Saturday, February 5, 2022

ജയമോഹനം

 

ജയമോഹനം

പി.രാമൻ

മലയാളിയുടെ പ്രകൃതത്തിനിണങ്ങിയ അടയാളവൃക്ഷം ഒറ്റയാൻ തെങ്ങാണെങ്കിൽ തമിഴന്റേത് പരസ്പരം പിണഞ്ഞു നിൽക്കുന്ന മുൾമരമാണെന്ന നിരീക്ഷണമടങ്ങിയ ഒരു ചെറിയ കുറിപ്പിലൂടെയാണ്,1990-കളുടെ തുടക്കത്തിലാണെന്നോർക്കുന്നു, ഞാൻ ജയമോഹനെ ആദ്യമായി വായിക്കുന്നത്. കെ.സി. നാരായണൻ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഓർമ്മയിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന അത്തരം ചെറുലേഖനങ്ങളുമായി ജയമോഹൻ എന്ന എഴുത്തുകാരൻ എന്നെപ്പോലൊരു വായനക്കാരന്റെ ശ്രദ്ധ ആകർഷിക്കുന്നത്.

അതിനും മുമ്പ് 1980-കളിൽ പാഠഭേദം മാസികയിൽ ജയമോഹൻ എഴുതിയിരുന്നെങ്കിലും പിൽക്കാല വായനക്കാരനായ ഞാൻ അന്നത് വായിച്ചിരുന്നില്ല. 1998-ൽ കെ.സി. നാരായണൻ പത്രാധിപരായ ശേഷം ഭാഷാപോഷിണി മാസികയിൽ നോട്ടങ്ങൾ എന്ന പേരിൽ വന്ന തുടരെഴുത്തുകൾ മലയാളത്തിൽ മുമ്പു കാണാത്ത പല സവിശേഷതകൾ കൊണ്ടും വായനക്കാരെ ആവേശം കൊള്ളിച്ചു. ഒന്നാമതായി ജീവിത സന്ദർഭങ്ങളിൽ നിന്നും സാംസ്കാരിക സന്ദർഭങ്ങളിൽ നിന്നും സ്വാഭാവികമായി ഊറിക്കൂടിയ കാവ്യാത്മകതയാൽ ആകർഷകമായിരുന്നു നോട്ടങ്ങളിലെ ഭാഷ. രണ്ടാമതായി എടുത്തു പറയേണ്ടത് വൈയക്തികതക്ക് നൽകിയ പ്രാധാന്യമാണ്. വൈയക്തികത സാമൂഹികതയുടെ ശത്രുവാണെന്നും അതിനാൽ സാഹിത്യത്തിനു ചേരാത്തതാണെന്നുമുള്ള ഉറച്ച ബോധ്യത്തിൽ കുടുങ്ങി നിൽക്കുകയായിരുന്ന മലയാള സാഹിത്യത്തെ വൈയക്തികതക്കു നൽകിയ പ്രാധാന്യത്തിലൂടെ അമ്പരപ്പിക്കാനും അസ്വസ്ഥമാക്കാനും ജയമോഹന്റെ എഴുത്തിനു കഴിഞ്ഞു. എന്റെ ഇത്തിരിപ്പോന്ന വ്യക്തിപരമായ അനുഭവങ്ങൾ എഴുതുന്നതാവണം എന്റെ കവിത എന്ന ധാരണ ഉള്ളിലുറപ്പിക്കാൻ നോട്ടങ്ങളുടെ വായന എന്നെ സഹായിച്ചു. വ്യക്തിപരമായ സൂക്ഷ്മ അനുഭവങ്ങളിൽ നിന്നു തുടങ്ങി സാംസ്കാരിക-സാമൂഹ്യ-ചരിത്ര തലങ്ങളിലേക്കും തത്വചിന്താപരവും ആത്മീയവുമായ ഉയരങ്ങളിലേക്കും കടന്നു കടന്നുപോകുന്ന ആ എഴുത്തു രീതിക്ക് മലയാളത്തിൽ സമാനതകൾ ഉണ്ടായിരുന്നില്ല. പല അടരുകളിലേക്കുള്ള ഈ പടർന്നു കയറലായിരുന്നു നോട്ടങ്ങളുടെ മൂന്നാമത്തെ സവിശേഷത. നിത്യജീവിത സാധാരണതയിൽ കാലുറപ്പിച്ച്, ആത്മീയത/ തത്വചിന്താപരതയിലേക്കു ശിരസ്സുയർത്തി നിൽക്കുന്ന വിശ്വാകാര മാർന്ന സാഹിത്യത്തെ ഇത്തിരിനോട്ടങ്ങളിൽ പ്രത്യക്ഷമാക്കാൻ നെടുമ്പാതയോരം എന്ന പേരിൽ പിന്നീടു പുസ്തകമായ ആ ചെറു ലേഖനങ്ങൾക്കു കഴിഞ്ഞു.

മലയാള സാഹിത്യത്തിൽ സീ.വി.രാമൻ പിള്ളക്കു ശേഷം പിന്നീടിന്നു വരെ ആവിഷ്ക്കരിക്കപ്പെടാതിരുന്ന നാഞ്ചിനാടൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടരുകളിൽ നിന്നു വന്നവരായിരുന്നു ജയമോഹന്റെ ലേഖനങ്ങളിലെ മനുഷ്യർ.  തികവുറ്റ കഥാപാത്രങ്ങളായിരുന്നു അവരെല്ലാം. മനോഹരമായി മലയാളത്തിലെഴുതുന്ന ജയമോഹൻ തമിഴിലെ ശ്രദ്ധേയനായ നോവലിസ്റ്റും കഥാകൃത്തുമാണെന്ന് അതിനകം മനസ്സിലായിക്കഴിഞ്ഞിരുന്നു. നോട്ടങ്ങളിലെ മനുഷ്യരെയും പ്രമേയങ്ങളെയും പശ്ചാത്തലങ്ങളെയും ഭാഷയേയും മുൻനിർത്തി തമിഴിലെ അദ്ദേഹത്തിന്റെ എഴുത്ത് എത്രമാത്രം ജീവത്തായിരിക്കുമെന്ന് ഞാനക്കാലത്ത് ഊഹിച്ചു നോക്കിയിട്ടുണ്ട്.

എന്നാൽ ജയമോഹന്റെ എഴുത്തിനെക്കുറിച്ച് വ്യാപകമായ എതിരഭിപ്രായങ്ങളും അന്ന് ഉയർന്നതോർക്കുന്നു. സമകാലിക സംഭവങ്ങളോടുള്ള പ്രതികരണമാവണം സാഹിത്യമെന്നും അത് പുരോഗമനപരമായിരിക്കണമെന്നും എല്ലാത്തിനേയും ശരി തെറ്റ് എന്നു വിഭജിച്ച് ശരിയുടെ കൂടെ നിൽക്കുകയാണ് സാഹിത്യകാരൻ ചെയ്യേണ്ടതെന്നുമുള്ള പൊതുബോധം ശക്തമായി മലയാള സാഹിത്യാന്തരീക്ഷത്തിലുള്ളതിനാൽ അത്തരം കാര്യങ്ങളിൽ ഊന്നാതുള്ള ജയമോഹന്റെ എഴുത്ത് മലയാളത്തിൽ നിസ്സാരവൽക്കരിക്കപ്പെടുക സ്വാഭാവികം. മാത്രമല്ല, സത്യസന്ധമായിപ്പറയട്ടെ, മലയാളത്തിൽ ഇത്രയേറെ എഴുത്തുകാരുള്ളപ്പോൾ തമിഴിൽ നിന്നൊരാൾ ഇവിടെ വന്ന് തിളങ്ങേണ്ടതില്ല എന്ന സങ്കുചിത മനോഭാവവും ജയമോഹന്റെ എഴുത്തിനോടുള്ള അസഹിഷ്ണുതക്കു പിന്നിലുണ്ടായിരുന്നു. തമിഴ് സാഹിത്യപാരമ്പര്യത്തോടുള്ള തികഞ്ഞ അജ്ഞതയും ഒരു കാരണമായിരുന്നു. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിൽ വന്ന് ജോലിചെയ്യാൻ തുടങ്ങിയ കാലമായിരുന്നു അത്. അവരോടുള്ള മലയാളിയുടെ മേലാള മനോഭാവവും തമിഴ് സാഹിത്യപാരമ്പര്യത്തോടുള്ള അജ്ഞതയും ജയമോഹന്റെ എഴുത്തിനോടുള്ള മലയാളിയുടെ അസഹിഷ്ണുതക്കു പിന്നിലുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

1980 കളിൽ പാഠഭേദത്തിന്റെ കാലം തൊട്ടേ സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിച്ചു പോന്നിട്ടുള്ള ജയമോഹൻ 1999-ൽ ആറ്റൂർ രവിവർമ്മ എഡിറ്റു ചെയ്ത പുതുമൊഴിവഴികൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നടന്ന കവിതാ ചർച്ചയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ആ അസഹിഷ്ണുതക്ക് ആക്കം കൂട്ടി. കൊയിലാണ്ടിയിൽ നടന്ന ആ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആകയാൽ ജയമോഹന്റെ ഏതേതഭിപ്രായങ്ങളാണ് സദസ്യരെ പ്രകോപിതരാക്കിയത് എന്നെനിക്കറിയില്ല. എന്നാൽ ആ പ്രകോപനം കവികൾക്കിടയിൽ ഏറെക്കാലം നിന്നിരുന്നു എന്നെനിക്കറിയാം.

തുടർന്ന് അദ്ദേഹം മലയാള കവിതയെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ട് ഒരു ലേഖനം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. ആ ലേഖനം ഒരു പുതുകവിതാ ചർച്ചക്കു തന്നെ തുടക്കമിട്ടു. ജയമോഹന്റെ നിരീക്ഷണങ്ങളോട് വിയോജിച്ചും യോജിച്ചും പ്രതികരിച്ചുകൊണ്ട് ധാരാളം പ്രതികരണങ്ങൾ വന്നു. മറ്റൊരു ഭാഷയുടെ, അതും മലയാളത്തിന്റെ സഹോദര ഭാഷയുടെ സാഹിത്യപാരമ്പര്യത്തിലും സാമൂഹ്യപശ്ചാത്തലത്തിലും നിന്നുകൊണ്ടുള്ള സവിശേഷമായ നിരീക്ഷണങ്ങളായാണ് ഞാൻ അവയെ കണ്ടത്. ആ നിലക്ക് അവ വളരെ പ്രധാനമാണെന്നും ഞാൻ കരുതുന്നു. ഉച്ചസ്ഥായിയിലുളളതും അതിവാചാലവും കാല്പനികവും ഗാനാത്മകവുമായ സമകാല മലയാള കവിതാ രീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഈ പശ്ചാത്തലത്തിനു പുറത്തുള്ള ഒരാൾക്കേ അങ്ങനെ മാറി നിന്നു നോക്കാൻ കഴിയുകയുള്ളൂ എന്നും മലയാള കവികളെ അത് സ്വയം വിമർശനത്തിന് പേരിപ്പിക്കേണ്ടതാണെന്നുമാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്.

അതേസമയം മലയാള കവിതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ജയമോഹന്റെ എല്ലാ അഭിപ്രായങ്ങളും പൂർണ്ണമാണെന്ന് ഞാൻ കരുതുന്നുമില്ല. ഉദാഹരണത്തിന്, മലയാള കവികൾ വിരസമായ വരികൾ പാടി കവിതയാണ് അതെന്നും കവിത എന്നാൽ പാട്ടാണ് എന്നും തെറ്റിദ്ധരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ജയമോഹന്റെ വിമർശനം പൂർണ്ണമായും ശരിയാണ്. എന്നാൽ വൃത്തത്തിന് സംഗീത പദ്ധതിയുമായാണ് ബന്ധം എന്നു ഞാൻ വിചാരിക്കുന്നുമില്ല. മലയാളത്തെ സംബന്ധിച്ചിടത്തോളം, സ്വതവേ അയഞ്ഞ വ്യാകരണഘടനയെ മുറുക്കമുള്ളതാക്കാൻ, അങ്ങനെ കാവ്യഭാഷയെ മുറുക്കമുളളതാക്കാൻ മലയാളത്തിൽ വൃത്തം ഉപയോഗപ്പെടുന്നുണ്ട്. കവിത പാടൽ അല്ല ചൊല്ലൽ ആണ് മലയാളത്തിന്റെ പാരമ്പര്യത്തിലുള്ളത്. മാത്രമല്ല പിൽക്കാല മലയാള കവിതയിൽ നിയതവൃത്തങ്ങളായി ഉറച്ചത് സംഘകാല കവിതയിലെ അയവുള്ള താളമാണ് എന്നും തോന്നിയിട്ടുണ്ട്. ഇത്തരത്തിൽ വൃത്തത്തിന്റെ ധർമ്മം എന്ത് എന്നു പുനരാലോചിക്കാൻ എന്നെ പ്രേരിപ്പിച്ചത് ജയമോഹന്റെ നിരീക്ഷണങ്ങൾ തന്നെയാണ്.

സംഘകാല പാരമ്പര്യം മലയാളിക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് മലയാള എഴുത്തുകാരെ ഓർമ്മിപ്പിക്കുക കൂടിയായിരുന്നു ജയമോഹൻ ഈ സംവാദങ്ങളിൽ. സംഘകാലമൊഴിയിലെ പല വാക്കുകളും തമിഴിൽ ഇല്ലാത്തത് മലയാളത്തിൽ പ്രയോഗത്തിലുണ്ടെന്ന് ജയമോഹൻ പറയാറുണ്ട്. ഓർമ്മ എന്ന വാക്കിനെപ്പറ്റി ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു. തമിഴിൽ പിന്നീട് ആ വാക്കു പോയി പകരം ഞാപകം എന്ന വാക്കു വന്നു. എന്നാൽ മലയാളം ഇപ്പോഴും ആ വാക്ക് നിലനിർത്തുന്നു. തമിഴ് ആധുനിക കവിത സംഘസാഹിത്യത്താൽ പ്രചോദിതമാണെങ്കിൽ, അതേ പാരമ്പര്യം അവകാശപ്പെടാവുന്ന മലയാളത്തിനും സംഘകാല കവിത പ്രചോദനമാകേണ്ടതല്ലേ എന്ന ചിന്ത എന്നിലുണ്ടായത് ജയമോഹന്റെ സംവാദങ്ങളിൽ നിന്നാണ്. ആ പ്രേരണയാലാണ് അകനാനൂറ്, പുറനാനൂറ്, കുറുന്തൊകൈ തുടങ്ങിയ പഴന്തമിഴ് കൃതികൾക്ക് മലയാളത്തിൽ കിട്ടാവുന്ന പരിഭാഷകളെല്ലാം വായിക്കാൻ ഞാൻ ആരംഭിച്ചതും. കെ.ജി.ശങ്കരപ്പിള്ള എഡിറ്ററായ സമകാലീന കവിതയിൽ ജയമോഹന്റെ തന്നെ പരിഭാഷകളും (ഐങ്കുറുനൂറ്) വരികയുണ്ടായി. എന്നെപ്പോലെ മറ്റു പല മലയാള എഴുത്തുകാരും ഈ തരത്തിൽ ചിന്തിച്ചു തുടങ്ങിയതിനു പിന്നിൽ ജയമോഹന്റെ പ്രചോദനമോ പ്രകോപനമോ ഉണ്ട് എന്നു ഞാൻ കരുതുന്നു. അതിന്റെ സത്ഫലമെന്നോണം പിൽക്കാലത്ത് മനോജ് കുറൂർ നിലം പൂത്തു മലർന്ന നാൾ എന്ന നോവൽ എഴുതുകയും അത് മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

2004 - 05 കാലത്ത് സംഘകാല കവിതകളെപ്പറ്റി മാധ്യമം വാരികയിൽ സംഘചിത്രങ്ങൾ എന്ന പേരിൽ ജയമോഹൻ എഴുതി വന്ന ലേഖനങ്ങളെക്കുറിച്ചും ഇവിടെ സൂചിപ്പിക്കാതെ വയ്യ. സംഘം കവിത പോലെ തന്നെ എന്നെ അതിൽ ആകർഷിച്ചത് കവിതയിലേക്കു വായനക്കാരൻ കടക്കുന്ന രീതിയായിരുന്നു. സ്വന്തം ജീവിതം കൊണ്ടാണ് ഏതു കവിതയും ഒരാൾ വായിക്കേണ്ടത് എന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ആ ആസ്വാദന ലേഖനങ്ങൾ.
കൊല്ലൻ അഴിചി രചിച്ച കുറുന്തൊകൈ 138 - മതു പാട്ടിനെക്കുറിച്ചുള്ള ആസ്വാദനം പ്രത്യേകം ഓർക്കുന്നു. പാതിരക്ക് വീടിനടുത്തുള്ള ചെറുകുന്നിലെ നൊച്ചി മരത്തിൽ നിന്നും നീലപ്പൂക്കൾ വീഴുന്നത് ഉറങ്ങാതെ കേട്ടു കിടക്കുന്ന നായികയുടെ പാട്ടാണത്. രാത്രി ലോഡ്ജ് മുറിയിൽ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം കേട്ട് ഉറങ്ങാതെ അസ്വസ്ഥനായി കിടക്കുന്ന ഒരു സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മയിൽ നിന്നാണ് ജയമോഹൻ ആ സംഘംകവിതയുടെ ഭാവതലത്തിലേക്കു കടക്കുന്നത് എന്നത് എന്നെ വിസ്മയിപ്പിച്ചു. കവിതയെക്കുറിച്ചുള്ള ജയമോഹന്റെ ഏതു പരാമർശവും സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് തുടങ്ങുക എന്ന് ഞാൻ പതുക്കെ മനസ്സിലാക്കി. അതദ്ദേഹത്തിന്റെ സഹജമായ ആസ്വാദന രീതിയാണെന്ന് പിൽക്കാലത്ത് സാഹിത്യ സംബന്ധിയായ പ്രഭാഷണങ്ങൾ കേട്ടപ്പോൾ ഉറയ്ക്കുകയും ചെയ്തു. സംഘചിത്രങ്ങൾ എന്ന ആ ആസ്വാദന പരമ്പര മലയാളത്തിൽ പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടില്ല എന്നത് ഒരു നഷ്ടം തന്നെ.

2000 - ൽ  ജയമോഹന്റെ നേതൃത്വത്തിൽ കുറ്റാലത്തു വെച്ച് നടന്ന തമിഴ്-മലയാള കവി സംഗമം എന്റെ സാഹിത്യ ജീവിതത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. തമിഴ് കവികളുമായി എന്നല്ല തമിഴ് കവിതയുമായിത്തന്നെ എന്റെ ആദ്യത്തെ അഭിമുഖീകരണം ആയിരുന്നു അത്. തമിഴിൽ നിന്ന് സുന്ദരരാമസ്വാമിയും മലയാളത്തിൽ നിന്ന് ആറ്റൂർ രവിവർമ്മയും മുതിർന്ന നിരീക്ഷകരായി അതിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുന്ന തമിഴ് കവികളുടെ കവിതകൾ ജയമോഹൻ തന്നെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സ്വന്തം കൈപ്പടയിൽ  എഴുതി മലയാളത്തിൽ നിന്നു വരുന്ന ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. അന്നേക്ക് ജയമോഹൻ തന്റെ തമിഴ് കൃതികളെഴുതാൻ കംപ്യൂട്ടർ ടൈപ്പിങ് ഉപയോഗപ്പെടുത്തിക്കഴിഞ്ഞിരുന്നെങ്കിലും മലയാളം കയ്യെഴുത്തായിത്തന്നെ തുടരുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും ജയമോഹൻ മലയാളം കയ്യെഴുത്തായിത്തന്നെ എഴുതുകയാണ് എന്നു ഞാൻ വിചാരിക്കുന്നു. ആ കയ്യെഴുത്തിൽ തപാലിൽ അയച്ചു കിട്ടി ഞാൻ വായിച്ച തമിഴ് കവിതകൾ തൊണ്ണൂറുകളിലെ മലയാള കവിതയിൽ നിന്ന് പൊതുവേ വളരെ വ്യത്യസ്തമായിരുന്നു. തൊണ്ണൂറുകളിൽ നടപ്പുണ്ടായിരുന്ന പൊതു കവിതാരീതികളെ കുറിക്കാനാണ് തൊണ്ണൂറുകളിലെ മലയാള കവിത എന്ന് ഇവിടെ പ്രയോഗിച്ചത്. ആ രീതികളിൽ നിന്ന് അമ്പേ വ്യത്യസ്തമായിരുന്നു ഞാൻ വായിച്ച ഈ പുതിയ തമിഴ് കവിതകൾ. മറിച്ച് തൊണ്ണൂറുകളിൽ പുതുതായി എഴുതിത്തുടങ്ങിയ പലരുടെയും കവിതകൾക്ക് ആ തമിഴ് കവിതാരീതികളുമായി ചില നിലയിൽ സാഹോദര്യം അനുഭവപ്പെടുകയും ചെയ്തു. ഇമേജുകളിലൂടെ സംസാരിക്കുന്ന രീതിയായിരുന്നു തമിഴ് കവിതകളിൽ പൊതുവേ ഉണ്ടായിരുന്നത്. മുതിർന്ന കവികളായ കലാപ്രിയ, കല്യാൺജി, വിക്രമാദിത്യൻ എന്നിവരുടെ കവിതകളുടെ പരിഭാഷകൾ അതിലുണ്ടായിരുന്നു. പിന്നെ, മനുഷ്യ പുത്രൻ, എം.യുവൻ തുടങ്ങിയ ചെറുപ്പക്കാരുടേയും.

കുറ്റാലത്ത് കലാപ്രിയയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു കവിസംഗമം. കലാപ്രിയ ഒരു സുന്ദരിയായ കവിയായിരിക്കും എന്നു കരുതി വന്ന മലയാള യുവകവികൾക്കു മുന്നിൽ ശബരിമലക്കു പോകാൻ മാലയിട്ടു നിൽക്കുന്ന രൂപത്തിൽ കറുത്ത മുണ്ടും ചുറ്റി ആതിഥേയനായി അദ്ദേഹം നിന്നു. വിക്രമാദിത്യനും കല്യാൺജിയും പരിപാടിക്ക് വന്നിരുന്നില്ലെന്നും ഓർക്കുന്നു. വട്ടത്തിലിരുന്ന് അനൗപചാരികമായി കവിത വായിക്കുകയും കേട്ട് മറ്റുള്ളവർ അഭിപ്രായം പറയുകയും ചെയ്ത ആ അവതരണരീതി മലയാളത്തിൽ അന്ന് പതിവുള്ളതായിരുന്നില്ല. സാമൂഹ്യ-രാഷ്ട്രീയ-വർത്തമാന കാല പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കവിത മനസ്സിലാക്കാനായിരുന്നു മലയാളികൾക്കിഷ്ടം. കവിതക്കുള്ളിൽ നിന്നു കൊണ്ടു സംസാരിക്കുന്നതായിരുന്നു കുറ്റാലത്തെ സംവാദരീതി. ഈ രീതിയുമായി പൊരുത്തപ്പെടാൻ മലയാള കവികൾക്ക് അല്പം സാവകാശവും വേണ്ടി വന്നു. മലയാളികൾ കോൺടെക്സ്റ്റിനും തമിഴർ ടെക്സ്റ്റിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നു തോന്നി.ടെക്സ്റ്റ് പ്രധാനമാണെന്നും ടെക്സ്റ്റിലൂടെ കോൺടെക്സ്റ്റിലേക്ക് എത്തുകയാണ് വേണ്ടതെന്നും മറിച്ചല്ലെന്നും കുറ്റാലം സംവാദം ബോധ്യപ്പെടുത്തി.

ജയമോഹനെ ആദ്യമായി നേരിൽ കാണുകയായിരുന്നു. അരുൺമൊഴിയും കുട്ടികളായ അജിതനും ചൈതന്യയുമുണ്ടായിരുന്നു. ജയമോഹന്റെ ഊർജ്ജം അവിടെ വന്നു ചേർന്ന എല്ലാവരെയും ചലിപ്പിച്ചിരുന്നു. രാത്രി ഭക്ഷണശാലയിൽ വെച്ച് പെട്ടെന്ന് അജിതൻ അടുത്തില്ല എന്നറിഞ്ഞ് എല്ലാവരും അന്വേഷിച്ചു പുറത്തേക്കോടിയതും ഒടുവിൽ തെരുവു മൂലയിൽ ക്ഷേത്രരഥം നോക്കി  നിൽക്കുന്ന മട്ടിൽ അജിതനെ കണ്ടെത്തിയതും എന്റെയുളളിൽ തങ്ങിയിട്ടുള്ള സ്വകാര്യമായ ഒരോർമ്മ. അജിതനെ പിന്നീട് ഒന്നു രണ്ടു തവണ കണ്ടപ്പോഴെല്ലാം ആ വലിയ തേരും ഞാൻ ഒരുമിച്ചു കണ്ടു.

കുറച്ചു മലയാളകവികൾ കുറ്റാലത്തു പോയി കുളിച്ചു വന്നത് അന്നു മലയാളത്തിൽ പരിഹാസകഥയായിരുന്നു. ഞാനാകട്ടെ, പതുക്കെ തമിഴ് അക്ഷരമാല പഠിക്കാനാണ് ശ്രമിച്ചു തുടങ്ങിയത്. എന്റെ അച്ഛൻ അന്ന് കോയമ്പത്തൂരിൽ ആശുപത്രിയിൽ കിടക്കുന്ന കാലം. തമിഴ് എഞ്ചുവടി വായിച്ച് അക്ഷരം പഠിച്ച ഞാൻ ബസ്സിന്റെയും കടകളുടെയും ബോർഡു വായിക്കാൻ തുടങ്ങി. അടുത്തവർഷവും കുറ്റാലത്ത് ചർച്ചയിൽ പങ്കെടുത്തു. തുടർ വർഷങ്ങളിൽ ഹൊഗനക്കലും ഊട്ടി ഫേൺ ഹില്ലിലും വെച്ച് കൂടിയിരിപ്പുകളുണ്ടായി. ഊട്ടിയിൽ വെച്ചു നടന്ന രണ്ടാമത്തെ സംഗമത്തിൽ പങ്കെടുക്കാൻ വ്യക്തിപരമായ എന്തോ പ്രയാസത്താൽ എനിക്ക് കഴിഞ്ഞില്ല. ഊട്ടിയിലെ സംഗമത്തിൽ വിനയചൈതന്യയുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണ്. ഹൊഗനക്കലിലെ കൂടിയിരിപ്പിൽ മലയാളത്തിൽ വന്നു വീണ രണ്ടു വിത്തുകളിലൊന്ന് അധികം വൈകാതെ ടി.പി. രാജീവനിലൂടെ ഹൊഗനേക്കൽ എന്ന കവിതയായി മുളച്ചു. മറ്റൊന്ന് കുറച്ചു കൂടി സമയമെടുത്ത് മനോജ് കുറൂരിലൂടെ നിലം പൂത്തു മലർന്ന നാൾ എന്ന നോവലായി തഴച്ചു.

അപ്പൊഴേക്കും കോയമ്പത്തൂരെ പുസ്തകശാലകളിൽ നിന്ന് ഞാൻ ചില കവിതാ പുസ്തകങ്ങൾ വാങ്ങി വായിക്കാൻ പരിശീലിച്ചു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ ഭാഷാ ലാളിത്യം കൊണ്ട് എനിക്കു പെട്ടെന്നു വഴങ്ങിക്കിട്ടിയത് മനുഷ്യപുത്രന്റെ ഇടമും ഇരിപ്പും എന്ന സമാഹാരമായിരുന്നു. ഇതിലെ ചില കവിതകൾ ജയമോഹന്റെ പരിഭാഷകൾ വഴി മുമ്പേ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അത് പുതിയ കവിതകളുടെ വായന എളുപ്പമാക്കി. പതുക്കെ ചില കവിതകൾ ഞാൻ മലയാളത്തിലാക്കിത്തുടങ്ങി.

ഈ തമിഴ് - മലയാള കവി സംഗമങ്ങൾ അതിൽ പങ്കെടുത്ത മലയാളകവികളെ പല തരത്തിലാണ് സ്വാധീനിച്ചത് എന്നു തോന്നാറുണ്ട്. കല്‌പറ്റ നാരായണന്റെ കവിതകൾ തമിഴ് വായനക്കാർക്ക് വളരെ ഇഷ്ടമാവുകയും ആ കവിതകൾ തമിഴ് കവികൾക്കിടയിലെങ്കിലും നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. ടി.പി. രാജീവന്റെ കവിതകളും ശ്രദ്ധിക്കപ്പെട്ടു. എന്റെ കവിതകളിൽ തമിഴ് വായനക്കാർക്ക് സവിശേഷ താല്പര്യം തോന്നുകയുണ്ടായില്ല.മറിച്ച് തമിഴ് കവിതയോടുള്ള എന്റെ താല്പര്യമാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ് കവിത അടുത്തറിയാൻ കിട്ടിയ അവസരമായാണ് ഞാൻ ആ സംവാദങ്ങളെ പ്രയോജനപ്പെടുത്തിയതും. പിൽക്കാലത്ത് ജ്ഞാനക്കൂത്തനുൾപ്പെടെ ഒട്ടേറെ കവികളുടെ കവിതകൾ മൊഴിമാറ്റാൻ സഹായിച്ചത് ആ താല്പര്യമാണ്. തമിഴ്-മലയാള ആധുനിക കവിതകളേയും ആധുനികാനന്തര കവിതകളേയും താരതമ്യം ചെയ്ത് രണ്ടിന്റേയും ശക്തിയും പരിമിതിയും മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചത് ആ കൂടിയിരിപ്പുകളുടെ ഫലശ്രുതിയാണ്, എന്നെ സംബന്ധിച്ചിടത്തോളം.

ഇതിനിടയിൽ ജയമോഹന്റെ നൂറു സിംഹാസനങ്ങൾ മലയാളത്തിൽ തരംഗമായിക്കഴിഞ്ഞിരുന്നു. എഴുത്തുകാരല്ലാത്ത വായനക്കാർ ഈ നോവൽ ഏറ്റുവാങ്ങി. ശക്തമായ രംഗാവിഷ്ക്കാരങ്ങൾ ഇതിനുണ്ടായി. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ജയമോഹനോടുള്ള മുൻധാരണ കൊണ്ട് കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന തരത്തിലായിരുന്നു ഇതിനോടുള്ള പ്രതികരണം. സാമൂഹ്യ രാഷ്ട്രീയ പ്രമേയങ്ങൾക്കു വലിയ സ്വീകാര്യതയുള്ള കേരളത്തിൽ നൂറു സിംഹാസനങ്ങൾ സ്വാഭാവികമായും ധാരാളമായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ മലയാളത്തിലെ അക്കാദമിക് - ബുദ്ധിജീവി സമൂഹം ഈ കൃതിയെ മനപ്പൂർവം അവഗണിച്ചു എന്നാണ് എന്റെ തോന്നൽ.

സാഹിത്യത്തേയും സംസ്ക്കാരത്തെയും കുറിച്ചുള്ള മലയാളിയുടെ പൊതുബോധ്യങ്ങൾക്കെതിരെ സംസാരിക്കുന്ന അപരനായാണ് ജയമോഹനെ കേരളത്തിലെ എഴുത്തുകാരും അക്കാദമിക സമൂഹവും മിക്കപ്പോഴും വിലയിരുത്തിക്കണ്ടിട്ടുള്ളത്. എന്നാൽ സ്വയം കാണാനായി മലയാളിയെ തന്റെ എഴുത്തിന്റെ കണ്ണാടിക്കു മുമ്പിൽ കൊണ്ടു നിർത്തുകയാണ് ഈ എഴുത്തുകാരൻ ചെയ്തത് എന്നാണ് എന്റെ പക്ഷം. ഒരേ സമയം രണ്ടു ഭാഷകളിൽ എഴുതുന്ന എഴുത്തുകാരൻ എന്ന നിലയിലും തമിഴ്-മലയാളങ്ങളുടെ സാംസ്ക്കാരികവും സാഹിതീയവുമായ അതിർത്തിയിൽ നിന്നു വരുന്ന എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹത്തിന്റെ എഴുത്ത് പഠിക്കപ്പെട്ടിട്ടില്ല.

കോവിഡ് ലോക് ഡൗണിന്റെ തുടക്കത്തിലാണ് പ്രസാദാത്മകമായ കഥകൾ താൻ ഇപ്പോൾ എഴുതുന്നതായും തന്റെ സുഹൃത്തുക്കളായ മറ്റെഴുത്തുകാരും പ്രസാദാത്മകമായ കഥകളും കവിതകളും എഴുതണമെന്നും ജയമോഹൻ ഒരു സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. വെബ്സൈറ്റിൽ നിന്നും ഞാനാ കഥകൾ ഓരോന്നായി വായിച്ചു തുടങ്ങി. ഒരു വായനക്കാരൻ എന്ന നിലക്ക് സമകാല മലയാള കഥയിൽ എന്താണോ ഇല്ലാത്തതായി എനിക്കനുഭവപ്പെടുന്നത് അവയെല്ലാം തികഞ്ഞ കഥകളായി ഞാനവ രസിച്ചു വായിച്ചു , മുഴുകി വായിച്ചു. മറ്റൊന്നിനും വേണ്ടിയല്ലാതെ കഥ പറയാനുള്ള അടങ്ങാത്ത ആവേശമായിരുന്നു ആ കഥകളിൽ നിറഞ്ഞു നിന്നത്. രാഷ്ട്രീയ സാമൂഹ്യ ഉദ്ദേശ്യങ്ങൾ വെച്ച് ദിശാബോധത്തോടെ എഴുതപ്പെട്ട സമകാല മലയാള കഥകളുമായി അവക്ക് ഒരു താരതമ്യവുമുണ്ടായിരുന്നില്ല.

രണ്ടുതരം കഥകളാണ് ഇന്ന് മലയാളത്തിൽ പൊതുവേ എഴുതപ്പെടുന്നത്. ഒന്ന്, കൃത്യമായ സാമൂഹ്യ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉയർന്ന നീതിബോധവും രാഷ്ട്രീയമായി ശരിയായതു മാത്രം എഴുതുക എന്ന നിലപാടുമുള്ള എഴുത്ത്. സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കങ്ങളാൽ ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന മട്ടിലുള്ള കഥകളാണവ. രണ്ടാമത്തേത് അസ്തിത്വത്തിന്റെ ഇരുണ്ട മുഖങ്ങൾ ദുഃഖകരമാം വിധം അവതരിപ്പിക്കുന്ന, പഴയ അസ്തിത്വദർശനക്കാലത്തെ ഓർമ്മിപ്പിക്കുന്ന കഥകളാണ്. (വിദേശകഥകളുടെ സ്വാധീനത്തിൽ നിന്നല്ല കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമകാല വിഷാദത്തിൽ നിന്ന് എഴുതപ്പെട്ടവയാണ് ഈ രണ്ടാം അസ്തിത്വദർശനക്കാല കഥകൾ എന്നതാണ് വ്യത്യാസം) പത്രപ്രവർത്തന ഭാഷയുടെ ഉപരിപ്ലവത ഈ രണ്ടു വിഭാഗം കഥകളിലും കാണുകയും ചെയ്യും. ജയമോഹന്റെ ഈ പുതിയ കഥകൾ അതിനാൽ തന്നെ വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. മറ്റെല്ലാത്തിനുമപ്പുറം കഥ പറച്ചിലിന്റെ ഒടുങ്ങാത്ത ലഹരിയാണ് ആ കഥകൾ എനിക്കു തന്നത്. മലയാളത്തിലെ സമകാല കഥാകൃത്തുക്കളിൽ സക്കറിയയിൽ നിന്നു മാത്രമാണ് എനിക്കാ ലഹരി കിട്ടിയിട്ടുള്ളത്. ജയമോഹന്റെ കഥകളുടെ സാംസ്കാരിക ഭൂമികയോട് കേരളീയർക്കുള്ള ആത്മബന്ധം അവയുടെ വായന സുഗമമാക്കുകയും ചെയ്തു. പത്തു ലക്ഷം കാലടികൾ, തീവണ്ടി, ആട്ടക്കഥ തുടങ്ങിയ പല കഥകളുടെയും പശ്ചാത്തലം വടക്കേ മലബാറുൾപ്പെടുന്ന കേരളമായിരുന്നു. കോവിഡ് കാലത്തിന്റെ കെട്ടിക്കിടപ്പിൽ വിഷാദം ചുരമാന്തിക്കൊണ്ടിരുന്ന എന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ പൊതുവേ പ്രസാദാത്മകമായ ഈ കഥകൾക്കു കഴിഞ്ഞു. പ്രമേയതലത്തിലും അവതരണത്തിലും വൈവിധ്യമുള്ള, ദൈർഘ്യം കുറഞ്ഞ ചില കഥകൾ മലയാളത്തിലാക്കാൻ ഞാൻ ശ്രമം തുടങ്ങി.

ജയമോഹൻ തന്നെ മലയാളത്തിലെഴുതുമ്പോൾ പിന്നെന്തിനാണ് ഞാനീ പണി ചെയ്യുന്നതെന്ന് പല വട്ടം സ്വയം ചോദിക്കുകയുണ്ടായി. ജയമോഹനെ മറ്റൊരു ഭാഷയിലെഴുതുന്ന എഴുത്തുകാരനായി മലയാളികൾ ഉൾക്കൊള്ളണമെങ്കിൽ പരിഭാഷ എന്ന നിലയിൽ തന്നെ ആ കഥകൾ ചിലതെങ്കിലും മലയാളത്തിൽ വരേണ്ടതുണ്ട് എന്നെനിക്കു തോന്നി. മലയാളത്തിനും തമിഴിനും ഇടയിലുള്ള, ഇരു ഭാഷകളിലുമെഴുതുന്ന സങ്കീർണ്ണമായ നിലകൊണ്ടു മാത്രം അടയാളപ്പെട്ടാൽ പോരാ ആ സാഹിത്യ വ്യക്തിത്വം. പൂർണ്ണമായും ഒരു തമിഴ് സാഹിത്യകാരൻ എന്ന നിലയിൽ തന്നെ ജയമോഹൻ വായിക്കപ്പടണമെങ്കിൽ അദ്ദേഹത്തിന്റെ ചില കൃതികളെങ്കിലും മറ്റു പരിഭാഷകർ മലയാളത്തിലാക്കിയേ പറ്റൂ. എന്നാൽ മറ്റൊരു പരിഭാഷകനെ സംബന്ധിച്ച് അതൊരു കനത്ത വെല്ലുവിളിയാണു താനും. കാരണം അത്രയും മോഹിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മലയാള ഭാഷ. നാഞ്ചിനാടൻ ചൂരുള്ള, അഴകുള്ള മാനക മലയാളമായിരുന്നു അത്. ജയമോഹന ഭാഷയുടെ - തമിഴിന്റെ മാത്രമല്ല മലയാളത്തിന്റെയും - മോഹനത്വം മറ്റൊരാളുടെ പരിഭാഷയിൽ നഷ്മാകുന്നത് സഹിക്കാവുന്നതല്ല. അതേസമയം, കഥ പറച്ചിലിന്റെ ആനന്ദവും അതു വഴി സാക്ഷാത്കരിക്കാവുന്ന ആത്മിയമായ തേടലുമല്ലാതെ മറ്റൊന്നും ലക്ഷ്യമാക്കാത്ത ഈ കഥകൾ, സാമൂഹ്യ പ്രതികരണ സ്വഭാവമുള്ള രചനകൾ മാത്രം ചർച്ച ചെയ്യുന്ന മലയാള സാഹിത്യാന്തരീക്ഷത്തിലേക്കു കൊണ്ടുവരാൻ ജയമോഹൻ സ്വന്തം നിലക്ക് ഉത്സാഹിക്കുകയില്ലെന്നും അറിയാമായിരുന്നു. ഈ സമ്മർദ്ദ നിലയിൽ നിന്നാണ് ജയമോഹന്റെ പുതിയ പത്തു കഥകൾ ഞാൻ മലയാളത്തിലേക്കു മൊഴിമാറ്റിയത്. മായപ്പൊന്ന് എന്ന പേരിൽ പ്രസിദ്ധീകരിച്ച , പത്തു കഥകളടങ്ങുന്ന ആ കൃതിയുടെ രണ്ടാം പതിപ്പ് രണ്ടു മാസത്തിനകം തന്നെ പുറത്തിറങ്ങി.

അതിർത്തി പ്രദേശത്തു നിന്നുള്ള ഒരെഴുത്തുകാരന് ഒന്നിലേറെ മാതൃഭാഷകളുണ്ടാവാം. അമ്മയിൽ നിന്നു കിട്ടിയ ഭാഷ എന്ന നിലക്ക് മലയാളവും അമ്മ തന്നെയായ സ്വന്തം നാട്ടിൽ നിന്നു കിട്ടിയ ഭാഷ എന്ന നിലക്ക് തമിഴും അദ്ദേഹത്തിന്റെ മാതൃഭാഷകളാണ്. സമകാല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരെഴുത്തുകാരന്റെ സംഭാവനകളെ സമഗ്രമായിക്കാണുന്ന ഈ സന്ദർഭത്തിൽ ഈ രണ്ടു താഴ്‌വാരങ്ങളിൽ നിന്നും ആ പർവത മുനമ്പിനെ നോക്കിക്കാണാതിരിക്കാനാവില്ല. മലയാളത്തിന്റെ താഴ് വാരച്ചെരുവിൽ നിന്നുള്ള നോട്ടത്തിന് തീർച്ചയായും പരിമിതികളുണ്ടാവുമെങ്കിലും. ജയമോഹന്റെ എഴുത്തിന്റെ മലയാളച്ചെരിവിലൂടൊഴുകിയ മൊഴിയഴകിന്റെ അമൃതധാരയും വീശിയ സംവാദക്കാറ്റുമില്ലെങ്കിൽ അത്രമേൽ വിളറി വിളർത്തു നിന്നേനെ എന്റെ മലയാള എഴുത്തു ജീവിതം.

No comments:

Post a Comment