വിനയൻ
1
ഞാൻ നിന്നെ
ഇത്ര കാലവും വിളിക്കാതിരുന്നത്
ശബ്ദത്തിൻ ബഹളമറ നീക്കി
ഈ വരികൾ
എഴുതുവാനായിരുന്നെന്ന്
ഇപ്പൊഴാണറിഞ്ഞത്.
2
പൂരപ്പറമ്പിൽ
കൊമ്പന്റെ മുമ്പിൽ
കുറച്ചു മാറി
കുത്തിയിരുന്ന്
ആറാം നമ്പ്ര്
എറിഞ്ഞു കൊടുത്തൂ
പകൽ മുഴുവൻ നീ.
തുമ്പി നീട്ടി
ഓരോ പൊട്ടായ്
പരതിപ്പരതി
തിന്നൂ കൊമ്പൻ.
കഥ കേട്ടപ്പോൾ
എനിക്കത്ഭുതം :
കൂടുതൽ ക്ഷമ
കൊമ്പനോ നിനക്കോ?
3
കോളേജിന്റെ
മൂന്നാം നിലയിൽ
വരാന്തയിൽ നിന്ന്
കൈവരി പിടിച്ച്
താഴേക്കു നോക്കി
നിൽക്കും മട്ടിൽ
കണ്ടൂ നിന്നെ
കാൽ നൂറ്റാണ്ടു
മുമ്പന്നാദ്യം.
അരികിൽ നിന്ന്
കൈവരി പിടിച്ച്
ഞാനും താഴേക്കു നോക്കി.
4
കാറ്റില്ലാത്തൊരു
കൊച്ചു ബലൂണാ-
യിരുന്നെടാ ഞാൻ കുഞ്ഞിൽ.
പിന്നെപ്പൊഴോ
വീർത്തു വീർത്തു വന്നൂ.
സ്വന്തം പൊണ്ണത്തടിയെപ്പറ്റി
പ്പറഞ്ഞു ചിരിച്ചൂ നീ.
ആശുപത്രിയിൽ
കിടക്കുമ്പോൾ നീ
കൂട്ടിച്ചേർത്തൂ പിന്നെ :
തലയിലെ
പിറ്റ്യൂട്ടറിയാണത്രേ
എന്നുടൽ
ഇങ്ങനെയൂതി
വീർപ്പിച്ചു കൊണ്ടിരുന്നത്
കുട്ടിക്കാലം തൊട്ട്
5
നിന്റെ നാട്ടിലെ
മലയാണ് ഞാൻ
ആദ്യം കയറിയ മല
അതിന്നു മുകളിൽ
കിതച്ചു നിൽക്കുമ്പോൾ
ദൂരെയൊരു
മലയിൽ നിന്നും
ദൂരെ മറ്റൊരു മലയിലേക്കൊരു
മയില് പീലിക്കനം നീട്ടി
തോണി പോലെ
യൊഴുകിപ്പോവത്
കണ്ടു ചൂണ്ടീ നമ്മൾ.
6
നിന്റെ നാട്ടിലെ
പെരുങ്കുളമാണ്
ഞാനാദ്യം കണ്ട തടാകം.
മലയുടെ താഴെ
കാടിന്നരികിൽ
നീർച്ചാലുകൾ വന്നു പതിച്ചതു
ബഹളം വെച്ചൂ നിന്നെപ്പോലെ.
ഓളമടിക്കുന്ന ഒരു തടാകം
പിന്നൊരിക്കലും
കണ്ടിട്ടുമില്ല.
അതു വറ്റിപ്പോയെടാ
എന്നു നീ പറയുമെങ്കിലും
അതു കൂടുതൽ കൂടുതൽ
ബഹളം വെച്ചു കൊണ്ടിരുന്നു.
7
നിന്റെ കുടുംബം വക
സ്കൂളിലാണ്
പതിനാറു വയസ്സിൽ
ഞാനാദ്യം കവിത വായിച്ചത്.
വായിച്ചു പുറത്തിറങ്ങിയപ്പോൾ
അന്നത്തെ സീനിയർ കവി
നീട്ടിയ കയ്യിന്റെ
ചൂടെന്റെ വാക്കിൽ
പടർന്നു കയറിയ -
താറിയിട്ടേയില്ലയിന്നും.
8
നീ നിന്റെയച്ഛനെ
ബാലേട്ടനെന്നും
അമ്മയെ ശാന്തേടത്തി എന്നും
വിളിച്ചു.
ആകൃതി മാറി മാറിക്കൊണ്ടിരുന്ന
മേഘങ്ങൾ പോലെ
നിന്റെ വാക്കിന്റെ മാനത്തവർ
അച്ഛനായ് അമ്മയായ്
ഏട്ടനായ് ഏടത്തിയായ്
മാറി മാറി നിറഞ്ഞു.
മേഘബഹുലമായിരുന്നു
നിന്റെയാകാശം.
മേഘമൊഴിഞ്ഞത്
എന്റേത്.
9
നിന്റെ മുറിയിൽ
ഷെൽഫിലെ പുസ്തകമോരോന്നെടുത്ത്
വിനയൻ എന്നു നീ
പേരെഴുതി വെച്ചതിനു താഴെ
രാമന് സംഭാവന നൽകിയത്
എന്നു ചേർത്തെഴുതിക്കൊണ്ടിരുന്നു ഞാൻ.
നീ അതു നോക്കിച്ചിരിച്ചുമിരുന്നു.
10
നിന്റെ കഥകളെൻ
പൂരപ്പറമ്പുകൾ
നിന്റെ കഥകളാ-
ണെൻ ആശുപത്രികൾ
നിന്റെ കഥകളെൻ
അങ്ങാടിത്തല്ലുകൾ
നിന്റെ കഥകളെൻ
ദേഹണ്ണപ്പന്തലുകൾ
നിന്റെ കഥകളി -
ലെന്റെ ശരണം വിളി
എന്റെ മുദ്രാവാക്യം
ഉപ്പ് മുളക്
ചോര, മരുന്ന്
11
രാവിലെയുണർന്ന്
കോട്ടുവാ വിട്ടപ്പോൾ
വായടയ്ക്കാൻ പറ്റാ-
തായ സുഹൃത്തിനെ
കൂട്ടുകാരെല്ലാരും കൂടി
ഒരു കാറിൽ
മുൻസീറ്റിലിരുത്തി
ആസ്പത്രിക്കു പായുമ്പോൾ
വായും തുറന്നു പിടിച്ചൊരാൾ
കാറിൽ വരുന്നതു കണ്ട്
നാടു വാ പൊളിച്ചു നിന്നത്
നിൻ കഥ.
12
നമ്മുടെ ചൂണ്ടുവിരലുകൾ
കറക്കിവിട്ട
നൂൽപ്പമ്പരങ്ങളന്നത്തെ
രാത്രികൾ.
അവ നിവർന്നു നിന്നു
കറങ്ങിക്കറങ്ങി .....
ചാഞ്ഞു നിന്നു കറങ്ങിക്കറങ്ങി .....
ചരിഞ്ഞു വീണിട്ടും
കറങ്ങിക്കറങ്ങി ....
13
കുന്നത്തെക്കാവിലെ -
യുത്സവ രാത്രി.
താഴത്തു പാടത്തിൻ
വക്കത്തെ വീട്ടിൽ
കള്ളൻ കയറിയ
കാഹളം കേട്ട്
കുണ്ടനിടവഴി
കേറി നാമോടി.
പമ്പരമായി കറങ്ങുന്ന രാവിൻ
ചുറ്റുകളാണീയിടവഴികളെല്ലാം.
14
ഒരു പൊറോട്ടക്കു
ചുറ്റും നമ്മുടെ
കോളേജ് പകലുകൾ
പുകപിടിച്ചൊരു
മേശ വിളക്കിന്നു
ചുറ്റും നമ്മുടെ
പരീക്ഷാരാത്രികൾ
15
ഒരിക്കലൊരു കുന്നു കയറിയപ്പോൾ
പാറ വഴുക്കലിൽ
കയറാൻ പറ്റാതെ
ഇറങ്ങാൻ പറ്റാതെ
തങ്ങിനില്പായി നീ
ഇന്നതേപ്പറ്റിയോർക്കുമ്പോൾ
നീ തന്നെ വലുത്
കുന്നതിൽ ചെറുത്
എന്നിട്ടുമെങ്ങനെ
കുടുങ്ങി നീ പാറമേൽ?
16
കറുത്തകര മുണ്ടിന്റെ കോന്തല വീശി നീ
സമരത്തിനിടയിൽ നടന്നു
കറുത്തകര മുണ്ടിന്റെ കോന്തല വീശി നീ
തീവണ്ടി വാതുക്കൽ നിന്നു.
17
പിന്നെ ഞാൻ പുലർന്നു നീ
കുലുക്കി വിളിച്ച ലോകത്ത്
പിന്നെ ഞാനെഴുതി നീ
ഇളക്കിമറിച്ച ഭാഷയിൽ
18
കോളേജിൽ തല്ല്,
ഞാൻ നോക്കുമ്പോഴുണ്ട് നിൻ
സ്ഥൂലശരീരത്തിൻ
പിന്നിൽ പതുങ്ങുന്നൂ
നേതാവ്.
"അവനെന്താണു നിൻ
ചെവിയിൽ പറഞ്ഞത്?"
"ചെല്ലെടാ
തല്ലെടാ"
19
നിന്റെയച്ഛനെക്കാണാൻ
കാൻസർ വാർഡിൽ ഞാൻ വന്നു.
നീ അരികിലില്ലാത്ത നേരം.
പറ്റെക്കൊഴിഞ്ഞ മുടിയുമായ്
അച്ഛനവിടെയിരിക്കുന്നതറിയാതെ
ഞാൻ നോക്കി നോക്കി
കറങ്ങുന്നതും നോക്കി -
യൂറിച്ചിരിക്കുന്നു നിന്റെയച്ഛൻ.
നീ വന്നതുമച്ഛൻ പറഞ്ഞു:
"മുടിയുള്ള ബാലേട്ടനെ
തേടി നടക്കുകയായിരുന്നൂ ഇവൻ"
ഒന്നും കഴിക്കുവാൻ വയ്യാതിരുന്നിട്ടും
ഞാൻ കൊണ്ടുവന്ന ചെമന്ന കപ്പപ്പഴം
ഒരു കഷ്ണം തിന്നച്ഛൻ ചിരി തുടർന്നു.
20
നിന്റെ വിളി കേട്ടാൽ
പേടിച്ചൊഴിയുന്ന
വിശപ്പായിരുന്നെൻ
വിശപ്പ്
നിന്റെ വിളി കേട്ടാൽ
നിറയുന്നു കൂട്ടുകാർ
നിന്റെ വിളി കേട്ടാൽ
നിറയുന്നു പന്തലുകൾ
സദ്യ വിഭവങ്ങളാൽ.
എന്റെ കല്ല്യാണപ്പന്തലിലും
നിന്റെ വിളി മുഴങ്ങി,
രുചി വിളങ്ങി.
21
വലിയ പന്തലി -
ന്നറ്റത്തു നീ വന്നുനിറയെ,
നിൻ ശബ്ദമുയരെ,
പിന്നിൽ വിളമ്പുകാരെത്തുന്നു
വരി വരിയായ്.
അവരെ ഞാൻ
കാണുന്നില്ല നിന്നാകാര -
മറവിനാൽ, കാൺമ -
തിത്ര മാത്രം : ശബ്ദ -
ബഹളരൂപിയായ് മുന്നിൽ നീ,
നിൻ പിന്നിൽ
ഇരുവശത്തേക്കും
വന്നു വീഴുന്നു ന -
ല്ലമൃത് സദ്യയായ്
നാക്കിലപ്പച്ചയിൽ
22
തല തുരന്നുള്ള ശസ്ത്രക്രിയ നിന്റെ -
യൊരു പാതിക്കാഴ്ച്ച മറയ്ക്കെ
മറുപന്തിയിൽ കൊണ്ടുവന്നിരുത്തീ ലോകം
മുഴുവനായ് നിൻ മനശ്ശക്തി.
23
" ഒരു കണ്ണ് മതി
ഒരു കയ്യ് മതി
മറ്റേത്
വെറുതെ
ജോഡിയൊപ്പിക്കാൻ "
എന്നും പറഞ്ഞു നീ
ചൂണ്ടിയേടത്തേക്കു
നോക്കി ഞാൻ :
അവിടെയതാ
ജോഡിയൊക്കാൻ മാത്രം
നിൽപ്പു ലോകത്തിന്റെ
കോമാളികൾ :
മറു കണ്ണ്
മറു കാത്
മറു കയ്യ്
മറു ചിറക്
മറു വാതിൽ
മറു പാത
മറു ചില്ല
മറു വരി ......
24
ഒറ്റക്കണ്ണിനെപ്പറ്റി
ഒറ്റക്കയ്യിനെപ്പറ്റി
നീ ഡോക്ടറോടു
പറഞ്ഞു ചിരിക്കുന്നു
ഒറ്റക്കണ്ണിനാൽ
ഒറ്റക്കയ്യിനാൽ
കാറോടിച്ചു പാടിപ്പോകുന്നു :
"തൊത്തേ തൊത്തേ തൊത്തേ തോ
വാത്തൂനെത്തൊതാൻ കിത്തൂലാ ..."
No comments:
Post a Comment