പടലം 51
1
ഉടൽ പെരുതായൊരു മാരുതി തന്നോ-
ടുടനുരചെയ്തൂ വാനരരാജൻ
കൊടിയ നിശാചരർ വൻപടയോടും
കൂടി മുടിഞ്ഞൂ പോരിന്നിടയിൽ
പടയൊടു വൻകൂറുള്ളവരാരും
വരുവതു കാണുന്നി,ല്ലതിനാൽ നാം
നിറവൊടു പടയും കൂട്ടിച്ചെന്നേ
പാഞ്ഞു നടക്കുക നഗരിയിലെങ്ങും
2
നഗരം മുഴുവൻ ചൂടുപിടിച്ചാൽ
നല്ല നിശാചരരെല്ലാം നമ്മോ -
ടടരാടാനായണയും വേഗം
ഇതു സുഗ്രീവനുരച്ചൊരു നേരം
മുകിലൊലി നാണിച്ചീടും ഞാണൊലി
നല്ലതുപോലെ മുഴക്കിയരക്ക -
ന്മാരുടെ പുരമമ്പെയ്തു തകർത്തൂ
ജ്ഞാനികൾ തേടും ദേവകൾദേവൻ
3
ദേവകൾദേവനയച്ച ശരങ്ങൾ
തിക്കിവരുന്നതുകണ്ട നിശാചരർ
ഉൾത്തീ പോലുള്ളാവിയുതിർത്തതു
മാതിരിയായീയാനനമെല്ലാം
മാളികയോടൊന്നിച്ചു തകർന്നൂ
ഗോപുരമടരിന്നിടയിൽ നേരേ
വേവു പിടിക്കും കാടു കണക്കേ
വീണൂ രാമനയച്ച ശരത്താൽ
4
രാമനയച്ച ശരം ചിന്തീടും
കിരണംകൊണ്ടു ഭയന്നേപോയി
മാഞ്ഞുമുടിഞ്ഞൂ കൂരിരുളെല്ലാം
വാനരരേന്തും കൊള്ളികളാലും
പാഞ്ഞു മറഞ്ഞൂ സൂര്യൻ കടലിൽ
പോരിന്നിനിയും താമസമരുത്
ആജ്ഞാപിച്ചൂ മകനോടാറും
നാലുമിണങ്ങുന്നാനനമുള്ളോൻ
5
ആനനമീരഞ്ചുള്ളോൻ മറ്റാർ -
ക്കാകും പൊരുതാനെന്നാദരവാൽ
മാനികളാകും കുംഭനികുംഭ-
ന്മാരൊടു നേരേ കൂറിയ നേരം
വാനരവീരന്മാരെയടിച്ചീ
മാനവരേയുംകൂടി മുടിയ്ക്കാൻ
ഞാനുണ്ടെന്നായ് കുംഭൻ, ഞാന-
ല്ലാതേയാരുണ്ടെന്നു നികുംഭൻ
6
ആരാരുണ്ടീ ഞാനല്ലാതെ -
ന്നീ ശൂരന്മാർ തമ്മിൽ പിണങ്ങേ
ദേവകളോടാവോളം വൈരം
പേറും ലങ്കാനാഥനുരച്ചു
അരികളെയെല്ലാം കൊന്നുമുടിക്കും
വിരുതു വെറുത്തേ പോയിരുവർക്കും
പോവുക യുദ്ധത്തിന്നായ് വൻപട
ചൂഴ്കെപ്പോരിക നല്ലവരൊപ്പം
7
നല്ലതിൽ വെച്ചു പ്രജംഘൻ മുമ്പൻ
ഭൂമിയുലയ്ക്കും കമ്പന,നെങ്ങും
സൽപ്പേരുള്ളൊരു യൂപക്കണ്ണൻ
ശോണിതമേലും കണ്ണുകളുള്ളോൻ
ബലവാന്മാരാം സിംഹങ്ങളൊടും
കുതിരകൾ തേരുകളാനകളോടും
കുംഭനികുംഭർക്കൊപ്പം പോവുക
തുണയായ് നാൽവരുമെന്നു ദശാസ്യൻ
8
എന്നു ദശാസ്യനുരയ്ക്കേ വന്ദി-
ച്ചേഴുലകും വന്നെതിരിട്ടാലും
വിജയം നേടിടുമനുജനൊടൊന്നി-
ച്ചരികുലകാലൻ കുംഭൻ ചെന്നു
ഇന്നടരാടിയുറപ്പു വരുത്തു -
ന്നുണ്ടു രിപുക്കൾ മരണപ്പെട്ടെ -
ന്നൊന്നറിയിച്ചേ ദേവർ ഭയക്കും
കമ്പനനങ്ങു നടന്നൂ മുമ്പിൽ
9
മുമ്പിലടുത്തീടും ശത്രുക്കൾ
മൂന്നേമുക്കാൽ നാഴികയെത്തും
മുമ്പേയെന്നുടെയമ്പിന്നിരയാ -
മെന്നു പറഞ്ഞൂ ശോണിതകണ്ണൻ
ഒമ്പതുമൊന്നും തലയുള്ളോനുടെ
തൃക്കഴൽ കൂപ്പിപ്പോയ് നടകൊണ്ടൂ
വമ്പർ വണങ്ങും വാനരവീര-
ന്മാരൊടു പൊരുതാൻ വൻപട ചൂഴ്കെ
10
വൻപട കണ്ടാലുടനേ മണ്ടും
മന്നിതിലുള്ളെതിരാളികളെല്ലാം
എന്നു നിനച്ചുംകൊണ്ടു പ്രജംഘൻ
ശംഖൊലിയെങ്ങും പൊങ്ങുന്നേരം
വരികിൽ നന്നായെന്നൊടെതിർക്കാ-
നരികളുമിപ്പോളെന്നു പറഞ്ഞ്
തൻ മുഖമങ്ങനെ നിന്നു വിളങ്ങും
യൂപക്കണ്ണനുമൊത്തു നടന്നു.
11
ഒത്തവരെല്ലാം ശത്രുക്കളെയി -
ന്നൊക്കെക്കൊന്നു മുടിച്ചിടുമെന്നായ്
പത്തുദിശക്കും കൂടെപ്പെരുതാ-
പത്തു കൊടുക്കും സേനാവ്യൂഹം
പത്തുമിണങ്ങിയ വൻപടയോടെ
മുമ്പേ പോരിനു ഞാൻ ഞാനെന്നൊരു
വമ്പൊടെയെത്തി രിപുക്കളെയെല്ലാ-
മമ്പൊടൊടുക്കാനതിവേഗത്തിൽ
No comments:
Post a Comment