വീണ്ടും സ്കൂളിൽ
കോവിഡ് കാലത്ത്
തേഞ്ഞു മാഞ്ഞു പോയ അക്ഷരങ്ങൾക്കായി
അടുത്തിരിക്കുന്ന കൂട്ടുകാരിയുടെ
നോട്ടു പുസ്തകത്തിലേക്ക്
മുഖം ചെരിച്ചു
കണ്ണോടിച്ചു കൊണ്ടിരിക്കുന്നു
പതിനൊന്നാംക്ലാസുകാരിപ്പെൺകുട്ടി.
അവ പൊയ്പ്പോയ സങ്കടം,
തിരിച്ചു കിട്ടാനുള്ള മോഹം,
അവളുടെ നോട്ടത്തിൽ.
അങ്ങേ വയലിലെ
താറാപ്പറ്റം പോലെ
കൂട്ടുകാരിയുടെ നോട്ടുപുസ്തകത്തിൽ
നീന്തി നടക്കുന്നു അക്ഷരങ്ങൾ.
അതിലൊരു താറാക്കുഞ്ഞിനെ
വാരിയെടുത്തോടി വരുന്നു
അവളുടെ നോട്ടം.
ഇപ്പോൾ കുറച്ചുകൂടിത്തെളിഞ്ഞ്
അയൽപക്കത്തെ പറമ്പിൽ
കുലകുലയായിക്കായ്ച്ച മാങ്ങകളെപ്പോലെ
അക്ഷരങ്ങൾ.
അതിൽ നിന്നൊരെണ്ണം
പേനകൊണ്ടവൾ പറിച്ചെടുക്കുന്നു.
No comments:
Post a Comment