Saturday, June 28, 2025

സിലാർഡ് ബോർബെലി (ഹങ്കറി,1963 - 2014)

നിത്യത

സിലാർഡ് ബോർബെലി (ഹങ്കറി,1963 - 2014)


നിത്യത തണുപ്പാണ്
യേശുവിൻ മുഖം കൊത്തി -
യെടുക്കും ഉളിപോലെ

നദി പിന്നെയും
ശാന്തമാവതു നീ കാണുമ്പോൾ
നിത്യതയടിത്തട്ടിൽ,
വെള്ളാരങ്കല്ലുപോലെ

നിത്യത കുതിക്കുന്നൂ
ദൂരേക്ക് ചെള്ളുപോലെ
അതിനെപ്പിടിക്കുവാൻ
നീ തുനിയുന്നൂ പാഴിൽ

നിത്യത ഗഹനത,
കൃസ്തുവിൻ ദയ തങ്ങും
ഗാഢാവബോധം പോലെ

നിത്യത മിടിക്കുന്നൂ
ഘടികാരത്തെപ്പോലെ,
ചിലപ്പോൾ പുലരിയെ
കൈവിടാമതെന്നാലും

നിത്യത ഒരു കത്തി -
മുനപോലെ നേർത്തത്
മരണം അതിനെ നിൻ
ഹൃദയത്തിലാഴ്ത്തുന്നു

നിത്യത മിന്നിപ്പാഞ്ഞു
പോകുന്നൂ ജീവിതംപോൽ
നിത്യതയൊടുങ്ങുന്നൂ
നീ സംസാരിക്കുന്നേരം





Wednesday, June 25, 2025

ഡബ്ലിയു.എസ്.മെർവിൻ

 വേർപാട്

ഡബ്ലിയു.എസ്.മെർവിൻ

നിന്നസാന്നിദ്ധ്യം കടന്നുപോകുന്നെന്നി -
ലൂടെ നൂൽ സൂചിത്തുളയിലൂടെന്നപോൽ
ഞാൻ ചെയ്യുമോരോന്നുമാനിറം തയ്ച്ചത്

Tuesday, June 24, 2025

സിൽവ ഗബൗദിഗിയാൻ (അർമീനിയ,1919 - 2006)

ഞാൻ ശ്രദ്ധിക്കുന്നു

സിൽവ ഗബൗദിഗിയാൻ (അർമീനിയ,1919 - 2006)


നീയിതു
കൊളുത്തുന്നു
ലഘുവായ്
പിടിക്കുന്നു
ഞങ്ങളെക്കുറി -
ച്ചെന്തോ ഒന്ന്
ഞാനറിയണമെന്ന്
നീയാഗ്രഹിക്കുന്നത്
കാണിക്കുമ്പോലെ.
നീയൂതി വിടും
ചൂട്
എന്നെ
പൊള്ളിക്കും.
ചാരം
തട്ടുന്നു,
പയ്യെ
ശ്വസിക്കുന്നു,
ശീലം
പോലെ,
സമയം കൊല്ലാൻ
മാത്രം,
മടുപ്പു
കുറയ്ക്കാൻ
മാത്രം,
താഴെയിടുന്നു
വലിച്ചു
തീർക്കാൻ
മറന്ന്
തോറ്റ്

പുകയ്ക്കു -
ന്നോരോ 
സിഗററ്റിൻ്റെയു-
മിത്തിരി മാത്രം.

ബസ്സാം ഹജ്ജാർ (ലബനൻ, അറബി, ജനനം: 1955)

വെറുപ്പ്

ബസ്സാം ഹജ്ജാർ (ലബനൻ, അറബി, ജനനം: 1955)


ഈ ഹൃദയം ഒരു മരച്ചില്ലയായിരുന്നെങ്കിൽ
അതെന്നെ സ്നേഹിച്ചേനെ
ഈ മരച്ചില്ല ഒരു ഹൃദയമായിരുന്നെങ്കിൽ
അതു മരംവെട്ടുകാരനെ കാത്തു നിന്നേനെ

നാബില അസ്സുബൈർ (യമൻ, അറബി, ജനനം: 1964)

അടഞ്ഞ കളി

നാബില അസ്സുബൈർ (യമൻ, അറബി, ജനനം: 1964)


ഇപ്പോൾ
രണ്ടു പെട്ടികൾ
നാം കടലിലെറിയും

എൻ്റെ പെട്ടിയിൽ
കടൽ കയറി
കാരണം
അതു തുറന്നിരുന്നു
നിൻ്റത്
തീരം മറചെയ്തു
കാരണം
നീയൊരിക്കലും
പുറത്തു വന്നിരുന്നില്ല

Monday, June 23, 2025

രാമചരിതം പടലം 51

പടലം 51


1

ഉടൽ പെരുതായൊരു മാരുതി തന്നോ-
ടുടനുരചെയ്തൂ വാനരരാജൻ
കൊടിയ നിശാചരർ വൻപടയോടും
കൂടി മുടിഞ്ഞൂ പോരിന്നിടയിൽ
പടയൊടു വൻകൂറുള്ളവരാരും
വരുവതു കാണുന്നി,ല്ലതിനാൽ നാം
നിറവൊടു പടയും കൂട്ടിച്ചെന്നേ
പാഞ്ഞു നടക്കുക നഗരിയിലെങ്ങും

2

നഗരം മുഴുവൻ ചൂടുപിടിച്ചാൽ
നല്ല നിശാചരരെല്ലാം നമ്മോ -
ടടരാടാനായണയും വേഗം
ഇതു സുഗ്രീവനുരച്ചൊരു നേരം
മുകിലൊലി നാണിച്ചീടും ഞാണൊലി
നല്ലതുപോലെ മുഴക്കിയരക്ക -
ന്മാരുടെ പുരമമ്പെയ്തു തകർത്തൂ
ജ്ഞാനികൾ തേടും ദേവകൾദേവൻ

3

ദേവകൾദേവനയച്ച ശരങ്ങൾ
തിക്കിവരുന്നതുകണ്ട നിശാചരർ
ഉൾത്തീ പോലുള്ളാവിയുതിർത്തതു
മാതിരിയായീയാനനമെല്ലാം
മാളികയോടൊന്നിച്ചു തകർന്നൂ
ഗോപുരമടരിന്നിടയിൽ നേരേ
വേവു പിടിക്കും കാടു കണക്കേ
വീണൂ രാമനയച്ച ശരത്താൽ

4

രാമനയച്ച ശരം ചിന്തീടും
കിരണംകൊണ്ടു ഭയന്നേപോയി
മാഞ്ഞുമുടിഞ്ഞൂ കൂരിരുളെല്ലാം
വാനരരേന്തും കൊള്ളികളാലും
പാഞ്ഞു മറഞ്ഞൂ സൂര്യൻ കടലിൽ
പോരിന്നിനിയും താമസമരുത്
ആജ്ഞാപിച്ചൂ മകനോടാറും
നാലുമിണങ്ങുന്നാനനമുള്ളോൻ

5

ആനനമീരഞ്ചുള്ളോൻ മറ്റാർ -
ക്കാകും പൊരുതാനെന്നാദരവാൽ
മാനികളാകും കുംഭനികുംഭ-
ന്മാരൊടു നേരേ കൂറിയ നേരം
വാനരവീരന്മാരെയടിച്ചീ
മാനവരേയുംകൂടി മുടിയ്ക്കാൻ
ഞാനുണ്ടെന്നായ് കുംഭൻ, ഞാന-
ല്ലാതേയാരുണ്ടെന്നു നികുംഭൻ

6

ആരാരുണ്ടീ ഞാനല്ലാതെ -
ന്നീ ശൂരന്മാർ തമ്മിൽ പിണങ്ങേ
ദേവകളോടാവോളം വൈരം
പേറും ലങ്കാനാഥനുരച്ചു
അരികളെയെല്ലാം കൊന്നുമുടിക്കും
വിരുതു വെറുത്തേ പോയിരുവർക്കും
പോവുക യുദ്ധത്തിന്നായ് വൻപട
ചൂഴ്കെപ്പോരിക നല്ലവരൊപ്പം

7

നല്ലതിൽ വെച്ചു പ്രജംഘൻ മുമ്പൻ
ഭൂമിയുലയ്ക്കും കമ്പന,നെങ്ങും
സൽപ്പേരുള്ളൊരു യൂപക്കണ്ണൻ
ശോണിതമേലും കണ്ണുകളുള്ളോൻ
ബലവാന്മാരാം സിംഹങ്ങളൊടും
കുതിരകൾ തേരുകളാനകളോടും
കുംഭനികുംഭർക്കൊപ്പം പോവുക
തുണയായ് നാൽവരുമെന്നു ദശാസ്യൻ

8

എന്നു ദശാസ്യനുരയ്ക്കേ വന്ദി-
ച്ചേഴുലകും വന്നെതിരിട്ടാലും
വിജയം നേടിടുമനുജനൊടൊന്നി-
ച്ചരികുലകാലൻ കുംഭൻ ചെന്നു
ഇന്നടരാടിയുറപ്പു വരുത്തു -
ന്നുണ്ടു രിപുക്കൾ മരണപ്പെട്ടെ -
ന്നൊന്നറിയിച്ചേ ദേവർ ഭയക്കും
കമ്പനനങ്ങു നടന്നൂ മുമ്പിൽ

9

മുമ്പിലടുത്തീടും ശത്രുക്കൾ
മൂന്നേമുക്കാൽ നാഴികയെത്തും
മുമ്പേയെന്നുടെയമ്പിന്നിരയാ -
മെന്നു പറഞ്ഞൂ ശോണിതകണ്ണൻ
ഒമ്പതുമൊന്നും തലയുള്ളോനുടെ
തൃക്കഴൽ കൂപ്പിപ്പോയ് നടകൊണ്ടൂ
വമ്പർ വണങ്ങും വാനരവീര-
ന്മാരൊടു പൊരുതാൻ വൻപട ചൂഴ്കെ

10

വൻപട കണ്ടാലുടനേ മണ്ടും
മന്നിതിലുള്ളെതിരാളികളെല്ലാം
എന്നു നിനച്ചുംകൊണ്ടു പ്രജംഘൻ
ശംഖൊലിയെങ്ങും പൊങ്ങുന്നേരം
വരികിൽ നന്നായെന്നൊടെതിർക്കാ-
നരികളുമിപ്പോളെന്നു പറഞ്ഞ്
തൻ മുഖമങ്ങനെ നിന്നു വിളങ്ങും
യൂപക്കണ്ണനുമൊത്തു നടന്നു.

11

ഒത്തവരെല്ലാം ശത്രുക്കളെയി -
ന്നൊക്കെക്കൊന്നു മുടിച്ചിടുമെന്നായ്
പത്തുദിശക്കും കൂടെപ്പെരുതാ-
പത്തു കൊടുക്കും സേനാവ്യൂഹം
പത്തുമിണങ്ങിയ വൻപടയോടെ
മുമ്പേ പോരിനു ഞാൻ ഞാനെന്നൊരു
വമ്പൊടെയെത്തി രിപുക്കളെയെല്ലാ-
മമ്പൊടൊടുക്കാനതിവേഗത്തിൽ

Sunday, June 22, 2025

രാമചരിതം പടലം 50

 പടലം 50


1

കണ്ടയുടൻ രണ്ടു ശിഖരങ്ങൾ നടുവേ പോയ്
കണ്ടിടണമൗഷധികൾ വേഗമിനിയെന്ന്
കൊണ്ട നിനവോടുടനടുക്കവെയൊളിച്ചും
കൊണ്ടവ മറഞ്ഞതിനു മൂലമറിവാർക്ക്?
കൊണ്ടൽനിര താണു പലതൊത്തു ജലമേന്തി -
ക്കൊണ്ടലറുംപോലെയതിഘോരമലറിക്കൊ-
ണ്ടിണ്ടലരചന്മാർക്കൊഴിച്ചു കളയാനായ്
വേണ്ടിയിവിടേ മരുന്നു തേടിയണഞ്ഞൂ ഞാൻ


2

തേടിവന്നോരെൻ്റെ മുന്നിൽ വെളിപെട്ടാൽ
ദേവർ മുനിമാർക്കുമുലകത്തിന്നുമിപ്പോൾ
ആയതുപകാരം, അല്ലെങ്കിൽ മലയോടും
കൂടിയിതടർത്തിടുവനെന്ന മൊഴിയോടെ
മാമലയെ മാരുതിയിളക്കി മലയൊക്കും
തൻ്റെ കരമൊന്നിലതു ചൂടി കുടപോലെ
വായുതനയൻ തിരികെയങ്ങണയുവാനായ്
വാനിലുയരെക്കുതിച്ചു പിന്നെയുമുയർന്നു

3

ഉയർന്നവനൊരായിരം യോജനകൾ മേലേ
തിരികെയണയാൻ മനോവേഗമൊടെയപ്പോൾ
വഴിയിടയിലുണ്ടാം തളർച്ച കളയാനായ്
ഞൊടിയിടയുമവനിരുന്നില്ല,നിന്നില്ല
യുദ്ധക്കളത്തിൽ മയങ്ങിക്കിടക്കും
രാജാക്കളെക്കപികളേയും നിനച്ചേ
നയശാലി മാരുതിയണഞ്ഞൊടുവിൽ ലങ്കാ
നഗരത്തിൽ നൽത്തിരകളുള്ള കടൽ താണ്ടി

4

തിരകളുയരും പതപതച്ച കടൽ മീതേ
കപിമുതുവജാംബവാൻ ചൊന്നതു പ്രകാരം
പ്രഭയൊടെ മരുന്നുകൾ തെളിഞ്ഞ മലയേന്തി
തിരികെയവിടേക്കു വന്നിടുവതിനു മുമ്പേ
ഉറങ്ങിയവരൊക്കെയുണരുമ്മാറതിൻ കാ -
റ്റണയവെ മരുന്നുമലയെദ്ദശരഥൻ തൻ
തനയനുടെ തിരുമുമ്പിൽ കൊണ്ടുടനെ വെച്ചേ
കഴലിണ നമിച്ചു ഹനുമാൻ വലിയ കൈയ്യാൽ

5

വലിയ മൃദുകയ്യാൽ വിഭീഷണൻ തൻ്റെ
കരമതു പിടിച്ചു ഹനുമാനരികിൽ നിന്നു
ഉണർന്ന കപികൾ രാമലക്ഷ്മണരുമാരു -
ണ്ടടരിനണയാനെന്നു കോപമൊടെണീറ്റു
ശവങ്ങൾ മുഴുവൻ രാവണാജ്ഞയാൽ മുന്നേ
പെരുങ്കടലിൽ കൊണ്ടിട്ടു കളഞ്ഞതു നിമിത്തം
നിശിചരപ്പടയറുതിയായ്, അതല്ലെങ്കിൽ
ഉണർന്നടരിനെത്തിയേനേ രാക്ഷസന്മാർ
6
ആരുമറിയുംമുന്നമീ മലയെ നീയേ
വേഗമൊടു മുന്നമതിരുന്ന വിധമാക്കി
പോരണമതല്ലെങ്കിലില്ല വഴിയൊന്നും
പോരിൽ നിശിചരരുടെയൊടുക്കമതു കാണാൻ
മാരുതിയൊടിങ്ങനെയുരയ്ക്കുവാൻ രാമൻ
വാ തുറന്ന നേരമതെടുത്തവനുയർന്നു
തീയെരിയും കൊള്ളികളോടേ നഗരമേറാൻ
വീരകപിമാരൊടു മൊഴിഞ്ഞു കപിരാജൻ

7
മൊഴികളവ മുഴുവനും മൊഴിവതിനു മുന്നേ
കരമതിലെടുത്തു കപികൾ കൊള്ളിയെല്ലാം
ഉന്നം പിടിച്ചെറികെയാളീ കൊടുംതീ
വെന്തു നഗരം പിന്നെ വാനിലുയർന്നേ പോയ്
പാതിവഴി ചെന്നതും മാരുതി കരുത്തോ -
ടാമലയെറിഞ്ഞു മുമ്പിരുന്നപോലാക്കി
ചൂഴ്ന്നു കപിവീരർ നിലകൊൾകെയവനുള്ളിൽ
ചുരന്ന കനിവോടെ രാമൻ്റെ കാൽ തൊഴുതു

8

തൊഴുതു മനുരാജൻ്റെ പദകമല,മുടനേ
നിശിചരപുരത്തിനെ തീയിലെരിയിച്ചേ
അലറി നിലകൊള്ളുന്ന കപികൾക്കു നടുവേ
അണയുന്ന മാരുതിയെരിച്ചു ചില വീട്
മണമുയരും ഗുഗ്ഗുലു,വകിൽത്തടികൾ,നെയ്യ്
കളഭനറുചന്ദനസുഗന്ധവസ്തുക്കൾ
രിപുനിരകൾ പേടിച്ചു പായുന്ന, തേരിൽ
പൊരുതുവാൻ വെച്ച ശസ്ത്രങ്ങൾ വെന്തെങ്ങും

9

എങ്ങുമിടചേർന്നെരിയും തീജ്വാലകൾ ക -
ണ്ടെട്ടുദിശ,ഭൂമി,കടൽ,വാനുലകിലെല്ലാം
തീയലകൾ തൻ നിഴൽ പടർന്നുകയറുമ്പോൾ
സങ്കടമതൊട്ടു സഹിയാതെ വിളികൂട്ടീ
തങ്ങളിൽ നിശാചരികളൊക്കെയുമിരുന്ന്:
"വെന്തവിഞ്ഞുപോയി കുളിർസാഗരവു,മിനി നാ -
മെങ്ങണയു,മാരിനി തടുക്കുവതിനുള്ളൂ,
എന്തിവിടെ നല്ലതതു ചൊല്ലുവരുമില്ലേ"

10

ചൊല്ലുവതിനൊത്തവർ മുടിഞ്ഞടരി,ലേറെ -
ച്ചൊല്ലുള്ള നിശിചരവരർ കപികളാലേ
വമ്പനുടൽ തച്ചു പലപാടുമെറിഞ്ഞാലും
വല്ലഭമടർക്കളത്തിലുള്ളതുമവർക്കേ
കല്ല് മല മാമലയുമേന്തിയതിവേഗം
കണ്ടിടുവതുണ്ടെന്ന പരിചിലടരാടും
നല്ലവരെയൊക്കെയുമൊടുക്കിയതിൽപിന്നെ
ലങ്കയിലണഞ്ഞിരവിലിന്നു രഘുരാമൻ

11
ഇന്നു ജയമോടവനിതാ നഗരമേറു-
ന്നെന്നണയും മുമ്പവരെരിച്ചു നഗരത്തെ
എന്തിവിടെയിനി,യതറിയാൻ നാമശക്തർ
രാമനൊടു പൊരുതുവാൻ പോയവർ മുഴുക്കെ
ആകവെ മുടിഞ്ഞു ഹരിയെന്നു പറയുമ്മാ-
റോടിടുകയാണെന്നു രാക്ഷസപുരത്തിൽ
തമ്മിൽ മൊഴിയും നിശിചരാംഗനകൾ വേവോ -
ടെട്ടുദിശയും മണ്ടിയുടലുകൾ കരിഞ്ഞേ

Friday, June 20, 2025

രാമചരിതം പടലം 49

പടലം 49


1

ആകുന്നോരാരും മറ്റില്ലടരാടി വീണവരെ
കേവലം മരുന്നിനാലേ തൻ തൻ സ്വരൂപത്തോടെ
ജീവൻ കൊടുത്തുകൊള്ളാനാകുന്നോ,രാകയാൽ നീ
പോവുക വടക്കുനോക്കി ശിവനുടെ മലയോളവും

2

മല പലതുണ്ടനേകം മരങ്ങളും മുനിമാർ വാഴും
നിലയവും നാടും നീളൻ കിടങ്ങും തടാകങ്ങളും
വിലസും സൽക്കീർത്തിയുള്ളോർ വാഴും രാജധാനികൾ
ഒലിമുഴങ്ങും നദികൾ നീ കടക്കുക വീരാ

3
വീരനേ,കൈലാസമാമലമേൽ മരുന്നു നാലും
ചേരുന്ന ഭാഗം തിരിച്ചറിയുമാറുരചെയ്യാം ഞാൻ
പാരിലിരുട്ടകറ്റി പരക്കും പൊൻകൈകളുള്ള
സൂര്യനുദിച്ചപോലെയവിടം വിളങ്ങുമേറ്റം

4

ഏറ്റമില്ലാതെയെന്നാലറിയിക്കാ,മവിടം കാക്കാൻ
ചീറ്റത്തോടുണ്ടു രണ്ടു ശിഖരങ്ങളിരുപാടും
ഏറ്റവും വേണ്ട മരുന്നൊന്നു വിശല്യകരണി
മാറ്റമില്ലാതെ നന്മ വളർന്ന സന്ധാനിയൊന്ന്

5

സന്ധാനിയാം മരുന്നും സാവർണ്ണ്യകരണിയും
രശ്മിയുതിർക്കും മൃതസഞ്ജീവനിമരുന്നും
വെന്തോരെപ്പോലും മുളപ്പിക്കും വിശല്യകരണി
എന്തും നീ നേടുമെന്നു പറഞ്ഞു ജാംബവാനപ്പോൾ

6

പറഞ്ഞ ജാംബവാൻകാലു വണങ്ങി മാരുതിയെണീറ്റു
ശിരസ്സും കൈകാലുകളുമുള്ളോരു മലയെപ്പോലെ
കാണുന്നോർക്കുള്ളിൽ തോന്നുമ്മാറു മലയാചല -
മേറി രാക്ഷസപുരി നോക്കി മാരുതിയലറി

7

അലറിയ നേരമൂയലാടിയ മലകളൊക്കെ
നിലയുമിളകി വീണൂ നിറഞ്ഞെങ്ങും കടൽവെള്ളം
അലകലകായ് തെറിച്ചൂ ലങ്കയും രാക്ഷസരും
ത്രിപുരങ്ങൾ ശിവനോടു വന്നെതിർത്തതുപോലെ

8

എതിർത്തവർ കുലമറുക്കാൻ കരുത്തുള്ള കപിവരൻപോയ്
കുതിച്ചൂ കടലിൻമീതേ വടക്കേ ദിശയും നോക്കി
ഹിതത്തോടുമവിടം പിന്നിലിട്ടുപോയ് സൂര്യബിംബം
അതിക്രമിച്ചടുത്തിതവൻ അലറും മൊഴികളോടെ

9

മൊഴിപൊങ്ങുംമാറലറീ മുഴുത്ത ശരീരത്തോടും
മഴമുകിൽവർണ്ണൻ കൈയ്യിൽ നിന്നുമസുരന്മാരെ
മുഴുവനും കൊന്നൊടുക്കാൻ തൃച്ചക്രം പായുംപോലെ
അഴകുള്ള പുരികൾ പലതടുക്കും മുമ്പേ കടന്നു

10

കടന്നുപോയ് ബ്രഹ്മകോശം കരങ്ങളും വാലും മേല്പോ -
ട്ടുയർന്നുപോയ് പിന്നിട്ടല്ലോ രജതനിലയത്തിനെ
ശതമഖൻ തൻ്റെ പുരി, സൂര്യനിബന്ധനവും
കരുത്തെഴും ശങ്കരകാർമ്മുകമെല്ലാം പിന്നിലാക്കി

11

പിൻതള്ളീയവനിനാഭി ചന്ദ്രചൂഡൻ കൃപയാൽ
മിന്നും കൈലാസഹിമശൈലം,ഋഷഭശൈലം
ഐശ്വര്യം തങ്ങീടുന്ന കാഞ്ചനമലയും താണ്ടി
മുന്നിൽ മാമരുന്നു ചേർന്ന നെടുങ്കൻ മാമലയും കണ്ടു.

Tuesday, June 17, 2025

രാമചരിതം പടലം 48

പടലം 48


1

അകമുലഞ്ഞു കപിവീരർ പടയാളികളുടെ-
യറുതി കണ്ടുമുടനേ രാഘവർതൻ തിരുവുടൽ
മുഴുവനും മറയുമാറൊളിയുള്ളസ്ത്രങ്ങളേറ്റി -
ട്ടവർ കിടന്നതു കണ്ടുമധികം ചാപല്യത്തോടെ
അടരിൽ ജയിക്കാൻ നമുക്കാവില്ലെന്ന വിചാരത്താൽ
ഇടർമുഴുത്തവശരായ് നശിക്കുന്ന പട പോയി
യകലുംമുമ്പാപ്പടയെത്തടഞ്ഞാശ്രയിക്കുന്നവർ -
ക്കമൃതവാരിധി വിഭീഷണൻ മൊഴിഞ്ഞിതുവിധം

2

ഇതുവിധമിവനൊരിക്കൽ മുന്നമേയസ്ത്രങ്ങളാൽ
ഇവരെല്ലാരേയുമിമ്മണ്ണിന്മേൽ നിരത്തി യുദ്ധത്തിൽ
രസത്തോടേ ജയിച്ചുംകൊണ്ടുടൻ രാജധാനി തന്നിൽ
ശ്രുതിയേറെക്കേട്ടിരുന്ന നേരത്തരനാഴിക മു -
മ്പവനിനായകരും വാനരകുലങ്ങളുമെണീ -
റ്റടരാടീ രാക്ഷസന്മാർ മുടിയുംപടി,യടുത്തി -
ങ്ങിവിടേയും വരുമവ്വണ്ണമിനിയെന്നഴകൊടേ
തെളിഞ്ഞങ്ങറിക നിങ്ങ,ളിരു പക്ഷമില്ലിതിന്

3

ഇതു തെളിഞ്ഞവരോടു പറഞ്ഞതിൻ ശേഷം വേഗം
അടരിലാർ ജീവനോടിനിയുണ്ടെന്നറിയേണമെ-
ന്നധികമൻപൊടു വിഭീഷണൻ വരുന്ന നേരത്തു
അളവില്ലാ ബലമുള്ള ഹനുമാൻ തന്നുടലിന്മേൽ
തറച്ച ബ്രഹ്മാസ്ത്രത്തെയാദരിച്ചു തളർന്നു പോയി
കിടപ്പായീ വീണു പിന്നെയവനുണർന്നെഴുന്നേറ്റി -
ട്ടുതകുന്നോരാരുണ്ടൊരു ചുമതലയേല്പിക്കാനെ -
ന്നുയിരോടെശ്ശേഷിച്ച വാനരന്മാരെത്തിരകയായ്

4

തെരയുവാൻ തുനിഞ്ഞപ്പോൾ വലിയ കൈകളിലോരോ
വിമലസൂര്യനു തുല്യം പ്രഭ വീശും തീക്കൊള്ളികൾ
ചുഴലവും വീശിവീശിക്കൊണ്ടു നടകൊണ്ട നേരം
ഇരുവരും ചേർന്നെത്തവേയിടതൂർന്നു കാണുകയായ്
മുനിമാർ തേടുന്ന വേദജ്ഞാനപ്പൊരുളായുള്ളവൻ
ഉലകമേഴിനുമാദിമൂലമാം മധുസൂദനൻ
അവനോടൊത്തനന്തനും മനുഷ്യരായ് കിടപ്പതും
കപികൾ മലകൾപോലെക്കിടപ്പതും കണ്ടിതെങ്ങും

5

കിടന്നിതവനിമീതെ തുട,തോൾ,കൈ,മാർ,തല, കാൽ
അവയവമെല്ലാം വേർപെ,ട്ടലയ്ക്കും തിരമാലകൾ
കടൽമീതെ തിളച്ചങ്ങുയരുന്നതുപോലെച്ചോര
പുറത്തേക്കു ചീറ്റി ശ്വാസം പിടഞ്ഞു പ്രാണനും വിട്ടു
അടുത്തടുത്തായ് കിടന്ന കപിനായകരെയുള്ളിൽ
കനിവോടെയവരൊന്നു നോക്കി, യാ നോക്കിൻ വഴിയേ
നിവരെ നീളവേ നടന്നീടവേ കൺതലങ്ങളാൽ
നിറഞ്ഞ ശോകത്തോടെ കണ്ടിതു കിടന്ന വടിവിൽ

6

വടിവേറുമചരവൻ,ഗവയ,നംഗദൻ,സൂര്യ-
തനയ,നഗ്നിമുഖനും ദധിമുഖൻ, തുമുഖനും
കൊടിയ കേസരി,സുഷേണനനും ലോമൻ, വിവിധൻ
കുമുദൻ, മൈന്തനും നളൻ, ദുർമുഖൻ,ക്രഥനനും
ഇടവൻ നീലനും താരൻ ദംഭ,നുലകംതന്നിൽ
എതിരില്ലാത്തോരു ഗജൻ, ഗോമുഖൻ, ശ്വേതൻ, മിന്നൽ-
പ്പിണരൊത്ത ദംഷ്ട്രയുള്ള വിദ്യുദ്ദംഷ്ട്രനു, മഗ്നി -
നയനൻ ഗവാക്ഷൻ വേഗദർശിയും പറഞ്ഞീടാം

7

പറയുവാൻ തുടങ്ങിയാൽ പേരുകൾക്കില്ലവസാനം
വലിയ തക്ഷനോടൊപ്പം ജ്യോതിമുഖൻ വിനതനും
രണമാടാൻ മികച്ചവനാകും പ്രതാപിയും പിന്നെ
കരുത്തുള്ള പനസനും ശതബലിപ്പേരുള്ളോനും
ഉറങ്ങും മാതിരി കാണും ധൂമ്രസന്നാദനന്മാരും
ശ്രുതിയേറ്റമുള്ളവനാം യക്ഷനും മറ്റുമിങ്ങനെ
നയമുള്ള കപിരാജാക്കളുടെ രാജാവിനെയും
അവിടെക്കിടക്കുന്നതായ് കണ്ടു നടന്നൂ പിന്നെയും

8

നടന്ന നേരത്തിടയിലൂടെച്ചെന്നപ്പോളവിടെ
നളിനമാതാവിൻ മണവാളനൊരു വടുരൂപ -
മെടുത്തു വന്നിരന്നു മൂന്നടിയാ മാബലിതന്നോ-
ടുദകമേറ്റുലകമീരടിയളപ്പതിനുള്ളിൽ
ഉലകം മുടിയും വിധമളന്നു തീർപ്പതിൻ മുന്നേ
മുഴങ്ങുന്ന പെരുമ്പറ മുഴക്കിയ കപിവീരൻ
ഉടലെല്ലാമിടതൂർന്ന ശരമേറ്റു തളർന്നവൻ
അറിഞ്ഞുകണ്ടിതവനെ, ജംബവാനെയിരുവരും

9
ഇരുവർ നായകന്മാർ വന്നണഞ്ഞതിൽ വിഭീഷണൻ
അടരിൽ നിൻ പ്രാണൻ പോയില്ലയോയെന്നു ചോദിച്ചുകൊ-
ണ്ടരികിൽ നിന്നപ്പോൾ ചോര ചൊരിഞ്ഞു ചൊരിഞ്ഞങ്ങനെ
അജസുതൻ ജാംബവാൻ പറഞ്ഞൂ കുഴഞ്ഞ മൊഴിയിൽ
അരുതു കാണുവാൻ കണ്ണിണയിൽ ശരങ്ങളേൽക്കയാൽ
അരികിലുമകലെയുമുള്ളതൊന്നുമെന്നാകിലും
കരുതുന്നൂ നിന്നെ വിഭീഷണനെന്നിങ്ങനെച്ചൊല്ലും
കനിവും തീക്ഷ്ണബുദ്ധിയുമുള്ള ജാംബവാനെക്കണ്ടു

10

കണ്ട കപിവരരിൽ പ്രാണൻ പോയിക്കിടപ്പോരിൽ
ഉണ്ടോ വായുതനയനാം ഹനുമാനെന്നു ചോദി-
ച്ചിടുന്ന ജാംബവാനോടു വിഭീഷണൻ പറഞ്ഞിതു:
"കപിവരർ മറ്റുള്ളോരെക്കുറിച്ചന്വേഷിച്ചീടാതെ
ഹനുമാനിൽ മാത്രം നിൻ്റെ കനിവു മുഴുവനായും
ചൊരിയുവാനെന്തേ ന്യായം?" ജാംബവാൻ പ്രതിവചിച്ചൂ:
"മുടിഞ്ഞതും മുടിഞ്ഞതല്ലവനു ജീവനുണ്ടെങ്കിൽ
അവനു ജീവനില്ലെങ്കിലിങ്ങുള്ളതുമുള്ളതല്ല"

11

ഉള്ളുലഞ്ഞിതു പറകേ ഹനുമാൻ ജാംബവാൻ്റെ
തൃപ്പദം തൊഴു,തിതാ ഞാൻ ഹനൂമാനെന്നു നിൽക്കേ
അധികവാൽസല്യത്താൽ ജാംബവാൻ ചൊന്നൂ മാരുതിയോ -
ടരചർനായകരേയും വാനരവരേന്ദ്രരേയും
ചതിയാലേയടർതന്നിൽ നിശിചരാധിപതിതൻ
തനയനാൽ മുടിഞ്ഞോരു പടയേയുമതിവേഗം
ഉണർത്തിയെഴുന്നേല്പിച്ചു പൊരുതുമാറാക്കാനുള്ള
വഴി കണ്ടുപിടിക്കാൻ നീയൊഴികെയാകുവോരില്ലേ

Monday, June 16, 2025

ജൂൺ (അഖൊമിയ -ആസമീസ് ,ജനനം: 2005)

ജൂൺ (അഖൊമിയ -ആസമീസ് ,ജനനം: 2005)



ആസാമിൽ നിന്നുള്ള വിദ്യാർത്ഥിനി ജൂൺ അഖൊമിയയിലും ഇംഗ്ലീഷിലും എഴുതിത്തുടങ്ങിയിട്ടുള്ള പുതുകവിയാണ്. ബറോഡ ഫൈൻ ആർട്സ് കോളേജിൽ ബി വി എ ആർട് ഹിസ്റ്ററി വിദ്യാർത്ഥിനിയാണ് ജൂൺ. സഹപാഠിയായ പെയിൻ്റിങ് ഡിപ്പാർട്ട്മെൻ്റ് വിദ്യാർത്ഥി എൻ്റെ മകൻ ഹൃദയ് കൃഷ്ണനോടൊപ്പം കേരളത്തിൽ വന്ന സമയത്താണ് ജൂണിൻ്റെ കവിതകൾ വായിക്കുന്നതും പരിഭാഷപ്പെടുത്തുന്നതും. അഖൊമിയയിൽ നിന്ന് കവിയുടെ സഹായത്തോടെ ചെയ്ത നേരിട്ടുള്ള പരിഭാഷകളാണ് താഴെ:


1

മാസ് ഓർ മൂർ
ബെങ് ഓർ മഥാ
റോങ്ങാ മാതീർ ധൂലീ,
തേങ്ങാർ കാട്ടാ
അമീ കൊയ്ബോർത്താ
പ്രൂദോഖിത് കോഴീസു,
എ ഗാവ് ഓർ കൊഥാ
പൂഖോരിർ ക്രീമീ,
മൂർഗിർ പാഖി
ബിസ്താ ഥേങ്
സൊല്ലിസ് ഭോറി
കീ എ ഹൊമൊസ്യ
ബ്രഹ്മ ഓ ബൂജി നൊപുവാ
അമീ കൊയ്ബോർത്താ


മീൻതല
തവളത്തല
ചെമ്മണ്ണുമ്പൊടി
പുളിയിലക്കറിയിലെ
മീനിൻ്റെ മുള്ള്
ഞങ്ങളാണ്
കൊയ്ബോർത്തകൾ
മലിനപ്പെടുത്തുന്നു
ഗ്രാമം, കഥകൾ
മീൻകെട്ടിൽ
നുരയും വിരകൾ
കോഴിത്തൂവലുകൾ
തുടകൾ ഇരുപത്
കാലടി നാല്പത്
എന്തൊരവസ്ഥ
ബ്രഹ്മാവിന്നു -
മൊരു പിടിയില്ല
ഞങ്ങളാണ്
കൊയ്ബോർത്തകൾ



2

മൂർ ഖോർ

ഹ്യൊവ്സിയ പാനി,എറ്റിയ ദേവാലോർ അനർഓത്ത്
മോർ നീസോർ ഖോർ, മോയെ സിനീ നപാവ്
മോയ് സോനാ ഗ്വാഹാട്ടി ഖോൻ ആറൂ നായ്.

ഫാൻസി ബൊജാർ ഓട്ട് ഖോർ ഖെദാ
ഉജോൻ ബൊജാർഓർ ഖോർ - ബോർ
മോയ് ഹുങ്കലെ ദാങ്ങോർ ഹൊലു
മോയ് ബുഹുത് ഡൂർലോയ് ഗൊലു.

മോർ ഖുറി അഹാറ് മനെ,
എ സിമെൻ്റ് സൊഹൊർ ഖൊൻ, ജൂൺ പഹാർ ഓർ ഥായ് ലോയ്സെ,
എ മൂഖ് ഓ ഥായ് ലോബോ.




എൻ്റെ വീട്


പച്ചത്തെളിവെള്ളം,ഇപ്പോൾ ചുമരിനപ്പുറം നിഗൂഢം
എൻ്റെ സ്വന്തം വീട് എനിക്കു തിരിച്ചറിയാനാവുന്നില്ല.
ഞാനറിയുന്ന ഗോഹട്ടി ഇപ്പോളില്ല

ഫാൻസി ബസാറിലെ ആൾക്കൂട്ടം
ഉജൻ ബസാറിലെ വീട്ടു - വേട്ടാളർ
ഞാൻ പെട്ടെന്നു വലുതായിപ്പോയി
ഞാൻ ഏറെ അകലേക്കു പോയി

മടങ്ങിവന്നപ്പൊഴേക്കും
മലകൾക്കു പകരം ഈ സിമൻ്റ് നഗരം
എനിക്കു പകരവും



3

പിസോൾ ബുക്ക

എ ഗുലാപി ദനോബ് തു, യാർ ഹാലോദിയ സുലി
കുമോൽ സ്നേയുർ ഡൊരെ ബോയ് ജായ്
ഡുപോറിയ ഹേ ജീറോനി ലോയ്
റാത്തിപുവ, സ്യോറി ഉഥെ

മൂർ പിസെ പിസെ, എ ഡൂർഗോണ്ട്
നാക്കോത്ത് ധാക്കെ, ഖോർ ബോനായ്
ഖീർകീർ മാജെറേ,ദ്വാർഓർ പിസ്ഫലെ, എ ഗുലാപി ദാനോഫ്എ ബോർഗീത് ഗായ്
ഡോയാർ ബാബെ ഓപെഖാ കോറീ, പ്രേംഓർ ബാബെ ഓപെഖാ കോറീ
ബേസേരീ തൂ ഒലോപ് ഒ രോഖാ നാപായ്

ധൂമോഹാർ കാഖോത് ഖുസ് കാരീ, യാർ പാപോർ ബാബെ പ്രാഥൊനാ കോറീ,
എ ഗുലാപി ദനോബ് കാന്തെ
എബാർ, തായ് അസിൽ മത്ര സോയ് ബൊസോരീയ സ്വാലി
ഏറ്റിയ തായ് ഹേറാലേ ദെ
നിലാ ബാഡോൾ ഓർ ഭീതോറോത്ത്
എ ഗുലാപി ദനൊബ് ബേഗുനിയ ഹൊയ് പൊറിൽ



വഴുക്കുന്ന ചെളി


ഈ പിങ്ക് പിശാച്, അതിൻ്റെ മഞ്ഞ മുടി
മൃദു നാഡികൾ പോലൊഴുകുന്നു
വൈകുന്നേരം മാത്രമതു വിശ്രമിക്കുന്നു
പുലരിയിലത് നിലവിളിച്ചുയരുന്നു.

എന്നെ വിടാതെ പിന്തുടർന്ന്, ഈ നാറ്റം
മൂക്കിൽ തന്നെ തങ്ങുന്നു, ഒരു വീടു പണിയുന്നു
ജനലുകൾക്കിടയിൽ, വാതിലുകൾക്കു പിന്നിൽ
ഈ പിങ്കു പിശാച് ഒരു കീർത്തനം പാടുന്നു
കരുണ ആശിച്ച്, സ്നേഹം ആശിച്ച്
പാവം പെൺകുട്ടിക്ക് ആശ്വാസം കിട്ടുന്നേയില്ല

കൊടുങ്കാറ്റിനരികെ നടന്ന്
തൻ്റെ പാപങ്ങൾക്കായി പ്രാർത്ഥിച്ച്
ഈ പിങ്കു പിശാച് കരയുന്നു
ഒരിക്കൽ, അവൾ വെറുമൊരാറു വയസ്സുകാരിയായിരുന്നന്ന്
ഇപ്പോൾ അവൾ നഷ്ടമായിരിക്കുന്നു

നീലമേഘങ്ങൾക്കുള്ളിൽ
ഈ പിങ്ക് പിശാച്
ചെന്നീലമായ് പകരുന്നു






















Saturday, June 7, 2025

ലി പോ

തായ്- തിയെൻ മലകളിൽ ഒരു താവോ ഗുരുവിനെ തേടിപ്പോയി കണ്ടുമുട്ടാതിരുന്നതിനെക്കുറിച്ച്


ലി പോ


അലറും നീർക്കുത്തിന്നരികിൽ

നായ്ക്കൾ കുരച്ചിടുന്നേടം

ചിതറും നീർത്തുള്ളികളിതളിൻ

നിറങ്ങൾക്കിരുളിമ ചേർപ്പൂ

കാടിന്നഗാധതക്കുള്ളിൽ

മാനിനെക്കാണാമിടക്ക്


താഴ്‌വാരമധ്യാഹ്ന,മെങ്ങും

മണിനാദം കേൾക്കുവാനില്ല

തിളങ്ങും മേഘങ്ങളെക്കുറുകേ

മുറിക്കുന്നു കാട്ടുമുളകൾ

പറക്കുന്ന വെള്ളച്ചാട്ടങ്ങൾ

തൂങ്ങുന്നു സൂര്യകാന്തക്കൽ -

മുടികളിൽ നിന്നു താഴേക്ക്


ഏതു വഴിക്കു നീ പോയെ -

ന്നാർക്കുമറിയില്ലിവിടെ

എനിക്കൊന്നു ചാരുവാൻ മുന്നിൽ

രണ്ടിപ്പോൾ മൂന്നു പൈൻ മരങ്ങൾ!