രാമചരിതം
പടലം 117
1
താരിണങ്ങിയ കാട്ടിൽ നടമാടുന്ന മയിലിൻ ചമയമായ്
വിരിഞ്ഞ സുന്ദരമായ പീലികൾ വടിവു മാറി വളർന്നിതോ?
ധീരരായവരൊക്കെയും സംഭീതരായ് മുടിയും വിധം
കഠിനമാമിരുളിന്റെ സഞ്ചയമവനിമേലുയരുന്നിതോ?
താരകങ്ങൾകൊണ്ടു മുക്കിക്കോരി നീരു നുകർന്നതാം
മേഘമിളകിപ്പായും വായുവിൻ തുണയോടെ വന്നു താണിതോ?
പൂവണിഞ്ഞു മണം പുണർന്നിടതൂർന്നു കാലടിപ്പിൻപുറം
പൂണ്ട കാർമുടിയിവണ്ണമെന്നു ചുരുക്കി നിർത്തരുതെങ്ങളാൽ
2
ദുഃഖമൊക്കെയകറ്റിടേണ, മിരുണ്ട വണ്ടണിച്ചായലാം
ചന്തമേറിയ നായികക്കു പിറന്ന പുതുമുറയിഴകളേ,
ഭംഗി തങ്ങും നെറ്റിയാം മുറ്റത്തണഞ്ഞു നിരന്തരം
കാറ്റിലുയരുമളകപംക്തികൾ, അരികളാം നിശിചരകുലം
വകവരുത്താൻ രാമനാം മധുവൈരിയോടു പിരിഞ്ഞൊരാ
പൂമകൾ തിരുമുമ്പിൽ വീണ്ടുമണഞ്ഞ നേരമുയർന്നതാം
കൂരിരുട്ടിൻ കൊണ്ടൽ തന്നെ വകഞ്ഞു മെല്ലെ വെളിപ്പെടും
പുതുമതിക്കല ചേർന്ന കുറുനിര ഞങ്ങൾ തന്നഴലാറ്റണേ
3
ഒത്തുവന്ന തരംഗകാന്തിയെയുന്തിയേന്തി വളർന്നിരു-
ണ്ടിന്ദ്രചാപത്തിനോടു മത്സരമാർന്നിടും വടിവോടെയും
മത്തനായ നിശാചരേശ്വര വൈരിതൻ തിരുമേനിമേൽ
മരുവിയമ്പൊടു പടരുമഞ്ചിത പുരികവല്ലരിയിണകളും
ഭക്തമാനസമൊക്കെയും കളവെന്നിയേ വിളയാടുവാൻ
പലതരം മലർ വിലസിടും മുടിനിഴലിലാടും പൊന്നൂയലാം
കാതു രണ്ടു, മപ്പുഷ്പബാണന്റെ വിൽച്ചരടിനെയിളക്കുവാൻ
പോന്നതാം മണിക്കാതു രണ്ടുമെന്നുൾക്കമലത്തിലമരണേ!
4
വേലും വീരർകൈവാളും വിഷവും ചൂളിടുന്ന കടുപ്പവും
വിരളും മാൻമിഴിയഴകും നീരിലാണ്ടുയർന്നു ചാടും മീൻ രൂപവും
കുറവു തീരെയെഴാതെ മുറ്റിയ ചാരുകോമളകാന്തിചേർ -
ന്നോരു കുവലയനിറവുമഞ്ചിത കമലകാന്തിയുമുള്ളതും
മാലവാർ വരിവണ്ടിനിണ്ടൽ തൊടുത്തപോൽ മണിവർണ്ണന്റെ
വദനപുഷ്പത്തിലുടനുടൻ മതിമറന്നു നാടകമാടുവാൻ
വൈഭവത്വവുമുള്ള നീലനീൾമിഴിമുനകൾ മേനിമേൽ
ദൈന്യമഖിലവുമകലുമാറടിയേണമേയലർനായികേ!
5
നായികേ,യമൃതം നിറഞ്ഞഴകാർന്ന കവിളിണ വെണ്ണിലാ -
വമ്പിളിക്കല പത്തു ചേർന്നൊളി വീശിടുന്നതിനൊക്കുമേ
എങ്കിലും പുലരുമ്പൊഴേക്കതു മായു,മില്ലതിനുപമയും
തത്ത തൻ ചിറകിന്റെ നിറമായ് സാമ്യമില്ല, വിടാമതും
മായമേലും മുകുന്ദൻമാനസമായ വണ്ടിനു സന്തതം
നിറഞ്ഞു തെളിഞ്ഞ പൈന്തേൻ നുകരുവാനുള്ള നളിനമതെങ്കിലും
നിർമ്മലാഭ തികഞ്ഞതാം കണ്ണാടിതാനുപമാനമാം
രസമിരിപ്പതതൊന്നിൽ പണ്ഡിതർ പഴിയുരയ്ക്കയുമില്ലതിൽ.
6
മേഘവാർമുടിയായ ചോലയിൽ നിന്നു ചില്ലിവല്ലിമേൽ
നേരെയെത്തിയധരമാകും ചെങ്കനിയെക്കൊത്തുവാൻ
വേഗമോടിറങ്ങും തത്തച്ചുണ്ടിതെന്നുര ചെയ്കിലോ
മണമെഴുന്ന തിലമലരിനു ദു:ഖമുണ്ടാമന്തരാ
നാഗശായി തന്നുടയ നായികേ പവിഴത്തിനോ -
ടുപമ ചൊല്ലി നാസികയെ വാഴ്ത്തിയെന്നാൽ നിശ്ചയം
ചോന്ന താമരമൊട്ടിനാകുലമണയു,മൊഴിവാക്കാമതും
കടലിലമലപ്പങ്കജത്തിലവതരിച്ചതു കാരണം
7
നാന്മറക്കും മൂവുലകിനും മൂലമായ പരാപരൻ
തേടിയറിയാൻ മുനികളുഴറും കാരണൻ നാരായണൻ
മുന്നമൂഴി വരാഹരൂപമെടുത്തു മീണ്ട പരമ്പൊരുൾ
കൊതിയൊടേ നുകരുന്ന വായ്മലർ വർണ്ണിക്കാനെളുതല്ലൊട്ടും
അന്തിമാമുകിൽ, കുരുതി, യഞ്ചിതമാം വിളാമലർ, കോവലിൻ
ചെമ്മുലാവിന കായ്, മുരിക്കിൻ പൂവ്, ചെമ്പവിഴവും
മറ്റു ചെന്നിറമാണ്ടതൊക്കെയനേകമുണ്ടവയൊക്കെയു-
മുൾക്കുറവുകളാലിതിന്നൊടു തുല്യമാവുകയില്ലഹോ!
8
അല്ലി വിരിയുമാകയാൽ മണിമല്ലികാ മൊട്ടൊത്തിടാ,
അവനി മൂവടിയളന്ന മായാരൂപനേറ്റവുമിഷ്ടമു -
ള്ളോരു കാർമുടിയുള്ള ദേവിതൻ പല്ലു മുത്തിനൊടൊത്തിടും
അമ്പിളിക്കല നെറ്റിയുള്ളൊരു സുന്ദരീ, കുളിർ കൊങ്കയിൽ
കുങ്കുമച്ചാറണിഞ്ഞിടും കുയിൽഭാഷിണീ,യിവ രണ്ടുമേ
തേനൊഴുകുന്ന വാണിയോടുപമാനമായി വിളങ്ങിടൂ:
വിമലനാരദമുനിവരൻ കരകമലമേന്തും വീണയും
കടലിൽ നിന്നു പണ്ടമരർ കടഞ്ഞ നല്ലമൃതവും പിഴയറ്റതായ്
9
അറ്റുപോമ്മാറിടചുരുങ്ങിയൊളേ, മുഖത്തിൻ കാന്തിയോ-
ടൊക്കുമേയണിവെണ്ണിലാമതിയെന്നു ചൊല്ലരുതെങ്കിലോ
മുഷിയുമേ ചെന്താമരക്ക്, തിരിച്ചു താമരയോടു സാ-
ദൃശ്യമെന്നു പറഞ്ഞു പോകിലതുഡുപതിക്കും വിഷമമാം
ഉറ്റമന്ദിരമിന്ദിരക്കരുണാംബുജം, വാർതിങ്കളോ
ഇഷ്ടമുള്ള സഹോദരൻ, ജയമൊന്നിനെന്നു വരുത്തൊലാ
ഒപ്പമാണിവ രണ്ടിനും സദൃശത്വ, മിരുൾപുരികങ്ങൾതൻ
ഇരുപുറങ്ങളിലൊത്തു കാണും രണ്ടു തോടകൾ സുന്ദരം
10
വേല് വിഷവുമഞ്ചുമഞ്ചിത ചഞ്ചലായതലോചനേ
മിഥിലനാഥനു തനയയായ് വളർന്നരുളിയോരമലേ, നറും
പാല്, പൈന്തേൻ, കുയിൽമൊഴിയും പഴിച്ചിടും സുഭാഷിണീ,
ദേവിതൻ തിരുമാറിലുള്ളോൻ നീലമേഘശ്യാമളൻ
പലതരം മലർ വിലസിടും നിര ചേർന്ന ശോഭയണക്കയാൽ
നിർമ്മലം ഗളമിന്നു മാമണിമാല ചുറ്റിയണിഞ്ഞതാം
സുന്ദരം ശിവലിംഗമെന്നറിവുള്ള നല്ലവരൊക്കെയും
മനമഴിഞ്ഞുര ചെയ്തിടുന്നതിനില്ല നാമെതിർ ചൊല്ലുവാൻ