Saturday, January 11, 2025

സക്കരിയ മുഹമ്മദ് (പലസ്തീൻ, 1951 - 2023)

എല്ലാം


സക്കരിയ മുഹമ്മദ് (പലസ്തീൻ, 1951 - 2023)

എൻ്റെ കൈകൾ ഒടിയ്ക്കാത്ത കാറ്റേത്?
എൻ്റെ ഷർട്ടു പറത്താക്കൊടുങ്കാറ്റേത്?
ഏതരകല്ലിൽ ധാന്യമായീല ഞാൻ?

Monday, January 6, 2025

ഹാൻസ് ഫാവെറി (ഡച്ച്, 1933 - 1990)

കവിതകൾ

ഹാൻസ് ഫാവെറി (ഡച്ച്, 1933 - 1990)


1

ആദ്യം സന്ദേശം
അതു കൈപ്പറ്റിയവനെ കൊല്ലും
പിന്നീട്
അയച്ചവനെയും
ഏതു ഭാഷയിലെന്നത്
വിഷയമേയല്ല

ഞാനെണീക്കുന്നു
ബാൽക്കണിവാതിൽ മലർക്കെത്തുറക്കുന്നു
ഒന്നു ശ്വാസമെടുക്കുന്നു

മഞ്ഞില്ലാത്ത തെരുവിനു മുകളിൽ
കടൽക്കാക്കകൾ വട്ടം ചുറ്റുന്നു
തീറ്റയെറിയുന്ന ആംഗ്യം കാണിച്ച്
ഞാനവയെ ആകർഷിക്കുകയില്ല

ഞാനൊരു സിഗററ്റ് കൊളുത്തുന്നു
സ്വസ്ഥാനത്ത് മടങ്ങിവരുന്നു
എന്നിട്ടൊരു ശ്വാസമെടുക്കുന്നു

സ്വപ്നം കാണാൻ ഇവിടൊന്നുമില്ല
എല്ലാം സാധിക്കാവുന്നത്
ചെറിയ കാര്യങ്ങൾ


2

ജമന്തികൾ
ജനലിന്നരികിലെ മേശപ്പുറത്തെ പൂപ്പാത്രത്തിൽ :
ഇവ

ജനലിന്നരികിലെ
മേശപ്പുറത്തെ
പൂപ്പാത്രത്തിലെ
ജമന്തികളല്ല

നിന്നെയിങ്ങനെ ശല്യപ്പെടുത്തുകയും
മുടി പാറിപ്പറത്തുകയും ചെയ്യുന്ന കാറ്റ്,
ഇത്

നിൻ്റെ മുടി പാറിപ്പറത്തുന്ന കാറ്റ്
നിൻ്റെ മുടി പാറിപ്പറക്കുമ്പോൾ
നിന്നെ ശല്യപ്പെടുത്തണമെന്ന്
നീയാഗ്രഹിക്കാത്ത
കാറ്റിത്


3
അങ്ങനെ ഈ മനുഷ്യൻ തല കുനിക്കുന്നു

ഒന്നുമില്ലാത്തിടത്ത്

കയറെടുക്കുന്നു

കയർ ചുരുട്ടുന്നു

അക്ഷരങ്ങൾ പാറ്റിക്കളയുന്നു

കടന്നുപോകുന്നു


Sunday, January 5, 2025

ഹെൻറിക്കാസ് റാദൗസ്‌ക്കാസ് (ലിത്വാനിയ, 1910- 1970)

ദെഗാസ്

ഹെൻറിക്കാസ് റാദൗസ്‌ക്കാസ് (ലിത്വാനിയ, 1910- 1970)


സൂര്യാസ്തമയത്തിൻ്റെ ഓറഞ്ച് ഒഴുക്കുകൾ മേഘങ്ങളെ തുരത്തുകയും മ്യൂസിയംപൂന്തോപ്പിൻ്റെ പച്ചപ്പിന്മേൽ ജ്വലിക്കുന്ന പുള്ളികൾ തളിക്കുകയും ചെയ്തു. ഞാൻ ജനാലക്കൽ നിന്നു തിരിഞ്ഞ്, ഓറഞ്ചും പച്ചയും നുരയുന്ന ദെഗാസ്ചിത്രത്തിലെ ഗംഭീര ശയ്യയിലേക്കു നോക്കുന്നു.ദൈവങ്ങളിലൊന്ന് അബദ്ധത്തിന് അതിലിരിക്കാൻ തീരുമാനിച്ചാൽ തടയാൻ പാകത്തിന് സ്വർണ്ണച്ചങ്ങലകളാൽ സംരക്ഷിക്കപ്പെട്ട് സ്വർഗ്ഗത്തിൽ നിൽപ്പാണത്.

Saturday, January 4, 2025

വ്ലാഡിമിർ ഹൊലാൻ (ചെക്ക്, 1905 - 1980)

 

വ്ലാഡിമിർ ഹൊലാൻ കവിതകൾ (ചെക്ക്, 1905- 1980)


1
ഉയിർത്തെഴുന്നേല്പ്


ഞങ്ങളുടെ ഈ ജീവിതത്തിനുശേഷം
ഭയപ്പെടുത്തുന്നൊരു കാഹളനാദം
ഞങ്ങളെയുണർത്തും എന്നതു സത്യമോ?
ദൈവമേ, മാപ്പ്
ഞാനെന്നെ ആശ്വസിപ്പിക്കട്ടെ
മരണ ശേഷം ഞങ്ങളുടെയെല്ലാം ഉയിർപ്പുമുണർച്ചയും
പൂവൻകോഴിയുടെ കൂവൽ
ലളിതമായി പ്രഖ്യാപിക്കുമെന്ന്.

കൂവൽ കേട്ടാൽ
സ്വല്പനേരം കൂടി ഞങ്ങൾ കിടക്കും
ആദ്യം എണീക്കുക അമ്മയാവും
അമ്മ ശാന്തമായി അടുപ്പിൽ തീപ്പൂട്ടുന്നത്
ഞങ്ങൾ കേൾക്കും,
സ്റ്റവ്വിൽ വാൽപ്പാത്രം വക്കുന്നത്,
അലമാരയിൽ നിന്നു ചായപ്പൊടിട്ടിന്ന്
സൗമ്യമായെടുക്കുന്നത്.
വീടായി മാറും ഒരിക്കൽകൂടി ഞങ്ങൾ


2

ലിഫ്റ്റിൽ ഒരു ദർശനം


നാമിരുവർ മാത്രം കയറിയ ലിഫ്റ്റിൽ 
മറ്റൊന്നും ചിന്തിക്കാതെ തമ്മിൽ നാം നോക്കിനിന്നു
രണ്ടു ജീവിതങ്ങൾ, ഒരു നിമിഷം,
പൂർണ്ണത,അനുഗൃഹീതാനന്ദം......
അവൾ അഞ്ചാം നിലയിലിറങ്ങി,ഞാൻ പിന്നെയും പോയി,
ഇനിയൊരിക്കലുമവളെ കാണില്ലെന്നറിഞ്ഞ്.
ജീവിതത്തിലൊരിക്കൽ മാത്രമുള്ള,
പിന്നൊരിക്കലുമില്ലാത്ത,
കൂടിക്കാഴ്ച്ചയായിരുന്നു ഇത്
എന്നറിഞ്ഞ്.
ഞാനവളെ പിന്തുടർന്നു പോയിരുന്നെങ്കിൽ
അതൊരു മരിച്ച മനുഷ്യനാകുമായിരുന്നു.
അവളെന്നെത്തേടി വന്നിരുന്നെങ്കിൽ അത്
അപരലോകത്തു നിന്നുമാകുമായിരുന്നു

3

ഓർഫിയൂസ്

എഴുതാനോ വായിക്കാനോ എണ്ണാനോ
അവറിയുമായിരുന്നില്ല
എന്നാലവൻ പാടി.
അവൻ മരിച്ചപ്പോൾ
ഒരു സ്പോഞ്ചുകൊണ്ടു തുടച്ച്
സ്ത്രീകളവൻ്റെ ശശീരം വെടിപ്പാക്കി.
ലൈംഗികാവയവങ്ങളിലവർ തൊട്ടതും
അവൻ പാടാൻ തുടങ്ങി
അവർ ഭയന്നോടി
വാർത്ത പരന്നു
അങ്ങനെ
അടക്കം ചെയ്യപ്പെടാതെ അവൻ മരിച്ചു.


4

കത്ത്

- നിങ്ങൾ മരിക്കുകയാണ്. നിങ്ങൾ ജീവിതമാസ്വദിച്ചോ?
- ഉവ്വ്
- എന്തുകൊണ്ട്?
- ഒരിക്കൽ ഒരു പഴയ പ്ലെയ്ൻമരച്ചുവട്ടിൽ വെച്ച് മുൻപരിചയമില്ലാത്തൊരു പെൺകുട്ടി വന്ന് എനിക്കൊരു കത്ത് തന്ന് ഓടിപ്പോയി.
- നിങ്ങളതു വായിച്ചോ?
- ഉവ്വ്
- അതിലെന്താണ് പറഞ്ഞിട്ടുള്ളത്?
- ഒന്നുമില്ല!



സെമെസ്ദിൻ മെഹ്മെദിനോവിച്ച് (ബോസ്നിയ, ജനനം : 1960)

1

*ശവം


സെമെസ്ദിൻ മെഹ്മെദിനോവിച്ച്
(ബോസ്നിയ, ജനനം : 1960)

പാലത്തിൽ നമ്മൾ വേഗം കുറച്ചു
മിൽജാക്കാ നദിക്കരയിൽ മഞ്ഞത്ത്
മനുഷ്യ ശവം കീറിപ്പറിക്കുന്ന
നായ്ക്കളെ കണ്ടു
പിന്നെ വേഗം കൂട്ടി

ഒന്നുമെന്നിൽ മാറിയില്ല
ചക്രങ്ങൾക്കടിയിൽ
മഞ്ഞുരഞ്ഞു തെറിക്കുന്നത് ശ്രദ്ധിച്ചു
പല്ല് ആപ്പിൾ ചവക്കുമ്പോഴെന്നപോലെ.
വന്യമൊരാഗ്രഹം അപ്പോൾ തോന്നി:

നിന്നെ നോക്കി ചിരിക്കാൻ
കാരണം നീയീ സ്ഥലത്തെ നരകം എന്നു വിളിക്കുന്നു
എന്നിട്ട് ഓടിയകലുന്നു
സരായേവോക്കു വെളിയിൽ
മരണം കാണുകയില്ലെന്നു
സ്വയം പറഞ്ഞുകൊണ്ട്.


*ഈ കവിത 1993 -ൽ ബോസ്നിയൻ യുദ്ധകാലത്തെഴുതിയ സരായെവോ ബ്ലൂസ് എന്ന കൃതിയിൽ നിന്ന്. സരായെവോ നഗരം യുദ്ധത്തിൽ തകർന്നു പോയി. സരായെവോയിലൂടെ ഒഴുകുന്ന നദിയാണ് മിൽജാക്കാ


2

തിയ്യതികൾ


1994 ജനുവരി 17 ന് അവൻ കൊല്ലപ്പെട്ടു
അന്നുതൊട്ട് എല്ലാ ദിവസവും
അവൻ കൊല്ലപ്പെടുന്നു

ഇന്നു കൂടി അവൻ മരിച്ചു
1995 ഫെബ്രുവരി 24 വെള്ളിയാഴ്ച്ച.
എന്നല്ല, ഓരോ സന്ധ്യക്കും

അലൗകികമായതെന്തോ
എനിക്കു സംഭവിക്കുന്നു.
കുളിമുറിയിലേക്കു കാൽവെക്കുമ്പോൾ

എൻ്റെ ഇടംതോളിനുമേലൊരു
നിഴൽ വളരുന്നത്
കണ്ണാടിയിൽ ഞാൻ ശ്രദ്ധിക്കുന്നു

അതെൻ്റേതല്ല. പിന്തിരിഞ്ഞ്
തോളിനു മേലേക്കൂടി നോക്കുമ്പോൾ
എന്താണു കാണുന്നത്?

ഒരു സ്വപ്നം. പക്ഷേ കണ്ണുകൾ തുറന്നാണ്
ഒരു കാക്ക എൻ്റെ മേശപ്പുറത്തേക്കു പാറിവരുന്നു
എന്നിട്ടു പറയുന്നു

മെയ് 17 ന് സരായെവോയിൽ
ചെറിപ്പഴങ്ങൾ
പഴുത്തുപാകമാകുമെന്ന്.


ഞാനതു
കേൾക്കുന്നു
കാത്തിരിക്കുന്നു.


Friday, January 3, 2025

രാമചരിതം പടലം 40

പടലം 40


1
ത്രിശിരസ്സണഞ്ഞു ചെന്തീ ചിതറുന്ന നോക്കിനോടും
മഹോദരനോടു കൂടി വന്നു ശരങ്ങൾ തൂകി
വലിയോരു മരമെടുത്തിട്ടംഗദനെറിഞ്ഞൂ വമ്പിൽ
ശരനിരയാൽ മരത്തെ ത്രിശിരസ്സുടൻ മുറിച്ചു

2
മുറിച്ച മാമരത്തെക്കണ്ടു കോപിച്ചനേകം കല്ലാ-
ലെറിഞ്ഞിതംഗദനിടക്കു മലകളാൽ മരങ്ങളാലും
നുറുങ്ങിവീണവയൊക്കേയും സൂക്ഷ്മധൂളികളായി
ത്രിശിരസ്സിനമ്പാൽ ദേവാന്തകനുടെ മുസലത്താലും

3
മുസലംകൊണ്ടെറിയുന്നോനേ കോപിച്ച ദേവാന്തകൻ
മതിമറന്നെറിയുന്നോരേ ത്രിശിരസ്, മഹോദരനും
അതിനേതും ഭയമില്ലാതെയംഗദനവയൊക്കേയും
ഹിതമൊടെപ്പാഞ്ഞും വീണും മധുരമായൊഴിഞ്ഞടുത്തു

4
അടുക്കവേയമ്പെയ്തൂ സൽക്കീർത്തിമാൻ മഹോദരൻ,പാ -
ഞ്ഞടിച്ചു വീഴ്ത്തീയംഗദൻ പോരാടുമാനക്കണ്ണ്
പിടിച്ചതിൻ കൊമ്പു രണ്ടും പെരുമയോടൂരി,ക്കൊമ്പാ-
ലടിച്ചു ദേവാന്തകൻ്റെ വമ്പുപോമ്മാറലറീ

5
അലറിയ നേരമാർത്തൂ കപിവരർ,ദേവാന്തകൻ
നിലത്തുവീണുതിരം തുപ്പിയുടനെയുണർന്നെണീറ്റു
വലിയോരു മുസലംകൊണ്ട് ചെറുത്തുടനംഗദൻ്റെ
തലയിലാഞ്ഞടിച്ചെന്നാലും തളർന്നില്ല കപികൾവീരൻ

6
കപികുലവീരനെക്കണ്ടമ്പുകൾ മൂന്നെടുത്തു
തരം നോക്കിത്തറച്ചൂ നെറ്റിത്തടത്തിലായ് ത്രിശിരസ്സ്
പിറകേ മഹോദരൻ താനമ്പെയ്യവേയംഗദൻ
മരനിരകൊണ്ടവയെ മാറ്റിയും തടഞ്ഞും നിന്നു

7
നിന്ന മാരുതിയണഞ്ഞൂ നീലനുമംഗദനും
മന്നിലീ മൂവരോടുമെതിർത്തുന്മദം പൊഴിഞ്ഞ്
വന്ന വാരണങ്ങളോടു യുവസിംഹം പോരിന്നായി
ചെന്നണയുന്നപോലെ ചെറുത്തു യുദ്ധം തുടർന്നു

8
യുദ്ധം തുടർന്ന നേരമമ്പെയ്തൂ മഹോദരൻ
യുദ്ധത്തിനിണങ്ങിയോരാനതൻ ചുമലിലേറി
നീൾക്കൈകളുള്ളവനാം നീലൻ്റെ നേർക്കയച്ചൂ
കൂർത്ത സായകങ്ങളാ കഠിനനാം ത്രിശിരസ്സ്

9
ത്രിശിരസ്സിനെയിപ്പോഴേ മുടിക്കേണമെന്നുറച്ചു
കോപിച്ചണയും ഹനൂമാനെ വൻമുസലംകൊണ്ടു
തരം നോക്കിത്തല്ലിയ ദേവാന്തകനെ ഹനുമാൻ
കരവിരൽ ചുരുട്ടിമുട്ടിക്കനത്തോടെപ്പിടിച്ചടിച്ചു

10
അടിച്ചതേറ്റവനും വീണൂ പ്രാണൻ പിരിഞ്ഞു ഭൂവിൽ
അടുത്തു മാരുതിയെറിഞ്ഞൂ പെരിയോരചലത്താലേ
പൊടുക്കനെ ത്രിശിരസ്സും സായകം പൊഴിച്ചൂ കുന്നു
പൊടിച്ചു പോർക്കളത്തിൽ വീഴ്ത്തിപ്പൊരുതീ ശരങ്ങളാലേ

11
ശരങ്ങൾ ചൊരിഞ്ഞു കൊടുംകോപക്കനൽക്കണ്ണോടെ
അരികത്തു വന്ന നിശാചരൻ്റെ തേരൊരു മരത്താൽ
തരിയാക്കിപ്പൊടിച്ചൂ ഹനുമാൻ, തേരിന്നു തുണയാം ശൂലം
ഹരിവരൻ തൻ്റെ നെഞ്ചിൽ തറയ്ക്കുമാറരക്കൻ ചാടി

12
ചാടുമാ രാക്ഷസൻ്റെ കൈത്തലം വിട്ടെരിഞ്ഞു
ചാടി വന്നണഞ്ഞ ശൂലം കൈപ്പടത്താൽ പിടിച്ചു
തോളിൽ മലയണിഞ്ഞ മാരുതി രാക്ഷസർക്കു
പേടിയാം പടിയരിഞ്ഞു പെരുമയോടേയലറി

Wednesday, January 1, 2025

ജനുവരി

ജനുവരി


പുകയുന്ന കണ്ണുകൾ
ആറാനായി
അമർത്തിവയ്ക്കുന്നു
ഒരു തണുത്ത കവിളിൽ