Friday, September 30, 2022

അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത്, നിരഞ്ജൻ

 അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത്, നിരഞ്ജൻ


    പുതുകവിതയിലെ വെള്ളിനേഴിച്ചിട്ടയാണ് നിരഞ്ജന്റേത്. പുതു കവിത ഒരു പൊതു കവിതയാവുകയാണു വേണ്ടത് എന്ന അഭിപ്രായമുള്ളവർക്കിടയിലാവില്ല ഈ കവി സ്വീകാര്യനാവുക. ഇയാളുടെ കവിത ലോകം മുഴുവൻ ചുറ്റിക്കറങ്ങുകയും തുറമുഖ നഗരങ്ങളിലെ ബാർ വെളിച്ചത്തിലിരുന്ന് ബിയർ കുടിച്ച് വെള്ളിനേഴി മുദ്ര കാണിച്ച് മലയാളം പറയുകയും ചെയ്യും. ഒരേ സമയം അലയുന്ന നാടോടിയും വെള്ളിനേഴിക്കാരനുമാണയാൾ. ആദി കമ്യൂണിസ്റ്റും ചോദ്യം ചോദിക്കുന്ന അരാജകനുമാണിയാൾ. നാടനും നാഗരികനുമാണ്. ഈ ചേരുവയാണ് നിരഞ്ജന്റെ  കവിതയെ വേറിട്ടതാക്കുന്നത്. നല്ല വീര്യമുള്ള തമാശയിൽ കുലുങ്ങിക്കൊണ്ടിരിക്കുന്ന കവിതയുമാണ്. ആ വീര്യം തുളുമ്പിത്തെറിച്ചുവീഴുമ്പോൾ സമകാലവും ചരിത്രവും പ്രകമ്പനം കൊള്ളും.

സ്വന്തം കവിതയുടെ വേരുകളെ മുമ്പുള്ള കവിതകളിലേക്കു വീര്യം വലിച്ചെടുക്കാൻ വിടുന്നവരാണ് പൊതുവേ കവികൾ. എന്നാൽ ഈ കവി കാവ്യേതരമായ ആഖ്യാനങ്ങളിലേക്കാണ് വേരു നീട്ടുന്നത്. ഫിക്ഷനും പോപ് സംസ്കൃതിയും ഫോക് ലോറുമെല്ലാം ഇയാളുടെ കവിതയുടെ പശ്ചാത്തലത്തിലുണ്ട്. വി.കെ എന്നിനെപ്പോലൊരു എഴുത്തുകാരന്റെ ശൈലിയിൽ നിന്ന് ഒരു ചാല് ഈ കവിതയിലേക്ക് എത്ര സ്വാഭാവികമായാണ് ഒഴുകുന്നത് എന്നു നോക്കൂ. ആ ചാലുകൊണ്ട് നാടിന്റെ സമകാല രാഷ്ട്രീയ ജീവിതത്തെ നനക്കാനാണ് ഇയാൾ ശ്രമിക്കുന്നത്. കാലഘട്ടത്തിലേക്കുള്ള വഴി പോലുള്ള നിരഞ്ജൻ കവിതകൾ ഇതു പറയുമ്പോൾ പെട്ടെന്നോർമ്മ വരുന്നു.

 എന്നാൽ,കാവ്യാത്മകം എന്ന് മുദ്രവയ്ക്കാത്ത പലതും ചേർന്ന കൂട്ട് പ്രധാനമായിരിക്കുമ്പോഴും വികടകവിതയുടെ വഴിയിലല്ല നിരഞ്ജൻ കവിത മുന്നേറുന്നത്. രൂപപരമായ ശൈഥില്യവും അവക്കില്ല. ഛന്ദസ്സിന്റെയും താളങ്ങളുടെയും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാർ നിരന്നു നിന്നോട്ടെ, കാടേറിപ്പോകുന്ന , മദപ്പാടുള്ള, വൃത്തമില്ലാത്ത ഒരു വാക്കിലേക്കാണ് തന്റെ ശ്രദ്ധയെന്ന് ഒരു കവിതയിൽ ഇയാൾ എഴുതുന്നുണ്ട്. കാടേറിപ്പോകുന്ന ഒറ്റയാനാണെങ്കിലും ആന ആന തന്നെ. കാവ്യസാധാരണമല്ലാത്തതെങ്കിലും ഗജരാജ വിരാജിത ഗതി കൈവിടുന്നില്ല നിരഞ്ജന്റെ കവിത. ശബ്ദാനുഭവമായും ഭാഷാനുഭവമായും ആ ഗതി നാമറിയുന്നു. ആ ഗതിയെ നാം ജീവിക്കുന്ന കാലത്തിന്റെ ഗതിയാക്കി മാറ്റാൻ ഓരോ കവിതയിലും ഇയാൾക്കു കഴിയുകയും ചെയ്യുന്നു. ഭാഷയുടെ ഗതിയെ രാഷ്ട്രത്തിന്റെ ഗതിയായിത്തന്നെ കാണുന്ന ഒരു കവിത ഈ സമാഹാരത്തിലുണ്ട്. അതിന്റെ പേര് മാതൃകാ സംഭാഷണം എന്നാണ്. ഭാഷ ഉന്തുവണ്ടിയായും കാറായും തീവണ്ടിയായും കപ്പലായും റോക്കറ്റായും സ്ഥലകാലങ്ങളെ താണ്ടുന്നതിന്റെ കുതിപ്പാണ് എനിക്ക് നിരഞ്ജൻ കവിത. ആ ഭാഷാഗതി നിറുത്തി വായനക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന നിറുത്തലുകളാണ് ഇയാളുടെ കവിതാ പുസ്തകങ്ങളിലെ ഓരോ ശീർഷകവും.

അതെ, ഇതിന്റെ വീര്യമിരിക്കുന്നത് ഭാഷയിലാണ്. അതുകൊണ്ടാണ് ഇയാൾ കവിയായിരിക്കുന്നത് എന്ന് ഞാൻ വിചാരിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ കവിയായിരിക്കുന്നത് എന്ന് നിരഞ്ജനോട് എപ്പോഴും ഞാൻ പറഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. 'ചിലവു കുറഞ്ഞ കവിതകൾ' എന്ന പ്രഹര ശേഷിയുള്ള ആദ്യ പുസ്തകത്തിനു ശേഷമുള്ള അടുത്ത പുസ്തകം പുറത്തു വരാതിരിക്കാൻ ഈ കവി മന്ദവേഗനായി ആവതും പരിശ്രമിച്ചെങ്കിലും ഒടുവിൽ അതിതാ നമുക്കു കയറാനുള്ള സ്റ്റോപ്പിൽ എത്തിച്ചേർന്നിരിക്കുന്നു. കേറിക്കഴിഞ്ഞാലുടനെ പുസ്തകരൂപം വിട്ട് പല പല വാഹനവേതാളരൂപങ്ങൾ കൈക്കൊള്ളുന്ന ഇതിനകത്ത് ഞാനും സന്തോഷപൂർവം കയറിയിരിക്കട്ടെ. ഇതു കുതിക്കുന്നേടത്തേക്കൊക്കെ ഞാനും ത്രസിച്ചു കുതിക്കട്ടെ.

ശില്പവും പന്തവും

 ശില്പവും പന്തവും

 

 നമുക്ക് വിശ്വരൂപദർശനഭാഗ്യം നൽകുക ഭാഷയാണ്. മലയാളത്തിൽ മുമ്പ് ജി.ശങ്കരക്കുറുപ്പിന്റെ കവിത നമുക്കാ അനുഭവം തന്നിട്ടുണ്ട്. കോടിക്കണക്കിനു ചേതനാചേതനങ്ങൾ കൊണ്ട് ചലനാത്മകമായ പ്രപഞ്ചത്തിന്റെ രൂപദർശനം കെ.എ. ജയശീലൻ വിശ്വരൂപൻ എന്ന കവിതയിൽ അവതരിപ്പിച്ചിട്ടുണ്ട്.മൗനത്തിനു തൊട്ടു മുമ്പ് ഭാഷ കൊണ്ടുള്ള വിശ്വരൂപദർശനമാണ് ബി.കെ ഹരി നാരായണന് കവിത. ഒരു കെട്ടടങ്ങലും അതിനു മുമ്പുള്ള കത്തിയാളലും നൂറ്റടപ്പൻ എന്ന ഈ ആദ്യ സമാഹാരത്തിലെ ഓരോ കവിതയിലുമുണ്ട്. ചിത കത്തിയാളുമ്പോഴാണ് ഓർമ്മയിൽ നിന്ന് നൂറ്റടപ്പൻ ഉയിർത്തു വരിക. ചിതാഗ്നിയിൽ നിന്നു പൊന്തി വരുന്ന നൂറ്റടപ്പൻ ഹോമാഗ്നിയിൽ നിന്നു പലതും പൊന്തിവരുന്ന ഭാരത രാമായണ കഥകളെ ഓർമ്മിപ്പിച്ചേക്കും. എന്നാൽ ചിതാഗ്നി ഹോമാഗ്നിയല്ല, ഓർമ്മാഗ്നിയാണ്, ഓർമ്മത്തീയാണ്. അതിൽ നിന്നാണ് ഒരു വൈകാരികലോകത്തെ അപ്പാടെ സൃഷ്ടിച്ചു കൊണ്ട് നൂറ്റടപ്പൻ പൊന്തി വരുന്നത്. മൗനത്തിന്റെ ഇരുട്ടും വികാരഭാഷയുടെ വെളിച്ചപ്പൊലിമയും പരസ്പരപൂരകമായി നിൽക്കുന്നതിന്റെ ഭംഗിയാണ് ഈ കവിതകൾക്ക്. ഒരു നിലയിൽ ഇതിലെ ഓരോ കവിതയും ഓരോ ആസന്നമരണചിന്താശതകമാണെന്നു പറയാം. ആസന്നമരണഭാവജ്വലനം എന്നായാൽ കുറേക്കൂടി കൃത്യമാകും. ആ ഭാവജ്വലനം ശൂന്യതയുടെ കണ്ണാടിയിൽ നിഴലിക്കുകയും ചെയ്യുന്നു.

ഇരുട്ടോ മൗനമോ മരണമോ ആണ് എപ്പോഴും മുന്നിലുള്ളത്. വെളിച്ചവും ഭാഷയും ജീവിതവും ഈ കവിയെ സംബന്ധിച്ചിടത്തോളം പിന്നിലാണ്, പിൻകഥയാണ്, പശ്ചാത്തലമാണ്. അമ്മാമന്റെ മരണമുണ്ടാക്കുന്ന ശൂന്യതക്കു പിന്നിലെ പശ്ചാത്തലമാണ് നൂറ്റടപ്പനും അതിൽ നിന്നു ജീവൻ വെച്ചു വരുന്ന വികാരലോകവും. ഇരുട്ടിന്റെ നിറവിളക്കിനു പിന്നിൽ നടക്കുന്ന വെളിച്ചക്കളിയാണത്. പട്ടാമ്പിയിലെ റെയിൽവേകമാനത്തിനു പിന്നിലെന്നപോലെ പിൻ കഥകളുടെ വിസ്താരമുണ്ട് ഇതിലെ ഓരോ കവിതയിലും. മരിച്ച മാതിരി ചിറകു പരത്തി വെച്ചു കിടക്കുന്ന പൂമ്പാറ്റക്കു പിന്നിലുണ്ട് നക്ഷത്രക്കണ്ണ് തിരുമ്പി മിഴിച്ചുണർന്നതിന്റേയും കടലിടുക്കിലേക്കൂർന്നു നീലച്ചതിന്റേയും ഒറ്റക്കുതിപ്പിൽ മലമടക്കു കേറി തുഞ്ചത്തു ചെന്നു കിതച്ച് ഒറ്റ കൂക്കിവിളിയിൽ ആകെ പച്ചച്ചതിന്റേയുമെല്ലാം തുടിപ്പുകൾ(മഞ്ഞ). പുഞ്ചിരിച്ചെത്തുന്ന പുലരികൾക്കു പിന്നിലെ കഥകളും ഈ കവിതകളിൽ  ചുരുളഴിയുന്നു. എന്നാൽ ചുരുളഴിഞ്ഞു ചുരുളഴിഞ്ഞു ബാക്കിയാകുന്ന ശൂന്യതയിലേക്കല്ല കവിയുടെ നോട്ടം. മറിച്ച്, മരണത്തിന്റെ, ശൂന്യതയുടെ, ഇരുട്ടിന്റെ കൈയ്യെത്താത്ത, ഉള്ളിലെ കത്രികപ്പൂട്ടിനകത്ത് ഒരു ചെറുമണിയോളം വരുന്ന പ്രേമം സകലത്തിലുമുള്ളതിനെയാണ് ഫോക്കസ് ചെയ്യുന്നത്. ആ ചെറുമണിപ്രേമത്തിന്റെ മറ്റൊരു പേരാണ് നൂറ്റടപ്പൻ, മറ്റൊരു പേരാണ് മഞ്ഞക്കാജ ....

ഇതിതാണ്, ഇതിതാണ് എന്നിങ്ങനെ ഓരോന്നിനേയും വേർതിരിച്ചു കാണിച്ചു തരാൻ കഴിയുന്ന ശക്തിയാണ് ശൂന്യത. അങ്ങനെ തിരിച്ചറിയപ്പെടുന്നതാണ് കവിത പോലും. ശൂന്യത ഭ്രാന്തിൽ നിന്ന് കവിതയെ വേർപെടുത്തി കാണിച്ചു തരുന്നു (ഗംഗമ്മു). മരിക്കും മുമ്പ് ഗംഗമ്മു ഭ്രാന്തിയായിരുന്നു. മരണത്തിന്റെ ശൂന്യത അവളെ കവിയായി അടയാളപ്പെടുത്തുന്നു. ശൂന്യതക്കു പിന്നിൽ നിന്ന് സ്ഥലങ്ങൾ, കാലങ്ങൾ, വ്യക്തികൾ, സംഭവങ്ങൾ എല്ലാം തെളിഞ്ഞു വരുന്നു. തൃശൂർ - വടക്കാഞ്ചേരി റൂട്ടിൽ കോലഴിക്കടുത്തുള്ള പൂവണി എന്ന സ്ഥലം നിന്റെ ശൂന്യതക്കു പിന്നിൽ കവിതയായിത്തെളിയുന്ന പോലെ. ശൂന്യതക്കു പിന്നിൽ തെളിഞ്ഞു തെളിഞ്ഞുണ്ടാകുന്ന പൊലിമയാണ് ബി.കെ.ഹരിനാരായണന്റെ ഈ സമാഹാരം എനിക്കു തന്ന വലിയ സന്തോഷം.കാലസ്വരൂപവും അതോടൊപ്പം തെളിഞ്ഞു വരുന്നുണ്ട്. കുഴമണ്ണിൽ നിന്ന് മാവേലിയെ ഉണ്ടാക്കാൻ ശ്രമിക്കുമ്പോൾ കയ്യിൽ തടഞ്ഞ വട്ടക്കണ്ണടച്ചില്ല് ഗാന്ധിവധാനന്തര ഇന്ത്യൻ രാഷ്ട്രീയകാലത്തെക്കൂടി തെളിയിച്ചു തരുന്നു കുഴമണ്ണ് എന്ന കവിതയിൽ. വൈകാരിക ശൂന്യതയിൽ നിന്ന് സമകാല സ്വരൂപം പടുക്കുകയാണ് ഇമോജി റാവു. ജനലിലൂടെ അടുത്തു വന്ന് തുറിച്ചു നോക്കുന്ന 'സ്ക്വിറ' ലിലൂടെ ക്വറണ്ടൈൻ കാലത്തെ  തെളിയിച്ചെടുക്കുന്നു. അപ്പോൾ അത് 'സ്ക്വിറണ്ടൈൻ ' എന്നൊരു ശില്പമാകുന്നു.

മൃതിശൂന്യതയുടെ നദിക്കക്കരെ കാലസ്വരൂപവും ഭാവസ്വരൂപവും പൊലിപ്പിച്ചെടുക്കുന്ന ഈ കവിയുടെ സൃഷ്ടികർമ്മത്തിൽ ശില്പം എന്ന വാക്ക് പ്രധാനമാകുന്നു. രാത്രിയിലെ ഇടിമിന്നലിൽ വെറുതെയങ്ങ് കത്തിപ്പിടിക്കുന്നതല്ല ഒരു പന്തവും. ഉമിയൂതി വീർപ്പിച്ചെടുത്ത ചെങ്കനൽ നെരിപ്പോടും വഞ്ചനക്കൂർപ്പിൻ ഉളി കൊണ്ട് മുറിച്ചിട്ട ചെമ്പകക്കാതൽപ്പിടിയും വേണം അതിന്. ഓർമ്മയുടെ ചോര വീണു പൊള്ളിയ ശീലകൾ ചുറ്റിച്ചുറ്റിയുണ്ടാക്കണം പന്തത്തിന്റെ തലപ്പ്. കണ്ണുനീർക്കടൽ കാച്ചിക്കുറുക്കിയെടുത്ത എണ്ണയാൽ വേണമതു നനക്കാൻ. ഓരോ പന്തവും ഒരു ശില്പം പോലെ സൃഷ്ടിക്കണം. അപ്പോഴേ കാറ്റിനത് കെടുത്താൻ കഴിയാതിരിക്കൂ. അപ്പോഴേ ഓരോ ശില്പവും പന്തമായ് ആളുകയുള്ളൂ. ഓരോ കവിതയും തികവുറ്റ ശില്പവും അതു വഴി കെടാതെ ആളുന്ന പന്തവുമാക്കാനാണ് കവി ശ്രമിക്കുന്നത്. ശൂന്യതക്കു പിന്നിലെ വെളിയിൽ ഭാഷകൊണ്ട് താൻ സൃഷ്ടിക്കുന്ന ജീവിത ശില്‌പങ്ങളെ പന്തമായി ആളിക്കാനാണ് കവി എണ്ണ പകരുന്നത്. ഈ ശില്പബോധമാകാം, സമകാല കവിതയുടെ പൊതുഗദ്യഭാഷയേക്കാൾ വൃത്തബദ്ധമായ കാവ്യഭാഷ സ്വീകരിക്കാൻ കവിയെ പ്രേരിപ്പിച്ചിട്ടുണ്ടാവുക. ഇരുട്ടിന്റെ പിന്നണിയിൽ ജീവിതരൂപം തെളിയിച്ചെടുക്കാൻ വെമ്പുന്ന ഹരിനാരായണ കവിതക്ക് ഏറെയിണങ്ങുന്നുണ്ട് സംസ്കൃത വൃത്തങ്ങളുടെ ശില്പദാർഢ്യം. ഇങ്ങനെ ഭാഷ, ശില്പബോധം, കവിത എന്തായിരിക്കണമെന്ന കാഴ്ച്ചപ്പാട് എന്നിവയിലെ തന്റേടം കൊണ്ട് ശ്രദ്ധേയമായ ഒരു കാവ്യലോകത്തിന്റെ വരവറിയിക്കുന്ന സമാഹാരമായിരിക്കുന്നു നൂറ്റടപ്പൻ.

ഓരോ ഇടത്തും ....

 ഓരോ ഇടത്തും ....



അടുത്തൂൺ പറ്റിപ്പിരിഞ്ഞ ശേഷം

മഞ്ചേശ്വരം മുതൽ പാറശാല വരെ

തെയ്യവും വേലപൂരങ്ങളും കഥകളിയും

പടയണിയും കണ്ടു കറങ്ങാനായിരുന്നു

പരിപാടി.


മരിച്ചു പോയ പഴയ കൂട്ടുകാരുടെ,

പിന്നീടിന്നേവരെ ഓർക്കേണ്ടി വന്നിട്ടില്ലാത്ത

വീടുകൾ തേടിയുള്ള യാത്രയായതുമാറുമെന്ന്

ആരോർത്തു!

Sunday, September 25, 2022

ദേവതമാർ ഈ കവിയിൽ കളം കൊള്ളാനിറങ്ങി

 ദേവതമാർ ഈ കവിയിൽ കളം കൊള്ളാനിറങ്ങി


ഒരു മരത്തെ സംബന്ധിച്ചിടത്തോളം അത് നിൽക്കുന്ന ഇടമാണ് പച്ച. ടി.പി. രാജീവനെ സംബന്ധിച്ചിടത്തോളം താൻ നിൽക്കുന്ന ഇടമാണ് കവിത. അഥവാ, സാന്നിദ്ധ്യപ്പെടലാണ് കവിത.സാന്നിദ്ധ്യപ്പെടുക എന്നത് വർത്തമാനകാല അനുഭവമാണ്. ഭൂതഭാവികൾ മുഴുവൻ വർത്തമാനത്തിലേക്ക് ഇരച്ചെത്തുന്ന ഇടമാണ് ഈ കവിക്ക് താൻ നിൽക്കുന്ന ഇടം. കുഴിച്ച മണ്ണിൽ വെള്ളത്തിന്റെ നനവു പോലെ, സാന്നിദ്ധ്യത്തിന്റെ ഇടം.

പി. കുഞ്ഞിരാമൻ നായർ എന്നും തൊട്ടു മുന്നിൽ നീങ്ങുന്ന ഒരു ദേവതയുടെ പിറകേ അലഞ്ഞു. സൗന്ദര്യദേവത എന്നോ രമ്യശാരദകന്യക എന്നോ കാവ്യദേവത എന്നു തന്നെയോ അവളെ വിളിക്കാം. രാജീവനാകട്ടെ, ഒരു ദേവതയുടെയും ഒരു ദുർമൂർത്തിയുടെയും ഒരു കാമുകിയുടെയും പിറകേ പോകുന്നില്ല.മറിച്ച് എല്ലാവരും രാജീവനിൽ പ്രത്യക്ഷീഭവിക്കുകയാണ്, സാന്നിദ്ധ്യപ്പെടുകയാണ്. തന്റെ ഇടം എന്നാൽ താൻ സാന്നിദ്ധ്യം കൊള്ളുന്ന ഇടം. താനാകട്ടെ, തന്നിൽ സന്നിഹിതമാകുന്ന സകലതിന്റെയും ആകെത്തുകയും. അപ്പോൾ സാന്നിദ്ധ്യങ്ങളുടെയും പ്രത്യക്ഷങ്ങളുടെയും ആദ്യന്തമില്ലാത്ത തുടർച്ചയുടെ ഇടമാകുന്നു കവിത.

ആദ്യകാല കവിതകളിൽ ഈ കവി മൂർത്തികളെത്തേടി ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കും പോയി. സ്വന്തം ഭൂതകാലത്തിലേക്കു തിരിച്ചു പോയ, ഇനിയും തിരിച്ചറിയപ്പെടാത്ത മനുഷ്യപ്രതിമകളിലൊന്ന് - അങ്ങനെ പോയവൻ - ആണയാൾ. ആ യാത്രയിലയാൾ മേൽമലനായാട്ടിനു പോയ മുത്തച്ഛനേയും സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛനേയും വരെ കണ്ടുമുട്ടുന്നുണ്ട്. 

എന്നാൽ ഒരു ഘട്ടം കഴിഞ്ഞതോടെ ആദ്യം കവിയുടെ തന്നെ അപരത്വമായ നീ നിരന്തരമായി വെളിച്ചപ്പെടാൻ തുടങ്ങി. വേട്ട എന്ന ആദ്യകാല കവിത തൊട്ട് ഈ അപരത്വത്തിന്റെ പ്രകാശനം കാണാം. ഓരോ നിഴലിലും ഓരോ വളവിലും കണ്ണടക്കുമ്പോൾ എന്റെയുള്ളിൽ എന്നെത്തന്നെ നോക്കി നിൽക്കുന്ന, എന്റെ കാമുകിയുമായി സല്ലപിക്കുന്ന, മക്കളോടൊത്തു കളിക്കുന്ന വർത്തമാനകാലമൂർത്തിയാണാ നീ. ആധുനികമായ പൂർവാഖ്യാനങ്ങളിലേക്കു കൂടി പടർച്ചയുള്ളതാണ് ആ വർത്തമാനകാലമൂർത്തിയുടെ സ്ഥൂലസാന്നിദ്ധ്യം.ഞാനും നീയും എന്ന പിളർപ്പ് ആറ്റൂരിന്റെ പല കവിതകളിലുമുള്ളത് ഓർമ്മിക്കാം. അർക്കം എന്ന കവിത ഒരുദാഹരണം. തമിഴിൽ, ഏതാണ്ട് രാജീവന്റെ സമകാലീനനെന്നു പറയാവുന്ന ആത്മാനാമിന്റെ (ജനനം 1951) കവിതയിൽ ഞാൻ , നീ എന്ന ഈ പിരിവിന്റെ ഒരടരു കാണാം. ആത്മാനാം കവിതയെ മുൻനിർത്തിയുള്ള ഒരു സംഭാഷണത്തിൽ തമിഴ് കവികളായ യുവൻ ചന്ദ്രശേഖരനും സുകുമാരനും ആത്മാനാം കവിതയിലെ ഞാൻ കവിത അവസാനിക്കുന്നിടത്ത് നീയായി മാറുന്നതിനെക്കുറിച്ചു നിരീക്ഷിക്കുന്നുണ്ട്. (ആത്മാനാം- തേർന്തെടുത്ത കവിതൈകൾ) ഭിക്ഷ എന്നൊരു ചെറു കവിത ഉദാഹരിച്ചാണതു വിശദീകരിക്കുന്നത്.

നീയൊരു പിച്ചക്കാരനായിപ്പോ.

ഭിക്ഷ ഭിക്ഷ എന്നലറ്.

നിൻ്റെ വിളി

തെരുവിനറ്റം വരെയല്ല

അതിരില്ലാത്ത വെളിമ്പരപ്പു കടക്കണം.

നിൻ്റെ വിശപ്പിനുള്ള അന്നം

കുറച്ചരിമണികളിലില്ല.

നിൻ്റെ കയ്യിലൊന്നുമില്ല

ചില ചെങ്കൽക്കട്ടകളല്ലാതെ.

നിനക്കു ഭിക്ഷ തരാനും ഒരാളുമില്ല,

നീയല്ലാതെ.

ഇതു പറയുന്നത്

ഞാനല്ല നീ തന്നെ.

കവിയും കവിതയിലെ ആഖ്യാതാവും (കവിഞനും കവിതൈച്ചൊല്ലിയും എന്നു തമിഴിൽ) ചിലപ്പോൾ രണ്ടായി നിൽക്കുകയും ചിലെടത്ത് ഒന്നായിത്തീരുകയും ചെയ്യുന്നതിനാലാണ് ഈ ഞാൻ - നീ മാറാട്ടം എന്നാണവരുടെ വിശദീകരണം. എന്നാൽ രാജീവ കവിതയിലെ ഞാൻ - നീ പിളർപ്പ് അത്തരത്തിലല്ല. കവി വേറെ, ആഖ്യാതാവ് വേറെ എന്ന അനുഭവം രാജീവന്റെ കവിതകളിൽ പൊതുവേ ഇല്ലെന്നു പറയാം.

എന്റെ ഫലപ്രാപ്തിയാണ്, എന്നിലെ വിജയിയാണ് നീ എന്ന് മരം എന്ന ഒരാദ്യകാല കവിതയിൽ രാജീവനെഴുതുന്നു. പിന്നീട് സമീപകാല കവിതകൾ വരെ പല സന്ദർഭങ്ങളിലും നീ എന്ന ഈ കാലമൂർത്തി ഇടക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്. നീലക്കൊടുവേലിയിലെ പുതിയ കവിതകളിലുമുണ്ട് ഞാൻ പിളർന്നുണ്ടായ നീ, ജിഗ്സോ എന്ന കവിത നോക്കൂ. എന്നെ കൂടുതൽ കൃത്യമായി മനസ്സിലാക്കാൻ വേണ്ടിക്കൂടിയുള്ള അടർത്തിമാറ്റലാണ് രാജീവ കവിതയിലെ നീ. സ്വന്തം ഉടലിൽ നിന്ന് ഉയിർപ്പിച്ചെടുത്ത നീ , എന്റെ കണ്ണാടിയും കുരിശുമാകുന്നു. എന്നെ കാലത്തിലും സ്ഥലത്തിലും നിർത്തിക്കാണിക്കാൻ നീ എന്ന വർത്തമാനകാലമൂർത്തിക്കേ കഴിയൂ. വർത്തമാനകാലമൂർത്തിയായ നീ വന്നിറങ്ങിയതു മുതലാണ് രാജീവന്റെ കവിതക്കളത്തിലേക്ക് വരവുകൾ തുടങ്ങുന്നത് എന്നതിനാലാണ് നിന്നെ സ്ഥിരീകരിച്ച് മുന്നോട്ടു പോകുന്നത്.

ചരിത്രത്തിലേക്കും പിന്നിരുട്ടിലേക്കുമിറങ്ങിച്ചെന്ന് ശക്തിയാർജ്ജിക്കുന്ന കവിതകളേക്കാൾ സാന്നിദ്ധ്യങ്ങൾ ഇങ്ങോട്ടിറങ്ങിവരുന്ന കവിതകൾ എഴുത്തിന്റെ രണ്ടാം ഘട്ടത്തിൽ (വാതിൽ എന്ന സമാഹാരത്തിനു ശേഷമുള്ള കവിതകളിൽ) ശക്തമാകാൻ തുടങ്ങി.അമീബ, നിലവിളി എന്നീ ആദ്യകാല കവിതകളിൽത്തന്നെ ഈ സാന്നിദ്ധ്യപ്പെടലിന്റെ രീതി വെളിവായിത്തുടങ്ങുന്നുണ്ട്. തിരിച്ചറിയാത്ത ഒന്നിന്റെ സാന്നിദ്ധ്യം വിരസതയുടെയും ഏകാന്തതയുടെയും ആദിമജലത്തിൽ വ്യഥയായി പിളർന്നു പിളർന്ന്, വ്യാധിയായി പടർന്നു പടർന്ന് ആരും തിരിച്ചറിയാതെ, കാണാതെ സാന്നിദ്ധ്യപ്പെടുന്നു. വർത്തമാനകാലത്തിന്റെ ഫയലുകൾക്കിടയിൽ നിന്നാണ് എല്ലാത്തിന്റെയും തുടക്കമെന്ന് 'നിലവിളി ' യിൽ കവി പറയുന്നു. പൊടി പിടിച്ച ഫയലുകൾ തുടച്ചുമിനുക്കിയെടുക്കുമ്പോൾ കിട്ടിയ ആകാശക്കീറിൽ നിന്ന് ആദ്യം അവതരിക്കുന്നത് ഇടിമിന്നലുകളാണ്. തുടർന്ന് ഇളകിമറിയുന്നൊരു കടലും അതിൽ കൃസ്തുവിനു മുമ്പേതോ കാലത്തു നിന്നു പുറപ്പെട്ടു വരുന്ന ഒരു കപ്പലും പ്രത്യക്ഷപ്പെടുന്നു. ആ കപ്പലിൽ നിന്നിറങ്ങി വരുന്ന നിലവിളി ഇരുണ്ട വൻകരയിലെന്നപോലെ രാജീവന്റെ കവിതയിലാകെ പടർന്നു കയറുന്നു. ഒരു നിലവിളിയോടെയാണ് ചരിത്രം രാജീവന്റെ കവിതയിലേക്ക് ആദ്യം കടന്നുവരുന്നത്.

രാഷ്ട്രതന്ത്രം എന്ന സമാഹാരത്തിലെ കവിതകളിലെത്തുമ്പോൾ, ചരിത്രത്തിലേക്കെന്നപോലെ പ്രകൃതിയിലേക്കും കവിയിലെ മനുഷ്യൻ അന്വേഷിച്ചു പോകുന്നു.  രാജീവ കവിതയുടെ മൊഴിപ്പടർപ്പുകൾക്കിടയിൽ പുലിവരകൾ തെളിഞ്ഞു മായുന്നു.  മഴ, കാറ്റ്, മിന്നൽ തുടങ്ങിയ പ്രകൃതിശക്തികളിലേക്കു ചെന്ന് അവയെ എടുത്തണിയുന്നു. വർത്തമാനകാല മനുഷ്യന് കൂടുതൽ കരുത്തുകിട്ടാൻ പ്രകൃതിയുടെ ഈ ആവേശിക്കൽ കാരണമാകുന്നുണ്ട്. പോരാട്ടവീര്യം ഈ ഘട്ടത്തിൽ അയാൾക്കു വർദ്ധിക്കുന്നു. മൃഗസ്വത്വങ്ങളിലേക്കു പകരുന്ന ഒടിവിദ്യയുടെ കാലം കൂടിയാണിത്. ഇക്കൂട്ടത്തിൽ പല മൃഗങ്ങളിലേക്കും അങ്ങോട്ടു പോകുമ്പോൾ ചില മൃഗസ്വത്വങ്ങൾ ഇങ്ങോട്ടു വരുന്നതായി അനുഭവപ്പെടും. ഉദാഹരണത്തിന് മത്സ്യത്തിലേക്കും കുറുക്കനിലേക്കും അങ്ങോട്ടു പോകുമ്പോൾ ആമയും പൂച്ചയും ഇങ്ങോട്ടു വരുന്നു. അങ്ങോട്ടു പോകുന്നതിന്റെ പരിമിതി പ്രതീകാത്മകതയായി മത്സ്യത്തിലും കുറുക്കനിലും ശേഷിച്ചേക്കും. ഇങ്ങോട്ടവതരിക്കുന്നതിന്റെ തുറസ്സാകട്ടെ, ആമയേയും പൂച്ചയേയും പ്രതീകക്കെണിയിൽ നിന്നു രക്ഷിച്ച് വ്യാഖ്യാനപരതക്കപ്പുറം കടത്തുന്നു. മറ്റെല്ലാ ജീവികളും മനുഷ്യ വിനിമയങ്ങളുടെ ഭാഗമായി പ്രതീകങ്ങളായപ്പോൾ ഒന്നിലും പെടാതെ നിൽക്കുന്നു, ആമ.

ചുറ്റുപാടും

ആരുമില്ലെന്നുറപ്പ്.

ആമ

കയ്യും

കാലും

തലയും

മെല്ലെ പുറത്തേക്കിട്ടു.

അതേ ആകാശം

അതേ ഭൂമി.


പിന്നെ

നമ്മുടെ വർത്തമാനത്തിന്റെ

വിശാലമായ ചതുപ്പുകളിൽ

അവൻ കാറ്റു കൊള്ളാനിറങ്ങി.

ആമയെ വ്യാഖ്യാനിക്കാനല്ല  തോന്നുക. മറിച്ച്, വ്യവസ്ഥാപിതമായ എല്ലാ വ്യാഖ്യാനങ്ങൾക്കും പ്രസ്ഥാനവൽക്കരണങ്ങൾക്കുമപ്പുറത്ത് ജീവിതത്തെ തനിമയിൽ കാണുന്ന നോട്ടത്തിലേക്കാണ് നമ്മുടെ മിഴിയൂന്നുക. പൂർവ നിശ്ചിതങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും മോചിതമായ തനിമയോടെയാണ് ആമ അവതരിക്കുന്നത്.

പോക്കുകൾ വരവുകളായി മാറുന്ന മാറ്റത്തിന്റെ കാലമാണിത്. നിലനില്പിനു വേണ്ടിയുള്ള മനുഷ്യന്റെ പോരാട്ടത്തിന്റെ രാഷ്ട്രീയം ഈ ഘട്ടത്തിൽ രാജീവന്റെ കവിതയുടെ കൊടിയടയാളം തന്നെയായി മാറുന്നു. കൂട്ടങ്ങളോടു പൊരുതുന്ന വ്യക്തി ഊർജ്ജം ഉൾക്കൊള്ളുന്നത് പകർന്നാടി സാന്നിദ്ധ്യം കൊള്ളുന്ന ആദിപ്രഭവങ്ങളിൽ നിന്നാണ്.

ചക്രവർത്തിമാരെ കാണുമ്പോൾ

ചാടിയെഴുന്നേറ്റു നമസ്കരിക്കുവാൻ

പർവതങ്ങൾക്കാവില്ല.

അതുകൊണ്ട്,

ഒറ്റക്കു നിൽക്കുന്നവരെയും

ആകാശത്തിന്റെ അർത്ഥമറിയുന്നവരെയും

ലോകാവസാനം വരെ

ചങ്ങലക്കിടാം.

ഈ കവിതയുടെ തലക്കെട്ടു തന്നെ പ്രകൃതിപാഠങ്ങൾ എന്നാണ്. കൂട്ടങ്ങളാലും പരമാധികാരസ്വരൂപമാളുന്ന പ്രസ്ഥാനങ്ങളാലും വിഴുങ്ങപ്പെടുന്ന വൈയക്തികതയെ ആവിഷ്കരിക്കാൻ പ്രകൃതി പ്രഭവങ്ങളെയും ചരിത്ര പ്രഭവങ്ങളെയും രാജീവൻ ഉപയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ഗോത്ര ജീവിതത്തിൽ നിന്നുള്ള മൂർത്തികളെത്തന്നെ സംഘബോധത്തിനെതിരെ വൈയക്തികയെ ഉയർത്തിപ്പിടിക്കാനായി പ്രയോജനപ്പെടുത്തുന്നതിൽ ഒരു തിരിച്ചിടലുണ്ട്. മുള്ളിനെ മുള്ളുകൊണ്ടു തന്നെ എടുക്കുന്ന ഈ വിദ്യയെ രാഷ്ട്രീയദർശനവും സൗന്ദര്യദർശനവുമായി വികസിപ്പിക്കാൻ രാജീവനു കഴിഞ്ഞു. മലയാള കവിതയിലെ പൊതുബോധത്തോട് ഇടയുന്ന വിമതനായി രാജീവൻ ഇന്നും ഉറച്ചുനിൽക്കുന്നത് താൻ വികസിപ്പിച്ചെടുത്ത ഈ രാഷ്ട്രീയ - സൗന്ദര്യദർശനങ്ങളുടെ ബലത്തിലാണ്.

ഈ സന്ദർഭത്തിൽ, കാരണവന്മാരും മൂർത്തികളും ദേവതകളും പ്രകൃതി ശക്തികളുമെല്ലാം രാജീവന്റെ കവിതയിലേക്ക് നിരന്തരം കളം കൊള്ളാനിറങ്ങി. ആദിമമായ അലർച്ചകളും മുരൾച്ചകളും തേങ്ങലുകളും വർണ്ണവിന്യാസങ്ങളുമെല്ലാം വ്യക്ത്യഭിമാനത്തെ കാത്തുസൂക്ഷിക്കാൻ പാടുപെടുന്ന ചെറിയ മനുഷ്യന്റെ അനുഭവങ്ങളോടു ചേർത്തു വെച്ചിരിക്കുന്നു, ഈ കവിതകളിൽ. 'വയൽക്കരയിൽ ഇപ്പോൾ ഇല്ലാത്ത ' എന്ന വിശേഷണ വാക്യാർദ്ധത്തിലേക്ക് കവിതകൾ വന്നു ചേരുന്നതു പോലെ കവിതകളിലേക്ക് വനദേവതമാരും ഗോത്ര മുത്തശ്ശിമാരുമെല്ലാം കളം കൊള്ളാനെത്തുന്നു. മൂർത്തികൾ ഇങ്ങോട്ട് അവതരിക്കുകയാകയാൽ കവിയെ സംബന്ധിച്ചിടത്തോളം അതിൽ ഗൃഹാതുരതയുടെ പ്രശ്നമേ ഉദിക്കുന്നില്ല. സ്വാഭാവികമായി വന്നുചേരാനിടയുള്ള ഗൃഹാതുരഭാവത്തെ രാജീവൻ മറികടക്കുന്നത് എങ്ങനെ എന്നു വ്യക്തമാകാൻ വെറ്റിലച്ചെല്ലം എന്ന കവിത പരിശോധിച്ചാൽ മതി. വാരാണസി എക്സ്പ്രസ്സിൽ യാത്ര ചെയ്യുന്ന മുത്തശ്ശനും മുത്തശ്ശിക്കും മുന്നിൽ (മുത്തശ്ശൻ മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞിരുന്നു, മുത്തശ്ശി മരിച്ചു കൊണ്ടിരിക്കുകയായിരുന്നു , ഞാൻ ജനിച്ചിട്ടുമുണ്ടായിരുന്നില്ല എന്നു കവി) ടോയ്ലറ്റ് മുറിയുടെ ചുമരിൽ കാലകത്തിയിരിക്കുന്ന നഗ്നസുന്ദരിയുടെ രൂപത്തിലാണ് തട്ടകത്തമ്മ തെളിഞ്ഞു വരുന്നത്.

ഈ കവിതകളുടെ അടിസ്ഥാന കേരളീയ പ്രകൃതം എടുത്തു കാണിക്കാൻ വേണ്ടിയാണ് കളം കൊള്ളാനെത്തുക എന്ന പ്രയോഗം ഇവിടെ ഉപയോഗിച്ചത്. രാജീവന്റെ പുറപ്പെട്ടുപോയ വാക്ക്, മുഴുവൻ ലോകത്തിന്റെയും അനുഭവങ്ങൾ സ്വാംശീകരിച്ചതാണ്. അമേരിക്കയിൽ കണ്ട അണ്ണാനെയും ചൈനയിൽ കൊണ്ട മഴയേയും കുറിച്ചു വരെ രാജീവൻ എഴുതിയിട്ടുണ്ട്. സമകാല ലോക കവിതയുടെ ഒരു സമാഹാരം ദ ബ്രിങ്ക് എന്ന പേരിൽ ചേർത്തെടുത്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഴുതുന്നതാകട്ടെ, തീർത്തും പുതിയ ഗദ്യഭാഷയിലും. എന്നിട്ടും അടിമുടി കേരളീയമായിരിക്കുന്നു ഈ കവിതകൾ. സമകാല കേരളത്തിലെ ഏകശിലാത്മക രാഷ്ട്രീയ വ്യവസ്ഥയും വ്യക്തിയുടെ അന്തസ്സും തമ്മിലെ സംഘർഷം പോലുള്ള സൂക്ഷ്മ വ്യവഹാരങ്ങൾ ഈ കവിതകൾ ഉൾക്കൊളളുന്നു. ഇതൾത്തുമ്പിലെ തുടുപ്പും വേരറ്റത്തെ തുടിപ്പും ഓരോ കവിതയിലും ത്രസിക്കുന്നു. തന്റെ കടുന്തറപ്പുഴയും കുറ്റ്യാടിപ്പുഴയും ചെങ്ങോട്ടു മലയും രാജീവൻ ലോക കവിതയുടെ സമകാലീന ഭൂപടത്തിൽ അടയാളപ്പെടുത്തുന്നു. മലയാളി ശീലങ്ങളും കേരളീയ പ്രകൃതിയുടെ പുറമടരുകൾ പോലും രാജീവകവിതയിൽ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിന്റെ ഈ കാമ്പുറപ്പു കൊണ്ടാണ് രാജീവന് തന്റെ കവിതയെ ലോക കവിതയോടു ചേർത്തു വെക്കാൻ സാധിച്ചത്.

ലോക കവിതക്ക് അര നൂറ്റാണ്ടെങ്കിലും പിറകിലായാണ് മലയാള കവിത എന്നും സഞ്ചരിച്ചു പോന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഇംഗ്ലീഷിലെഴുതിയ എലിയറ്റ് മലയാളത്തിലെത്തുന്നത് നൂറ്റാണ്ടിന്റെ മധ്യം കഴിഞ്ഞ്. നെരൂദയും ബ്രഹ്ത്തും ലോർക്കയും ഇരുപതാം നൂറ്റാണ്ടൊടുവിൽ മലയാളത്തിൽ ആഘോഷിക്കപ്പെട്ടു. 1960 കളിൽ തന്റെ മികച്ച കവിതകളെഴുതിയ തോമസ് ട്രാൻസ്ട്രോമറാണ് ഏറ്റവും പുതിയ ശരിയായ കവിയെന്ന് മലയാളത്തിലെ 2022-ലെ ഇളംതലമുറ എഴുത്തുകാർ പോലും പറയുന്നു. ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായി, തന്റെ അതേ കാലത്ത് മറ്റു ഭാഷകളിലെഴുതുന്ന കവിതകൾക്കൊപ്പം തന്റെ കവിതകൾ നിർത്തിക്കാണാൻ ശ്രമിച്ച ആദ്യത്തെ മലയാള കവിയാണ് രാജീവൻ. സച്ചിദാനന്ദനെ മറന്നു കൊണ്ടല്ല ഇതു പറയുന്നത്. എന്നാൽ, നെരൂദ, ബ്രഹ്ത് തുടങ്ങിയ കവികളുടെ കവിതകൾക്കു മുന്നിലാണ് സച്ചിദാനന്ദന്റെ വിവർത്തന ഭാഷക്ക് സ്വാഭാവികമായ ഒഴുക്കു കൂടുതലുള്ളത്. സച്ചിദാനന്ദൻ സമഗ്രതയോടെ ശ്രദ്ധയൂന്നിയതും ആ കവികളിലാണ്. രാജീവനാകട്ടെ നോഹ ഹോഫൻബർഗ്ഗിനെയും മറ്റും പോലുള്ള ഏറ്റവും പുതിയ കവികളുടെ രചനകളിലാണ് ലയം കൊണ്ടതും അവരുടെ കവിതകൾക്കൊപ്പമാണ് സ്വന്തം കവിതകൾ ചേർത്തു വച്ചതും. പുറപ്പെട്ടു പോകുന്ന വാക്ക്, വാക്കും വിത്തും എന്നീ കൃതികളിൽ രാജീവൻ പരാമർശിക്കുന്ന കവിനിരയെ നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. തന്റെ ചൈനാ യാത്രയിൽ പരിചയപ്പെട്ട കായ് ടിയാൻ ഷിൻ എന്ന ഗണിതശാസ്ത്രജ്ഞനായ കവിയുടെ രചനാലോകം പരിചയപ്പെടുത്തുന്ന ഒരു സന്ദർഭമുണ്ട് വാക്കും വിത്തും എന്ന കൃതിയിൽ. തന്റെ സമകാലീനനായ ആ ചീനക്കവിയുടെ അപൂർവത രചനാമാതൃകകൾ ഉദാഹരിച്ച് മലയാള വായനക്കാർക്കു പരിചയപ്പെടുത്തുകയാണവിടെ. തടാകത്തിലെ വെള്ളം എന്ന മനോഹരവും വ്യത്യസ്തവുമായ കവിതയാണ് രാജീവൻ ഉദാഹരിക്കുന്നത്. 

തടാകത്തിലെ വെള്ളത്തിന്റെ

തുറസ്സാണ് കര.

തടാകത്തിലെ വെള്ളത്തിന്റെ

തുറസ്സാണ് ആകാശം.

നഗരം, വീട് എല്ലാം

തടാകത്തിലെ വെള്ളത്തിന്റെ

തുറസ്സുകൾ.

കുത്തനെ നിൽക്കുന്ന

തടാകവെള്ളമാണ്

ഭിത്തി.

മടക്കി വെച്ച തടാകവെള്ളമാണ്

കസേര

ചുരുട്ടി വെച്ച തടാകവെള്ളമാണ്

ചായപ്പാത്രം

തൂക്കിയിട്ട തടാകവെള്ളമാണ്

തൂവാല

സുതാര്യമായ തടാകവെള്ളമാണ്

സൂര്യവെളിച്ചം

ഒഴുകുന്ന തടാകവെള്ളമാണ്

സംഗീതം

പരസ്പരം തലോടുന്ന തടാകവെള്ളമാണ്

പ്രണയം

സങ്കല്പത്തിലെ തടാകവെള്ളമാണ്

സ്വപ്നം.

ഇങ്ങനെ മറുമൊഴികളിലെ തൽക്കാലം നമുക്കപരിചിതരായ തന്റെ സഹോദരകവികൾക്കൊപ്പമാണ് ഈ കവി മലയാളത്തിൽ നിന്നുകൊണ്ട് തന്റെ കാവ്യഭാഷക്കായി തേടുന്നത്.

സമകാലീനരായ ലോകകവികളെ പരിഭാഷയിലൂടെ മലയാളത്തിലെത്തിക്കുന്നതിനേക്കാൾ രാജീവൻ പ്രാധാന്യം കൊടുത്തത്, ലോക കവിതയിലെ സമകാലികതയെ അടുത്തറിഞ്ഞ് അവ സമാഹരിച്ച് പ്രസിദ്ധീകരിക്കുന്നതിലും ആ കവിതകൾക്കൊപ്പം സ്വന്തം കവിതകൾ ആത്മവിശ്വാസപൂർവ്വം ചേർത്തു വയ്ക്കുന്നതിലുമാണ്. തന്റെ ഇടം എന്നത് അത്രമേൽ പ്രധാനമായതു കൊണ്ടാണ് ഇങ്ങനെ നിഷ്കരുണം സ്വന്തം എഴുത്തിനെ ലോകകവിതക്കുമുന്നിൽ നിർത്തി നോക്കാൻ അയാൾക്കു ധൈര്യമുണ്ടായത്.

നാലു ദശകം പിന്നിട്ട കാവ്യജീവിതത്തിൽ പ്രകൃതി ശക്തികളും മൂർത്തികളും കാരണവന്മാരും മുത്തശ്ശിമാരും വനദേവതമാരും അവതരിച്ചത് എന്നും മാറ്റമില്ലാതെ നിലകൊണ്ട ഒരൊറ്റക്കളത്തിലായിരുന്നില്ല. ഏറ്റവും പുതിയ ഈ സമാഹാരം തന്നെ അതിന്റെ തെളിവ്. രാഷ്ട്രീയം, സംസ്ക്കാരം, വൈയക്തികത, പ്രതിരോധം, പ്രണയം, പ്രകൃതിദർശനം എന്നിങ്ങനെ കളം മാറി മാറി വരുന്നു. കാലം രാജീവന്റെ മൂർത്തികളേക്കാൾ അവ വന്നിറങ്ങിയാടുന്ന കളങ്ങളെയാണ് മാറ്റിപ്പണിതിരിക്കുന്നത്. തകർന്നടിയുന്ന മനുഷ്യന്റെയും മണ്ണിന്റെയും തൊണ്ടക്കുഴിയും നെഞ്ചിൻകൂടും നീലക്കൊടുവേലിക്കവിതകളിൽ കളങ്ങളാവുന്നു. ദാഹിക്കുന്ന തൊണ്ടയിലേക്കാണ് കടന്തറപ്പുഴ എഴുന്നള്ളുന്നത്. ശസ്ത്രക്രിയ ചെയ്യാൻ തുറന്നിട്ട നെഞ്ചിൻ കൂട്ടിലേക്കാണ് ബാല്യകാലസഖിമാർ വന്നിറങ്ങുന്നത്. മണ്ണിന്റെ തുരന്ന മാറിൽ കളംകൊണ്ടാണ് ചെങ്ങോട്ടുമല സംസാരിക്കുന്നത്. മൂർത്തികളല്ല, മാറി മറിയുന്ന കളങ്ങളാണ് പ്രധാനമെന്ന സൂചന ചെറുമന്തോട്ടപ്പൻ എന്ന കവിതയിലുണ്ട്. പണ്ടേ കളംകൊണ്ടു പോന്നിരുന്ന ഈ മൂർത്തി ഈയിടെയായി സാന്നിദ്ധ്യപ്പെടുന്നില്ല എന്ന ഖേദത്തിലൂടെ തനിക്കു വന്ന മാറ്റത്തെക്കുറിച്ചും ചെറുമന്തോട്ടപ്പനെക്കുറിച്ചുള്ള തിരിച്ചറിവിലേക്കും എത്തിച്ചേരുന്നതാണീ കവിത. ചെറുമന്തോട്ടപ്പൻ ഒരു ഒളിപ്പോരാളിയായിരിക്കാം, പീഡനവും അവമതിയും തിരിച്ചറിയപ്പെടാതിരിക്കലുമാവാം മൂപ്പരിലേക്കെത്താനുള്ള ഒരേയൊരു വഴി എന്ന തിരിച്ചറിവിൽ പീഡനകാലം കടന്നുപോന്ന ആഖ്യാതാവിന്റെ വർത്തമാന ഇടം തെളിയുന്നു. ആ കളത്തിലൊതുങ്ങുന്ന സ്വസ്ഥതയുടെ മൂർത്തിയല്ല, ചെറുമന്തോട്ടപ്പൻ.

വീറിന്റെയും വിമതത്വത്തിന്റെയും ഒളിപ്പോരിന്റെയും മുൻകാല കളങ്ങളിലേക്കല്ല, വിഷാദച്ഛവി പുരണ്ട ജീവിതകാമനയുടെ കളങ്ങളിലേക്കാണ് ഈ പുതിയ കവിതകളിൽ എല്ലാമെല്ലാം സാന്നിദ്ധ്യപ്പെടുന്നത്. ഒരേ സമയം പൗരാണികതയോടെയും നവീനതയോടെയും വെളിപ്പെടുന്ന ആ കാമനയും കൂടെക്കലർന്ന വിഷാദവും ഏറ്റവും സുന്ദരമായി ആവിഷ്ക്കരിക്കപ്പെട്ട കവിതയാണ് നീലക്കൊടുവേലി. നിറയുന്ന കണ്ണോടെയുള്ള ഒരു മുൻ നോട്ടവും പിൻ നോട്ടവുമാണാ കവിത. നിറകണ്ണുകൊണ്ട് ഭൂതഭാവികളെ കൂട്ടിയിണക്കുന്ന കവിത. ഈ നിറകൺ നോട്ടങ്ങൾ രാജീവ കവിതക്ക് പുതിയ അഴക് സമ്മാനിച്ചിരിക്കുന്നു. ജീവിതകാമനയുടെ പരമോന്നതിയാണ് നീലക്കൊടുവേലി, കേരളീയമായ ചിഹ്നം. പാതിരക്ക് നൂൽബന്ധമില്ലാതെ ഇറങ്ങിച്ചെന്നാൽ മാത്രമേ അത് കൈവശമാക്കാൻ കഴിയൂ എന്നൊരു സങ്കല്പം കേട്ടിട്ടുണ്ട് (പുലാക്കാട്ടു രവീന്ദ്രൻ നീലക്കൊടുവേലി എന്ന കവിതയിൽ ആ സങ്കല്പം ഉപയോഗപ്പെടുത്തിയിട്ടുണ്ട്). ഇരുമ്പിനെ പൊന്നാക്കാൻ പോന്ന ജീവിതകാമനയുടെ നീലക്കൊടുവേലി ഒരിക്കലും കരഗതമാവില്ലെങ്കിൽ പോലും, കവിതയുടെ നീലക്കൊടുവേലി കൈവശമാക്കാൻ പോന്ന വാക്കിന്റെ നഗ്നതയാൽ രാജീവന്റെ ഈ പുതിയ കവിതകൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഭൂതവർത്തമാനഭാവികളുടെ പല അടരുകളാൽ സമ്പന്നമാണ് ഈ കവിതകൾ. പരമ്പരകൾക്കപ്പുറത്തുള്ള മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയും ഭൂതകാലവും, എത്രാമത്തേതെന്നറിയാത്ത പേരക്കുട്ടിയുടെ ഭാവികാലവും ആഖ്യാതാവിന്റെ ബാല്യ കൗമാര യൗവന വാർദ്ധക്യങ്ങളോട് ചേർന്നുണ്ടാകുന്ന അനുഭവതലങ്ങൾ കൊണ്ട് ഇടതൂർന്നതാണ് ഈ കവിതകളിലെ ആഖ്യാനം. ആശുപത്രി വാർഡിലെ ഇരുട്ടിൽ സ്വയം ഉപേക്ഷിച്ചു കിടക്കുകയായിരുന്ന ആഖ്യാതാവിന്റെ നിറുകയിൽ തൊടുന്ന കടുന്തറപ്പുഴയുടെ നനവ് ഓർമ്മിപ്പിക്കുന്നത്, പണ്ടു കുഞ്ഞായിരുന്നപ്പോൾ തിരിച്ചു നൽകിയ ജീവിതത്തെപ്പറ്റിയാണ്. മരങ്ങളുടെ കാര്യത്തിലായാലും മനുഷ്യരുടെ കാര്യത്തിലായാലും പ്രായമാവുക എന്നതിനെ സ്വാഭാവികമായി സ്വീകരിക്കുന്ന കവിതകളാണിവ. കനവ് എന്ന കവിതയിൽ മുന്നിൽ താണു വന്ന് ചില്ലകൾ കൊണ്ടു തൊടുന്ന നീർമരുതിന്റെ വാർഷിക വളയങ്ങൾ എണ്ണി നോക്കുന്നുണ്ട് കവി.

ഒന്ന്, രണ്ട്, മൂന്ന്, നാല് .....

ഞാൻ വാർഷികവളയങ്ങൾ എണ്ണി നോക്കി.

അച്ഛൻ അപ്പൂപ്പൻ അമ്മ അമ്മൂമ്മ മുത്തശ്ശൻ മുതുമുത്തശ്ശൻ

ഓരോരുത്തരായി വന്നു തുടങ്ങി.

ഒരു കാട്ടുപ്ലാവ് നോക്കിച്ചിരിച്ചു

എന്റെയതേ പ്രായമായിരുന്നു അതിന്.

നീലക്കൊടുവേലി എന്ന കവിതയിൽ, ജീവിച്ച വർഷങ്ങൾ വളയങ്ങളായ് ഉടലിലണിഞ്ഞു മുറ്റത്തു നിൽക്കുന്ന ഈന്തുമരത്തെക്കുറിച്ചു പറയുന്നു. വൃക്ഷങ്ങൾ വാർഷിക വലയങ്ങളെ എന്ന പോലെ പ്രായമാകലിനെ സ്വാഭാവികമായി ഏറ്റുവാങ്ങുന്നതിന്റെ പാകത രാജീവന്റെ കവിത ഏതു കാലത്തും പുലർത്തുന്നുണ്ട്. അതുകൊണ്ട് രാജീവന്റെ കവിതക്ക് അകാലത്ത് യുവാവായി നടിക്കേണ്ടിയോ മസില് പ്രദർശിപ്പിക്കേണ്ടിയോ കൗമാര ചാപല്യങ്ങൾ കാണിക്കേണ്ടിയോ വരുന്നില്ല. വാർഷികവലയങ്ങളിലൂടെ തിടം വച്ചു വരുന്ന കവിതക്കേ, ഒരു വയസ്സുകാരി പേരക്കുട്ടിക്ക് ആരുടെ ഛായയാണച്ഛാ എന്നു ചോദിക്കുമ്പോൾ, വംശാവലിയുടെ ഉമ്മറവാതിലുകളിലേതോ ഒന്നിന്റെ മറവിൽ നിന്ന് സന്‌ധ്യാദീപത്തിന്റെയും കർപ്പൂരത്തിന്റെയും ചന്ദനത്തിന്റെയും ഗന്ധച്ഛായ ഒരു മുത്തശ്ശിയായ് വാരിപ്പുണരുന്നത് അനുഭവിപ്പിക്കാൻ കഴിയൂ.

ബൗദ്ധികവ്യായാമങ്ങൾ കൊണ്ടു ജടിലമായിക്കഴിഞ്ഞിരുന്ന മലയാള കവിതാഗദ്യത്തെ വൈകാരികതയുടെ ചോരയോട്ടം കൊണ്ടുണർത്തിയ കവിയാണ് ടി.പി. രാജീവൻ. ആ വൈകാരികത അതിന്റെ പരമാവധിയിൽ അനുഭവിക്കാൻ കഴിയുന്നു, ഈ പുതിയ കവിതകളിൽ. ഗദ്യത്തിന്റെ ബലിഷ്ഠതന്ത്രികളെ മീട്ടി വൈകാരികമാക്കുന്നതാണാ രീതി. കെ.ജി.ശങ്കരപ്പിള്ളയുടെ ഭാഷയെ ഓർമ്മിപ്പിക്കുന്ന ബിംബാത്മകവും പ്രഭാഷണപരവും ബൗദ്ധികവുമായ ഗദ്യഭാഷയിലാണ് രാജീവൻ 1970-കൾക്കൊടുവിൽ എഴുതിത്തുടങ്ങിയത്. എന്നാൽ രാഷ്ട്രതന്ത്രത്തിലെ കവിതകളിലെത്തുമ്പോൾ തന്നെ രാജീവന്റെ ഭാഷ മുൻകവി സ്വാധീനങ്ങളെല്ലാം കുടഞ്ഞെറിഞ്ഞ് സ്വച്ഛമാവുന്നുണ്ട്. വൈകാരികതയെ ഉൾക്കൊള്ളാനുള്ള ശേഷി കൊണ്ടാണ് രാജീവൻ അതു സാധിച്ചത്. കാല്പനികതയുടെ ചെടിപ്പുകൾ തീണ്ടാത്തതും ബൗദ്ധികമായ വിശകലനക്ഷമതയുള്ളതും അതേ സമയം വൈകാരികവുമായ, ദൃഢതയുള്ള ഗദ്യഭാഷയാണ് ഈ കവിയെ തൊണ്ണൂറുകളിലെ ഏറ്റവും പ്രധാന കവിയാക്കിയത്. പൗരന്റെ പ്രസംഗപീഠ ഭാഷക്കും അക്കാദമീഷ്യന്റെ പ്രബന്ധ ഭാഷക്കും പുറത്ത് ദൃഢവും അതേ സമയം വൈകാരികവുമായ കാവ്യഭാഷ സാദ്ധ്യമാണെന്ന് എന്നെപ്പോലുള്ള പിൻ കവികളെ ആദ്യമായി ബോദ്ധ്യപ്പെടുത്തിയ കവിയാണ് രാജീവൻ. പൊതുവേ ആശയ കേന്ദ്രിതമായിരുന്ന ആധുനിക കാവ്യഭാഷയിൽ നിന്നു മാറി അനുഭവകേന്ദ്രിതമായ പുതിയൊരു കാവ്യഭാഷ കൊണ്ടുവന്നു രാജീവൻ. വൈയക്തികതയും സാമൂഹികതക്കു പ്രാധാന്യമുള്ള നമ്മുടെ കാവ്യഭാഷയും തമ്മിലെ അകലം വെട്ടിക്കുറക്കാൻ ഈ പുതുകാവ്യഭാഷക്കു കഴിഞ്ഞു. 

രാജീവന്റെ പുതുഗദ്യഭാഷ മലയാളത്തിന്റെ പദ്യകവിതാ ഭാഷയിൽ നിന്നു സമ്പൂർണ്ണമായി വെട്ടിത്തിരിഞ്ഞകന്നു നിൽക്കുന്നതല്ല എന്നതും എടുത്തു പറയേണ്ടതുണ്ട്. ഭാവുകത്വപരവും ഘടനാപരവുമായി വിദേശച്ചുവയുള്ള ഗദ്യകാവ്യഭാഷയല്ല രാജീവന്റേത്. പ്രകടനപരമായ വിച്ഛേദത്തിലും പുതുമയിലുമല്ല ഈ കവിയുടെ ശ്രദ്ധ. മാത്രമല്ല, ആധുനികതയുടെ പൊതു കാവ്യഭാഷയിൽ നിന്നും വ്യത്യസ്തമായ പുതുഗദ്യകാവ്യഭാഷ ഉപയോഗിക്കുമ്പോഴും, പുതുകവിതയുടെ ഭാഷ ഗദ്യമാണ് എന്നുറച്ചു വിശ്വസിക്കുമ്പോൾ പോലും, ആധുനികപൂർവ പദ്യകവിതയുമായി ഭാവുകത്വപരവും സാംസ്ക്കാരികവും ഘടനാപരമായിപ്പോലും ചില തലങ്ങളിൽ ഇണങ്ങി നിൽക്കാൻ സശ്രദ്ധമാണ് രാജീവന്റെ കവിത. ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ചങ്ങമ്പുഴ, ഇടപ്പള്ളി എഴുത്തച്ഛൻ തുടങ്ങിയ ആധുനിക പൂർവ കവികളോട് സാംസ്ക്കാരികമായി ഐക്യപ്പെടുന്നു ഈ കവിതകൾ. എല്ലായ്പ്പോഴും അങ്ങനെത്തന്നെയാവണമെന്നില്ല എന്ന പുതുഗദ്യമൊഴിനടയിലുള്ള കവിത ഇടശ്ശേരിയുടെ പൂതപ്പാട്ടിലേക്ക് കണ്ണി ചേർത്തിരിക്കുന്നു. കർക്കടകത്തിൽ അച്ഛൻ സുന്ദരകാണ്ഡം വായിക്കുമ്പോൾ ഇരുട്ടിൽ മഴയിൽ തെളിഞ്ഞു വരുന്ന ആദികവിദർശനമാണ് സുന്ദരകാണ്‌ഡം എന്ന കവിത. നീലക്കൊടുവേലിയിലെ ഒരു കവിതാ ശീർഷകം തന്നെ മേദിനീവെണ്ണിലാവ് എന്നാണ്. പതിനാലാം നൂറ്റാണ്ടിലെ മണിപ്രവാളകവിതയിലേക്കാണ് ഈ കാവ്യ സൂചന നീണ്ടെത്തുന്നത്. എന്നാൽ, പട്ടണത്തിൽ ഒറ്റക്കലയുന്നവന്റെ മുന്നിലെ ഇരുട്ടിലാണ് മേദിനീ വെണ്ണിലാവ് നീന്തിത്തുടിക്കാനെത്തുന്നത്.

എഴുത്തിന്റെ മൂന്നാം ഘട്ടത്തിൽ  ഭാഷയുടെ മൂർച്ചയിൽ നിന്ന് ആഖ്യാനത്തിന്റെ വൈശദ്യത്തിലേക്ക് രാജീവന്റെ കാവ്യഭാഷ പടർന്നു. കോരിത്തരിച്ച നാൾ , പ്രണയശതകം, ദീർഘകാലത്തിലെ ഒന്നാംഭാഗ കവിതകൾ എന്നിവയടങ്ങുന്നതാണ് മൂന്നാം ഘട്ടം. ആഖ്യാന വൈശദ്യം ഭാഷയെ ഇളക്കി മറിക്കുന്നതിന്റെ മികച്ച മാതൃകയാണ് കോരിത്തരിച്ച നാൾ എന്ന സമാഹാരത്തിലെ എല്ലാ കവിതകളും.

"ഒന്നു പിഴച്ചാൽ കണിക പോലും കിട്ടാത്ത ആ മുനമ്പിൽ

തുമ്പിതുള്ളുന്ന സുതാര്യസഹോദരിമാരിൽ

ഏതായിരിക്കും എന്റെ കിണറിലെ വെള്ളം?"

എന്ന, ഹൊഗനക്കലിന്റെ ആഴത്തിൽ രാജീവന്റെ കാവ്യഭാഷ കൈവരിച്ച ഒഴുക്കും പടർച്ചയും വൈശദ്യവും നമുക്കു കൃത്യമാവുന്നു.

തന്റെ കവിജീവിതത്തിന്റെ നാലാം ഘട്ടത്തിലാണ് രാജീവനിപ്പോൾ. ഈ ഘട്ടത്തിലെ അനുഭവപരവും പ്രമേയപരവുമായ ചില സവിശേഷതകൾ മുമ്പു സൂചിപ്പിച്ചു കഴിഞ്ഞു. രൂപപരവും ഭാഷാപരവുമായ മുൻ അതിരുകളെ മറികടക്കുന്നവയാണ് നീലക്കൊടുവേലിയിലെ കവിതകൾ. ഗദ്യ ക്രമത്തിന്റെ ചില പ്രത്യേക രൂപഘടനകൾ രാജീവിന്റെ വാതിൽക്കവിതകളിലും രാഷ്ട്രതന്ത്രകവിതകളിലും (ഒന്നും രണ്ടും ഘട്ട കവിതകൾ) കണ്ടെത്താൻ കഴിയും. മൂന്നാം ഘട്ടത്തിലെ കോരിത്തരിച്ച നാൾ തൊട്ടുള്ള കൃതികളിൽ ആഖ്യാനാത്മകതയുടെ പരപ്പും സൂക്ഷ്മതയിലൂന്നിയ വൈശദ്യവും കാണാനാവും. നീലക്കൊടുവേലിയിൽ ഗദ്യത്തെ ആഴത്തിൽ താളപ്പെടുത്തി ഗാനാത്മകമാക്കുന്ന രചനകളിൽ പോലും നാമെത്തുന്നു. രാജീവകവിത ഒടുവിൽ ഒഴുകിച്ചേർന്ന ഭാഷാനുഭവമേഖലയെ കൃത്യമായി അടയാളപ്പെടുത്തുന്നു സോപാനം എന്ന കവിത, പഴയ രാജീവൻ ഒരിക്കലും എഴുതാനിടയില്ലാത്ത ഒരു പുതിയ കവിത. രാജീവൻ തന്റെ പ്രതിഭയുടെ പാരമ്യത്തിലാണെന്നും പുതിയ ഭാഷാനുഭവങ്ങൾക്കായി അയാൾ തേടിക്കൊണ്ടിരിക്കുകയാണെന്നും ഉറപ്പിക്കുന്ന കവിത.

ആരോ പാടിക്കോട്ടെ

എങ്ങോ പാടിക്കോട്ടെ

എന്തോ പാടിക്കോട്ടെ

കണ്ണു നിറഞ്ഞാൽ പോരെ

മനസ്സു കുളിർത്താൽ പോരെ

വാക്കു തളിർത്താൽ പോരെ

ശിലകളുണർന്നാൽ പോരെ

ദൈവത്തിൻ ചിരി ചുറ്റും

പാട്ടിലലിഞ്ഞാൽ പോരെ!


Friday, September 23, 2022

ഞാൻ മനസ്സിലാക്കുന്നു

 ഞാൻ മനസ്സിലാക്കുന്നു

പി.രാമൻ


ഒരറ്റത്ത് മനശ്ശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡും മറ്റേയറ്റത്ത് ഉന്മാദിയായ ചിത്രകാരൻ വിൻസന്റ് വാൻഗോഗും നിൽക്കുന്നു. അവരുടെ നോട്ടങ്ങൾ സംഗമിക്കുന്ന ബിന്ദു തളിർത്താൽ എങ്ങനെയിരിക്കും? ഓരോ തളിർപ്പും കെ.രവീന്ദ്രന്റെ ഓരോ കവിതപോലിരിക്കും.


മനസ്സ് ആകുന്നു രവീന്ദ്രന്റെ മുഖ്യപ്രമേയം. ബോധം, ഉണർവ് എന്നതെല്ലാം മനസ്സിന്റെ സൃഷ്ടി തന്നെ. അനുഭവലോകമല്ല, അതിനെ ഉൾക്കൊള്ളുന്ന മനോലോകമാണ് കവി ആവിഷ്കരിക്കുന്നത്. തന്റെ സ്വകാര്യമായ ഒരിടമല്ല ഈ മനസ്സ്. അതൊരു പൊതു ഇടമാണ്. ബോധാബോധമനസ്സുകളും വ്യക്തിമനസ്സും സമൂഹ മനസ്സുമെല്ലാം ചേരുന്ന പൊതുമയാണ് രവീന്ദ്രന്റെ കവിതയിൽ മനസ്സ്.


മനസ്സും ശരീരവും ഒന്നിച്ചാണ് മലമുകളിലേക്കു കയറിപ്പോയത്. എന്നാൽ തിരിച്ചിറങ്ങാൻ നേരം ശരീരത്തിനു വയ്യ. ശരീരം വേണമെന്നില്ല അതിന്, മനസ്സേ വേണ്ടൂ. കുതിരക്കാരനേയും കുതിരയേയും കുതിരപ്പാതയേയും ഒന്നാക്കിമാറ്റുന്നത് മനസ്സു തന്നെ. കറുത്ത പൂച്ചക്കുട്ടിയും വെളുത്ത പൂച്ചക്കുട്ടിയും പാലു കുടിക്കുന്നതിനിടയിൽ ഇടക്കു കയറിക്കൂടിയ പക്ഷേയാണ് മനസ്സ്. വസ്തുക്കളെ, അനുഭവങ്ങളെ വിശദീകരിക്കുന്ന നാവാണ് മനസ്സ്. മനസ്സിനാൽ വിശദമാക്കപ്പെടുന്ന ലോകവും ലോകത്തെ വിശദീകരിക്കുന്ന മനസ്സും ഈ കവിതകളിൽ ഒരു പോലെ പ്രധാനമാണ്. മനസ്സു കടിച്ചു പിടിച്ചിരിക്കൽ (ഭാഷാന്തരം), മനസ്സിലെന്തോ കൊത്തിപ്പെറുക്കുന്ന ഒറ്റമൈന, ഒഴിഞ്ഞ മനപ്പേഴ്സ് (കടൽക്കടം) എന്നിങ്ങനെ വിശേഷണമായും വിശേഷ്യമായും മനസ്സ് നേരിട്ടു പ്രതിപാദിക്കപ്പെടുന്ന സന്ദർഭങ്ങൾ ഈ കവിതകളിൽ ഏറെയുണ്ട്.


 മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ സങ്കീർണ്ണതകളെക്കുറിച്ചാണ് ഈ സമാഹാരത്തിലെ പല കവിതകളും. വാൻഗോഗ് എന്ന സങ്കീർണ്ണമനസ്കനായ കലാകാരനെ മനസ്സിലാക്കാൻ സ്വന്തം നാട്ടു പ്രകൃതിയേയും സംസ്കൃതിയേയും ഉപാധിയാക്കുകയാണ് വാൻഗോഗ് വിഷു വരയ്ക്കുമ്പോൾ എന്ന കവിത. ഒരു പാശ്ചാത്യ കലാകാരനെ പൗരസ്ത്യതയിലൂടെ മനസ്സിലാക്കലുമാണിവിടെ. മനസ്സിലാക്കലിന് കവി സ്വീകരിക്കുന്ന ഉപാധികളാണ് രവീന്ദ്രന്റെ കവിതാലോകത്തെ സജീവവും വർണ്ണശബളവുമാക്കുന്നത്. മേൽപ്പറഞ്ഞ കവിതയിൽ വിഷുവും കണിക്കൊന്നയും കണിവെള്ളരിയും ചക്കച്ചുളയും പടക്കവുമെല്ലാം ചേർന്ന നാട്ടുസംസ്കൃതിയാണാ ഉപാധി. കണിക്കൊന്നയും സൂര്യകാന്തിപ്പാടവും ചക്കച്ചുളയും കാമുകിക്കായ് മുറിച്ച കാതുമെല്ലാം തമ്മിലിടകലർന്ന് വിഷുവിലൂടെ വാൻഗോഗിനെ മനസ്സിലാക്കലാവുന്നു. ഒരു കേരളീയനു മാത്രം സാധ്യമായ മനസ്സിലാക്കലാണിത്.


പെണ്ണിനേയും ആണിനേയും മനസ്സിലാക്കാൻ ശ്രമിക്കുന്ന പല കവിതകൾ ഇവിടെയുണ്ട്. മനസ്സിലാക്കലിന്റെ പരമാവധിയാണ് 'പല ലോകങ്ങളിൽ ഒരു പെൺകുട്ടി' എന്ന കവിത. തന്റെയുള്ളിൽ പല ലോകങ്ങൾ സൂക്ഷിച്ചു വെച്ചിട്ടുള്ള പെൺകുട്ടിയെ ഭാഷയിലൂടെ മനസ്സിലാക്കുകയാണിതിൽ. വേണ്ടപ്പോൾ വേണ്ടപ്പോൾ ഉള്ളിലെ ലോകങ്ങളേതും അവൾ പുറത്തെടുക്കും. അതിൽ ചിലപ്പോൾ പൂമ്പാറ്റയായിപ്പാറും. ചിലപ്പോൾ പ്യൂപ്പയായിക്കിടന്നു ധ്യാനിക്കും. ചിലപ്പോൾ പൂമ്പാറ്റപ്പുഴുവായി തളിരിലകൾ തിന്നുതീർക്കും. ചിലപ്പോൾ അണ്ഡരൂപം കൊണ്ട് ചെറുതരിയായി പറ്റിപ്പിടിച്ചു കിടക്കും. ആ നിസ്സാരതക്കപ്പോൾ ബ്രഹ്മാണ്ഡമെന്നും പേരുണ്ടാവും. പെണ്ണിന്റെ ആന്തരലോകങ്ങൾ, അവയിലൂടെയുള്ള അവളുടെ സഞ്ചാരം എന്നിവയിലൂടെ പെണ്ണിനേയും പെൺമയേയും മനസ്സിലാക്കലിന്റെ സാഫല്യമാണ് ഈ കവിത വായനക്കാർക്കു പകരുന്നത്. ഇതേ പോലെ, ആണിനെ മനസ്സിലാക്കാൻ ശ്രമിക്കുന്ന കവിതയാണ് 'ആണുങ്ങൾ അവിയലുണ്ടാക്കുമ്പോൾ'. അടുക്കളയിൽ പെരുമാറുന്ന പുരുഷനിലൂടെയാണ് കവി ആൺമയെ അഭിമുഖീകരിക്കുന്നത്. അവന്റെ പ്രകമ്പനങ്ങളും എടുത്തുചാട്ടങ്ങളും അക്ഷമയും അക്രമോത്സുകതയും ആ മനസ്സിലാക്കലിൽ വെളിവാകുന്നു.


ആൺമ, പെൺമ തുടങ്ങിയ പൊതുമകളെ മാത്രമല്ല വിശേഷപ്പെട്ട ഏതൊന്നിനേയും മനസ്സിലാക്കിക്കൊണ്ടു മാത്രമേ കവിക്കു മുന്നോട്ടു നീങ്ങാൻ കഴിയൂ. ഗോപാലകൃഷ്ണൻ എന്ന ഒരു വിശേഷവ്യക്തിയെ മനസ്സിലാക്കുന്ന വിധമാണ് അതേ പേരുള്ള കവിത. ഈ രണ്ടു തലങ്ങളും ചേരുമ്പോൾ താൻ ജീവിക്കുന്ന കാലത്തേയും ലോകത്തേയും മനസ്സിലാക്കാനുള്ള ശ്രമത്തിന്റെ ആഴവും പരപ്പും നമുക്ക് അനുഭവമാകുന്നു. സമകാലത്തിന്റെ ഹിംസാത്മകതയിലൂടെത്തന്നെ വേണം ഗാന്ധിയെ മനസ്സിലാക്കാൻ എന്ന് ഗാന്ധിയെ കൊല്ലേണ്ടതെങ്ങനെ എന്ന കവിത ഓർമ്മിപ്പിക്കുന്നു.


കവിതയുടെ ഭാഷയാണ് മനസ്സിലാക്കലിന്റെ മാധ്യമം. സമഗ്രമായ മനസ്സിലാക്കലിന് സമകാലികതയെ മാത്രം ഉൾക്കൊള്ളാൻ പോന്ന നടപ്പുകാല കാവ്യഭാഷ മതിയാവുകയില്ല എന്ന ബോധ്യം കവിക്കുണ്ട്. ആകയാൽ എന്തും ഉൾക്കൊള്ളാൻ പാകത്തിന് ഭാഷയെ സജ്ജമാക്കുന്നു ഇയാൾ. സ്ഥലകാലങ്ങളുടെയും അനുഭവകോടികളുടെയും വൈപുല്യത്തെ ഉൾക്കൊള്ളാനാവുംവിധം പദ്യം, ഗദ്യം, നാട്ടുവാമൊഴികൾ, പ്രയോഗം കുറഞ്ഞ സംസ്കൃത പദങ്ങൾ, കാവ്യപാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന പ്രയോഗങ്ങൾ എല്ലാം കവി ഉപയോഗപ്പെടുത്തുന്നുണ്ട്. സമകാലികതയിൽ തടഞ്ഞുനിന്ന് തന്റെ ശ്രമം ഭാഗികമായിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് രവീന്ദ്രന്റെ കാവ്യഭാഷയെ നിശ്ചയിച്ചിട്ടുള്ളത്.


മനസ്സിനേയും മനസ്സിലാക്കലിനേയും തത്വചിന്താപരമായി എന്നതിനേക്കാൾ ശാസ്ത്രീയ വീക്ഷണത്തോടു കൂടി സമീപിക്കാനാണ് ഈ കവി ശ്രമിക്കുന്നത് എന്നതാണെന്റെ ബോധ്യം. ഓരോ മനസ്സിലാക്കലിലുമുണ്ട് ശാസ്ത്രത്തിന്റെ വിശകലനാത്മകത. സിഗ്മണ്ട് ഫ്രോയിഡിന്റെ ഇടപെടൽ രവീന്ദ്രന്റെ കവിതയിൽ സ്വാഭാവികം. വൈലോപ്പിള്ളിയുടെയും മേതിൽ രാധാകൃഷ്ണന്റേയും കവിതകളിലെ ശാസ്ത്രീയതയുടെ നൂലോട്ടത്തെ ഓർമ്മിപ്പിക്കുന്ന ഒന്ന് ഈ കവിതകളിലുണ്ട്.


മനസ്സിലാക്കുക എന്ന മലയാളപദത്തിന്റെ (മനസ് സംസ്കൃതമെങ്കിലും മനസ്സിലാക്കുക മലയാളം തന്നെ) വൈശദ്യം ശ്രദ്ധിക്കൂ. മനസ്സും മനസ്സിലേക്കെടുക്കലുമുണ്ടാ വാക്കിൽ. ആ വാക്കിന്റെ ഉള്ളു തൊടുന്നു രവീന്ദ്രന്റെ കവിതാലോകം.


മനസ്സിലാക്കൽ എന്ന പ്രക്രിയ എന്നത്തേയും പോലെത്തന്നെ സങ്കീർണ്ണമാണ് ഇന്നും. ബിംബപ്പെരുക്കവും വേഗപ്പെരുക്കവും ഈ പ്രക്രിയയെ ഇന്ന് കൂടുതൽ ബാധിച്ചിട്ടുണ്ട്. ഈ കലക്കത്തിൽ നിന്നുകൊണ്ടാണ് കവി മനസ്സിലാക്കലിനെക്കുറിച്ചും മനസ്സിനെക്കുറിച്ചും എഴുതുന്നത് എന്നത് പ്രധാനമാണ്. എനിക്ക് മനസ്സുണ്ട്, ഞാൻ മനസ്സിലാക്കുന്നു എന്നത് അതുകൊണ്ടു തന്നെ തീർച്ചയായും ഒരു രാഷ്ടീയ പ്രഖ്യാപനമാണിന്ന്. ആ പ്രഖ്യാപനത്തിന്റെ കാവ്യാവിഷ്ക്കാരമാണ് 'വാൻഗോഗ് വിഷു വരക്കുമ്പോൾ' എന്ന ഈ സമാഹാരം.

Sunday, September 18, 2022

പ്രാദേശിക സംസ്കൃതിയും കാവ്യഭാഷയും - കുട്ടമത്തിന്റെ കവിതകൾ മുൻനിർത്തി ഒരു വിചാരം.

 പ്രാദേശിക സംസ്കൃതിയും കാവ്യഭാഷയും - കുട്ടമത്തിന്റെ കവിതകൾ മുൻനിർത്തി ഒരു വിചാരം.


പി.രാമൻ



ദേശ്യഭേദങ്ങൾക്കതീതമായി ഒരു മാനകഭാഷ വളരെക്കാലമെടുത്താണ് മലയാളത്തിൽ വികസിച്ചു വന്നത്. കവിതയിൽ തുഞ്ചത്തെഴുത്തച്ഛനും ഗദ്യത്തിൽ മിഷനറി പ്രവർത്തകരായ വിദേശീയർക്കും മാനകഭാഷ നിർമ്മിച്ചെടുത്തതിൽ വലിയ പങ്കുണ്ട്. എന്നാൽ അതേ മാനകഭാഷയിൽ പ്രാദേശിക സംസ്കൃതികളുടെ നിറപ്പകിട്ടു കൂടി കലർത്താൻ കഴിയുമോ എന്ന് നമ്മുടെ എഴുത്തുകാർ ഗൗരവത്തോടെ ചിന്തിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്. ഈ വഴിക്കുള്ള പരിശ്രമങ്ങൾക്ക് മലയാള സാഹിത്യത്തിന്റെ വളർച്ചയിൽ വലിയ പ്രാധാന്യമുണ്ട്. എല്ലാ മലയാളികൾക്കും മനസ്സിലാകുന്ന മാനക മലയാളത്തിൽ തെക്കൻ കേരളത്തിന്റെ പ്രാദേശിക സംസ്കൃതി കൂടി ആവിഷ്കരിക്കാൻ ശ്രമിച്ച കവിയാണ് കുഞ്ചൻ നമ്പ്യാർ. തെക്കൻ കേരളത്തിലെ പടേനി എന്ന കലാരൂപത്തിന്റെ നിറപ്പകിട്ട് നമ്പ്യാർക്കവിതയിൽ ഏതെല്ലാം തരത്തിലാണ് പുരണ്ടു കിടക്കുന്നത് എന്നന്വേഷിച്ചാൽ ഇക്കാര്യം വെളിവാകും. പടേനിയെക്കുറിച്ച് നമ്പ്യാർക്കവിതയിൽ കടന്നുവരുന്ന പരാമർശങ്ങൾ മാത്രമല്ല ഇപ്പറഞ്ഞതിനടിസ്ഥാനം. തുള്ളലിന്റെ ഭാഷയേയും ഘടനയേയും ആഖ്യാനത്തേയും പടേനി ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. പടേനി എന്ന കലാരൂപം മലയാളകവിതക്കു നൽകിയ രണ്ടു സമ്മാനങ്ങളാണ് നമ്പ്യാർക്കവിതയും കടമ്മനിട്ടക്കവിതയും. ഇവർക്കിടയിൽ ഇരുനൂറു കൊല്ലത്തിന്റെ അന്തരമുണ്ടെന്നു മാത്രം. ഒരേ കലാരൂപവും അതിനാസ്പദമായ പ്രാദേശിക സംസ്കൃതിയും രണ്ടു കാലങ്ങളിൽ വ്യത്യസ്ത രീതിയിൽ രണ്ടു കവികളിൽ പ്രവർത്തിക്കുകയാണ്. നമ്പ്യാരിൽ നിന്നും കടമ്മനിട്ടയിൽ നിന്നും വ്യത്യസ്തമായി പുതിയ കാലത്ത് പടേനി കലാകാരൻ കൂടിയായ ഒരു കവി അതിന്റെ സാദ്ധ്യതകൾ കവിതയിൽ പ്രയോജനപ്പെടുത്തിയേക്കും. ഒ. അരുൺകുമാറിന്റെ സമീപകാല കവിതകളിൽ ആ വഴിക്കുള്ള ഒരന്വേഷണമുണ്ട്.


മാനകീകരണവും പ്രാദേശികീകരണവും ഒരേ സമയം കവിതയിൽ നടക്കുന്നുണ്ട്. വിപരീത ദിശകളിലേക്ക് ഒരേ സമയം നടക്കുന്ന ഈ നീക്കത്തിന്റെ സംഘർഷം കൊണ്ട് ചലനാത്മകമാണ് നമ്മുടെ കാവ്യ ചരിത്രം. സംസാര ഭാഷയുടെ വടിവിലേക്കു ചായാനുള്ള പ്രവണത കാവ്യഭാഷ പലപ്പോഴും കാണിക്കാറുണ്ട്. അതേസമയം അതിന് വിശേഷ വ്യവഹാരത്വം സൂക്ഷിക്കുകയും വേണം. പ്രാദേശികീകരണവും മാനകീകരണവും തമ്മിലെ സംഘർഷം ഇരുപതാം നൂറ്റാണ്ടിലെ കവിതകളിലാണ് വർദ്ധിച്ചു വന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ മഹാകവി കുട്ടമത്തിന്റെ കവിതയിൽ ഈ ഇരട്ട വലിവുകൾ കവിതയുടെ പ്രമേയതലത്തിലും ഭാഷാ തലത്തിലും പ്രവർത്തിക്കുന്നത് നമുക്കനുഭവിക്കാൻ കഴിയും. പ്രാദേശിക സംസ്കൃതി കവിതയുടെ പ്രമേയത്തിലും ഭാഷയിലും ഇടപെട്ടതിന്റെ, നമ്പ്യാർക്കു ശേഷവും കടമ്മനിട്ടക്കു മുമ്പുമുള്ള മികച്ച മാതൃകയാണ് കുട്ടമത്തിന്റെ കവിത.


വടക്കൻ പാട്ടുകളുൾപ്പെടെയുള്ള നാടൻ പാട്ടുകൾ മാറ്റി നിർത്തി മുഖ്യധാരാ സാഹിത്യത്തിലേക്കു വന്നാൽ വടക്കേ മലബാറിന്റെ പ്രമേയപരവും ഭാഷാപരവുമായ പ്രാദേശികത കുട്ടമത്തിനു മുമ്പ് ആവിഷ്കരിച്ച കവികൾ നമുക്കധികമില്ല എന്നു കാണാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയിൽ ഭാഷാ പ്രാദേശികതയുടെ മിന്നലാട്ടങ്ങളുണ്ട്. ആനീടിൽ രാമനെഴുത്തച്ഛന്റെ സ്തോത്ര കൃതികളിലും വടക്കൻ മലയാളത്തിന്റെ വാമൊഴിച്ചന്തം കാണാം. എന്നാൽ പ്രമേയത്തിലും ഭാഷയിലും വടക്കനാവാൻ ബോധപൂർവം ശ്രമിക്കുന്ന ആദ്യത്തെ കവിതകളെഴുതിയത് മഹാകവി കുട്ടമത്താണ്. കേരള ദേശീയതയെക്കുറിച്ചുള്ള ചിന്തകൾ ഉണർവുകൊണ്ടു തുടങ്ങിയ കാലത്താണ് അതിനോടു ചേർന്നു നിന്നു കൊണ്ടു തന്നെ തന്റെ പ്രാദേശികതയെ ഈ കവി ഉയർത്തിപ്പിടിക്കുന്നത്. വള്ളത്തോളിനെപ്പോലെത്തന്നെ ദേശീയ ബോധത്തിന്റെ ഉദ്ഗാതാവായിരുന്നു കുട്ടമത്ത്. ദേശീയബോധം എന്ന പേരിൽ ഒരു കവിത തന്നെ അദ്ദേഹമെഴുതിയിട്ടുണ്ട്. ദേവേന്ദ്രനെ പ്രീതിപ്പെടുത്താൻ യാഗത്തിനു മുതിരുന്ന നന്ദഗോപരെ തടഞ്ഞ് ശ്രീകൃഷ്ണൻ ഗോവർദ്ധനപർവതത്തെയാണ് പൂജിക്കേണ്ടത് എന്നു പറഞ്ഞു മനസ്സിലാക്കിക്കുന്നതാണ് കവിതാസന്ദർഭം. കൃഷ്ണന്റെ വാക്കുകളിലെ ദേശീയ ബോധത്തെ കവി ഇങ്ങനെ വിടർത്തിക്കാണിക്കുന്നു :


ദേശീയ സസ്യധാന്യാദി വൃദ്ധി നമുക്കുണ്ടാകേണം

ദേശീയ ശുദ്ധാചാരങ്ങളുൽഗമിക്കേണം

ദേശീയമാം സഹോദര പ്രേമം നമ്മളിൽ വളരേണം

ദേശീയമാം സ്വാതന്ത്ര്യവും നമുക്കു വേണം

ശൈശവം തൊട്ടേതു ഭാഷ നമുക്കുള്ളിൽ കുടികൊൾവൂ

ദേശീയയദ്ദേവിയെ നാം ഭജിച്ചിടേണം

അന്യഭാഷാ വർഷം വന്നു മുക്കുമ്പോൾ സ്വഭാഷയാമീ -

ക്കുന്നെടുത്തു കുടയായ് നാം പിടിച്ചിടേണം.


കുട്ടിക്കാലം തൊട്ട് ഉള്ളിൽ കുടികൊണ്ട നാട്ടുഭാഷയെ മാനിച്ചു കൊണ്ടാണ് കവി ദേശീയതയെക്കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടു വിശദീകരിക്കുന്നത്. ശൈശവം തൊട്ട് ഉള്ളിൽ കുടികൊള്ളുന്ന ഭാഷ എന്ന ഊന്നൽ മാനകഭാഷയേക്കാൾ നാട്ടുമൊഴിയെയാണ് പരിഗണിക്കുന്നത്. നാട്ടുമൊഴിയേയും നാട്ടുസംസ്കാരത്തേയും ദേശീയതയുടെ ഭാഗമായി കാണാൻ 1920 - കളിൽ തന്നെ കുട്ടമത്തിനു കഴിഞ്ഞു എന്നത് പ്രധാനമാണ്. മലയാളകവികൾ ഓണത്തെപ്പറ്റിപ്പാടി ഓണത്തിലൊന്നാകുന്ന കേരളം കാണിച്ചു തന്ന കാലത്ത് ഓണമില്ലാത്ത കാസർകോടിന്റെ കവി പൂരത്തെയാണ് വാഴ്ത്തിപ്പാടിയത്. വടക്കേ മലബാറിലെ പൂരോത്സവത്തിന്റെ അഴകും അന്തരീക്ഷവും പിടിച്ചെടുത്ത മനോഹര കവിതയാണ് പൂരവും പുഷ്പങ്ങളും. മീനമാസത്തിലെ കാർത്തിക നാൾ തൊട്ടു പൂരം നാൾ വരെയുള്ള ഒമ്പതു ദിവസമാണ് പൂരാഘോഷം. പെൺകുട്ടികളുടെ ആഘോഷമാണത്. ഭസ്മമായിപ്പോയ കാമദേവനെ വീണ്ടും ജീവിപ്പിക്കാൻ ഭാര്യയായ രതീദേവി പൂക്കൾ കൊണ്ട് കാമവിഗ്രഹമുണ്ടാക്കി പൂജിച്ച കഥയാണ് പൂരോത്സവത്തിന്റെ പിന്നിലെ മിത്ത്. പെൺകുട്ടികൾ പൂക്കൾ കൊണ്ടു കാമദേവന്റെ രൂപമുണ്ടാക്കുകയും പൂവിട്ടാരാധിക്കുകയും ചെയ്യുന്ന ചടങ്ങുകൾ പൂരോത്സവത്തിലുണ്ട്. കാമാരാധനക്കായി പൂ തേടിപ്പോകുന്ന പെൺകുട്ടികളുടെ ചിത്രമാണ് പൂരവും പുഷ്പങ്ങളും എന്ന കവിത വരയുന്നത്. പൂരക്കുഞ്ഞുകൾ എന്നാണ് അവരെ വിളിക്കുക എന്നു കവി.മുരിക്ക്, വെൺചെമ്പകം, എരിഞ്ഞി, കുറിഞ്ഞി, കുരുക്കുത്തി തുടങ്ങിയ പൂരപ്പൂക്കൾ പറിക്കാൻ നടക്കുകയാണാ കരിങ്കുപ്പിവളകളണിഞ്ഞ പൂരപ്പെൺകുട്ടികൾ. കയ്യിലെ തോട്ടി അവർ പൊന്തിച്ചു കൊളുത്തുമ്പോൾ കൂട്ടാക്കാതെ ഉതറി ചിങ്കോത്തം കാണിക്കുകയാണാ പൂങ്കുലകൾ, ചില്ലകളിൽ. ഉതറുക, ചിങ്കോത്തം കാണിക്കുക തുടങ്ങിയ വടക്കൻ വാക്കുകൾ സൃഷ്ടിക്കുന്ന സാംസ്ക്കാരികാന്തരീക്ഷം ഈ കവിതയെ വ്യത്യസ്തമാക്കുന്നത് ഇന്നും വായനയിൽ അനുഭവിക്കാൻ കഴിയും. ആ സാംസ്ക്കാരികാന്തരീക്ഷത്തിൽ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ ആഴം ആവിഷ്കരിക്കുന്നതാണ് ഈ കവിതയുടെ മറ്റൊരടര്. പെൺകുട്ടികൾ ഒടുവിൽ ചെമ്പക മുത്തശ്ശിയുടെ അടുത്തു ചെല്ലുകയാണ്.


"നാണവും വിഷാദവും വേണ്ട മക്കളേ! പൂക്കൾ

വേണമെങ്കിലെൻ ചുമലേറുവിൻ" എന്നു ചൊല്ലും

ചെമ്പക മുത്തശ്ശിതൻ കൂനിച്ചു മുരടിച്ച

വൻ പള്ള പറ്റിക്കേറിച്ചുമലിലിരുന്നിതാ,

കരപല്ലവം കൊണ്ടു തഴുകുന്നേരം താനേ

സരസം പൂക്കൾ വന്നു നിറവൂ കൊട്ടയ്ക്കകം"


ഒരു നാടോടിക്കഥയിൽ നിന്നിറങ്ങി വന്ന കഥാപാത്രങ്ങൾ പോലിരിക്കുന്നു ഈ ചെമ്പകമുത്തശ്ശിയും പെൺകുട്ടികളും. പെൺകുട്ടികൾ ചെമ്പകമുത്തശ്ശിയുടെ കൊമ്പു തലോടുമ്പോൾ പൂക്കൾ താനേ പൊഴിയുകയാണ്. മലയാളത്തിന്റെ നാടോടിത്തത്തിലുള്ള, അനുഭവങ്ങളെ മാന്ത്രികമായി അവതരിപ്പിക്കുന്ന രീതി മുഖ്യധാരാ കവിതയിൽ മൂർത്തമായി പ്രയോഗിക്കുന്നതിന്റെ ആദ്യത്തെ ഒരു മാതൃകയായി പൂരവും പുഷ്പങ്ങളും എന്ന ഇക്കവിതയെ വായിക്കാം. കരിഞ്ഞു വെണ്ണീറായിപ്പോയ കാമദേവനെ മുത്തശ്ശി മരത്തെ തഴുകിക്കിട്ടിയ പൂക്കളാൽ വീണ്ടും നിർമ്മിക്കുകയാണാ പെൺകിടാങ്ങൾ.


കുട്ടമത്തിന്റെ കവിതകൾ മിക്കതും വള്ളത്തോൾക്കളരി താലോലിച്ച മുഖ്യപ്രമേയങ്ങളെത്തന്നെയാണ് പരിഗണിച്ചിട്ടുള്ളത്. എന്നാൽ സമകാല വായനയിൽ ഒറ്റ തിരിഞ്ഞു നിൽക്കുന്ന അപൂർവ രചനയായി അനുഭവപ്പെടുന്നു പൂരവും പുഷ്പങ്ങളും. പ്രമേയത്തിലും ഭാഷയിലും ആ കവിത ഉയർത്തിപ്പിടിക്കുന്ന പ്രാദേശിക സ്വത്വം തന്നെ കാരണം. വടക്കേ മലബാറിന്റെ കലയും സംസ്കാരവും മിത്തുകളും ഉപജീവിച്ച്  അദ്ദേഹമെഴുതിയ ശ്രീ മുച്ചിലോട്ടുഭഗവതി എന്ന ദീർഘകാവ്യം കൂടി ഇതോടൊപ്പം വെച്ചു വായിക്കേണ്ടതുണ്ട്. കരിവെള്ളൂരിലെ മുച്ചിലോട്ടു കാവിൽ 1922-ൽ നടന്ന കളിയാട്ടത്തോടനുബന്ധിച്ച് എഴുതിയതാണത്. മുച്ചിലോട്ടുഭഗവതി തെയ്യത്തെ പൂർണ്ണതയോടെ ഭാഷയിലാവാഹിക്കാൻ ശ്രമിക്കുന്നു ഈ കവിത. മുച്ചിലോട്ടു ഭഗവതിയുടെ അവതാരകഥ വർണ്ണിച്ചു വന്ന് നാലാം സ്തബകത്തിലെത്തുമ്പോൾ കളിയാട്ടത്തിലെ തെയ്യക്കോലത്തിന്റെ പൂർണ്ണസൗന്ദര്യം ഭാഷയിലൂടെ സാക്ഷാൽക്കരിക്കുന്നിടത്തെത്തുന്നുണ്ട് കവി. കളിയാട്ടത്തിന്റെ വർണ്ണപ്പൊലിമയും വാദ്യഘോഷവും ആരവവുമെല്ലാം ഇവിടെ ഒരുമിക്കുന്നു. മുച്ചിലോട്ടു പടനായരോട് തീക്കുഴി തീർക്കാൻ പറയുകയാണ് ഭഗവതി. ചെങ്കനലിൽ നൃത്തം ചവിട്ടി ലോകത്തെ കുളിർപ്പിക്കാൻ ദേവി മുതിരുന്നു. തീക്കുഴിക്കരികിലെ ഭഗവതിയുടെ നില്പ് കവി ഇങ്ങനെ അവതരിപ്പിക്കുന്നു :


തിരുമിഴികളിലെഴുതിയഞ്ജനം

ഇരുകവിൾത്തടം മിനുക്കി ഭംഗിയായ്

ഉരുമണം മഞ്ഞക്കുറിയിട്ടു വട്ട -

ത്തിരുമുടി ചാർത്തിത്തിരുകി കുണ്ഡലം

തരിവളയിട്ടു, തിരുമാറിൽ ചൊവ്വായ്

പെരുമാറീ മണിച്ചെറുതാലിക്കൊഴ,

തിരുമടിത്തട്ടും ചുകപ്പു ചേലയും

ധരിച്ചു നല്ലൊരസ്സുവർണ്ണകാഞ്ചിയും

കടുത്ത വാളുമപ്പരിച ശൂലവു -

മെടുത്തു തൃക്കയ്യിൽ മണിമുറത്തെയും

അതൊക്കെയും കയ്യിലൊതുക്കി വെച്ചു തൻ

പതച്ച പന്തവും ചുഴറ്റി നിൽക്കയായ്


ഈ നില്പ് കളിയാട്ടത്തിൽ തെയ്യത്തിന്റെ നില്പു തന്നെ. മണങ്ങിയാടിയും കൊണിഞ്ഞു പാടിയുമുള്ള നൃത്തമാണിനി. കരിങ്കൂന്തൽ കുഴഞ്ഞിഴയുമാറ്, നറും തുകിൽ അഗ്നി തലോടുമാറ്, ഇരുപന്തങ്ങൾ ചുഴറ്റി തിരുചക്രങ്ങൾ ചമച്ച് തിരുതകൃതിയായ നൃത്തമാണു പിന്നെ. ആ നൃത്തത്തിന്റെ നാദപ്പൊലിമ കേൾക്കൂ:


ചിലിച്ചിലിയെന്നുച്ചരിച്ചു കാന്തിനീ -

രൊലിപ്പിച്ചൂ മാറിൽ ചെറുതാലിക്കൂട്ടം

ദൃഢം പരിചയും തരിവളകളും

പടോം പടോമെന്നങ്ങടിച്ചു തങ്ങളിൽ

ഝണം ഝണമെന്നങ്ങിണക്കമില്ലാതെ

പിണങ്ങിത്തങ്ങളിൽ കുലുങ്ങിക്കിങ്ങിണി

ക്ഷണം ക്ഷണം താളം മുറുകവേ കനൽ

കണം കണമായിപ്പൊടിഞ്ഞിടും വിധം

ചെലം ചെലമെന്നച്ചിലമ്പൊലിയൊടും

ഇളം കഴൽത്തളിർക്കുളിർമ്മയേൽക്കയാൽ

തളർന്നു ഘർമ്മനീരിളകിടും മുമ്പേ

കുളം കണക്കെയായനലപർവ്വതം.


പൂരവും പുഷ്പങ്ങളും, മുച്ചിലോട്ടുഭഗവതി, മാടായിക്കുന്ന്, കടാങ്കോട്ടു മാക്കം (മധ്യ ഖണ്ഡം) തുടങ്ങിയ, പ്രാദേശിക സ്വത്വം കാവ്യഭാഷയിൽ സജീവമായിടപെടുന്ന, എണ്ണത്തിൽ കുറഞ്ഞ കവിതകൾ കുട്ടമത്തിന്റെ കവിതകളുടെ കൂട്ടത്തിൽ ശ്രദ്ധാർഹമാം വിധം വേറിട്ടു നിൽക്കുന്നത് നൂറു വർഷം കഴിഞ്ഞ് ഇന്നു വായിക്കുമ്പോൾ അനുഭവിക്കാനാകും. തന്റെ ഈ ഭാഷാ സ്വത്വത്തെ ദേശീയതയെക്കുറിച്ചുള്ള അന്നത്തെ മുഖ്യധാരാ പരികല്പനകൾക്കു മുന്നിൽ അടിയറവെച്ചു എന്നതാണ് കവി എന്ന നിലയിൽ കുട്ടമത്തിന്റെ പരാജയം. തികഞ്ഞ കവിത്വവും കാവ്യഭാഷയെക്കുറിച്ചുള്ള തനതായ കാഴ്ച്ചപ്പാടുണ്ടായിട്ടു പോലും അന്നത്തെ മുഖ്യധാരാ സമീപനങ്ങളോട് ഇണങ്ങിച്ചേർന്ന കവിയെയാണ് ഇദ്ദേഹത്തിന്റെ മറ്റു മിക്ക കവിതകളിലും കാണാനാവുക. വള്ളത്തോൾ സ്കൂളിന് സ്വയം അദ്ദേഹം കീഴ്പ്പെട്ടു നിന്നു. സ്വന്തമായൊരു കവിതാ വഴി തെളിയിച്ചിട്ടും ആ വഴിയേ അധികം മുന്നോട്ടു പോകാതെ അദ്ദേഹം എൻ.എൻ. കക്കാട് എഴുതിയതു പോലെ പെരുവഴിയേ തന്നെ പോയി. ഭാരത- കേരള ദേശീയതയിലൂന്നിയ പ്രമേയങ്ങളിൽ ഈ കവിയും മുഗ്ദ്ധനായി. "ഭാരതമാതാവേ, ജയ! ഭാരതമാതാവേ, ജയ! സാര തീർത്ഥ സരിൽക്ഷേത്ര ഭൂഷണേ ജയ" (ശ്രീചക്രഗാനം) എന്നിങ്ങനെ, ആ ദേശീയതയെക്കുറിച്ചെഴുതുമ്പോൾ സ്വയമറിയാതെയാവാം, വള്ളത്തോൾ ക്കവിതയുടെ ഭാഷാശൈലിപോലും കുട്ടമത്തുകവിത എടുത്തണിഞ്ഞു. കുട്ടമത്തു കവിതയുടെ ശാബ്ദിക തലം വള്ളത്തോൾക്കവിതയുടേതിൽ നിന്ന് അടിസ്ഥാനപരമായി വ്യത്യസ്തമാണ്. പ്രയോഗിക്കുന്ന പദങ്ങളുടെ മൂർത്തതയും ഖരത്വവും  കൊണ്ടും പ്രാദേശികത കൊണ്ടും വള്ളത്തോളിന്റെ വൈദർഭീരീതിയിൽ നിന്ന് കുട്ടമത്തിന്റെ ശൈലി മാറി നിൽക്കുന്നു. ചില വെള്ളച്ചാട്ടങ്ങൾ എന്ന കവിതയിലെ ഈ ഭാഗം നോക്കൂ:


മഴ കൊണ്ടു മദം പൂണ്ടു മലഞ്ചോലയെല്ലാമോരോ

പുഴകളായ് പുളച്ചങ്ങു പുറപ്പാടായി

ഒഴുക്കു കൊണ്ടിരുപാടും പുഴക്കിത്തള്ളീ മരങ്ങൾ

വഴിക്കുള്ള ശിലാസംഘമുരുട്ടിത്തള്ളി

സഹജീവി വർഗ്ഗത്തോടായ് സഹതാപം കാണിപ്പാനായ്

സഹസാ വന്ന ചോലകൾ, ഭദ്രകാളികൾ

നീർപ്പോളയാം വട്ടക്കണ്ണു മിഴിച്ചു നോക്കുന്നു, മര-

ത്തോപ്പുകളാം ചപ്രത്തലയിളക്കിടുന്നു.

ഓളങ്ങളാം ബാഹുക്കളിൽ മരത്തടിയുലക്കകൾ

നീളം പൂണ്ടു തമ്മിലടിച്ചൊഴുക്കിടുന്നു

വലിയ വട്ടക്കല്ലുകൾ മുലകളായ് മുഴക്കുന്നു

പലവട്ടമിളക്കുന്നു നിണനീർ മെയ്യിൽ

ചെങ്കലക്കു കലർന്നേറ്റം മലപോലുയർന്ന ഗാത്രം

വൻ കടലിൽ പോലലറും കല്ലോല വക്‌ത്രം


കിഴക്കൻ മലയിൽ നിന്നുമുറവെടുത്തു വരുന്ന അരുവികൾ വലിയ വെള്ളച്ചാട്ടങ്ങളായി മാറുന്നതും അന്നപൂർണ്ണാദേവിയുടെ അവതാരങ്ങളായി മാറി വയലേലകളിൽ അന്നമാവുന്നതുമാണ് ഈ കവിതയുടെ വിഷയം. അതിനു ചേർന്ന, വള്ളത്തോൾ ശൈലിയിൽ നിന്നു ഭിന്നമായ ശബ്ദതലം ഈ കവിതയിലുണ്ട്. കുട്ടമത്തിന്റെ സ്വാഭാവികവും സ്വതന്ത്രവുമായ മൗലിക രീതി ഇതാണ്.


താൻ ജീവിച്ച കാലത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സമ്മർദ്ദം ആ കവിയുടെ സ്വച്ഛന്ദ കവിതാ യാത്രയെ ബാധിച്ചിരിക്കണം. സമകാലികതയും പൊതു സ്വീകാര്യതയും വഴി തെറ്റിക്കുമ്പോൾ കവിക്കു നഷ്ടപ്പെടുന്നത് സ്വേച്ഛാചാരിത്വമാണ് എന്ന് കുട്ടമത്തിന്റെ മിക്ക കവിതകളും ഓർമ്മിപ്പിക്കുന്നു.ഉഷയുടെ ശയനഗൃഹം, ദേശീയബോധം, ഒരു രത്നമാല, കിരാതഭില്ലി, പതിതപാവനനായ ഭഗവാൻ, അച്ഛനും മകനും, മുന്നോട്ടു പോക നാം തുടങ്ങിയ തലക്കെട്ടുകളുടെ ശൈലി മാത്രം നോക്കിയാൽ മതി വള്ളത്തോളിലേക്കുള്ള ചായ് വ് പ്രകടമാവാൻ. എന്നാൽ ഇന്നു വീണ്ടും വായിക്കുമ്പോൾ പ്രാദേശിക സംസ്കൃതി കവിതയുടെ പ്രമേയത്തിലും ഭാഷയിലും ഇടപെട്ടതിന്റെ, നമ്പ്യാർക്കു ശേഷവും കടമ്മനിട്ടക്കു മുമ്പുമുള്ള മികച്ച മാതൃകയായി കുട്ടമത്തിന്റെ ചില കവിതകളെങ്കിലും നമ്മുടെ ശ്രദ്ധയിൽ പെടാതിരിക്കുകയില്ല.



Wednesday, September 14, 2022

പഴഞ്ചനും തണുപ്പനും - ആന്ദ്രാസ് പെറ്റോഷ് (ഹങ്കറി)

 പഴഞ്ചനും തണുപ്പനും

ആന്ദ്രാസ് പെറ്റോഷ് (ഹങ്കറി)



പഴഞ്ചനും തണുപ്പനും

കൂട്ടുകാര്

ചങ്കല്ല, പരസ്പര -

മടുപ്പക്കാര്


സുഖമല്ലേ നിനക്കെന്നു

പഴഞ്ചൻ ചോദ്യം

സുഖം, എന്നാൽ തണുപ്പൊന്നു

പിടിച്ചിട്ടുണ്ട്.


സുഖമല്ലേ നിനക്കെന്നു

തണുപ്പൻ ചോദ്യം

സുഖം തന്നെ, എന്നാൽ സ്വല്പം

പഴഞ്ചനായ് ഞാൻ


ഇരുവരും കൈകൾ കോർത്തു

നടക്കുന്നുണ്ട്

പഴഞ്ചനും തണുപ്പനും

കൂട്ടുകാര്


Tuesday, September 13, 2022

ആത്മാവിലേക്കുള്ള വഴിയിൽ പെയ്യുന്ന പ്രപഞ്ചഭാഷണങ്ങൾ

 ആത്മാവിലേക്കുള്ള വഴിയിൽ പെയ്യുന്ന

പ്രപഞ്ചഭാഷണങ്ങൾ


ശ്രീദേവി എസ്. കർത്തായുടെ കവിതകളെക്കുറിച്ച് സമയക്കുറവു മൂലം തിരക്കിട്ട് ഒരു കുറിപ്പെഴുതുന്നത് സാഹസമാണ്, പന്തികേടുമാണ്. കാരണം, നമ്മുടെ കാലത്തെ കവിമൊഴികളിൽ ഞാനേറ്റവും ശ്രദ്ധിച്ചിട്ടുള്ള ശബ്ദമാണ് ഈ എഴുത്തുകാരിയുടേത്. വിശദമായ പഠനം അർഹിക്കുന്നവയാണ് ഈ കവിതകൾ. ചില സാമാന്യ നിരീക്ഷണങ്ങൾക്കു മാത്രമേ ഇവിടെ തുനിയുന്നുള്ളൂ.

മലയാളത്തിലെ പെൺകവികളിൽ പേരറിയാവുന്ന ആദ്യത്തെയാൾ കുട്ടിക്കുഞ്ഞു തങ്കച്ചിയാണ്. അവിടുന്നിങ്ങോട്ട് ആധുനികതയുടെ കാലം വരെ, തോട്ടക്കാട്ട് ഇക്കാവമ്മ,സിസ്റ്റർ മേരി ബെനീഞ്ജ, കൂത്താട്ടുകുളം മേരി ജോൺ, മുതുകുളം പാർവതിയമ്മ, കടത്തനാട്ടു മാധവിയമ്മ, ബാലാമണിയമ്മ, ലളിതാംബിക അന്തർജ്ജനം തുടങ്ങി ധാരാളം കവികളെ ആ നിരയിൽ നാം കാണുന്നുണ്ട്. നിത്യജീവിതാനുഭവങ്ങൾക്കും പെണ്ണനുഭവങ്ങൾക്കുമൊപ്പം ആത്മീയാന്വേഷണത്തിന്റെ ഒരടര് ആധുനികതക്കു മുമ്പുള്ള ഈ പെൺകവികളിലെല്ലാം കാണാം. പെൺ കവിതാ പാരമ്പര്യത്തിൽ ഉള്ളടങ്ങിയ ആ ആത്മീയധാരയെ ഉൾക്കൊള്ളാനോ അതിനിടം കൊടുക്കാനോ ആധുനികതക്ക് കഴിഞ്ഞില്ല. ഒ.വി.ഉഷയെപ്പോലൊരു കവിയുടെ ഇടം തെളിച്ചു കാണിക്കാൻ ആധുനികതക്കു കഴിഞ്ഞില്ല. ആധുനികതക്കു മുമ്പുള്ള പെൺകവിതാ പാരമ്പര്യത്തിൽ നിന്നു വന്ന് ആധുനികതയെ മുറിച്ചു കടന്നു പോരാൻ കഴിഞ്ഞ ഒരേയൊരു കവി സുഗതകുമാരി മാത്രമാണ്. ആധുനികത നിറഞ്ഞു നിന്ന കാൽനൂറ്റാണ്ടുകാലം പെൺമൊഴികൾ ഏറെക്കുറെ നിശ്ശബ്ദമായി. പിന്നീട് ആധുനികതയുടെ തിരയടങ്ങിത്തുടങ്ങുമ്പോഴാണ്, 1970 കൾ ക്കൊടുവിൽ പെൺ ശബ്ദങ്ങൾ വീണ്ടും കേട്ടു തുടങ്ങുന്നത്. എ.പി. ഇന്ദിരാദേവിയുടെ മഴക്കാടുകൾ എന്ന സമാഹാരത്തിലെ കവിതകളോടെയാണ് ഈ രണ്ടാം വരവു തുടങ്ങുന്നത്. അവിടുന്നിങ്ങോട്ട് ധാരാളം പെൺ വഴികൾ മലയാളത്തിൽ സജീവമായി. ഫെമിനിസ്റ്റ് ആശയങ്ങളും ഉടലിന്റെ രാഷ്ട്രീയവും കീഴാള - പെൺ രാഷ്ട്രീയവും മുൻവെയ്ക്കുന്നവയാണ് 1980കൾ തൊട്ടുള്ള മിക്ക മലയാളപ്പെൺ കവിതാവഴികളും. മലയാള കവിതയെ പുതുക്കുന്നതിൽ അവ വലിയ പങ്കു വഹിക്കുകയും ചെയ്തു. എന്നാൽ ഇവിടെ വിട്ടു പോയ ഒരു കണ്ണിയുണ്ട്. ആത്മീയാന്വേഷണത്തിന്റെ ഒരു കണ്ണി. ആധുനിക പൂർവ കവിതയിലുണ്ടായിരുന്നതും ആധുനികതയുടെ കാലത്ത് ഇടർച്ച വന്നതും ആധുനികാനന്തരം വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതുമായ ആത്മീയാന്വേഷണത്തിന്റെ പെൺ വഴി സുവ്യക്തമായി തെളിഞ്ഞു നിൽക്കുന്നു, ശ്രീദേവി എസ്. കർത്തായുടെ കവിതകളിൽ. സ്ത്രീപക്ഷ - ഉടൽ രാഷ്ട്രീയ ആശയങ്ങളോടെല്ലാം ഇണങ്ങിക്കൊണ്ടു തന്നെ ആത്മീയമായ അന്വേഷണത്തിന്റെ വഴിയും കവിതയിൽ പ്രധാനമാകേണ്ടതുണ്ട് എന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു ശ്രീദേവിയുടെ കവിത. മലയാള കവിതയിൽ ഇടക്കാലത്തുണ്ടായ മുറിവ് ഉണക്കാൻ പോന്നതാണ് ശ്രീദേവിയുടെ എഴുത്തിലെ ഈ തിരിച്ചു പിടിക്കൽ. പഴമയിലേക്കു തിരിച്ചു പോകലല്ല ഇത്. മറിച്ച് ഏറ്റവും നവീനമായ ഭാഷയിലാണ് ഈ കവി എഴുതുന്നത്.

 "ഒരു മനോഹരമൃഗം

 തണുക്കുന്ന ചന്ദ്രനെ ഭയന്ന്

 എന്റെ പുരയുടെ ഭിത്തി

 തള്ളിക്കൊണ്ടിരുന്നു"

(മര്യാദയുള്ളവരുടെ രാത്രി)


ശ്രീദേവിയുടെ കാവ്യഭാഷ, ബിംബവിധാനം, ലോകവീക്ഷണം എന്നിവയെല്ലാം തീർത്തും പുതുതാണ്. കൂടുതൽ കൂടുതൽ ഹിംസാത്മകമാവുന്ന വർത്തമാനകാലസങ്കീർണ്ണത ഈ കവിതകൾ ശക്തമായിത്തന്നെ പങ്കു വയ്ക്കുന്നുണ്ട്. സമകാലികത പുലർത്തിക്കൊണ്ടു തന്നെ ആധുനിക പൂർവപാരമ്പര്യത്തിൽ നിന്നു മാത്രമല്ല അക്കാമഹാദേവിയുടെയും ആണ്ടാളിന്റെയും ഔവൈയാറിന്റെയുമെല്ലാം പാരമ്പര്യത്തിൽ നിന്നും ചിലതു വീണ്ടെടുത്തു സമകാല മലയാള കവിതയോടു ചേർക്കാൻ ഈ കവിക്കു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാനം. അത്തരത്തിൽ പുതിയ തുറസ്റ്റുകൾ നൽകുന്നതാണ് ശ്രീദേവിയുടെ കവിത.

ഈ കവിതകളിലെ ആത്മീയാന്വേഷണത്തിന്റെ സവിശേഷതകളും വിശദാംശങ്ങളും ഈയൊരു ചെറു കുറിപ്പിൽ ഒതുക്കാനാവുന്നതല്ല. എങ്കിലും, പെൺമക്കും ആൺമക്കും ഉഭയത്വത്തിനുമപ്പുറത്തേക്കും, മനുഷ്യനും മൃഗത്തിനുമപ്പുറത്തേക്കും, ജംഗമത്തിനും സ്ഥാവരത്തിനുമപ്പുറത്തേക്കും കടന്ന് ചില സന്ദേഹങ്ങളും ചോദ്യങ്ങളും വിസ്മയങ്ങളും സംഭ്രമങ്ങളുമായി നീളുന്ന തേടൽ ഈ കവിതകളിലുണ്ട് എന്ന് ഒതുക്കിപ്പറയാം. ഈ തേടലാണ് നൂൽബന്ധമില്ലാത്ത ഭംഗി കവിതകൾക്കരുളുന്നത്. ആൺമയും പെണ്മയും ജീവികളായ ജീവികളത്രയും സ്ഥാവരജംഗമങ്ങളത്രയും തന്നോടു സംഭാഷണത്തിലേർപ്പെട്ടുകൊണ്ട് ശ്രീദേവിയുടെ കവിതാലോകത്തു വിഹരിക്കുന്നു. അവരെല്ലാവരുമായുള്ള സംഭാഷണത്തിലൂടെ, പ്രപഞ്ചവുമായുള്ള സംഭാഷണത്തിലൂടെ, എല്ലാത്തിലുമുള്ള തന്മ തന്നെയായി സ്വയം തിരിച്ചറിയുകയാണ് കവി. പുറത്തേക്കുള്ള ശ്രീദേവിയുടെ നോട്ടമോരോന്നും ഇങ്ങനെ അകത്തേക്കുള്ള നോട്ടം തന്നെയായി മാറുന്നു. ശരീരത്തിൽ നിന്ന് മനസ്സിലൂടെ പുറംലോകമറിഞ്ഞ് ആത്മാവിലേക്ക് പിൻമടങ്ങുന്ന ആത്മീയയാത്രയുടെ അഴിയാത്ത സൗന്ദര്യം ശ്രീദേവിയുടെ കവിതയെ തീർത്തും വ്യത്യസ്തമായ അനുഭവമാക്കി മാറ്റിയിരിക്കുന്നു. പ്രപഞ്ചവുമായുള്ള സംഭാഷണം സശ്രദ്ധം കേട്ടിരിക്കുന്ന സ്വന്തം തന്മയുടെ കാതായി ഈ കവിതകൾ വായനക്കാരനായ എന്നിൽ ഉണർവു കൊള്ളുന്നു.

Sunday, September 11, 2022

എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.

 എൻ ചെറുകവിതയിലാണിപ്പോൾ പരാക്രമം.



അടക്കാക്കിളിയുടെ പാട്ടളക്കുവാൻ പറ്റാ-

തങ്കുലപ്പുഴു തോറ്റു കാടുവിട്ടിറങ്ങിപ്പോയ്

നഗരത്തിലേക്കെത്തി,യവിടെമ്പാടും കണ്ടൂ

ചതുരക്കെട്ടിടങ്ങൾ, നീളങ്ങളുയരങ്ങൾ



നഗരപ്പുതുമയെത്തന്റെ ചങ്ങല നീട്ടി -

വലിച്ചു വലിച്ചു കൊണ്ടളക്കാൻ ചെന്നൂ പുഴു.

അളക്കും താനൊക്കെയുമെന്നതാണതിൻ ധാർഷ്ട്യം,

അളന്നോരോന്നുമെത്രയുണ്ടെന്നു പ്രഖ്യാപിക്കും.



നഗരം തീവെയ്ലിനാൽ പൊള്ളിച്ചൂ പാവത്തിനെ,

പണിയും നിർത്തിപ്പാതിമയങ്ങിക്കിടക്കയായ്

കാടകത്തണൽ സ്വപ്നമായുള്ളിൽ നിറഞ്ഞപ്പോൾ

വീണ്ടുമുന്മേഷത്തോടെയളക്കാനെഴുന്നേറ്റു



പതുക്കെ നഗരത്തോടിഴുകിച്ചേർന്നൂ പുഴു,

പുക, വെയ്ൽ, ശബ്ദമെല്ലാം ശീലമായതിന്നിപ്പോൾ

കെട്ടിടമളക്കുന്ന പണിയേക്കാളും നല്ലൂ

ബൗദ്ധികവ്യാപാരങ്ങളളക്കൽ - ചിന്തിച്ചത്.



സ്ത്രീവാദം, ദളിത് വാദം, സവർണ്ണ,മരാഷ്ട്രീയം

രാഷ്ട്രീയ ശരി, ആഗോളീയത, ഫ്യൂഡൽ ബാധ, 

സത്യാനന്തരകാലം, ഉത്തരാധുനികത,

കവിതാ ചർച്ച - വിടില്ലൊന്നൊന്നുമളക്കാതെ.



അങ്ങനെ മുന്നേറുമ്പോൾ പെട്ടെന്നു പൊങ്ങും മുന്നി-

ലടക്കാക്കിളിയുടെ പാ,ട്ടൊന്നു ഞെട്ടിപ്പോകും

തല നീർത്തുമ്പോൾ പാട്ടല്ലതു വാഹനക്കൂക്ക്,

പരമാശ്വാസം! നീട്ടും ചങ്ങല വീണ്ടും വേഗം 

Wednesday, September 7, 2022

കുരവ

കുരവ


അച്ഛന്റെ രോഗം,

അമ്മയുടെ അവസാനിക്കാത്ത

ആവശ്യങ്ങളിൽ നിന്ന്

മൂപ്പർ തടിയൂരിയെടുത്ത വിധം.


അമ്മയെന്തോ തുടങ്ങുമ്പോളച്ഛൻ

കക്കൂസിലേക്കു കടക്കും

മലബന്ധത്താൽ വലയും.


ഒരിക്കൽ ചുമ തുടങ്ങി.

ചുമ പതുക്കെ കുരയായി മാറി.

രാത്രി ദൂരെ കുര കേട്ടാൽ

അച്ഛൻ വരുന്നതറിയാം.


ആനന്ദക്കുരവയുമായ്


വിളി

 വിളി


ദൂരെ ദൂരേ നിന്നും 

പേരെടുത്തു വിളിക്കുന്നു

വരൂ വരൂ വരൂ

വാ വാ വാ

വാടാ വാടാ വാടാ

വിളിയടുത്തു വരുന്നു.


കയറിക്കയറിയെത്തുന്നു

ഇറങ്ങിയിറങ്ങിയെത്തുന്നു

അസഹ്യമാവുന്നു


എനിക്കു കേൾക്കാ, മെന്നാൽ

ചുണ്ടനക്കാൻ വയ്യ

എണീയ്ക്കുവാനേ വയ്യ.

മലർന്ന്.


ഇരു കണ്ണിന്നും നേരെ മുകളിൽ

ഇറ്റു വീഴാൻ പാകത്തിന്ന്

ഓരോ തുള്ളി മരുന്ന്.

വീഴുന്നില്ല മണിക്കൂറുകളായി,

വീണാലേ കണ്ണുകൾ കുളിരൂ


പേരെടുത്തു വിളിക്കുന്നു

ദൂരെ നിന്നും നിങ്ങൾ.

സ്നേഹത്തിൽ വാത്സല്യത്തിൽ

ദേഷ്യത്തിൽ സങ്കടത്തിൽ .....