Saturday, May 17, 2025

ഹെയ് സീ (ചീന,1964- 1989)

കവിതകൾ


ഹെയ് സീ (ചീന,1964- 1989)


1
നാലു സഹോദരിമാർ


വിജനമായ ഒരു മലമുകളിൽ
നാലു സഹോദരിമാർ നിൽക്കുന്നു
എല്ലാ കാറ്റുകളും അവർക്കു നേരെയടിക്കുന്നു
എല്ലാ ദിവസങ്ങളുമവർക്കായ് ചിതറുന്നു

എനിക്കു തലച്ചുമടായ്
വായുവിൽ ഒരു ഗോതമ്പു കറ്റ
വന്യമീ മലമുകളിൽ എൻ്റെ ശരീരം
പൊടിയാൽ നിലം പറ്റിയ
എൻ്റെ ഒഴിഞ്ഞ മുറിയെപ്പറ്റി ചിന്തിക്കുന്നു

എല്ലാ ദിക്കിലേക്കും വെളിച്ചം വിതറുന്ന
ഈ നാലു സംഭ്രാന്ത സോദരിമാരെയും
ഞാൻ സ്നേഹിക്കുന്നു.
ഒരു പുസ്കച്ചുരുളും ചീനയുമാണ്
രാത്രിയിലെൻ്റെ തലയണ
നീലവിദൂരതയിലെ നാലുസോദരിമാരിൽ
ഓരോരുത്തരേയും ഞാൻ സ്നേഹിക്കുന്നു
ഞാനെഴുതിയ നാലു കവിതകളെ
സ്നേഹിക്കുന്നതു പോലെ
ഒരേപോലെ ചലിക്കുന്ന എൻ്റെ സുന്ദരിസ്സഹോദരിമാർ
വിധിദേവതകളെക്കാൾ ഒരാൾ കൂടുതൽ.
ചന്ദ്രാകൃതിയിലുള്ള പർവ്വതങ്ങൾക്കുനേരെ
അവർ ചന്തമുള്ള വെള്ളപ്പശുക്കളെ തെളിക്കുന്നു.

ഫെബ്രുവരിയിൽ നിങ്ങൾ എവിടുന്നു വന്നു
വസന്തകാലത്ത് മാനത്ത് ഇടി മുരളുന്നു,
നിങ്ങൾ എവിടുന്നു വന്നു
അപരിചിതരോടൊപ്പമല്ല നിങ്ങൾ വന്നത്
കച്ചവടക്കാരുടെ വണ്ടികൾക്കൊപ്പമാണു വന്നത്
പക്ഷികളോടൊപ്പമാണു  വന്നത്

നാലു സോദരിമാർ ഈ ഗോതമ്പുകറ്റ പുണരുന്നു
ഇന്നലത്തെക്കൊടുംമഞ്ഞു പുണരുന്നു
ഇന്നത്തെ മഴ,
നാളത്തെ ധാന്യവും ചാരവും പുണരുന്നു.
നിരാശയുടെ ഗോതമ്പാണിത്,
നാലു സഹോദരിമാരോടും ദയവായി പറയൂ,
നിരാശയുടെ ഗോതമ്പിത്.
കാറ്റിനു പിന്നിൽ കാറ്റ്
ആകാശത്തിനുമേൽ ആകാശം
ഈ വഴിക്കപ്പുറം പിന്നെയും ഏറെ വഴികൾ

- 23-2-1989


2


700 കൊല്ലം മുമ്പ്


700 കൊല്ലം മുമ്പത്തെ പ്രസിദ്ധ രാജകീയനഗരം
ഇന്നൊരു വൃത്തികെട്ട ചെറിയ ഗ്രാമം
ആ പട്ടണത്തിലേക്കു പിന്നാക്കം 
ഞാനെൻ്റെ കുതിരയെക്കുതിപ്പിച്ചു
ഒരു ചാക്കു കാട്ടുബാർലിയുമായി.
പതിനെട്ടു മനുഷ്യത്തലകൾ കൊടുത്താണ്
ഞാനാ ബാർലി വാങ്ങിച്ചത്
അതിലൊമ്പതെണ്ണം നഗരത്തിലടക്കം ചെയ്തു,എവിടെയൊക്കെയോ

പർവ്വതഗുഹയിൽ പന്ത്രണ്ടു കാട്ടുമൃഗങ്ങൾ
പരുന്തുകളാവുന്നതു സ്വപ്നം കണ്ടു കരയുന്നു
കൊടുമുടിയിൽ ഒടുവിലത്തെ ഗുഹ
ആകാശം സ്വപ്നം കാണുന്നു
പെട്ടെന്നൊരു തോന്നൽ,
പട്ടിണി ഇപ്പോഴും ഈ തെരുവിലൂടെ
നടക്കുന്നപോലെ
ഇരുട്ടിൽ ഞാനെൻ്റെ തത്വസംഹിത എഴുതുന്നു,
ലോകം പിന്നെയും വെളിച്ചമുള്ളതാകുന്നു.

- 18-8-1988


3


ഉത്തരം

ഗോതമ്പുപാടമേ,
ഞാൻ നിൻ്റെ വേദന നിറഞ്ഞ
ചോദ്യം ചെയ്യലിൻ്റെ മർമ്മത്തിൽ നിൽക്കേ,
മറ്റുള്ളവർ കാണുന്നത്
നിൻ്റെയൂഷ്മളത, നിൻ്റെ സൗന്ദര്യം.
ഞാൻ നിൽക്കുന്നു
വേദനിപ്പിക്കുന്ന സൂര്യമുനകൾക്കുമേൽ.

നിഗൂഢ ചോദ്യകർത്താവേ,
ഗോതമ്പുപാടമേ,

വേദനയോടെ നിൻ്റെ മുന്നിൽ ഞാൻ നിൽക്കുമ്പോൾ
എൻ്റെ കൈയ്യിലൊന്നുമില്ലെന്നു പറയാൻ
നിനക്കാവുകില്ല
എൻ്റെ കൈ ഒഴിഞ്ഞതെന്നു പറയാൻ
നിനക്കാവുകില്ല




No comments:

Post a Comment