Friday, May 31, 2024

വായനക്കാരൻ - ഷൂഷാപില്ലിസ് അഗിലോ (കറ്റാലൻ, സ്പെയിൻ, ജനനം : 1967)

 വായനക്കാരൻ


ഷൂഷാപില്ലിസ് അഗിലോ (കറ്റാലൻ, സ്പെയിൻ, ജനനം : 1967) Josep Lluis Aguilo


കവിതയുടെ വീട്
നിങ്ങൾക്കായി തുറന്നുതരുന്ന വാതിൽ,
ആദ്യവരി.
അതു നിങ്ങളെ അകത്തേക്കു ക്ഷണിച്ച് ഇണക്കിയെടുക്കുന്നു
സ്വാഗതം ചെയ്തു കൈ പിടിച്ച്
അകത്തേക്കു കൂട്ടിക്കൊണ്ടുപോകും ആദ്യഖണ്ഡം.
രണ്ടാം ഖണ്ഡത്തിൻ്റെ കസേരയിൽ
നിങ്ങളെ ഇരുത്തുന്നതിനിടയിൽ
ഉള്ളു തുറന്ന് വിശ്വാസപൂർവ്വം സംസാരിക്കും അത്.

അവിടെ നിങ്ങൾ കാത്തിരിക്കുന്നു കവിതയുടെ അർത്ഥത്തിനായി
ചൂടും മധുരവുമുള്ള കാപ്പിയോ
മറ്റോ നിങ്ങൾക്കു തരും
നിങ്ങൾ മുഴുകിയിരിക്കുകയാണ്
നിങ്ങളുടെ ശ്രദ്ധ പൊയ്പോയിട്ടില്ല 
എന്നുറപ്പു വരുത്താൻ.
അതല്ലെങ്കിൽ റാക്കിൽ നിന്നു പത്രമെടുക്കാം.

വൈകാതെ
പിൻവാതിലിലൂടെ
നിശ്ശബ്ദം പമ്മിപ്പതുങ്ങി
അന്ത്യം
എത്തിച്ചേരും.
സംഗീതം ഉച്ചത്തിലാവുമ്പോൾ 
ഒടുവിൽ അപ്പോൾ നിങ്ങളറിയും,
അന്തർജ്ഞാനത്താലറിയും,
എല്ലാവരും ഇതിനകം അറിഞ്ഞു കഴിഞ്ഞത്,
പിന്നിലേക്കു മറച്ചു പിടിച്ച കയ്യിൽ
പ്രേമലേഖനമോ കഠാരയോ എന്നത്.

മൂന്നു കവിതകൾ - മാനുവേൽ ഫോർകാനോ (കറ്റാലൻ, സ്പെയിൻ, ജനനം : 1968)

മൂന്നു കവിതകൾ

മാനുവേൽ ഫോർകാനോ (കറ്റാലൻ, സ്പെയിൻ, ജനനം : 1968)

1
വിളക്കണഞ്ഞപ്പോൾ
കിടക്കയിൽ കിടന്ന്
രാത്രിക്കു കട്ടി കൂട്ടാൻ ഞാൻ
കൈകൊണ്ട് കണ്ണുകൾ പൊത്തിപ്പിടിച്ചു
കൺപോളകൾക്കും കൈത്തലത്തിനുമിടയിലെ
ഇത്തിരിയിടത്തിൽ സ്വപ്നങ്ങൾ തഴയ്ക്കുന്നു
തൈപ്പുരയിൽ വളരുന്ന പൂക്കളെപ്പോലെ

2
മാനത്തൊരു വിമാനം വിട്ടേച്ചു പോയ
വെളുത്ത പാടുപോലെയാണെൻ്റെ പ്രണയം
അതെവിടുന്നു വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ
എനിക്കറിയില്ല
അതിലെ യാത്രികനും പൈലറ്റും ഞാൻ തന്നെ.
വിശാലമായ ആകാശം ഒരു മേഘത്തിനുള്ളിലതിനെ
അടക്കി സുരക്ഷിതമാക്കിയേക്കും
എഞ്ചിൻ വായുവിൽ വിട്ടുപോയ
കരിഞ്ഞ പൊടി നിറയാൻ ഒരിടം
എൻ്റെ ഹൃദയത്തിലുമുണ്ടല്ലോ.

3
ഇരുട്ടിൽ ചുവരു മുഴുവൻ തപ്പി
സ്വിച്ചു കണ്ടുപിടിക്കുന്ന ഒരുവനെപ്പോലെ
ഞാൻ നിന്നെ എൻ്റെ മനസ്സിൽ തിരയുന്നു
ഓർമ്മയുടെ പൊടുന്നനെവെളിച്ചം
നിൻ്റെ തുണ്ടുകൾ മാത്രമാണു തന്നത്.
അവ ചേർത്തുവെയ്ക്കുക എന്നാൽ
മരുഭൂമിയിലൂടെ മരീചികക്കു നേരെ നടക്കുക എന്നാണ്.
കടൽവെള്ളംകൊണ്ടു ദാഹം തീർക്കുക എന്ന്.
പ്രതിമയുടെ വെണ്ണക്കൽ ശരീരം
ചുറ്റികയാൽ തച്ചുതകർക്കുന്ന
ഒരു മതഭ്രാന്തൻ,
മറവി

Thursday, May 30, 2024

മലയടിവാരത്തിലെ..... - ഏതൽ അദ്നാൻ (1925-2021, ലെബനീസ് - അമേരിക്കൻ)

മലയടിവാരത്തിലെ
രണ്ടു കല്ലുകൾക്കിടയിൽ
ഒരു പൂമ്പാറ്റ
മരിക്കാനായി വന്നു.
മല അതിന്മേൽ നിഴലു വീഴ്ത്തി,
മരണരഹസ്യം മറച്ചുവെയ്ക്കാൻ

- ഏതൽ അദ്നാൻ (1925-2021, ലെബനീസ് - അമേരിക്കൻ)

Sunday, May 26, 2024

കവിതകൾ - ക്രിസ്റ്റിൻ ഒമാഴ്‌സ്ഡാട്ടർ (ഐസ് ലാൻ്റ്, ജനനം 1962)

കവിതകൾ

ക്രിസ്റ്റിൻ ഒമാഴ്‌സ്ഡാട്ടർ (ഐസ് ലാൻ്റ്, ജനനം 1962)

1
ചിരി

ആകാശം വായ തുറന്നു വിഴുങ്ങുന്നൂ ഒരു മേഘത്തെ
മറ്റൊരു മേഘത്തെ
മേഘത്തെ
മേഘത്തെ
ഹോ!
മാനത്തിനു നല്ല വിശപ്പുണ്ട്
തിന്നുന്നതിടെ അതു പല്ലില്ലാതെ ചിരിക്കുന്നുമുണ്ട്

ഞാൻ നിലത്തു മലർന്നുകിടക്കുന്നു
മ്....മ്.......
മാനത്തോടൊത്തു ചിരിക്കുന്നു
മ് ......മ്.......
ഹഹഹഹ.......


2
മൂന്നു കവയിത്രികൾ

മൂന്നു കവയിത്രികൾ
വെളുത്ത ബ്രായണിഞ്ഞ്
ഉയരം കുറഞ്ഞ
ഒരു വട്ടമേശക്കു ചുറ്റുമിരിക്കുന്നു
പുസ്തകം കയ്യിൽ പിടിച്ച്

സ്വെറ്റർ ധരിച്ച ഒരു മനുഷ്യൻ
മഞ്ഞുകാറ്റിൽ നിന്നും വാതിൽ തുറന്നു വന്ന്
സ്ത്രീകൾക്കരികെ വന്നിരിക്കുന്നു.

സ്വെറ്റർ ഊരുന്നു

അവരിലൊരാളെ
അയാൾ തൊടുമ്പോൾ
അവർ അതിനകം മരിച്ചു കഴിഞ്ഞിരിക്കുന്നു.
ജീവിതത്തിലേക്കു തിരിച്ചു വരുന്നേയില്ല
അവൻ്റെ ചുംബനങ്ങൾക്കായ് അവർ
കാക്കുകയാണെങ്കിലും

പിന്നയാൾ എണീറ്റു
അയാൾ തൊട്ട സ്ത്രീയെ
എടുത്തു പുറത്തേക്കു കൊണ്ടുപോയി

വാതിൽ തുറക്കുമ്പോഴും അടയ്ക്കുമ്പോഴുമുള്ള
വായുപ്രവാഹം
മൂവരുടേയും പുസ്തകത്താളുകൾ
മറിച്ചുകൊണ്ടിരുന്നു.


3
ആഗ്രഹം

ഞാൻ ഉണർന്നെണീക്കാത്ത ദിവസം
ആഗ്രഹിക്കുന്നു
ആരെങ്കിലും അടുത്തുണ്ടാവാൻ
എൻ്റെ ശരീരത്തെ അറിയുന്ന ആരെങ്കിലും.


4
സ്നേഹവും നീയും


നിൻ്റെ ശ്വാസകോശത്തിൻ്റെ ചിത്രങ്ങളെടുക്കുന്ന കാമറ നിന്നെ സ്നേഹിക്കുന്നു, പക്ഷേ നീയാ സ്നേഹം ശ്രദ്ധിക്കുന്നില്ല.

ശരിക്കുമതെ. നീ ഷർട്ടഴിച്ച് ചർമ്മം കണ്ണാടിമിനുപ്പുള്ള സ്റ്റീലിന്മേൽ ആദ്യമായി തട്ടുമ്പോൾ, അപ്പോൾ നീയതു ശ്രദ്ധിക്കും. പക്ഷേ പെട്ടെന്നുതന്നെ മറക്കുകയും ചെയ്യും.

കാമറക്കു പിന്നിലുള്ള സ്ത്രീകളും നിന്നെ സ്നേഹിക്കുന്നു.

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രവും.

നിൻ്റെ ശ്വാസകോശത്തിൻ്റെ എക്സ് റേയെ പ്രകാശിപ്പിക്കുന്ന തിളക്കവും.

ഡോക്ടറുടെ വിരൽ

ഇരുട്ട്, വരകൾ, ചിത്രത്തെ എടുത്തുകാട്ടുന്ന പുകമൂടൽ

അവ നിന്നെ സ്നേഹിക്കുന്നു.

നീ പക്ഷേ ഇപ്പോൾ തയ്യാറല്ല.

അയാൾ മരിച്ചു

അയാൾ മരിച്ചു


ജീവിച്ചിരുന്ന കാലത്തു വിട്ട

ലക്ഷക്കണക്കിനു കോട്ടുവാകൾക്ക്
നിത്യശാന്തി!

രാവിൽ

രാവിൽ


വിരലാൽ ഞെരിഞ്ഞോരു
പ്രാണിയുടെ നാറ്റം
നിറയുന്നു രാവിലെങ്ങും

കർണ്ണൻ

 കർണ്ണൻ


ആസ്പത്രിലിഫ്റ്റ്
നെഞ്ചുകാട്ടും പോലെ തുറന്നു.
കയ്യിലെ
കുഞ്ഞു തോണി പോലുള്ള
കുഞ്ഞിക്കിടക്കയിൽ
ചോരക്കുഞ്ഞുമായ്
ഒരു സ്ത്രീ.
ലിഫ്റ്റിൽ നിന്നു പുറത്തിറങ്ങാൻ ആയുന്ന
അവർ
തോണി വെള്ളത്തിലൊഴുക്കാൻ
ആയുകയാണെന്നു തോന്നി!