നാടിൻ്റ നക്ഷത്രം
ജോസഫ് ബ്രോഡ്‌സ്കി (റഷ്യൻ- അമേരിക്കൻ, 1940- 1996)തണുത്ത കാലാവസ്ഥയിൽ,
തണുപ്പിനേക്കാൾ ചൂട് ശീലമായ പ്രദേശത്ത്,
പർവ്വതോന്നതിയേക്കാൾ ചക്രവാളപ്പരപ്പ്
പരിചിതമായ ദേശത്ത്
ലോകത്തെ രക്ഷിക്കാനായി ഒരു ഗുഹക്കുള്ളിൽ
ഒരു കുഞ്ഞു പിറന്നു.
മഞ്ഞുകാലത്ത് മരുഭൂമിയിൽ മാത്രം വീശുന്ന മട്ടിൽ
വിലങ്ങനെ തണുപ്പടിച്ചു
അവന് എല്ലാ വസ്തുക്കളും ഭീമാകാരമായിത്തോന്നി.
അമ്മയുടെ മുല,
കാളയുടെ മൂക്കിൻതുളയിൽ നിന്നുയരുന്ന ആവി,
കാസ്പർ, ബെൽത്തസാർ,മെൽക്കൊയർ - ജ്ഞാനികളുടെ സംഘം,
പാതി തുറന്ന വാതുക്കൽ കുന്നുകൂടിയ അവരുടെ സമ്മാനങ്ങൾ.
അവനെന്നാൽ ഒരു കുഞ്ഞു പുള്ളി.
കുഞ്ഞു പുള്ളി, നക്ഷത്രം.
ഏകാഗ്രതയോടെ
ഇമചിമ്മാതെ
വിളറിയ ചിതറിയ മേഘങ്ങൾക്കിടയിലൂടെ
പുൽത്തൊട്ടിയിലെ കുഞ്ഞിനുനേരെ
ദൂരെ നിന്ന്
പ്രപഞ്ചത്തിൻ്റെ ആഴത്തിൽ നിന്ന്
അതിൻ്റെ മറ്റേ അറ്റത്തു നിന്ന്
നക്ഷത്രം നോക്കുന്നു
ഗുഹയിലേക്ക്.
പിതാവിൻ്റെ ഉറ്റുനോട്ടം.
- ഡിസംബർ 1987
No comments:
Post a Comment