Sunday, December 24, 2023

രണ്ടാം പിരീഡ്

 രണ്ടാം പിരീഡ്


ബോർഡിൽ വരക്കുന്നൂ കളമൊന്നു മാഷ്
കരിനാഗേ, കളംകൊള്ളാനിറങ്ങി വന്നരുളേ
കളത്തിൽ കുറിക്കുന്നുണ്ടക്കങ്ങൾ മാഷ്
മണിനാഗേ, കളംകൊള്ളാനിറങ്ങി വന്നരുളേ
വരച്ചിട്ട കളത്തിലേക്കുറ്റു നോക്കുന്നൂ
തറവാട്ടിൽ കളം നാലു തുള്ളിയ കുട്ടി
തലേ രാത്രി കളം മായ്ക്കാനിഴഞ്ഞ പെൺകുട്ടി.
തുള്ളി വിറക്കുന്ന കുട്ടിയെ ക്ലാസിൽ
നിന്നു പുറത്തേക്കു കൊണ്ടുപോകുന്നു
പൂക്കുല പിടയുന്ന കയ്യിൽ പിടിച്ചു
ടീച്ചർമാർ സ്റ്റാഫ് റൂമിൽ കൊണ്ടിരുത്തുന്നൂ
വിറ മെല്ലെ നിൽക്കവേ കരയുന്നതെന്ത്?
മിഴിനീർപ്പൂക്കുലയായി തുള്ളുന്നതെന്ത്?
അക്കങ്ങൾ ചിത്രോടക്കല്ലുകൾ പോലെ -
യിക്കഥയറിയാതെ ബോർഡിൽ കിടപ്പൂ


ഉണർവ്വിന്റെ വേര്

 ഉണർവ്വിന്റെ വേര്


മഞ്ഞരളിച്ചെടിയുടെ വടക്കോട്ടു പോകുന്ന വേര്
പാതിരക്കു ചെന്നു പറിച്ചെടുത്തരച്ചു
മൂർദ്ധാവിലിട്ടു കിടന്നാൽ
ഉണരാത്ത ഉറക്കത്തിലേക്കു
വീണു വീണു താണു പോകുമെന്നു
പറഞ്ഞു കേട്ടതു പരീക്ഷിച്ചു കിടന്നു.
ഇരുട്ടിൽ ദിക്കു തെറ്റി
വടക്കോട്ടുള്ള വേരിനു പകരം
കിഴക്കോട്ടുള്ള വേരാകുമോ പറിച്ചത്?
ഒരു സൂര്യരശ്മി വേഗം മുളച്ചുപൊന്തി
നേരം പുലരുന്നു.

Tuesday, December 12, 2023

പടലം 34

പടലം 34

1
പഴുതു കണ്ടരക്കൻ തന്നെ പരിഭവപ്പെടുത്തി, യെല്ലാ-
മഴകൊടേ വീണ്ടുകൊണ്ടു കപികുലരാജരാജൻ
അഴിവു വന്നണയാതേ പോയ് രാമന്റെ ചെമ്പൊൽപ്പാദം
തൊഴുവതിന്നായിക്കാലം കഴിച്ചിപ്പോളടരാടീടും

2
അടരാടും കപികളെല്ലാമരചന്മാർ നശിച്ചുവെന്നേ -
യെതിരാളികളെപ്പേടിച്ചകന്നുപോയ് മുടിയും മുന്നേ
"തടയേണം പടയെ രാമൻ തന്നുടെ വരവു കാത്തെ -
ന്നിടയിടെ കപികുലത്തിൻ ദുഃഖം കെടുത്തീ ഹനുമാൻ

3
ദുഃഖം കെടുത്തിക്കാത്തു ഹനുമാൻ വിളങ്ങീടുമ്പോൾ
യുദ്ധം ജയിച്ച കുംഭകർണ്ണന്റെ വരവു കണ്ടു
മട്ടുപ്പാവുകൾ തോറും സുന്ദരിമാർ തെളിഞ്ഞു
പൂക്കൾ, കളഭം, മാല, ചന്ദനമിവ പൊഴിച്ചു.

4
പൊഴിയവേ തന്റെ മെയ്യിലിവയെല്ലാം കപിരാജാവ -
ങ്ങെഴുനേറ്റു മോഹം വിട്ടു കുംഭകർണ്ണൻചെവികൾ
പെരുത്ത കൈയ്യാൽ പറിച്ചു, കൂർത്ത പല്ലുകളാലേ
ഉയർന്ന നാസിക കടിച്ചെടുത്തു ചാടാനൊരുങ്ങി

5
ചാടാനൊരുങ്ങിയോന്റെ കാൽ രണ്ടും പിടിച്ചെടുത്ത -
ങ്ങമർന്നു മൺമേലേ തല്ലി രാക്ഷസൻ കോപമോടെ
ഒരുമിച്ചു വീണ പടയോടുമായുധങ്ങളോടും
നിവർന്നുപോയുയർന്നു വാനിൽ നിന്നൂ കപിരാജാവ്

6
കപികുലരാജാവിനാൽ വന്നോരവസ്ഥ കണ്ടു
മലയിൽ നിന്നരുവി പോലെയലച്ചു പാഞ്ഞൊഴുകും ചോര
തൻ ചെവി മൂക്കിൽ നിന്നുമൊഴുകെക്കോരിക്കുടിച്ചു
കുംഭകർണ്ണൻ "ഞാൻ നിരായുധ"നെന്നു വിചാരിച്ചു.

7
നിരായുധനായിരുന്ന നിശാചരൻ മുസലമേന്തി
ധരാതലം വിറക്കെച്ചോന്നു ശകടചക്രങ്ങൾ പോലെ
പലമട്ടിൽ തിരിഞ്ഞു ചെന്തീ വമിക്കും കണ്ണിണകളോടും
രാവണന്റെയനുജൻ വമ്പോടടർക്കളമുടനണഞ്ഞു.

8
അടർക്കളമണഞ്ഞോരോപാടിരുമ്പുലക്കയുമായ് നേരേ
എതിർപ്പോർ തന്നുടൽ പൊടിച്ചു പെരുമാറും രാക്ഷസന്റെ
ഉടലിന്മേൽ കപികൾ പാഞ്ഞൂ, മലയ്ക്കുമേൽ മരങ്ങൾ പോലെ
ജഗത്തിലേ വിളങ്ങീ ശക്തർ കപിവീരന്മാരെല്ലാരും

9
കപികളനേകം തന്മേൽ കനത്തൊടേ പാഞ്ഞ നേര-
ത്തവരിലും ചിലരെ വായിലകത്താക്കിയരക്കൻ പോകെ
ചെവി പോയ പഴുതിലൂടെ തെരുതെരെ പുറത്തുവന്നി -
ട്ടവനൊടു പോരാടാതെ കുരങ്ങന്മാരകന്നു നിന്നു.

10
നിന്നില്ലെങ്ങും നിശാചരൻ നിരാമയനുമാകാന്തൻ
കൊന്ന ചൂടും പുരാന്തകൻ കൊടുംകനൽനയനൻ പോലെ
വന്നോരവൻ വാ പിളർന്നു വമ്പനിടി തുടരും വണ്ണം
ഒന്നിനോടൊന്നു മേൽക്കുമേലുടനുടനലറി നിന്നു.

11
അലറിയും മുസലം കൈക്കൊണ്ടവിരതമടിച്ചടിച്ചും
നിലത്തു വീഴ്ത്തിയും പാഞ്ഞുമുടനുടൻ പിടിച്ചുകൊണ്ടും
വലിയ രാക്ഷസൻ തിന്നു വന്നതു കണ്ടു മണ്ടീ -
യുലകിൽ പേർ കേട്ട കപികൾ രാമന്റെയടി പണിഞ്ഞു

Sunday, December 10, 2023

എഴുന്താളേ ....

 *എഴുന്താളേ ....



സീതയെക്കിരീടമായുയർത്തിപ്പിടിക്കും തീ-

നാളങ്ങൾ പാടുന്നു : 

"എഴുന്താളേ പൂങ്കോതൈ"


തീമരത്തുമ്പിൽ പൂത്ത പൂവുപോലെഴുന്താളേ ....


പൊള്ളിയേയില്ല, താഴെ ഭൂമിയും പാടു "ന്നെഴു-

ന്താളേ",യാക്കുളിരൂറ്റു വേരുകൊണ്ടെടുക്കയാൽ

തീമരം തണുക്കുന്നൂ, തണുപ്പിൻ തിരകൾക്കു

മേലെ സീതതൻ മുഖം കാണുമാറായ് തീരുന്നു.

ഉണങ്ങിയുതിർന്നേനേ തിരുനെറ്റിയിൽ തൊട്ട

കുങ്കുമം ചൂടാറ്റാനീപ്പാട്ടില്ലായിരുന്നെങ്കിൽ

സഞ്ജയിൻ എഴുന്താളേത്തണുപ്പില്ലെങ്കിൽ ദേവി-

യുള്ളു ചുട്ടിരുന്നേനേയഗ്നിദേവൻ കൈമേലേ


തീയിനെത്തണുപ്പിച്ചു സീതയെപ്പൊള്ളിക്കാതെ

ഭൂമിക്കു തിരിച്ചു തന്നോരു ഗാനമേ, നന്ദി.



*സഞ്ജയ് സുബ്രഹ്മണ്യൻ പാടിയ എഴുന്താളേ പൂങ്കോതൈ എന്ന ഗാനം കേട്ടിട്ട്

Saturday, December 9, 2023

ബ്യൂഗിൾ രാമായണം

 *ബ്യൂഗിൾ രാമായണം



ശ്രീരാമപട്ടാഭിഷേകത്തിന്

കൊട്ടുകയും കുഴലൂതുകയും ചെയ്യുന്ന

വാനരന്മാർക്കിടയിലൊരു വാനരൻ

ഇരട്ട മടക്കുള്ള ബ്യൂഗിൾ വായിക്കുന്നു.

വായമർത്തിയൂതുമ്പോൾ

കുരങ്ങന്റെ കണ്ണു തുറിയുന്നു 

ഒരു വശത്തെ കണ്ണേ കാണാനുള്ളൂ

മറുവശത്തെ കണ്ണും തുറിയാതിരിക്കില്ല.

ഊതുന്ന കുരങ്ങന്റെ കവിൾ

വീർത്തു വീർത്തു വരുന്നു.

പടിഞ്ഞാറേക്കടൽ കടന്നു വന്ന

ബ്യൂഗിളെങ്ങനെ

ഈ കുരങ്ങന്റെ കയ്യിലെത്തി?

കിഴക്കേക്കടൽ കടന്നതിന്റെ ഓർമ്മയിലോ?

കുരങ്ങന്റെ കയ്യിലൂടങ്ങനെ

ഇതു രാമായണത്തിലെത്തി.

ക്ഷേത്രച്ചുമരിൽ

അയിത്തമുണ്ടായില്ല.

വരച്ച സമയത്ത്

പഴശ്ശി രാജാവിനിത്

ഒരു സൗഹൃദമുദ്ര.

പിന്നീടു പിണങ്ങിയപ്പോൾ

സായിപ്പിന്റെ ബ്യൂഗിൾ

പുറത്തേക്കിടണമെന്ന്

തോന്നിയില്ല രാജാവിന്.

ഇവിടെ ഒളിച്ചു പാർക്കുമ്പോൾ

ഇതിലേക്കുറ്റു നോക്കിയിരിക്കേ

ഇതു മുഴങ്ങുന്നതു കേട്ടാണ്

അപായശങ്ക തോന്നി

അദ്ദേഹം

രാത്രിക്കു രാത്രി

വയനാടൻ കാടു കേറിയത്.

പൂ പോൽ വിടർന്ന കുഴലിലൂടെ

രാമായണത്തിലെങ്ങും നിറയുന്നു

തൊടീക്കളം ക്ഷേത്രച്ചുമരിലെ

കുരങ്ങന്റെ കവിൾ ഊതിവിടുന്ന കാറ്റ്

ബ്യൂഗിൾ സംഗീതമായ്.

ശരിക്കും കാറ്റിൻ മകൻ തന്നെ,

ബ്യൂഗിൾ വായിക്കുമീ കുരങ്ങൻ.

ഇതു നോക്കി ചരിത്രകാരൻ പറഞ്ഞേക്കും

ചിത്രത്തിനു പഴക്കം കുറവെന്ന്.

ഞാൻ പക്ഷേ തീരുമാനിക്കുന്നു,

ആദികാവ്യത്തിന് ഒരു ബ്യൂഗിളോളം പഴക്കം.



*കൂത്തുപറമ്പിനടുത്ത് തൊടീക്കളം ശിവക്ഷേത്രത്തിൽ കണ്ട ഒരു ചുമർച്ചിത്രത്തിന്റെ ഓർമ്മയിൽ. പഴശ്ശിരാജായുടെ ജീവിതവുമായി ബന്ധമുള്ളതാണ് ഈ ക്ഷേത്രം.

പടലം 33

പടലം 33


1
വീഴ്കെ വീരനുടൻ നീലനും ധൃതിയിൽ ഗന്ധമാദനനുമാരൊടും
നേരില്ലാത്ത ശരഭൻ ഗവാക്ഷനൊടു നീതിമാൻ ഋഷഭനെന്നിവർ
വമ്പനായ മല കൊണ്ടെറിഞ്ഞതൊരു പൂവു വന്നുടലിൽ വീണപോൽ
തോന്നിയാ നിശിചരന്നിതിങ്ങനെ പൊറുക്കുമാരുലകിൽ മറ്റുള്ളോർ

2
മറ്റുള്ളോർക്കഴൽ മുഴുക്കുമാറവരെ മണ്ണിൽ വീഴ്ത്തിയടിയേകി നീ -
ടുറ്റ മുഷ്ടി,കരദ,ണ്ഡുറച്ച മുഴങ്കാല്, വൻതലയിവറ്റിനാൽ
മുറ്റി വന്ന കപിവീരരായിരമടിച്ചു കോപമൊടെയപ്പൊഴേ -
യൊറ്റ താഡന,മടക്കി വായിലവനായിരത്തെയുമടക്കമായ്

3
അടക്കി വായരക്കനടയ്ക്കും നേരം കപിവീരർ ഘോരനുടെ നാസികാ -
പുടത്തടങ്ങളുടെയിടയിലൂടെയവർ പുറത്തുവന്നിതു നിരന്തരം
ഇടഞ്ഞുകൊണ്ടിളകും കാറ്റിനൊത്തവന്റെ വിടർന്നതാം ചെവികളൂടവേ
അടുത്തടുത്തു പുറമേക്കണഞ്ഞിതവ,രകത്തടങ്ങിയതില്ലാരുമേ

4
ആരുമിന്നു മുടിയുന്നതുണ്ടു കപിവീരരെന്നു കരുതുംവിധം
പാരിൽ വേനൽ നടുവേയിടിക്കനൽ പടർന്നു കത്തിയൊരു കാടുപോൽ
പോരിൽ വാനരകുലങ്ങളെപ്പൊരുതടക്കിയും പിന്നെ വിഴുങ്ങിയും
വാരിവാരിയും വരുന്ന രാക്ഷസനെ വീരനംഗദൻ മറുത്തിതേ

5
മറുത്തു മാമലയെടുത്തെറിഞ്ഞളവു മസ്തകം കൊണ്ടു തടുത്തുടൽ
മുറിക്കുമാറു പെരും ശൂലമപ്പൊഴുതെടുത്തു ചാടിയുടൻ രാക്ഷസൻ
പറക്കും വൻ പറവ കുമ്പിടും പരിചു പാഞ്ഞ ശൂലമതിൽ നിന്നൊഴി-
ഞ്ഞുറക്കെ രാക്ഷസനെ മുഷ്ടികൊണ്ടൊരിക്കലടിച്ചു ബാലിസുതനംഗദൻ

6
അടിച്ചൊരംഗദനെ കൈ നിവർത്തിയുടയും വിധം തകർത്തു വീഴ്ത്തി വ -
മ്പിയന്ന വാനരകുലത്തിനേറ്റമഴലേകിയോരമരവൈരിയെ
അടുത്തണഞ്ഞു കപിചക്രവർത്തിയിടി മുഴങ്ങിടും മൊഴിയിലോതിനാൻ
"മയങ്ങി വീണ കപികൾക്കു നീ വലിയ വമ്പനെന്നുള്ളതു വന്നുതേ"

7
വന്നു വന്നു പൊരുതുന്ന നായകരും വാനരപ്പടയും നിൻ കൈയ്യാൽ
അന്ധരായിയടിയുന്നുവെങ്കിൽ ശരി,വമ്പനേയവരൊടൊക്കെ നീ
എന്തിനേയകന്നുമാറിപ്പോയതെതിർ തായെനിക്കു രണഭൂവിലെ -
ന്നങ്ങിടക്കു കപിനായകൻ പറകെ കുംഭകർണ്ണനുര ചെയ്കയായ്

8
ഉരച്ചു നീയതു മുഴുക്കെ നന്ന്, ശ്രുതി പെറ്റ നല്ല കപിവീരൻ നീ
വായ് പറഞ്ഞ ബലമൊന്നിനാലടരിലാരു വെല്ലുമെതിരാളിയെ?
തേടി നിന്നെയവിടെങ്ങും ഞാൻ നടന്നു ധീരനാകിലിങ്ങു നില്ലു നീ-
യെന്നുയർന്ന പെരുതായ ശൂലവുമെടുത്തുയർത്തി വരവായവൻ

9
വരുന്ന നേരം കപിവീരർനായകനൊരചലത്താലവന്റെയുടലമ്പേ
പൊടിയാക്കാമെന്നു നിനച്ചെറിഞ്ഞതു പൊടിഞ്ഞു മാറിടത്തിൽ തട്ടിയേ
തുടുത്ത ശൂലമതു കുംഭകർണ്ണനുയർത്തിയെറികെ വീശി, യിടയിൽ പിടി -
ച്ചൊടിച്ചു തന്റെ മുഴങ്കാലിനാൽ ഹനുമൻ, നിശിചരർ ഭയന്നു നടുങ്ങിപ്പോയ്

10
നടുങ്ങിപ്പോയടരിൽ രാക്ഷസർ, കപികളലറിയാർത്തു,കുംഭകർണ്ണനോ
കൊടിയ കോപമൊടു വലിയ മാമലയൊന്നെടുത്തെറിഞ്ഞിതു സുഗ്രീവനെ
അടിച്ചു ചെന്നതുടൻ കപികുലേന്ദ്രനുടൽ ചിന്നുമാറണഞ്ഞു ചെഞ്ചെമ്മേ
അടച്ചു വീണിതതു നെഞ്ചിലേറ്റവ,നമ്പരന്നു പോയ് കപികുലങ്ങളും

11
"കുലത്തിനേ കറയി"തെന്നു കുംഭകരുണൻ കൊടുംമലയലച്ചു ചെ -
ന്നുലച്ചു വീഴ്ത്തിയ കപീന്ദ്രനേയുടനെയുയർത്തെടുത്തു നടകൊണ്ടിതേ
തളർച്ച വന്നിതു പടയ്ക്കുമപ്പൊ,ളെതിരാളികൾ മുടിയുമാറെങ്ങും
ചെലുത്തി മാരുതി വിവേകചിന്തയതു ജഗത്തിനത്തലൊഴിയും വണ്ണം

12
വണ്ണമുള്ളവരിൽ വെച്ചൊരെട്ടു മടങ്ങുള്ള ഭീമനുടൽ പൂകി ഞാൻ
എണ്ണിയെണ്ണിയിവനെക്കണക്കടരിൽ വന്ന രാക്ഷസരെയൊക്കെയും
ചൂർണ്ണമായ്ക്കളഞ്ഞു വീണ്ടെടുപ്പതരചന്റെ പേരിനൊരു ദോഷമായ്
നണ്ണിടാ,മതിനു ബാക്കിയുണ്ടിനിയും നാഴികക്കു പഴുതിപ്പൊഴും

Tuesday, December 5, 2023

പടലം 32

 പടലം 32


1
വേരോടിവനെ മുടിക്കാമെ-
ന്നറിഞ്ഞു മൈന്തനചലം കൊ-
ണ്ടടിക്കാനോങ്ങിയ നേരം ക-
ണ്ടിടം പുറങ്കൈയ്യാലവനാ
തറമേൽ തള്ളിയിടെക്കണ്ടൂ
മുന്നിൽക്കയറിക്കുന്നൊന്ന്
അറിയാമടരിന്നടവെന്നാ-
യെടുത്തെറിഞ്ഞിതേ ദ്വിവിധൻ

2
ദ്വിവിധനെറിഞ്ഞ വിലങ്ങൻ കു-
ന്നവൻ വിലങ്ങെ വിലങ്ങിപ്പോയ്
അവനിയിൽ വീണിതതിൽപ്പിന്നേ
രാക്ഷസപ്പട, പോർഗജവും
പവനനെ വെല്ലുംപടി തുടരെ -
പ്പടർന്ന തേരും കുതിരകളും
അവിടെയടുത്തു പൊടിഞ്ഞടരിൽ
വീണു താണിതഴകിലതും

3
അഴകിലടരിൽ കപിവീരരടർ -
ത്തെടുത്ത മലതൻ കൊടുമുടിയാൽ
ഉഴറിയെറിഞ്ഞു നിശാചരരെ
മുടിച്ചുറക്കെയലറുന്നോർ
നശിച്ചിടൊല്ലാ നാമെന്നോർ -
ത്തടുത്തു രാക്ഷസർ കപിവരരെ
പൊഴിയും മഴപോൽ ശരമാരി
പൊഴിച്ചു പോരിൽ വീഴ്ത്തുന്നോർ

4
പോരിൽ കുരങ്ങക്കൂട്ടത്തിൽ
കടന്നിരുനൂറും മുന്നൂറും
വാരിയുടനുടനായിരവും
വകഞ്ഞെഴുനൂറുമെണ്ണൂറും
ഘോരൻ വിഴുങ്ങി വരുന്നേരം
ഭയങ്കരന്മാർ കപിവരരും
ധീരതയമ്പേ കൈവിട്ടു
തിരിഞ്ഞു മണ്ടീയെമ്പാടും

5
മണ്ടും കപിവരരോടുടനെ
ബാലിതനയനിതുര ചെയ്തു
പേടിത്തൊണ്ടൻ തടിയനിവ -
ന്നോടു പോരിൽ തോൽക്കരുത്
ഇണ്ടൽ പെരുതായോടിയുഴ -
ന്നെവിടെച്ചെന്നു വസിച്ചീടും?
പണ്ടേ പറയുമുറപ്പെല്ലാം
കളവായ് വരുവതൊഴിക്കാമോ?

6
ഒഴിച്ചിടേണം പുകഴ്പെറ്റോ -
രൊളിച്ചിടുന്നതു യുദ്ധത്തിൽ
ചെറിയോർ നോക്കിച്ചിരിക്കുമവരെ,
പുണർന്നിടും സുന്ദരിമാരും.
ശിരസ്സുമുടലുമുള്ളവനെ
തിളപ്പൊടെറിഞ്ഞുമടിച്ചും നാം
പിരിച്ചുകളയണമുയി,രതിനാൽ
പിറക്കുമേറ്റവുമഭിവൃദ്ധി

7
ഏറ്റം പ്രതാപമുള്ളവനാം
കുംഭകർണ്ണനിശാചരനെ
ഒത്തു ജയിച്ചു പുകൾ കൈക്കൊള്ളാം
ഇപ്പോളതു പണിയാണെങ്കിൽ
മകരമണിക്കുഴ ചാർത്തിയ രാമൻ
മലരടി പൂകിയ മനമൊടു കൂടി
എതിരാളികൾ തന്നായുധമേ -
റ്റണയാമിന്നേ പരമപദം

8
ഇന്നൊരു നേരം രാഘവനാൽ
മുടിയുമിവൻ, യുദ്ധം തേടി -
ച്ചെന്നു പുറപ്പെടുമത്തടിയൻ
സിംഹം മുന്നിൽ കൊമ്പൻ പോൽ
എന്നു മൊഴിഞ്ഞിടുമംഗദനോ -
ടെതിർത്തു കപികൾ ചിലർ, "ഞങ്ങൾ -
ക്കാഗ്രഹമില്ലുയിരോളം മ -
റ്റൊന്നിലു"മെന്നവരുര ചെയ്തു.

9
ഉരയാടിയ കപിവീരന്മാ-
രവനെയുലയ്ക്കാനൊരുമ്പെട്ടൂ
മരവും മലയും കൊടുമുടിയും
വളർന്ന കല്ല്, മരാമരവും
നിരനിരയൊത്തു പിടിച്ചുടനേ
നിരന്നു ചെന്നു ചുഴന്നെങ്ങും
മരണം വരുമിതിനാലെന്നേ
മനസ്സവർക്കു കനം വെച്ചു.

10
കനമിയലും കപിവീരരെല്ലാ-
മലറിടവേയൊരു വൻഗദയാലേ -
യവരെക്കോപത്തോടെയടിച്ചേ
ചെഞ്ചെമ്മേ നടകൊണ്ടവനെ
ഹനുമാനരികെച്ചെന്നുയരേ
നിന്നുമടർത്തിയ വന്മലയാൽ
ദുഃഖമവന്നു വരുത്തണമെ-
ന്നുള്ളിലുറച്ചവനെതിരിട്ടു.

11
എതിരിട്ടെറിയും വന്മലയെ
കുംഭകർണ്ണനുടച്ചുള്ളിൽ
കിളർന്നു പൊങ്ങിടുമരിശത്താ-
ലണഞ്ഞു മാരുതിയുടെ നെഞ്ചം
ചിതറെക്കുത്തീ ശൂലത്താൽ
തിളച്ചു തൂവും ചോരയൊടേ
മതികെട്ടലറി മയങ്ങിപ്പോയ്
മണ്ണിൽ വീണു ഹനുമാനും.

Monday, December 4, 2023

പടലം 31

പടലം 31


1
വരമിണങ്ങിയ നിശാചരനായ രാവണൻ്റെ
മധുമലർക്കഴൽ വണങ്ങി നടകൊൾകെയതുക -
ണ്ടെട,യിതെന്തൊരു പെരുന്തടിയിതെന്തിനുതകും?
പെരുന്തടിയ്ക്കടുക്കെയുണ്ടവയവങ്ങളുമെല്ലാം
തിരയടിച്ചിടുമലയാഴിതന്നാഴമറിയാൻ
ദശമുഖൻ ബലമൊടേ പണിതെടുത്ത വടിവോ?
ധരണി വാനവുമവയ്ക്കിടയുമേയറിയുവാൻ
ദശമുഖൻ വിടുവതാം നശിച്ചിടാ മായമോ?

2
നശിച്ചിടാ കറുത്ത മാമലയൊരാൾ രൂപമായ്
അടരിൽ തനിയേ നമ്മളൊടു നേർക്കാൻ വന്ന വരവോ?
പിഴകളേറിയതു കണ്ടളവു തൊണ്ടയിരുളൻ
ത്രിപുരങ്ങളെരിയിക്കാനെടുത്തതാമുരുവമോ?
ഇരന്നു ബ്രാഹ്മണപ്പയ്യൻ വടിവിൽ മാബലി തന്നോ -
ടവനിമണ്ഡലങ്ങൾ പണ്ടളന്ന കൊണ്ടൽവർണ്ണനോ?
ഉഴറിയിങ്ങണയുമീയിവനെ വെന്നിടുവതാ -
രൊരുവരെന്നു കപികൾ പരസ്പരം പറഞ്ഞിതേ

3
പറഞ്ഞിതു ദാശരഥി "യുലകെല്ലാമുലയുമാ -
റുടലുമാവൊളം വളർന്നൊരു നിശാചരവരൻ
വരവു കാൺകിവനെയാർ ഭയന്നിതെന്തിവനു പേർ
വലിയ കൈകളിൽ മുഴുത്തൊരു ശൂലം പിടിച്ചവൻ
കറുത്ത മേഘനിറവും കരുത്തെഴും വടിവുമീ-
ക്കടുത്ത ദംഷ്ട്രകളുമുള്ളിവനെ നീയുള്ളവണ്ണം
അതിജവം പരിചയപ്പെടുത്തുക" വിഭീഷണൻ
വിമല പാദകമലം തൊഴുതുടൻ മൊഴികയായ്

4
മൊഴികയായ് "ദശമുഖന്നധികമൻപുടയവൻ
അനുജനാം കുംഭകർണ്ണൻ പാപികളിൽ വെച്ചു പാപി
ചുഴലവുമെല്ലാടത്തും നടന്നു ബാല്യത്തിൽ തന്നെ
തുടങ്ങിനാൻ കുടുകുടെച്ചിരതരം വിഴുങ്ങിയേ
അമരർ ചെന്നഖിലലോകത്തിനും ജനകൻ തന്നോ -
ടഴലൊടേ പറയവേയവൻ ശപിച്ചരുളിനാൻ
ഉടലൊടേ കിടന്നു നീയുറങ്ങിയേ മുടികയെ -
ന്നിടർ ജഗത്തിനൊഴിയാനുറക്കവും പിടിച്ചുടൻ

5
ഉടനുടൻ കുപിതനായുലകമേഴിലും നട-
ന്നൊരുവരാലൊരുനാളുമൊരിടത്തുമടർ തന്നിൽ
തടയുവാനായിടാത്ത തന്നനുജനുറക്കമായ്
തറയിലേ കിടന്നു പോയ് മുടിയുമെന്നറിഞ്ഞവൻ
"വെടിയൊലായെന്നെ"യെന്നങ്ങജനുടേയടിയിണ
തൊഴുതുകൊണ്ടപേക്ഷിക്കേ സഹോദരനാം രാവണൻ
"ഇടയിടേയുണരുകാറാറുമാസത്തിലൊരു
കുറിയിനിയിവ"നജനിതുവിധമരുളിനാൻ

6
അരുളിടുമജനുടെ മൊഴിവണങ്ങിവന്നു ല -
ങ്കയിൽ സ്വയം മറന്നുറങ്ങിയ നിശാചരനുടെ
വരവിതെന്നറിഞ്ഞു കാൺകെന്ന വിഭീഷണനുടെ
വചനകോമളനറുന്തെളി നുകർന്ന ചെവിയാൽ
ഒളിയെഴും ചെറിയ ഞാണൊലി പെരുക്കി വന്മുകിൽ -
ക്കുരൽ പഴിക്കും മൊഴിയാലുരഗശായി ഭഗവാൻ
വരമിണങ്ങിയ ശരങ്ങളും വലംകൈയ്യിലോരോ
വക ധരിച്ചങ്ങു നടന്നടരിനായരചനും.

7
അരചനെത്തൊഴുതു ലക്ഷ്മണനിരന്നവനിയിൽ
വലിയവൻ കുംഭകരുണനെയൊരിക്കലടിയൻ
ശരനിരക്കിരയുമാക്കിടുമറിഞ്ഞിടുക നീ
തരിക പോരിടുവതിന്നിപ്പൊഴേയനുമതി
അതിനുടൻ രാമനും "വിഷമമാണവനെപ്പോ -
രടിച്ചുലപ്പത്, നമുക്കരികൾക്കുമിടയിലായ്
അടരിനുള്ളൊരുക്കവുമടക്കവും കേടുകളും
വരുന്നേടത്തവ ശരിക്കറി"കെന്നു മൊഴികയായ്

8
മൊഴിയവേ, ചന്തമുള്ളാനകൾ മുഴുവനും
മുഴങ്ങിടും മുകിൽ രവമൊത്ത ഞാണൊലികളും
ചുഴലവും കൊടികൾ പാറിടുന്ന തേർനിരകളും
തുരഗപംക്തിയുമെഴും പട പരന്നിതു ചെമ്മേ
അഴകെഴും പടി നടന്നളവു രാമനെയുമ-
ക്കപികുലത്തെയുമുലച്ചുടനെ ലക്ഷ്മണനെയും
മുഴുവനായടിച്ചു കൊന്നിടുമെന്നു തിരിക്കയായ്
അധികകോപത്തൊടേ വലിയ കുംഭകരുണൻ

9
കരുണയെന്നതു തൊടാത്തിവൻ പെരും മതിലുകൾ
കടന്നു പോയ് നടന്നപോതിരുണ്ട മേഘ നിരകൾ
അരുണമായ് കനൽ ചൊരിഞ്ഞിതു, കരിഞ്ഞൂ ചെമ്മേ
അരുണസാരഥിയുടെ തിരുനിറം മേൽക്കുമേൽ
മലകളൊത്താഴിയൊത്തവനിയും നടുങ്ങവേ
തളർന്നുപോയ് പവനനും കുറുനരിക്കൂട്ടവും
മരണമുണ്ടടരിലെന്നിവനെയറിയിക്കുവാൻ
മൊഴിഞ്ഞിതോരോന്നറിവുള്ള ചെറുപുള്ളിനം

10
ചെറിയ പുള്ളിനങ്ങളുള്ളവ ചെറുത്ത സമയം
തെളി കടഞ്ഞൊളിയെഴും വലിയ ശൂലമതിന്മേൽ
കരുത്തനാം കഴുകിളച്ചിതു, തുടിച്ചിതിടത്തേ
കരവുമപ്പുരികവും നയനവും കനമൊടേ
പിഴകളിങ്ങനെയറിഞ്ഞിടവെ നിരസിച്ചുകൊ-
ണ്ടടർ തൊടുത്തിതു നിശാചര, നെടുത്തെറിഞ്ഞോരോ
മലയുമാ മരങ്ങളുമതുനേരം കുരങ്ങന്മാർ
എതിരിടുമരക്കർതന്നുടൽ പൊടിയാക്കിയേ

11
പൊടിയുമപ്പടകൾ കണ്ടളവു കുംഭകരുണൻ
ഭുവനമേ തളരുമാറലറവേ,യവനിമേൽ
നടുങ്ങി വീണിതു കപിവീരരാഴി നടുവിൽ
ചിലർ, ചിലർക്കെട്ടു ദിക്കായിതു നിലയവും
കൊടിയതാം മദഗജം പോൽ നടന്നിടയിടെ -
സ്സകലരെക്കോർത്തെത്തുമിവനെയാ ദ്വിവിധനും
തടയും ഞാനെന്നു മഹീധരമെടുത്തെറിഞ്ഞതാ -
ത്തടിയന്റെ നെഞ്ചിൽ തട്ടിപ്പൊടിഞ്ഞു പോയ് വേരൊടേ