Friday, September 23, 2022

ഞാൻ മനസ്സിലാക്കുന്നു

 ഞാൻ മനസ്സിലാക്കുന്നു

പി.രാമൻ


ഒരറ്റത്ത് മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡും മറ്റേയറ്റത്ത് ഉന്മാദിയായ ചിത്രകാരൻ വിൻസന്റ് വാൻഗോഗും നിൽക്കുന്നു. അവരുടെ നോട്ടങ്ങൾ സംഗമിക്കുന്ന ബിന്ദു തളിർത്താൽ എങ്ങനെയിരിക്കും? ഓരോ തളിർപ്പും കെ.രവീന്ദ്രന്റെ ഓരോ കവിതപോലിരിക്കും.


മനസ്സ് ആകുന്നു രവീന്ദ്രന്റെ മുഖ്യപ്രമേയം. ബോധം, ഉണർവ് എന്നതെല്ലാം മനസ്സിന്റെ സൃഷ്ടി തന്നെ. അനുഭവലോകമല്ല, അതിനെ ഉൾക്കൊള്ളുന്ന മനോലോകമാണ് കവി ആവിഷ്കരിക്കുന്നത്. തന്റെ സ്വകാര്യമായ ഒരിടമല്ല ഈ മനസ്സ്. അതൊരു പൊതു ഇടമാണ്. ബോധാബോധമനസ്സുകളും വ്യക്തിമനസ്സും സമൂഹ മനസ്സുമെല്ലാം ചേരുന്ന പൊതുമയാണ് രവീന്ദ്രന്റെ കവിതയിൽ മനസ്സ്.


മനസ്സും ശരീരവും ഒന്നിച്ചാണ് മലമുകളിലേക്കു കയറിപ്പോയത്. എന്നാൽ തിരിച്ചിറങ്ങാൻ നേരം ശരീരത്തിനു വയ്യ. ശരീരം വേണമെന്നില്ല അതിന്, മനസ്സേ വേണ്ടൂ. കുതിരക്കാരനേയും കുതിരയേയും കുതിരപ്പാതയേയും ഒന്നാക്കിമാറ്റുന്നത് മനസ്സു തന്നെ. കറുത്ത പൂച്ചക്കുട്ടിയും വെളുത്ത പൂച്ചക്കുട്ടിയും പാലു കുടിക്കുന്നതിനിടയിൽ ഇടക്കു കയറിക്കൂടിയ പക്ഷേയാണ് മനസ്സ്. വസ്തുക്കളെ, അനുഭവങ്ങളെ വിശദീകരിക്കുന്ന നാവാണ് മനസ്സ്. മനസ്സിനാൽ വിശദമാക്കപ്പെടുന്ന ലോകവും ലോകത്തെ വിശദീകരിക്കുന്ന മനസ്സും ഈ കവിതകളിൽ ഒരു പോലെ പ്രധാനമാണ്. മനസ്സു കടിച്ചു പിടിച്ചിരിക്കൽ (ഭാഷാന്തരം), മനസ്സിലെന്തോ കൊത്തിപ്പെറുക്കുന്ന ഒറ്റമൈന, ഒഴിഞ്ഞ മനപ്പേഴ്സ് (കടൽക്കടം) എന്നിങ്ങനെ വിശേഷണമായും വിശേഷ്യമായും മനസ്സ് നേരിട്ടു പ്രതിപാദിക്കപ്പെടുന്ന സന്ദർഭങ്ങൾ ഈ കവിതകളിൽ ഏറെയുണ്ട്.


 മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ സങ്കീർണ്ണതകളെക്കുറിച്ചാണ് ഈ സമാഹാരത്തിലെ പല കവിതകളും. വാൻഗോഗ് എന്ന സങ്കീർണ്ണമനസ്കനായ കലാകാരനെ മനസ്സിലാക്കാൻ സ്വന്തം നാട്ടു പ്രകൃതിയേയും സംസ്കൃതിയേയും ഉപാധിയാക്കുകയാണ് വാൻഗോഗ് വിഷു വരയ്ക്കുമ്പോൾ എന്ന കവിത. ഒരു പാശ്ചാത്യ കലാകാരനെ പൗരസ്ത്യതയിലൂടെ മനസ്സിലാക്കലുമാണിവിടെ. മനസ്സിലാക്കലിന് കവി സ്വീകരിക്കുന്ന ഉപാധികളാണ് രവീന്ദ്രന്റെ കവിതാലോകത്തെ സജീവവും വർണ്ണശബളവുമാക്കുന്നത്. മേൽപ്പറഞ്ഞ കവിതയിൽ വിഷുവും കണിക്കൊന്നയും കണിവെള്ളരിയും ചക്കച്ചുളയും പടക്കവുമെല്ലാം ചേർന്ന നാട്ടുസംസ്കൃതിയാണാ ഉപാധി. കണിക്കൊന്നയും സൂര്യകാന്തിപ്പാടവും ചക്കച്ചുളയും കാമുകിക്കായ് മുറിച്ച കാതുമെല്ലാം തമ്മിലിടകലർന്ന് വിഷുവിലൂടെ വാൻഗോഗിനെ മനസ്സിലാക്കലാവുന്നു. ഒരു കേരളീയനു മാത്രം സാധ്യമായ മനസ്സിലാക്കലാണിത്.


പെണ്ണിനേയും ആണിനേയും മനസ്സിലാക്കാൻ ശ്രമിക്കുന്ന പല കവിതകൾ ഇവിടെയുണ്ട്. മനസ്സിലാക്കലിന്റെ പരമാവധിയാണ് 'പല ലോകങ്ങളിൽ ഒരു പെൺകുട്ടി' എന്ന കവിത. തന്റെയുള്ളിൽ പല ലോകങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുള്ള പെൺകുട്ടിയെ ഭാഷയിലൂടെ മനസ്സിലാക്കുകയാണിതിൽ. വേണ്ടപ്പോൾ വേണ്ടപ്പോൾ ഉള്ളിലെ ലോകങ്ങളേതും അവൾ പുറത്തെടുക്കും. അതിൽ ചിലപ്പോൾ പൂമ്പാറ്റയായിപ്പാറും. ചിലപ്പോൾ പ്യൂപ്പയായിക്കിടന്നു ധ്യാനിക്കും. ചിലപ്പോൾ പൂമ്പാറ്റപ്പുഴുവായി തളിരിലകൾ തിന്നുതീർക്കും. ചിലപ്പോൾ അണ്ഡരൂപം കൊണ്ട് ചെറുതരിയായി പറ്റിപ്പിടിച്ചു കിടക്കും. ആ നിസ്സാരതക്കപ്പോൾ ബ്രഹ്മാണ്ഡമെന്നും പേരുണ്ടാവും. പെണ്ണിന്റെ ആന്തരലോകങ്ങൾ, അവയിലൂടെയുള്ള അവളുടെ സഞ്ചാരം എന്നിവയിലൂടെ പെണ്ണിനേയും പെൺമയേയും മനസ്സിലാക്കലിന്റെ സാഫല്യമാണ് ഈ കവിത വായനക്കാർക്കു പകരുന്നത്. ഇതേ പോലെ, ആണിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന കവിതയാണ് 'ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ'. അടുക്കളയിൽ പെരുമാറുന്ന പുരുഷനിലൂടെയാണ് കവി ആൺമയെ അഭിമുഖീകരിക്കുന്നത്. അവന്റെ പ്രകമ്പനങ്ങളും എടുത്തുചാട്ടങ്ങളും അക്ഷമയും അക്രമോത്സുകതയും ആ മനസ്സിലാക്കലിൽ വെളിവാകുന്നു.


ആൺമ, പെൺമ തുടങ്ങിയ പൊതുമകളെ മാത്രമല്ല വിശേഷപ്പെട്ട ഏതൊന്നിനേയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ കവിക്കു മുന്നോട്ടു നീങ്ങാൻ കഴിയൂ. ഗോപാലകൃഷ്ണൻ എന്ന ഒരു വിശേഷവ്യക്തിയെ മനസ്സിലാക്കുന്ന വിധമാണ് അതേ പേരുള്ള കവിത. ഈ രണ്ടു തലങ്ങളും ചേരുമ്പോൾ താൻ ജീവിക്കുന്ന കാലത്തേയും ലോകത്തേയും മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ആഴവും പരപ്പും നമുക്ക് അനുഭവമാകുന്നു. സമകാലത്തിന്റെ ഹിംസാത്മകതയിലൂടെത്തന്നെ വേണം ഗാന്ധിയെ മനസ്സിലാക്കാൻ എന്ന് ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത ഓർമ്മിപ്പിക്കുന്നു.


കവിതയുടെ ഭാഷയാണ് മനസ്സിലാക്കലിന്റെ മാധ്യമം. സമഗ്രമായ മനസ്സിലാക്കലിന് സമകാലികതയെ മാത്രം ഉൾക്കൊള്ളാൻ പോന്ന നടപ്പുകാല കാവ്യഭാഷ മതിയാവുകയില്ല എന്ന ബോധ്യം കവിക്കുണ്ട്. ആകയാൽ എന്തും ഉൾക്കൊള്ളാൻ പാകത്തിന് ഭാഷയെ സജ്ജമാക്കുന്നു ഇയാൾ. സ്ഥലകാലങ്ങളുടെയും അനുഭവകോടികളുടെയും വൈപുല്യത്തെ ഉൾക്കൊള്ളാനാവുംവിധം പദ്യം, ഗദ്യം, നാട്ടുവാമൊഴികൾ, പ്രയോഗം കുറഞ്ഞ സംസ്കൃത പദങ്ങൾ, കാവ്യപാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന പ്രയോഗങ്ങൾ എല്ലാം കവി ഉപയോഗപ്പെടുത്തുന്നുണ്ട്. സമകാലികതയിൽ തടഞ്ഞുനിന്ന് തന്റെ ശ്രമം ഭാഗികമായിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് രവീന്ദ്രന്റെ കാവ്യഭാഷയെ നിശ്ചയിച്ചിട്ടുള്ളത്.


മനസ്സിനേയും മനസ്സിലാക്കലിനേയും തത്വചിന്താപരമായി എന്നതിനേക്കാൾ ശാസ്ത്രീയ വീക്ഷണത്തോടു കൂടി സമീപിക്കാനാണ് ഈ കവി ശ്രമിക്കുന്നത് എന്നതാണെന്റെ ബോധ്യം. ഓരോ മനസ്സിലാക്കലിലുമുണ്ട് ശാസ്ത്രത്തിന്റെ വിശകലനാത്മകത. സിഗ്മണ്ട് ഫ്രോയിഡിന്റെ ഇടപെടൽ രവീന്ദ്രന്റെ കവിതയിൽ സ്വാഭാവികം. വൈലോപ്പിള്ളിയുടെയും മേതിൽ രാധാകൃഷ്ണന്റേയും കവിതകളിലെ ശാസ്ത്രീയതയുടെ നൂലോട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒന്ന് ഈ കവിതകളിലുണ്ട്.


മനസ്സിലാക്കുക എന്ന മലയാളപദത്തിന്റെ (മനസ് സംസ്കൃതമെങ്കിലും മനസ്സിലാക്കുക മലയാളം തന്നെ) വൈശദ്യം ശ്രദ്ധിക്കൂ. മനസ്സും മനസ്സിലേക്കെടുക്കലുമുണ്ടാ വാക്കിൽ. ആ വാക്കിന്റെ ഉള്ളു തൊടുന്നു രവീന്ദ്രന്റെ കവിതാലോകം.


മനസ്സിലാക്കൽ എന്ന പ്രക്രിയ എന്നത്തേയും പോലെത്തന്നെ സങ്കീർണ്ണമാണ് ഇന്നും. ബിംബപ്പെരുക്കവും വേഗപ്പെരുക്കവും ഈ പ്രക്രിയയെ ഇന്ന് കൂടുതൽ ബാധിച്ചിട്ടുണ്ട്. ഈ കലക്കത്തിൽ നിന്നുകൊണ്ടാണ് കവി മനസ്സിലാക്കലിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും എഴുതുന്നത് എന്നത് പ്രധാനമാണ്. എനിക്ക് മനസ്സുണ്ട്, ഞാൻ മനസ്സിലാക്കുന്നു എന്നത് അതുകൊണ്ടു തന്നെ തീർച്ചയായും ഒരു രാഷ്ടീയ പ്രഖ്യാപനമാണിന്ന്. ആ പ്രഖ്യാപനത്തിന്റെ കാവ്യാവിഷ്ക്കാരമാണ് 'വാൻഗോഗ് വിഷു വരക്കുമ്പോൾ' എന്ന ഈ സമാഹാരം.

No comments:

Post a Comment