Saturday, June 29, 2024

രണ്ടു പാട്ടുകൾ

രണ്ടു പാട്ടുകൾ

1

ആ സ്ഥലം അണിഞ്ഞ ഷർട്ടു ഞാൻ

ആ സ്ഥലം 
അണിഞ്ഞ 
ഷർട്ട് ഞാൻ

അതെന്നെയിന്നു 
കുത്തിപ്പിടിച്ച്
ചവിട്ടിക്കൂട്ടി
അലക്കുയന്ത്ര -
ത്തിൽപോലെ 
വട്ടം കറക്കി
പിഴിഞ്ഞൂറ്റി 
മുഷിവു മാറ്റി
വിരിച്ചുണക്കി 
ഇസ്തിരിയിട്ട്
അണിഞ്ഞു 
നിൽക്കുന്നു
അങ്ങനെ
ഞെളിഞ്ഞു 
നിൽക്കുന്നു

ആ സ്ഥലം
അണിഞ്ഞ
ഷർട്ട് ഞാൻ - പുള്ളി -
ഷ്ഷർട്ടു ഞാൻ


2
എനിക്കു നേരെ

മഴവില്ലുപോലെ വളഞ്ഞതാണിവിടുത്തെ
റയിൽവേ സ്റ്റേഷൻ
അതിൽ മഴവില്ലുപോലെ വളഞ്ഞൊരു പ്ലാറ്റ്ഫോം,
പ്ലാറ്റ്ഫോമിൻ താഴെ,

മഴവിൽ വളവുള്ളതാം റയിൽപ്പാതകൾ,
അതിലൂടെ വളഞ്ഞു വന്ന്
മഴവില്ലു പോലെ നിൽക്കുന്നു തീവണ്ടികൾ
മഴവില്ലുപോലെ

വില്ലായ വില്ലുകൾക്കെല്ലാറ്റിനും കൂടി
നഗരം തൊടുത്തൊരമ്പ്
തീവണ്ടിച്ചക്രത്തിനടിയിൽ നിന്നും കൂർത്തു
നീളുന്നൊരീയുടമ്പ്

Tuesday, June 18, 2024

യാതന

യാതന


സായാഹ്നസദനത്തിലെ തൻ്റെ മുറിയിൽ
നിലത്തു നിരത്തി വെച്ച പൊതിക്കെട്ടുകൾക്കും
ഡപ്പകൾക്കുമിടയിൽ
കാണാതായ ആധാർ കാർഡ്
രാവിലെ മുതൽ തിരഞ്ഞു തോറ്റ്
ഒടുവിൽ
വൈകുന്നേരത്തോടെ
അതു കിട്ടി
എണീറ്റ്
കയ്യിലെടുത്തുയർത്തിപ്പിടിച്ചു
നിൽക്കുന്നു
*കെ.വി.തമ്പി മാഷ്,
തൻ്റെ മരണത്തലേന്ന്

മാഷിൻ്റെ കയ്യിൽ
തിരിച്ചു കിട്ടിയ തിരിച്ചറിയൽ രേഖപോലെ
ഒരു വാക്ക് : യാതന
മാഷിൻ്റെ കയ്യിൽ
ഉയർത്തിപ്പിടിച്ച മാമല പോലെ
ഒരു വാക്ക് : യാതന
മാഷിൻ്റെ കയ്യിൽ
കരിപടർന്ന റാന്തൽ വിളക്കുപോലെ യാതന
മൃതിയുടെ നീലച്ചിറക് : യാതന
എനിക്കെറിഞ്ഞു തരാൻ ഓങ്ങുന്ന
മൂവിതൾപ്പൂവ് : യാതന


*കവിയും പരിഭാഷകനും പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മുൻ അദ്ധ്യാപകനുമായ കെ.വി.തമ്പിമാഷ് 2013 ജൂൺ 6 ന് അന്തരിച്ചു

Sunday, June 9, 2024

കവിതകൾ - ക്സു ലിഷി (ചൈന, 1990- 2014)

 കവിതകൾ

ക്സു ലിഷി (ചൈന, 1990- 2014)

1
ഒരാണി നിലത്തു വീഴുന്നു


ഒരു സ്ക്രൂ ആണി നിലത്തു വീഴുന്നു
രാത്രി അധികപ്പണി നേരത്ത്
ഒരവ്യക്ത ശബ്ദത്തോടെ നേരെ താഴെ വീഴുന്നു
ആരുമതു ശ്രദ്ധിക്കുന്നില്ല
മുമ്പ് ഇതുപോലൊരു രാത്രി
ഒരു മനുഷ്യൻ നിലത്തു വീണതുപോലെ


2
ഞാനൊരു ഇരുമ്പുചന്ദ്രനെ വിഴുങ്ങി


ഞാനൊരു ഇരുമ്പുചന്ദ്രനെ വിഴുങ്ങി
അവരതിനെ സ്ക്രൂ എന്നു വിളിച്ചു.

ഫാക്റ്ററിയിലെ മലിനജലവും
തൊഴിലില്ലായ്മാ വേതന അപേക്ഷകളും
ഞാൻ വിഴുങ്ങി
യന്ത്രങ്ങൾക്കുമേൽ കുനിഞ്ഞു നിന്ന്
ഞങ്ങളുടെ യുവത്വം
യുവത്വത്തിലേ മരിച്ചുപോയി

അദ്ധ്വാനം ഞാൻ വിഴുങ്ങി, പട്ടിണി ഞാൻ വിഴുങ്ങി
കാൽനടപ്പാലങ്ങൾ വിഴുങ്ങി, തുരുമ്പിച്ച ജീവിതം വിഴുങ്ങി

ഇനിയെനിക്കൊന്നും വിഴുങ്ങാൻ വയ്യ
വിഴുങ്ങിയതെല്ലാം തൊണ്ടയിൽ പിണഞ്ഞു കറങ്ങുന്നു.

രാജ്യം മുഴുവൻ ഞാൻ പ്രചരിപ്പിക്കും
നാണക്കേടിൻ്റെ ഒരു കവിത

3

ഒരു തൊഴിലാളി നഗരത്തിൽ പ്രവേശിക്കുന്നു


വർഷങ്ങൾക്കു മുമ്പ്
മുതുകിലൊരു ബാഗുമായി
ഇരമ്പുന്ന ഈ നഗരത്തിലേക്ക്
അയാൾ നടന്നുവന്നു.

ആവേശത്തോടെ, ഉള്ളുറപ്പോടെ

വർഷങ്ങൾക്കു ശേഷം
തൻ്റെ സ്വന്തം ചാരം കൈയിലേന്തി
നഗരക്കവലകളിൽ
അയാൾ നിൽക്കുന്നു.

ചുറ്റും നോക്കുന്നു, പ്രതീക്ഷയറ്റ്


4
നിലക്കടലക്ക് ഒരു ചരമക്കുറിപ്പ്

വാണിജ്യനാമം : പീനട്ട് ബട്ടർ
ചേരുവകൾ : നിലക്കടല, മാൾട്ടോസ്, പഞ്ചസാര, വെജിറ്റബിൾ ഓയിൽ, പൊട്ടാസ്യം സോർബേറ്റ്
ഉൽപ്പന്ന നമ്പർ: QB/T1733.4
ഉപയോഗ രീതി: പാക്കറ്റ് തുറന്നാലുടനെ ഉപയോഗത്തിനു സജ്ജം
സ്റ്റോറേജ്: തുറക്കും മുമ്പ് നേരിട്ടു സൂര്യപ്രകാശം തട്ടാത്ത വരണ്ട സ്ഥലത്തു സൂക്ഷിക്കുക
തുറന്നശേഷം ശീതീകരിച്ച് ഉപയോഗിക്കുക
നിർമ്മാതാക്കൾ : ഷാൻറ്റൗ സിറ്റി ബിയർ - നോട്ട് ഫുഡ്സ്റ്റഫ് കമ്പനി LLC
ഫാക്റ്ററി: ഫാക്റ്ററി ബിൽഡിങ് B2,ഫാർ ഈസ്റ്റ് ഇൻ്റസ്ട്രിയൽ പാർക്ക്, ബ്രൂക്ക് ടൗൺ നോർത്ത് വില്ലേജ്, ഷാൻ്റൗ സിറ്റി
ഫോൺ: 0754- 86203278, 85769568
ഫാക്സ്: 0754-86203060
കാലാവധി : 18 മാസം
ഉല്പാദനസ്ഥലം: ഷാൻ്റൗ, ഗ്വാങ്ദോങ്
വെബ്സൈറ്റ്: stxiongji.com
ഉല്പാദന തിയ്യതി: 8-10-2013

Saturday, June 8, 2024

ശരിക്കും ഞാനവൻ്റെ അച്ഛനാണെന്നപോലെ - താങ് യിഹോങ് (ചൈനീസ്, ജനനം:1970)

 ശരിക്കും ഞാനവൻ്റെ അച്ഛനാണെന്നപോലെ


താങ് യിഹോങ് (ചൈനീസ്, ജനനം:1970)


ഒരിക്കൽ ഞാൻ വീട്ടിൽ പോയപ്പോൾ
എൻ്റെ മകൻ
അയൽവീട്ടിലെ കുട്ടിയുമൊത്തു കളിക്കുകയായിരുന്നു.
എന്നെ കണ്ടതും അവൻ
എൻ്റെയമ്മയുടെ പിറകിലൊളിച്ചു.
വിരലുകൾ വായിൽ തിരുകി ഈമ്പിക്കുടിച്ച്
അവനെന്നെ പരിചയക്കേടോടെ ഒളിഞ്ഞു നോക്കി
പരിശോധിച്ചു,
ഞാനവൻ്റെ അച്ഛനല്ലെന്നപോലെ.
എന്നാൽ അയൽപക്കത്തെ കുട്ടി
ആവേശത്തോടെ എന്തുചെയ്യണമെന്നറിയാതെ
മൂളിപ്പാട്ടുപാടി തുള്ളിച്ചാടി
അടുക്കളസ്റ്റൂൾ കുതിരയാക്കി
കൂവിവിളിച്ചു പറന്ന്
എൻ്റെയടുത്തു വരാൻ വെമ്പി
എൻ്റെ മുറ്റത്തോടിയോടി വട്ടം കറങ്ങി,
നേരമിരുട്ടും വരെ.
ഇരുട്ടിയിട്ടും അവന് വീട്ടിൽ പോകണമെന്നില്ല
ശരിക്കും ഞാനവൻ്റെ അച്ഛനാണെന്നപോലെ

രണ്ടു കവിതകൾ - ജിയായ (ബൂൺ- സ്വീ ടാൻ, മലേഷ്യ, ചൈനീസ്, ജനനം:1962)

രണ്ടു കവിതകൾ

ജിയായ (ബൂൺ- സ്വീ ടാൻ, മലേഷ്യ, ചൈനീസ്, ജനനം:1962)


1
ഗൃഹാതുരത്വം

അക്കൊല്ലം അവർ ആഫ്രിക്കയ്ക്കു യാത്ര പോയി
അവൻ്റെ അച്ഛനെ ഒരു സിംഹം തിന്നു
അവൻ്റെ അമ്മയെ ഒരു മുതല തിന്നു
ഇളയ അനുജനെ കരിമ്പുലി തിന്നു
അനിയത്തിക്കുട്ടിയെ പെരുമ്പാമ്പു വിഴുങ്ങി
ഇപ്പോൾ ഗൃഹാതുരത്വം വരുമ്പോഴൊക്കെ
അവൻ മൃഗശാല സന്ദർശിക്കുന്നു.

2
അയാളൊരു ദയാലുവായ മനുഷ്യൻ
അയാൾക്കൊരു ദയാലുവായ ഭാര്യ
ദയാലുവായ മകൻ
ദയാലു മകൾ
ദയാലു നായ
ദയാലു പൂച്ച
ചില്ലുപാത്രത്തിൽ ദയാലുവായ മത്സ്യം
ഒരു നിര ദയാലു പൂച്ചട്ടിച്ചെടികൾ

അവരെല്ലാം പട്ടിണിയിൽ

Thursday, June 6, 2024

കവിതകൾ - സിനാൻ അൻ്റൂൺ (ഇറാഖ്)

 എൻ്റെ വരുംജന്മത്തിൽ

സിനാൻ അൻ്റൂൺ (ഇറാഖ്)


വരുംജന്മത്തിൽ
ഞാൻ ഞാനായിരിക്കില്ല

ഒരു കാട്ടുപൂവാകും
ദൂരെയൊരു മലഞ്ചെരിവിലെ കാട്ടുപൂവ്.
പൂമ്പാറ്റകൾ അതിന്മേൽ വെളിച്ചം തൂവും
യുദ്ധത്തിൽ ജീവിക്കേണ്ടി വരാത്ത ഒരു കുട്ടി
അതിറുക്കും
അമ്മയുടെ അടുത്തു കൊണ്ടുപോകും
മുലകൾക്കിടയിലതു വെക്കും
അമ്മയവനെ ഉമ്മ വയ്ക്കും
എന്നെ മണക്കും
ഞാൻ അവളെയും മണക്കും

വരുംജന്മത്തിൽ
ഞാനായിരിക്കില്ല.


2

ഒരു തൂവൽ

(ഇബ്തിസാമിന്)



ഒരു ദേശാടനക്കിളിയുടെ

ചിറകിൽനിന്നു കൊഴിഞ്ഞതോ

അത്?


വിശന്ന കുറുക്കൻ്റെ

സദ്യയുടെ ഉച്ഛിഷ്ടമോ?


എനിക്കിഴപിരിച്ചെടുക്കാനാവാത്തൊരു

ഭാഷയിലെ

ഒരക്ഷരമോ?


നിൻ്റെ പേരെന്ത്?

ഞാൻ ചോദിക്കുന്നു

ആ ചിറക്

നീ കൊതിക്കുന്നുവോ?


അതു മറുപടി പറയുന്നില്ല


ഞാനതെടുക്കും

നീ എന്നു വിളിക്കും

കവിതയുടെ നെടുന്തൂണാക്കും