Friday, February 18, 2022

മലയിൽ പിറക്കുന്നത് - അരുൺമൊഴി നംഗൈ

 മലയിൽ പിറക്കുന്നത്.


അരുൺമൊഴി നംഗൈ

പരിഭാഷ: പി.രാമൻ


സുന്ദരരാമസ്വാമിയുടെ വീട്ടിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തോടു സംസാരിക്കുമ്പോൾ, നായന്മാർക്ക് കാതത്ര പോരാ എന്നദ്ദേഹം പറഞ്ഞു. അനുഭവത്തിൽ നിന്നു തന്നെ ഞാനതറിഞ്ഞിരുന്നു. അപ്പോൾ പെട്ടെന്ന് അതെയതെ എന്നു തലയാട്ടി ഞാൻ സന്തോഷിച്ചു. കടക്കണ്ണു കൊണ്ടു ജയനെ നോക്കി ഞാനും സു.രായും പുഞ്ചിരിച്ചു. ജയൻ അന്നേരം സംസാരിക്കുന്ന വിഷയം മാറ്റാൻ ശ്രമിച്ചു തോറ്റ് ദുർബലമായി പുഞ്ചിരിച്ചു. പിന്നീട് സംഗീതത്തെപ്പറ്റി കുറച്ചുനേരം സംസാരിച്ചപ്പോൾ സു. രാ. മാലിയുടെ പുല്ലാങ്കുഴലിനെക്കുറിച്ചു പ്രശംസിച്ചു പറഞ്ഞ് അദ്ദേഹത്തെക്കുറിച്ചുള്ള ചില സംഭവങ്ങൾ പങ്കുവെച്ചു. അന്ന് ഞാൻ തീരുമാനിച്ചതാണ്.


ബസ്സിൽ ധർമ്മപുരിക്കു മടങ്ങുമ്പോൾ ടേപ് റെകോർഡർ വാങ്ങുക എന്ന എന്റെ പലനാൾ സ്വപ്നം ആശയോടെ മുന്നോട്ടു വെച്ചു. എന്റെ ഒരാഗ്രഹത്തിനും ജയൻ എതിരു പറയില്ല. "ഉം... വാങ്ങാം", ജയൻ പറഞ്ഞു. അതിനകം സേലത്തു പോയി ഏതു ഡിസൈനിൽ ഏതു കളറിലുള്ളതു വാങ്ങണമെന്ന ചിന്തകളോടെ ഞാൻ സ്വപ്നത്തിൽ മുഴുകി.


മധുരയിൽ ഇടക്കിറങ്ങിയപ്പോൾ എനിക്കു മീനാക്ഷിയെ ദർശിക്കണമെന്നു തോന്നി. കോളേജിൽ പഠിച്ച നാലു വർഷങ്ങൾ എനിക്കേറ്റവും അടുപ്പമുള്ളവളായിരുന്നു. അക്കാലത്ത് പലവിധ ചാഞ്ചല്യങ്ങൾ, ഭയങ്ങൾ, വീട്ടു വഴക്കുകൾ എല്ലാം അവളോടു മാത്രം ഞാൻ കേണു പറഞ്ഞു കൊണ്ടിരുന്നു. ആയിരം പേർ നിൽക്കുന്ന സന്നിധിയിലും ഞാനും അവളും മാത്രമായ പരിപൂർണ്ണ ഏകാന്തത അനുഭവിക്കുന്ന അനേക സന്ദർഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ജയനും ഞാനും പ്രേമിക്കുമ്പോൾ ആദ്യമായി ഒന്നിച്ചു പുറത്തു പോയത് മീനാക്ഷി ക്ഷേത്രത്തിലേക്കാണ്. അവളാണ് ഞങ്ങളെ ചേർത്തു വെച്ചവൾ.


ആദ്യമായി ജയന്റെ കൂടെ വന്നു തൊഴുതപ്പോൾ ജയന്റെ അമ്മ വിശാലാക്ഷിയമ്മയെ ഞാനോർമ്മിച്ചു. അവർ അനുഗ്രഹിക്കുന്നതു പോലെ എനിക്കു തോന്നി. മീനാക്ഷി, കാമാക്ഷി, വിശാലാക്ഷി എല്ലാം മലമകളുടെ പല പല പേരുകളല്ലേ? ജയനോട് അപ്പോൾ തന്നെ ഇതു പറയാൻ നാണമായിരുന്നു. കാരണം അതിനു മുമ്പ് ആദ്യം തമ്മിൽ കണ്ടപ്പോൾ അമ്മയെപ്പറ്റി ഞാൻ ഒരുപാടു ചോദിച്ചിരുന്നു. ഇളകിമറിഞ്ഞ ആ മാനസികനിലയിൽ നിന്ന് പൂർണ്ണമായും ജയൻ പുറത്തുവന്നുവോ എന്നറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ആ ഓർമ്മകൾ അതിവൈകാരികമാക്കാതെയാണ് സംസാരിച്ചതും. എന്നാൽ ഉള്ളിന്റെയുള്ളിലെ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിന്റെ സങ്കടവും ഏകാന്തതയും ഞാനറിഞ്ഞു.


ബസ്സിൽ വരുമ്പോൾ ആലോചിച്ചു. ക്ലാസിക്കൽ സംഗീതത്തിൽ എനിക്കു കുറച്ചെങ്കിലും മുൻപരിചയമുണ്ട്. സംഗീതത്തിന്റെ ഒരു തുള്ളി തേൻ കുഞ്ചിതപാദം അയ്യർ വഴി കുട്ടിക്കാലത്ത് ഞാൻ നുണഞ്ഞിട്ടുണ്ട്. എന്റെ അച്ഛനും സംഗീതാസ്വാദകൻ തന്നെ. അച്ഛൻ വായ്പാട്ട് അധികം കേൾക്കാറില്ലെങ്കിലും നാദസ്വരം ഏറെ ഇഷ്ടത്തോടെ കേൾക്കും. ഷേക് ചിന്ന മൗലാന, തിരുവീഴിമിഴലൈ സഹോദരന്മാർ, കാരുക്കുറിച്ചി അരുണാചലം, രാജരത്നം പിള്ള എല്ലാവരേയും കേൾക്കും.


ഉത്സവക്കാലത്ത് നാദസ്വരം കേൾക്കുന്നത് എനിക്കേറെ ഇഷ്ടമാണ്. ക്ഷേത്ര മണ്ഡപങ്ങളിൽ മുഴങ്ങുന്ന നാദസ്വര സംഗീതം കേട്ട് പ്രദക്ഷിണവഴിയിൽ പാതിമയക്കത്തിലിരിക്കുന്നത് ജീവിതത്തിലെ വലിയ ആനന്ദങ്ങളിലൊന്ന്. വിശാലമായ ക്ഷേത്രച്ചുറ്റുവഴികളിൽ കേൾക്കുന്ന നാദസ്വരത്തിന് ആ പ്രത്യേക മാധുര്യം എങ്ങനെ വരുന്നു? സംഗീതം വീശിയടിക്കാൻ പാകത്തിനുള്ള നിർമ്മിതിയാണത്. ആകയാൽ തുറന്ന സ്ഥലങ്ങളിൽ സംഗീതം പെരുകി നിറയുംപോലെ തോന്നും.


എന്നാൽ ജയന് ശാസ്ത്രീയ സംഗീതം പരിചയമില്ല. എങ്ങനെ തുടങ്ങി വെയ്ക്കും? പരിചയമില്ലാത്തവർക്ക് ശാസ്ത്രീയ സംഗീതം അത്ര പിടിക്കില്ല. പിന്നത്തെയാഴ്ച്ച ഞങ്ങൾക്ക് പൊങ്കലിന് പട്ടുക്കോട്ടയിലേക്കു പോകേണ്ടിയിരുന്നു. അവിടെ ചെന്ന ശേഷം പൊങ്കലിന്റെ പിറ്റേന്ന് മാട്ടുപ്പൊങ്കൽ ദിവസമാണ് തിരുവയ്യാറിൽ ത്യാഗരാജ ആരാധന നടക്കുന്ന വിവരം പത്രത്തിൽ നിന്നുമറിഞ്ഞത്. പട്ടുക്കോട്ടയിലെ എന്റെ വീട്ടിൽ ഭക്ഷണം കഴിച്ചു മപ്പടിച്ചു കിടന്ന് വല്ലപാടും കഴിച്ചു കൂട്ടുകയാണ് ജയൻ അപ്പോൾ. പുറത്തു പോകാം എന്നു പറഞ്ഞതും ചാടിയെണീറ്റു. " പോകാം പോകാം" എന്നു പറഞ്ഞു. ആദ്യം അച്ഛനേയും അമ്മയേയും കൈകാര്യം ചെയ്യണം. അജിക്കന്നു പതിനൊന്നു മാസം. കുഞ്ഞിനെ വിട്ടേച്ച് കച്ചേരി കേൾക്കാൻ പോവുകയോ എന്ന ആക്ഷേപമുയരാം.


ജയനപ്പോൾ ഒരാശയം തോന്നി. ആയിടെയാണ് എന്റെ വീട്ടിൽ ലാന്റ് ഫോൺ കണക്ഷൻ എടുത്തത്. ഉടനെ തൃശൂർക്കു ഫോൺ ചെയ്തു. ആറ്റൂർ രവിവർമ്മയുടെ ഭാര്യയാണ് ഫോണെടുത്തത്. "സാർ തിരുവയ്യാറിലേക്കു പോയല്ലോ. അവിടെ തഞ്ചാവൂർ കാർത്തികാ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്. ജയമോഹൻ അവിടെച്ചെന്നാൽ മതി. ഉച്ച കഴിഞ്ഞേ കച്ചേരിക്കു പോകൂ" എന്നു പറഞ്ഞു. ആറ്റൂർ ഞങ്ങൾ രണ്ടാളെയും തിരുവയ്യാറിലേക്കു വിളിച്ചിട്ടുണ്ട് എന്നു പറഞ്ഞാൽ എന്റെ അച്ഛനുമമ്മക്കും തട്ടാൻ കഴിയില്ല.


ജയൻ ചുറുചുറുക്കോടെ പുറത്തിറങ്ങി. ആറ്റൂരിനെ കാണാൻ പോകുന്ന സന്തോഷത്തോടെ. എന്നോട് "ഞാൻ ഇപ്പോൾ പോകുന്നു അരുണാ, നീ  ഉച്ചയൂണു കഴിഞ്ഞ് അജിയ്ക്കു പാലു കൊടുത്ത ശേഷം തഞ്ചാവൂർക്കു വാ. കാർത്തിക് ഹോട്ടലിൽ ഞാൻ ആറ്റൂരിനൊപ്പം വെയിറ്റ് ചെയ്യാം. നീ വന്നാൽ മൂന്നാൾക്കും കൂടി തിരുവയ്യാർ പോകാം" എന്നു പറഞ്ഞു.


ഞാൻ ആനന്ദലോകത്തെത്തി. തിരുവയ്യാറ് എങ്ങനെയിരിക്കും എന്നതേ ഞാൻ മറന്നു പോയിരിക്കുന്നു. പത്തു വയസ്സിൽ ഏതോ സ്വന്തക്കാരുടെ കല്യാണത്തിനു പോയതാണ്. അതിനു ശേഷം അശോകാ എന്ന മധുര പലഹാരത്തിന്റെ രൂപത്തിൽ മാത്രമേ തിരുവയ്യാറ് എന്റെയടുത്തു വന്നിട്ടുള്ളൂ.അച്ഛൻ എപ്പോൾ തഞ്ചാവൂർക്കു പോയാലും വാസൻ ബേക്കറി അല്ലെങ്കിൽ അയ്യങ്കാർ ബേക്കറിയിൽ നിന്നു തിരുവയ്യാറു സ്പെഷ്യൽ അശോകാ വാങ്ങി വരും. ഹലുവ കഴിഞ്ഞാൽ പിന്നെ അശോകയാണ് എനിക്കേറ്റവുമിഷ്ടം. ചെറുപയർപരിപ്പിലുണ്ടാക്കുന്ന അതിന്റെ രുചിയേ വേറെ.


ഉച്ചക്ക് ധൃതിയിൽ ഊണു കഴിച്ചു. അമ്മയോട് അജിക്ക് കഴിക്കാൻ സെറിലാക് ഉണ്ടാക്കുന്ന വിധം പറഞ്ഞു കൊടുത്തു. "അമ്മാ, പാൽക്കുപ്പി മൂന്നും സ്റ്റെറിലൈസ് ചെയ്തു വെച്ചിട്ടുണ്ട്. പാൽ കൊടുത്തു കഴിഞ്ഞാൽ വെള്ളത്തിലിടണം. ഞങ്ങൾ കച്ചേരി കഴിഞ്ഞു വരാൻ പതിനൊന്നു മണിയാകും"


"ഞാനും വളർത്തീട്ടുണ്ട് രണ്ടു പിള്ളാരെ, ചുമ്മാ കഴുകിത്തന്നെയാ കൊടുക്കാറ്. ഇത്രേം ആർഭാടം കാണിക്കുന്നോ നീ?" എന്നു നീട്ടി ഒച്ചയിട്ടു അമ്മ.


"അപ്പഴത്തെപ്പോലല്ല ഇപ്പൊ. കൃമികൾ പെരുകി. നിങ്ങടെ മക്കളുടെ റെസിസ്റ്റൻസ് എന്റെ മക്കൾക്കില്ല, പോരേ?"


ഞാൻ പോവുന്നതിനെക്കുറിച്ച് അച്ഛൻ എതിർപ്പൊന്നും പറഞ്ഞില്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റമില്ല എന്ന് അച്ഛനറിയാം. എന്തെന്നാൽ, ഭർത്താവ് മഹാ പിടിവാശിക്കാരനാണെന്ന ഇമേജ് ഞാനുണ്ടാക്കി വെച്ചിട്ടുണ്ട്. എന്റെയടുത്ത് ജയനെപ്പറ്റി ചെറിയ വിമർശനത്തോടെ ആരു വന്നാലും ഈറ്റപ്പുലി പോലെ ഞാൻ ചീറും. തുടക്കത്തിലേ അരിഞ്ഞു കളഞ്ഞാൽ പിന്നെ ജയനെപ്പറ്റി എന്നോടു സംസാരിക്കാൻ അവർ ഭയപ്പെടും.


പുതുമണവാളൻ തമിഴ് മണ്ണിന്റെ ശാസ്ത്രീയ സംഗീതം കേൾക്കാൻ പോകുന്നു എന്നതേ എന്റെയച്ഛന് പെരുമയായി തോന്നിയിട്ടുണ്ടാവും. മെല്ലെ മെല്ലെ മുഴുത്തമിഴനാക്കി മാറ്റിയെടുക്കാം.


അജിയെ ഉറക്കിയശേഷം ഞാൻ ബസ്സു കയറിപ്പോന്നു. "കാർത്തിക് ഹോട്ടൽ ബസ് സ്റ്റാന്റിന്റെ പിൻഭാഗത്താണ്. നമ്മൾ ഇടയ്ക്ക് കാപ്പി കുടിക്കാൻ പോകാറില്ലേ, ആ ഹോട്ടൽ" ഞാൻ പുറപ്പെട്ടപ്പോൾ അച്ഛൻ വാതുക്കൽ വരെ വന്നു വഴി പറഞ്ഞു തന്നു.


പട്ടുസാരിയുടുത്തു പോകാൻ അമ്മ പറഞ്ഞു. വലിയ സഭാഹാളിൽ നടക്കുന്ന സംഗീതക്കച്ചേരി എന്നു കരുതിയാവാം. മേഞ്ഞ പന്തലും മൺതറയുമാണെന്നു പറഞ്ഞപ്പോൾ കോട്ടൺ സാരി ചുറ്റിക്കോളാൻ സമ്മതം തന്നു. തനിക്കു വേണ്ടപ്പെട്ടവർ എവിടെപ്പോവുകയാണെങ്കിലും നന്നായി ഉടുത്തു പോകണമെന്നാണ് അമ്മയുടെ പക്ഷം. അഴകുള്ള കോട്ടൺ സാരി ചുറ്റി മല്ലികപ്പൂമാല വെച്ച് ഒത്തൊരു തമിഴ് പെണ്ണായി ആറ്റൂരിനു മുന്നിൽ ചെന്നു ഞാൻ നിന്നു. "അരുൺമൊഴി വരണം" എന്റെ പേരിൽ നടുവിൽ ൺൺ... എന്ന ഒരു നീട്ടൽ നീട്ടും അദ്ദേഹം. എന്നോടു സംസാരിക്കുമ്പോൾ മുഖം വിടരും. ചിരിയും ഉത്സാഹവും തുളുമ്പും. ജയൻ എന്നെ നോക്കി പുരികമുയർത്തി. സുന്ദരിയായിട്ടുണ്ട് എന്ന് ചെവിയിൽ കുശുകുശുത്തു.


തിരുവയ്യാറിലേക്കു തഞ്ചൈയിൽ നിന്ന് മിനിറ്റിലൊരു ടൗൺ ബസ് വീതം സ്പെഷ്യൽ സർവീസുണ്ട്. തിരുവയ്യാറു ബസ് സ്റ്റാന്റിൽ ഇറങ്ങിയപ്പൊഴേ കർണ്ണാടക സംഗീതം കാറ്റിൽ വന്നു തഴുകി. മെല്ലെ നടന്നു കാവേരിയിലെ പാലം കടന്ന് ക്ഷേത്രച്ചുറ്റുവഴി താണ്ടി. ആദ്യം എനിക്കു വ്യത്യസ്തമായിത്തോന്നിയത് ക്ഷേത്രച്ചുറ്റുവഴിയുടെ ചുറ്റുമതിലാണ്. സാധാരണ ക്ഷേത്രങ്ങൾക്കുള്ളതിലും ഏറെ ഉയരമുണ്ടായിരുന്നു അതിന്. ക്ഷമാപൂർവം ശില്പങ്ങൾ നോക്കിക്കണ്ടു രസിച്ച് തൊഴുത ശേഷം ഞങ്ങൾ പുറത്തു വന്നു. കച്ചേരി നടക്കുന്ന വലിയ പന്തലിനു പിന്നിലുള്ള ത്യാഗരാജ സമാധിയിലേക്കു ചെന്നു. അവിടെ മനമുരുകി പ്രാർത്ഥിച്ചു. സംഗീതത്തിന് കാതു തുറക്കണേ എന്ന് - ജയന്റെ കാത്.


ത്യാഗരാജസ്വാമിയുടെ കീർത്തനത്തിന്റെ ഭക്തിയും അലിവും എളിമയും മറ്റാരിലും നമുക്കനുഭവിക്കാനാവില്ല എന്ന് കുഞ്ചിതൈയർ പറയാറുണ്ട്. അദ്ദേഹത്തെയും ഞാനോർത്തു. അങ്ങനെ പോയി പുഴയിലിറങ്ങി കാൽ നനച്ച ശേഷം ഞങ്ങൾ പടികളിലിരുന്നു. കുറച്ചുനേരം കഴിഞ്ഞു പന്തലിൽ പോയിരിക്കാമെന്ന് ആറ്റൂർ പറഞ്ഞു. ആറ്റൂർ ആ പന്തലിൽ വെള്ളത്തിലെ മീനെന്ന് എനിക്കു തോന്നി. എല്ലാ ഇടങ്ങളും അദ്ദേഹത്തിനു പരിചിതമായിരുന്നു. ഏറെക്കുറെ ഒരു തിരുവയ്യാറുകാരനെപ്പോലിരുന്നു. പത്തു വർഷമായി അദ്ദേഹം തുടർച്ചയായി ആരാധനക്കെത്താറുണ്ട്.


സന്ധ്യാസമയത്തെ കാറ്റും സംഗീതവും ചേർന്ന് അസാധാരണമായൊരാനന്ദം എന്റെയുള്ളിൽ നിറച്ചു. മൂവരും ശാന്തമായി പാട്ടു കേട്ടുകൊണ്ടിരുന്നു. മനസ്സു ശാന്തമാകുമ്പോൾ സംഗീതം നമുക്കുള്ളിൽ ആഴ്ന്നിറങ്ങും.വയലിൻ സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു അപ്പോൾ. കൺമുന്നിലെ കാവേരിയുടെ ഒഴുക്കിനോട് വയലിൻ സംഗീതം ഒത്തുചേർന്ന ആ നിമിഷം എന്നുള്ളിൽ കല കൺതുറന്ന നിമിഷം എന്ന് ഞാനറിഞ്ഞു.


ആറ്റു നീരൊഴുക്കിന്റെ മൃദുമർമ്മരം, തഴുകിയ കാറ്റ്, മറുകരയിൽ അന്തിവെളിച്ചത്തിലാടുന്ന തെങ്ങോലകൾ, ഇരിക്കുന്ന പടിക്കെട്ടിൽ എന്നെ കടന്നുപോകുന്ന പല തരം കാൽവിരൽമോതിരങ്ങൾ, കൊലുസണിഞ്ഞ പാദങ്ങൾ, പട്ടുസാരിക്കുത്തിന്റെ വിശറിമടക്കുകൾ, ആണുങ്ങളുടെ കറുത്ത, ഇരുനിറത്തിലുള്ള പരുക്കൻ കാലുകൾ, കുഞ്ഞുങ്ങളുടെ തുള്ളിക്കളിക്കുന്ന കാലുകൾ - ഇവയെല്ലാം ആ സംഗീതലയത്തിൽ എങ്ങനെ ഇണങ്ങിച്ചേർന്നെന്നോ!


സന്ധ്യാസൂര്യൻ എരിഞ്ഞണഞ്ഞതും ഞങ്ങൾ പാട്ടുപന്തലിൽ പോയിരുന്നു. അവിടെ ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളുമെല്ലാം തറയിൽ മണലിലിരിക്കുകയാണ്. വലിയ പന്തൽ. ത്യാഗരാജസമാധിയോടു ചേർന്നു പിന്നിലേക്കാണ് അതു നിർമ്മിക്കപ്പെട്ടിരുന്നത്. തുറന്ന പന്തലിന്റെ വലതുഭാഗത്ത് കാവേരി കാണാം. ഇടതുവശത്ത് പുറത്തേക്കുള്ള വഴിയുടെ ഇരുപുറവും കടകൾ. കൂടുതലും കാസറ്റ് കടകൾ, ഭക്തിപുസ്തകക്കടകൾ, മധുര പലഹാരക്കടകൾ, കാപ്പിക്കടകൾ, മറ്റു കടകൾ.


വേദി രണ്ടു ഭാഗമായി വേർതിരിച്ചിരുന്നു. ഒരു ഭാഗത്ത് വായ്പ്പാട്ടു പാടിക്കൊണ്ടിരുന്നു ഒരാൾ. മറുഭാഗത്ത് അടുത്തതായി പാടാൻ ഇരിക്കുന്നവർ വാദ്യോപകരണങ്ങളുടെ ശ്രുതി നോക്കി തയ്യാറായി ഇരിക്കുന്നു. ഓരോ പാട്ടുകാരനും ഇരുപതു മിനിറ്റു വീതം. പുതുതായി അരങ്ങേറുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കുമാണ് രാവിലെ പാടാൻ അവസരം. സന്ധ്യ കഴിഞ്ഞു രാത്രിയാവുന്തോറും പ്രമുഖ കർണ്ണാടക സംഗീത വിദ്വാന്മാർ പാടും.


അന്നു പാടിയവരിൽ നെയ് വേലി സന്താനഗോപാലൻ, ചെറുപ്പക്കാരായ സഞ്ജയ് സുബ്രഹ്മണ്യം, വിജയ് ശിവാ, മാന്റലിൻ ശ്രീനിവാസ്, കുട്ടി ശഷാംഗ് എല്ലാവരും ഗംഭീരമാക്കി. സഞ്ജയിനും ശഷാംഗിനും ഒരേ കയ്യടി. കാണികളിൽ കുഞ്ഞുകുട്ടികൾ പോലും രാഗം തിരിച്ചറിഞ്ഞ് അച്ഛനമ്മമാരോടു പറഞ്ഞ് ആസ്വദിക്കുന്നതു കണ്ട് എനിക്കസൂയ തോന്നി.


ജയനോടു മെല്ലെപ്പറഞ്ഞു: "പാട്ടു കേട്ടുകൊണ്ടാണ് അവർ ജനിക്കുന്നതു തന്നെ. ത്യാഗരാജന്റെ ശ്വാസക്കാറ്റ് കലർന്ന സ്ഥലമാ ഇത് "


യേശുദാസ് വരുന്നു എന്ന വാർത്ത കാറ്റിൽ പരന്നു. എന്റെ വിരലുകൾ താളമിട്ടു. വെളുവെളുത്ത ജുബ്ബയും വേഷ്ടിയുമണിഞ്ഞ് ഗാനഗന്ധർവനെത്തി. അദ്ദേഹം പാടിയതിൽ 'ശുകി എവ്വരോ' മനസ്സിൽ നിന്നു. കാണികൾ മറ്റുള്ളവർക്കു കയ്യടിച്ച പോലെത്തന്നെ യേശുദാസിനും കയ്യടിച്ചു. മറ്റാഘോഷ വരവേല്പുകളൊന്നുമില്ല.


മണി പത്തര. തീരാറായതു പോലെ തോന്നുന്നില്ല. എനിക്ക് അജിയെ ഓർമ്മ വന്നു. ഇനിയും താമസിച്ചാൽ പട്ടുക്കോട്ടക്കുള്ള അവസാന ബസ്സു പോകും. ആറ്റൂരിനോടു വിട പറഞ്ഞ് ഇറങ്ങി. ബസ്സിൽ ഒരേ സംസാരം. സംഗീതത്തെപ്പറ്റി സംസാരിക്കാൻ ജയനും കൂടി ചേർന്നതിൽ എനിക്കു പരമ സന്തോഷമായി. ഒന്നു കണ്ണടച്ചാൽ സംഗീതം കേൾക്കും പോലെ തോന്നും.


വീട്ടിലെത്തിയപ്പോൾ നേരം പന്ത്രണ്ടു മണിയോടടുത്തിരുന്നു. അമ്മ ഉണർന്നിരിക്കുന്നുണ്ടായിരുന്നു. എന്റെ ശബ്ദം താഴ്ത്തിയുള്ള സംസാരം കേട്ട് അജി കണ്ണു തുറന്നു. ഓടിച്ചെന്നു ഞാനെടുത്തു. വികൃതിക്കുട്ടിയായി കളിച്ചു നടന്നു അവൻ. അച്ഛൻ പല പല വേഷമിട്ട് ആടിപ്പാടി അഭിനയിച്ചു.


ഉറക്കം വന്നപ്പോൾ എന്നെ അന്വേഷിച്ചിട്ടുണ്ടാവും. ഞാൻ അന്ന് ഉടുത്ത് ഇട്ടിരുന്ന സാരി തൊട്ടിലിൽ വെച്ച് അതിനുമേൽ കിടക്കവെച്ച് അമ്മ ഉറക്കിയിട്ടുണ്ടാവും.


പിറ്റേന്ന് ഉത്സാഹത്തോടെ ഞാനിറങ്ങി. സന്ധ്യക്ക് അവിടെയെത്തിയപ്പോൾ എത്രയോ ദിവസം ഇടപഴകിയ നാടു പോലിരുന്നു തിരുവയ്യാർ. ആറ്റിൻകരയിലിരുന്നു ഞങ്ങൾ സംഗീതം കേട്ടു. കാപ്പി കുടിക്കാൻ പോകുമ്പോൾ മെല്ലെ കാസറ്റ് കടയിലേക്കു ജയനെ കൂട്ടിക്കൊണ്ടുപോയി.


ആറ്റൂർ ചില നിർദ്ദേശങ്ങൾ തന്നു. ആദ്യം കേൾക്കാൻ മഹാരാജപുരം സന്താനമാണു നല്ലത്. പെട്ടെന്നു നമ്മെയാകർഷിച്ച് ഉള്ളിലേക്കു വലിച്ചു കൊണ്ടുപോകും. ക്ഷേത്രത്തിന്റെ മുന്നിലെ ആദ്യത്തെ അലങ്കരിച്ച വാതിൽ പോലെ. സാഹിത്യത്തിലേക്ക് ആദ്യം പ്രവേശിക്കുന്നവർ തി. ജാനകിരാമനെ വായിക്കുന്നത് എങ്ങനെയോ അങ്ങനെ. ആദ്യം ഹരിശ്രീയായി മഹാരാജപുരത്തെ വാങ്ങി. 


പിന്നെ ഞാൻ ബോംബെ ജയശ്രീ, സൗമ്യ, സുധാ രഘുനാഥൻ, സഞ്ജയ്, മാന്റലിൻ ശ്രീനിവാസ്, ലാൽഗുഡി വയലിൻ എന്നിങ്ങനെ ആവേശപൂർവം തെരഞ്ഞെടുത്തു. ആറ്റൂർ എനിക്കു ക്ഷമയോടെ കേസറ്റിന്റെ പിൻവശത്തുള്ള കീർത്തനങ്ങളുടെ പട്ടിക നോക്കി തെരഞ്ഞെടുക്കാൻ വായിച്ചു തന്നു.ഞാൻ അതുവരെ ജയശ്രീ, സൗമ്യ, സുധ തുടങ്ങിയവർ അഴകോടെ കാണപ്പെടുന്ന കാസറ്റുകളാണ് തെരഞ്ഞെടുത്തിരുന്നത്. അതിലും ഒരു കാസറ്റിൽ എളിമയോടെ വെള്ളമുത്തുമാലയണിഞ്ഞ് ജയശ്രീ ദേവതയെപ്പോലിരുന്നു.


പിന്നെ മെല്ലെ, ശാസ്ത്രീയ കലകളുടെ പരിചയത്തിന് ഒരാസ്വാദകൻ തന്നെ എങ്ങനെ പാകപ്പെടുത്തണമെന്നതിനെക്കുറിച്ച് ആറ്റൂർ സംസാരിച്ചുകൊണ്ടുവരുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചു കേട്ടു നടന്നു. വഴിയിൽ അശോകാ വാസന എന്നെ ആകർഷിച്ചു. നാക്കിൽ വെള്ളമൂറി. ചോദിക്കാൻ മടി. ജയൻ മാത്രമായിരുന്നെങ്കിൽ വാശി പിടിച്ചു വാങ്ങുമായിരുന്നു. ആറ്റൂരുണ്ട്, കുറുമ്പു കാട്ടരുത് എന്ന് അടക്കത്തോടെ ഞാൻ നടന്നുകൊണ്ടിരുന്നു. ശാസ്ത്രീയ സംഗീതമോ മധുര പലഹാരമോ എന്നു മനസ്സു പോരാട്ടം നടത്തിക്കൊണ്ടിരുന്നു. സംഗീതത്തിനു വേണ്ടി അശോകായെ തൽക്കാലം ഞാൻ ത്യജിച്ചു.


ടേപ് റിക്കാർഡർ വാങ്ങും മുമ്പേ കാസറ്റ് വാങ്ങി. ഏതു വിധേനയും ടേപ് വാങ്ങാൻ ഇനി താമസിച്ചുകൂടാ. ഞങ്ങളെ അത്ഭുതപ്പെടുത്തി അന്ന് തിരുവയ്യാറിൽ മഹാരാജപുരം പാടി. മെല്ലെ കണ്ഠശുദ്ധി വരുത്തി അദ്ദേഹം തുടങ്ങുമ്പോൾ എനിക്കു പുള്ളമംഗലം കുഞ്ചിതൈയ്യരെ ഓർമ്മ വന്ന് മനസ്സ് ആർദ്രമായി. 'നന്നു പാലിംബ' എന്ന ത്യാഗരാജന്റെ പുകഴ്പെറ്റ കൃതി ഒന്നാമതായി പാടി.


അന്നും മടങ്ങാൻ പത്തരമണിയായി. തിരക്കിട്ടു ഞങ്ങൾ ബസ്സ്റ്റാന്റിലേക്കോടി. ബസ്സു കയറിയയുടനെ ജയൻ പോക്കറ്റിൽ കയ്യിട്ടപ്പോഴാണറിഞ്ഞത്, വളരെക്കുറച്ചു പൈസയേയുള്ളൂവെന്ന്. ടൗൺ ബസ്സിൽ തഞ്ചാവൂർ വരെയെത്താനുള്ളതേയുള്ളൂ. പരിഭ്രമമായി. എന്റെ ഹാൻഡ് ബാഗിലും പരതി നോക്കി. കുറച്ചു ചില്ലറ കിട്ടി. സഞ്ചി നിറച്ചും ആഗ്രഹം പോലെ വാങ്ങിച്ച കാസറ്റുകൾ. ബസ് തഞ്ചൈയിലെത്താറായി.


ശാന്തമായി ഞാൻ ആലോചിച്ചു. എന്റെ അച്ഛന്റെ ചിറ്റപ്പൻ അൻപഴകൻ തഞ്ചൈ - വല്ലം റോട്ടിൽ വീടുവെച്ചു താമസിക്കുന്നുണ്ട്. പോലീസ് സർവീസിലായിരുന്നു ചിറ്റപ്പൻ. ടൗൺ ബസ്സിൽ അവിടെയിറങ്ങി പൈസ വാങ്ങി വീട്ടിലേക്കു പോകാം. തേവാരം നഗർ എന്ന് ചെറുതായി അഡ്രസ് ഓർമ്മയിലുണ്ട്. മനസ്സു കലങ്ങിയ സമയത്ത് നമ്മുടെ ബുദ്ധി തെളിമയോടെ ഉണർന്നു പ്രവർത്തിക്കുന്നത് ഞാനെപ്പോഴും ആശ്ചര്യത്തോടെ ശ്രദ്ധിച്ചു വന്നിട്ടുണ്ട്.


ചെന്നിറങ്ങി വീടു കണ്ടുപിടിച്ചെത്തുമ്പൊഴേക്കും പതിനൊന്നു മണി കഴിഞ്ഞു. എല്ലാവരും ഭക്ഷണം കഴിച്ച് കലം കമിഴ്ത്തി കിടക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ വിയർത്തൊലിച്ചു കൊണ്ടു ചെന്നു നിന്നു. എന്റെ ചിറ്റയും ചിറ്റപ്പനും ഉത്സാഹത്തോടെ വരവേറ്റു. അവസ്ഥ പറഞ്ഞതും ഒരേ ചിരി. ചിറ്റ അടുപ്പിൽ തീപ്പൂട്ടി ഭക്ഷണമുണ്ടാക്കാൻ ഒരുക്കം തുടങ്ങി. ചിറ്റ ഞെരമ്പുപോലെയാണിരിക്കുന്നത്. ശബ്ദം ഓട്ടുമണി നാദം. ഉച്ചാരണ സ്ഫുടതയോടെയാണ് സംസാരിക്കുക. ചിറ്റപ്പന് പോലീസുകാരുടെ ഒത്ത ശരീരം. പിരിച്ച മീശ വെച്ച തിളക്കമുള്ള മുഖം. സംസാരിക്കാൻ തുടങ്ങിയാൽ ചിരിച്ചു ചിരിച്ചു നമ്മൾ വീണുകൊണ്ടേയിരിക്കും. ജയന് ആ അന്തരീക്ഷം ഏറെ ഇഷ്ടമായി. "അരുണാ, ഇനിയിപ്പോ ബസ് കിട്ടില്ല. ഇവിടെത്താമസിച്ചു രാവിലെ പോകാം" എന്നു പറഞ്ഞു ചിറ്റപ്പൻ. അവിടത്തെ ലാന്റ് ഫോണിൽ നിന്ന് ഞാൻ അമ്മയെ വിളിച്ചു വിവരം പറഞ്ഞു.


ആരാധനയുടെ അവസാനദിവസം എല്ലാ ആൺ പെൺ പാട്ടുകാരും ചേർന്ന് ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീർത്തനങ്ങൾ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ആലപിക്കും. ആ സമയത്ത് അവിടെക്കൂടിയ അത്രയും കലാഹൃദയങ്ങൾ ഒന്നു ചേർന്നു പാടുന്ന ആ നിമിഷം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷമാണെന്നു തോന്നിക്കൊണ്ടേയിരുന്നു. ആ ആലാപനങ്ങളിലെ രാഗത്തിന്റെ ഒത്തിണക്കം, ലയം, കലാകാരുടെ അർപ്പണം, ഭക്തിഭാവം - അത് സത്യമായും ത്യാഗൈയ്യർക്കു സമർപ്പിച്ച മഹത്തായ രാഗാഞ്ജലി, എന്റെ മെയ്യും മനസ്സും രോമാഞ്ചം കൊണ്ടു.


നാട്ടിലെത്തിയതും ആദ്യത്തെ ജോലിയായി സേലത്തു പോയി ഒരു ടേപ് റിക്കാർഡർ ഞങ്ങൾ വാങ്ങിച്ചു. കറുപ്പു നിറമുള്ള പാനസോണിക്. നമ്മളാഗ്രഹിക്കുമ്പോഴൊക്കെ പാട്ടുകേൾക്കാം എന്ന ചിന്ത തന്നെ മധുരമുള്ളത്. കൂടാതെ അതിൽ റേഡിയോയുമുണ്ട്. എല്ലാം വാങ്ങി രാത്രി ഭക്ഷണവും കഴിച്ച് സേലത്തു നിന്നു ബസ്സിൽ മടങ്ങുകയാണ് ഞങ്ങൾ. ജയൻ ബസ്സിൽ നല്ല ഉറക്കം. കാറ്റിന്റെ ചിലുചിലുപ്പാട്ടു മതി, ജയനെ ഉറക്കം അടിച്ചെടുത്തുകൊണ്ടുപോകും. ഞാൻ നിലാവെട്ടത്ത് പുറംകാഴ്ച്ചകൾ നോക്കി നോക്കി വന്നു. സേലം-ധർമ്മപുരി റൂട്ടിൽ ഇടഗ്രാമങ്ങൾ തീരെ കുറവാണ്. മലകൾ ഇടക്കിടക്കു വന്നുകൊണ്ടിരിക്കും, തൊപ്പൂർ ഭാഗങ്ങളിലെത്തിയാൽ.


നിലാവൊളിയിൽ മലകൾ കാണുന്നത് എനിക്കു ശരിക്കുമൊരു പുതിയ അനുഭവം. അവയുടെ മുകൾത്തട്ടുകൾ തിളങ്ങിക്കണ്ടു. കാണെക്കാണെ തിളക്കം കൂടി തൊട്ടരികെയുള്ളവ പോലെയായി. എന്നാൽ ദൂരത്തെന്ന പോലെയും വെളിപ്പെട്ടു.  ഏകാന്തതയെ ഓർമ്മിപ്പിക്കുന്ന സ്ഥൂലരൂപം മലയെപ്പോലെ വേറെയില്ല. മലയുടെ രാജ്ഞി, പർവതരാജകുമാരി, മലമകൾ, അവളോടു നിർത്താതെ കൊഞ്ചുന്ന ശിവൻ അരികേയുള്ളപ്പോഴും അവളുടെ ഏകാന്തത തീണ്ടപ്പെടുന്നേയില്ല, തടസ്സപ്പെടുന്നേയില്ല എന്നു തോന്നും. മെല്ലെ വിശാലാക്ഷിയമ്മ എന്റെ ഓർമ്മയിലണയും.


ചില ബന്ധങ്ങൾ നമ്മുടെ മനസ്സിൽ രൂപം കൊള്ളുന്ന അതിശയം ഞാൻ ആശ്ചര്യത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. അത് വിശദീകരിക്കാനേ കഴിയില്ല. പല ദിവസങ്ങളിലും തിണ്ണയിൽ പാതിരാക്കു ശേഷം മൂക്കുത്തി തിളങ്ങുമാറ് ഒറ്റക്കിരുന്ന അമ്മയെ താൻ കണ്ടതായി ജയൻ പറഞ്ഞിട്ടുണ്ട്. തന്നിൽ നിന്നേറെയകലെ മറ്റെങ്ങോ അമ്മ ഇരുന്നതായി തനിക്കു തോന്നിയെന്ന് പല തവണ ജയൻ പറഞ്ഞിട്ടുണ്ട്. അന്നു രാത്രി കിടന്ന ശേഷം വിളക്കുകളെല്ലാം അണച്ച് ഞാൻ നോക്കി ഇട്ടു വെച്ച കാസറ്റ് ഓൺ ചെയ്തു. സസ്പെൻസാകട്ടെ എന്നു കരുതി ജയനോട് ഒന്നും പറഞ്ഞില്ല. ആദ്യത്തെ പാട്ട് മഹാരാജപുരം സന്താനത്തിന്റെ ശബ്ദത്തിൽ. പതിവു പോലെ താഴ്ന്ന സ്ഥായിയിൽ കണ്ഠശുദ്ധി വരുത്തി പെട്ടെന്ന് ഹിമഗിരി തനയേ എന്ന് ഒഴുകി. ഹിമഗിരി തനയേ ..... ഹേമലതേ .... അംബ ഈശ്വരി .... ശ്രീലളിതേ മാമവ .....


ഹിമവാന്റെ മകളേ ... ഹേമലതേ .... അമ്മയായ് ലോകം പോറ്റുന്ന ഈശ്വരിയും നീ .... ലളിതയായവൾ.


മുത്തയ്യാ ഭാഗവതരുടെ കൃതി. ശുദ്ധ ധന്യാസി രാഗം. മഹാരാജപുരത്തിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കൈലാസ പർവതം ശിവനെ വിട്ട് എനിക്ക് അമ്മയുടെ മാമലയായിക്കാണായി. സംഗീതമെന്ന കലയിൽ ഞാൻ വെച്ച ആദ്യ കാൽവെപ്പിൽ എന്നെ ചേർത്തുപിടിച്ചു, ഹിമാലയപുത്രി. എന്നെ കൈ പിടിച്ചു വിളിച്ചുകൊണ്ടുപോയി. ഓരോരോ കൊടുമുടികളിലേക്കും താഴ് വരകളിലേക്കും വിളിച്ചുകൊണ്ടുപോയി അവയുടെ മടക്കുകൾ മുഴുവനും കാണിച്ചു തന്നു. മലയമാരുതം എന്നാൽ ഇളംകാറ്റ്. മലയിൽ പിറക്കുന്നത്. സംഗീതവും തെന്നലും ഒന്നു തന്നെ.


തിരുവയ്യാറിൽ വെച്ചു കേട്ടപ്പോൾ സംഗീതം ഒരാഘോഷമായിരുന്നു, ഉത്സവമായിരുന്നു. എവിടെച്ചെന്നാലും മൈക്കിലൂടെ നമ്മെ പിന്തുടർന്നു വരുന്ന സംഗീതം ഒരുത്സവ മനോനില നമുക്കു തരുന്നു. സംഗീതത്തെ നേരിട്ടറിയാൻ സംഗീതോത്സവങ്ങൾ ഏറെ സഹായകം. പലതരം രാഗങ്ങളും കൃതികളും നമ്മുടെ കാതിൽ വീണുകൊണ്ടേയിരിക്കുന്നത് നമ്മുടെ ഉപബോധമനസ്സിനെ നനവാർന്നതാക്കുന്നു. എന്നാൽ വീട്ടിൽ രാത്രിയിൽ ടേപ് റിക്കാർഡറിൽ കേൾക്കുന്നത് വ്യത്യസ്തമായ വേറൊരനുഭവം. എനിക്ക്, എനിക്കു മാത്രമായി മഹാരാജപുരം പാടുന്നു. ഏറെയേറെയരികെ, ഏറ്റവും സ്വകാര്യമായി. നമ്മുടെ ആത്മാവിനുള്ളിലൂടെയും കടന്നുപോകുന്നു സംഗീതം.


മഹാരാജപുരം പാടി നിർത്തിയപ്പോൾ എന്റെ കണ്ണുകൾ നീരണിഞ്ഞിരുന്നു.മുത്തശ്ശിയുടെ വീട്, കാവേരിയാറ്, പുള്ളമംഗലം അയ്യർ എന്നിങ്ങനെ എവിടെവിടൊക്കെയോ തങ്ങിത്തങ്ങി ഒടുവിൽ എന്റെ മനസ്സ് വിശാലാക്ഷിയമ്മയിൽ വന്നു നിന്നു. ജയനും ഒന്നുലഞ്ഞ് , "അമ്മയെ ഓർത്തു" എന്നു പറഞ്ഞു.

No comments:

Post a Comment