Sunday, June 22, 2025

രാമചരിതം പടലം 50

 പടലം 50


1

കണ്ടയുടൻ രണ്ടു ശിഖരങ്ങൾ നടുവേ പോയ്
കണ്ടിടണമൗഷധികൾ വേഗമിനിയെന്ന്
കൊണ്ട നിനവോടുടനടുക്കവെയൊളിച്ചും
കൊണ്ടവ മറഞ്ഞതിനു മൂലമറിവാർക്ക്?
കൊണ്ടൽനിര താണു പലതൊത്തു ജലമേന്തി -
ക്കൊണ്ടലറുംപോലെയതിഘോരമലറിക്കൊ-
ണ്ടിണ്ടലരചന്മാർക്കൊഴിച്ചു കളയാനായ്
വേണ്ടിയിവിടേ മരുന്നു തേടിയണഞ്ഞൂ ഞാൻ


2

തേടിവന്നോരെൻ്റെ മുന്നിൽ വെളിപെട്ടാൽ
ദേവർ മുനിമാർക്കുമുലകത്തിന്നുമിപ്പോൾ
ആയതുപകാരം, അല്ലെങ്കിൽ മലയോടും
കൂടിയിതടർത്തിടുവനെന്ന മൊഴിയോടെ
മാമലയെ മാരുതിയിളക്കി മലയൊക്കും
തൻ്റെ കരമൊന്നിലതു ചൂടി കുടപോലെ
വായുതനയൻ തിരികെയങ്ങണയുവാനായ്
വാനിലുയരെക്കുതിച്ചു പിന്നെയുമുയർന്നു

3

ഉയർന്നവനൊരായിരം യോജനകൾ മേലേ
തിരികെയണയാൻ മനോവേഗമൊടെയപ്പോൾ
വഴിയിടയിലുണ്ടാം തളർച്ച കളയാനായ്
ഞൊടിയിടയുമവനിരുന്നില്ല,നിന്നില്ല
യുദ്ധക്കളത്തിൽ മയങ്ങിക്കിടക്കും
രാജാക്കളെക്കപികളേയും നിനച്ചേ
നയശാലി മാരുതിയണഞ്ഞൊടുവിൽ ലങ്കാ
നഗരത്തിൽ നൽത്തിരകളുള്ള കടൽ താണ്ടി

4

തിരകളുയരും പതപതച്ച കടൽ മീതേ
കപിമുതുവജാംബവാൻ ചൊന്നതു പ്രകാരം
പ്രഭയൊടെ മരുന്നുകൾ തെളിഞ്ഞ മലയേന്തി
തിരികെയവിടേക്കു വന്നിടുവതിനു മുമ്പേ
ഉറങ്ങിയവരൊക്കെയുണരുമ്മാറതിൻ കാ -
റ്റണയവെ മരുന്നുമലയെദ്ദശരഥൻ തൻ
തനയനുടെ തിരുമുമ്പിൽ കൊണ്ടുടനെ വെച്ചേ
കഴലിണ നമിച്ചു ഹനുമാൻ വലിയ കൈയ്യാൽ

5

വലിയ മൃദുകയ്യാൽ വിഭീഷണൻ തൻ്റെ
കരമതു പിടിച്ചു ഹനുമാനരികിൽ നിന്നു
ഉണർന്ന കപികൾ രാമലക്ഷ്മണരുമാരു -
ണ്ടടരിനണയാനെന്നു കോപമൊടെണീറ്റു
ശവങ്ങൾ മുഴുവൻ രാവണാജ്ഞയാൽ മുന്നേ
പെരുങ്കടലിൽ കൊണ്ടിട്ടു കളഞ്ഞതു നിമിത്തം
നിശിചരപ്പടയറുതിയായ്, അതല്ലെങ്കിൽ
ഉണർന്നടരിനെത്തിയേനേ രാക്ഷസന്മാർ
6
ആരുമറിയുംമുന്നമീ മലയെ നീയേ
വേഗമൊടു മുന്നമതിരുന്ന വിധമാക്കി
പോരണമതല്ലെങ്കിലില്ല വഴിയൊന്നും
പോരിൽ നിശിചരരുടെയൊടുക്കമതു കാണാൻ
മാരുതിയൊടിങ്ങനെയുരയ്ക്കുവാൻ രാമൻ
വാ തുറന്ന നേരമതെടുത്തവനുയർന്നു
തീയെരിയും കൊള്ളികളോടേ നഗരമേറാൻ
വീരകപിമാരൊടു മൊഴിഞ്ഞു കപിരാജൻ

7
മൊഴികളവ മുഴുവനും മൊഴിവതിനു മുന്നേ
കരമതിലെടുത്തു കപികൾ കൊള്ളിയെല്ലാം
ഉന്നം പിടിച്ചെറികെയാളീ കൊടുംതീ
വെന്തു നഗരം പിന്നെ വാനിലുയർന്നേ പോയ്
പാതിവഴി ചെന്നതും മാരുതി കരുത്തോ -
ടാമലയെറിഞ്ഞു മുമ്പിരുന്നപോലാക്കി
ചൂഴ്ന്നു കപിവീരർ നിലകൊൾകെയവനുള്ളിൽ
ചുരന്ന കനിവോടെ രാമൻ്റെ കാൽ തൊഴുതു

8

തൊഴുതു മനുരാജൻ്റെ പദകമല,മുടനേ
നിശിചരപുരത്തിനെ തീയിലെരിയിച്ചേ
അലറി നിലകൊള്ളുന്ന കപികൾക്കു നടുവേ
അണയുന്ന മാരുതിയെരിച്ചു ചില വീട്
മണമുയരും ഗുഗ്ഗുലു,വകിൽത്തടികൾ,നെയ്യ്
കളഭനറുചന്ദനസുഗന്ധവസ്തുക്കൾ
രിപുനിരകൾ പേടിച്ചു പായുന്ന, തേരിൽ
പൊരുതുവാൻ വെച്ച ശസ്ത്രങ്ങൾ വെന്തെങ്ങും

9

എങ്ങുമിടചേർന്നെരിയും തീജ്വാലകൾ ക -
ണ്ടെട്ടുദിശ,ഭൂമി,കടൽ,വാനുലകിലെല്ലാം
തീയലകൾ തൻ നിഴൽ പടർന്നുകയറുമ്പോൾ
സങ്കടമതൊട്ടു സഹിയാതെ വിളികൂട്ടീ
തങ്ങളിൽ നിശാചരികളൊക്കെയുമിരുന്ന്:
"വെന്തവിഞ്ഞുപോയി കുളിർസാഗരവു,മിനി നാ -
മെങ്ങണയു,മാരിനി തടുക്കുവതിനുള്ളൂ,
എന്തിവിടെ നല്ലതതു ചൊല്ലുവരുമില്ലേ"

10

ചൊല്ലുവതിനൊത്തവർ മുടിഞ്ഞടരി,ലേറെ -
ച്ചൊല്ലുള്ള നിശിചരവരർ കപികളാലേ
വമ്പനുടൽ തച്ചു പലപാടുമെറിഞ്ഞാലും
വല്ലഭമടർക്കളത്തിലുള്ളതുമവർക്കേ
കല്ല് മല മാമലയുമേന്തിയതിവേഗം
കണ്ടിടുവതുണ്ടെന്ന പരിചിലടരാടും
നല്ലവരെയൊക്കെയുമൊടുക്കിയതിൽപിന്നെ
ലങ്കയിലണഞ്ഞിരവിലിന്നു രഘുരാമൻ

11
ഇന്നു ജയമോടവനിതാ നഗരമേറു-
ന്നെന്നണയും മുമ്പവരെരിച്ചു നഗരത്തെ
എന്തിവിടെയിനി,യതറിയാൻ നാമശക്തർ
രാമനൊടു പൊരുതുവാൻ പോയവർ മുഴുക്കെ
ആകവെ മുടിഞ്ഞു ഹരിയെന്നു പറയുമ്മാ-
റോടിടുകയാണെന്നു രാക്ഷസപുരത്തിൽ
തമ്മിൽ മൊഴിയും നിശിചരാംഗനകൾ വേവോ -
ടെട്ടുദിശയും മണ്ടിയുടലുകൾ കരിഞ്ഞേ

No comments:

Post a Comment