അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത്, നിരഞ്ജൻ
പുതുകവിതയിലെ വെള്ളിനേഴിച്ചിട്ടയാണ് നിരഞ്ജന്റേത്. പുതു കവിത ഒരു പൊതു കവിതയാവുകയാണു വേണ്ടത് എന്ന അഭിപ്രായമുള്ളവർക്കിടയിലാവില്ല ഈ കവി സ്വീകാര്യനാവുക. ഇയാളുടെ കവിത ലോകം മുഴുവൻ ചുറ്റിക്കറങ്ങുകയും തുറമുഖ നഗരങ്ങളിലെ ബാർ വെളിച്ചത്തിലിരുന്ന് ബിയർ കുടിച്ച് വെള്ളിനേഴി മുദ്ര കാണിച്ച് മലയാളം പറയുകയും ചെയ്യും. ഒരേ സമയം അലയുന്ന നാടോടിയും വെള്ളിനേഴിക്കാരനുമാണയാൾ. ആദി കമ്യൂണിസ്റ്റും ചോദ്യം ചോദിക്കുന്ന അരാജകനുമാണിയാൾ. നാടനും നാഗരികനുമാണ്. ഈ ചേരുവയാണ് നിരഞ്ജന്റെ കവിതയെ വേറിട്ടതാക്കുന്നത്. നല്ല വീര്യമുള്ള തമാശയിൽ കുലുങ്ങിക്കൊണ്ടിരിക്കുന്ന കവിതയുമാണ്. ആ വീര്യം തുളുമ്പിത്തെറിച്ചുവീഴുമ്പോൾ സമകാലവും ചരിത്രവും പ്രകമ്പനം കൊള്ളും.
സ്വന്തം കവിതയുടെ വേരുകളെ മുമ്പുള്ള കവിതകളിലേക്കു വീര്യം വലിച്ചെടുക്കാൻ വിടുന്നവരാണ് പൊതുവേ കവികൾ. എന്നാൽ ഈ കവി കാവ്യേതരമായ ആഖ്യാനങ്ങളിലേക്കാണ് വേരു നീട്ടുന്നത്. ഫിക്ഷനും പോപ് സംസ്കൃതിയും ഫോക് ലോറുമെല്ലാം ഇയാളുടെ കവിതയുടെ പശ്ചാത്തലത്തിലുണ്ട്. വി.കെ എന്നിനെപ്പോലൊരു എഴുത്തുകാരന്റെ ശൈലിയിൽ നിന്ന് ഒരു ചാല് ഈ കവിതയിലേക്ക് എത്ര സ്വാഭാവികമായാണ് ഒഴുകുന്നത് എന്നു നോക്കൂ. ആ ചാലുകൊണ്ട് നാടിന്റെ സമകാല രാഷ്ട്രീയ ജീവിതത്തെ നനക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. കാലഘട്ടത്തിലേക്കുള്ള വഴി പോലുള്ള നിരഞ്ജൻ കവിതകൾ ഇതു പറയുമ്പോൾ പെട്ടെന്നോർമ്മ വരുന്നു.
എന്നാൽ,കാവ്യാത്മകം എന്ന് മുദ്രവയ്ക്കാത്ത പലതും ചേർന്ന കൂട്ട് പ്രധാനമായിരിക്കുമ്പോഴും വികടകവിതയുടെ വഴിയിലല്ല നിരഞ്ജൻ കവിത മുന്നേറുന്നത്. രൂപപരമായ ശൈഥില്യവും അവക്കില്ല. ഛന്ദസ്സിന്റെയും താളങ്ങളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിരന്നു നിന്നോട്ടെ, കാടേറിപ്പോകുന്ന , മദപ്പാടുള്ള, വൃത്തമില്ലാത്ത ഒരു വാക്കിലേക്കാണ് തന്റെ ശ്രദ്ധയെന്ന് ഒരു കവിതയിൽ ഇയാൾ എഴുതുന്നുണ്ട്. കാടേറിപ്പോകുന്ന ഒറ്റയാനാണെങ്കിലും ആന ആന തന്നെ. കാവ്യസാധാരണമല്ലാത്തതെങ്കിലും ഗജരാജ വിരാജിത ഗതി കൈവിടുന്നില്ല നിരഞ്ജന്റെ കവിത. ശബ്ദാനുഭവമായും ഭാഷാനുഭവമായും ആ ഗതി നാമറിയുന്നു. ആ ഗതിയെ നാം ജീവിക്കുന്ന കാലത്തിന്റെ ഗതിയാക്കി മാറ്റാൻ ഓരോ കവിതയിലും ഇയാൾക്കു കഴിയുകയും ചെയ്യുന്നു. ഭാഷയുടെ ഗതിയെ രാഷ്ട്രത്തിന്റെ ഗതിയായിത്തന്നെ കാണുന്ന ഒരു കവിത ഈ സമാഹാരത്തിലുണ്ട്. അതിന്റെ പേര് മാതൃകാ സംഭാഷണം എന്നാണ്. ഭാഷ ഉന്തുവണ്ടിയായും കാറായും തീവണ്ടിയായും കപ്പലായും റോക്കറ്റായും സ്ഥലകാലങ്ങളെ താണ്ടുന്നതിന്റെ കുതിപ്പാണ് എനിക്ക് നിരഞ്ജൻ കവിത. ആ ഭാഷാഗതി നിറുത്തി വായനക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന നിറുത്തലുകളാണ് ഇയാളുടെ കവിതാ പുസ്തകങ്ങളിലെ ഓരോ ശീർഷകവും.
അതെ, ഇതിന്റെ വീര്യമിരിക്കുന്നത് ഭാഷയിലാണ്. അതുകൊണ്ടാണ് ഇയാൾ കവിയായിരിക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത് എന്ന് നിരഞ്ജനോട് എപ്പോഴും ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. 'ചിലവു കുറഞ്ഞ കവിതകൾ' എന്ന പ്രഹര ശേഷിയുള്ള ആദ്യ പുസ്തകത്തിനു ശേഷമുള്ള അടുത്ത പുസ്തകം പുറത്തു വരാതിരിക്കാൻ ഈ കവി മന്ദവേഗനായി ആവതും പരിശ്രമിച്ചെങ്കിലും ഒടുവിൽ അതിതാ നമുക്കു കയറാനുള്ള സ്റ്റോപ്പിൽ എത്തിച്ചേർന്നിരിക്കുന്നു. കേറിക്കഴിഞ്ഞാലുടനെ പുസ്തകരൂപം വിട്ട് പല പല വാഹനവേതാളരൂപങ്ങൾ കൈക്കൊള്ളുന്ന ഇതിനകത്ത് ഞാനും സന്തോഷപൂർവം കയറിയിരിക്കട്ടെ. ഇതു കുതിക്കുന്നേടത്തേക്കൊക്കെ ഞാനും ത്രസിച്ചു കുതിക്കട്ടെ.
No comments:
Post a Comment