മഹത്തായ വിഷയങ്ങളിലേക്ക്
ഈച്ച അരിച്ചെത്തുന്നതെങ്ങനെ?
പി.രാമൻ.
മലയാള കവിതാ പുസ്തകങ്ങളിലെ അക്ഷരവലിപ്പം 25 കൊല്ലം മുമ്പ് ഞാനൊരു യുവാവായിരുന്ന കാലത്തു നിന്ന് കൂടിയിട്ടുണ്ട് ഇന്ന്. കണ്ണു പിടിക്കാത്ത മധ്യവയസ്കനായ എനിക്ക് ഈ വലിപ്പമാറ്റം ആശ്വാസകരവുമാണ്. വായനക്കാർ മധ്യവയസ്ക്കരാവുന്നതിനനുസരിച്ച് കൂടിക്കൂടി വരുന്നതാവാം മലയാള കവിതാ പുസ്തകങ്ങളിലെ അക്ഷര വലിപ്പം. കാഴ്ച്ചയുള്ള ചെറുപ്പക്കാർ പുസ്തക രൂപത്തിലല്ല സ്ക്രീനിലാണ് കവിത വായിക്കുന്നത് എന്ന നിരീക്ഷണത്തിൽ കഴമ്പുള്ളതു കൊണ്ടുമാവാം. തമിഴ് കഷ്ടപ്പെട്ടു വായിക്കാൻ പഠിച്ച എനിക്കാകട്ടെ കവിതാ പുസ്തകങ്ങളിലെ അക്ഷര വലിപ്പക്കുറവ് അസ്വസ്ഥതയുണ്ടാക്കുന്നു. ലെൻസു വെച്ച് വായിക്കണമെന്നു തോന്നുന്നു. കാലച്ചുവട് പ്രസിദ്ധീകരണങ്ങളുടെയെങ്കിലും ലെറ്റർ സൈസ് ഒരല്പം കൂട്ടണേ എന്നു സുകുമാരൻ സാറോട് അപേക്ഷിക്കാൻ തോന്നുന്നു. എന്നാൽ പിന്നാലെ വരുന്ന ഒരു വിചാരം എന്നെ അടക്കുന്നു. ചെറുപ്പക്കാർ ധാരാളമായി രസിച്ചു വായിക്കുന്നുണ്ടാവണം തമിഴ് കവിതാപുസ്തകങ്ങൾ. അതുകൊണ്ടാവണം യുവാക്കളുടെ കണ്ണിനു പാകത്തിന് തമിഴ് കവിതാ പുസ്തകങ്ങളിൽ ഇങ്ങനെ കുനു കുനു അക്ഷരങ്ങൾ. മധ്യവയസ്കനായ ഞാൻ പോലും ഇശൈയുടെ കവിത രസിച്ചു വായിക്കുന്നു. ഇശൈയുടെ എട്ടു കവിതാ സമാഹാരങ്ങളിലെയും ഉറുമ്പക്ഷരങ്ങളോട് എന്റെ കാഴ്ച്ച പൊരുത്തപ്പെട്ടിരിക്കുന്നു. അയൽഭാഷയിൽ, സഹോദര ഭാഷയിൽ എന്താണ് ഇപ്പോൾ എഴുതപ്പെടുന്നത് എന്നത് പരസ്പരം അറിയാൻ കഴിയുക പ്രധാനമാണ്. ആ അറിവിന് തീർച്ചയായും പരിമിതിയുണ്ടാവും. ആ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു വേണം ഇശൈ കവിതയെക്കുറിച്ചും തമിഴ് കവിതയെക്കുറിച്ചുമുള്ള എന്റെ ഈ അയൽനോട്ടത്തെ കാണാൻ എന്ന് വിനയപൂർവം പറഞ്ഞുകൊള്ളട്ടെ.
ഉറുമ്പിൽ നിന്ന് നമുക്ക് ഈച്ചയിലേക്കു വരാം. മഹത്തായ വിഷയങ്ങൾക്കുമേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദമാണ് എനിക്ക് ഇശൈക്കവിത. മഹത്തായ വിഷയങ്ങളോടു പൊതുവേ ധാരാളം പ്രതിപത്തിയുള്ള ജനതയാണ് മലയാളികൾ.വിഷയാസക്തർ എന്നു പറയാം. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ അതതു കാലത്തെ പ്രധാന ചർച്ചാവിഷയങ്ങളെല്ലാം കവിതയിൽ കൊണ്ടുവരാൻ മലയാളികൾ ഏതു കാലത്തും പരിശ്രമിച്ചു വന്നിട്ടുണ്ട്. ഒരേ സമയത്ത് ഒരേ വിഷയത്തെപ്പറ്റി നിരവധി കവികൾ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്നതും മലയാളത്തിൽ സാധാരണ കണ്ടുവരുന്നതാണ്. വലിയ പ്രമേയങ്ങൾ വളരെ ഗൗരവപൂർണ്ണമായി ആവിഷ്കരിക്കുന്നതിന്റെ മസിലു പിടുത്തം മലയാള കാവ്യഭാഷയിൽ പൊതുവേയുണ്ടെന്നു പറയാം. അരാജകത, അസംബന്ധം, നിസ്സാരത തുടങ്ങിയവ പോലും അങ്ങനെ മസിലുപിടിച്ചു പൊക്കാനാണ് ഞങ്ങൾക്കിഷ്ടം. അയനസ്ക്കോയുടെ ഏതോ അസംബന്ധ നാടകത്തിൽ ഒരു ചെറിയ പാനപാത്രം നാലുപേർ ചേർന്ന് ചുമന്നുകൊണ്ടുപോകുന്ന പോലെ. ആകയാൽ, മഹത്തായ വിഷയങ്ങൾക്കുമേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം എന്നതിലെ മഹത്തായ വിഷയം ഞങ്ങൾക്ക് മനസ്സിലാവും. ഈച്ചയെപ്പോലുള്ള ചെറു പ്രാണികളിലും ആധുനികതക്കു ശേഷമുള്ള മലയാള കവിത പ്രത്യേക താല്പര്യം കാണിച്ചിട്ടുണ്ട്. മുഖ്യധാര മാറ്റിവെച്ച, അരികുവൽക്കരിച്ച ചെറിയ ശബ്ദങ്ങൾ എന്നത് ഞങ്ങളുടെ വലിയ വിഷയങ്ങളിലൊന്നു തന്നെയാണ്. ഭൂതക്കണ്ണാടി വെച്ച് ചെറുതിനെ വലുതായിക്കാണാൻ ഞങ്ങൾ പരിശീലിച്ചു കഴിഞ്ഞു. അതായത് ഈച്ചയും മഹത്തായ വിഷയം തന്നെ. ആകയാൽ മഹത്തായ വിഷയങ്ങൾക്കു മേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം മലയാളത്തിൽ കിട്ടാത്ത ഒരു വായനാനുഭവമാണ്.
ഞാൻ പറഞ്ഞു വന്നത് മലയാളിയുടെ കാവ്യസംസ്ക്കാരവുമായി ബന്ധപ്പെട്ട ചില വിമർശനങ്ങളാണ്. മഹത്തായ വിഷയങ്ങൾക്കു മേൽ ഈച്ചയായിരിക്കുന്നതിന്റെ ആനന്ദം എന്ന ഇശൈ കവിതാനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു മലയാളി എന്ന നിലയിലാണിതു പറയുന്നതും. ആനന്ദം എന്നത് ഞങ്ങൾ പൊതുവേ ഒരു കവിതയിൽ നിന്നു പ്രതീക്ഷിക്കുന്ന വൈകാരികാനുഭവമല്ല. ആധുനികത തന്നെ അതു പഠിപ്പിച്ചിട്ടുണ്ട് - ആനന്ദത്തിനെതിരായ ആ പാഠം. ആനന്ദത്തെ ഒരു ഉപരിവർഗ്ഗമൂല്യമായിട്ടാണ് ആധുനികതക്കു ശേഷവും ഞങ്ങൾ കണ്ടുവരുന്നത്. ഇശൈക്കവിതകളാവട്ടെ, തീർത്തും അപ്രതീക്ഷിതമായി പെട്ടെന്നെത്തിപ്പെടുന്ന ആനന്ദാനുഭവങ്ങളുടെ സ്വർഗ്ഗങ്ങൾ വായനക്കാർക്കു തുറന്നുതരുന്നു. ചിലപ്പോൾ കൊടിയ വേദനയുടെ നരക പാതാളങ്ങളും. സ്വർഗ്ഗ നരകങ്ങളുടെ ഉയർച്ചതാഴ്ച്ചകളും അവയെ നേരിടുന്ന മനുഷ്യന്റെ നിത്യജീവിത സാധാരണതയും മുഖാമുഖം നിൽക്കുന്നതിന്റെ നാടകീയഭംഗിയുണ്ട് ഇശൈ കവിതകൾക്ക്.
മുകളിൽ പറഞ്ഞ കാര്യങ്ങളുടെ വിശദാംശങ്ങളിലേക്കു കടക്കും മുമ്പ് എനിക്കു പരിചയമുള്ളിടത്തോളം തമിഴ് കവിതാ പശ്ചാത്തലത്തിലും ഇശൈയുടെ ഇടം നിർണ്ണയിക്കേണ്ടതുണ്ട്. ഏകദേശം രണ്ടായിരാമാണ്ടു വരെ തമിഴ് കവിത മലയാളി വായനക്കാരുടെ പരിഗണനാ വിഷയമേ ആയിരുന്നില്ല. ആറ്റൂർ രവിവർമ്മയുടെയും ജയമോഹന്റെയും ഇടപെടലുകളാണ് ഈ സ്ഥിതിയിൽ മാറ്റമുണ്ടാക്കിയത്. ആറ്റൂരിന്റെ പുതുനാനൂറ് പരിഭാഷയും ജയമോഹൻ മുൻ കയ്യെടുത്തു നടത്തിയ തമിഴ്-മലയാള കവി സംഗമങ്ങളും പരസ്പരം അറിയാൻ വഴി തെളിയിച്ചു. ഇശൈ എന്ന കവിയെക്കുറിച്ച് ഞാൻ ആദ്യമായി കേൾക്കുന്നതും ജയമോഹൻ പറഞ്ഞിട്ടു തന്നെ. എങ്കിലും പൊതുവേ ഇന്നും തമിഴ് കവിതക്ക് മലയാളത്തിൽ സ്വീകാര്യത കുറവാണ്. തമിഴ് കവിതക്ക് എന്നല്ല ഫിക്ഷനു പോലും ഇവിടെ ആസ്വാദകർ വിരളം. പുതുമൈപ്പിത്തൻ, മൗനി, തി. ജാനകിരാമൻ, ജയകാന്തൻ, കി. രാജനാരായണൻ എന്നിവരുടെയൊന്നും കൃതികൾക്ക് വേണ്ടത്ര ആസ്വാദകശ്രദ്ധ ലഭിച്ചിട്ടില്ല. കേരളത്തിൽ താമസിച്ച് എഴുയിട്ടു പോലും അ.മാധവന്റേയോ നീല പത്മനാഭന്റെയോ നകുലന്റേയോ സുകുമാരന്റെയോ കൃതികൾ ഇവിടെ വലിയ ചർച്ചയായിട്ടില്ല.(സുന്ദരരാമസ്വാമിയുടെ ജെ.ജെ. ചില കുറിപ്പുകൾ മാത്രമാണ് കുറച്ചൊക്കെ ചർച്ച ചെയ്യപ്പെട്ട ഒരു കൃതി) പരസ്പരമുള്ള ഭാവുകത്വപരമായ, വേദനാജനകമായ ഈ അകലത്തിന്റെ കാരണം വിശദമായി പഠിക്കപ്പെടേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.
മലയാളിക്കു പൊതുവേ മലയാളത്തിലുള്ളതു പോലുള്ള അതേ തരം കവിതകൾ ഇറക്കുമതി ചെയ്യാനാണ് താല്പര്യം. (കവിതയുടെ കാര്യത്തിൽ തമിഴർക്കുമത് അങ്ങനെത്തന്നെ എന്നാണ് തോന്നിയിട്ടുള്ളത്) ഉച്ചസ്ഥായിയിൽ പാട്ടായും പ്രസംഗമായും അയഞ്ഞ സംസാര രീതിയിലും ആശയ വിളംബരം നടത്തുന്ന, മൂല്യങ്ങളും സാമൂഹ്യപ്രതികരണക്ഷമതയും ഉയർത്തിപ്പിടിക്കുക മുഖ്യ ലക്ഷ്യമാക്കുന്ന, തരം കവിതകൾക്കാണ് കേരളത്തിൽ ഇപ്പൊഴും മാർക്കറ്റ്. ഇശൈയേയോ കണ്ടരാതിത്തനേയോ ശങ്കരരാമസുബ്രഹ്മണ്യനെയോ പോലുള്ള കവികളെ ഉൾക്കൊള്ളാൻ മലയാളി ഭാവുകത്വത്തിന് പൊതുവേ ഇപ്പോഴും പ്രയാസം തന്നെ. ദളിത് കവിത, ഫെമിനിസ്റ്റ് കവിത തുടങ്ങിയ പൊതു പരികല്പനകൾ വന്ന ശേഷമാണ് ആ ധാരകളിൽ പെട്ട ചില തമിഴ് കവികളെ മലയാളികൾ ശ്രദ്ധിച്ചത്. മറിച്ച് പാട്ടുകവിത എന്നു വിളിച്ച് മൊത്തം മലയാളകവിതകളെയും മുൻ ധാരണയോടെ മാറ്റി നിർത്തുന്ന പ്രവണത തമിഴ് സാഹിത്യാന്തരീക്ഷത്തിലുമുണ്ട്. മലയാള കവിതയുടെ ചൊൽ പാരമ്പര്യത്തിന് സംഗീതവുമായല്ല ബന്ധമെന്നും സംഘം കവിതയുടെ ചൊൽ വടിവിലേക്കാണ് (പാട്ടല്ല ചൊല്ലൽ) അതിന്റെ വേരിറങ്ങിപ്പോകുന്നതെന്നും മലയാളത്തെ സംബന്ധിച്ചിടത്തോളം തമിഴ് വായനക്കാർ തിരിച്ചറിയേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം. പദങ്ങളോടൊപ്പമുള്ള പ്രത്യയങ്ങൾ എടുത്തു കാണിക്കുന്ന തരത്തിൽ അയഞ്ഞ വ്യാകരണഘടനയുള്ള മലയാളത്തെ മുറുക്കമുള്ള കാവ്യഭാഷയാക്കാൻ കാവ്യാത്മകമായ താളങ്ങളും വൃത്തങ്ങളും സഹായിക്കുന്നുണ്ട് എന്നതും കാണണം. ശ്രവ്യഭാവനക്ക് (auditory imagination) കാവ്യകലയിൽ അടിസ്ഥാനപരമായ പ്രാധാന്യവുമുണ്ടല്ലോ. ഇത്തരം വിഷയങ്ങളിൽ പരസ്പരമുള്ള പരിഹാസത്തിന്റെ പുറന്തോട് ഊരി വലിച്ചെറിഞ്ഞ് ഓരോ ഭാഷയുടെയും സാംസ്ക്കാരികവും ഭാഷാശാസ്ത്രപരവും സാമൂഹ്യവുമായ പശ്ചാത്തലം ഉൾക്കൊണ്ടുള്ള അനുഭാവപൂർണ്ണമായ വായനയിലൂടെയേ ഈ സഹോദര ഭാഷാ കവിതകൾക്ക് തമ്മിൽ മനസ്സിലാക്കാൻ കഴിയൂ. നിർഭാഗ്യവശാൽ തമിഴ് കവിതയിൽ ഇപ്പോൾ എന്തെല്ലാം നടക്കുന്നു എന്നറിയാൻ മലയാള കവികൾക്കോ മലയാള കവിതയിൽ ഇപ്പോൾ നടക്കുന്നതറിയാൻ തമിഴ് കവികൾക്കോ വലിയ താല്പര്യമൊന്നും കാണാറില്ല. എല്ലാ തമിഴ് കവിതകളും തുറക്കാൻ ഒരൊറ്റ താക്കോലാണെന്ന് മലയാള കവികളും തിരിച്ച് എല്ലാ മലയാള കവിതകളും തുറക്കാൻ ഒരൊറ്റ താക്കോൽ മതിയെന്ന് തമിഴ് കവികളും കരുതുന്നതായി ഞാൻ വിചാരിക്കുന്നു. ഈ രണ്ടു താക്കോലുകളെച്ചൊല്ലിയും ഇരു കൂട്ടർക്കും പരസ്പരം തീരെ മതിപ്പുമില്ല. രചനാ രഹസ്യം പിടികിട്ടി എന്ന് പരസ്പരം കരുതുന്നതിനു പകരം അയൽക്കവിതയിലെ സവിശേഷതകളും വൈവിധ്യങ്ങളും അടുത്തറിയാനുള്ള ശ്രമമാണ് നടത്തേണ്ടത്.
കാല്പനിക പ്രവണതകളെ പരമാവധി വകഞ്ഞുമാറ്റിക്കൊണ്ടും കാവ്യഭാഷയെ സംസാരിക്കുന്ന ഗദ്യഭാഷയാക്കിയും നിത്യജീവിതത്തിലെ ചെറു ചെറു സന്ദർഭങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ടും സംഘത്തമിഴ് കവിതാ സംസ്ക്കാരം ഉൾക്കൊണ്ടുമാണ് 1960 മുതലുള്ള തമിഴ് കവിത മുന്നോട്ടു പോയത്. ഭാരതിക്കു ശേഷം ന. പിച്ചമൂർത്തി, ക. ന.സു തലമുറയും (1960-നു മുമ്പ്) പിറകേ സുന്ദരരാമസ്വാമി, ജ്ഞാനക്കൂത്തൻ,നകുലൻ, പ്രമിൾ തലമുറയും തുടർന്ന് കല്യാൺജി, ദേവദേവൻ, ദേവതച്ചൻ, കലാപ്രിയ, പഴമല, വിക്രമാദിത്യൻ തുടങ്ങിയവരുടെ നിരയും തമിഴ് കവിതയെ അടിമുടി ആധുനികീകരിച്ചു. എഴുപതുകൾക്കൊടുവിലും എൺപതുകളുടെ തുടക്കത്തിലും ആത്മാനാം, സമയവേൽ, സുകുമാരൻ, സുഗന്ധി സുബ്രഹ്മണ്യൻ എന്നിവരുടെ തലമുറ വൈകാരികതക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടെഴുതി. ദർശനപരമോ വിചാരപരമോ ആയ ഉണർവിനേക്കാളും രാഷ്ട്രീയവും വൈകാരികവുമായ ഉണർവ് ഈ തലമുറയുടെ സവിശേഷതയാണ്. ഭാഷ പക്ഷേ അപ്പോഴും മുറുകിത്തന്നെയിരുന്നു. ഇവരിൽ സമയവേൽ പ്ലെയിൻ പോയട്രി നേരത്തേ തന്നെ പരീക്ഷിച്ചിട്ടുണ്ടെങ്കിലും പൊതുവേ, കാവ്യബിംബങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന രീതിയും തുടർന്നു. തൊണ്ണൂറുകളിൽ മനുഷ്യപുത്രനുൾപ്പെട്ട തലമുറയിലെത്തുമ്പോൾ കാവ്യഭാഷ കൂടുതൽ അയയുന്നു. "ഇവിടെ ആരുമില്ല, നിങ്ങൾക്കു പോകാം" എന്ന അതിസാധാരണ വാക്യം പോലും എൻ കല്ലറൈ വാചകം എന്നൊരു ശീർഷകത്തിനു കീഴിലെത്തുമ്പോൾ കവിതയായി സ്വീകരിക്കപ്പെടുന്നു. ഭാഷാ പരമായ അയവും വൈകാരിക തീഷ്ണതയും സുഗന്ധി സുബ്രഹ്മണ്യനു ശേഷം സജീവമായ തമിഴ് പെൺകവിതയുടെയും മുഖമുദ്ര തന്നെ. നൂറ്റാണ്ടുകളുടെ നിശ്ശബ്ദതയെ മുറിച്ചു കടന്നുവന്നതിന്റെ തീവ്രതയാകെ എൺപതുകൾ തൊട്ടുള്ള തമിഴ് പെൺകവിതയിൽ അനുഭവിക്കാൻ കഴിയും.
ഭാഷയിലും ദർശനത്തിലും ഏറിയും കുറഞ്ഞുമുള്ള ലാഘവപ്രകൃതം അഥവാ കളിമട്ട് തൊണ്ണൂറുകൾക്കൊടുവ് തൊട്ടുള്ള തമിഴ് കവിതയിൽ കാണാം. ലാഘവ പ്രകൃതം, കളിമട്ട് തുടങ്ങിയ വാക്കുകളാണ്, ഹാസ്യം എന്ന വാക്കല്ല ഇവിടെ ചേരുക. കുട്ടികളെ മുൻ നിർത്തി മുകുന്ദ് നാഗരാജ് എഴുതിയ ആദ്യകാല കവിതകൾ തൊട്ട് ആ മാറ്റം ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ശങ്കരരാമസുബ്രഹ്‌മണ്യൻ, ഇളങ്കോ കൃഷ്ണൻ, റാണി തിലക് , കണ്ടരാതിത്തൻ എന്നിവരിലെല്ലാം പല ഏറ്റിറക്കങ്ങളോടെ, വൈവിധ്യത്തോടെ ഈ മാറ്റം ഭാഷയിലും വീക്ഷണത്തിലുമുണ്ട്. ഉദാഹരണത്തിന് ഈ ലാഘവത്വത്തെ പൗരാണികതയോട് അഭിമുഖം നിർത്തുന്നു കണ്ടരാതിത്തൻ കവിത. ഈ വ്യത്യാസത്തിന്റെ പൂർണ്ണതയാണ് ഇശൈക്കവിത. ഇശൈക്കവിതയിലെ ഈ വ്യത്യാസത്തിന്റെ ചില സവിശേഷകളാണ് തുടക്കത്തിൽ എടുത്തു പറഞ്ഞത്.
ഞാനാദ്യം ശ്രദ്ധിച്ച ഇശൈക്കവിതകൾ ആത്മഹത്യക്കൊരുങ്ങിയവൻ, ഡമ്മി ഇശൈ, ഒരിടത്തു നാലഞ്ചു രാജാക്കന്മാർ, ഓർമ്മയിൽ വീടുള്ള മനുഷ്യൻ തുടങ്ങിയവയാണ്. കുടുംബ ഫോട്ടോയിൽ നിന്ന് തന്നെ മുറിച്ചു മാറ്റാൻ ശ്രമിക്കുന്ന ആത്മഹത്യാശ്രമക്കാരൻ കൈകോർത്തു നിൽക്കുന്ന അനിയത്തിയുടെ ചൂണ്ടുവിരൽത്തുമ്പ് തടയാൻ കഴിയാതിരിക്കുന്നതാണല്ലോ അതിന്റെ സന്ദർഭം. അതിഗൗരവത്തോടെയുള്ള ആ പ്രവൃത്തി പതുക്കെ ഒരു കളിയായി മാറിയേക്കും. ഇശൈക്കവിതകളിലെ കളിമട്ട് തുടങ്ങുന്നത് വൈകാരികതയിൽ നിന്നാണ്. പലപ്പോഴും അതിവൈകാരികതയിൽ നിന്നും വൈകാരിക സമ്മർദ്ദങ്ങളിൽ നിന്നും. അല്ലാതെ വൈചാരികതയിൽ നിന്നല്ല. ബൗദ്ധികമായ ലീലയല്ല അത്. ഇത് പ്രധാനപ്പെട്ട ഒരു വ്യത്യാസമാണ്. മലയാള ആധുനിക കവിതയിൽ കളിമട്ട് വൈചാരികതയോട് , ബുദ്ധിപരതയോട് ബന്ധപ്പെട്ടാണ് ധാരാളമായി പ്രയോഗിച്ചിട്ടുള്ളത്. തമിഴ് ആധുനിക കവിതയിലുമതെ, വികാരലോകമല്ല വിചാരലോകമാണ് കളിമട്ടിന് കൂടുതൽ ഇണങ്ങിയിട്ടുള്ളത് എന്നു തോന്നിയിട്ടുണ്ട്. എന്നാൽ ഇശൈയുടെ ഡമ്മി ഇശൈ എന്ന കവിതയിൽ വൈകാരികമായ അനിവാര്യതയുടെ സമ്മർദ്ദം കൊണ്ടാണ് , ബുദ്ധിപരമായ ആവശ്യം കൊണ്ടല്ല, ഡമ്മി ഇശൈയെ സൃഷ്ടിക്കുന്നത്. ഉദാഹരണത്തിന്, ഇശൈയുടെ പുസ്തകപ്രകാശനത്തിന് മക്കളെ വീട്ടിൽ തനിച്ചാക്കി ചെന്നൈയിലേക്കു പോന്ന ഞങ്ങൾക്ക് ഡമ്മികളെ ഉണ്ടാക്കി അവിടെ നിർത്തിപ്പോരിക ആവശ്യമാണ്. ഓർമ്മയിൽ വീടുള്ള മനുഷ്യനിലുമുണ്ട് വൈകാരിക സമ്മർദ്ദങ്ങളുടെ ആ കളം, ഇപ്പോൾ പൊട്ടിത്തെറിക്കും മട്ടിലുള്ള ഒരു പുകക്കുഴൽ. വൈകാരിക സമ്മർദ്ദങ്ങളുടെ ലോകത്തേക്കാണ് തന്റെ പാരഡിക്കളിയുമായി ഇശൈ ആ കവിതയിൽ കടന്നുവരുന്നത്. കുട്ടിയുടെ ഇഷ്ടപ്പെടായ്കയിൽ നിന്നു തുടങ്ങുന്ന പരിചിതമായതിനെ മാറ്റിമറിക്കുന്ന കളിയാണ് ഒരിടത്തു നാലഞ്ചു രാജാക്കന്മാരിൽ കാര്യമായി മാറുന്നത്. ഒരു വാക്യത്തെ മാറ്റിമറിക്കുന്ന കളി രാഷ്ട്രീയ പ്രവർത്തനമായി മാറുകയാണ് ആ കവിതയിൽ. ഭാഷയിൽ കളിമട്ടിൽ ഇടപെടുന്നതിന്റെ പ്രാധാന്യം, രാഷ്ട്രീയം, ഈ കവിത മുന്നോട്ടു വയ്ക്കുന്നുണ്ട്. ഇവിടെയും എല്ലാം തുടങ്ങുന്നത് കുട്ടിയുടെ ഇഷ്ടപ്പെടായ്ക - രുചിക്കായ്ക - യിൽ നിന്നാണ്. അതൊരു വികാരാനുഭവമാണ്.
ഇശൈയുടെ കവിതകൾ തുടർന്ന് കൂടുതലായി വായിച്ചു വന്നപ്പോൾ ഒരലസ നടത്തം, വെറും നോട്ടം, പെട്ടെന്നു തുറന്നു കിട്ടുന്ന സ്വർഗ്ഗത്തിലോ നരകത്തിലോ പ്രവേശിച്ചു മുഴുകുന്നതിന്റെ നിറവ് സമൃദ്ധമായി ആ കവിതകളിൽ അനുഭവിക്കാൻ തുടങ്ങി. തുറന്നു കിട്ടുന്ന സ്വർഗ്ഗ നരകങ്ങളേക്കാൾ അവയിലേക്കുള്ള നടന്നെത്തലിന്റെ ലാഘവമാണ്, ആ കളിമട്ടും എത്തിച്ചേരുന്ന കൊടുമുടിയും തമ്മിലെ അഭിമുഖീകരണമാണ് എനിക്കു ഹരം. അതേ ഹരം പലർക്കുമുണ്ടെന്നു മനസ്സിലായി സുകുമാരൻ സാറിന്റെ ഈ കവിത വായിച്ചപ്പോൾ.
നടത്തം
(കവി ഇശൈക്ക്)
മഹാകവി ഇശൈ വാക്കിങ്ങിനു പോകുന്നു.
അദ്ദേഹം വാക്കിങ്ങിനു പോകുമ്പോൾ
അദ്ദേഹത്തെ താങ്ങാൻ ഭാഗ്യം കിട്ടിയ
ഈ ലോകവും വാക്കിങ്ങിനു പോകുന്നു.
ഇളം കാറ്റും പുലരൊളിയും
പുല്ലും പുഴുവും പുള്ളുകളും
മീനും നായും പൂച്ചകളും
ചിലപ്പോൾ മനുഷ്യരും
വാക്കിങ്ങിനു പോകുന്നു.
ഉടനെ
പിന്നാലെ
പിശാചും ദൈവവും പോകുന്നു.
മഹാകവി വാക്കിങ് കഴിഞ്ഞ് തിരിച്ചു വരുന്നു.
വീട്ടിലേക്കു മടങ്ങിയെത്തുമ്പോൾ
കൂടെയുള്ളതു പിശാചെങ്കിൽ
മഹാകവി കവിത എഴുതുന്നു.
ദൈവമാണെങ്കിൽ
ഇശൈ വഴക്കടിയ്ക്കുന്നു.
കോവിഡ് ലോക് ഡൗണിന്റെ തുടക്കകാലത്ത് നഗരങ്ങളിൽ നിന്ന് വിദൂരഗ്രാമങ്ങളിലേക്ക് തൊഴിലാളികൾ നടന്നു പോകുന്നതാണ് ഈ കവിയെ അസ്വസ്ഥനാക്കുന്ന ഒരു കാഴ്ച്ച. ആ കവിതയിൽ ആവർത്തിച്ചു വരുന്ന വരിയും അവർ നടക്കിറാർകൾ എന്നതാണ്. ദീർഘദൂര നടത്തക്കാരനായ എം. ആദിനാരായണ തന്റെ വിസിറ്റിങ് കാർഡിൽ എഴുതിയ ഒരു വരി ഡേവിഡ് ഷൽമാൻ ഒരു യാത്രാ വിവരണ ഗ്രന്ഥത്തിൽ ഉദ്ധരിച്ചത് ഞാൻ ഓർക്കുന്നു : കാലുകൾ കൊണ്ടൊരു പ്രാർത്ഥനയാണു നടത്തം. പ്രാർത്ഥനയായി മാറുന്ന നടത്തം ഇശൈയുടെ പല കവിതകളിലുമുണ്ട്. നടത്തം, ഓട്ടം, കുതിപ്പ് എന്നിങ്ങനെ പല തരം വേഗങ്ങൾ കവിതയുടെ കേന്ദ്രത്തിലേക്കു കൊണ്ടുപോകാൻ ഇവിടെയുണ്ട്. വേഗതയും വേഗതയെ സ്തംഭിപ്പിച്ചു നിറുത്തുന്ന പൊടുന്നനെയും ഇശൈ കവിതകളിലുണ്ട്. പൊടുന്നനെയാണ് എല്ലാം മാറുന്നത്. അപ്പർ ബർത്തിലെ കുഞ്ഞ് ഉരുണ്ടു വീഴാൻ ആയുമ്പോൾ പൊടുന്നനെ കമ്പാർട്ടുമെന്റിൽ പലരും ഒരു ഞൊടി അമ്മമാരായി മാറി കൈ വിരിച്ചു നിൽക്കുന്നു (അന്നൈയർ). വഴിയരികിലെ ചെവ്വരളിപ്പൂവ് പറിച്ചതരാൻ കിതച്ചു വരുന്ന നടത്തക്കാരനോട് അപേക്ഷിക്കുന്ന പാട്ടിക്കു വേണ്ടി പൂ പറിച്ചു കൊടുക്കുമ്പോൾ പ്രാർത്ഥനയിലേക്കയാൾ എത്തുന്നു (നറുമണം) അതേ ചെവ്വരളിപ്പൂക്കൾ പറിക്കാൻ ഓടി വന്നു ചാടുമ്പോൾ ഒരു നിമിഷം (എട്ടു സെക്കന്റ്) താൻ പറന്നല്ലോ എന്നോർത്ത് കണ്ണീർ ചൊരിയുന്നു (നൂറ്റാണ്ടിനു പിന്നിൽ). കാണുന്നതിലെല്ലാം അയാൾ ആഴുന്നു. വഴിവക്കത്തെ സാരിത്തൊട്ടിലിൽ കുഞ്ഞിനെ ആട്ടുന്ന ചെറു പെൺകുട്ടിയെ നോക്കി നോക്കി കളിക്കകത്തേക്കു ചെന്നു വീണ് ആ തുണിത്തൊട്ടിൽ തന്നെയായി മാറുന്നു. വഴിയോരത്തെ ബൈക്കിലിരുന്ന് ഭക്ഷണം കഴിക്കുന്ന കമിതാക്കളെ നോക്കി നോക്കി ഒരു വായ തനിക്കായും വാങ്ങുന്നു. ഇങ്ങനെ അനുഭവങ്ങളുടെ ആഴങ്ങളിലേക്കോ ഉയരങ്ങളിലേക്കോ നടത്തം, ഓട്ടം, കുതിപ്പ് എന്നിങ്ങനെ പല തരം വേഗങ്ങളിലൂടെ എത്തിച്ചേരുന്ന ആഖ്യാതാവ് തന്റെ കളിമട്ടിൽ നിന്ന് വികാരച്ചുഴിയിലേക്ക് പെട്ടെന്നെത്തിപ്പെടുന്നു. വയറിന്മേലേ അരിച്ച് സഞ്ജയ് പാടുന്ന മൈക്കിനുമേലെത്തിച്ചേർന്ന ഈച്ചയെപ്പോലെ. മഹത്തായ വിഷയങ്ങൾക്കുമേൽ ഒരു ഈച്ചയായിരിക്കുന്നതിന്റെ ആനന്ദമാണ് ഏറ്റവും വലുതെന്ന് സഞ്ജയുടെ പാട്ടുകേൾക്കുന്ന ശ്രോതാവിന് ബോധ്യപ്പെടുന്നു. ശ്രോതാവിന്റെ കണ്ണീരു തന്നെയാണ് പാടുന്നത് എന്ന് ഒരു പാട്ടിൽ പാടുന്നതേത് എന്ന കവിത. കളിക്കുകയാണോ കറങ്ങുകയാണോ ചലിക്കുകയാണോ നിശ്ചലമാണോ ധ്യാനമാണോ ക്ഷോഭമാണോ എന്നൊന്നുമറിയാത്ത ആ അപ്രതീക്ഷിത നിലയിൽ കാഴ്ച്ചയും കാഴ്ച്ചക്കാരനുമെല്ലാം ഒന്നായി മാറുന്നു. ഒരു പാരമ്യവും ഒരു താഴ്‌വാരവും ഇശൈക്കവിതകളിലുണ്ട്. ഉത്സാഹം സഹിക്കാത്ത നർത്തകൻ പാട്ട് കൂട്ടിക്കൂട്ടി വെയ്ക്കുന്ന പോലെ നിലാവ് കൂട്ടിക്കുട്ടി വെച്ചുണ്ടാക്കുന്ന പാരമ്യമാണ് മധുരരാത്രി. ഭ്രാന്തന്റെ പരാധീനതകളെല്ലാം ഭ്രാന്തിന്റെ പാരമ്യത്തിൽ അപ്രസക്തമാകുന്നു(മഴയിതാ വന്നു വീശുന്നു). പേന മേശപ്പുറത്തു വക്കുന്ന അവസാനിക്കാത്ത കളിക്കൊടുവിൽ ഏകാന്തതയുടെ പാരമ്യമുണ്ട് (ജ്യോതിപ്രകാശം) രണ്ടു വായകൾക്കു ചോറൂട്ടുന്ന അമ്മയിൽ നിന്നും എണ്ണമറ്റ വായകൾക്ക് അമൃതൂട്ടുന്ന മഹാജനനിയിലേക്കുള്ള ഉയർച്ചയാണ് അമൃത് എന്ന കവിത. മഹാജനനീത്വത്തിലേക്കുള്ള അമ്മയുടെ ഉയർച്ച, ദൈവികതയിലേക്കുള്ള മനുഷ്യന്റെ ഉയർച്ച തന്നെ. അസാധാരണ കർമ്മത്തിലൂടെയല്ല പരമമായ സാധാരണത്വത്തിലൂടെയാണ് കുഞ്ഞിനെ ചോറൂട്ടുന്ന അമ്മ മഹാജനനീത്വത്തിലേക്ക് ഉയരുന്നത്. അസാധാരണ കർമ്മങ്ങളിലൂടെ ദൈവമായി, തെയ്യക്കോലമായി, മാറിയ സ്ത്രീകളുൾപ്പെടെയുള്ള മനുഷ്യർ കേരളത്തിലെ ജനകീയ മിത്തുകളിലുണ്ട്. മുച്ചിലോട്ടുഭഗവതി തെയ്യം ഒരുദാഹരണം. മറിച്ച്, അതിസാധാരണത്വത്തിലൂടെ തെയ്യമായുയർന്നാടി, തിരിച്ച് അതിസാധാരണത്വത്തിലേക്കു തന്നെ തിരിച്ചെത്തുന്ന ആത്മീയ അനുഭവമാകുന്നു ഇശൈക്കവിത.
അമ്മയും മകനും, ദൈവികതയും മാനുഷികതയും സന്ധിക്കുന്ന സന്ദർഭങ്ങൾ ഉടഞ്ഞു പൊങ്ങുന്ന നറുമണത്തിലെ സവിശേഷ കാവ്യാനുഭവങ്ങളാണ്. ഇശൈയുടെ മുൻ സമാഹാരങ്ങളിൽ നിന്നും എന്റെ അയൽനോട്ടത്തിൽ പെടാതിരുന്നത് വെന്തുയർ മുറുവൽ എന്ന മൂന്നാം ഭാഗത്തിലുള്ള ഇത്തരം കവിതകളാണ്. തന്റെ ഓരോ കവിതക്കകത്തുമുള്ള ഉയരങ്ങളിലേക്കു കളിയാടിയെത്തുന്ന രീതി ഈ പുസ്തകത്തിന്റെ തന്നെ ഘടനയാക്കിയിരിക്കുന്നു. ഉടൈന്തെഴും നറുമണത്തിന്റെ ലാഘവത്വത്തിൽ നിന്ന് ഊരടങ്കു കവിതകളിലൂടെ വെന്തുയർ മുറുവലിന്റെ ഉയരത്തിൽ വായനക്കാരെത്തുന്നു. ശക്തിക്കൂത്ത്, ജഗദ് കാരിണി, അമൃതം എന്നീ കവിതകളിൽ ഞാൻ ആ സന്ധിപ്പിന്റെ സമ്പൂർണ്ണത അനുഭവിച്ചു. തനിക്കു കുട്ടിയായി കളിക്കാൻ വേണ്ടിയാണ് ഇശൈ തന്റെ ദൈവത്തെ അമ്മയായിക്കാണുന്നത്. ഈ ഘട്ടത്തിൽ മലയാളത്തിന്റെ ഭാവനാ സമ്പന്നനായ മഹാകാല്പനിക കവി പി.കുഞ്ഞിരാമൻ നായരെ ഞാൻ ഓർക്കുകയും ചെയ്തു. ഉത്സവപ്പറമ്പിൽ വഴി തെറ്റിപ്പോയ കുഞ്ഞായി സ്വയം സങ്കല്പിച്ചു അദ്ദേഹം. കുഞ്ഞിരാമൻ നായർക്കവിതയെക്കുറിച്ച് അടുത്തിടെ ഒരു ലേഖനമെഴുതിയതിൽ ഇശൈയുടെ ശക്തിക്കൂത്ത് എന്ന കവിത ഞാൻ എടുത്തു ചേർക്കുകയുണ്ടായി. കുഞ്ഞിരാമൻ നായരുടെ കവിതാ ലോകത്തിന്റെ സാരസംഗ്രഹമാണാ കവിത. നദീതീരത്തെ ആയിരം പൂവിൻ വീട്ടിലൊന്നിൽ, ഒരു പൂവിനുള്ളിൽ, കയറി ഒളിച്ചിരിക്കാൻ തത്രപ്പെടുന്നുണ്ട് ഒരു കവിതയിൽ ആ മലയാള കവി. ഇശൈയുമതെ, ഒരു കവിതയിൽ പൂവിനുള്ളിലേറിയിരിക്കാൻ വെമ്പുന്നുണ്ട്. നെഞ്ചിനുള്ളിലേക്ക് നേരേ അടിക്കുന്ന പെർഫ്യൂം ഈ കവിതകളിലുണ്ട്. അതിനെ അങ്ങനെ പറയുമ്പോഴത്തെ കളിമട്ടും.ഈ കളിമട്ടാണ്, കളിയാടിയെത്തലാണ്, ഇശൈക്കവിതയിൽ ഇത്രയേറെ കുട്ടികൾ വരാനുള്ള കാരണം എന്നു ഞാൻ വിചാരിക്കുന്നു. കളിയാടിയെത്തൽ സ്വാഭാവികമായും പുതുകാലത്തെ കമ്പ്യൂട്ടർ ഗെയിമുകളെ വരെ ഓർമ്മിപ്പിച്ചേക്കും. കമ്പ്യൂട്ടർ ഗെയിമുകളുടെ രീതി ഇശൈയുടെ പല കവിതകളിലുമുണ്ട്. ഞാൻ ഒരു പാസ്വേഡ്, കർമ്മവീരൻ എന്നീ കവിതകൾ ഈ സമാഹാരത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ.