ചീന്തലിന്റെ ശേഷിപ്പ്
പി.രാമൻ
പഴന്തുണിയും കടലാസും കീറുന്നതിന്റെ മാത്രമല്ല അവയെപ്പോലെ ഗ്രാമങ്ങളെയും നഗരങ്ങളെയും വലിച്ചു കീറുന്നതിന്റെ കൂടി ശബ്ദങ്ങൾ കേൾപ്പിക്കുന്ന കവിതകളാണ് പ്രഭാ സക്കറിയാസിന്റേത്. പഴന്തുണിക്കു പിന്നിൽ പേറും പെൺമയുമുണ്ട്. കടലാസിനു പിന്നിലും പേറും പെൺമയുമല്ലാതെ മറ്റെന്താണ്? പേറിനും പെൺമക്കും വേണ്ടി ഈ കവി പഴന്തുണിയും കടലാസും വലിച്ചു കീറുന്നു; ഗ്രാമ-നഗരങ്ങളെയും. കീറിയിട്ട അരികുകളിലൂടെ വിരലോടിക്കുന്നു. നഗരത്തിന്റെ അരികുകളെ തിരകളായ് വന്നു നനക്കുന്നു. ചീന്തിയിട്ടതിന്റെ ബാക്കിക്കെന്തു ഭംഗി എന്നു വിസ്മയിക്കുന്നു. ശസ്ത്രക്രിയ എന്നാൽ മുഖത്തു നിന്ന് ചിരിയും ഉറക്കത്തിൽ നിന്നു സ്വപ്നങ്ങളും കീറിയെറിയല്ലാതെ മറ്റൊന്നുമല്ല എന്നു വിങ്ങുന്നു. അങ്ങനെ, കീറിയെടുത്ത ശേഷമുള്ള വക്കുകളും അരികുകളും കൊണ്ട് നിറഞ്ഞതായിരിക്കുന്നു പ്രഭാ സക്കറിയാസിന്റെ കവിതാലോകം. ചീന്തലിന്റെ വക്കിൽ വിരലോടിക്കുന്നത് മുറിവിന്റെ വക്കിൽ വിരലോടിക്കുന്ന പോലെയാണ്. ഭാഷയെക്കുറിച്ചു പറയേണ്ടി വരുമ്പോൾ വാക്കിന്റെ വക്കിനെക്കുറിച്ചാണീ കവി പറയുക. ("വാക്കിനെ വാക്കിന്റെ വിളുമ്പിൽ തുളുമ്പി ക്കുക") പുസ്തകത്തിൽ നിന്നു ചീന്തിയെടുത്ത കടലാസിനെപ്പറ്റിയല്ല, കടലാസ് ചീന്തിയെടുത്തതിനു ശേഷമുള്ള പുസ്തകത്തെക്കുറിച്ചാണ് കവി എഴുതുന്നത്. ശേഷിപ്പുകളുടെ ഭാഷയാണ് ഇവരുടെ കവിതാഭാഷ. കീറപ്പെടാത്തതെല്ലാം ഈ കവിയുടെ നോട്ടത്തിൽ ദയനീയമാണ്. ഒരു കടലാസു പോലും കീറിയെടുക്കപ്പെടാതെ മലർന്നു കിടന്ന് വാക്കുകൾ തുപ്പുകയും വിഴുങ്ങുകയും ചെയ്യുന്ന ഒരു പുസ്തകത്തിന്റെ കാഴ്ച്ച പോലെ ദയനീയം.
ചീന്തലിന്റെ വക്കിൽ വിരലോടിക്കുന്നത് വെട്ടിയ മരത്തിന്റെ കുറ്റിയിൽ തലോടുന്നതു പോലെത്തന്നെയാണ്. ലഘുവായ, നിസ്സാരമായ ഒരു പ്രവൃത്തി. എന്നാൽ വേദനാകരം. മുറിവിലാണ് തലോടുന്നത് എന്നു തോന്നുകയേയില്ലെങ്കിലും മുറിവിലാണ് പതിയെ വിരലോടിക്കുന്നത്. വേദനയെ അതിന്റെ വിത്തിൽ ചെന്നു തൊടുകയാണ് കവി.
അരികുകൾ അതിരുകൾ കൂടിയാണ്. അങ്ങനെയെങ്കിൽ കീറിയെടുത്തതിന്റെ അവശേഷിപ്പാണ് ഓരോ അതിരും. അരികുകളെക്കുറിച്ചുള്ള ഈ കവിതകൾ അതിരുകളെക്കുറിച്ചുള്ളവയുമാകുന്നു. ഗ്രാമ - നഗരങ്ങളുടെ അതിരുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പിടികിട്ടായ്മയാണ്. കേരളം മുഴുവനായും ഒരാഗോള നഗരമാണ് എന്നൊരു നിരീക്ഷണം മുമ്പേ പ്രചരിച്ചിട്ടുണ്ട്. ഗ്രാമത്തെക്കുറിച്ചുള്ള ഗൃഹാതുര സങ്കല്പങ്ങൾ പിന്നിലേക്കു ചീന്തിയെറിഞ്ഞ് നഗരാതിർത്തി കടക്കുന്നു ഈ സമാഹാരത്തിലെ കവിതകൾ. നൈറ്റി കയറ്റി കുത്തിയിരുന്ന് പുള്ളിക്കോഴിയുടെ കഴുത്തു പിരിക്കുന്നതും ഞെണ്ടിനെ ജീവനോടെ ചൂടുവെള്ളത്തിൽ മുക്കിയെടുക്കുന്നതുമായ ഉദാത്തഗ്രാമീണദൃശ്യങ്ങൾ കടന്ന് കവി നഗരത്തിലെത്തുന്നു. നെഹ്‌റു മെമ്മോറിയൽ എന്ന കവിതയിലെപ്പോലെ വൈരസ്യമുണ്ടെങ്കിലും താനിതിൽ മുങ്ങിത്താഴുകയാണ് എന്ന നിസ്സഹായതയുണ്ടെങ്കിലും ഈ കവിതകളിലെ നഗരം ഹിംസാത്മകമല്ല - അഥവാ ഗ്രാമത്തിന്റെ ഹിംസാത്മകത തന്നെയേ നഗരത്തിനുമുള്ളൂ. നഗരനിരത്തിലൂടെ മഴയത്ത് ഒരു കട്ടൻ മാത്രം കൊതിച്ചു നടന്നു പോകുമ്പോൾ തൊട്ടു മുമ്പിൽ പ്രണയത്തിന്റെ പിൻപുറത്ത് തെറിച്ച ചെളിച്ചിത്രം കാണുമ്പോഴത്തെ സ്വാഭാവിക പ്രസന്നത പല കവിതകളിലുമുണ്ട്.
മലയാള കവിതയെ സംബന്ധിച്ചിടത്തോളം നഗരം കവിതയുടെ കേന്ദ്രാനുഭവമാകുമ്പോഴത്തെ ഈ സ്വാഭാവികത ഒരു പ്രധാനകാര്യം തന്നെയാണ്. പഴയ കവികളുടെ നഗരപ്പേടിയിൽ നിന്ന് നഗരാനുഭവങ്ങളുടെ സ്വാഭാവിക പ്രവാഹത്തിലേക്ക് കവിത ഗതി മാറുന്നത് ഇവിടെ അനുഭവിക്കാം. 2000 -നു ശേഷമുള്ള മലയാള കവിതയാണ്, ലതീഷ് മോഹനെയും എസ്.കലേഷിനെയും പോലുള്ളവരുടെ കവിതയാണ്, മലയാളത്തിന്റെ സിറ്റി സ്കേപ്പുകൾ സ്വാഭാവികമായി ആവിഷ്കരിച്ചത്. അത്ര തന്നെ സ്വാഭാവികമായി ഗ്രാമീണതയും നാഗരികതയും അവയിൽ കലർന്നു കിടക്കുന്നുമുണ്ട്. ആ നഗരാനുഭവങ്ങളെ പെൺമയുടെ കവിതക്കണ്ണുകളാൽ നോക്കുന്ന നോട്ടങ്ങളാണ് ഈ പുസ്തകത്തിലെ കവിതകളിൽ ചിലതെങ്കിലും. തുണിയോ കടലാസോ കീറുമ്പോലെ നഗരാനുഭവങ്ങളെ നെടുകെച്ചീന്തുന്നു ആ നോട്ടങ്ങൾ. കീറിയിട്ടതിന്റെ ശേഷിപ്പാണ് ഈ കവിതകളിലെ നഗരം.
കടലാസ് വലിച്ചു കീറാൻ കയ്യു മതി. പഴന്തുണി കീറാനുമതെ. എന്നാൽ പുതിയ വെള്ളത്തുണി കീറാൻ ചിലപ്പോൾ കത്രിക വേണ്ടി വന്നേക്കാം. കത്രിക കൊണ്ടു കീറുമ്പോഴും കയ്യുകൊണ്ടു കീറുമ്പോഴും വേറെ വേറെ ശബ്ദങ്ങളാണ് കേൾക്കുക. ഉറക്കത്തിൽ നിന്ന് സ്വപ്നങ്ങൾ ചീന്തി മാറ്റാൻ ആ ആയുധങ്ങൾ മതിയാകില്ല. വ്യക്തിത്വം, ബന്ധങ്ങൾ, മൂല്യങ്ങൾ, വികാരങ്ങൾ, ജീവനോപാധികൾ, സ്വസ്ഥത എല്ലാം അടർത്തിമാറ്റാൻ അദൃശ്യമായ ആയുധങ്ങൾ വേണ്ടിവരും. തലയുടെ തുന്നലഴിഞ്ഞു പോകുന്നതും ഹൃദയത്തിലൊരു നൂൽ ഇഴപൊട്ടി അകലുന്നതും കവി സൂക്ഷ്മമായിത്തന്നെ അറിയുന്നുണ്ട്. നമ്മൾ ഞാനായും നീയായും ചീന്തപ്പെടുന്നതിന്റെ ഞെരക്കവും ഈ കവിതകളിൽ നിന്നു കേൾക്കുന്നു. കീറൽ, മുറിയൽ, പേറ്, പിളർപ്പ്, എഴുത്ത് എന്നൊരു തുടർച്ച പ്രഭാ സക്കറിയാസിന്റെ കവിതകളിലുണ്ട്.
No comments:
Post a Comment