ആത്മാവിലേക്കുള്ള വഴിയിൽ പെയ്യുന്ന
പ്രപഞ്ചഭാഷണങ്ങൾ
ശ്രീദേവി എസ്. കർത്തായുടെ കവിതകളെക്കുറിച്ച് സമയക്കുറവു മൂലം തിരക്കിട്ട് ഒരു കുറിപ്പെഴുതുന്നത് സാഹസമാണ്, പന്തികേടുമാണ്. കാരണം, നമ്മുടെ കാലത്തെ കവിമൊഴികളിൽ ഞാനേറ്റവും ശ്രദ്ധിച്ചിട്ടുള്ള ശബ്ദമാണ് ഈ എഴുത്തുകാരിയുടേത്. വിശദമായ പഠനം അർഹിക്കുന്നവയാണ് ഈ കവിതകൾ. ചില സാമാന്യ നിരീക്ഷണങ്ങൾക്കു മാത്രമേ ഇവിടെ തുനിയുന്നുള്ളൂ.
മലയാളത്തിലെ പെൺകവികളിൽ പേരറിയാവുന്ന ആദ്യത്തെയാൾ കുട്ടിക്കുഞ്ഞു തങ്കച്ചിയാണ്. അവിടുന്നിങ്ങോട്ട് ആധുനികതയുടെ കാലം വരെ, തോട്ടക്കാട്ട് ഇക്കാവമ്മ,സിസ്റ്റർ മേരി ബെനീഞ്ജ, കൂത്താട്ടുകുളം മേരി ജോൺ, മുതുകുളം പാർവതിയമ്മ, കടത്തനാട്ടു മാധവിയമ്മ, ബാലാമണിയമ്മ, ലളിതാംബിക അന്തർജ്ജനം തുടങ്ങി ധാരാളം കവികളെ ആ നിരയിൽ നാം കാണുന്നുണ്ട്. നിത്യജീവിതാനുഭവങ്ങൾക്കും പെണ്ണനുഭവങ്ങൾക്കുമൊപ്പം ആത്മീയാന്വേഷണത്തിന്റെ ഒരടര് ആധുനികതക്കു മുമ്പുള്ള ഈ പെൺകവികളിലെല്ലാം കാണാം. പെൺ കവിതാ പാരമ്പര്യത്തിൽ ഉള്ളടങ്ങിയ ആ ആത്മീയധാരയെ ഉൾക്കൊള്ളാനോ അതിനിടം കൊടുക്കാനോ ആധുനികതക്ക് കഴിഞ്ഞില്ല. ഒ.വി.ഉഷയെപ്പോലൊരു കവിയുടെ ഇടം തെളിച്ചു കാണിക്കാൻ ആധുനികതക്കു കഴിഞ്ഞില്ല. ആധുനികതക്കു മുമ്പുള്ള പെൺകവിതാ പാരമ്പര്യത്തിൽ നിന്നു വന്ന് ആധുനികതയെ മുറിച്ചു കടന്നു പോരാൻ കഴിഞ്ഞ ഒരേയൊരു കവി സുഗതകുമാരി മാത്രമാണ്. ആധുനികത നിറഞ്ഞു നിന്ന കാൽനൂറ്റാണ്ടുകാലം പെൺമൊഴികൾ ഏറെക്കുറെ നിശ്ശബ്ദമായി. പിന്നീട് ആധുനികതയുടെ തിരയടങ്ങിത്തുടങ്ങുമ്പോഴാണ്, 1970 കൾ ക്കൊടുവിൽ പെൺ ശബ്ദങ്ങൾ വീണ്ടും കേട്ടു തുടങ്ങുന്നത്. എ.പി. ഇന്ദിരാദേവിയുടെ മഴക്കാടുകൾ എന്ന സമാഹാരത്തിലെ കവിതകളോടെയാണ് ഈ രണ്ടാം വരവു തുടങ്ങുന്നത്. അവിടുന്നിങ്ങോട്ട് ധാരാളം പെൺ വഴികൾ മലയാളത്തിൽ സജീവമായി. ഫെമിനിസ്റ്റ് ആശയങ്ങളും ഉടലിന്റെ രാഷ്ട്രീയവും കീഴാള - പെൺ രാഷ്ട്രീയവും മുൻവെയ്ക്കുന്നവയാണ് 1980കൾ തൊട്ടുള്ള മിക്ക മലയാളപ്പെൺ കവിതാവഴികളും. മലയാള കവിതയെ പുതുക്കുന്നതിൽ അവ വലിയ പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ഇവിടെ വിട്ടു പോയ ഒരു കണ്ണിയുണ്ട്. ആത്മീയാന്വേഷണത്തിന്റെ ഒരു കണ്ണി. ആധുനിക പൂർവ കവിതയിലുണ്ടായിരുന്നതും ആധുനികതയുടെ കാലത്ത് ഇടർച്ച വന്നതും ആധുനികാനന്തരം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതുമായ ആത്മീയാന്വേഷണത്തിന്റെ പെൺ വഴി സുവ്യക്തമായി തെളിഞ്ഞു നിൽക്കുന്നു, ശ്രീദേവി എസ്. കർത്തായുടെ കവിതകളിൽ. സ്ത്രീപക്ഷ - ഉടൽ രാഷ്ട്രീയ ആശയങ്ങളോടെല്ലാം ഇണങ്ങിക്കൊണ്ടു തന്നെ ആത്മീയമായ അന്വേഷണത്തിന്റെ വഴിയും കവിതയിൽ പ്രധാനമാകേണ്ടതുണ്ട് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ശ്രീദേവിയുടെ കവിത. മലയാള കവിതയിൽ ഇടക്കാലത്തുണ്ടായ മുറിവ് ഉണക്കാൻ പോന്നതാണ് ശ്രീദേവിയുടെ എഴുത്തിലെ ഈ തിരിച്ചു പിടിക്കൽ. പഴമയിലേക്കു തിരിച്ചു പോകലല്ല ഇത്. മറിച്ച് ഏറ്റവും നവീനമായ ഭാഷയിലാണ് ഈ കവി എഴുതുന്നത്.
"ഒരു മനോഹരമൃഗം
തണുക്കുന്ന ചന്ദ്രനെ ഭയന്ന്
എന്റെ പുരയുടെ ഭിത്തി
തള്ളിക്കൊണ്ടിരുന്നു"
(മര്യാദയുള്ളവരുടെ രാത്രി)
ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീർത്തും പുതുതാണ്. കൂടുതൽ കൂടുതൽ ഹിംസാത്മകമാവുന്ന വർത്തമാനകാലസങ്കീർണ്ണത ഈ കവിതകൾ ശക്തമായിത്തന്നെ പങ്കു വയ്ക്കുന്നുണ്ട്. സമകാലികത പുലർത്തിക്കൊണ്ടു തന്നെ ആധുനിക പൂർവപാരമ്പര്യത്തിൽ നിന്നു മാത്രമല്ല അക്കാമഹാദേവിയുടെയും ആണ്ടാളിന്റെയും ഔവൈയാറിന്റെയുമെല്ലാം പാരമ്പര്യത്തിൽ നിന്നും ചിലതു വീണ്ടെടുത്തു സമകാല മലയാള കവിതയോടു ചേർക്കാൻ ഈ കവിക്കു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തിൽ പുതിയ തുറസ്റ്റുകൾ നൽകുന്നതാണ് ശ്രീദേവിയുടെ കവിത.
ഈ കവിതകളിലെ ആത്മീയാന്വേഷണത്തിന്റെ സവിശേഷതകളും വിശദാംശങ്ങളും ഈയൊരു ചെറു കുറിപ്പിൽ ഒതുക്കാനാവുന്നതല്ല. എങ്കിലും, പെൺമക്കും ആൺമക്കും ഉഭയത്വത്തിനുമപ്പുറത്തേക്കും, മനുഷ്യനും മൃഗത്തിനുമപ്പുറത്തേക്കും, ജംഗമത്തിനും സ്ഥാവരത്തിനുമപ്പുറത്തേക്കും കടന്ന് ചില സന്ദേഹങ്ങളും ചോദ്യങ്ങളും വിസ്മയങ്ങളും സംഭ്രമങ്ങളുമായി നീളുന്ന തേടൽ ഈ കവിതകളിലുണ്ട് എന്ന് ഒതുക്കിപ്പറയാം. ഈ തേടലാണ് നൂൽബന്ധമില്ലാത്ത ഭംഗി കവിതകൾക്കരുളുന്നത്. ആൺമയും പെണ്മയും ജീവികളായ ജീവികളത്രയും സ്ഥാവരജംഗമങ്ങളത്രയും തന്നോടു സംഭാഷണത്തിലേർപ്പെട്ടുകൊണ്ട് ശ്രീദേവിയുടെ കവിതാലോകത്തു വിഹരിക്കുന്നു. അവരെല്ലാവരുമായുള്ള സംഭാഷണത്തിലൂടെ, പ്രപഞ്ചവുമായുള്ള സംഭാഷണത്തിലൂടെ, എല്ലാത്തിലുമുള്ള തന്മ തന്നെയായി സ്വയം തിരിച്ചറിയുകയാണ് കവി. പുറത്തേക്കുള്ള ശ്രീദേവിയുടെ നോട്ടമോരോന്നും ഇങ്ങനെ അകത്തേക്കുള്ള നോട്ടം തന്നെയായി മാറുന്നു. ശരീരത്തിൽ നിന്ന് മനസ്സിലൂടെ പുറംലോകമറിഞ്ഞ് ആത്മാവിലേക്ക് പിൻമടങ്ങുന്ന ആത്മീയയാത്രയുടെ അഴിയാത്ത സൗന്ദര്യം ശ്രീദേവിയുടെ കവിതയെ തീർത്തും വ്യത്യസ്തമായ അനുഭവമാക്കി മാറ്റിയിരിക്കുന്നു. പ്രപഞ്ചവുമായുള്ള സംഭാഷണം സശ്രദ്ധം കേട്ടിരിക്കുന്ന സ്വന്തം തന്മയുടെ കാതായി ഈ കവിതകൾ വായനക്കാരനായ എന്നിൽ ഉണർവു കൊള്ളുന്നു.
No comments:
Post a Comment