Saturday, May 31, 2025

ജോസഫ് ഉഷി (നൈജീരിയ)

ആഫ്രിക്ക ഇന്ന്


ജോസഫ് ഉഷി (നൈജീരിയ)

അവൾ പിച്ചച്ചട്ടിയുമായ് ഇരിക്കുന്ന ഒരു പിച്ചക്കാരി
വഴിവക്കത്തൊരു സ്വർണ്ണക്കൂമ്പാരത്തിനുമേൽ
പകൽ മുഴുവൻ കോട്ടുവാ വിട്ട്,
രാത്രി മുഴുവൻ കോട്ടുവാ വിട്ട്

അമേരിക്ക വരുന്നു,
വലിയൊരു സ്വർണ്ണക്കഷണം അടർത്തിയെടുക്കുന്നു.
ഒരു നാണയത്തുട്ടും കുറച്ചധിക്ഷേപവും ചൊരിഞ്ഞു
കടന്നുപോകുന്നു
ഏഷ്യ വരുന്നു, വലിയൊരു സ്വർണ്ണക്കഷണം
അടർത്തിയെടുക്കുന്നു
ഒരു നാണയത്തുട്ടും കുറച്ചു വെറുപ്പും ചൊരിഞ്ഞു
കടന്നുപോകുന്നു
ഓസ്ട്രേലിയ വരുന്നു, വലിയൊരു സ്വർണ്ണക്കഷണം
അടർത്തിയെടുക്കുന്നു
ഒരു നാണയത്തുട്ടും കുറച്ചു പരിഹാസച്ചിരിയും ചൊരിഞ്ഞു
കടന്നുപോകുന്നു
യൂറോപ്പ് കടന്നുപോകുന്നു, ഒരു സ്വർണ്ണക്കഷണം
അടർത്തിയെടുത്ത്
ഒരു നാണയത്തുട്ടും കുറച്ചപമാനവും ചൊരിയുന്നു
പിൻവാങ്ങുന്നു

എന്നിട്ട് അവളുടെ സ്വന്തം ഒറ്റക്കണ്ണൻ നേതാവിനെ
പുകഴ്ത്തുന്നു
നാണയത്തുട്ടുകൾ വീണ പിച്ചപ്പാത്രം അയാൾ വെടിപ്പാക്കുന്നു
അവളുടെ മന്ദതയെ കുറ്റപ്പെടുത്തി കടന്നുപോകുന്നു
തൻ്റെ യാചക നാട് കോട്ടുവാ വിടുംപോലെ
വഴി നീളെ ഏമ്പക്കം വിട്ടുകൊണ്ട്

Wednesday, May 28, 2025

ജോസഫ് ബ്രോഡ്‌സ്കി (റഷ്യൻ- അമേരിക്കൻ, 1940- 1996)

നാടിൻ്റ നക്ഷത്രം

ജോസഫ് ബ്രോഡ്‌സ്കി (റഷ്യൻ- അമേരിക്കൻ, 1940- 1996)



തണുത്ത കാലാവസ്ഥയിൽ,
തണുപ്പിനേക്കാൾ ചൂട് ശീലമായ പ്രദേശത്ത്,
പർവ്വതോന്നതിയേക്കാൾ ചക്രവാളപ്പരപ്പ്
പരിചിതമായ ദേശത്ത്
ലോകത്തെ രക്ഷിക്കാനായി ഒരു ഗുഹക്കുള്ളിൽ
ഒരു കുഞ്ഞു പിറന്നു.
മഞ്ഞുകാലത്ത് മരുഭൂമിയിൽ മാത്രം വീശുന്ന മട്ടിൽ
വിലങ്ങനെ തണുപ്പടിച്ചു

അവന് എല്ലാ വസ്തുക്കളും ഭീമാകാരമായിത്തോന്നി.
അമ്മയുടെ മുല,
കാളയുടെ മൂക്കിൻതുളയിൽ നിന്നുയരുന്ന ആവി,
കാസ്പർ, ബെൽത്തസാർ,മെൽക്കൊയർ - ജ്ഞാനികളുടെ സംഘം,
പാതി തുറന്ന വാതുക്കൽ കുന്നുകൂടിയ അവരുടെ സമ്മാനങ്ങൾ.
അവനെന്നാൽ ഒരു കുഞ്ഞു പുള്ളി.
കുഞ്ഞു പുള്ളി, നക്ഷത്രം.

ഏകാഗ്രതയോടെ
ഇമചിമ്മാതെ
വിളറിയ ചിതറിയ മേഘങ്ങൾക്കിടയിലൂടെ
പുൽത്തൊട്ടിയിലെ കുഞ്ഞിനുനേരെ
ദൂരെ നിന്ന്
പ്രപഞ്ചത്തിൻ്റെ ആഴത്തിൽ നിന്ന്
അതിൻ്റെ മറ്റേ അറ്റത്തു നിന്ന്
നക്ഷത്രം നോക്കുന്നു
ഗുഹയിലേക്ക്.
പിതാവിൻ്റെ ഉറ്റുനോട്ടം.

- ഡിസംബർ 1987

Thursday, May 22, 2025

അസ്മ ആസയ്സേഹ് (പലസ്തീൻ, ജനനം: 1985)

തുമ്പികൾ

അസ്മ ആസയ്സേഹ് (പലസ്തീൻ, ജനനം: 1985)



കോടിക്കണക്കിനു കൊല്ലം മുമ്പ്
ചിറകുള്ള ജീവികളൊന്നുമുണ്ടായിരുന്നില്ല.
എത്തിച്ചേരാനായി നാമിഴഞ്ഞു,
അടിവയറുകൊണ്ടും കൈകാലുകൾ കൊണ്ടും.

പ്രത്യേകിച്ചെങ്ങും നാമെത്തിയില്ല
എന്നാൽ പരുത്ത നിലം നമ്മുടെ അടിവയറുകൾ പരുക്കനാക്കി
നമ്മുടെ കൈകാലുകൾ പർവ്വതങ്ങളെപ്പോലെ നിവർന്നു.
ഓരോ തവണയും മരത്തണലിൽ നാം നിന്നാൽ
കൂട്ടത്തിലൊരാൾ അലറും: "നാമിവിടെയെത്തി"
പർവ്വതങ്ങളെക്കാൾ കരുത്തുറ്റ ഒരു ഭ്രമഭാവന.

കോടിക്കണക്കിനു കൊല്ലം മുമ്പ്
ഇടുങ്ങിയ അരുവികളിൽ നിന്ന് തുമ്പികൾ പുറത്തുവന്നു
അവയുടെ മുതുകിൽ
വെള്ളം കനത്തു തൂങ്ങിയിരുന്നു,
നെഞ്ഞത്തൊരു മിന്നലെന്ന പോലെ.
സൃഷ്ടിയോട് ചിറകു നൽകാൻ ആവശ്യപ്പെട്ടു അവ.
എങ്കിലവക്കു കാണാം
നദീതീരത്തെ കല്ലുകളെപ്പോലെ വ്യക്തമായി
കടുത്ത വേദനകൾ

അന്നുതൊട്ടു നാമെല്ലാം പറന്നു.
വിശക്കുന്ന വെട്ടുകിളികളെപ്പോലെ മുരളുന്ന
കോടിക്കണക്കിനു ചിറകുകളും വിമാനങ്ങളും കൊണ്ട്
ആകാശം നിറഞ്ഞു.
എന്നാൽ നമ്മളിലാരും
സൃഷ്ടിയോടാവശ്യപ്പെട്ടില്ല, എത്തിച്ചേരലിൻ്റെ ഭ്രമഭാവനയിൽ നിന്നു
മോചിപ്പിക്കാൻ.
നമ്മുടെ നെഞ്ഞത്ത്,അതേ മിന്നൽ ഇന്നും.




സെയ്നാ ഹാഷെം ബെക്ക് (ലബനൻ)

വിശപ്പിനൊരു ഗീതം

സെയ്നാ ഹാഷെം ബെക്ക് (ലബനൻ)


എനിക്കെന്തുമാത്രം കൊതിയായിരുന്നെന്നോ,
വിവാഹദിവസം
സൈപ്രസ്സിലൊരു റോഡരികിൽ നിന്നു
വാങ്ങിയ
സ്ട്രോബറിപ്പഴങ്ങളോട്!
ദിവ്യസുഗന്ധം അവക്ക്, മറന്നു നാം

അവ തിന്നാൻ

Wednesday, May 21, 2025

യി ഷാ (ചൈന,ജനനം: 1966)

1

സുവർണ്ണ ശരൽക്കാലം


എനിക്കാവുകയില്ല
നിലത്തു വീഴുന്ന ശരൽക്കാല ഇലകൾ
തടഞ്ഞുനിറുത്താൻ.
എനിക്കാവുകയില്ല
തുറന്ന വർത്തമാനപത്രം
ഒരു ശവസംസ്ക്കാര അറിയിപ്പു പോലെ
തുടിക്കുന്നതു നിറുത്താൻ.
ശരൽക്കാലക്കാറ്റത്ത്
ഒരു വയസ്സൻ
പാർക്കുബെഞ്ചിലിരിക്കുന്നു.
നിലത്ത് അരികിൽ വീണു കിടക്കുന്നു
ഊന്നുവടി.
അയാളനുഭവിക്കുന്ന ദുരിതം
തടഞ്ഞുനിറുത്താൻ
എനിക്കാവുകയില്ല,
സോവിയറ്റ് യൂണിയൻ നാളുകളിലേക്കയാളുടെ
ചിന്ത മടങ്ങിപ്പോകുമ്പോൾ


2

രഹസ്യധാരണ


അയാൾ വന്നെന്നോടു പണം ചോദിക്കുന്നു
കാരണം എൻ്റെ തൊട്ടടുത്തു നിൽക്കുന്നു
ഒരു സുന്ദരിപ്പെണ്ണ്

ഞാനയാൾക്കു പണം കൊടുക്കുന്നു
കാരണം എൻ്റെ തൊട്ടടുത്തു നിൽക്കുന്ന
സുന്ദരിപ്പെണ്ണു നോക്കുന്നു.

Saturday, May 17, 2025

ഹെയ് സീ (ചീന,1964- 1989)

കവിതകൾ


ഹെയ് സീ (ചീന,1964- 1989)


1
നാലു സഹോദരിമാർ


വിജനമായ ഒരു മലമുകളിൽ
നാലു സഹോദരിമാർ നിൽക്കുന്നു
എല്ലാ കാറ്റുകളും അവർക്കു നേരെയടിക്കുന്നു
എല്ലാ ദിവസങ്ങളുമവർക്കായ് ചിതറുന്നു

എനിക്കു തലച്ചുമടായ്
വായുവിൽ ഒരു ഗോതമ്പു കറ്റ
വന്യമീ മലമുകളിൽ എൻ്റെ ശരീരം
പൊടിയാൽ നിലം പറ്റിയ
എൻ്റെ ഒഴിഞ്ഞ മുറിയെപ്പറ്റി ചിന്തിക്കുന്നു

എല്ലാ ദിക്കിലേക്കും വെളിച്ചം വിതറുന്ന
ഈ നാലു സംഭ്രാന്ത സോദരിമാരെയും
ഞാൻ സ്നേഹിക്കുന്നു.
ഒരു പുസ്കച്ചുരുളും ചീനയുമാണ്
രാത്രിയിലെൻ്റെ തലയണ
നീലവിദൂരതയിലെ നാലുസോദരിമാരിൽ
ഓരോരുത്തരേയും ഞാൻ സ്നേഹിക്കുന്നു
ഞാനെഴുതിയ നാലു കവിതകളെ
സ്നേഹിക്കുന്നതു പോലെ
ഒരേപോലെ ചലിക്കുന്ന എൻ്റെ സുന്ദരിസ്സഹോദരിമാർ
വിധിദേവതകളെക്കാൾ ഒരാൾ കൂടുതൽ.
ചന്ദ്രാകൃതിയിലുള്ള പർവ്വതങ്ങൾക്കുനേരെ
അവർ ചന്തമുള്ള വെള്ളപ്പശുക്കളെ തെളിക്കുന്നു.

ഫെബ്രുവരിയിൽ നിങ്ങൾ എവിടുന്നു വന്നു
വസന്തകാലത്ത് മാനത്ത് ഇടി മുരളുന്നു,
നിങ്ങൾ എവിടുന്നു വന്നു
അപരിചിതരോടൊപ്പമല്ല നിങ്ങൾ വന്നത്
കച്ചവടക്കാരുടെ വണ്ടികൾക്കൊപ്പമാണു വന്നത്
പക്ഷികളോടൊപ്പമാണു  വന്നത്

നാലു സോദരിമാർ ഈ ഗോതമ്പുകറ്റ പുണരുന്നു
ഇന്നലത്തെക്കൊടുംമഞ്ഞു പുണരുന്നു
ഇന്നത്തെ മഴ,
നാളത്തെ ധാന്യവും ചാരവും പുണരുന്നു.
നിരാശയുടെ ഗോതമ്പാണിത്,
നാലു സഹോദരിമാരോടും ദയവായി പറയൂ,
നിരാശയുടെ ഗോതമ്പിത്.
കാറ്റിനു പിന്നിൽ കാറ്റ്
ആകാശത്തിനുമേൽ ആകാശം
ഈ വഴിക്കപ്പുറം പിന്നെയും ഏറെ വഴികൾ

- 23-2-1989


2


700 കൊല്ലം മുമ്പ്


700 കൊല്ലം മുമ്പത്തെ പ്രസിദ്ധ രാജകീയനഗരം
ഇന്നൊരു വൃത്തികെട്ട ചെറിയ ഗ്രാമം
ആ പട്ടണത്തിലേക്കു പിന്നാക്കം 
ഞാനെൻ്റെ കുതിരയെക്കുതിപ്പിച്ചു
ഒരു ചാക്കു കാട്ടുബാർലിയുമായി.
പതിനെട്ടു മനുഷ്യത്തലകൾ കൊടുത്താണ്
ഞാനാ ബാർലി വാങ്ങിച്ചത്
അതിലൊമ്പതെണ്ണം നഗരത്തിലടക്കം ചെയ്തു,എവിടെയൊക്കെയോ

പർവ്വതഗുഹയിൽ പന്ത്രണ്ടു കാട്ടുമൃഗങ്ങൾ
പരുന്തുകളാവുന്നതു സ്വപ്നം കണ്ടു കരയുന്നു
കൊടുമുടിയിൽ ഒടുവിലത്തെ ഗുഹ
ആകാശം സ്വപ്നം കാണുന്നു
പെട്ടെന്നൊരു തോന്നൽ,
പട്ടിണി ഇപ്പോഴും ഈ തെരുവിലൂടെ
നടക്കുന്നപോലെ
ഇരുട്ടിൽ ഞാനെൻ്റെ തത്വസംഹിത എഴുതുന്നു,
ലോകം പിന്നെയും വെളിച്ചമുള്ളതാകുന്നു.

- 18-8-1988


3


ഉത്തരം

ഗോതമ്പുപാടമേ,
ഞാൻ നിൻ്റെ വേദന നിറഞ്ഞ
ചോദ്യം ചെയ്യലിൻ്റെ മർമ്മത്തിൽ നിൽക്കേ,
മറ്റുള്ളവർ കാണുന്നത്
നിൻ്റെയൂഷ്മളത, നിൻ്റെ സൗന്ദര്യം.
ഞാൻ നിൽക്കുന്നു
വേദനിപ്പിക്കുന്ന സൂര്യമുനകൾക്കുമേൽ.

നിഗൂഢ ചോദ്യകർത്താവേ,
ഗോതമ്പുപാടമേ,

വേദനയോടെ നിൻ്റെ മുന്നിൽ ഞാൻ നിൽക്കുമ്പോൾ
എൻ്റെ കൈയ്യിലൊന്നുമില്ലെന്നു പറയാൻ
നിനക്കാവുകില്ല
എൻ്റെ കൈ ഒഴിഞ്ഞതെന്നു പറയാൻ
നിനക്കാവുകില്ല




Monday, May 12, 2025

ജോർജി ഗോസ്പൊഡിനോവ് (ബൾഗേറിയ, ജനനം: 1968)

സ്നേഹമുയൽ

ജോർജി ഗോസ്പൊഡിനോവ് (ബൾഗേറിയ, ജനനം: 1968)

"ഞാൻ ഏറെ വൈകില്ല" അവൾ പറഞ്ഞു
എന്നിട്ട് വാതിൽ വലിച്ചു തുറന്നു.
ഒരു പ്രത്യേക വൈകുന്നേരമായിരുന്നു
ഞങ്ങൾക്കത്.
അടുപ്പത്ത് ഒരു മുയൽ ഇഷ്ടു
തയ്യാറാവുന്നുണ്ടായിരുന്നു.
കുറച്ച് ഉള്ളിയും വെളുത്തുള്ളിയും കാരറ്റും
ചെറിയ കിണ്ണങ്ങളിലേക്ക് അവൾ അരിഞ്ഞിട്ടു
കോട്ടു ധരിച്ചില്ല
ലിപ്സ്റ്റിക്കുമണിഞ്ഞില്ല
എവിടേക്കു പോകുന്നെന്നു ഞാൻ
ചോദിച്ചതുമില്ല
അവൾ അങ്ങനെയായിരുന്നു
സമയബോധമേ ഉണ്ടായിരുന്നില്ല
അവൾ എപ്പോഴും വൈകും
അതാണ് ആ വൈകുന്നേരം
അവൾ പറഞ്ഞത്, ഞാൻ ഏറെ വൈകില്ല
വാതിൽ അടച്ചതുപോലുമില്ല അവൾ

ആറു കൊല്ലം കഴിഞ്ഞ്
തെരുവിൽ വെച്ചു ഞാനവളെ കണ്ടുമുട്ടി
(ഞങ്ങളുടെ തെരുവിലല്ല)
പെട്ടന്നവൾ അസ്വസ്ഥയായി
ഇസ്തിരിപ്പെട്ടി പ്ലഗ്ഗിൽ നിന്നൂരാത്തതോ
മറ്റോ ഓർമ്മിച്ചിട്ടെന്നപോലെ

നിങ്ങൾ കുക്കർ ഓഫ് ചെയ്തില്ലേ?,
അവൾ ചോദിക്കുന്നു
ഞാൻ മറുപടി പറയുന്നു, ആയിട്ടില്ല

ഈ മുയലുകൾക്ക് വേവു കൂടുതലാണെ


Saturday, May 10, 2025

ബെശാൻ മട്ടുർ(1968, തുർക്കി)

ഓരോ സ്ത്രീക്കുമറിയാം അവളുടെ സ്വന്തം മരം

ബെശാൻ മട്ടുർ(1968, തുർക്കി)


നിനക്കരികിൽ വന്നപ്പോൾ
ഞാൻ
കറുത്ത കല്ലുകൾ കൊണ്ടുണ്ടാക്കിയ
വിജന നഗരത്തിനു മുകളിൽ
ചിറകു വിരിക്കാൻ തുടങ്ങുകയായിരുന്നു.
ഒരു മരം കണ്ടെത്തി അതിൻ്റെ കൊമ്പുകളിൽ ചേക്കേറുന്നു.
വേദനിച്ച് അലറുന്നു
ഒരോ സ്ത്രീക്കുമറിയാം അവളുടെ സ്വന്തം മരം.

ആ രാത്രി ഞാൻ പറന്നു.
ഇരുട്ട് പ്രവേശിക്കാൻ ഭയക്കുന്ന
നഗരത്തിനുമുകളിലൂടെ കടന്നുപോയി
നിഴലില്ലാതെ ആത്മാവു തനിച്ചായിരുന്നു

ഒരു നായയെപ്പോലെ ഞാനലറി

Thursday, May 8, 2025

അപ്പോളിനയർ

പുഴു

അപ്പോളിനയർ

പണി ചെയ്താലുണ്ടാം പണം നേട്ടം
ശ്രമിക്കാം പാവങ്ങൾ കവികൾക്കും
ശ്രമിച്ചു ക്ലേശിച്ചാണൊരു പുഴു
നിറനിറവുള്ള ശലഭമായ്

Wednesday, May 7, 2025

സാബ കിഡാനേ (എറിത്രിയ, ഭാഷ ടൈഗ്രിന്യ, ജനനം: 1978)

വലുതാവൽ


സാബ കിഡാനേ (എറിത്രിയ, ഭാഷ ടൈഗ്രിന്യ, ജനനം: 1978)


എൻ്റെ മോൻ വളരുകയാണ്
അവനെയിപ്പോൾ ആരുടെ കയ്യിലും
വിശ്വസിച്ചേൽപ്പിക്കാം
കെട്ടിടത്തിനു ചുറ്റും ഓടി നടക്കും.

അവൻ വളർന്നു വരുന്നതു
ഞാൻ കാണുന്നു
മറ്റുള്ളവർ വിളിക്കുമ്പോൾ
അവന് കാര്യം പിടികിട്ടുന്നു
ഭക്ഷണം തനിയേ കഴിക്കുന്നു

എണ്ണാറായി,
അവനറിയാം എത്ര എന്ന്
പെരുക്കപ്പട്ടിക പഠിപ്പിക്കുമ്പോൾ
എന്നെ അടിക്കുന്നു

അവൻ വളരുകയാണ്
എനിക്കെന്തെല്ലാം ചെയ്യാൻ കഴിയും
എന്നവനറിയാം
വളർത്തു മൃഗങ്ങളെ നോക്കാനും പഠിച്ചു
എൻ്റെ ബ്രഷുകളും പെയിൻ്റിങ്ങുകളും കാണുമ്പോൾ
ഇപ്പോൾ അവനറിയാം: "തൊടരുത്"
എൻ്റെ മോൻ വളരുകയാണ്