Wednesday, July 31, 2024

നതാലിയ ടൊലേഡോ (മെക്സിക്കോ, ഭാഷ സപോടെക്, ജനനം : 1967)

ചാണകവണ്ട്


നതാലിയ ടൊലേഡോ (മെക്സിക്കോ, ഭാഷ സപോടെക്, ജനനം : 1967)

1

അവയുണ്ടാക്കുന്നു
പൂർണ്ണചന്ദ്രനെപ്പോലുള്ള ചാണകയുരുളകൾ
ചോളപ്പൊരി വിൽക്കുന്ന പെണ്ണുങ്ങളെപ്പോലെ
തലയിലതു ചുമക്കുന്നു
ലോകത്തിൻ്റെ തറക്കടിയിൽ മാന്തുന്നു
ഉരുളകളൊളിപ്പിക്കാൻ
വിശുദ്ധമായ പൈതൃക സ്വത്തെന്നോണം

2

തീയുണ്ടായത് ലോകത്തിനടിയിൽ
ഒരു തളിരില എൻ്റെ കൺപോളമേലുറങ്ങുന്നു
എൻ്റെ നിഴൽ നാലു കാലിൽ നടക്കുന്നു
എൻ്റെ പരുത്ത തൊലി സന്തോഷത്താൽ വിറയ്ക്കുന്നു
ഒരു പൂന്തോട്ടമാണെൻ്റെ വീട്
പിൻഭാഗത്തു ഞാൻ കൊണ്ടുനടക്കുന്ന മിന്നാമിന്നി
എനിക്കു തിളക്കം പകരുന്നു.
എൻ്റെ കൈത്തലം ഒരില
എന്നെ ആശ്ലേഷിക്കുന്ന ഏതിനേയും
ഉൺമയുടെ പാലാൽ നിറപ്പെടുത്തുന്നു ഞാൻ

3

നിഴലിനടിയിലിരിക്കെ
എൻ്റെ മുതുകൊരു കനം തൂങ്ങും ചോളയില
ഉഴവുചാലുകൾ കീറുന്നു സങ്കടം
വിതക്കുന്ന നേരം നിലമെന്നപോലെ
ലോകത്തിൻ്റെ പൊടി മുഴുവൻ
എൻ്റെ കണ്ണുകളിലരഞ്ഞു പൊടിഞ്ഞു.
മഴസുഗന്ധം,
അടയുമാകാശ വിളുമ്പിൽ

4

ലോകം ഇരുട്ടിലാണ്ടു
കളിമൺഭരണി തുളുമ്പി, പുഴകളും കടലുകളുമൊഴുകി
വിളറി നരച്ചൊരു സൂര്യൻ വന്ന്
മനുഷ്യരുടെ കണ്ണുകളെല്ലാം തുടച്ചുനീക്കി
പൂക്കളിൽ നിന്നും ചെടികളിൽ നിന്നും
നിലം ജലം നുകർന്നു
ഒരു കുലുക്കം.അതുണ്ടാക്കിയ വിള്ളലുകളിൽ നിന്നും
ആദ്യത്തെ മനുഷ്യൻ മുളപൊട്ടി

മുന്നിൽ

 മുന്നിൽ


അപരിചിതരൊത്തെടുത്ത ഫോട്ടോക്കു പിന്നിൽ
ഒരു മുലക്കൂർപ്പിൻ മൃദുസ്പർശബിന്ദു

പുസ്തകത്താളുകൾ

പുസ്തകത്താളുകൾ



ഇന്നുവരെ കണ്ട
അടയുന്ന വാതിലുകളെല്ലാം
ഒറ്റ കുത്തിക്കെട്ടിനുള്ളിൽ ഒന്നിച്ച്
മറിഞ്ഞുകൊണ്ടിരുന്നാൽ?

Tuesday, July 30, 2024

അഡ സാലസ് (സ്പെയിൻ, ജനനം: 1965)

 കവിതകൾ


അഡ സാലസ് (സ്പെയിൻ, ജനനം: 1965)

1

ഇതൊരു പാറ
ഇതു നിരീക്ഷിക്കുന്നു
മേഘങ്ങളുടെ അലസഗമനം
ചില്ലകളുടെ വളവുകൾ
പക്ഷിയുടെ
അസാദ്ധ്യ ജ്യാമിതി

ഇതൊരു പാറ
നിശ്ശബ്ദം ഇതു നിരീക്ഷിക്കുന്നു
ചലനത്തിൻ്റെ രഹസ്യ വഞ്ചന


2

നിനക്കെന്നോടെന്തെല്ലാമോ
പറയാനുണ്ടെന്നെനിക്കറിയാം, ലോകമേ,
ഞാനെല്ലാം വൃത്തിയാക്കാൻ പോകയാണ്, അങ്ങനെ
എല്ലാം കൂടുതൽ സുതാര്യമാകട്ടെ
ഭയമോ യത്നമോ കൂടാതെ
നിൻ്റെ മന്ത്രണങ്ങൾ എനിക്കു കേൾക്കാൻ കഴിയട്ടെ
ഇപ്പോൾ നിനക്കെൻ്റെ കാതരികിൽ വരാം
മെല്ലെ സംസാരിക്കാം
വളരെ മെല്ലെ
ധൃതികൂട്ടാതെ

മരണം നമ്മെ
ഒരിക്കലും തൊടാത്ത വിധം,
ലോകമേ....

ആൽബർട്ടോ ബ്ലാങ്കോ (മെക്സിക്കോ, സ്പാനിഷ്, ജനനം : 1951)

വൈരുദ്ധ്യം

ആൽബർട്ടോ ബ്ലാങ്കോ (മെക്സിക്കോ, സ്പാനിഷ്, ജനനം : 1951)

ഇരുണ്ട മുറിയിൽ ഒരു മെഴുതിരി കത്തിച്ചു
മുറിയിലെ വസ്തുക്കൾക്കെല്ലാം
ഒരു വശം പെട്ടെന്നു തിളങ്ങി
മറുവശം നിഴലു നീണ്ടു
വെളിച്ചമുള്ളവക്കെല്ലാം ഓരോ നിഴൽ
നിഴൽവെളിച്ചങ്ങൾ കൈകോർത്തു നീങ്ങുന്നു
നിഴലില്ല മെഴുകുതിരിനാളത്തി,നാ ജ്വാല
ചിതറും വെളിച്ചം ശരിക്കും വെളിച്ചമോ?

Monday, July 29, 2024

ആങ്കൽ ഗോൺസാലസ് (സ്പെയിൻ, 1925 - 2008)

ഇതിലേ ഒരു നദി കടന്നുപോവുന്നു

ആങ്കൽ ഗോൺസാലസ് (സ്പെയിൻ, 1925 - 2008)


ഇതിലേ ഒരു നദി കടന്നുപോവുന്നു

മണലുരച്ചു മിനുസപ്പെടുത്തി
ജലം പ്രകാശിതമാക്കി
കല്ലുകൾ തിളക്കി
ആഹ്ലാദത്തിമിർപ്പാർന്ന ആമ്പലുകളോടു ക്ഷമിച്ച്
ഇതിലേ കടന്നുപോയ് നിൻ്റെ കാൽവെപ്പുകൾ

നീയല്ല നദിയെ പിന്തുടരുന്നത്
നദി നിൻ്റെ പിറകേ ഒഴുകുകയാണ്
സ്വന്തം പ്രതിബിംബം നിന്നിലന്വേഷിച്ച്
നിൻ്റെ പിൻവശത്ത് തന്നെത്തന്നെ നോക്കി

നീ വേഗം പോകുമ്പോൾ നദി തിരക്കുകൂട്ടുന്നു
നീ മെല്ലെ പോകുമ്പോൾ ഒരു കുളമായ് തളംകെട്ടുന്നു

Sunday, July 28, 2024

അൽ സാദ്ദിഖ് അൽ റാദ്ദി(അറബിക്, സുഡാൻ, ജനനം: 1969)

 പ്രാർത്ഥന

അൽ സാദ്ദിഖ് അൽ റാദ്ദി(അറബിക്, സുഡാൻ, ജനനം: 1969)

മഷിക്കും ഒരു കണ്ണീർത്തുള്ളിക്കുമിടയിൽ
നിവർന്നു കിടക്കുന്നു വാക്ക്,
തലയുയർത്തിവെച്ച്.
സ്വന്തം ദിവ്യത്വമതുണർത്തുന്നു
പ്രകാശിപ്പിക്കുന്നു ഏടിനെ