Friday, September 30, 2022

ശില്പവും പന്തവും

 ശില്പവും പന്തവും

 

 നമുക്ക് വിശ്വരൂപദർശനഭാഗ്യം നൽകുക ഭാഷയാണ്. മലയാളത്തിൽ മുമ്പ് ജി.ശങ്കരക്കുറുപ്പിന്റെ കവിത നമുക്കാ അനുഭവം തന്നിട്ടുണ്ട്. കോടിക്കണക്കിനു ചേതനാചേതനങ്ങൾ കൊണ്ട് ചലനാത്മകമായ പ്രപഞ്ചത്തിന്റെ രൂപദർശനം കെ.എ. ജയശീലൻ വിശ്വരൂപൻ എന്ന കവിതയിൽ അവതരിപ്പിച്ചിട്ടുണ്ട്.മൗനത്തിനു തൊട്ടു മുമ്പ് ഭാഷ കൊണ്ടുള്ള വിശ്വരൂപദർശനമാണ് ബി.കെ ഹരി നാരായണന് കവിത. ഒരു കെട്ടടങ്ങലും അതിനു മുമ്പുള്ള കത്തിയാളലും നൂറ്റടപ്പൻ എന്ന ഈ ആദ്യ സമാഹാരത്തിലെ ഓരോ കവിതയിലുമുണ്ട്. ചിത കത്തിയാളുമ്പോഴാണ് ഓർമ്മയിൽ നിന്ന് നൂറ്റടപ്പൻ ഉയിർത്തു വരിക. ചിതാഗ്നിയിൽ നിന്നു പൊന്തി വരുന്ന നൂറ്റടപ്പൻ ഹോമാഗ്നിയിൽ നിന്നു പലതും പൊന്തിവരുന്ന ഭാരത രാമായണ കഥകളെ ഓർമ്മിപ്പിച്ചേക്കും. എന്നാൽ ചിതാഗ്നി ഹോമാഗ്നിയല്ല, ഓർമ്മാഗ്നിയാണ്, ഓർമ്മത്തീയാണ്. അതിൽ നിന്നാണ് ഒരു വൈകാരികലോകത്തെ അപ്പാടെ സൃഷ്ടിച്ചു കൊണ്ട് നൂറ്റടപ്പൻ പൊന്തി വരുന്നത്. മൗനത്തിന്റെ ഇരുട്ടും വികാരഭാഷയുടെ വെളിച്ചപ്പൊലിമയും പരസ്പരപൂരകമായി നിൽക്കുന്നതിന്റെ ഭംഗിയാണ് ഈ കവിതകൾക്ക്. ഒരു നിലയിൽ ഇതിലെ ഓരോ കവിതയും ഓരോ ആസന്നമരണചിന്താശതകമാണെന്നു പറയാം. ആസന്നമരണഭാവജ്വലനം എന്നായാൽ കുറേക്കൂടി കൃത്യമാകും. ആ ഭാവജ്വലനം ശൂന്യതയുടെ കണ്ണാടിയിൽ നിഴലിക്കുകയും ചെയ്യുന്നു.

ഇരുട്ടോ മൗനമോ മരണമോ ആണ് എപ്പോഴും മുന്നിലുള്ളത്. വെളിച്ചവും ഭാഷയും ജീവിതവും ഈ കവിയെ സംബന്ധിച്ചിടത്തോളം പിന്നിലാണ്, പിൻകഥയാണ്, പശ്ചാത്തലമാണ്. അമ്മാമന്റെ മരണമുണ്ടാക്കുന്ന ശൂന്യതക്കു പിന്നിലെ പശ്ചാത്തലമാണ് നൂറ്റടപ്പനും അതിൽ നിന്നു ജീവൻ വെച്ചു വരുന്ന വികാരലോകവും. ഇരുട്ടിന്റെ നിറവിളക്കിനു പിന്നിൽ നടക്കുന്ന വെളിച്ചക്കളിയാണത്. പട്ടാമ്പിയിലെ റെയിൽവേകമാനത്തിനു പിന്നിലെന്നപോലെ പിൻ കഥകളുടെ വിസ്താരമുണ്ട് ഇതിലെ ഓരോ കവിതയിലും. മരിച്ച മാതിരി ചിറകു പരത്തി വെച്ചു കിടക്കുന്ന പൂമ്പാറ്റക്കു പിന്നിലുണ്ട് നക്ഷത്രക്കണ്ണ് തിരുമ്പി മിഴിച്ചുണർന്നതിന്റേയും കടലിടുക്കിലേക്കൂർന്നു നീലച്ചതിന്റേയും ഒറ്റക്കുതിപ്പിൽ മലമടക്കു കേറി തുഞ്ചത്തു ചെന്നു കിതച്ച് ഒറ്റ കൂക്കിവിളിയിൽ ആകെ പച്ചച്ചതിന്റേയുമെല്ലാം തുടിപ്പുകൾ(മഞ്ഞ). പുഞ്ചിരിച്ചെത്തുന്ന പുലരികൾക്കു പിന്നിലെ കഥകളും ഈ കവിതകളിൽ  ചുരുളഴിയുന്നു. എന്നാൽ ചുരുളഴിഞ്ഞു ചുരുളഴിഞ്ഞു ബാക്കിയാകുന്ന ശൂന്യതയിലേക്കല്ല കവിയുടെ നോട്ടം. മറിച്ച്, മരണത്തിന്റെ, ശൂന്യതയുടെ, ഇരുട്ടിന്റെ കൈയ്യെത്താത്ത, ഉള്ളിലെ കത്രികപ്പൂട്ടിനകത്ത് ഒരു ചെറുമണിയോളം വരുന്ന പ്രേമം സകലത്തിലുമുള്ളതിനെയാണ് ഫോക്കസ് ചെയ്യുന്നത്. ആ ചെറുമണിപ്രേമത്തിന്റെ മറ്റൊരു പേരാണ് നൂറ്റടപ്പൻ, മറ്റൊരു പേരാണ് മഞ്ഞക്കാജ ....

ഇതിതാണ്, ഇതിതാണ് എന്നിങ്ങനെ ഓരോന്നിനേയും വേർതിരിച്ചു കാണിച്ചു തരാൻ കഴിയുന്ന ശക്തിയാണ് ശൂന്യത. അങ്ങനെ തിരിച്ചറിയപ്പെടുന്നതാണ് കവിത പോലും. ശൂന്യത ഭ്രാന്തിൽ നിന്ന് കവിതയെ വേർപെടുത്തി കാണിച്ചു തരുന്നു (ഗംഗമ്മു). മരിക്കും മുമ്പ് ഗംഗമ്മു ഭ്രാന്തിയായിരുന്നു. മരണത്തിന്റെ ശൂന്യത അവളെ കവിയായി അടയാളപ്പെടുത്തുന്നു. ശൂന്യതക്കു പിന്നിൽ നിന്ന് സ്ഥലങ്ങൾ, കാലങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ എല്ലാം തെളിഞ്ഞു വരുന്നു. തൃശൂർ - വടക്കാഞ്ചേരി റൂട്ടിൽ കോലഴിക്കടുത്തുള്ള പൂവണി എന്ന സ്ഥലം നിന്റെ ശൂന്യതക്കു പിന്നിൽ കവിതയായിത്തെളിയുന്ന പോലെ. ശൂന്യതക്കു പിന്നിൽ തെളിഞ്ഞു തെളിഞ്ഞുണ്ടാകുന്ന പൊലിമയാണ് ബി.കെ.ഹരിനാരായണന്റെ ഈ സമാഹാരം എനിക്കു തന്ന വലിയ സന്തോഷം.കാലസ്വരൂപവും അതോടൊപ്പം തെളിഞ്ഞു വരുന്നുണ്ട്. കുഴമണ്ണിൽ നിന്ന് മാവേലിയെ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ കയ്യിൽ തടഞ്ഞ വട്ടക്കണ്ണടച്ചില്ല് ഗാന്ധിവധാനന്തര ഇന്ത്യൻ രാഷ്ട്രീയകാലത്തെക്കൂടി തെളിയിച്ചു തരുന്നു കുഴമണ്ണ് എന്ന കവിതയിൽ. വൈകാരിക ശൂന്യതയിൽ നിന്ന് സമകാല സ്വരൂപം പടുക്കുകയാണ് ഇമോജി റാവു. ജനലിലൂടെ അടുത്തു വന്ന് തുറിച്ചു നോക്കുന്ന 'സ്ക്വിറ' ലിലൂടെ ക്വറണ്ടൈൻ കാലത്തെ  തെളിയിച്ചെടുക്കുന്നു. അപ്പോൾ അത് 'സ്ക്വിറണ്ടൈൻ ' എന്നൊരു ശില്പമാകുന്നു.

മൃതിശൂന്യതയുടെ നദിക്കക്കരെ കാലസ്വരൂപവും ഭാവസ്വരൂപവും പൊലിപ്പിച്ചെടുക്കുന്ന ഈ കവിയുടെ സൃഷ്ടികർമ്മത്തിൽ ശില്പം എന്ന വാക്ക് പ്രധാനമാകുന്നു. രാത്രിയിലെ ഇടിമിന്നലിൽ വെറുതെയങ്ങ് കത്തിപ്പിടിക്കുന്നതല്ല ഒരു പന്തവും. ഉമിയൂതി വീർപ്പിച്ചെടുത്ത ചെങ്കനൽ നെരിപ്പോടും വഞ്ചനക്കൂർപ്പിൻ ഉളി കൊണ്ട് മുറിച്ചിട്ട ചെമ്പകക്കാതൽപ്പിടിയും വേണം അതിന്. ഓർമ്മയുടെ ചോര വീണു പൊള്ളിയ ശീലകൾ ചുറ്റിച്ചുറ്റിയുണ്ടാക്കണം പന്തത്തിന്റെ തലപ്പ്. കണ്ണുനീർക്കടൽ കാച്ചിക്കുറുക്കിയെടുത്ത എണ്ണയാൽ വേണമതു നനക്കാൻ. ഓരോ പന്തവും ഒരു ശില്പം പോലെ സൃഷ്ടിക്കണം. അപ്പോഴേ കാറ്റിനത് കെടുത്താൻ കഴിയാതിരിക്കൂ. അപ്പോഴേ ഓരോ ശില്പവും പന്തമായ് ആളുകയുള്ളൂ. ഓരോ കവിതയും തികവുറ്റ ശില്പവും അതു വഴി കെടാതെ ആളുന്ന പന്തവുമാക്കാനാണ് കവി ശ്രമിക്കുന്നത്. ശൂന്യതക്കു പിന്നിലെ വെളിയിൽ ഭാഷകൊണ്ട് താൻ സൃഷ്ടിക്കുന്ന ജീവിത ശില്‌പങ്ങളെ പന്തമായി ആളിക്കാനാണ് കവി എണ്ണ പകരുന്നത്. ഈ ശില്പബോധമാകാം, സമകാല കവിതയുടെ പൊതുഗദ്യഭാഷയേക്കാൾ വൃത്തബദ്ധമായ കാവ്യഭാഷ സ്വീകരിക്കാൻ കവിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇരുട്ടിന്റെ പിന്നണിയിൽ ജീവിതരൂപം തെളിയിച്ചെടുക്കാൻ വെമ്പുന്ന ഹരിനാരായണ കവിതക്ക് ഏറെയിണങ്ങുന്നുണ്ട് സംസ്കൃത വൃത്തങ്ങളുടെ ശില്പദാർഢ്യം. ഇങ്ങനെ ഭാഷ, ശില്പബോധം, കവിത എന്തായിരിക്കണമെന്ന കാഴ്ച്ചപ്പാട് എന്നിവയിലെ തന്റേടം കൊണ്ട് ശ്രദ്ധേയമായ ഒരു കാവ്യലോകത്തിന്റെ വരവറിയിക്കുന്ന സമാഹാരമായിരിക്കുന്നു നൂറ്റടപ്പൻ.

No comments:

Post a Comment