മലയാളമൗനത്തിൻ്റെ ഉറവ
പി.രാമൻനിശ്ശബ്ദത അനുശീലിക്കാൻ താല്പര്യമില്ലാത്ത ഒരു സമൂഹമായാണ് കേരളജനത മുന്നേറിയത്. ശബ്ദം ഉണ്ടാക്കൽ, ശബ്ദം കേൾപ്പിക്കൽ, പരമാവധി ഉച്ചത്തിൽ ശബ്ദം കേൾപ്പിക്കൽ ആവിഷ്ക്കാരത്തിൻ്റെ ഉദാത്ത രൂപമായി അനുഭവിക്കാൻ നമുക്കു കഴിയുന്നുണ്ട്. നിശ്ശബ്ദത പൊതുവേ നമുക്ക് അസഹനീയവുമാണ്. ശബ്ദം ഉയർത്തൽ എപ്പോഴും തിന്മകൾക്കെതിരായ പോരാട്ടമായും നിശ്ശബ്ദത പാലിക്കൽ തിന്മകൾക്കുള്ള മൗനാനുവാദവുമായും പെട്ടെന്നു പ്രതീകവൽക്കരിക്കാൻ നമുക്കു കഴിയുന്നുണ്ട്. നിശ്ശബ്ദത കെട്ടിക്കിടപ്പും ശബ്ദം ഉയർത്തൽ മുന്നോട്ടുള്ള ഗതിയായും നാം സങ്കല്പിക്കുന്നു.അതങ്ങനെ തന്നെയേ ആകാവൂ എന്ന നിർബന്ധബുദ്ധിയും നമുക്കുണ്ട്. ഇത്തരമൊരു കാഴ്ച്ചപ്പാടിന് പ്രാബല്യമുള്ള നമ്മുടെ സമൂഹത്തിൽ എഴുത്തുകാർ മിക്കവരും നിശ്ശബ്ദതയെ ഉള്ളിലേക്കാവാഹിക്കാൻ മടിച്ചു എന്നതിൽ അത്ഭുതമില്ല.
നിശ്ശബ്ദത മലയാള കവിതയിൽ ഒരനുഭവവും പ്രമേയവുമായി പ്രത്യക്ഷപ്പെടുന്നതുതന്നെ ഇരുപതാം നൂറ്റാണ്ടിലാണ്. അതിനു മുമ്പ് നിശ്ശബ്ദതയെക്കുറിച്ചുള്ള പരിഗണന നമ്മുടെ കവിതയിൽ ഇല്ലേയില്ല. നമ്മുടെ ഗ്രാമങ്ങൾ അത്രമേൽ നിശ്ശബ്ദമായിരുന്നിട്ടും കവിതയിൽ നിശ്ശബ്ദത ഒരു നിലയിലും അഭിസംബോധന ചെയ്യപ്പെട്ടില്ല. വിജനതയെക്കുറിച്ചു പ്രതിപാദിക്കുന്ന നളചരിതം ആട്ടക്കഥയും നിശ്ശബ്ദതയെ പ്രതിപാദിക്കുന്നില്ല. നിശ്ശബ്ദത ഒരനുഭവമായി ആദ്യം കടന്നുവരുന്ന കൃതി ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ വി.സി. ബാലകൃഷ്ണപ്പണിക്കരുടെ ഒരു വിലാപമാണ്. തിങ്ങിപ്പൊങ്ങുന്ന ഇരുട്ടിൽ കടലിലൊരു കുടം പോലെ ഭൂചക്രവാളം മുങ്ങിപ്പോയ ശേഷം, കുളിരിളകുന്ന ഇളം കാറ്റ് നിലച്ച ശേഷം, പാതിരക്ക് ഒരു മനുഷ്യൻ മൗനം തങ്ങിക്കൊണ്ട് ഇരിക്കുന്ന ചിത്രത്തോടെയാണ് ഒരു വിലാപം ആരംഭിക്കുന്നത്. പ്രിയപ്പെട്ടയാളുടെ ജഡത്തിൻ്റെ ശീതമൗനത്തിനു മുന്നിലാണ് ആ മനുഷ്യൻ്റെ നിശ്ശബ്ദത. എന്നാൽ പാതിവ്രത്യപ്രതാപക്കൊടിയുടെ ചരടേ എന്ന തരം ജാർഗണുകൾ ഉണ്ടാക്കുന്ന ഉച്ചസ്ഥായി കാവ്യാന്തരീക്ഷത്തിലെ മൗനത്തിൻ്റെ അടിയൊഴുക്കിന് മുറിവേല്പിക്കുന്നുണ്ട് ഒരു വിലാപത്തിൽ. ആശാൻ്റെ നളിനിയാണ് മൗനം കുറേക്കൂടി സാന്ദ്രമായി അനുഭവിപ്പിക്കുന്ന മറ്റൊരു കൃതി. നളിനിക്കും ദിവാകരനുമുള്ളിലെയും അവർക്കിടയിലെയും മൗനത്തിലേക്ക് ഭാഷകൊണ്ടു വെളിച്ചം വീശാനുള്ള ശ്രമം നളിനിയിലുണ്ട്. രചനാപരമായ ക്ലിഷ്ടത, തട്ടുതടവുകൾ, ആ മൗനത്തെ തൊടാൻ ആശാൻ്റെ കാവ്യഭാഷയെ സഹായിക്കുന്നതുപോലുമുണ്ട്.മൗനത്തെക്കുറിച്ചെഴുതുകയല്ല, തൻ്റെ ആഖ്യാനത്തിൽ മൗനത്തിൻ്റെ സാദ്ധ്യതകൾ ഉപയോഗിക്കുകയാണ് ആശാൻ ചെയ്തത്. സീതാവിചാരത്തിനടിയിലുമുണ്ട് മൗനത്തിൻ്റെ ഒഴുക്ക്. പ്രരോദനത്തിൽ ഏ. ആറിൻ്റെ മരണത്തെ മുൻനിർത്തി നിശ്ശബ്ദത നേരിട്ടു തന്നെ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നുണ്ട്:
ലോകത്തെജ്ജഡമാക്കി നിർഭരനിശീ-
ഥത്തിന്റെ സന്താനമാം
മൂകത്വത്തെ മുതിർന്നു തൻ മുലകുടി-
പ്പിക്കും മഹത്ത്വത്തൊടും,
ഹാ! കർണ്ണങ്ങളിലുഗ്രശംഖമുരജ-
ധ്വാനങ്ങളേൽക്കാതെയും
ഭൂകമ്പിക്കിലനങ്ങിടാതെയുമിതാ!
പൊങ്ങുന്നു നിശ്ശബ്ദത.
ഏറുന്നൊരിമ്പമതിനാൽ മൊഴിവിട്ടു ഞങ്ങൾ
കൂറാർന്നിടുന്നു തനിയേ വെറുതേയിരിപ്പിൽ
പാരിൽ പലേ സുഖമയൂഖ ഗണത്തിനൊറ്റ-
വേരായടിക്കുവിലസും രവി മൗനമത്രേ
കാടിനെക്കുറിച്ചുള്ള ആ കവിത മൗനത്തിലാണ് അവസാനിക്കുന്നത്. ഒരുപക്ഷേ ആഴമുള്ള ആ മൗനത്തെ കടന്ന് മറ്റൊന്നും എഴുതാൻ കഴിയാഞ്ഞതുകൊണ്ടാവാം ഉദ്ദേശിച്ചത് എഴുതാതെ കവിത അപൂർണ്ണമായി നിർത്തിയതും.
ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും ഇരുണ്ട മൗനച്ചുഴികൾ ഉണ്ടെങ്കിലും ശബ്ദപ്രവാഹം അവയെ നന്നായി മറച്ചുവെക്കുന്നു. ഏകാന്തമൗനം ചൂഴ്ന്ന സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽ പോലും ആ മൗനത്തിൻ്റെ ശക്തി കാവ്യസംഗീതം മറച്ചുവക്കുന്നു. ഉള്ളൂരിൻ്റെ ഭൂതക്കണ്ണാടി എന്ന കവിത,
തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം സുധാമയം
മൗനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകീക്വണം
എന്നിങ്ങനെ മൗനത്തിൻ്റെ ഭംഗി വെളിപ്പെടുത്തുന്നുണ്ടെങ്കിലും മൗനമല്ല, ഉജ്വലശബ്ദാഢ്യത തന്നെയാണ് ഉള്ളൂർക്കവിതയുടെ മുഖമുദ്രയായി നിലകൊള്ളുന്നത്.
ഇങ്ങനെ തുടർച്ചയായി നിരീക്ഷിച്ചു പോരുന്ന ഒരു കവിതാവായനക്കാരൻ എഴുതപ്പെട്ട മൗനത്തെ അതിൻ്റെ പൂർണ്ണതയിൽ ആദ്യമായി അനുഭവിക്കുന്നത് തേവാടി നാരായണക്കുറുപ്പിൻ്റെ കവിതകളിലാണ്. മലയാളകവിതയിൽ മൗനം ആദ്യമായി എഴുതപ്പെടുന്നത് 1930 കളിൽ ഇദ്ദേഹം രചിച്ച ആത്മഗീതത്തിലും മുക്തകങ്ങളിലുമാണ്. ടാഗോർ എന്ന പേരിൽ ഒരു സാഹിത്യപ്രസിദ്ധീകരണം തന്നെ നടത്തിയിരുന്ന നാരായണക്കുറുപ്പ് ടാഗോർ കവിതകളുടെ ആരാധകനായിരുന്നു. മൗനം കവിതയുടെ വലിയൊരു സാധ്യതയാണെന്ന് ഈ കവിയെ ബോധ്യപ്പെടുത്തിയത് ടാഗോർ തന്നെയായിരിക്കാം. പക്ഷേ ഇവിടെ എടുത്തു പറയേണ്ട ഒരു കാര്യം, ടാഗോറിനാൽ അക്കാലത്ത് സ്വാധീനിക്കപ്പെട്ട മറ്റൊരു മലയാളകവിയും മൗനത്തിൻ്റെ സാധ്യതയെ സ്വന്തം രചനകളിൽ ഇങ്ങനെ പ്രയോജനപ്പെടുത്തിയില്ല എന്നതാണ്. ടാഗോറിൻ്റെ ആത്മീയതയും സംഗീതാത്മകതയും പ്രസന്നതയുമെല്ലാമാണ് നമ്മുടെ കവികളെ പൊതുവേ സ്പർശിച്ചത്. ടാഗോർ പരിഭാഷകളിൽ പോലും ആത്മീയതക്കും സംഗീതാത്മകതക്കുമാണ് പ്രാധാന്യം. ഗദ്യത്തിലുള്ള ഇംഗ്ലീഷ് ഗീതാഞ്ജലിക്ക് മലയാളത്തിലുണ്ടായ ആദ്യപരിഭാഷകളെല്ലാം പദ്യത്തിലായത് മലയാളിയുടെ ശബ്ദഭ്രമം കൊണ്ടുകൂടിയാവാം. തേവാടി നാരായണക്കുറുപ്പ് ഗീതാഞ്ജലിക്ക് പരിഭാഷ രചിക്കുകയല്ല, ഗീതാഞ്ജലിയിൽ നിന്ന് മൗനത്തിൻ്റെ സാധ്യതകൾ ഉൾക്കൊണ്ട് മലയാളകവിതയെ നവീകരിക്കുകയാണ് ചെയ്തത്. ടി.കെ. നാരായണക്കുറുപ്പ് എഴുത്തിൽ സജീവമായിരുന്ന ഇരുപതാം ശതകത്തിൻ്റെ ആദ്യപകുതി മലയാള കവിത സാമൂഹ്യമായി വിസ്തൃതി കൈവരിച്ച കാലമാണെന്നോർക്കണം. മുമ്പു കേൾക്കാത്ത ശബ്ദങ്ങൾ കവിതയിൽ കേട്ടുതുടങ്ങിയ കാലത്തുതന്നെയാണ് മുമ്പൊരിക്കലും നമ്മുടെ കവിതയിൽ കേൾക്കാതെ പോയ നിശ്ശബ്ദതക്ക് നാരായണക്കുറുപ്പിൻ്റെ കവിതകളിലൂടെ ഇടം ലഭിച്ചത്. മൗനം സ്വാംശീകരിക്കാനും ആവിഷ്ക്കരിക്കാനും പദ്യത്തേക്കാൾ നല്ലത് ഗദ്യമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കഥയും കാര്യവും പറയാൻ മാത്രമല്ല മൗനം ആവിഷ്ക്കരിക്കാനും ഗദ്യം നമുക്കു വേണം എന്ന് ഈ കവി കാണിച്ചുതന്നു. ചുരുക്കത്തിൽ, മലയാള കവിതയിൽ തേവാടി നാരായണക്കുറുപ്പ് എന്ന കവി രണ്ടു പ്രധാന കാര്യങ്ങളാണ് നിർവ്വഹിച്ചത്. ഒന്ന്, മൗനം ആവിഷ്ക്കരിക്കാനായി കാവ്യകലയെ ആദ്യമായി പ്രയോജനപ്പെടുത്തി. രണ്ട്, അതിനായി ഗദ്യം തെരഞ്ഞെടുത്തതിലൂടെ മലയാളത്തിലെ ഗദ്യകാവ്യഭാഷയുടെ ആദ്യ പ്രയോക്താക്കളിൽ ഒരാളായി മാറി.
മൗനത്തെ തോറ്റുന്നതിലൂടെ സത്യത്തിൻ്റെ മറുപുറം തേടുകയാണ് കവി. ആവിഷ്ക്കരിക്കപ്പെട്ടവ ആവിഷ്ക്കരിക്കപ്പെടാത്തവയെ മറയ്ക്കുന്നതായി ഈ കവി കരുതുന്നു.
ഒരു മനോഹരമായ ചിത്രം
അത്രമാത്രം
അതിൻ്റെ പശ്ചാത്തലത്തെ
മറയ്ക്കുന്നു!
എന്ന കവിത സത്യത്തിൻ്റെ മറുപുറം തേടുകയാണ്. ആവിഷ്ക്കരിക്കപ്പെട്ടതിനും അപ്പുറത്തുള്ളവയെപ്പറ്റിയ ഈ വെമ്പലിൽ നിന്നാണ് തേവാടിയുടെ മൗനോപാസന തുടങ്ങുന്നത്. ചിത്രം മനോഹരമാണ്, സംശയമില്ല. എന്നാൽ അത് അതിൻ്റെ പശ്ചാത്തലത്തെ മറയ്ക്കുന്നുണ്ട് എന്നത് ഒരു സത്യമാണ്. മറയ്ക്കപ്പെടലിൻ്റെ മൗനത്തെ പ്രകാശിപ്പിക്കാൻ കൂടി കലാസൃഷ്ടിക്കു കഴിയണം. പശ്ചാത്തലത്തെ മറയ്ക്കുന്ന ചിത്രത്തെക്കുറിച്ചെഴുതുന്നതോടെ കാവ്യകലക്ക് അതിനു സാധിക്കുന്നു. ഇങ്ങനെ സൃഷ്ടിക്കും പിറകിലുള്ള മൗനത്തെ പ്രകാശിപ്പിക്കാൻ മലയാളത്തിൽ ആദ്യമായി ശ്രമിച്ചു വിജയിച്ച കവിയാണ് തേവാടി നാരായണക്കുറുപ്പ്.
ഏതനുഭവത്തിലും ഏതു കാഴ്ച്ചയിലും മൗനം തേടുന്ന കവിയാണ് ഇദ്ദേഹം. മണ്ണിലൂടെ പോകുന്ന ഉറുമ്പുകളുടെ ദൃശ്യം ഈ കവി ഇങ്ങനെയാണ് ആവിഷ്ക്കരിക്കുക:
മൺതരിയുടെ മൗനത്തിന്
എറുമ്പുകൾ
ഭാഷ്യം ചമക്കുന്നു
ഒരർത്ഥത്തിൽ മൗനത്തിൻ്റെ ഭാഷ്യങ്ങളാണ് ടി.കെ. നാരായണക്കുറുപ്പിൻ്റെ കവിതകളെല്ലാം. ഒന്നല്ല, അനേകം ഭാഷ്യങ്ങൾ. ഈ കവിതകൾ പുറത്തുവന്നിട്ട് ഒരു നൂറ്റാണ്ടിനോടടുത്തിട്ടും ഇന്നും നമ്മുടെ മുഖ്യധാരാ കാവ്യഭാവുകത്വത്തിന് മൗനത്തെ കാവ്യാദർശത്തിൻ്റെ ഭാഗമായി ലയിപ്പിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല. തൊട്ടയൽവക്കത്തെ തമിഴ് കവിതയുമായി താരതമ്യം ചെയ്യുമ്പോൾ മൗനത്തിൻ്റെ അഭാവം മലയാളകവിതയിൽ ഇന്നും പ്രകടമായി കാണാൻ കഴിയും. തമിഴ് ആധുനികത മൗനത്തെ ഉൾക്കൊണ്ടുകൊണ്ടാണ് കാവ്യഭാഷ പുതുക്കിയതെങ്കിൽ മലയാളം ശബ്ദത്തെത്തന്നെയാണ് കൂടുതലായും ആശ്രയിച്ചത്. മൗനം ഭാവുകത്വത്തിലും ഭാഷയിലും ലയിപ്പിച്ചെടുക്കാൻ ശ്രമിച്ച ഒരു ധാര മലയാളത്തിൽ ഇല്ലെന്നല്ല പറയുന്നത്. ടി. കെ. നാരായണക്കുറുപ്പ് തുടക്കം കുറിച്ച ആ ധാരയിൽ ആർ.രാമചന്ദ്രനെപ്പോലെയും ആറ്റൂരിനെപ്പോലെയും (ആറ്റൂർ ഒരിക്കലും മൗനത്തിൻ്റെ ഉപാസകനല്ല, മൗനത്തെ അദ്ദേഹം തൻ്റെ ആവിഷ്ക്കാരത്തിൽ പ്രയോജനപ്പെടുത്തി എന്നേയുള്ളൂ) ഓ വി ഉഷയെപ്പോലെയും ഫാദർ കെ. എം. ജോർജിനെപ്പോലെയും ചിത്രകാരൻ കൂടിയായ കവി ജോർജ്ജിനെപ്പോലെയും എം.പി. പ്രതീഷിനെപ്പോലെയും ചിലരെ കണ്ടെന്നിരിക്കാം എന്നല്ലാതെ മുഖ്യധാരാ കാവ്യഭാവുകത്വത്തെ ആഴത്തിൽ സ്വാധീനിച്ചു പുതുക്കാൻ ആ ധാരക്ക് കഴിഞ്ഞിട്ടില്ല. മലയാളത്തിൻ്റെ മുഖ്യധാരാകവിത ഇന്നും ഉച്ചത്തിലുള്ള ശബ്ദങ്ങൾ കൊണ്ടു മുഖരിതമാണ്. അതൊരു പോരായ്മയാണ് എന്നല്ല ഈ പറയുന്നതിൻ്റെ ധ്വനി. നമ്മുടെ കവിതയുടെ പ്രബലസ്വഭാവം അതാണ് എന്നേ ഉദ്ദേശിക്കുന്നുള്ളൂ.
ടി. കെ. നാരായണക്കുറുപ്പ് എഴുതാൻ തുടങ്ങിയ കാലം കവിതയിൽ സംഗീതത്തിന് വലിയ പ്രാധാന്യം കൈവന്ന കാലം കൂടിയായിരുന്നു. കേരളം മുഴുവൻ അലയടിച്ച ചങ്ങമ്പുഴപ്രഭാവത്തിൻ്റെ മുഖമുദ്രകളിലൊന്ന് സംഗീതാത്മകതയാണല്ലോ. സംഗീതത്തെ നിഷേധിച്ചല്ല മൗനത്തോടു ചേർത്തുവെച്ചാണ് തേവാടി ഇതിനോടു പ്രതികരിച്ചത്.
ശബ്ദത്തിൽ കുരുങ്ങിക്കിടന്നു
ചിറകിട്ടടിക്കുന്ന സംഗീതത്തെ
ആ കുരുക്കിൽ നിന്നു വിടർത്തി
മൗനത്തിൻ്റെ അന്തരീക്ഷത്തിൽ
പറന്നുനടക്കാനനുവദിക്കുക!
എന്ന കവിതയിൽ ആ ചേർത്തുവയ്ക്കലിൻ്റെ ഭംഗി അനുഭവിക്കാനാകും. ശബ്ദക്കുരുക്കിൽ നിന്നു സംഗീതത്തെ മോചിപ്പിക്കലാകുന്നു മൗനം. ആ മോചനം ഉറവയിൽ നിന്നു തുടങ്ങണം. സംഗീതത്തിൻ്റെ ഉറവ മൗനത്താൽ പരിശുദ്ധമാക്കപ്പെടണം."എൻ്റെ സംഗീതത്തിൻ്റെ ഉറവ മൗനത്താൽ പരിശുദ്ധമാക്കപ്പെടട്ടെ" എന്നു കവി. സംഗീതത്തിൻ്റെ ഉറവയിലെ മൗനത്തെ അത്രമേൽ ആദരിക്കുന്ന കവിക്ക് ഗായകൻ അപ്രധാനമാകുക സ്വാഭാവികം.
മുള്ളുകളണിഞ്ഞ പാഴ്ഞെട്ടോടു കൂടാത്ത
ഒരു മനോഹരമായ പനിനീർപ്പൂവാണ്
സംഗീതം.
അതിനും പാഴ്ഞെട്ടൊന്നു വേണമെന്നുണ്ടെങ്കിൽ
അതു ഗായകനായിക്കൊള്ളട്ടെ!
കാവ്യസംഗീതത്തെ ശബ്ദഭാരത്തിൽ നിന്നു മോചിപ്പിക്കാനാണ് ഈ കവി ഗദ്യം ഉപയോഗിച്ചതെന്നു ഞാൻ വിചാരിക്കുന്നു. അല്ലാതെ ടാഗോർക്കവിതയുടെ ഫാഷൻ അനുകരിച്ചിട്ടില്ല. ടാഗോർക്കവിതകൾ തീർച്ചയായും അതിനു പ്രചോദകമായിട്ടുണ്ടാവാം എന്നു മാത്രം. ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു മലയാളി പരിചയപ്പെടുന്നതിനും മുമ്പാണ് ടി.കെ. നാരായണക്കുറുപ്പ് മൂകമായി ചൂണ്ടുന്ന ഈ കവിതകൾ എഴുതിയത്. സംസ്കൃതത്തിലെ മുക്തകം എന്ന കാവ്യരൂപസങ്കല്പത്തിൻ്റെ സത്ത് വൃത്തബദ്ധത ഒഴിവാക്കി ഗദ്യകാവ്യരൂപത്തിൽ അദ്ദേഹം കലർത്തുന്നു.
മൗനത്തെ എഴുതിയെഴുതി അതിവാചാലമാക്കുന്നില്ല എന്നതാണ് ടി. കെ. നാരായണക്കുറുപ്പിൻ്റെ മൗനപരിചരണത്തിൻ്റെ മറ്റൊരു പ്രത്യേകത. നേരത്തെ ടി. കെ. തുടങ്ങി വെച്ച ഒരു ധാരയെപ്പറ്റി പറഞ്ഞുവല്ലോ. ആ ധാരയിൽ പെട്ട പല കവികളുടെയും മൗനപരിചരണം നമുക്കനുഭവപ്പെടാത്തത് എഴുത്തിൻ്റെ ആധിക്യം കൊണ്ടും വാചാലത കൊണ്ടും മൗനത്തെ ബഹളമാക്കി മാറ്റുന്നു അവരിൽ ചിലരെങ്കിലും എന്നതുകൊണ്ടാണ്. കെ. രഘുനാഥൻ്റെ ഒരു നോവൽശീർഷകമുണ്ട് - ശബ്ദായമൗനം. ടി.കെ. എഴുതിയ മൗനം ഒരിക്കലും ശബ്ദായമൗനമാകുന്നില്ല. ആദ്യമെഴുതിയ ആത്മഗീതത്തിലെ വാചാലതയെ പിന്നീടദ്ദേഹം മറികടക്കുന്നുണ്ട് മുക്തകങ്ങളിലെത്തുമ്പോൾ. മൗനത്തോടുള്ള ഈ ആദരവു കൊണ്ടായിരിക്കാം കവിതകൾ എണ്ണത്തിൽ കുറഞ്ഞതും.എന്നിട്ടും ഈ കവിതകൾ ഒരുമിച്ചു വായിക്കുമ്പോൾ നിറവ് അനുഭവപ്പെടുന്നു എന്നതാണ് പ്രധാനം. ഒരു നിലയിൽ നോക്കിയാൽ തേവാടിയുടെ കാവ്യജീവിതം വാചാലമായ ആത്മഗീതമൗനത്തിൽനിന്നു തുടങ്ങി(1930 കളുടെ തുടക്കം) സൂക്ഷ്മവും ധ്യാനാത്മകവുമായ മുക്തകമൗനത്തിലേക്കും(1940 കളുടെ തുടക്കം) പിന്നീട് അക്ഷരാർത്ഥത്തിലുള്ള മൗനത്തിലേക്കും(1950 - 63) നീളുന്നതു കാണാം.
സംഗീതത്തിലേക്ക് എന്നല്ല, ഭൂമിയിലെ എല്ലാ ശബ്ദങ്ങളിലേക്കും ഒരു തരി മൗനം തുളിക്കുന്ന കവിതയാണ് തേവാടിയുടേത്. മൗനം കൊണ്ടു ശബ്ദത്തെ പൂരിപ്പിക്കലാണത്. ശബ്ദത്തെ മൗനത്താൽ പരിശുദ്ധമാക്കൽ. മാതൃകക്ക് മഴക്കാലത്തെ തവളക്കരച്ചിലിനെപ്പറ്റിയുള്ള ഈ കവിത നോക്കൂ:
ആകാശവും ഭൂമിയും
പരസ്പരം ഹൃദയാശ്ശേഷം ചെയ്യുമ്പോൾ
ഈ തവളകൾ
കിടന്നു മുറവിളി കൂട്ടുന്നതെന്തിന്!
കവി ചേർത്തു വെക്കുന്ന മൗനം തവളക്കരച്ചിലിനെ മായ്ച്ചുകളയുകയല്ല മറിച്ച് കൂടുതൽ സുന്ദരമാക്കി കേൾപ്പിക്കുകയാണ് ചെയ്യുന്നത്.
മൗനത്തിന് ശക്തി കൂടുക ഉള്ളിലേക്ക് ഒതുങ്ങുമ്പോഴാണ്. ഒരു വിത്തുപോലെ പ്രപഞ്ചത്തെ ഉൾവഹിക്കുന്ന മൗനമാണ് ടി. കെ. യുടെ കവിതകളിലുള്ളത്.
മലയോടൊരു മൺതരി ചോദിച്ചു:
നീയാര്?
മല പകച്ചു നിന്നു.
മൺതരി തുടർന്നു:
നീ അജ്ഞതയുടെ സൃഷ്ടി
വെറും അജ്ഞതയുടെ
മല ചിന്തിച്ചു:
അജ്ഞതയുടെ സൃഷ്ടി?
ധാർഷ്ട്യം!
കേൾക്കാനാവാത്ത ഒച്ചത്തിൽ
മൺതരി ഗർജിച്ചു:
നീ ഇല്ലായ്മയുടെ ബൃഹദ് രൂപം
ഞാൻ ഉൺമയുടെ സൂക്ഷ്മരൂപം
ഉൺമയുടെ സൂക്ഷ്മത ഉള്ളടക്കാനുള്ള ശ്രമമാണ് കവി എന്ന നിലയിൽ ഇദ്ദേഹം നടത്തിയത്. ഒരു ചെമ്പരത്തിപ്പൂവ് ഈ കവിയുടെ നോട്ടത്തിൽ ചെമപ്പു നിറത്തിൻ്റെ സൂക്ഷ്മസാരമാകുന്നു.
ആയിരമായിരം അന്തികൾക്ക്
ഉടയാട മുക്കാനുള്ള ചെഞ്ചായമത്രയും
ഈ ചെമ്പരത്തിച്ചെടി
കൈക്കലാക്കി വെച്ചിരിക്കുന്നു
എന്ന കവിതയിൽ ഒതുക്കലിൻ്റെ ആ കല കാണാം. ഈ കവിതകൾ ഉള്ളടക്കിവെച്ചിരിക്കുന്ന മൗനത്തെ അഴിച്ചഴിച്ച് മനസ്സ് നിറക്കലാകുന്നു ഇവിടെ വായന. വിസ്തൃതപ്രപഞ്ചത്തിൻ്റെ ചക്രവാളരേഖ പല കവിതകളും കാണിച്ചു തരുന്നുണ്ട്. അതേ സമയം സ്വാർത്ഥനായ മനുഷ്യൻ്റെ പ്രപഞ്ചബോധം അവൻ്റെ ആഗ്രഹങ്ങളിൽ തങ്ങി നിൽക്കുകയാണ് എന്ന യാഥാർത്ഥ്യബോധം കവിക്കുണ്ട്.
എൻ്റെ ആഗ്രഹങ്ങളിൽ
പ്രപഞ്ചം മുഴുവൻ
തങ്ങിനിൽക്കുമെന്നു
ഞാൻ വ്യാമോഹിച്ചിരുന്നു.
ഇന്നാകട്ടെ
ആഗ്രഹങ്ങളിഴഞ്ഞിഴഞ്ഞുണ്ടാക്കിയ
വടിവുകൾ
ചുറ്റിലും കണ്ട്
ഞാൻ ലജ്ജിക്കുന്നു!
ആഗ്രഹങ്ങൾ ഇഴഞ്ഞിഴഞ്ഞുണ്ടാക്കിയ വടിവുകളിൽനിന്നു പുറത്തുകടന്ന് പ്രപഞ്ചബോധം ചക്രവാളത്തോളം വിസ്തൃതമാക്കി ആത്മബോധത്തിലേക്ക് എത്തുക എന്നതാണ് കവിയുടെ സ്വപ്നം. അതാണ് ഈ കവിതകൾ മുന്നോട്ടു വക്കുന്ന ആത്മീയത. മൗനവും സംഗീതവും കവിതയും ചേർത്തുണ്ടാക്കിയ വാഹനത്തിലാണ് അങ്ങോട്ടുള്ള പ്രയാണം.
നിത്യതയും അനിത്യതയും തമ്മിലെ സംവാദത്തിൻ്റെ ഭാഷയുമാണ് മൗനം.
വിടർന്നു കൊഴിയുന്ന പൂക്കൾ
നിത്യതയുടെ കാൽവെപ്പുകളത്രേ
നിത്യതയിൽ നിന്ന്
അനിത്യതയിലേക്ക്
ഒന്നെത്തിനോക്കിയിട്ട്
നീർക്കുമിള
തല വലിച്ചുകളഞ്ഞു!
ക്ഷണികതയേയും നൈമിഷികതയേയും തള്ളിക്കളയുകയല്ല, മൗനത്താൽ കഴുകി സുന്ദരമാക്കി സൂക്ഷിക്കുകയാണ് ഈ കവിതകൾ.
1908 ൽ കൊല്ലത്ത് തേവാടി കുടുംബത്തിൽ ജനിച്ച ടി.കെ.നാരായണക്കുറുപ്പ് 1963 -ൽ അമ്പത്തഞ്ചാം വയസ്സിൽ അന്തരിച്ചു. കവിയും പത്രാധിപരും വൈദ്യരുമായിരുന്നു അദ്ദേഹം.ചെറുപ്പത്തിൽ വീടുവിട്ടുപോയി പട്ടാമ്പിയിലെത്തി പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ വിദ്യാലയത്തിൽ സംസ്കൃതം പഠിച്ചു. വൈദ്യവും അവിടുന്നായിരിക്കാം പഠിച്ചത്. പി. കുഞ്ഞിരാമൻ നായരുടെ സഹപാഠിയായിരുന്നു പട്ടാമ്പിയിൽ കുറുപ്പ്. മരണം വരെ തേവാടി തൻ്റെ സഹപാഠിയുമായുള്ള സൗഹൃദം തുടർന്നു. പട്ടാമ്പിയിലെ പഠനം പൂർത്തിയാക്കി കൊല്ലത്ത് മടങ്ങിയെത്തിയ ശേഷമാണ് ടാഗോർ എന്ന മാസിക തുടങ്ങിയത്. വള്ളത്തോൾ, വടക്കുംകൂർ, പി.കെ പരമേശ്വരൻ നായർ, ഡോക്ടർ പി. കെ. നാരായണപിള്ള,പി. കുഞ്ഞിരാമൻ നായർ, പാലാ നാരായണൻ നായർ തുടങ്ങിയ മുൻനിരയും പുളിമാന പരമേശ്വരൻ പിള്ള, നാഗവള്ളി ആർ എസ് കുറുപ്പ്, ഒ എൻ വി തുടങ്ങിയ യുവനിരയും ടാഗോറിൽ തുടർച്ചയായി എഴുതിപ്പോന്നു. പത്രാധിപർ വൈദ്യവൃത്തിയിൽ മുഴുകാൻ തുടങ്ങിയതോടെ ടാഗോറിൻ്റെ പ്രസാധനം നിലച്ചു. അതിനുശേഷം അദ്ദേഹം അധികം എഴുതിയതായി അറിവില്ല.തേവാടിയുടെ ജീവിതത്തിൻ്റെ ആദ്യപകുതി കവിയും പത്രാധിപരും പങ്കിട്ടെടുക്കുന്നു. ഇക്കാലത്ത് കവിതയാൽ ഇദ്ദേഹം മൗനം എഴുതി. ജീവിതത്തിൻ്റെ രണ്ടാം പകുതിയിൽ വൈദ്യനായി ജീവിച്ചു. കവി എന്ന നിലയിൽ അക്ഷരാർത്ഥത്തിൽ നിശ്ശബ്ദനാവുകയും ചെയ്തു. പ്രഗൽഭനായ വൈദ്യർ എന്ന നിലയിൽ ഈ കാലത്ത് അദ്ദേഹം പേരെടുത്തു. തേവാടി വൈദ്യരുടെ ചികിത്സാകഥകളുടെ ഓർമ്മകൾ ആ പ്രദേശത്ത് ഇപ്പോഴും നിലനിൽക്കുന്നു. എ. കെ. ജി ആറുമാസം കൊല്ലത്തു താമസിച്ച് ഇദ്ദേഹത്തിൻ്റെ മേൽനോട്ടത്തിൽ ചികിത്സിച്ച് രോഗവിമുക്തി നേടിയ സംഭവമാണ് അതിലൊന്ന്. സാധാരണക്കാർക്കിടയിൽ നിഷ്കാമമായി പ്രവർത്തിച്ച ഈ വൈദ്യർ നിർദ്ധനരായ രോഗികൾക്ക് മരുന്നും ഭക്ഷണവും വണ്ടിക്കാശും നൽകിയിരുന്നു. തേവാടിക്കവിതയിലെ മൗനത്തിനു പിന്നിൽ ആത്മീയതക്കും ടാഗോർ സ്വാധീനത്തിനും ഒപ്പം ഒരു ആയുർവേദചികിത്സകൻ എന്ന നിലയിലുള്ള വീക്ഷണം കൂടിയുണ്ടായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. തിരക്കേറിയ വൈദ്യനായി ജീവിച്ച കാലത്ത് ദിനകൃത്യങ്ങളിൽ ചിട്ടകളൊന്നുമില്ലാതിരുന്നിട്ടും എല്ലാ ദിവസവും ഒരു മണിക്കൂർ നിശ്ശബ്ദമായി ധ്യാനിക്കുമായിരുന്നു എന്ന് കവിയുടെ മക്കൾ സാക്ഷ്യപ്പെടുത്തുന്നു. ആത്മാന്വേഷണമായി കവിതയെ മാറ്റുമ്പോഴും ഭാരതീയ പുരാണേതിഹാസങ്ങളിലെ കൊള്ളരുതായ്മകളെ ചോദ്യം ചെയ്യാൻ മടിച്ചിരുന്നില്ല എന്നതിനു തെളിവാണ് ടാഗോർ മാസികയിൽ കവി എഴുതിയിരുന്ന പത്രാധിപക്കുറിപ്പുകൾ. എല്ലാവരും ശബ്ദമുയർത്തുകയും പദ്യസംഗീതത്തെ പുണരുകയും ചെയ്ത കാലത്ത് മൗനത്തെയും ഗദ്യത്തെയും സ്വീകരിച്ചതിലുള്ള കൂസലില്ലായ്മ കവിയുടെ ജീവിതത്തിലുടനീളം കാണാനാവും. പ്രസിദ്ധീകരിച്ച കവിതക്ക് വരിക്കൊന്നിന് ഒരു രൂപ വീതം തരണമെന്ന് മഹാകവി വള്ളത്തോൾ കത്തെഴുതിയപ്പോൾ ഈ പത്രാധിപർ ഒട്ടും കൂസാതെ തിരിച്ചെഴുതിയത്രെ, കവിതയുള്ള ഓരോ വരിക്കും ഒരു രൂപ വീതം തരാം, എന്നാൽ കവിത ഇല്ലാത്ത ഓരോ വരിക്കും മൂന്നു രൂപ വെച്ച് പരസ്യക്കൂലി കവി ഇങ്ങോട്ടു തരണമെന്ന്. ഇതേ കൂസലില്ലായ്മ, ചങ്ങമ്പുഴക്കവിത നിറഞ്ഞാടിയ കാലത്ത് മൗനവും ഗദ്യവും ചേർത്ത് വിപരീതധ്രുവമൊരുക്കിയ കവിത്വത്തിലും കാണാൻ കഴിയും.
മൗനത്തെ മലയാളത്തിൽ ആദ്യമായി എഴുതിയ കവി എന്ന നിലയിൽ തേവാടി ടി.കെ നാരായണക്കുറുപ്പിനെ അടയാളപ്പെടുത്താൻ ശ്രമിക്കുന്ന ഈ കുറിപ്പിൽ കവി വിന്യസിച്ചതിൽ നിന്നു വ്യത്യസ്തമായി കവിതകൾ വരി മുറിച്ച് എഴുതിയത് മനപ്പുർവ്വമാണ്. ഗദ്യകവിതക്ക് മറ്റൊരു മാതൃകയും മുന്നിലില്ലാത്തതിനാലാവണം ടാഗോറിൽ നിന്നു പ്രചോദനമുൾക്കൊണ്ട് നീണ്ട വാക്യമായി എഴുതുന്ന ഗദ്യരൂപം കവി സ്വീകരിച്ചത്. ഈ കവിതകൾക്ക് സമകാല മലയാള കാവ്യഭാഷയോടുള്ള ഇഴയടുപ്പം വെളിപ്പെടാൻ വരി മുറിച്ച് എഴുതുന്നതാണ് നല്ലത് എന്ന തോന്നലിൽ നിന്നാണ് വിന്യാസത്തിൽ ഈ വ്യത്യാസം വരുത്തിയത്. സമകാല മലയാള കവിതാ ഗദ്യഭാഷയോട് ഏറെ ചേർന്നു നിൽക്കുന്ന ഗദ്യഭാഷ ഈ കവിതകളെ ഇന്നത്തെ വായനക്കാരോട് കൂടുതൽ അടുപ്പിക്കുന്നു.