Wednesday, September 24, 2025

മോയ്കോം സെക്വോ (അൽബേനിയ, 1949 -2020)

കവിതകൾ

മോയ്കോം സെക്വോ (അൽബേനിയ, 1949 -2020)

1
പഴയ കിണർ


പഴയ കിണറിൽ
വീണു മൂടിക്കിടക്കുന്ന ശരത്കാല ഇലകൾ.
എൻ്റെ ദാഹമടക്കുന്നു,
പായൽ പിടിച്ച തൊട്ടിയിൽ നിന്നു
പാരുന്ന പഴങ്കഥകൾ


ഓരോ തുള്ളിയിലും
എനിക്കുണ്ടൊരു സമുദ്രം
ഭൂമിശാസ്ത്രജ്ഞന്മാർ അറിയാത്തത്

പഴയ കിണർ
ആഴങ്ങളിലേക്കു 
നോക്കാനുള്ള
എൻ്റെ ശിലാദൂരദർശിനി

മരിക്കുകയും
പുനർജനിക്കുകയും ചെയ്യുന്നു
ഇവിടെ ഞാൻ,
പെരുംദാഹത്തിൻ്റെ
ഒരധോതല കൊളമ്പസ്


2
കവിത


കവിത കാലങ്ങളെ
തുളച്ചു കടക്കുന്നു
ഒരു രഹസ്യ എക്സ് റേ പോലെ

വായിക്കണേ
എൻ്റെ അസ്ഥികൂടം,
അപരിചിത അക്ഷരം


3
കണ്ണുകളെ ദേവതകളാക്കൽ


ഓരോ മഞ്ഞുതുള്ളിയും
എൻ്റെ കുഞ്ഞു കണ്ണാകുന്നു

ഇവിടെ,
മരങ്ങളും കുന്നുകളും
ഒരു കോടിക്കണ്ണുകൊണ്ടു നോക്കുന്നു
കടലിൽ നിന്ന്, ചക്രവാളത്തിൽ നിന്ന്
നീയണയുമ്പോൾ.

കണ്ണുകളില്ല
മരണത്തിനു മാത്രം


4
ചന്ദ്രൻ പാടുന്നു


ചന്ദ്രൻ പാടുന്നു,
തങ്ങളതു കേൾക്കുന്നില്ലെന്നു
ചിലർ പറയുന്നു.

ശരിയായ ചെവികളില്ല
അവർക്ക്

എന്നെ വിശ്വസിക്കൂ,
ചന്ദ്രൻ പാടുന്നു

നക്ഷത്രരാശികളുടെ
ബഹുസ്വരസംഗീതത്തിനൊപ്പം

5
ഇന്നു രാത്രി


ഇന്നു രാത്രി ഞാനിരിക്കുന്നു
തീർത്തും തനിച്ച്.
ശേഷിക്കുന്നത്
നിന്നെക്കുറിച്ചുള്ള
ഒരോർമ്മ മാത്രം

ആ ഓർമ്മയിൽ
ഞാൻ പിടിച്ചു നിൽക്കുന്നു.
ഒരു കോട്ടു തൂക്കിയ പോലെ
പ്രപഞ്ചം,
ചാന്ദ്രക്കൊളുത്തിൽ.

6

തെക്ക്


എനിക്കിപ്പോൾ കണ്ണുകളില്ല
ചക്രവാളത്തിലവ
കടൽക്കാക്കകളായി മാറി

എനിക്കിപ്പോൾ കൈകളില്ല
ഒരു ചെറുനാരകമരത്തിൻ്റെ
ചില്ലകളായവ മാറി
ഒരു മഴുവിനുമതു മുറിക്കാനാവില്ല.

7

കാറ്റ്


ഇലകളുടെ മകൾ കാറ്റ്
നഗ്നയായോടുന്നു.

മുറിവേറ്റ കിളികളെപ്പോലെ
എത്ര വിസ്മയങ്ങളാണൊളിച്ചിരിക്കുന്നത്
സന്ധ്യയിൽ?

ഒരു സ്വപ്നത്തിൽ
മരുപ്പച്ചയിൽ വന്നു
വെള്ളം കുടിക്കുന്നു
മാൻ

കല്ലു കുതിരകൾ
മൂക്കിൻ തുളകളിലൂടെ
വെള്ളം ചീറ്റുന്നു

പിന്നെ കാറ്റ് കല്യാണം കഴിക്കുന്നു
വിധവയായ കട്ടിമഞ്ഞിനെ




No comments:

Post a Comment