Friday, June 20, 2025

രാമചരിതം പടലം 49

പടലം 49


1

ആകുന്നോരാരും മറ്റില്ലടരാടി വീണവരെ
കേവലം മരുന്നിനാലേ തൻ തൻ സ്വരൂപത്തോടെ
ജീവൻ കൊടുത്തുകൊള്ളാനാകുന്നോ,രാകയാൽ നീ
പോവുക വടക്കുനോക്കി ശിവനുടെ മലയോളവും

2

മല പലതുണ്ടനേകം മരങ്ങളും മുനിമാർ വാഴും
നിലയവും നാടും നീളൻ കിടങ്ങും തടാകങ്ങളും
വിലസും സൽക്കീർത്തിയുള്ളോർ വാഴും രാജധാനികൾ
ഒലിമുഴങ്ങും നദികൾ നീ കടക്കുക വീരാ

3
വീരനേ,കൈലാസമാമലമേൽ മരുന്നു നാലും
ചേരുന്ന ഭാഗം തിരിച്ചറിയുമാറുരചെയ്യാം ഞാൻ
പാരിലിരുട്ടകറ്റി പരക്കും പൊൻകൈകളുള്ള
സൂര്യനുദിച്ചപോലെയവിടം വിളങ്ങുമേറ്റം

4

ഏറ്റമില്ലാതെയെന്നാലറിയിക്കാ,മവിടം കാക്കാൻ
ചീറ്റത്തോടുണ്ടു രണ്ടു ശിഖരങ്ങളിരുപാടും
ഏറ്റവും വേണ്ട മരുന്നൊന്നു വിശല്യകരണി
മാറ്റമില്ലാതെ നന്മ വളർന്ന സന്ധാനിയൊന്ന്

5

സന്ധാനിയാം മരുന്നും സാവർണ്ണ്യകരണിയും
രശ്മിയുതിർക്കും മൃതസഞ്ജീവനിമരുന്നും
വെന്തോരെപ്പോലും മുളപ്പിക്കും വിശല്യകരണി
എന്തും നീ നേടുമെന്നു പറഞ്ഞു ജാംബവാനപ്പോൾ

6

പറഞ്ഞ ജാംബവാൻകാലു വണങ്ങി മാരുതിയെണീറ്റു
ശിരസ്സും കൈകാലുകളുമുള്ളോരു മലയെപ്പോലെ
കാണുന്നോർക്കുള്ളിൽ തോന്നുമ്മാറു മലയാചല -
മേറി രാക്ഷസപുരി നോക്കി മാരുതിയലറി

7

അലറിയ നേരമൂയലാടിയ മലകളൊക്കെ
നിലയുമിളകി വീണൂ നിറഞ്ഞെങ്ങും കടൽവെള്ളം
അലകലകായ് തെറിച്ചൂ ലങ്കയും രാക്ഷസരും
ത്രിപുരങ്ങൾ ശിവനോടു വന്നെതിർത്തതുപോലെ

8

എതിർത്തവർ കുലമറുക്കാൻ കരുത്തുള്ള കപിവരൻപോയ്
കുതിച്ചൂ കടലിൻമീതേ വടക്കേ ദിശയും നോക്കി
ഹിതത്തോടുമവിടം പിന്നിലിട്ടുപോയ് സൂര്യബിംബം
അതിക്രമിച്ചടുത്തിതവൻ അലറും മൊഴികളോടെ

9

മൊഴിപൊങ്ങുംമാറലറീ മുഴുത്ത ശരീരത്തോടും
മഴമുകിൽവർണ്ണൻ കൈയ്യിൽ നിന്നുമസുരന്മാരെ
മുഴുവനും കൊന്നൊടുക്കാൻ തൃച്ചക്രം പായുംപോലെ
അഴകുള്ള പുരികൾ പലതടുക്കും മുമ്പേ കടന്നു

10

കടന്നുപോയ് ബ്രഹ്മകോശം കരങ്ങളും വാലും മേല്പോ -
ട്ടുയർന്നുപോയ് പിന്നിട്ടല്ലോ രജതനിലയത്തിനെ
ശതമഖൻ തൻ്റെ പുരി, സൂര്യനിബന്ധനവും
കരുത്തെഴും ശങ്കരകാർമ്മുകമെല്ലാം പിന്നിലാക്കി

11

പിൻതള്ളീയവനിനാഭി ചന്ദ്രചൂഡൻ കൃപയാൽ
മിന്നും കൈലാസഹിമശൈലം,ഋഷഭശൈലം
ഐശ്വര്യം തങ്ങീടുന്ന കാഞ്ചനമലയും താണ്ടി
മുന്നിൽ മാമരുന്നു ചേർന്ന നെടുങ്കൻ മാമലയും കണ്ടു.

No comments:

Post a Comment