കാവ്യഭാഷയുടെ കാരംസ് കളം
അയ്യപ്പത്ത് അടിച്ചു തെറിപ്പിച്ച വിധം
പി.രാമൻ
മലയാളത്തിന്റെ കാവ്യഭാഷയുടെ പരിണാമ ചരിത്രത്തിലെ പ്രധാന ശബ്ദങ്ങളിൽ ഒന്നാണ് കവി മാധവൻ അയ്യപ്പത്തിന്റേത്. ഓരോ കാലവും ഒരു പൊതു കാവ്യഭാഷ സൃഷ്ടിക്കും. തന്റെ കാലത്തിന്റെ പൊതുകാവ്യഭാഷയെ തകർത്ത് ഒരു പുതിയ ഭാഷക്കും ആവിഷ്കാര രീതിക്കുമായി പരിശ്രമിച്ച കവിയാണ് അദ്ദേഹം.
ആഖ്യാനപരതയുടെയും ഭാവഗീതപരതയുടെയും അടരുകൾ ചേർന്നതായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ പൊതു കാവ്യഭാഷ മലയാളത്തിൽ. ഈ രണ്ടടരുകളിലും ഇടപെട്ട് ഇളക്കിമറിച്ച കവിതയാണ് അയ്യപ്പത്തിന്റേത്. കാവ്യാംഗങ്ങൾ ഇണങ്ങിച്ചേരുമ്പോഴുണ്ടാകുന്ന സമഗ്രതയാണ് ഈ രണ്ടു ധാരകളിൽ പെട്ട കവിതകളുടെയും സാമാന്യസ്വഭാവം. ഉചിതമായ ബിംബങ്ങൾ, വാക്കുകൾ, വാക്യങ്ങൾ, ഈണങ്ങൾ, താളങ്ങൾ, ഭാവങ്ങൾ, ആശയങ്ങൾ തുടങ്ങിയവ ഒന്നിക്കുമ്പോഴുണ്ടാകുന്ന മേളനലയമാണത്.
കവിതയിലെ ഈ മേളന ലയത്തെ തകർത്ത് പുതിയൊരു ക്രമീകരണം സാധ്യമാണോ എന്നന്വേഷിച്ച എഴുത്തുകാരനാണ് മാധവൻ അയ്യപ്പത്ത്. ചിന്നിച്ചിതറലിന്റെ കലക്കുവേണ്ടിയ ഈ അന്വേഷണം ജനപ്രിയമാകയില്ല എന്നതുറപ്പാണല്ലോ. ഒരു കാരംസ് ബോർഡിൽ കളിക്കാൻ വേണ്ടി ചേർത്തു വച്ച കോയിൻസുകളുടെ ഒത്തൊരുമിപ്പാണ് നമ്മുടെ കവിതയിലെ സമഗ്രതാ മൂല്യമെങ്കിൽ ആ കോയിനുകളെ സ്ട്രൈക്കർ കൊണ്ട് അടിച്ചു ചിതറിച്ച ആ തെറിപ്പാണ് അയ്യപ്പത്തിന്റെ കാവ്യഭാവുകത്വം. രേഖീയമായ ആഖ്യാനപരതയേയും കൂർത്തു കൂർത്തു വരുന്ന ഭാവഗീതപരതയേയും അയ്യപ്പത്തിന്റെ കവിത തെറിപ്പിച്ചു കളഞ്ഞു.
ചിന്നിച്ചിതറിക്കലിന്റെ ഈ കലാപരീക്ഷണത്തിനു പിന്നിൽ ടി.എസ്.എലിയറ്റിനെപ്പോലുള്ള പാശ്ചാത്യ ആധുനികരുടെ സ്വാധീനം ഉണ്ടെന്നതു സത്യമെങ്കിലും മലയാളത്തിന്റെ സഹജതയോടെയാണ് അദ്ദേഹം ആ തെറിപ്പിനു മുതിർന്നത്. ഭാഷാപരമായ ഈ സഹജതയുടെ കാരണം സമകാലത്തെ കേരളീയമായ അനുഭവത്തിൽ നിന്നു കൊണ്ടാണ് അദ്ദേഹം എഴുതിയത് എന്നതു തന്നെ.
കേരളത്തിന്റെ സാമൂഹ്യക്രമത്തിൽ ആദ്യമായി മാറ്റങ്ങൾ വന്ന കാലമായിരുന്നു 1950-കൾ. നൂറ്റാണ്ടുകൾ നിലനിന്ന ഫ്യൂഡലിസത്തിന്റെ മരണമണി മുഴങ്ങിത്തുടങ്ങിയ കാലം. മൂല്യവ്യവസ്ഥ മാറി മറിഞ്ഞു. പഠിച്ച് പുതിയ പണികൾ തേടി ചെറുപ്പക്കാർ ഫ്യൂഡൽ ഗ്രാമങ്ങൾ വിട്ട് നഗരങ്ങളിലെത്തി. ആ സംഭ്രമകാലത്തിന്റെ മൊസൈക്ക് കാവ്യഭാഷയാണ് മാധവൻ അയ്യപ്പത്ത് തന്റെ മണിയറക്കവിതകളിൽ സൃഷ്ടിച്ചത്. സംക്രമ ഘട്ടത്തെ ഓർമ്മിപ്പിക്കാൻ ഗദ്യവും പദ്യവും അദ്ദേഹം ഇടകലർത്തി. മലയാളത്തിന്റെ ഈണങ്ങളും താളങ്ങളും ഗദ്യത്തോടൊപ്പം അദ്ദേഹം ഉപയോഗിച്ചു. കാലത്തിന്റെ കലങ്ങിമറിച്ചിൽ തെളിഞ്ഞ് വ്യക്തത കൈവന്നതോടെ, ആധുനികതയുടെ കാവ്യഭാഷയും പ്രമേയങ്ങളും വ്യക്തരൂപം കൈവരിച്ചതോടെ ഈ കവി ഏറെക്കുറെ എഴുത്തിൽ നിന്നു പിൻവാങ്ങുകയും ചെയ്തു.
പുതിയ കാലത്ത് പുതിയ ക്രമീകരണങ്ങളും വിന്യാസങ്ങളും ഭാഷയിൽ സാധ്യമാണോ എന്നന്വേഷിച്ചു പോകേണ്ടയാളാണ് കവി എന്ന് മാധവൻ അയ്യപ്പത്ത് എന്നെപ്പോലുള്ള പിൽക്കാല കവികളെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു. പുതുവിന്യാസങ്ങൾ തേടലാണ് അദ്ദേഹത്തിന്റെ കാവ്യഭാഷ. അന്വേഷണം തന്നെയാണ് അയ്യപ്പത്തിന്റെ കവിതയുടെ മുഖ്യപ്രമേയവും. കവി എന്ന നിലയിൽ ഏറെക്കുറെ നിശ്ശബ്ദനായതിനു ശേഷവും ഈ അന്വേഷണം അദ്ദേഹം മറ്റൊരു വിധത്തിൽ തുടർന്നു. അതിന്റെ തെളിവാണ് ധർമ്മപദം പോലുള്ള പരിഭാഷാകൃതികൾ.
No comments:
Post a Comment