവിൽ ഒരു നിമിഷം സ്വയം മറന്ന് നൃത്താത്ഭുതം തീർക്കുകയായിരുന്നു നടൻ. ആത്മവിസ്മൃതിയിൽ ലയിച്ച് കാവ്യാത്ഭുതം സൃഷ്ടിച്ച മഹാകവിയാണല്ലോ പി.കുഞ്ഞിരാമൻ നായർ.
എൻ.വി.കൃഷ്ണവാരിയരെക്കുറിച്ചെഴുതുമ്പോൾ രാധാകൃഷ്ണൻ മാഷുപയോഗിക്കുന്ന രണ്ടു പദങ്ങൾ ആത്മധീരത, ആത്മഹർഷം എന്നിവയാണ്. അറിവിൽ നിന്നുണ്ടാകുന്നതാണ് ആത്മധീരത. ആത്മഹർഷത്തിനു നൽകിയിട്ടുള്ള വിശേഷണം നവീനമാം ഗന്ധമൊന്നുലാവീടുമാത്മഹർഷം എന്നാണ്. ആ നവീനത്വം ചിന്തയുടെ നവീനത്വമാണ്. ഒരു തലമുറയെ എൻ.വി. എങ്ങനെയാണ് സ്വാധീനിച്ചത് എന്നതിന്റെ കൃത്യമായ ആഖ്യാനമാണ് സംക്രമസൂര്യൻ എന്ന കവിത.
എത്ര മൊട്ടുകൾ പൂവായ്
പൂക്കളിൽ മണമായി
മുറ്റിനിന്നതു തവ
ചിന്ത തൻ കരുത്തല്ലോ.
ആ കാലത്തിന്റെ ആയിരം പൂക്കളിൽ ഒന്നായി രാധാകൃഷ്ണൻ മാഷ് സ്വയം കാണുന്നു. എൻ.വി കൃതികളുടെ വായനയിൽ നിന്നുണ്ടായതാണ് തന്നിലെ തേൻ എന്ന് ഈ സഹൃദയൻ അഭിമാനിക്കുന്നു.ആത്മാവിൽ തങ്ങുന്ന ആദർശപ്രദീപ്തിയാണ് ജി.കുമാരപ്പിള്ളയുടെ ജീവിതത്തിന്റെയും കവിതയുടെയും സാരം എന്ന് ഓർമ്മയിലൊരു സുഗന്ധമെന്ന കവിത വ്യക്തമാക്കുന്നു. വിദ്യയുടെ എളിമയാണ് പണ്ഡിതനായ കെ.പി.നാരായണപ്പിഷാരോടിയിൽ നിന്ന് സവിശേഷം ഉൾക്കൊള്ളുന്ന ഒന്ന്. കുമ്മിണിമാസ്റ്ററിൽ നിന്ന് ശുദ്ധസാത്വികസത്തയേയും അനൗപചാരികതയേയുമാണ് കവി തന്നിലേക്കാവാഹിക്കുന്നത്. ഗാന്ധിസ്മൃതി ഈ കൂട്ടത്തിൽ വ്യത്യസ്തമായ ഒരു രചനയാണ്. ഗാന്ധിമാർഗ്ഗത്തിൽനിന്നകന്നു പോയ പിർക്കാല ഭാരതത്തെയോർത്തുള്ള ധർമ്മരോഷമാണ് ഇവിടെ കവിയിലാളുന്നത്. ഫാസിസത്തിന് പിടിമുറുക്കാൻ ഇന്ത്യയിൽ ഇന്നും തടസ്സം ഗാന്ധിസ്മൃതിയാണെന്ന് ഈ കവിത ഘോഷിക്കുന്നു. ചരിത്ര പുരുഷനായ നെൽസൻ മണ്ടേലയുടെയും ഐതിഹ്യ കഥാപാത്രങ്ങളായ കുറൂരമ്മയുടെയും നാറാണത്തുഭ്രാന്തന്റേയും സ്വരസാമ്രാജ്യത്തിന്റെയധിപനായ ചെമ്പൈയുടെയും ജീവിതവേദാന്തത്തിൻ അക്ഷരപ്പൊരുളുകൾ കൈ പിടിച്ചെഴുതിച്ച ഗുരുവായ മൃഡാനന്ദസ്വാമിയുടെയുമെല്ലാം ഓർമ്മകളിൽ നിന്നുയിരെടുത്ത ആന്തരസാമ്രാജ്യങ്ങളെക്കുറിച്ചാണ് രാധാകൃഷ്ണൻ മാസ്റ്റർ നിരന്തരം എഴുതിയിട്ടുള്ളത്. ചില ഓർമ്മകൾ ഈ കവിയിൽ കാവ്യഭാഷയുടെ ഭാഗമായി പതിഞ്ഞുകിടക്കുന്നതും എടുത്തു പറയേണ്ടതാണ്. ജി.ശങ്കരക്കുറുപ്പിനേയും വൈലോപ്പിള്ളിയേയും ഓർക്കുന്ന ഒരു കവിത ഇതിൽ കണ്ടേക്കില്ല. എന്നാൽ അവരുടെ കാവ്യഭാഷയുടെ മുദ്ര തന്റെ കാവ്യശരീരത്തിൽ അച്ചുകുത്താൻ ഈ സഹൃദയ കവിക്ക് സന്തോഷമേയുള്ളൂ. ഹൃദന്തമാമുടുക്കും കൊട്ടിപ്പാടി നിൽക്കുക എന്ന പ്രയോഗത്തിലൂടെയാകും ജി.ക്കവിതയുടെ ഓർമ്മ നമ്മിലുണരുക. അപ്രശസ്തമായ പുരാണ ഉപാഖ്യാനങ്ങൾ പുനരാഖ്യാനം ചെയ്യുന്ന ചില കവിതകളും ജ്ഞാനമാർഗ്ഗത്തെ പ്രകീർത്തിക്കുന്നവയായുണ്ട്. സ്വർഗ്ഗീയ വിദ്വത്സഭയുടെ അദ്ധ്യക്ഷനാരാവണം എന്നു ചർച്ച ചെയ്യുന്ന കവിതയും (വിനയമത്രേ ധന്യം) ദുർവ്വാസാവിനെ കൃഷ്ണൻ സൽക്കരിക്കുന്ന കഥ പറയുന്ന കവിതയും (ശാന്തിയുടെ പൊരുൾ) ഉദാഹരണം. ശാന്തിയുടെ പൊരുൾ ദുർവ്വാസാവ് ഇങ്ങനെ വെളിപ്പെടുത്തുന്നുണ്ട് :
ഏതു ഗർവ്വവും തകർക്കുന്നിതു സമതതൻ
പൂതമാം ചിരി, സ്നേഹത്തിന്റെ പൂർണ്ണിമയത്രേ
ഏതു ക്രോധവുമലിയുന്നിതു ക്ഷമയുടെ
ഭാസുരദീപ്തിയ്ക്കകമിന്ദ്രനീലക്കൽ പോലെ
ദുർഗർവ്വിൻ ഫലമത്രേ ക്രോധ,മായതു തീരു-
മർഗ്ഗളമിയലാത്ത ശാന്തിതൻ പ്രവാഹത്തിൽ
പ്രബോധനാത്മകത ഇത്തരം കവിതകളുടെ സവിശേഷതകളിൽ ഒന്നാണ്. മലയാളത്തിലെ പ്രബോധനാത്മകകാവ്യപാരമ്പര്യത്തെ, പ്രത്യേകിച്ചും ഉള്ളൂരിന്റെ കവിതാവഴിയെ ഓർമ്മയിലുണർത്തുന്നു കഥ പറയുന്ന കാക്കശേരിക്കവിതകൾ. വായനയിലൂടെ അറിവ് സംസ്കാരമായി ലയിച്ചതിന്റെ സാക്ഷ്യങ്ങളാണ് ഈ കവിതകളെല്ലാം. ആത്മീയാന്വേഷണത്തിന്റെ ജ്ഞാനയോഗവഴി എന്ന് ഈ വിഭാഗത്തിൽപ്പെട്ട കവിതകളെ സംഗ്രഹിച്ചു പറയാം.
മറ്റൊരു കഥാകവിതയായ നാമകേശം ജ്ഞാനമാർഗ്ഗത്തേക്കാൾ ഭക്തിമാർഗ്ഗപ്രധാനമാണ്.
ഭക്തിയോഗത്തിലൂടെയുള്ള അന്വേഷണമാണ് കാക്കശ്ശേരിക്കവിതയിലെ രണ്ടാമത്തെ ധാര. പിടിത്താളുകളിലെയും ശയനപ്രദക്ഷിണത്തിലെയും കവിതകളിൽ ഈ വഴി പ്രബലമാണ്. നിന്റെ മുന്നിലെത്താൻ കൊതിക്കുന്ന ആത്മാവിന്റെ നൊമ്പരം നീ അറിയുന്നുണ്ടോ എന്നാണ് കണ്ണനോടുള്ള കവിയുടെ ഒരു ചോദ്യം. ആഗ്രഹമിതുമാത്രം:
ജീർണ്ണമായ് തുള വീണ മൺചെരാതിൽ ഞാൻ തപ്ത -
നിശ്വാസത്തിരിനാളം കാണിക്കയർപ്പിക്കുമ്പോൾ
കെടുത്തിക്കളയായ്ക, തെക്കൻ കാറ്റൂതും വരെ
നടക്കൽ തെളിഞ്ഞു കത്തീടട്ടെ മഹാ സ്വാമിൻ (ആഗ്രഹം)
മരണമെത്തുവോളം കണ്ണനുമുന്നിൽ ഒരു തിരിനാളമായി കത്തിയാൽ മതി എന്ന ആഗ്രഹത്തിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭക്തിയോഗദർശനത്തിന്റെ മിഴിവ് നമുക്കു കാണാം. ഭക്തിഭാവത്തിന്റെ സാന്ദ്രത ഇതേ പോലെ തെളിഞ്ഞുകത്തുന്ന മറ്റൊരു കവിതയാണ് വെണ്ണ തേടി. ശയനപ്രദക്ഷിണം എന്ന സമാഹാരത്തിലെ മിക്ക കവിതകളും ഈ ശ്രേണിയിൽ വരുന്നവയാണ്. ഗുരുവായൂരപ്പനേയും ശബരിമല അയ്യപ്പനേയും സ്തുതിക്കുന്ന കവിതകൾ തൊട്ട് ഗുരുവായൂർ പത്മനാഭൻ എന്ന ഗജരാജനെക്കുറിച്ചുള്ള കവിത വരെ ഇതിലുണ്ട്. ആന്തരസാമ്രാജ്യങ്ങൾ എന്ന സമാഹാരത്തിലെ അവസാനകവിതയായ ഖോർഫുക്കാൻ താഴ്വരയിൽ എന്ന കവിത നോക്കൂ. ആ മരുഭൂമിക്കുമേൽ പ്രത്യക്ഷപ്പെട്ട മഴമേഘത്തിൽ നിന്ന് കൃഷ്ണസ്മൃതിയിലേക്കു കടക്കുകയാണാ കവിത. വെള്ളം ഉൾക്കൊള്ളുന്ന മഴമേഘത്തിന്റെ നിറമാണ് കൃഷ്ണന് എന്നത് ഈ കവിക്ക് പ്രധാനമാണ്. കൃഷ്ണപർവ്വം എന്ന കവിത നെൽസൺ മണ്ടേലയെക്കുറിച്ചുള്ളതാണ്. മണ്ടേലക്ക് കൃഷ്ണഭാവം പകരുന്ന ഈ വരി നോക്കൂ:
നീ കൃഷ്ണനെന്നുമീ നാടിന്റെ സ്വപ്നങ്ങൾ
നീളെ വിതറും വർണ്ണമേഘം
കർമ്മയോഗത്തെയും ഭക്തിയോഗത്തെയും ഇണക്കുന്ന കണ്ണിയാണാ കൃഷ്ണമേഘം. അല്ലാതെ കാലത്തെ മറന്നുള്ള അന്ധമായ ഭക്തിയല്ല ഇവിടെ. ഭക്തിയും ആത്മീയതയും സ്വാർത്ഥലാഭത്തിനായി ആയുധമാക്കപ്പെടുന്ന സമകാലത്തെ തിരിച്ചറിയുന്ന ഒരു കവിതയാണ് കാലനേമി. രാധാകൃഷ്ണൻ മാസ്റ്ററുടെ ഭക്തികവിതകളുടെ വേരിറങ്ങിച്ചെല്ലുന്നത് കർമ്മകാണ്ഡത്തിലേക്കു തന്നെയാണ്.
അഥവാ, ഇദ്ദേഹത്തിന്റെ കാവ്യലോകത്തിന്റെ അടിപ്പടവായിരിക്കുന്നത് കർമ്മയോഗം തന്നെ. താൻ ജീവിക്കുന്ന കാലത്തിന് അഭിമുഖം നിൽക്കുന്ന കവിതകളാണിവ. വ്യക്തിപരവും സാമൂഹ്യവുമായ അനുഭവങ്ങൾ ഇവയിലുണ്ട്. വൈയക്തികാനുഭവത്തിൽ ഊന്നിയ മനോഹരമായൊരു കവിതയാണ് പഴയ കഥ. മുത്തശ്ശിയുടെ അവസാന നിമിഷങ്ങളാണ് പശ്ചാത്തലം. മരണം കാത്തു കിടക്കുന്ന മുത്തശ്ശി രാമായണം വായിക്കുന്നതു കേൾക്കുകയാണ്. അതു കേട്ടു കിടക്കേ ശാന്തസാഗരം പോലെ അവരിൽ പ്രാണവേഗങ്ങൾ താഴുന്നു. മുത്തശ്ശി കിടക്കുന്ന മുറി വായനയാൽ പ്രദീപ്തമാവുന്നു. മരണത്തെ അടുത്തിരുന്ന് സൂക്ഷ്മമായി അനുഭവിക്കുന്ന ഇത്തരം കവിതകൾ മലയാളത്തിൽ കുറവാണ്. കടവനാടു കുട്ടിക്കൃഷ്ണന്റെ വിലയം എന്ന കവിതയാണ് പെട്ടെന്ന് ഓർമ്മ വരുന്ന ഒന്ന്. 'മരണകാലരാമായണം' ജീവിതാന്ത്യത്തിനു പകരുന്ന ആത്മീയപ്രഭയേയും അതിലൂടെ ജീവിതത്തിനു കൈവരുന്ന സാർത്ഥകതയുമാണ് ഈ കവിതയിൽ നമ്മെ സ്പർശിക്കുന്നത്. അമ്മക്കൊരു തോറ്റം പോലുള്ള കവിതകളും ആത്മാനുഭവ തീവ്രതയാൽ നമ്മെ വേദനിപ്പിക്കുന്നവയാണ്. ആത്മീയവും ജൈവികവുമായ ഉറവുകൾ വറ്റി ലോകം വരണ്ടു പോകുന്നതും ഹിംസാത്മകമാകുന്നതുമാണ് ഇദ്ദേഹത്തിന്റെ ഏറ്റവും കടുത്ത സാമൂഹ്യ ഉത്ക്കണ്ഠകൾ. സ്വപ്നാടനം, ജടായു, അന്വേഷണം, ഭാരതദർശനം, അന്യൻ, സൂത തേർ തിരിക്കുക, പുതിയ രാമായണം, ഖാണ്ഡവമെരിയുന്നു തുടങ്ങി ഒട്ടേറെ കവിതകൾ ഈ ഉൽക്കണ്ഠ പങ്കുവെയ്ക്കുന്നു. അന്യൻ എന്ന കവിത നഗരത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യന്റെ ഒറ്റപ്പെടൽ ആവിഷ്ക്കരിക്കുന്നു. നിരത്തുവക്കത്തെ ഓടയുടെ ഒരു ചിത്രമുണ്ടിതിൻ:
ഒരു മാത്ര നാം നിന്നു
ശ്രദ്ധിക്കേ, പുഴ പോലെ -
യൊഴുകുമഴുക്കുചാൽ
നീലവർണ്ണത്തിൽ വിളർ -
ച്ചിരി തൂകിക്കൊണ്ടലി -
യിക്കുന്നിതെല്ലാം,കൃമി
നുരയും പോലേ മനു -
ജാത്മാക്കൾ നുഴയുന്നു.
ഓടയിൽ കൃമികൾപോലെ നഗരത്തിൽ നുരയുകയാണ് മനുഷ്യർ. കൃഷ്ണന്റെയും കൃഷ്ണമേഘത്തിന്റെയും നീലനിറം തന്നെയാണ് ഇവിടെ ഓടവെള്ളത്തിനും. കാശ്മീർ കുരുതിക്കളമായതിന്റെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ് ഭാരതദർശനം. രാമായണ സന്ദർഭങ്ങളെ സമകാലത്തിന്റെ ഹിംസാത്മകതയുമായി ചേർത്തുവക്കുന്ന കവിതയാണ് ജടായു. രാമരാവണർ ഒന്നാവുന്ന പുതുകാലസമസ്യയുടെ ആവിഷ്ക്കാരമാണത്. രാജ്യത്ത് ഫാസിസം നടപ്പാക്കുന്ന പുതുകാല ഭരണാധികാരികളെ കുറിച്ചാണ് പുതിയ രാമായണം. ബാബറി മസ്ജിദ് തകർത്തതിനു ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലുണ്ടായ വർഗ്ഗീയ ഫാസിസത്തിന്റെ പിടിമുറുക്കലിനെതിരെ ആസ്തിക്യബോധത്തിന്റെയും ആത്മീയാന്വേഷണത്തിന്റെയും പാതയിൽ നിന്നുകൊണ്ടുള്ള ചെറുത്തു നില്പ് ഇത്തരം കവിതകളിൽ കാണാം. ഇന്നത്തെ ഇന്ത്യനവസ്ഥയിൽ ഇത് വളരെ പ്രധാനവുമാണ്. കപടമായ ആത്മീയതയ തുറന്നുകാട്ടുന്ന കാലനേമി എന്ന കവിതയെപ്പറ്റി മുമ്പു സൂചിപ്പിച്ചല്ലോ.
വെള്ളം, ചോര, തീയ് എന്നിവ അതിരിട്ടതാണ് രാധാകൃഷ്ണൻ കാക്കശ്ശേരിയുടെ കാവ്യലോകമെന്ന് ഈ വിഭാഗം കവിതകളെ മുൻനിർത്തി പറയാൻ കഴിയും. ആന്തരസാമ്രാജ്യങ്ങൾ എന്ന സമാഹാരത്തിലെ ആദ്യകവിതയായ സ്വപ്നാടനത്തിൽ തെളിനീരൊഴുക്ക് എങ്ങനെയാണ് ദൈന്യത്തിന്റെ കയമായി മാറിയത് എന്നു വിശദമാക്കുന്നുണ്ട്. സുഹൃത്തിനൊപ്പം തോട്ടുവക്കിലൂടെ കളിചിരിയോടെ നടന്ന പുലർകാലമാണ് കവിതയുടെ ആദ്യഖണ്ഡത്തിൽ. ആ സൗഹൃദകാലത്തിന് പ്രതീകം തെളിഞ്ഞൊഴുകുന്ന വെള്ളമാണ് :
പുഴക്കും കടവിന്നുമെന്തു സൗഭാഗ്യം, ചുളി-
വിരിപ്പെന്നോണം മണ്ണിലുരുളും തെളിവെള്ളം
തുടുക്കെക്കവിൾ കൊണ്ടും തുപ്പിയുമാഴങ്ങളി-
ലുഴച്ചും കുളിർകോരിത്തരിച്ചും നീലാകാശ-
പ്പരപ്പിൽ നീളും ധ്രുവദീപ്തിയിൽ കരൾ നട്ടും
ആണ് തോട്ടുവക്കിലൂടെ സൃഹൃത്തുക്കളുടെ നടത്തം. കവിതയുടെ രണ്ടാം ഖണ്ഡം കഠിനമായ വരൾച്ചയുടേതാണ്. ഒരു വഴിക്കിണർ പോലുമിവിടെയില്ല. പണ്ടത്തെ മാതംഗിമാർ നടന്ന വഴികൾ എന്ന പ്രയോഗത്തിലൂടെ നനവിന്റെയും നന്മയുടെയും പ്രതിരോധത്തിന്റെയും ഓർമ്മകൾ കൂടിയുണർത്തുന്നു ഈ കാവ്യഭാഗം. കവിതയുടെ മൂന്നാം ഖണ്ഡമെത്തുമ്പോൾ ദൈന്യത്തിന്റെ കയം നാം കാണുന്നു. വ്യക്തികളല്ല ഒരു ജനത എത്തിച്ചേർന്ന ദൈന്യക്കയം തന്നെയാണിത്. കുഴിച്ചു കുഴിച്ച് അനിഷ്ടസ്മൃതികളുടെ നരകത്തിൽ എത്തിയത് വൈലോപ്പിള്ളിയുടെ കണ്ണീർപ്പാടത്തിൽ വ്യക്തികളാണെങ്കിൽ ഇവിടെ സമൂഹം തന്നെയാണ് ദുരന്തമുഖത്ത്. കൊടുംവേനലിന്റെ ചിത്രമുണ്ട് അന്വേഷണം എന്ന കവിതയിൽ. കവിയും സ്നേഹത്തിന്റെ നീരുറവുകൾ തേടി വഴിത്താരയിലന്തംവിട്ടു നിൽക്കുന്ന കവിയിലാണ് ആ കവിത എത്തിനിൽക്കുന്നത്. ജലമാണ് സ്നേഹം. സൂര്യനെപ്പോലും കവി വിശേഷിപ്പിക്കുന്നത് മാനസസരോവരശ്രീനിധി എന്നാണ്. സ്നേഹത്തിൽ നിന്നുയിരെടുക്കുന്ന തീവ്രദുഃഖത്തെക്കുറിച്ചു പറയുമ്പോൾ അമ്മക്കൊരു തോറ്റം എന്ന കവിതയിൽ തിളയ്ക്കുന്ന വെള്ളമാണ് ബിംബമായി വരുന്നത്.
എന്നിൽ പടരട്ടെ ദുഃഖം, അതിൻ തിള -
വെള്ളത്തിൽ മുങ്ങിമറിയുമെൻ ഹൃത്തിൽ നീ
വന്നുദിക്കാവൂ അനന്തമായന്യമായ്
ഇളംപ്രായത്തിൽ വിട്ടകന്ന അമ്മയെക്കുറിച്ചോർത്തുള്ള ദുഃഖമാണിത്. തിളവെള്ളം കരളിലെരിയുക എന്നൊരു പ്രയോഗം തന്നെയുണ്ട് സൂത തേർതിരിക്കുക എന്ന കവിതയിൽ. അതേ കവിതയിൽ തന്നെ കാണാം യുവത്വത്തിൻ നീരു വറ്റിയ ഭൂമി എന്ന പ്രയോഗം. വൈലോപ്പിള്ളിയുടെ ഇത്തിരി മാത്രം രക്തം എന്ന കവിത ഓർത്തുപോയി ഈ പ്രയോഗം വായിച്ചപ്പോൾ. തീവണ്ടിക്കു തലവെച്ച ചെറുപ്പക്കാരനെക്കുറിച്ച് വൈലോപ്പിള്ളി എഴുതുന്നത്,
ഇളതാം പുളിമാങ്ങ
പൊട്ടിച്ചാലിതിലേറെ -
യുളവാം ചുന, ചോര
വാർന്നതത്രയും തുച്ഛം
എന്നാണ്. യുവത്വത്തിൻ നീരു വറ്റിയ ഭൂമി ഇതെല്ലാം ഓർമ്മിപ്പിക്കുന്നു. ഇങ്ങനെ ജലബിംബങ്ങളുടെ സാന്നിദ്ധ്യത്തിലൂടെ കവി നന്മയെയും സ്നേഹത്തെയും സൗഹൃദത്തെയും സംസ്ക്കാരത്തെയും കുറിച്ച് തുടർച്ചയായി ഈ കവിതകളിൽ ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. കൂലംകുത്തി മദിച്ചു വീണു ചിതറുമ്പോഴും ചിരിക്കുന്ന നയാഗ്രാപാതത്തിലൂടെ ജലത്തിന്റെ വിരാട് രൂപം കാണിച്ചു തരുന്നു നയാഗ്ര കണ്ടപ്പോൾ എന്ന കവിത.
ജലം ചോരക്കു വഴിമാറുന്നതാണ് അടുത്ത ഘട്ടം. ജടായുവിന്റെ വെട്ടിയരിഞ്ഞ ചിറകിൽ നിന്ന് ഇറ്റവീഴുന്ന ചോര നാം കാണുന്നു. ഇന്ത്യയുടെ നെറ്റിയിൽ കാശ്മീരകമല്ല കാണ്മത്, ചോര
വറ്റിയ കറയാണെന്ന് ഭാരതദർശനം. ചോര വറ്റിയ കറ പല കവിതകളിലും വരുന്നുണ്ട്.
നീൾനഖം തോറും കുരുതിതൻ കറ വീണ
പാഴ്നിലമാകുന്നു സൂര്യഗീതത്തിലെ ഭൂമി.ഭ്രാതൃരക്തത്തിൻ കറ വീണ ചെങ്കോലിനെക്കുറിച്ചാണ് പുതിയ രാമായണങ്ങൾ പാടുന്നത്. ഇന്ത്യയെപ്പോലെ ചോരക്കറ പുരണ്ടതാണ് രാധാകൃഷ്ണൻ മാസ്റ്ററുടെ ഈ വിഭാഗം കവിതകളിൽ മിക്കതും. ചോര തീയായിപ്പടരുന്ന കവിതകളിൽ അങ്ങനെ നാമെത്തുന്നു. ഖാണ്ഡവമെരിയുന്നു എന്ന കവിതയിൽ ഇതിന്റെ ആളിക്കത്തൽ കാണാം. യുദ്ധീകരണയജ്ഞമാണ് ആളിക്കത്തൽ. അതിൽ ഒരു പ്രതീക്ഷ കൂടിയുണ്ട്.
ഒക്കെ മറക്കാം, പൊറുക്കാം, എരിതീയി-
ലൊക്കെദ്ദഹിച്ചതിൻ ശേഷമീ ഭൂമിയിൽ
പറ്റേ ചിറകു വിടർത്തിയെങ്കിൽ സത്വ -
ശുദ്ധമാം സംസ്ക്കാരതേജപ്രരോഹങ്ങൾ
കത്തിത്തീർന്ന അഗ്നിയിൽ നിന്ന് പുതിയ യുഗത്തിൻ ശക്തികൾ ചിറകു വിരിക്കുമെന്ന് കത്തുക കത്തുക എന്ന കവിതയിൽ കവിയെഴുതുന്നു.വീണ്ടും പൊടിക്കേണ്ടത് സംസ്ക്കാരത്തിന്റെ മുളകളാണ് എന്ന കാര്യത്തിൽ കവിക്ക് സംശയമേതുമില്ല.
പഞ്ചഭൂതബദ്ധമാണ് കർമ്മയോഗം എന്ന് നീരിൽ നിന്ന് ചോര താണ്ടി തീയോളമെത്തുന്ന രാധാകൃഷ്ണ കാവ്യബിംബങ്ങൾ ഓർമ്മിപ്പിക്കുന്നു. ഇങ്ങനെ ഭക്തി-ജ്ഞാന-കർമ്മയോഗങ്ങളിലൂടെ സത്യം അന്വേഷിച്ചു പോകുന്ന യാത്രയുടെ സൗന്ദര്യാത്മക ആവിഷ്ക്കാരമാണ് രാധാകൃഷ്ണൻ കാക്കശ്ശേരി മാസ്റ്റർക്കു കവിത. മനസ്സിന്റെ സ്വച്ഛദീപ്തിയിലാണ് ആ യാത്ര ഒടുവിൽ ചെന്നണയുന്നത് എന്ന് സത്യത്തിന്റെ മുഖം എന്ന കവിത സാക്ഷ്യപ്പെടുത്തുന്നു. സത്യാന്വേഷണപരമായ ഈ യാത്രയും കവിതയും വായനക്കാരായ നമുക്കും പ്രധാനമാകുന്നു. വായനക്കാരനായ മാഷിന്റെ വായനക്കാരനായതിൽ ഞാനും ആനന്ദിക്കുന്നു.
No comments:
Post a Comment