എന്റെ കവിത
ഭാഷയിലൂടെ ചലിക്കുന്നതിന്റെ ഹരം നയിക്കുന്നു. അലഞ്ഞലഞ്ഞ് എവിടെയൊക്കെയോ എത്തുന്നതിന്റെ ആനന്ദം അങ്ങേയറ്റം മതിക്കുന്നു. ഒരു മൂവന്തിയിൽ തനിച്ച് മലമടക്കുകൾക്കിടയിലെ വിദൂരഗ്രാമത്തിൽ എത്തിച്ചേരുമ്പോഴത്തെപ്പോലെ വിഷാദം കലർന്ന ആനന്ദം. പുതിയ പുസ്തകം പുറത്തു വരുമ്പോൾ, തുടങ്ങിയേടത്തല്ല, എനിക്കു തന്നെ പിടിയില്ലാത്ത മറ്റെവിടെയോ എത്തിയിരിക്കുന്നു എന്ന താൽക്കാലികമായ തോന്നലുണ്ടാകുന്നു. അതെന്നെ ജീവിപ്പിക്കുന്നു. മറ്റൊന്നിനും വേണ്ടിയല്ല, എഴുതുന്നതും പ്രസിദ്ധീകരിക്കുന്നതും.
എല്ലാ ക്യൂവിലും നിന്ന് നിന്ന് തഴമ്പിച്ച, എങ്ങുമെത്താത്തതെന്നു തോന്നിപ്പിക്കുന്ന ഇത്തിരി വാഴ്‌വ് തന്നെയാണ് എവിടെയൊക്കെയോ എത്തിയെന്ന തോന്നലിന്റെ ഈ ആനന്ദമരുളി അനുഗ്രഹിക്കുന്നത് എന്നോർത്തു വിസ്മയിക്കുന്നു.
സ്വന്തം നാട്ടിൽ ജീവിച്ചു കവിതയെഴുതുന്നത് മലയാളിയെ സംബന്ധിച്ചിടത്തോളം ഒരേ സമയം നാട്ടിലും അന്യനാട്ടിലും ജീവിക്കുന്നതു പോലെയാണ്. ദൈനംദിന ലൗകികതയിൽ അയാൾ നാട്ടുകാരനാണ്. എന്നാൽ കവിതയിൽ അപരിചിതൻ. ആരാലും അറിയപ്പെടാത്തയാൾ. അയാളുടെ ഭാഷ വേണ്ടപ്പെട്ടവർക്കു പോലും വിനിമയം ചെയ്യുന്നില്ല. വായനാശീലമുള്ള ധാരാളം പേർക്ക് അയാളുടെ പേര് പരിചിതമാണ്. ആനുകാലികങ്ങളിലും പുസ്തകങ്ങളായും കവിതകൾ ഇറങ്ങുന്നുണ്ടെന്നുമറിയാം.കവി എന്ന നിലയിലുള്ള പ്രശസ്തിയറിയാം. അതു വകവെച്ചു കൊടുക്കാൻ തയ്യാറുമാണ്. എന്നാൽ അയാൾ എഴുതുന്നതെന്തെന്നു മാത്രം അറിഞ്ഞുകൂടാ. എന്റെ കാര്യത്തിൽ ചിലരെങ്കിലും അതിനു ശ്രമിക്കായ്കയില്ല. ഒരു സുഹൃത്ത് ഒരിക്കൽ പറഞ്ഞു: "നിങ്ങളെ ഇഷ്ടപ്പെടുമ്പോലെ നിങ്ങളുടെ കവിതയും ഇഷ്ടപ്പെടണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ പറ്റുന്നില്ല". എന്നാൽ ഈ ഇരട്ടനില ആസ്വദിക്കാൻ ഞാൻ പരിശീലിച്ചു കഴിഞ്ഞു. സ്വന്തം നാട്ടിൽ സുപരിചിതനായും അന്യനാട്ടിൽ തീർത്തും അപരിചിതനായും ഒരേ സമയം കഴിയുന്നത് ഹരം തന്നെ.എന്റെ കവിത വായിച്ചിട്ടേയില്ലാത്തവരും കവി എന്ന നിലയിൽ അംഗീകരിക്കുന്നതിന്റെ സന്തോഷവും സങ്കടവും തമാശയും അസംബന്ധതയും ചേർന്ന അനുഭവമാണ് എന്നെപ്പോലൊരു കവിയുടെ നീക്കിയിരിപ്പ്.
ഓരോ കാലത്ത് എഴുത്തിനെക്കുറിച്ച് ഓരോരോ സങ്കല്പനങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എഴുതിത്തുടങ്ങിയ കാലത്ത് ഇത്തിരിപ്പോന്ന എന്റെ അനുഭവങ്ങൾ എഴുതാൻ വേണ്ട ഇത്തിരിപ്പോന്ന ഒരു ഭാഷയായിരുന്നു ആവശ്യം. അതിനായുള്ള ശ്രമം എന്റെ കവിതയെ ന്യൂനോക്തിയാക്കി. കർമ്മത്തോട് യോജിച്ചു പോകാത്ത വാക്ക് വേണ്ടെന്നു വയ്ക്കലായിരുന്നു ആ രീതി. എന്നാൽ അത് പിന്നീട് എന്റെ എഴുത്തിന്റെ വഴിമുട്ടിച്ചു. കവിത മൗനത്തിൽ വീണു കലങ്ങിപ്പോയി. വീണ്ടും തുടങ്ങിയതാണ് രണ്ടാം പുസ്തകം തൊട്ടു പിന്നീടുള്ളവ. അവനവനെത്തന്നെ ഭാഷകൊണ്ട് അഴിച്ചു പണിയലാണ് എഴുത്ത് എന്നതാണ് ഇന്നത്തെ ബോധ്യം.
പുറത്തുവന്ന സമാഹാരങ്ങളിലെ കവിതകളുടെ പശ്ചാത്തലത്തിലുണ്ട്, എന്നെ അസ്വാസ്ഥ്യപ്പെടുത്തുന്ന പൊതുവായ ചിലത്. വാക്കും പ്രവൃത്തിയും തമ്മിലുളള പൊരുത്തമില്ലായ്മ ജീവിതത്തിനു നൽകുന്ന ആഴക്കുറവാണ് എന്നും എന്നെ അസ്വാസ്ഥ്യപ്പെടുത്തിയിട്ടുള്ള ഒരു കാര്യം. കർമ്മത്തിന്റെ പിന്തുണയില്ലാത്ത വാക്കിനെ ഇന്നും ഭയക്കുന്നു. അതുകൊണ്ടുതന്നെ, വ്യക്തിജീവിതത്തിൽ ഇല്ലാത്ത മൂല്യങ്ങൾ നിറച്ചു വക്കാനുള്ള ഇടമായി കവിത മാറാതിരിക്കാനുള്ള ജാഗ്രത പ്രധാനമായി കരുതുന്നു. ഈ പൊരുത്തക്കേടിന്റെ ഫലമായ ഇരട്ടജീവിതത്തെ നിരന്തരം വിചാരണ ചെയ്യലാണ് എനിക്ക് കവിത.
വൈയക്തികത സാമൂഹികതക്ക് എതിരാണ് എന്ന ചിന്തയോടുള്ള കലഹവും എന്നും എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചിട്ടുണ്ട്. ജനാധിപത്യ മൂല്യങ്ങൾ ഇനിയും ദഹിച്ചു ചേർന്നിട്ടില്ലാത്തതു കൊണ്ടാണ് നമുക്ക് വൈയക്തികതയെ മനസ്സിലാക്കാൻ കഴിയാത്തത്. ഫ്യൂഡൽ ഭൂതകാലത്ത് മനസ്സുകൊണ്ട് ഇപ്പോഴും ജീവിക്കുന്നതു കൊണ്ടാണ് വ്യക്തിയെ മനസ്സിലാക്കുന്നതിൽ നാം പരാജയപ്പെടുന്നത്. ജനാധിപത്യമൂല്യങ്ങളുടെ പശ്ചാത്തലത്തിൽ വൈയക്തികതയുടെ പ്രാധാന്യം ഊന്നിപ്പറയലാണ് എന്നും എനിക്ക് എഴുത്ത്.
മാറിയിട്ടും മാറാത്ത കാലമാണ് എന്നെ നിരന്തരം പ്രകോപിപ്പിക്കുന്ന മറ്റൊന്ന്. ആയിരക്കണക്കിനു വർഷത്തിന്റെ പിൻവിളിയുള്ള ഫ്യൂഡൽ - ജാതി- മത മൂല്യങ്ങളുടെ കാലവും ഒരു നൂറ്റാണ്ട് തികച്ചില്ലാത്ത ജനാധിപത്യ മൂല്യങ്ങളുടെ കാലവും തമ്മിലുള്ള വടം വലിയാണ് ഇന്ന് നമ്മുടെ നാട്ടിലെ ഏറ്റവും പ്രധാന സാമൂഹ്യ യാഥാർത്ഥ്യം. ഫ്യൂഡൽ - ജാതി- മത കാലത്തു നിന്ന് ആധുനിക ജനാധിപത്യകാലത്തിലേക്ക് മാറാൻ കൂട്ടാക്കാത്ത മനുഷ്യ മനസ്സിനെ എന്നും ശ്രദ്ധയോടെ വീക്ഷിക്കാനും ആ സങ്കീർണ്ണതയെ എഴുതാനും എന്റെ കവിത പരിശ്രമിക്കുന്നു.
ഏതു കാലവും ഒരു പൊതുകാവ്യഭാഷ അല്ലെങ്കിൽ രണ്ടോ മൂന്നോ പൊതുകാവ്യഭാഷകൾ സൃഷ്ടിക്കാറുണ്ട്. മുമ്പത് പദ്യാധിഷ്ഠിതമായിരുന്നു. ഇന്നത് സംസാരഭാഷയുടെ അയവുള്ളതോ ബൗദ്ധികവിശകലനാത്മകതയുള്ളതോ അരാജകത പ്രദർശിപ്പിക്കുന്നതോ ആയ ഗദ്യത്തിൽ അധിഷ്ഠിതമാണ്. അതതു കാലത്തിന്റെ പൊതു കാവ്യഭാഷയുടെ എതിരൊഴുക്കാവാനാണ് എന്റെ കവിത എന്നും ആഗ്രഹിക്കുന്നത്.
പരസ്പരം വെറുപ്പു തുപ്പിക്കൊണ്ടിരിക്കുന്ന കൂട്ടങ്ങളുടെ കാലമാണിത് എന്ന വേദന എഴുതിത്തുടങ്ങിയ കാലത്തേക്കാൾ കൂടുതലായി ഇന്ന് എന്നെ അലട്ടുന്നു. ആ വെറുപ്പിനെ ദുർബലമായെങ്കിലും ചെറുക്കാൻ കഴിയുമോ എന്നു ഞാൻ കവിതയിലൂടെ അന്വേഷിക്കുന്നു.
മുറിവൊപ്പുന്ന പഞ്ഞിയാണു കവിതയെങ്കിൽ, ഒരു കഷണം പഞ്ഞികൊണ്ട് എത്ര മുറിവൊപ്പും? ഓരോ മുറിവിനും വേണം ഒരു തുണ്ടു കവിത. പ്രായമേറുന്തോറും മുറിവുകളുടെ എണ്ണവും കൂടുന്നു. അതിനനുസരിച്ച് കവിതകളുടെ എണ്ണവും.
എപ്പോൾ വേണമെങ്കിലും നിലച്ചു പോകാവുന്ന ഒരു നീർച്ചാലാണ് കവിത. അതിപ്പോഴും ഒഴുകുന്നു, ഈ ഏഴാമതു സമാഹാരത്തിലൂടെ, എന്നത് എന്നെ അമ്പരപ്പിക്കുന്നു. പഴയ വായനക്കാരെ നഷ്ടപ്പെട്ട കവിക്ക് പുതിയ വായനക്കാരെ കാത്തിരിക്കുകയല്ലാതെ വേറെന്തു ഗതി?ഒരു കവി എന്ന നിലയിൽ ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്തെന്ന്, താല്പര്യമുള്ള വായനക്കാരാരെങ്കിലുമുണ്ടെങ്കിൽ അവരോട്, ഈ പുസ്തകം പറയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
പി.രാമൻ