Sunday, June 9, 2024

കവിതകൾ - ക്സു ലിഷി (ചൈന, 1990- 2014)

 കവിതകൾ

ക്സു ലിഷി (ചൈന, 1990- 2014)

1
ഒരാണി നിലത്തു വീഴുന്നു


ഒരു സ്ക്രൂ ആണി നിലത്തു വീഴുന്നു
രാത്രി അധികപ്പണി നേരത്ത്
ഒരവ്യക്ത ശബ്ദത്തോടെ നേരെ താഴെ വീഴുന്നു
ആരുമതു ശ്രദ്ധിക്കുന്നില്ല
മുമ്പ് ഇതുപോലൊരു രാത്രി
ഒരു മനുഷ്യൻ നിലത്തു വീണതുപോലെ


2
ഞാനൊരു ഇരുമ്പുചന്ദ്രനെ വിഴുങ്ങി


ഞാനൊരു ഇരുമ്പുചന്ദ്രനെ വിഴുങ്ങി
അവരതിനെ സ്ക്രൂ എന്നു വിളിച്ചു.

ഫാക്റ്ററിയിലെ മലിനജലവും
തൊഴിലില്ലായ്മാ വേതന അപേക്ഷകളും
ഞാൻ വിഴുങ്ങി
യന്ത്രങ്ങൾക്കുമേൽ കുനിഞ്ഞു നിന്ന്
ഞങ്ങളുടെ യുവത്വം
യുവത്വത്തിലേ മരിച്ചുപോയി

അദ്ധ്വാനം ഞാൻ വിഴുങ്ങി, പട്ടിണി ഞാൻ വിഴുങ്ങി
കാൽനടപ്പാലങ്ങൾ വിഴുങ്ങി, തുരുമ്പിച്ച ജീവിതം വിഴുങ്ങി

ഇനിയെനിക്കൊന്നും വിഴുങ്ങാൻ വയ്യ
വിഴുങ്ങിയതെല്ലാം തൊണ്ടയിൽ പിണഞ്ഞു കറങ്ങുന്നു.

രാജ്യം മുഴുവൻ ഞാൻ പ്രചരിപ്പിക്കും
നാണക്കേടിൻ്റെ ഒരു കവിത

3

ഒരു തൊഴിലാളി നഗരത്തിൽ പ്രവേശിക്കുന്നു


വർഷങ്ങൾക്കു മുമ്പ്
മുതുകിലൊരു ബാഗുമായി
ഇരമ്പുന്ന ഈ നഗരത്തിലേക്ക്
അയാൾ നടന്നുവന്നു.

ആവേശത്തോടെ, ഉള്ളുറപ്പോടെ

വർഷങ്ങൾക്കു ശേഷം
തൻ്റെ സ്വന്തം ചാരം കൈയിലേന്തി
നഗരക്കവലകളിൽ
അയാൾ നിൽക്കുന്നു.

ചുറ്റും നോക്കുന്നു, പ്രതീക്ഷയറ്റ്


4
നിലക്കടലക്ക് ഒരു ചരമക്കുറിപ്പ്

വാണിജ്യനാമം : പീനട്ട് ബട്ടർ
ചേരുവകൾ : നിലക്കടല, മാൾട്ടോസ്, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പൊട്ടാസ്യം സോർബേറ്റ്
ഉൽപ്പന്ന നമ്പർ: QB/T1733.4
ഉപയോഗ രീതി: പാക്കറ്റ് തുറന്നാലുടനെ ഉപയോഗത്തിനു സജ്ജം
സ്റ്റോറേജ്: തുറക്കും മുമ്പ് നേരിട്ടു സൂര്യപ്രകാശം തട്ടാത്ത വരണ്ട സ്ഥലത്തു സൂക്ഷിക്കുക
തുറന്നശേഷം ശീതീകരിച്ച് ഉപയോഗിക്കുക
നിർമ്മാതാക്കൾ : ഷാൻറ്റൗ സിറ്റി ബിയർ - നോട്ട് ഫുഡ്സ്റ്റഫ് കമ്പനി LLC
ഫാക്റ്ററി: ഫാക്റ്ററി ബിൽഡിങ് B2,ഫാർ ഈസ്റ്റ് ഇൻ്റസ്ട്രിയൽ പാർക്ക്, ബ്രൂക്ക് ടൗൺ നോർത്ത് വില്ലേജ്, ഷാൻ്റൗ സിറ്റി
ഫോൺ: 0754- 86203278, 85769568
ഫാക്സ്: 0754-86203060
കാലാവധി : 18 മാസം
ഉല്പാദനസ്ഥലം: ഷാൻ്റൗ, ഗ്വാങ്ദോങ്
വെബ്സൈറ്റ്: stxiongji.com
ഉല്പാദന തിയ്യതി: 8-10-2013

No comments:

Post a Comment