Tuesday, June 17, 2025

രാമചരിതം പടലം 48

പടലം 48


1

അകമുലഞ്ഞു കപിവീരർ പടയാളികളുടെ-
യറുതി കണ്ടുമുടനേ രാഘവർതൻ തിരുവുടൽ
മുഴുവനും മറയുമാറൊളിയുള്ളസ്ത്രങ്ങളേറ്റി -
ട്ടവർ കിടന്നതു കണ്ടുമധികം ചാപല്യത്തോടെ
അടരിൽ ജയിക്കാൻ നമുക്കാവില്ലെന്ന വിചാരത്താൽ
ഇടർമുഴുത്തവശരായ് നശിക്കുന്ന പട പോയി
യകലുംമുമ്പാപ്പടയെത്തടഞ്ഞാശ്രയിക്കുന്നവർ -
ക്കമൃതവാരിധി വിഭീഷണൻ മൊഴിഞ്ഞിതുവിധം

2

ഇതുവിധമിവനൊരിക്കൽ മുന്നമേയസ്ത്രങ്ങളാൽ
ഇവരെല്ലാരേയുമിമ്മണ്ണിന്മേൽ നിരത്തി യുദ്ധത്തിൽ
രസത്തോടേ ജയിച്ചുംകൊണ്ടുടൻ രാജധാനി തന്നിൽ
ശ്രുതിയേറെക്കേട്ടിരുന്ന നേരത്തരനാഴിക മു -
മ്പവനിനായകരും വാനരകുലങ്ങളുമെണീ -
റ്റടരാടീ രാക്ഷസന്മാർ മുടിയുംപടി,യടുത്തി -
ങ്ങിവിടേയും വരുമവ്വണ്ണമിനിയെന്നഴകൊടേ
തെളിഞ്ഞങ്ങറിക നിങ്ങ,ളിരു പക്ഷമില്ലിതിന്

3

ഇതു തെളിഞ്ഞവരോടു പറഞ്ഞതിൻ ശേഷം വേഗം
അടരിലാർ ജീവനോടിനിയുണ്ടെന്നറിയേണമെ-
ന്നധികമൻപൊടു വിഭീഷണൻ വരുന്ന നേരത്തു
അളവില്ലാ ബലമുള്ള ഹനുമാൻ തന്നുടലിന്മേൽ
തറച്ച ബ്രഹ്മാസ്ത്രത്തെയാദരിച്ചു തളർന്നു പോയി
കിടപ്പായീ വീണു പിന്നെയവനുണർന്നെഴുന്നേറ്റി -
ട്ടുതകുന്നോരാരുണ്ടൊരു ചുമതലയേല്പിക്കാനെ -
ന്നുയിരോടെശ്ശേഷിച്ച വാനരന്മാരെത്തിരകയായ്

4

തെരയുവാൻ തുനിഞ്ഞപ്പോൾ വലിയ കൈകളിലോരോ
വിമലസൂര്യനു തുല്യം പ്രഭ വീശും തീക്കൊള്ളികൾ
ചുഴലവും വീശിവീശിക്കൊണ്ടു നടകൊണ്ട നേരം
ഇരുവരും ചേർന്നെത്തവേയിടതൂർന്നു കാണുകയായ്
മുനിമാർ തേടുന്ന വേദജ്ഞാനപ്പൊരുളായുള്ളവൻ
ഉലകമേഴിനുമാദിമൂലമാം മധുസൂദനൻ
അവനോടൊത്തനന്തനും മനുഷ്യരായ് കിടപ്പതും
കപികൾ മലകൾപോലെക്കിടപ്പതും കണ്ടിതെങ്ങും

5

കിടന്നിതവനിമീതെ തുട,തോൾ,കൈ,മാർ,തല, കാൽ
അവയവമെല്ലാം വേർപെ,ട്ടലയ്ക്കും തിരമാലകൾ
കടൽമീതെ തിളച്ചങ്ങുയരുന്നതുപോലെച്ചോര
പുറത്തേക്കു ചീറ്റി ശ്വാസം പിടഞ്ഞു പ്രാണനും വിട്ടു
അടുത്തടുത്തായ് കിടന്ന കപിനായകരെയുള്ളിൽ
കനിവോടെയവരൊന്നു നോക്കി, യാ നോക്കിൻ വഴിയേ
നിവരെ നീളവേ നടന്നീടവേ കൺതലങ്ങളാൽ
നിറഞ്ഞ ശോകത്തോടെ കണ്ടിതു കിടന്ന വടിവിൽ

6

വടിവേറുമചരവൻ,ഗവയ,നംഗദൻ,സൂര്യ-
തനയ,നഗ്നിമുഖനും ദധിമുഖൻ, തുമുഖനും
കൊടിയ കേസരി,സുഷേണനനും ലോമൻ, വിവിധൻ
കുമുദൻ, മൈന്തനും നളൻ, ദുർമുഖൻ,ക്രഥനനും
ഇടവൻ നീലനും താരൻ ദംഭ,നുലകംതന്നിൽ
എതിരില്ലാത്തോരു ഗജൻ, ഗോമുഖൻ, ശ്വേതൻ, മിന്നൽ-
പ്പിണരൊത്ത ദംഷ്ട്രയുള്ള വിദ്യുദ്ദംഷ്ട്രനു, മഗ്നി -
നയനൻ ഗവാക്ഷൻ വേഗദർശിയും പറഞ്ഞീടാം

7

പറയുവാൻ തുടങ്ങിയാൽ പേരുകൾക്കില്ലവസാനം
വലിയ തക്ഷനോടൊപ്പം ജ്യോതിമുഖൻ വിനതനും
രണമാടാൻ മികച്ചവനാകും പ്രതാപിയും പിന്നെ
കരുത്തുള്ള പനസനും ശതബലിപ്പേരുള്ളോനും
ഉറങ്ങും മാതിരി കാണും ധൂമ്രസന്നാദനന്മാരും
ശ്രുതിയേറ്റമുള്ളവനാം യക്ഷനും മറ്റുമിങ്ങനെ
നയമുള്ള കപിരാജാക്കളുടെ രാജാവിനെയും
അവിടെക്കിടക്കുന്നതായ് കണ്ടു നടന്നൂ പിന്നെയും

8

നടന്ന നേരത്തിടയിലൂടെച്ചെന്നപ്പോളവിടെ
നളിനമാതാവിൻ മണവാളനൊരു വടുരൂപ -
മെടുത്തു വന്നിരന്നു മൂന്നടിയാ മാബലിതന്നോ-
ടുദകമേറ്റുലകമീരടിയളപ്പതിനുള്ളിൽ
ഉലകം മുടിയും വിധമളന്നു തീർപ്പതിൻ മുന്നേ
മുഴങ്ങുന്ന പെരുമ്പറ മുഴക്കിയ കപിവീരൻ
ഉടലെല്ലാമിടതൂർന്ന ശരമേറ്റു തളർന്നവൻ
അറിഞ്ഞുകണ്ടിതവനെ, ജംബവാനെയിരുവരും

9
ഇരുവർ നായകന്മാർ വന്നണഞ്ഞതിൽ വിഭീഷണൻ
അടരിൽ നിൻ പ്രാണൻ പോയില്ലയോയെന്നു ചോദിച്ചുകൊ-
ണ്ടരികിൽ നിന്നപ്പോൾ ചോര ചൊരിഞ്ഞു ചൊരിഞ്ഞങ്ങനെ
അജസുതൻ ജാംബവാൻ പറഞ്ഞൂ കുഴഞ്ഞ മൊഴിയിൽ
അരുതു കാണുവാൻ കണ്ണിണയിൽ ശരങ്ങളേൽക്കയാൽ
അരികിലുമകലെയുമുള്ളതൊന്നുമെന്നാകിലും
കരുതുന്നൂ നിന്നെ വിഭീഷണനെന്നിങ്ങനെച്ചൊല്ലും
കനിവും തീക്ഷ്ണബുദ്ധിയുമുള്ള ജാംബവാനെക്കണ്ടു

10

കണ്ട കപിവരരിൽ പ്രാണൻ പോയിക്കിടപ്പോരിൽ
ഉണ്ടോ വായുതനയനാം ഹനുമാനെന്നു ചോദി-
ച്ചിടുന്ന ജാംബവാനോടു വിഭീഷണൻ പറഞ്ഞിതു:
"കപിവരർ മറ്റുള്ളോരെക്കുറിച്ചന്വേഷിച്ചീടാതെ
ഹനുമാനിൽ മാത്രം നിൻ്റെ കനിവു മുഴുവനായും
ചൊരിയുവാനെന്തേ ന്യായം?" ജാംബവാൻ പ്രതിവചിച്ചൂ:
"മുടിഞ്ഞതും മുടിഞ്ഞതല്ലവനു ജീവനുണ്ടെങ്കിൽ
അവനു ജീവനില്ലെങ്കിലിങ്ങുള്ളതുമുള്ളതല്ല"

11

ഉള്ളുലഞ്ഞിതു പറകേ ഹനുമാൻ ജാംബവാൻ്റെ
തൃപ്പദം തൊഴു,തിതാ ഞാൻ ഹനൂമാനെന്നു നിൽക്കേ
അധികവാൽസല്യത്താൽ ജാംബവാൻ ചൊന്നൂ മാരുതിയോ -
ടരചർനായകരേയും വാനരവരേന്ദ്രരേയും
ചതിയാലേയടർതന്നിൽ നിശിചരാധിപതിതൻ
തനയനാൽ മുടിഞ്ഞോരു പടയേയുമതിവേഗം
ഉണർത്തിയെഴുന്നേല്പിച്ചു പൊരുതുമാറാക്കാനുള്ള
വഴി കണ്ടുപിടിക്കാൻ നീയൊഴികെയാകുവോരില്ലേ

No comments:

Post a Comment