പ്രാദേശിക സംസ്കൃതിയും കാവ്യഭാഷയും - കുട്ടമത്തിന്റെ കവിതകൾ മുൻനിർത്തി ഒരു വിചാരം.
പി.രാമൻ
ദേശ്യഭേദങ്ങൾക്കതീതമായി ഒരു മാനകഭാഷ വളരെക്കാലമെടുത്താണ് മലയാളത്തിൽ വികസിച്ചു വന്നത്. കവിതയിൽ തുഞ്ചത്തെഴുത്തച്ഛനും ഗദ്യത്തിൽ മിഷനറി പ്രവർത്തകരായ വിദേശീയർക്കും മാനകഭാഷ നിർമ്മിച്ചെടുത്തതിൽ വലിയ പങ്കുണ്ട്. എന്നാൽ അതേ മാനകഭാഷയിൽ പ്രാദേശിക സംസ്കൃതികളുടെ നിറപ്പകിട്ടു കൂടി കലർത്താൻ കഴിയുമോ എന്ന് നമ്മുടെ എഴുത്തുകാർ ഗൗരവത്തോടെ ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വഴിക്കുള്ള പരിശ്രമങ്ങൾക്ക് മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ വലിയ പ്രാധാന്യമുണ്ട്. എല്ലാ മലയാളികൾക്കും മനസ്സിലാകുന്ന മാനക മലയാളത്തിൽ തെക്കൻ കേരളത്തിന്റെ പ്രാദേശിക സംസ്കൃതി കൂടി ആവിഷ്കരിക്കാൻ ശ്രമിച്ച കവിയാണ് കുഞ്ചൻ നമ്പ്യാർ. തെക്കൻ കേരളത്തിലെ പടേനി എന്ന കലാരൂപത്തിന്റെ നിറപ്പകിട്ട് നമ്പ്യാർക്കവിതയിൽ ഏതെല്ലാം തരത്തിലാണ് പുരണ്ടു കിടക്കുന്നത് എന്നന്വേഷിച്ചാൽ ഇക്കാര്യം വെളിവാകും. പടേനിയെക്കുറിച്ച് നമ്പ്യാർക്കവിതയിൽ കടന്നുവരുന്ന പരാമർശങ്ങൾ മാത്രമല്ല ഇപ്പറഞ്ഞതിനടിസ്ഥാനം. തുള്ളലിന്റെ ഭാഷയേയും ഘടനയേയും ആഖ്യാനത്തേയും പടേനി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പടേനി എന്ന കലാരൂപം മലയാളകവിതക്കു നൽകിയ രണ്ടു സമ്മാനങ്ങളാണ് നമ്പ്യാർക്കവിതയും കടമ്മനിട്ടക്കവിതയും. ഇവർക്കിടയിൽ ഇരുനൂറു കൊല്ലത്തിന്റെ അന്തരമുണ്ടെന്നു മാത്രം. ഒരേ കലാരൂപവും അതിനാസ്പദമായ പ്രാദേശിക സംസ്കൃതിയും രണ്ടു കാലങ്ങളിൽ വ്യത്യസ്ത രീതിയിൽ രണ്ടു കവികളിൽ പ്രവർത്തിക്കുകയാണ്. നമ്പ്യാരിൽ നിന്നും കടമ്മനിട്ടയിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്ത് പടേനി കലാകാരൻ കൂടിയായ ഒരു കവി അതിന്റെ സാദ്ധ്യതകൾ കവിതയിൽ പ്രയോജനപ്പെടുത്തിയേക്കും. ഒ. അരുൺകുമാറിന്റെ സമീപകാല കവിതകളിൽ ആ വഴിക്കുള്ള ഒരന്വേഷണമുണ്ട്.
മാനകീകരണവും പ്രാദേശികീകരണവും ഒരേ സമയം കവിതയിൽ നടക്കുന്നുണ്ട്. വിപരീത ദിശകളിലേക്ക് ഒരേ സമയം നടക്കുന്ന ഈ നീക്കത്തിന്റെ സംഘർഷം കൊണ്ട് ചലനാത്മകമാണ് നമ്മുടെ കാവ്യ ചരിത്രം. സംസാര ഭാഷയുടെ വടിവിലേക്കു ചായാനുള്ള പ്രവണത കാവ്യഭാഷ പലപ്പോഴും കാണിക്കാറുണ്ട്. അതേസമയം അതിന് വിശേഷ വ്യവഹാരത്വം സൂക്ഷിക്കുകയും വേണം. പ്രാദേശികീകരണവും മാനകീകരണവും തമ്മിലെ സംഘർഷം ഇരുപതാം നൂറ്റാണ്ടിലെ കവിതകളിലാണ് വർദ്ധിച്ചു വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മഹാകവി കുട്ടമത്തിന്റെ കവിതയിൽ ഈ ഇരട്ട വലിവുകൾ കവിതയുടെ പ്രമേയതലത്തിലും ഭാഷാ തലത്തിലും പ്രവർത്തിക്കുന്നത് നമുക്കനുഭവിക്കാൻ കഴിയും. പ്രാദേശിക സംസ്കൃതി കവിതയുടെ പ്രമേയത്തിലും ഭാഷയിലും ഇടപെട്ടതിന്റെ, നമ്പ്യാർക്കു ശേഷവും കടമ്മനിട്ടക്കു മുമ്പുമുള്ള മികച്ച മാതൃകയാണ് കുട്ടമത്തിന്റെ കവിത.
വടക്കൻ പാട്ടുകളുൾപ്പെടെയുള്ള നാടൻ പാട്ടുകൾ മാറ്റി നിർത്തി മുഖ്യധാരാ സാഹിത്യത്തിലേക്കു വന്നാൽ വടക്കേ മലബാറിന്റെ പ്രമേയപരവും ഭാഷാപരവുമായ പ്രാദേശികത കുട്ടമത്തിനു മുമ്പ് ആവിഷ്കരിച്ച കവികൾ നമുക്കധികമില്ല എന്നു കാണാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ ഭാഷാ പ്രാദേശികതയുടെ മിന്നലാട്ടങ്ങളുണ്ട്. ആനീടിൽ രാമനെഴുത്തച്ഛന്റെ സ്തോത്ര കൃതികളിലും വടക്കൻ മലയാളത്തിന്റെ വാമൊഴിച്ചന്തം കാണാം. എന്നാൽ പ്രമേയത്തിലും ഭാഷയിലും വടക്കനാവാൻ ബോധപൂർവം ശ്രമിക്കുന്ന ആദ്യത്തെ കവിതകളെഴുതിയത് മഹാകവി കുട്ടമത്താണ്. കേരള ദേശീയതയെക്കുറിച്ചുള്ള ചിന്തകൾ ഉണർവുകൊണ്ടു തുടങ്ങിയ കാലത്താണ് അതിനോടു ചേർന്നു നിന്നു കൊണ്ടു തന്നെ തന്റെ പ്രാദേശികതയെ ഈ കവി ഉയർത്തിപ്പിടിക്കുന്നത്. വള്ളത്തോളിനെപ്പോലെത്തന്നെ ദേശീയ ബോധത്തിന്റെ ഉദ്ഗാതാവായിരുന്നു കുട്ടമത്ത്. ദേശീയബോധം എന്ന പേരിൽ ഒരു കവിത തന്നെ അദ്ദേഹമെഴുതിയിട്ടുണ്ട്. ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ യാഗത്തിനു മുതിരുന്ന നന്ദഗോപരെ തടഞ്ഞ് ശ്രീകൃഷ്ണൻ ഗോവർദ്ധനപർവതത്തെയാണ് പൂജിക്കേണ്ടത് എന്നു പറഞ്ഞു മനസ്സിലാക്കിക്കുന്നതാണ് കവിതാസന്ദർഭം. കൃഷ്ണന്റെ വാക്കുകളിലെ ദേശീയ ബോധത്തെ കവി ഇങ്ങനെ വിടർത്തിക്കാണിക്കുന്നു :
ദേശീയ സസ്യധാന്യാദി വൃദ്ധി നമുക്കുണ്ടാകേണം
ദേശീയ ശുദ്ധാചാരങ്ങളുൽഗമിക്കേണം
ദേശീയമാം സഹോദര പ്രേമം നമ്മളിൽ വളരേണം
ദേശീയമാം സ്വാതന്ത്ര്യവും നമുക്കു വേണം
ശൈശവം തൊട്ടേതു ഭാഷ നമുക്കുള്ളിൽ കുടികൊൾവൂ
ദേശീയയദ്ദേവിയെ നാം ഭജിച്ചിടേണം
അന്യഭാഷാ വർഷം വന്നു മുക്കുമ്പോൾ സ്വഭാഷയാമീ -
ക്കുന്നെടുത്തു കുടയായ് നാം പിടിച്ചിടേണം.
കുട്ടിക്കാലം തൊട്ട് ഉള്ളിൽ കുടികൊണ്ട നാട്ടുഭാഷയെ മാനിച്ചു കൊണ്ടാണ് കവി ദേശീയതയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടു വിശദീകരിക്കുന്നത്. ശൈശവം തൊട്ട് ഉള്ളിൽ കുടികൊള്ളുന്ന ഭാഷ എന്ന ഊന്നൽ മാനകഭാഷയേക്കാൾ നാട്ടുമൊഴിയെയാണ് പരിഗണിക്കുന്നത്. നാട്ടുമൊഴിയേയും നാട്ടുസംസ്കാരത്തേയും ദേശീയതയുടെ ഭാഗമായി കാണാൻ 1920 - കളിൽ തന്നെ കുട്ടമത്തിനു കഴിഞ്ഞു എന്നത് പ്രധാനമാണ്. മലയാളകവികൾ ഓണത്തെപ്പറ്റിപ്പാടി ഓണത്തിലൊന്നാകുന്ന കേരളം കാണിച്ചു തന്ന കാലത്ത് ഓണമില്ലാത്ത കാസർകോടിന്റെ കവി പൂരത്തെയാണ് വാഴ്ത്തിപ്പാടിയത്. വടക്കേ മലബാറിലെ പൂരോത്സവത്തിന്റെ അഴകും അന്തരീക്ഷവും പിടിച്ചെടുത്ത മനോഹര കവിതയാണ് പൂരവും പുഷ്പങ്ങളും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ടു പൂരം നാൾ വരെയുള്ള ഒമ്പതു ദിവസമാണ് പൂരാഘോഷം. പെൺകുട്ടികളുടെ ആഘോഷമാണത്. ഭസ്മമായിപ്പോയ കാമദേവനെ വീണ്ടും ജീവിപ്പിക്കാൻ ഭാര്യയായ രതീദേവി പൂക്കൾ കൊണ്ട് കാമവിഗ്രഹമുണ്ടാക്കി പൂജിച്ച കഥയാണ് പൂരോത്സവത്തിന്റെ പിന്നിലെ മിത്ത്. പെൺകുട്ടികൾ പൂക്കൾ കൊണ്ടു കാമദേവന്റെ രൂപമുണ്ടാക്കുകയും പൂവിട്ടാരാധിക്കുകയും ചെയ്യുന്ന ചടങ്ങുകൾ പൂരോത്സവത്തിലുണ്ട്. കാമാരാധനക്കായി പൂ തേടിപ്പോകുന്ന പെൺകുട്ടികളുടെ ചിത്രമാണ് പൂരവും പുഷ്പങ്ങളും എന്ന കവിത വരയുന്നത്. പൂരക്കുഞ്ഞുകൾ എന്നാണ് അവരെ വിളിക്കുക എന്നു കവി.മുരിക്ക്, വെൺചെമ്പകം, എരിഞ്ഞി, കുറിഞ്ഞി, കുരുക്കുത്തി തുടങ്ങിയ പൂരപ്പൂക്കൾ പറിക്കാൻ നടക്കുകയാണാ കരിങ്കുപ്പിവളകളണിഞ്ഞ പൂരപ്പെൺകുട്ടികൾ. കയ്യിലെ തോട്ടി അവർ പൊന്തിച്ചു കൊളുത്തുമ്പോൾ കൂട്ടാക്കാതെ ഉതറി ചിങ്കോത്തം കാണിക്കുകയാണാ പൂങ്കുലകൾ, ചില്ലകളിൽ. ഉതറുക, ചിങ്കോത്തം കാണിക്കുക തുടങ്ങിയ വടക്കൻ വാക്കുകൾ സൃഷ്ടിക്കുന്ന സാംസ്ക്കാരികാന്തരീക്ഷം ഈ കവിതയെ വ്യത്യസ്തമാക്കുന്നത് ഇന്നും വായനയിൽ അനുഭവിക്കാൻ കഴിയും. ആ സാംസ്ക്കാരികാന്തരീക്ഷത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആവിഷ്കരിക്കുന്നതാണ് ഈ കവിതയുടെ മറ്റൊരടര്. പെൺകുട്ടികൾ ഒടുവിൽ ചെമ്പക മുത്തശ്ശിയുടെ അടുത്തു ചെല്ലുകയാണ്.
"നാണവും വിഷാദവും വേണ്ട മക്കളേ! പൂക്കൾ
വേണമെങ്കിലെൻ ചുമലേറുവിൻ" എന്നു ചൊല്ലും
ചെമ്പക മുത്തശ്ശിതൻ കൂനിച്ചു മുരടിച്ച
വൻ പള്ള പറ്റിക്കേറിച്ചുമലിലിരുന്നിതാ,
കരപല്ലവം കൊണ്ടു തഴുകുന്നേരം താനേ
സരസം പൂക്കൾ വന്നു നിറവൂ കൊട്ടയ്ക്കകം"
ഒരു നാടോടിക്കഥയിൽ നിന്നിറങ്ങി വന്ന കഥാപാത്രങ്ങൾ പോലിരിക്കുന്നു ഈ ചെമ്പകമുത്തശ്ശിയും പെൺകുട്ടികളും. പെൺകുട്ടികൾ ചെമ്പകമുത്തശ്ശിയുടെ കൊമ്പു തലോടുമ്പോൾ പൂക്കൾ താനേ പൊഴിയുകയാണ്. മലയാളത്തിന്റെ നാടോടിത്തത്തിലുള്ള, അനുഭവങ്ങളെ മാന്ത്രികമായി അവതരിപ്പിക്കുന്ന രീതി മുഖ്യധാരാ കവിതയിൽ മൂർത്തമായി പ്രയോഗിക്കുന്നതിന്റെ ആദ്യത്തെ ഒരു മാതൃകയായി പൂരവും പുഷ്പങ്ങളും എന്ന ഇക്കവിതയെ വായിക്കാം. കരിഞ്ഞു വെണ്ണീറായിപ്പോയ കാമദേവനെ മുത്തശ്ശി മരത്തെ തഴുകിക്കിട്ടിയ പൂക്കളാൽ വീണ്ടും നിർമ്മിക്കുകയാണാ പെൺകിടാങ്ങൾ.
കുട്ടമത്തിന്റെ കവിതകൾ മിക്കതും വള്ളത്തോൾക്കളരി താലോലിച്ച മുഖ്യപ്രമേയങ്ങളെത്തന്നെയാണ് പരിഗണിച്ചിട്ടുള്ളത്. എന്നാൽ സമകാല വായനയിൽ ഒറ്റ തിരിഞ്ഞു നിൽക്കുന്ന അപൂർവ രചനയായി അനുഭവപ്പെടുന്നു പൂരവും പുഷ്പങ്ങളും. പ്രമേയത്തിലും ഭാഷയിലും ആ കവിത ഉയർത്തിപ്പിടിക്കുന്ന പ്രാദേശിക സ്വത്വം തന്നെ കാരണം. വടക്കേ മലബാറിന്റെ കലയും സംസ്കാരവും മിത്തുകളും ഉപജീവിച്ച് അദ്ദേഹമെഴുതിയ ശ്രീ മുച്ചിലോട്ടുഭഗവതി എന്ന ദീർഘകാവ്യം കൂടി ഇതോടൊപ്പം വെച്ചു വായിക്കേണ്ടതുണ്ട്. കരിവെള്ളൂരിലെ മുച്ചിലോട്ടു കാവിൽ 1922-ൽ നടന്ന കളിയാട്ടത്തോടനുബന്ധിച്ച് എഴുതിയതാണത്. മുച്ചിലോട്ടുഭഗവതി തെയ്യത്തെ പൂർണ്ണതയോടെ ഭാഷയിലാവാഹിക്കാൻ ശ്രമിക്കുന്നു ഈ കവിത. മുച്ചിലോട്ടു ഭഗവതിയുടെ അവതാരകഥ വർണ്ണിച്ചു വന്ന് നാലാം സ്തബകത്തിലെത്തുമ്പോൾ കളിയാട്ടത്തിലെ തെയ്യക്കോലത്തിന്റെ പൂർണ്ണസൗന്ദര്യം ഭാഷയിലൂടെ സാക്ഷാൽക്കരിക്കുന്നിടത്തെത്തുന്നുണ്ട് കവി. കളിയാട്ടത്തിന്റെ വർണ്ണപ്പൊലിമയും വാദ്യഘോഷവും ആരവവുമെല്ലാം ഇവിടെ ഒരുമിക്കുന്നു. മുച്ചിലോട്ടു പടനായരോട് തീക്കുഴി തീർക്കാൻ പറയുകയാണ് ഭഗവതി. ചെങ്കനലിൽ നൃത്തം ചവിട്ടി ലോകത്തെ കുളിർപ്പിക്കാൻ ദേവി മുതിരുന്നു. തീക്കുഴിക്കരികിലെ ഭഗവതിയുടെ നില്പ് കവി ഇങ്ങനെ അവതരിപ്പിക്കുന്നു :
തിരുമിഴികളിലെഴുതിയഞ്ജനം
ഇരുകവിൾത്തടം മിനുക്കി ഭംഗിയായ്
ഉരുമണം മഞ്ഞക്കുറിയിട്ടു വട്ട -
ത്തിരുമുടി ചാർത്തിത്തിരുകി കുണ്ഡലം
തരിവളയിട്ടു, തിരുമാറിൽ ചൊവ്വായ്
പെരുമാറീ മണിച്ചെറുതാലിക്കൊഴ,
തിരുമടിത്തട്ടും ചുകപ്പു ചേലയും
ധരിച്ചു നല്ലൊരസ്സുവർണ്ണകാഞ്ചിയും
കടുത്ത വാളുമപ്പരിച ശൂലവു -
മെടുത്തു തൃക്കയ്യിൽ മണിമുറത്തെയും
അതൊക്കെയും കയ്യിലൊതുക്കി വെച്ചു തൻ
പതച്ച പന്തവും ചുഴറ്റി നിൽക്കയായ്
ഈ നില്പ് കളിയാട്ടത്തിൽ തെയ്യത്തിന്റെ നില്പു തന്നെ. മണങ്ങിയാടിയും കൊണിഞ്ഞു പാടിയുമുള്ള നൃത്തമാണിനി. കരിങ്കൂന്തൽ കുഴഞ്ഞിഴയുമാറ്, നറും തുകിൽ അഗ്നി തലോടുമാറ്, ഇരുപന്തങ്ങൾ ചുഴറ്റി തിരുചക്രങ്ങൾ ചമച്ച് തിരുതകൃതിയായ നൃത്തമാണു പിന്നെ. ആ നൃത്തത്തിന്റെ നാദപ്പൊലിമ കേൾക്കൂ:
ചിലിച്ചിലിയെന്നുച്ചരിച്ചു കാന്തിനീ -
രൊലിപ്പിച്ചൂ മാറിൽ ചെറുതാലിക്കൂട്ടം
ദൃഢം പരിചയും തരിവളകളും
പടോം പടോമെന്നങ്ങടിച്ചു തങ്ങളിൽ
ഝണം ഝണമെന്നങ്ങിണക്കമില്ലാതെ
പിണങ്ങിത്തങ്ങളിൽ കുലുങ്ങിക്കിങ്ങിണി
ക്ഷണം ക്ഷണം താളം മുറുകവേ കനൽ
കണം കണമായിപ്പൊടിഞ്ഞിടും വിധം
ചെലം ചെലമെന്നച്ചിലമ്പൊലിയൊടും
ഇളം കഴൽത്തളിർക്കുളിർമ്മയേൽക്കയാൽ
തളർന്നു ഘർമ്മനീരിളകിടും മുമ്പേ
കുളം കണക്കെയായനലപർവ്വതം.
പൂരവും പുഷ്പങ്ങളും, മുച്ചിലോട്ടുഭഗവതി, മാടായിക്കുന്ന്, കടാങ്കോട്ടു മാക്കം (മധ്യ ഖണ്ഡം) തുടങ്ങിയ, പ്രാദേശിക സ്വത്വം കാവ്യഭാഷയിൽ സജീവമായിടപെടുന്ന, എണ്ണത്തിൽ കുറഞ്ഞ കവിതകൾ കുട്ടമത്തിന്റെ കവിതകളുടെ കൂട്ടത്തിൽ ശ്രദ്ധാർഹമാം വിധം വേറിട്ടു നിൽക്കുന്നത് നൂറു വർഷം കഴിഞ്ഞ് ഇന്നു വായിക്കുമ്പോൾ അനുഭവിക്കാനാകും. തന്റെ ഈ ഭാഷാ സ്വത്വത്തെ ദേശീയതയെക്കുറിച്ചുള്ള അന്നത്തെ മുഖ്യധാരാ പരികല്പനകൾക്കു മുന്നിൽ അടിയറവെച്ചു എന്നതാണ് കവി എന്ന നിലയിൽ കുട്ടമത്തിന്റെ പരാജയം. തികഞ്ഞ കവിത്വവും കാവ്യഭാഷയെക്കുറിച്ചുള്ള തനതായ കാഴ്ച്ചപ്പാടുണ്ടായിട്ടു പോലും അന്നത്തെ മുഖ്യധാരാ സമീപനങ്ങളോട് ഇണങ്ങിച്ചേർന്ന കവിയെയാണ് ഇദ്ദേഹത്തിന്റെ മറ്റു മിക്ക കവിതകളിലും കാണാനാവുക. വള്ളത്തോൾ സ്കൂളിന് സ്വയം അദ്ദേഹം കീഴ്പ്പെട്ടു നിന്നു. സ്വന്തമായൊരു കവിതാ വഴി തെളിയിച്ചിട്ടും ആ വഴിയേ അധികം മുന്നോട്ടു പോകാതെ അദ്ദേഹം എൻ.എൻ. കക്കാട് എഴുതിയതു പോലെ പെരുവഴിയേ തന്നെ പോയി. ഭാരത- കേരള ദേശീയതയിലൂന്നിയ പ്രമേയങ്ങളിൽ ഈ കവിയും മുഗ്ദ്ധനായി. "ഭാരതമാതാവേ, ജയ! ഭാരതമാതാവേ, ജയ! സാര തീർത്ഥ സരിൽക്ഷേത്ര ഭൂഷണേ ജയ" (ശ്രീചക്രഗാനം) എന്നിങ്ങനെ, ആ ദേശീയതയെക്കുറിച്ചെഴുതുമ്പോൾ സ്വയമറിയാതെയാവാം, വള്ളത്തോൾ ക്കവിതയുടെ ഭാഷാശൈലിപോലും കുട്ടമത്തുകവിത എടുത്തണിഞ്ഞു. കുട്ടമത്തു കവിതയുടെ ശാബ്ദിക തലം വള്ളത്തോൾക്കവിതയുടേതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. പ്രയോഗിക്കുന്ന പദങ്ങളുടെ മൂർത്തതയും ഖരത്വവും കൊണ്ടും പ്രാദേശികത കൊണ്ടും വള്ളത്തോളിന്റെ വൈദർഭീരീതിയിൽ നിന്ന് കുട്ടമത്തിന്റെ ശൈലി മാറി നിൽക്കുന്നു. ചില വെള്ളച്ചാട്ടങ്ങൾ എന്ന കവിതയിലെ ഈ ഭാഗം നോക്കൂ:
മഴ കൊണ്ടു മദം പൂണ്ടു മലഞ്ചോലയെല്ലാമോരോ
പുഴകളായ് പുളച്ചങ്ങു പുറപ്പാടായി
ഒഴുക്കു കൊണ്ടിരുപാടും പുഴക്കിത്തള്ളീ മരങ്ങൾ
വഴിക്കുള്ള ശിലാസംഘമുരുട്ടിത്തള്ളി
സഹജീവി വർഗ്ഗത്തോടായ് സഹതാപം കാണിപ്പാനായ്
സഹസാ വന്ന ചോലകൾ, ഭദ്രകാളികൾ
നീർപ്പോളയാം വട്ടക്കണ്ണു മിഴിച്ചു നോക്കുന്നു, മര-
ത്തോപ്പുകളാം ചപ്രത്തലയിളക്കിടുന്നു.
ഓളങ്ങളാം ബാഹുക്കളിൽ മരത്തടിയുലക്കകൾ
നീളം പൂണ്ടു തമ്മിലടിച്ചൊഴുക്കിടുന്നു
വലിയ വട്ടക്കല്ലുകൾ മുലകളായ് മുഴക്കുന്നു
പലവട്ടമിളക്കുന്നു നിണനീർ മെയ്യിൽ
ചെങ്കലക്കു കലർന്നേറ്റം മലപോലുയർന്ന ഗാത്രം
വൻ കടലിൽ പോലലറും കല്ലോല വക്‌ത്രം
കിഴക്കൻ മലയിൽ നിന്നുമുറവെടുത്തു വരുന്ന അരുവികൾ വലിയ വെള്ളച്ചാട്ടങ്ങളായി മാറുന്നതും അന്നപൂർണ്ണാദേവിയുടെ അവതാരങ്ങളായി മാറി വയലേലകളിൽ അന്നമാവുന്നതുമാണ് ഈ കവിതയുടെ വിഷയം. അതിനു ചേർന്ന, വള്ളത്തോൾ ശൈലിയിൽ നിന്നു ഭിന്നമായ ശബ്ദതലം ഈ കവിതയിലുണ്ട്. കുട്ടമത്തിന്റെ സ്വാഭാവികവും സ്വതന്ത്രവുമായ മൗലിക രീതി ഇതാണ്.
താൻ ജീവിച്ച കാലത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സമ്മർദ്ദം ആ കവിയുടെ സ്വച്ഛന്ദ കവിതാ യാത്രയെ ബാധിച്ചിരിക്കണം. സമകാലികതയും പൊതു സ്വീകാര്യതയും വഴി തെറ്റിക്കുമ്പോൾ കവിക്കു നഷ്ടപ്പെടുന്നത് സ്വേച്ഛാചാരിത്വമാണ് എന്ന് കുട്ടമത്തിന്റെ മിക്ക കവിതകളും ഓർമ്മിപ്പിക്കുന്നു.ഉഷയുടെ ശയനഗൃഹം, ദേശീയബോധം, ഒരു രത്നമാല, കിരാതഭില്ലി, പതിതപാവനനായ ഭഗവാൻ, അച്ഛനും മകനും, മുന്നോട്ടു പോക നാം തുടങ്ങിയ തലക്കെട്ടുകളുടെ ശൈലി മാത്രം നോക്കിയാൽ മതി വള്ളത്തോളിലേക്കുള്ള ചായ് വ് പ്രകടമാവാൻ. എന്നാൽ ഇന്നു വീണ്ടും വായിക്കുമ്പോൾ പ്രാദേശിക സംസ്കൃതി കവിതയുടെ പ്രമേയത്തിലും ഭാഷയിലും ഇടപെട്ടതിന്റെ, നമ്പ്യാർക്കു ശേഷവും കടമ്മനിട്ടക്കു മുമ്പുമുള്ള മികച്ച മാതൃകയായി കുട്ടമത്തിന്റെ ചില കവിതകളെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെടാതിരിക്കുകയില്ല.
No comments:
Post a Comment