യാതന
സായാഹ്നസദനത്തിലെ തൻ്റെ മുറിയിൽ
നിലത്തു നിരത്തി വെച്ച പൊതിക്കെട്ടുകൾക്കും
ഡപ്പകൾക്കുമിടയിൽ
കാണാതായ ആധാർ കാർഡ്
രാവിലെ മുതൽ തിരഞ്ഞു തോറ്റ്
ഒടുവിൽ
വൈകുന്നേരത്തോടെ
അതു കിട്ടി
എണീറ്റ്
കയ്യിലെടുത്തുയർത്തിപ്പിടിച്ചു
നിൽക്കുന്നു
*കെ.വി.തമ്പി മാഷ്,
തൻ്റെ മരണത്തലേന്ന്
മാഷിൻ്റെ കയ്യിൽ
തിരിച്ചു കിട്ടിയ തിരിച്ചറിയൽ രേഖപോലെ
ഒരു വാക്ക് : യാതന
മാഷിൻ്റെ കയ്യിൽ
ഉയർത്തിപ്പിടിച്ച മാമല പോലെ
ഒരു വാക്ക് : യാതന
മാഷിൻ്റെ കയ്യിൽ
കരിപടർന്ന റാന്തൽ വിളക്കുപോലെ യാതന
മൃതിയുടെ നീലച്ചിറക് : യാതന
എനിക്കെറിഞ്ഞു തരാൻ ഓങ്ങുന്ന
മൂവിതൾപ്പൂവ് : യാതന
എനിക്കെറിഞ്ഞു തരാൻ ഓങ്ങുന്ന
മൂവിതൾപ്പൂവ് : യാതന
*കവിയും പരിഭാഷകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുൻ അദ്ധ്യാപകനുമായ കെ.വി.തമ്പിമാഷ് 2013 ജൂൺ 6 ന് അന്തരിച്ചു
No comments:
Post a Comment