Saturday, June 29, 2024

രണ്ടു പാട്ടുകൾ

രണ്ടു പാട്ടുകൾ

1

ആ സ്ഥലം അണിഞ്ഞ ഷർട്ടു ഞാൻ

ആ സ്ഥലം 
അണിഞ്ഞ 
ഷർട്ട് ഞാൻ

അതെന്നെയിന്നു 
കുത്തിപ്പിടിച്ച്
ചവിട്ടിക്കൂട്ടി
അലക്കുയന്ത്ര -
ത്തിൽപോലെ 
വട്ടം കറക്കി
പിഴിഞ്ഞൂറ്റി 
മുഷിവു മാറ്റി
വിരിച്ചുണക്കി 
ഇസ്തിരിയിട്ട്
അണിഞ്ഞു 
നിൽക്കുന്നു
അങ്ങനെ
ഞെളിഞ്ഞു 
നിൽക്കുന്നു

ആ സ്ഥലം
അണിഞ്ഞ
ഷർട്ട് ഞാൻ - പുള്ളി -
ഷ്ഷർട്ടു ഞാൻ


2
എനിക്കു നേരെ

മഴവില്ലുപോലെ വളഞ്ഞതാണിവിടുത്തെ
റയിൽവേ സ്റ്റേഷൻ
അതിൽ മഴവില്ലുപോലെ വളഞ്ഞൊരു പ്ലാറ്റ്ഫോം,
പ്ലാറ്റ്ഫോമിൻ താഴെ,

മഴവിൽ വളവുള്ളതാം റയിൽപ്പാതകൾ,
അതിലൂടെ വളഞ്ഞു വന്ന്
മഴവില്ലു പോലെ നിൽക്കുന്നു തീവണ്ടികൾ
മഴവില്ലുപോലെ

വില്ലായ വില്ലുകൾക്കെല്ലാറ്റിനും കൂടി
നഗരം തൊടുത്തൊരമ്പ്
തീവണ്ടിച്ചക്രത്തിനടിയിൽ നിന്നും കൂർത്തു
നീളുന്നൊരീയുടമ്പ്

No comments:

Post a Comment