Friday, September 5, 2025

കണ്ണൻ എന്ന ഭാഷ

കണ്ണൻ എന്ന ഭാഷ

പി.രാമൻ


മൂന്നുനാലു കൊല്ലം മുമ്പാണ് ഞാൻ അമൃതയെ പരിചയപ്പെടുന്നത്. അമൃതയെയല്ല, അമൃതയുടെ  കവിതയാണ് ആദ്യം പരിചയപ്പെട്ടത്. പട്ടാമ്പി കോളേജിലെ കവിതാ കാർണിവലിൻ്റെ ഭാഗമായി കോളേജു വിദ്യാർത്ഥികളിൽ നിന്ന് അയച്ചു കിട്ടിയ കവിതകൾ പ്രാഥമിക തെരഞ്ഞെടുപ്പിനു വേണ്ടി വായിക്കുന്നതിനിടയിലാണ് ആ കവിതകൾ ശ്രദ്ധയിൽ പെട്ടത്. ഒറ്റപ്പാലം എൻ എസ് എസ് ട്രെയിനിങ് കോളേജിൽ വിദ്യാർത്ഥിയായിരുന്നു അമൃത അന്ന്.മലയാളകവിത മുമ്പ് ആവിഷ്ക്കരിച്ചിട്ടില്ലാത്ത ഒരു പ്രമേയം ആ കവിതകളിൽ സാന്നിദ്ധ്യപ്പെട്ടത് എന്നെ സ്പർശിച്ചു. പുറംകാഴ്ച്ചാപരിമിതിയുള്ള ഒരു മനുഷ്യൻ്റെ ഉള്ളനുഭവങ്ങൾ അതിനിണങ്ങിയ ഭാഷയിൽ അവതരിപ്പിക്കുന്നവയായിരുന്നു ആ കവിതകൾ. മൂർച്ചയുള്ള ഗദ്യം കൊണ്ടും അവതരണ ശൈലികൊണ്ടും ശക്തമായിരുന്നു അവയിലെ ഭാഷ. ഗദ്യഖണ്ഡരൂപം (Prose Poem) ഈ എഴുത്തുകാരി സ്വാഭാവികതയോടെ പ്രയോഗിച്ചു.സന്ദർശനവേളയിൽ എന്ന കവിത അന്നു വായിച്ചത് ഇന്നും മനസ്സിലുണ്ട്. വീട്ടിൽ ബന്ധുക്കൾ വരുമ്പോഴൊക്കെ പുറംകാഴ്ച്ചാ പരിമിതിയുള്ള കുട്ടിയോട്, മോളേ ഞാനാരാണെന്നു പറ, എന്നെ മനസ്സിലായില്ലേ എന്നു ചോദിക്കുന്നതിൽ നിന്നാണ് ആ കവിത തുടങ്ങുന്നത്. ഒടുവിൽ സഹികെട്ട് ഒരു തവണ അവൾ മറുപടി പറഞ്ഞു, അറിയില്ല, ഞാൻ നിങ്ങളെ മറന്നിരിക്കുന്നു എന്ന്. ആ കവിത എനിക്ക് പുതിയൊരു അനുഭവലോകം തുറന്നു തന്നു. പുറംകാഴ്ച്ചാ പരിമിതിയുള്ള സി.പഴനിയപ്പൻ എന്ന കവിയുടെ രചനകൾ എന്നെ അത്ഭുതപ്പെടുത്തിയ കാലം കൂടിയായിരുന്നു അത്. ഓരോ വസ്തുക്കളെയും തൻ്റേതായ രീതിയിൽ പുതുതായി നിർവചിക്കുന്ന കവിതകളായിരുന്നു പഴനിയപ്പൻ്റേത്. ഉദാഹരണത്തിന് പുസ്തകത്തിന് അദ്ദേഹം നൽകിയ നിർവചനം "വിരൽത്തുമ്പിലൂടരിച്ചു കയറുന്ന വെളിച്ചം" എന്നാണ്. ആയിടെത്തന്നെയാണ് ബ്രിട്ടീഷ് കവി റെയ്മണ്ട് ആൻട്രോബസ്സിൻ്റെ കവിതകൾ എന്നെ പിടിച്ചുലച്ചത്. നന്നേ ചെറിയ പ്രായത്തിൽ കേൾവിശക്തി നഷ്ടപ്പെട്ട റെയ്മണ്ട്, തൻ്റെ കാവ്യഭാഷയെ തുള വീണ ഭാഷ എന്ന് വിശേഷിപ്പിക്കുന്നു. തുള വീണ ഭാഷകൊണ്ട് മുമ്പില്ലാത്ത ഒരു കാവ്യലോകം തീർക്കാൻ ആ ഇംഗ്ലീഷ് കവിക്കു കഴിഞ്ഞു. ഇന്ന് ഇംഗ്ലീഷിലെ ഏറ്റവും ശ്രദ്ധേയരായ കവികളിൽ ഒരാളാണ് അദ്ദേഹം. മലയാളത്തിൽ പഴനിയപ്പൻ തുടങ്ങിവച്ചത് അമൃതയിലൂടെ ശക്തമായി തുടരുന്നത് ആ ആദ്യകവിതകളിൽ തന്നെ എനിക്ക് അനുഭവപ്പെട്ടു. മറ്റൊരാൾക്ക് എഴുതാൻ കഴിയാത്ത വിധം മൗലികമായിരുന്നു അത്. ജീവിതം നേരിട്ട് ഭാഷയായി മാറിയത്.


അതേ സമയം തൻ്റെ ജീവിതത്തേയും കവിതയേയും ഒട്ടും ആദർശവൽക്കരിക്കാതിരിക്കാനും കാല്പനികവൽക്കരിക്കാതിരിക്കാനുമുള്ള ജാഗ്രതയും തുടക്കത്തിൽ തന്നെ ആ കവിതകളിൽ ഉണ്ടായിരുന്നു. അമൃതയുടെ ഒരു പഴയ കവിതയിൽ കംപ്യൂട്ടറിൻ്റെ വരവോടെ കാലഹരണപ്പെട്ടു പോയ ടൈപ്പ് റൈറ്റർ ഇങ്ങനെ പറയുന്നുണ്ട്:

എന്നു വെച്ച് 

നിങ്ങൾ വിചാരിക്കുന്നത്ര 

സങ്കടമൊന്നും എനിക്കില്ല

.......

എൻ്റെ പ്രിയപ്പെട്ട ചങ്ങാതിമാരേ,

കാല്പനിക ഗൃഹാതുരതയിൽ

കാലിട്ടടിക്കാനൊന്നും

എന്നെ കിട്ടില്ല


ഈ ദാർഢ്യം സ്വന്തം കവിതയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ പ്രഖ്യാപനം തന്നെയായാണ് ഞാൻ വായിച്ചത്. അമൃത പുതിയ വഴികളിലൂടെ എഴുതി മുന്നോട്ടു പോകും എന്ന് അന്നുണ്ടായ തോന്നൽ ശരിയാണെന്നതിൻ്റെ സാക്ഷ്യമായി ഇതാ മുന്നിലിരിക്കുന്നു വ്യത്യസ്തമായ ഒരു സമാഹാരം - അമ്മുണൂൻ്റെ കണ്ണൻ.


പട്ടാമ്പി കോളേജിൽ വന്ന് അമൃത കവിത വായിച്ചെങ്കിലും തിരക്കിൽ പരിചയപ്പെടാൻ കഴിഞ്ഞില്ല. പിന്നീട് നമ്പർ സംഘടിപ്പിച്ചു വിളിച്ചു സംസാരിച്ചു. അതിനുശേഷം 2023 ജനുവരിയിലാണ് അമൃതയുടെ വ്യത്യസ്തമായ ഒരു കവിതാ അവതരണം കാണാൻ അവസരം ലഭിച്ചത്. പരുതൂർ ചെമ്പ്രയിൽ സംഘടിപ്പിച്ച ക്ലോസ്ഡ് ബോഡി എന്ന നാട്ടുബിനാലേയോടനുബന്ധിച്ച് അരങ്ങേറിയ പെൺപോയട്രി പെർഫോമെൻസിൽ ഇരുട്ടിൽ കൊളുത്തിവെച്ച മെഴുകുതിരികളുടെ പശ്ചാത്തലത്തിൽ ബ്രെയിൽ ശബ്ദത്തിൻ്റെ അകമ്പടിയോടെ അമൃത കവിതകൾ അവതരിപ്പിച്ചു. മലയാള കവിത ഈ എഴുത്തുകാരിയിലൂടെ കൂടുതൽ വിസ്തൃതമാകുന്നത് അനുഭവിക്കാൻ കഴിഞ്ഞു.


ഇപ്പോൾ അമൃത എന്നെ വിളിച്ച് ആദ്യപുസ്തകം വരുന്ന വിവരം പറഞ്ഞപ്പോൾ ഞാൻ ചോദിച്ചത്, എഴുതിയ എല്ലാ കവിതകളും അതിലില്ലേ എന്നാണ്. "ഇല്ല മാഷെ, കൃഷ്ണകവിതകൾ മാത്രമാണ് ഇതിൽ" എന്ന് കവി പറഞ്ഞപ്പോൾ എനിക്ക് ആദ്യം ഒരിച്ഛാഭംഗമുണ്ടായി. സ്വന്തം എഴുത്തിൻ്റെ വ്യത്യാസം ആദ്യപുസ്തകത്തിൽ തന്നെ ഒരു പുതിയ കവി അടയാളപ്പെടുത്തേണ്ടതാണ്. അമൃതയുടെ ഈ ആദ്യപുസ്തകത്തിന് അതിനു കഴിയാതെ പോകുമോ എന്നു ഞാൻ സംശയിച്ചു. പുസ്തകത്തിൻ്റെ സോഫ്റ്റ് കോപ്പി അയച്ചുകിട്ടി വായിച്ചപ്പോഴാണ് സമാധാനമായത്. ഇത് അമൃതയുടെ മാത്രം കൃഷ്ണകവിതകളാണ്.എന്നല്ല, ഈ കവിതകൾ ഒറ്റപ്പുസ്തകമായി വരുന്നതാണ് നല്ലതും. മറ്റു കവിതകൾ ഇതിൻ്റെ ഭാവതലത്തോട് ഇണങ്ങണമെന്നില്ല. അവ മറ്റൊരു പുസ്തകമായി വൈകാതെ ഇറങ്ങട്ടെ.


കൃഷ്ണഭക്തികവിതകളുടെ പാരമ്പര്യം മലയാളത്തിനുണ്ട്. അതിൻ്റെ പഴയകാല അടയാളസ്തംഭമാണല്ലോ കൃഷ്ണഗാഥ.അവിടുന്നിങ്ങോട്ട് വലുതും ചെറുതുമായ ഒട്ടേറെ കൃതികൾ. ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം പകുതിയിൽ സുഗതകുമാരിയുടെ കവിതകൾ കൃഷ്ണഗീതികളുടെ പുതുതരംഗം തന്നെ സൃഷ്ടിച്ചു. കാലം കൊണ്ട് ഭക്തിഭാവത്തിനും പല പല മാറ്റങ്ങളുമുണ്ടായി. വള്ളത്തോളിൽ അത് ദേശീയതയോടു കണ്ണി ചേരുന്നെങ്കിൽ സുഗതകുമാരിയിൽ അഹംബോധനഷ്ടത്തെത്തുടർന്നുണ്ടാകുന്ന ലയനമാണത്. ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ. കാവ്യഭാഷ ഗദ്യത്തിലേക്കു പകർന്ന പുതുകാലത്തും  കൃഷ്ണകവിതകൾ ഉണ്ടാകുന്നുണ്ട്. കെ. പി. ശൈലജയുടെ യശോദ അത്തരത്തിലോരു ശ്രമമായിരുന്നു. ഈ പാരമ്പര്യത്തെ തൻ്റേതായ രീതിയിൽ പുതുക്കുക കൂടിയാണ് അമൃത അമ്മുണൂൻ്റെ കണ്ണനിലൂടെ


തൻ്റെയുള്ളിൽ നിറഞ്ഞു നിൽക്കുന്ന ഉണ്ണിക്കണ്ണനോടുള്ള നിരന്തരസംവാദമാണ് അമൃതയുടെ ഈ കവിതകൾ. ഗദ്യം എന്നു വിളിച്ചാൽ പോരാ പറച്ചിൽ രൂപമെന്നു തന്നെ വിശേഷിപ്പിക്കേണ്ടിവരും ഈ കവിതകളുടെ സ്വരൂപത്തെ. സംഭാഷണരൂപമാണ് പലതിനും. കുറുമ്പനായും തിരുമാലിയായും മായാജാലക്കാരനായും കൂട്ടുകാരനായും ജ്യേഷ്ഠനായും കാവലാളായുമെല്ലാം കൃഷ്ണൻ നിറയുന്നു. ചിലപ്പോൾ നീ കണ്ണനും ഞാൻ അമ്മുണുവുമായി. ചിലപ്പോൾ തിരിച്ച് ഞാൻ കണ്ണനും നീ അമ്മുണുവും. രക്ഷകൻ, പ്രണയി തുടങ്ങിയ ഭാവങ്ങളെല്ലാം കടന്ന്, അതിനപ്പുറം പോന്ന കൂട്ടാണ് അവരുടേത്. വന്ന് വന്ന് എന്ന കവിതയിൽ കണ്ണൻ ഈ മാറ്റങ്ങൾ വിവരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് താൻ അവൾക്കു രക്ഷകനായിരുന്നു. മുതിർന്നപ്പോൾ കാമുകനായി. അതും കഴിഞ്ഞ് ഇപ്പൊഴോ?:


ഇപ്പൊഴോ അവൾക്കെന്നെ

തീരെ വിലയില്ലാതായി

അതു ചെയ്യ് ഇതു ചെയ്യ് എന്നു കല്പിക്കും

ഞാനൊന്നു മൗനം പാലിച്ചാൽ

പിണങ്ങി നടക്കും.

എൻ്റെ മുഖത്തു നോക്കി

കടുകുമണിയോളം ഇഷ്ടല്യെന്ന് പറയും.

എന്നെ കളിയാക്കുമ്പോൾ

ആ കണ്ണുകൾ പോലും ചിരിക്കും.

എൻ്റെ ശ്രദ്ധ ഒന്നു തെറ്റിയാൽ

ടീച്ചറെപ്പോലെ ശകാരിക്കും.....

ഇപ്പൊഴൊക്കെ അടുത്തടുത്തുണ്ടായിരുന്ന

മര്യാദപോലും പോയി.

ഇപ്പൊഴൊക്കെ അവൾക്കെന്നോട്

എന്തുമാകാമെന്നായി


അങ്ങനെ വന്നു വന്ന്

അമ്മുണൂന് ഞാൻ

അമ്മുണൂൻ്റെ കണ്ണനായി

അങ്ങനെ വന്നു വന്ന്

അമ്മുണൂൻ്റെ കൂടെയില്ലാണ്ട്

കണ്ണന് പറ്റാണ്ടായി


ഇതാണ് കണ്ണനോടുള്ള കവിയുടെ ലയനം, അഥവാ കവിയോടുള്ള കണ്ണൻ്റെ ലയനം. കൂട്ടുകാരനും കൂടപ്പിറപ്പുമായ കണ്ണനാണ് കാമുകനായ കണ്ണനല്ല അമ്മുണുവിൻ്റേത്. രാധേ വരൂ വരൂ എന്നൊക്കെ അവൻ വിളിക്കുന്നുണ്ടെങ്കിലും. ആകയാൽ അമ്മുണു ഗോപികയുമല്ല. കണ്ണൻ്റെ മറ്റു ഭാവങ്ങളെക്കുറിച്ചെല്ലാം അവൾക്കു നന്നായറിയാം. ഗുരുവായൂരിൽ തൊഴാൻ ചെന്നാൽ കൃഷ്ണന് എന്താ ഒരു ഗമ എന്ന് പരിഭവിക്കുന്ന ഗുരുവായൂരിലെ നീ എന്ന കവിതയിൽ അമൃതയുടെ ഹൃദയത്തിലെ കൃഷ്ണഭക്തിഭാവത്തിൻ്റെ സത്ത മുഴുവനുമുണ്ട്. ആളും ആരവവും ജപവും പൂജയുമൊക്കെ ഗുരുവായൂരിലെ കൃഷ്ണനെ വലിയ ഒരാളാക്കുന്നുണ്ടാവാം. എന്നാൽ അതിനൊക്കെയപ്പുറത്തൊരു കണ്ണനുണ്ട്:


നേരു പറയണമല്ലോ

ഇവിടെയെത്തി നിന്നെയൊന്നു തൊട്ട്

അല്ലല്ല

നാലടിയൊക്കെ തന്ന്

നാലു ചീത്ത പറഞ്ഞ്

അപ്പോഴാണ് എനിക്കാശ്വാസമായത്.


ഈ സ്വാതന്ത്യം ഇതേ അളവിൽ ഞാൻ വായിച്ചറിഞ്ഞിട്ടുള്ളത് ചെന്നമല്ലികാർജുനനുമായുള്ള അക്കാമഹാദേവിയുടെ പാരസ്പര്യത്തിലാണ്. സുഗതകുമാരിയുൾപ്പെടെയുള്ളവരുടെ കൃഷ്ണകവിതകളിൽ നിന്ന് അമൃതയുടെ കവിതകൾ വ്യത്യാസപ്പെടുന്നത് ഭാഷണാത്മകമായ പാരസ്പര്യത്തിലൂടെയുള്ള ലയനത്തിലാണ്. അമ്മുണുവിൻ്റെ കണ്ണൻ അക്കമഹാദേവിയിലേക്ക് എന്നെ വഴികാണിക്കുന്നു.പൊക്കം കൂടിയാലും എന്ന കവിതയിൽ ഗുരുവായൂരിലെ കണ്ണൻ അമ്മുണുവിനോടു പറയുന്നുണ്ട്,


ഒന്നും പറയേണ്ടെൻ്റമ്മുണു,

ഇത്ര പൊക്കത്തിലായാൽ

ആർക്കായാലും തല കറങ്ങും.

അനുഭവം കൊണ്ട് പറയണതാ അമ്മുണു,

ഉടൽപൊക്കമെന്നല്ല

ഒരു പൊക്കവും കുറഞ്ഞെന്നോർത്ത്

ഉള്ളു തപിക്കാൻ നിക്കല്ലേ


കണ്ണന് അമ്മുണുവിനോടും ഏറെ പറയാനുണ്ട്.പരിമിതികളില്ലാത്തവിധം സ്വതന്ത്രമായ പാരസ്പര്യമാണ് അമ്മുണുവിനും കണ്ണനും തമ്മിലുള്ളത്. അറിയാതെ അറിഞ്ഞതെന്നോ എന്ന കവിതയിൽ പറഞ്ഞതുപോലെ ശുദ്ധാശുദ്ധങ്ങളുടെയോ ഇഷ്ടാനിഷ്ടങ്ങളുടെയോ അതിരുകളിൽ ഒതുങ്ങാത്തത്. എന്തും പറയാനും ചെയ്യാനുമുള്ള സ്വാതന്ത്ര്യത്തിൻ്റെ പേരാണ് അമ്മുണുവിൻ്റെ കണ്ണൻ. പാതിയിൽ നിലച്ചു പോകുന്ന വിനിമയങ്ങളെക്കുറിച്ച് മുമ്പ് പല കവിതകളിലും (ഉദാ: സന്ദർശനവേളയിൽ) അമൃത എഴുതിയിട്ടുണ്ട്. സ്വതന്ത്രവും നിലക്കാത്തതുമായ വിനിമയത്തിൻ്റെ ആൾരൂപമാണ് ഈ കവിതകളിലെ കണ്ണൻ. ആ നിലയിൽ ഭാഷ തന്നെയാണ് അമൃതയുടെ കണ്ണൻ. ആ കണ്ണനിലൂടെ, തന്നെ സമ്പൂർണ്ണമായി സാക്ഷാൽക്കരിക്കാൻ എഴുത്തുജീവിതത്തിലൂടെ ഈ കവിക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.

No comments:

Post a Comment