തുമ്പികൾ
അസ്മ ആസയ്സേഹ് (പലസ്തീൻ, ജനനം: 1985)കോടിക്കണക്കിനു കൊല്ലം മുമ്പ്
ചിറകുള്ള ജീവികളൊന്നുമുണ്ടായിരുന്നില്ല.
എത്തിച്ചേരാനായി നാമിഴഞ്ഞു,
അടിവയറുകൊണ്ടും കൈകാലുകൾ കൊണ്ടും.
പ്രത്യേകിച്ചെങ്ങും നാമെത്തിയില്ല
എന്നാൽ പരുത്ത നിലം നമ്മുടെ അടിവയറുകൾ പരുക്കനാക്കി
നമ്മുടെ കൈകാലുകൾ പർവ്വതങ്ങളെപ്പോലെ നിവർന്നു.
ഓരോ തവണയും മരത്തണലിൽ നാം നിന്നാൽ
കൂട്ടത്തിലൊരാൾ അലറും: "നാമിവിടെയെത്തി"
പർവ്വതങ്ങളെക്കാൾ കരുത്തുറ്റ ഒരു ഭ്രമഭാവന.
കോടിക്കണക്കിനു കൊല്ലം മുമ്പ്
ഇടുങ്ങിയ അരുവികളിൽ നിന്ന് തുമ്പികൾ പുറത്തുവന്നു
അവയുടെ മുതുകിൽ
വെള്ളം കനത്തു തൂങ്ങിയിരുന്നു,
നെഞ്ഞത്തൊരു മിന്നലെന്ന പോലെ.
സൃഷ്ടിയോട് ചിറകു നൽകാൻ ആവശ്യപ്പെട്ടു അവ.
എങ്കിലവക്കു കാണാം
നദീതീരത്തെ കല്ലുകളെപ്പോലെ വ്യക്തമായി
കടുത്ത വേദനകൾ
അന്നുതൊട്ടു നാമെല്ലാം പറന്നു.
വിശക്കുന്ന വെട്ടുകിളികളെപ്പോലെ മുരളുന്ന
കോടിക്കണക്കിനു ചിറകുകളും വിമാനങ്ങളും കൊണ്ട്
ആകാശം നിറഞ്ഞു.
എന്നാൽ നമ്മളിലാരും
സൃഷ്ടിയോടാവശ്യപ്പെട്ടില്ല, എത്തിച്ചേരലിൻ്റെ ഭ്രമഭാവനയിൽ നിന്നു
മോചിപ്പിക്കാൻ.
നമ്മുടെ നെഞ്ഞത്ത്,അതേ മിന്നൽ ഇന്നും.
No comments:
Post a Comment