Saturday, June 7, 2025

ലി പോ

തായ്- തിയെൻ മലകളിൽ ഒരു താവോ ഗുരുവിനെ തേടിപ്പോയി കണ്ടുമുട്ടാതിരുന്നതിനെക്കുറിച്ച്


ലി പോ


അലറും നീർക്കുത്തിന്നരികിൽ

നായ്ക്കൾ കുരച്ചിടുന്നേടം

ചിതറും നീർത്തുള്ളികളിതളിൻ

നിറങ്ങൾക്കിരുളിമ ചേർപ്പൂ

കാടിന്നഗാധതക്കുള്ളിൽ

മാനിനെക്കാണാമിടക്ക്


താഴ്‌വാരമധ്യാഹ്ന,മെങ്ങും

മണിനാദം കേൾക്കുവാനില്ല

തിളങ്ങും മേഘങ്ങളെക്കുറുകേ

മുറിക്കുന്നു കാട്ടുമുളകൾ

പറക്കുന്ന വെള്ളച്ചാട്ടങ്ങൾ

തൂങ്ങുന്നു സൂര്യകാന്തക്കൽ -

മുടികളിൽ നിന്നു താഴേക്ക്


ഏതു വഴിക്കു നീ പോയെ -

ന്നാർക്കുമറിയില്ലിവിടെ

എനിക്കൊന്നു ചാരുവാൻ മുന്നിൽ

രണ്ടിപ്പോൾ മൂന്നു പൈൻ മരങ്ങൾ!

No comments:

Post a Comment