Sunday, February 20, 2022

കുട്ടികളുടെ വേല

 കുട്ടികളുടെ വേല



പാടം കൊയ്യാറായില്ല 

പാലുമുറച്ചില്ല

പിന്നെങ്ങനെ കാവിൽ കേറും 

ദേശത്തിൻ വേല?


പച്ചോലകൾ പൊന്നായില്ല 

വെള്ളം വാർന്നില്ല

പിന്നെങ്ങനെ കാവിൽ കേറും 

ദേശത്തിൻ വേല?


വൈകീ മഴയെത്താൻ, വൈകീ 

ഞാറു പറിച്ചുനടാൻ

പിന്നെങ്ങനെ കാവിൽ കേറും 

ദേശത്തിൻ വേല?


കുട്ടികൾ കൂട്ടം കൂടി -

ത്തീരുമാനിക്കും - അതു

മട്ടിൽ പിറ്റേന്നു കാര്യം

നടപ്പിലാകും.


പാടത്തിൻ വക്കത്തെത്തും 

ദേശക്കാള - അങ്ങനെ

പാടത്തിന്നടിയിലിറങ്ങും 

ദേശക്കാള 


പാടത്തിന്നടിയിൽ കൂടി 

വേല പോകുമ്പോൾ

പാലുമുറച്ചു കൊയ്യാൻ 

പാകമാകും.


കോലുവിളക്കിനു പിന്നിൽ

വെളിച്ചപ്പാടിൻ

വാളുമ്മുടി മണ്ണിൽ നിന്നും

മറുകരയിൽ പൊങ്ങും


പാടത്തിന്നപ്പുറമേറും 

ദേശക്കാള - അങ്ങനെ

കാവേറുമിക്കുറി നമ്മുടെ 

ദേശത്തിൻ വേല.


മണ്ണിന്നടിയിൽ കേൾക്കാം

വൈകി മടങ്ങുമ്പോൾ

പൊങ്ങും കരിമരുന്നിൻ 

പടർമുഴക്കം


പിറ്റേന്നീപ്പാടമെല്ലാം

കൊയ്ത്തിനൊരുങ്ങാൻ

കല്പിക്കും മട്ടിൽ പൊങ്ങും

തുടർമുഴക്കം.

പുതിയ ഇലകൾ

 


പുതിയ ഇലകൾ



ഓർമ്മ മങ്ങിത്തുടങ്ങുമ്പോൾ

ഒരു പുതിയ ഭാഷ പഠിക്കാൻ

ഞാൻ ഒരുങ്ങിയിരിക്കുന്നു,

ബുദ്ധി തെളിയിച്ചെടുക്കാൻ


ഭാഷ തീരുമാനിച്ചു കഴിഞ്ഞു.

അതിനായുള്ള നിഘണ്ടുക്കൾ

തണുപ്പു കാലത്തേക്കുള്ള

കട്ടിപ്പുതപ്പുകൾ പോലെ

വാങ്ങി വെച്ചിരിക്കുന്നു.


ഇപ്പോൾ ചെയ്യുന്ന ജോലിയിൽ നിന്നു

വിരമിക്കുന്ന ദിവസം

പഠനം തുടങ്ങും.


പുതുഭാഷയുടെ ഏകാന്തഭൂമിയിൽ

കുറുക്കന്റെ ഓരി

പുലിമുരൾച്ച

വെള്ളത്തിന്റെ മൂളക്കം

താഴ്‌വാരങ്ങളിൽ

നഗരങ്ങളുടെ ഇരമ്പം

നിലാമുഴക്കം .....

വഴി തെറ്റി എന്നെ കാണാതായാൽ

ഉറക്കെ പേരെടുത്തു വിളിക്കണേ

എന്നിട്ടും കാണുന്നില്ലെങ്കിൽ .....


രണ്ടു കവിതകൾ -ക്സിയാ യു (ചൈനീസ് ,തായ്വാൻ, ജനനം: 1956)

 1. മധുര പ്രതികാരം


ക്സിയാ യു (ചൈനീസ് ,തായ്വാൻ, ജനനം: 1956)


ഞാൻ നിന്റെ നിഴലെടുത്ത് ഉപ്പു ചേർത്ത്

അച്ചാറാക്കി

കാറ്റത്തിട്ടുണക്കും.


വയസ്സാങ്കാലത്ത്

വീഞ്ഞും കൂട്ടിയടിക്കും.


2. വായന


നാവിന്മേൽ

ഒരു ഞെണ്ട്



Friday, February 18, 2022

മലയിൽ പിറക്കുന്നത് - അരുൺമൊഴി നംഗൈ

 മലയിൽ പിറക്കുന്നത്.


അരുൺമൊഴി നംഗൈ

പരിഭാഷ: പി.രാമൻ


സുന്ദരരാമസ്വാമിയുടെ വീട്ടിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തോടു സംസാരിക്കുമ്പോൾ, നായന്മാർക്ക് കാതത്ര പോരാ എന്നദ്ദേഹം പറഞ്ഞു. അനുഭവത്തിൽ നിന്നു തന്നെ ഞാനതറിഞ്ഞിരുന്നു. അപ്പോൾ പെട്ടെന്ന് അതെയതെ എന്നു തലയാട്ടി ഞാൻ സന്തോഷിച്ചു. കടക്കണ്ണു കൊണ്ടു ജയനെ നോക്കി ഞാനും സു.രായും പുഞ്ചിരിച്ചു. ജയൻ അന്നേരം സംസാരിക്കുന്ന വിഷയം മാറ്റാൻ ശ്രമിച്ചു തോറ്റ് ദുർബലമായി പുഞ്ചിരിച്ചു. പിന്നീട് സംഗീതത്തെപ്പറ്റി കുറച്ചുനേരം സംസാരിച്ചപ്പോൾ സു. രാ. മാലിയുടെ പുല്ലാങ്കുഴലിനെക്കുറിച്ചു പ്രശംസിച്ചു പറഞ്ഞ് അദ്ദേഹത്തെക്കുറിച്ചുള്ള ചില സംഭവങ്ങൾ പങ്കുവെച്ചു. അന്ന് ഞാൻ തീരുമാനിച്ചതാണ്.


ബസ്സിൽ ധർമ്മപുരിക്കു മടങ്ങുമ്പോൾ ടേപ് റെകോർഡർ വാങ്ങുക എന്ന എന്റെ പലനാൾ സ്വപ്നം ആശയോടെ മുന്നോട്ടു വെച്ചു. എന്റെ ഒരാഗ്രഹത്തിനും ജയൻ എതിരു പറയില്ല. "ഉം... വാങ്ങാം", ജയൻ പറഞ്ഞു. അതിനകം സേലത്തു പോയി ഏതു ഡിസൈനിൽ ഏതു കളറിലുള്ളതു വാങ്ങണമെന്ന ചിന്തകളോടെ ഞാൻ സ്വപ്നത്തിൽ മുഴുകി.


മധുരയിൽ ഇടക്കിറങ്ങിയപ്പോൾ എനിക്കു മീനാക്ഷിയെ ദർശിക്കണമെന്നു തോന്നി. കോളേജിൽ പഠിച്ച നാലു വർഷങ്ങൾ എനിക്കേറ്റവും അടുപ്പമുള്ളവളായിരുന്നു. അക്കാലത്ത് പലവിധ ചാഞ്ചല്യങ്ങൾ, ഭയങ്ങൾ, വീട്ടു വഴക്കുകൾ എല്ലാം അവളോടു മാത്രം ഞാൻ കേണു പറഞ്ഞു കൊണ്ടിരുന്നു. ആയിരം പേർ നിൽക്കുന്ന സന്നിധിയിലും ഞാനും അവളും മാത്രമായ പരിപൂർണ്ണ ഏകാന്തത അനുഭവിക്കുന്ന അനേക സന്ദർഭങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. ജയനും ഞാനും പ്രേമിക്കുമ്പോൾ ആദ്യമായി ഒന്നിച്ചു പുറത്തു പോയത് മീനാക്ഷി ക്ഷേത്രത്തിലേക്കാണ്. അവളാണ് ഞങ്ങളെ ചേർത്തു വെച്ചവൾ.


ആദ്യമായി ജയന്റെ കൂടെ വന്നു തൊഴുതപ്പോൾ ജയന്റെ അമ്മ വിശാലാക്ഷിയമ്മയെ ഞാനോർമ്മിച്ചു. അവർ അനുഗ്രഹിക്കുന്നതു പോലെ എനിക്കു തോന്നി. മീനാക്ഷി, കാമാക്ഷി, വിശാലാക്ഷി എല്ലാം മലമകളുടെ പല പല പേരുകളല്ലേ? ജയനോട് അപ്പോൾ തന്നെ ഇതു പറയാൻ നാണമായിരുന്നു. കാരണം അതിനു മുമ്പ് ആദ്യം തമ്മിൽ കണ്ടപ്പോൾ അമ്മയെപ്പറ്റി ഞാൻ ഒരുപാടു ചോദിച്ചിരുന്നു. ഇളകിമറിഞ്ഞ ആ മാനസികനിലയിൽ നിന്ന് പൂർണ്ണമായും ജയൻ പുറത്തുവന്നുവോ എന്നറിയാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ആ ഓർമ്മകൾ അതിവൈകാരികമാക്കാതെയാണ് സംസാരിച്ചതും. എന്നാൽ ഉള്ളിന്റെയുള്ളിലെ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിന്റെ സങ്കടവും ഏകാന്തതയും ഞാനറിഞ്ഞു.


ബസ്സിൽ വരുമ്പോൾ ആലോചിച്ചു. ക്ലാസിക്കൽ സംഗീതത്തിൽ എനിക്കു കുറച്ചെങ്കിലും മുൻപരിചയമുണ്ട്. സംഗീതത്തിന്റെ ഒരു തുള്ളി തേൻ കുഞ്ചിതപാദം അയ്യർ വഴി കുട്ടിക്കാലത്ത് ഞാൻ നുണഞ്ഞിട്ടുണ്ട്. എന്റെ അച്ഛനും സംഗീതാസ്വാദകൻ തന്നെ. അച്ഛൻ വായ്പാട്ട് അധികം കേൾക്കാറില്ലെങ്കിലും നാദസ്വരം ഏറെ ഇഷ്ടത്തോടെ കേൾക്കും. ഷേക് ചിന്ന മൗലാന, തിരുവീഴിമിഴലൈ സഹോദരന്മാർ, കാരുക്കുറിച്ചി അരുണാചലം, രാജരത്നം പിള്ള എല്ലാവരേയും കേൾക്കും.


ഉത്സവക്കാലത്ത് നാദസ്വരം കേൾക്കുന്നത് എനിക്കേറെ ഇഷ്ടമാണ്. ക്ഷേത്ര മണ്ഡപങ്ങളിൽ മുഴങ്ങുന്ന നാദസ്വര സംഗീതം കേട്ട് പ്രദക്ഷിണവഴിയിൽ പാതിമയക്കത്തിലിരിക്കുന്നത് ജീവിതത്തിലെ വലിയ ആനന്ദങ്ങളിലൊന്ന്. വിശാലമായ ക്ഷേത്രച്ചുറ്റുവഴികളിൽ കേൾക്കുന്ന നാദസ്വരത്തിന് ആ പ്രത്യേക മാധുര്യം എങ്ങനെ വരുന്നു? സംഗീതം വീശിയടിക്കാൻ പാകത്തിനുള്ള നിർമ്മിതിയാണത്. ആകയാൽ തുറന്ന സ്ഥലങ്ങളിൽ സംഗീതം പെരുകി നിറയുംപോലെ തോന്നും.


എന്നാൽ ജയന് ശാസ്ത്രീയ സംഗീതം പരിചയമില്ല. എങ്ങനെ തുടങ്ങി വെയ്ക്കും? പരിചയമില്ലാത്തവർക്ക് ശാസ്ത്രീയ സംഗീതം അത്ര പിടിക്കില്ല. പിന്നത്തെയാഴ്ച്ച ഞങ്ങൾക്ക് പൊങ്കലിന് പട്ടുക്കോട്ടയിലേക്കു പോകേണ്ടിയിരുന്നു. അവിടെ ചെന്ന ശേഷം പൊങ്കലിന്റെ പിറ്റേന്ന് മാട്ടുപ്പൊങ്കൽ ദിവസമാണ് തിരുവയ്യാറിൽ ത്യാഗരാജ ആരാധന നടക്കുന്ന വിവരം പത്രത്തിൽ നിന്നുമറിഞ്ഞത്. പട്ടുക്കോട്ടയിലെ എന്റെ വീട്ടിൽ ഭക്ഷണം കഴിച്ചു മപ്പടിച്ചു കിടന്ന് വല്ലപാടും കഴിച്ചു കൂട്ടുകയാണ് ജയൻ അപ്പോൾ. പുറത്തു പോകാം എന്നു പറഞ്ഞതും ചാടിയെണീറ്റു. " പോകാം പോകാം" എന്നു പറഞ്ഞു. ആദ്യം അച്ഛനേയും അമ്മയേയും കൈകാര്യം ചെയ്യണം. അജിക്കന്നു പതിനൊന്നു മാസം. കുഞ്ഞിനെ വിട്ടേച്ച് കച്ചേരി കേൾക്കാൻ പോവുകയോ എന്ന ആക്ഷേപമുയരാം.


ജയനപ്പോൾ ഒരാശയം തോന്നി. ആയിടെയാണ് എന്റെ വീട്ടിൽ ലാന്റ് ഫോൺ കണക്ഷൻ എടുത്തത്. ഉടനെ തൃശൂർക്കു ഫോൺ ചെയ്തു. ആറ്റൂർ രവിവർമ്മയുടെ ഭാര്യയാണ് ഫോണെടുത്തത്. "സാർ തിരുവയ്യാറിലേക്കു പോയല്ലോ. അവിടെ തഞ്ചാവൂർ കാർത്തികാ ഹോട്ടലിൽ മുറിയെടുത്തിട്ടുണ്ട്. ജയമോഹൻ അവിടെച്ചെന്നാൽ മതി. ഉച്ച കഴിഞ്ഞേ കച്ചേരിക്കു പോകൂ" എന്നു പറഞ്ഞു. ആറ്റൂർ ഞങ്ങൾ രണ്ടാളെയും തിരുവയ്യാറിലേക്കു വിളിച്ചിട്ടുണ്ട് എന്നു പറഞ്ഞാൽ എന്റെ അച്ഛനുമമ്മക്കും തട്ടാൻ കഴിയില്ല.


ജയൻ ചുറുചുറുക്കോടെ പുറത്തിറങ്ങി. ആറ്റൂരിനെ കാണാൻ പോകുന്ന സന്തോഷത്തോടെ. എന്നോട് "ഞാൻ ഇപ്പോൾ പോകുന്നു അരുണാ, നീ  ഉച്ചയൂണു കഴിഞ്ഞ് അജിയ്ക്കു പാലു കൊടുത്ത ശേഷം തഞ്ചാവൂർക്കു വാ. കാർത്തിക് ഹോട്ടലിൽ ഞാൻ ആറ്റൂരിനൊപ്പം വെയിറ്റ് ചെയ്യാം. നീ വന്നാൽ മൂന്നാൾക്കും കൂടി തിരുവയ്യാർ പോകാം" എന്നു പറഞ്ഞു.


ഞാൻ ആനന്ദലോകത്തെത്തി. തിരുവയ്യാറ് എങ്ങനെയിരിക്കും എന്നതേ ഞാൻ മറന്നു പോയിരിക്കുന്നു. പത്തു വയസ്സിൽ ഏതോ സ്വന്തക്കാരുടെ കല്യാണത്തിനു പോയതാണ്. അതിനു ശേഷം അശോകാ എന്ന മധുര പലഹാരത്തിന്റെ രൂപത്തിൽ മാത്രമേ തിരുവയ്യാറ് എന്റെയടുത്തു വന്നിട്ടുള്ളൂ.അച്ഛൻ എപ്പോൾ തഞ്ചാവൂർക്കു പോയാലും വാസൻ ബേക്കറി അല്ലെങ്കിൽ അയ്യങ്കാർ ബേക്കറിയിൽ നിന്നു തിരുവയ്യാറു സ്പെഷ്യൽ അശോകാ വാങ്ങി വരും. ഹലുവ കഴിഞ്ഞാൽ പിന്നെ അശോകയാണ് എനിക്കേറ്റവുമിഷ്ടം. ചെറുപയർപരിപ്പിലുണ്ടാക്കുന്ന അതിന്റെ രുചിയേ വേറെ.


ഉച്ചക്ക് ധൃതിയിൽ ഊണു കഴിച്ചു. അമ്മയോട് അജിക്ക് കഴിക്കാൻ സെറിലാക് ഉണ്ടാക്കുന്ന വിധം പറഞ്ഞു കൊടുത്തു. "അമ്മാ, പാൽക്കുപ്പി മൂന്നും സ്റ്റെറിലൈസ് ചെയ്തു വെച്ചിട്ടുണ്ട്. പാൽ കൊടുത്തു കഴിഞ്ഞാൽ വെള്ളത്തിലിടണം. ഞങ്ങൾ കച്ചേരി കഴിഞ്ഞു വരാൻ പതിനൊന്നു മണിയാകും"


"ഞാനും വളർത്തീട്ടുണ്ട് രണ്ടു പിള്ളാരെ, ചുമ്മാ കഴുകിത്തന്നെയാ കൊടുക്കാറ്. ഇത്രേം ആർഭാടം കാണിക്കുന്നോ നീ?" എന്നു നീട്ടി ഒച്ചയിട്ടു അമ്മ.


"അപ്പഴത്തെപ്പോലല്ല ഇപ്പൊ. കൃമികൾ പെരുകി. നിങ്ങടെ മക്കളുടെ റെസിസ്റ്റൻസ് എന്റെ മക്കൾക്കില്ല, പോരേ?"


ഞാൻ പോവുന്നതിനെക്കുറിച്ച് അച്ഛൻ എതിർപ്പൊന്നും പറഞ്ഞില്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞാൽ പിന്നെ മാറ്റമില്ല എന്ന് അച്ഛനറിയാം. എന്തെന്നാൽ, ഭർത്താവ് മഹാ പിടിവാശിക്കാരനാണെന്ന ഇമേജ് ഞാനുണ്ടാക്കി വെച്ചിട്ടുണ്ട്. എന്റെയടുത്ത് ജയനെപ്പറ്റി ചെറിയ വിമർശനത്തോടെ ആരു വന്നാലും ഈറ്റപ്പുലി പോലെ ഞാൻ ചീറും. തുടക്കത്തിലേ അരിഞ്ഞു കളഞ്ഞാൽ പിന്നെ ജയനെപ്പറ്റി എന്നോടു സംസാരിക്കാൻ അവർ ഭയപ്പെടും.


പുതുമണവാളൻ തമിഴ് മണ്ണിന്റെ ശാസ്ത്രീയ സംഗീതം കേൾക്കാൻ പോകുന്നു എന്നതേ എന്റെയച്ഛന് പെരുമയായി തോന്നിയിട്ടുണ്ടാവും. മെല്ലെ മെല്ലെ മുഴുത്തമിഴനാക്കി മാറ്റിയെടുക്കാം.


അജിയെ ഉറക്കിയശേഷം ഞാൻ ബസ്സു കയറിപ്പോന്നു. "കാർത്തിക് ഹോട്ടൽ ബസ് സ്റ്റാന്റിന്റെ പിൻഭാഗത്താണ്. നമ്മൾ ഇടയ്ക്ക് കാപ്പി കുടിക്കാൻ പോകാറില്ലേ, ആ ഹോട്ടൽ" ഞാൻ പുറപ്പെട്ടപ്പോൾ അച്ഛൻ വാതുക്കൽ വരെ വന്നു വഴി പറഞ്ഞു തന്നു.


പട്ടുസാരിയുടുത്തു പോകാൻ അമ്മ പറഞ്ഞു. വലിയ സഭാഹാളിൽ നടക്കുന്ന സംഗീതക്കച്ചേരി എന്നു കരുതിയാവാം. മേഞ്ഞ പന്തലും മൺതറയുമാണെന്നു പറഞ്ഞപ്പോൾ കോട്ടൺ സാരി ചുറ്റിക്കോളാൻ സമ്മതം തന്നു. തനിക്കു വേണ്ടപ്പെട്ടവർ എവിടെപ്പോവുകയാണെങ്കിലും നന്നായി ഉടുത്തു പോകണമെന്നാണ് അമ്മയുടെ പക്ഷം. അഴകുള്ള കോട്ടൺ സാരി ചുറ്റി മല്ലികപ്പൂമാല വെച്ച് ഒത്തൊരു തമിഴ് പെണ്ണായി ആറ്റൂരിനു മുന്നിൽ ചെന്നു ഞാൻ നിന്നു. "അരുൺമൊഴി വരണം" എന്റെ പേരിൽ നടുവിൽ ൺൺ... എന്ന ഒരു നീട്ടൽ നീട്ടും അദ്ദേഹം. എന്നോടു സംസാരിക്കുമ്പോൾ മുഖം വിടരും. ചിരിയും ഉത്സാഹവും തുളുമ്പും. ജയൻ എന്നെ നോക്കി പുരികമുയർത്തി. സുന്ദരിയായിട്ടുണ്ട് എന്ന് ചെവിയിൽ കുശുകുശുത്തു.


തിരുവയ്യാറിലേക്കു തഞ്ചൈയിൽ നിന്ന് മിനിറ്റിലൊരു ടൗൺ ബസ് വീതം സ്പെഷ്യൽ സർവീസുണ്ട്. തിരുവയ്യാറു ബസ് സ്റ്റാന്റിൽ ഇറങ്ങിയപ്പൊഴേ കർണ്ണാടക സംഗീതം കാറ്റിൽ വന്നു തഴുകി. മെല്ലെ നടന്നു കാവേരിയിലെ പാലം കടന്ന് ക്ഷേത്രച്ചുറ്റുവഴി താണ്ടി. ആദ്യം എനിക്കു വ്യത്യസ്തമായിത്തോന്നിയത് ക്ഷേത്രച്ചുറ്റുവഴിയുടെ ചുറ്റുമതിലാണ്. സാധാരണ ക്ഷേത്രങ്ങൾക്കുള്ളതിലും ഏറെ ഉയരമുണ്ടായിരുന്നു അതിന്. ക്ഷമാപൂർവം ശില്പങ്ങൾ നോക്കിക്കണ്ടു രസിച്ച് തൊഴുത ശേഷം ഞങ്ങൾ പുറത്തു വന്നു. കച്ചേരി നടക്കുന്ന വലിയ പന്തലിനു പിന്നിലുള്ള ത്യാഗരാജ സമാധിയിലേക്കു ചെന്നു. അവിടെ മനമുരുകി പ്രാർത്ഥിച്ചു. സംഗീതത്തിന് കാതു തുറക്കണേ എന്ന് - ജയന്റെ കാത്.


ത്യാഗരാജസ്വാമിയുടെ കീർത്തനത്തിന്റെ ഭക്തിയും അലിവും എളിമയും മറ്റാരിലും നമുക്കനുഭവിക്കാനാവില്ല എന്ന് കുഞ്ചിതൈയർ പറയാറുണ്ട്. അദ്ദേഹത്തെയും ഞാനോർത്തു. അങ്ങനെ പോയി പുഴയിലിറങ്ങി കാൽ നനച്ച ശേഷം ഞങ്ങൾ പടികളിലിരുന്നു. കുറച്ചുനേരം കഴിഞ്ഞു പന്തലിൽ പോയിരിക്കാമെന്ന് ആറ്റൂർ പറഞ്ഞു. ആറ്റൂർ ആ പന്തലിൽ വെള്ളത്തിലെ മീനെന്ന് എനിക്കു തോന്നി. എല്ലാ ഇടങ്ങളും അദ്ദേഹത്തിനു പരിചിതമായിരുന്നു. ഏറെക്കുറെ ഒരു തിരുവയ്യാറുകാരനെപ്പോലിരുന്നു. പത്തു വർഷമായി അദ്ദേഹം തുടർച്ചയായി ആരാധനക്കെത്താറുണ്ട്.


സന്ധ്യാസമയത്തെ കാറ്റും സംഗീതവും ചേർന്ന് അസാധാരണമായൊരാനന്ദം എന്റെയുള്ളിൽ നിറച്ചു. മൂവരും ശാന്തമായി പാട്ടു കേട്ടുകൊണ്ടിരുന്നു. മനസ്സു ശാന്തമാകുമ്പോൾ സംഗീതം നമുക്കുള്ളിൽ ആഴ്ന്നിറങ്ങും.വയലിൻ സംഗീതം മുഴങ്ങിക്കൊണ്ടിരുന്നു അപ്പോൾ. കൺമുന്നിലെ കാവേരിയുടെ ഒഴുക്കിനോട് വയലിൻ സംഗീതം ഒത്തുചേർന്ന ആ നിമിഷം എന്നുള്ളിൽ കല കൺതുറന്ന നിമിഷം എന്ന് ഞാനറിഞ്ഞു.


ആറ്റു നീരൊഴുക്കിന്റെ മൃദുമർമ്മരം, തഴുകിയ കാറ്റ്, മറുകരയിൽ അന്തിവെളിച്ചത്തിലാടുന്ന തെങ്ങോലകൾ, ഇരിക്കുന്ന പടിക്കെട്ടിൽ എന്നെ കടന്നുപോകുന്ന പല തരം കാൽവിരൽമോതിരങ്ങൾ, കൊലുസണിഞ്ഞ പാദങ്ങൾ, പട്ടുസാരിക്കുത്തിന്റെ വിശറിമടക്കുകൾ, ആണുങ്ങളുടെ കറുത്ത, ഇരുനിറത്തിലുള്ള പരുക്കൻ കാലുകൾ, കുഞ്ഞുങ്ങളുടെ തുള്ളിക്കളിക്കുന്ന കാലുകൾ - ഇവയെല്ലാം ആ സംഗീതലയത്തിൽ എങ്ങനെ ഇണങ്ങിച്ചേർന്നെന്നോ!


സന്ധ്യാസൂര്യൻ എരിഞ്ഞണഞ്ഞതും ഞങ്ങൾ പാട്ടുപന്തലിൽ പോയിരുന്നു. അവിടെ ആണുങ്ങളും പെണ്ണുങ്ങളും കുഞ്ഞുങ്ങളുമെല്ലാം തറയിൽ മണലിലിരിക്കുകയാണ്. വലിയ പന്തൽ. ത്യാഗരാജസമാധിയോടു ചേർന്നു പിന്നിലേക്കാണ് അതു നിർമ്മിക്കപ്പെട്ടിരുന്നത്. തുറന്ന പന്തലിന്റെ വലതുഭാഗത്ത് കാവേരി കാണാം. ഇടതുവശത്ത് പുറത്തേക്കുള്ള വഴിയുടെ ഇരുപുറവും കടകൾ. കൂടുതലും കാസറ്റ് കടകൾ, ഭക്തിപുസ്തകക്കടകൾ, മധുര പലഹാരക്കടകൾ, കാപ്പിക്കടകൾ, മറ്റു കടകൾ.


വേദി രണ്ടു ഭാഗമായി വേർതിരിച്ചിരുന്നു. ഒരു ഭാഗത്ത് വായ്പ്പാട്ടു പാടിക്കൊണ്ടിരുന്നു ഒരാൾ. മറുഭാഗത്ത് അടുത്തതായി പാടാൻ ഇരിക്കുന്നവർ വാദ്യോപകരണങ്ങളുടെ ശ്രുതി നോക്കി തയ്യാറായി ഇരിക്കുന്നു. ഓരോ പാട്ടുകാരനും ഇരുപതു മിനിറ്റു വീതം. പുതുതായി അരങ്ങേറുന്ന കുട്ടികൾക്കും ചെറുപ്പക്കാർക്കുമാണ് രാവിലെ പാടാൻ അവസരം. സന്ധ്യ കഴിഞ്ഞു രാത്രിയാവുന്തോറും പ്രമുഖ കർണ്ണാടക സംഗീത വിദ്വാന്മാർ പാടും.


അന്നു പാടിയവരിൽ നെയ് വേലി സന്താനഗോപാലൻ, ചെറുപ്പക്കാരായ സഞ്ജയ് സുബ്രഹ്മണ്യം, വിജയ് ശിവാ, മാന്റലിൻ ശ്രീനിവാസ്, കുട്ടി ശഷാംഗ് എല്ലാവരും ഗംഭീരമാക്കി. സഞ്ജയിനും ശഷാംഗിനും ഒരേ കയ്യടി. കാണികളിൽ കുഞ്ഞുകുട്ടികൾ പോലും രാഗം തിരിച്ചറിഞ്ഞ് അച്ഛനമ്മമാരോടു പറഞ്ഞ് ആസ്വദിക്കുന്നതു കണ്ട് എനിക്കസൂയ തോന്നി.


ജയനോടു മെല്ലെപ്പറഞ്ഞു: "പാട്ടു കേട്ടുകൊണ്ടാണ് അവർ ജനിക്കുന്നതു തന്നെ. ത്യാഗരാജന്റെ ശ്വാസക്കാറ്റ് കലർന്ന സ്ഥലമാ ഇത് "


യേശുദാസ് വരുന്നു എന്ന വാർത്ത കാറ്റിൽ പരന്നു. എന്റെ വിരലുകൾ താളമിട്ടു. വെളുവെളുത്ത ജുബ്ബയും വേഷ്ടിയുമണിഞ്ഞ് ഗാനഗന്ധർവനെത്തി. അദ്ദേഹം പാടിയതിൽ 'ശുകി എവ്വരോ' മനസ്സിൽ നിന്നു. കാണികൾ മറ്റുള്ളവർക്കു കയ്യടിച്ച പോലെത്തന്നെ യേശുദാസിനും കയ്യടിച്ചു. മറ്റാഘോഷ വരവേല്പുകളൊന്നുമില്ല.


മണി പത്തര. തീരാറായതു പോലെ തോന്നുന്നില്ല. എനിക്ക് അജിയെ ഓർമ്മ വന്നു. ഇനിയും താമസിച്ചാൽ പട്ടുക്കോട്ടക്കുള്ള അവസാന ബസ്സു പോകും. ആറ്റൂരിനോടു വിട പറഞ്ഞ് ഇറങ്ങി. ബസ്സിൽ ഒരേ സംസാരം. സംഗീതത്തെപ്പറ്റി സംസാരിക്കാൻ ജയനും കൂടി ചേർന്നതിൽ എനിക്കു പരമ സന്തോഷമായി. ഒന്നു കണ്ണടച്ചാൽ സംഗീതം കേൾക്കും പോലെ തോന്നും.


വീട്ടിലെത്തിയപ്പോൾ നേരം പന്ത്രണ്ടു മണിയോടടുത്തിരുന്നു. അമ്മ ഉണർന്നിരിക്കുന്നുണ്ടായിരുന്നു. എന്റെ ശബ്ദം താഴ്ത്തിയുള്ള സംസാരം കേട്ട് അജി കണ്ണു തുറന്നു. ഓടിച്ചെന്നു ഞാനെടുത്തു. വികൃതിക്കുട്ടിയായി കളിച്ചു നടന്നു അവൻ. അച്ഛൻ പല പല വേഷമിട്ട് ആടിപ്പാടി അഭിനയിച്ചു.


ഉറക്കം വന്നപ്പോൾ എന്നെ അന്വേഷിച്ചിട്ടുണ്ടാവും. ഞാൻ അന്ന് ഉടുത്ത് ഇട്ടിരുന്ന സാരി തൊട്ടിലിൽ വെച്ച് അതിനുമേൽ കിടക്കവെച്ച് അമ്മ ഉറക്കിയിട്ടുണ്ടാവും.


പിറ്റേന്ന് ഉത്സാഹത്തോടെ ഞാനിറങ്ങി. സന്ധ്യക്ക് അവിടെയെത്തിയപ്പോൾ എത്രയോ ദിവസം ഇടപഴകിയ നാടു പോലിരുന്നു തിരുവയ്യാർ. ആറ്റിൻകരയിലിരുന്നു ഞങ്ങൾ സംഗീതം കേട്ടു. കാപ്പി കുടിക്കാൻ പോകുമ്പോൾ മെല്ലെ കാസറ്റ് കടയിലേക്കു ജയനെ കൂട്ടിക്കൊണ്ടുപോയി.


ആറ്റൂർ ചില നിർദ്ദേശങ്ങൾ തന്നു. ആദ്യം കേൾക്കാൻ മഹാരാജപുരം സന്താനമാണു നല്ലത്. പെട്ടെന്നു നമ്മെയാകർഷിച്ച് ഉള്ളിലേക്കു വലിച്ചു കൊണ്ടുപോകും. ക്ഷേത്രത്തിന്റെ മുന്നിലെ ആദ്യത്തെ അലങ്കരിച്ച വാതിൽ പോലെ. സാഹിത്യത്തിലേക്ക് ആദ്യം പ്രവേശിക്കുന്നവർ തി. ജാനകിരാമനെ വായിക്കുന്നത് എങ്ങനെയോ അങ്ങനെ. ആദ്യം ഹരിശ്രീയായി മഹാരാജപുരത്തെ വാങ്ങി. 


പിന്നെ ഞാൻ ബോംബെ ജയശ്രീ, സൗമ്യ, സുധാ രഘുനാഥൻ, സഞ്ജയ്, മാന്റലിൻ ശ്രീനിവാസ്, ലാൽഗുഡി വയലിൻ എന്നിങ്ങനെ ആവേശപൂർവം തെരഞ്ഞെടുത്തു. ആറ്റൂർ എനിക്കു ക്ഷമയോടെ കേസറ്റിന്റെ പിൻവശത്തുള്ള കീർത്തനങ്ങളുടെ പട്ടിക നോക്കി തെരഞ്ഞെടുക്കാൻ വായിച്ചു തന്നു.ഞാൻ അതുവരെ ജയശ്രീ, സൗമ്യ, സുധ തുടങ്ങിയവർ അഴകോടെ കാണപ്പെടുന്ന കാസറ്റുകളാണ് തെരഞ്ഞെടുത്തിരുന്നത്. അതിലും ഒരു കാസറ്റിൽ എളിമയോടെ വെള്ളമുത്തുമാലയണിഞ്ഞ് ജയശ്രീ ദേവതയെപ്പോലിരുന്നു.


പിന്നെ മെല്ലെ, ശാസ്ത്രീയ കലകളുടെ പരിചയത്തിന് ഒരാസ്വാദകൻ തന്നെ എങ്ങനെ പാകപ്പെടുത്തണമെന്നതിനെക്കുറിച്ച് ആറ്റൂർ സംസാരിച്ചുകൊണ്ടുവരുമ്പോൾ ഞങ്ങൾ ശ്രദ്ധിച്ചു കേട്ടു നടന്നു. വഴിയിൽ അശോകാ വാസന എന്നെ ആകർഷിച്ചു. നാക്കിൽ വെള്ളമൂറി. ചോദിക്കാൻ മടി. ജയൻ മാത്രമായിരുന്നെങ്കിൽ വാശി പിടിച്ചു വാങ്ങുമായിരുന്നു. ആറ്റൂരുണ്ട്, കുറുമ്പു കാട്ടരുത് എന്ന് അടക്കത്തോടെ ഞാൻ നടന്നുകൊണ്ടിരുന്നു. ശാസ്ത്രീയ സംഗീതമോ മധുര പലഹാരമോ എന്നു മനസ്സു പോരാട്ടം നടത്തിക്കൊണ്ടിരുന്നു. സംഗീതത്തിനു വേണ്ടി അശോകായെ തൽക്കാലം ഞാൻ ത്യജിച്ചു.


ടേപ് റിക്കാർഡർ വാങ്ങും മുമ്പേ കാസറ്റ് വാങ്ങി. ഏതു വിധേനയും ടേപ് വാങ്ങാൻ ഇനി താമസിച്ചുകൂടാ. ഞങ്ങളെ അത്ഭുതപ്പെടുത്തി അന്ന് തിരുവയ്യാറിൽ മഹാരാജപുരം പാടി. മെല്ലെ കണ്ഠശുദ്ധി വരുത്തി അദ്ദേഹം തുടങ്ങുമ്പോൾ എനിക്കു പുള്ളമംഗലം കുഞ്ചിതൈയ്യരെ ഓർമ്മ വന്ന് മനസ്സ് ആർദ്രമായി. 'നന്നു പാലിംബ' എന്ന ത്യാഗരാജന്റെ പുകഴ്പെറ്റ കൃതി ഒന്നാമതായി പാടി.


അന്നും മടങ്ങാൻ പത്തരമണിയായി. തിരക്കിട്ടു ഞങ്ങൾ ബസ്സ്റ്റാന്റിലേക്കോടി. ബസ്സു കയറിയയുടനെ ജയൻ പോക്കറ്റിൽ കയ്യിട്ടപ്പോഴാണറിഞ്ഞത്, വളരെക്കുറച്ചു പൈസയേയുള്ളൂവെന്ന്. ടൗൺ ബസ്സിൽ തഞ്ചാവൂർ വരെയെത്താനുള്ളതേയുള്ളൂ. പരിഭ്രമമായി. എന്റെ ഹാൻഡ് ബാഗിലും പരതി നോക്കി. കുറച്ചു ചില്ലറ കിട്ടി. സഞ്ചി നിറച്ചും ആഗ്രഹം പോലെ വാങ്ങിച്ച കാസറ്റുകൾ. ബസ് തഞ്ചൈയിലെത്താറായി.


ശാന്തമായി ഞാൻ ആലോചിച്ചു. എന്റെ അച്ഛന്റെ ചിറ്റപ്പൻ അൻപഴകൻ തഞ്ചൈ - വല്ലം റോട്ടിൽ വീടുവെച്ചു താമസിക്കുന്നുണ്ട്. പോലീസ് സർവീസിലായിരുന്നു ചിറ്റപ്പൻ. ടൗൺ ബസ്സിൽ അവിടെയിറങ്ങി പൈസ വാങ്ങി വീട്ടിലേക്കു പോകാം. തേവാരം നഗർ എന്ന് ചെറുതായി അഡ്രസ് ഓർമ്മയിലുണ്ട്. മനസ്സു കലങ്ങിയ സമയത്ത് നമ്മുടെ ബുദ്ധി തെളിമയോടെ ഉണർന്നു പ്രവർത്തിക്കുന്നത് ഞാനെപ്പോഴും ആശ്ചര്യത്തോടെ ശ്രദ്ധിച്ചു വന്നിട്ടുണ്ട്.


ചെന്നിറങ്ങി വീടു കണ്ടുപിടിച്ചെത്തുമ്പൊഴേക്കും പതിനൊന്നു മണി കഴിഞ്ഞു. എല്ലാവരും ഭക്ഷണം കഴിച്ച് കലം കമിഴ്ത്തി കിടക്കാൻ തയ്യാറായിക്കഴിഞ്ഞിരുന്നു. ഞങ്ങൾ വിയർത്തൊലിച്ചു കൊണ്ടു ചെന്നു നിന്നു. എന്റെ ചിറ്റയും ചിറ്റപ്പനും ഉത്സാഹത്തോടെ വരവേറ്റു. അവസ്ഥ പറഞ്ഞതും ഒരേ ചിരി. ചിറ്റ അടുപ്പിൽ തീപ്പൂട്ടി ഭക്ഷണമുണ്ടാക്കാൻ ഒരുക്കം തുടങ്ങി. ചിറ്റ ഞെരമ്പുപോലെയാണിരിക്കുന്നത്. ശബ്ദം ഓട്ടുമണി നാദം. ഉച്ചാരണ സ്ഫുടതയോടെയാണ് സംസാരിക്കുക. ചിറ്റപ്പന് പോലീസുകാരുടെ ഒത്ത ശരീരം. പിരിച്ച മീശ വെച്ച തിളക്കമുള്ള മുഖം. സംസാരിക്കാൻ തുടങ്ങിയാൽ ചിരിച്ചു ചിരിച്ചു നമ്മൾ വീണുകൊണ്ടേയിരിക്കും. ജയന് ആ അന്തരീക്ഷം ഏറെ ഇഷ്ടമായി. "അരുണാ, ഇനിയിപ്പോ ബസ് കിട്ടില്ല. ഇവിടെത്താമസിച്ചു രാവിലെ പോകാം" എന്നു പറഞ്ഞു ചിറ്റപ്പൻ. അവിടത്തെ ലാന്റ് ഫോണിൽ നിന്ന് ഞാൻ അമ്മയെ വിളിച്ചു വിവരം പറഞ്ഞു.


ആരാധനയുടെ അവസാനദിവസം എല്ലാ ആൺ പെൺ പാട്ടുകാരും ചേർന്ന് ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീർത്തനങ്ങൾ നിലത്തു ചമ്രം പടിഞ്ഞിരുന്ന് ആലപിക്കും. ആ സമയത്ത് അവിടെക്കൂടിയ അത്രയും കലാഹൃദയങ്ങൾ ഒന്നു ചേർന്നു പാടുന്ന ആ നിമിഷം എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത നിമിഷമാണെന്നു തോന്നിക്കൊണ്ടേയിരുന്നു. ആ ആലാപനങ്ങളിലെ രാഗത്തിന്റെ ഒത്തിണക്കം, ലയം, കലാകാരുടെ അർപ്പണം, ഭക്തിഭാവം - അത് സത്യമായും ത്യാഗൈയ്യർക്കു സമർപ്പിച്ച മഹത്തായ രാഗാഞ്ജലി, എന്റെ മെയ്യും മനസ്സും രോമാഞ്ചം കൊണ്ടു.


നാട്ടിലെത്തിയതും ആദ്യത്തെ ജോലിയായി സേലത്തു പോയി ഒരു ടേപ് റിക്കാർഡർ ഞങ്ങൾ വാങ്ങിച്ചു. കറുപ്പു നിറമുള്ള പാനസോണിക്. നമ്മളാഗ്രഹിക്കുമ്പോഴൊക്കെ പാട്ടുകേൾക്കാം എന്ന ചിന്ത തന്നെ മധുരമുള്ളത്. കൂടാതെ അതിൽ റേഡിയോയുമുണ്ട്. എല്ലാം വാങ്ങി രാത്രി ഭക്ഷണവും കഴിച്ച് സേലത്തു നിന്നു ബസ്സിൽ മടങ്ങുകയാണ് ഞങ്ങൾ. ജയൻ ബസ്സിൽ നല്ല ഉറക്കം. കാറ്റിന്റെ ചിലുചിലുപ്പാട്ടു മതി, ജയനെ ഉറക്കം അടിച്ചെടുത്തുകൊണ്ടുപോകും. ഞാൻ നിലാവെട്ടത്ത് പുറംകാഴ്ച്ചകൾ നോക്കി നോക്കി വന്നു. സേലം-ധർമ്മപുരി റൂട്ടിൽ ഇടഗ്രാമങ്ങൾ തീരെ കുറവാണ്. മലകൾ ഇടക്കിടക്കു വന്നുകൊണ്ടിരിക്കും, തൊപ്പൂർ ഭാഗങ്ങളിലെത്തിയാൽ.


നിലാവൊളിയിൽ മലകൾ കാണുന്നത് എനിക്കു ശരിക്കുമൊരു പുതിയ അനുഭവം. അവയുടെ മുകൾത്തട്ടുകൾ തിളങ്ങിക്കണ്ടു. കാണെക്കാണെ തിളക്കം കൂടി തൊട്ടരികെയുള്ളവ പോലെയായി. എന്നാൽ ദൂരത്തെന്ന പോലെയും വെളിപ്പെട്ടു.  ഏകാന്തതയെ ഓർമ്മിപ്പിക്കുന്ന സ്ഥൂലരൂപം മലയെപ്പോലെ വേറെയില്ല. മലയുടെ രാജ്ഞി, പർവതരാജകുമാരി, മലമകൾ, അവളോടു നിർത്താതെ കൊഞ്ചുന്ന ശിവൻ അരികേയുള്ളപ്പോഴും അവളുടെ ഏകാന്തത തീണ്ടപ്പെടുന്നേയില്ല, തടസ്സപ്പെടുന്നേയില്ല എന്നു തോന്നും. മെല്ലെ വിശാലാക്ഷിയമ്മ എന്റെ ഓർമ്മയിലണയും.


ചില ബന്ധങ്ങൾ നമ്മുടെ മനസ്സിൽ രൂപം കൊള്ളുന്ന അതിശയം ഞാൻ ആശ്ചര്യത്തോടെ ശ്രദ്ധിച്ചിട്ടുണ്ട്. അത് വിശദീകരിക്കാനേ കഴിയില്ല. പല ദിവസങ്ങളിലും തിണ്ണയിൽ പാതിരാക്കു ശേഷം മൂക്കുത്തി തിളങ്ങുമാറ് ഒറ്റക്കിരുന്ന അമ്മയെ താൻ കണ്ടതായി ജയൻ പറഞ്ഞിട്ടുണ്ട്. തന്നിൽ നിന്നേറെയകലെ മറ്റെങ്ങോ അമ്മ ഇരുന്നതായി തനിക്കു തോന്നിയെന്ന് പല തവണ ജയൻ പറഞ്ഞിട്ടുണ്ട്. അന്നു രാത്രി കിടന്ന ശേഷം വിളക്കുകളെല്ലാം അണച്ച് ഞാൻ നോക്കി ഇട്ടു വെച്ച കാസറ്റ് ഓൺ ചെയ്തു. സസ്പെൻസാകട്ടെ എന്നു കരുതി ജയനോട് ഒന്നും പറഞ്ഞില്ല. ആദ്യത്തെ പാട്ട് മഹാരാജപുരം സന്താനത്തിന്റെ ശബ്ദത്തിൽ. പതിവു പോലെ താഴ്ന്ന സ്ഥായിയിൽ കണ്ഠശുദ്ധി വരുത്തി പെട്ടെന്ന് ഹിമഗിരി തനയേ എന്ന് ഒഴുകി. ഹിമഗിരി തനയേ ..... ഹേമലതേ .... അംബ ഈശ്വരി .... ശ്രീലളിതേ മാമവ .....


ഹിമവാന്റെ മകളേ ... ഹേമലതേ .... അമ്മയായ് ലോകം പോറ്റുന്ന ഈശ്വരിയും നീ .... ലളിതയായവൾ.


മുത്തയ്യാ ഭാഗവതരുടെ കൃതി. ശുദ്ധ ധന്യാസി രാഗം. മഹാരാജപുരത്തിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ കൈലാസ പർവതം ശിവനെ വിട്ട് എനിക്ക് അമ്മയുടെ മാമലയായിക്കാണായി. സംഗീതമെന്ന കലയിൽ ഞാൻ വെച്ച ആദ്യ കാൽവെപ്പിൽ എന്നെ ചേർത്തുപിടിച്ചു, ഹിമാലയപുത്രി. എന്നെ കൈ പിടിച്ചു വിളിച്ചുകൊണ്ടുപോയി. ഓരോരോ കൊടുമുടികളിലേക്കും താഴ് വരകളിലേക്കും വിളിച്ചുകൊണ്ടുപോയി അവയുടെ മടക്കുകൾ മുഴുവനും കാണിച്ചു തന്നു. മലയമാരുതം എന്നാൽ ഇളംകാറ്റ്. മലയിൽ പിറക്കുന്നത്. സംഗീതവും തെന്നലും ഒന്നു തന്നെ.


തിരുവയ്യാറിൽ വെച്ചു കേട്ടപ്പോൾ സംഗീതം ഒരാഘോഷമായിരുന്നു, ഉത്സവമായിരുന്നു. എവിടെച്ചെന്നാലും മൈക്കിലൂടെ നമ്മെ പിന്തുടർന്നു വരുന്ന സംഗീതം ഒരുത്സവ മനോനില നമുക്കു തരുന്നു. സംഗീതത്തെ നേരിട്ടറിയാൻ സംഗീതോത്സവങ്ങൾ ഏറെ സഹായകം. പലതരം രാഗങ്ങളും കൃതികളും നമ്മുടെ കാതിൽ വീണുകൊണ്ടേയിരിക്കുന്നത് നമ്മുടെ ഉപബോധമനസ്സിനെ നനവാർന്നതാക്കുന്നു. എന്നാൽ വീട്ടിൽ രാത്രിയിൽ ടേപ് റിക്കാർഡറിൽ കേൾക്കുന്നത് വ്യത്യസ്തമായ വേറൊരനുഭവം. എനിക്ക്, എനിക്കു മാത്രമായി മഹാരാജപുരം പാടുന്നു. ഏറെയേറെയരികെ, ഏറ്റവും സ്വകാര്യമായി. നമ്മുടെ ആത്മാവിനുള്ളിലൂടെയും കടന്നുപോകുന്നു സംഗീതം.


മഹാരാജപുരം പാടി നിർത്തിയപ്പോൾ എന്റെ കണ്ണുകൾ നീരണിഞ്ഞിരുന്നു.മുത്തശ്ശിയുടെ വീട്, കാവേരിയാറ്, പുള്ളമംഗലം അയ്യർ എന്നിങ്ങനെ എവിടെവിടൊക്കെയോ തങ്ങിത്തങ്ങി ഒടുവിൽ എന്റെ മനസ്സ് വിശാലാക്ഷിയമ്മയിൽ വന്നു നിന്നു. ജയനും ഒന്നുലഞ്ഞ് , "അമ്മയെ ഓർത്തു" എന്നു പറഞ്ഞു.

മൂന്നു നീക്കങ്ങൾ - W.B.യേറ്റ്സ്

 കര വിട്ടകലെക്കടലിൽ നീന്തും

ഷേക്സ്പിയറുടെ മത്സ്യം

വലയിൽ നീന്തിക്കൈകളിലേക്കു

വരും കാല്പനികം മത്സ്യം

കടപ്പുറത്തു കിടന്നു പിടക്കുവ -

തേതാണീ മത്സ്യങ്ങൾ?


Monday, February 14, 2022

മഹാകാമുകന്റെ ശവകുടീരത്തിൽ - അബ്ദുലാ പാഷ്യൂ (കുർദ്ദിഷ് , 1946 -

 മഹാകാമുകന്റെ ശവകുടീരത്തിൽ

- അബ്ദുലാ പാഷ്യൂ (കുർദ്ദിഷ് , 1946 - )


നിന്റെ ശവകുടീരത്തിലേക്ക്

ഞാൻ കൊണ്ടുവന്ന

ഓരോ പൂവും

പെട്ടെന്നു വാടുന്നു.

ഏതു നാട്ടിലെ പൂവിനോടാണ്

നിനക്കേറ്റവും സ്നേഹമെന്നെനിക്കറിയാം.

എന്നാൽ ....എന്തു ചെയ്യാൻ?

എങ്ങനെയെനിക്കതു

കൊണ്ടുത്തരാൻ പറ്റും?

ഒരു കുടിപ്പാട്ട്

 ഒരു കുടിപ്പാട്ട്


W.B. യേറ്റ്സ്



വായിലൂടുള്ളിലെത്തുന്നു വീഞ്ഞ്

കണ്ണിലൂടുള്ളിലെത്തുന്നു സ്നേഹം

നാം വയസ്സരായ് ചത്തുപോം മുമ്പ്

സത്യമായറിയുന്നതിതൊന്ന്.

വായിലേക്കുയർത്തുന്നു ഞാൻ ഗ്ലാസ്

നോക്കുന്നൂ നിന്നെ , വീർപ്പു വിടുന്നു.

ഏറെക്കാലം സ്നേഹിക്കല്ലേ ...

 ഏറെക്കാലം സ്നേഹിക്കല്ലേ ...


W.B.യേറ്റ്സ്


ഏറെക്കാലം സ്നേഹിക്കല്ലേ പൊന്നേ

ഏറെക്കാലം സ്നേഹിച്ചോനാണീ ഞാൻ

കാലത്തിനു ചേരാത്തോനായിത്തീർന്നൂ

ഏറെപ്പഴയൊരു ഗാനം പോലെത്തന്നെ.


ഒന്നായ് തീർന്നൊരു ചിന്തയിൽ നിന്നും സ്വന്തം

ചിന്തകൾ വേറിട്ടറിഞ്ഞതില്ലാ ഞങ്ങൾ

തങ്ങളിലത്രയുമൊന്നായ്ത്തീർന്നവരല്ലോ

ഞങ്ങൾ യൗവനവർഷങ്ങളിലൊക്കേയും


എന്നാൽ ഒറ്റൊരു നിമിഷം കൊണ്ടവൾ മാറീ

- സ്നേഹിക്കല്ലേയേറെക്കാലം നീളെ

കാലത്തിനു ചേരാത്തോനായിത്തീരും

നീയല്ലെങ്കിൽ, പഴയൊരു ഗാനം പോലെ.

ആവി

 ആവി


മുറിവുകളിൽ നിന്നും പൊന്തും ചോരാവി
തിരികെ വരും മണ്ണിൽ മരുന്നു മഴയായി

കണ്ണടക്കടയിൽ

കണ്ണടക്കടയിൽ

കുരുടിപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
പച്ചിലപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
വെള്ളിക്കെട്ടന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
അണലിപ്പാമ്പിന്റെ മാതിരിയുള്ളൊരു
കണ്ണട ഫ്രെയിമ്
അവ
ചുറ്റിപ്പിടിച്ചു കിടക്കുന്നു കാഴ്ച്ചതൻ
കണ്ണഞ്ചും കല്ലുകളിങ്ങ്.

Friday, February 11, 2022

ക്ലോദിയ റാൻകൈൻ

  



എനിക്കു നാല്പതു തികഞ്ഞ ആ ഞായറാഴ്ച്ച കൊറിയറുകാരൻ അടഞ്ഞുകിടന്ന മുൻവാതിൽ തള്ളിത്തുറക്കേ ഞാൻ അച്ഛനമ്മമാരെ ഫോൺ ചെയ്ത് ലില്ലിപ്പൂക്കൾക്കു നന്ദി പറഞ്ഞു. "സുന്ദരമായൊരു പൂവ്. ഞാനതെന്റെ പിറന്നാളിന് ചുമന്നുകൊണ്ടുപോയി പൂപ്പാത്രത്തിൽ വെച്ചു , മരിച്ചു പോയ ചിലതിന്റെ ഓർമ്മയ്ക്കായി", എന്ന് സ്റ്റേജ് ഡോറിൽ കാതറിൻ ഹെബേൺ. എന്റച്ഛനമ്മമാരുടെ വീടു നോക്കുന്നയാൾ ഫോണിൽ മറുപടി പറഞ്ഞു.



അമ്മക്കൊന്നു ഫോൺ കൊടുക്കുമോ ?


അവര് ശവമടക്കു കഴിഞ്ഞു വന്നിട്ടില്ല.


ആരുടെ ശവമടക്ക് ?


ജീവിച്ചിരിക്കുന്ന എല്ലാവരേയും നിങ്ങളറിയുമോ?



- ക്ലോദിയ റാൻകൈൻ



(എന്നെ ഏകാകിയാകാൻ വിടരുത് എന്ന കൃതിയിൽ നിന്ന്)


Wednesday, February 9, 2022

അലയുന്ന ദേവന്റെ പാട്ട് - W.B. യേറ്റ്സ്

 അലയുന്ന ദേവന്റെ പാട്ട് (1897)


W.B. യേറ്റ്സ്


തലയിൽ തീയായതിനാൽ ഞാനൊരു

ഹെയ്സൽക്കാട്ടിൽ പോയി.

ഹെയ്സൽ കമ്പൊന്നൊടിച്ചു ചീകീ 

കായൊരു നൂലിൽ തൂക്കി

വെള്ള നിശാശലഭങ്ങൾ പറക്കേ

ശലഭം പോലാത്താരകൾ മിന്നേ

ഹെയ്സൽക്കായ് ഞാനരുവിയിലിട്ടു

പിടിച്ചൂ കുഞ്ഞൊരു വെള്ളിപ്പുഴമീൻ.


തീയൂതിക്കത്തിക്കാൻ പോയ് ഞാ-

നതിനെക്കരയിൽ വെച്ച്.

നിലത്തു കേട്ടൂ കിരുകിരുശബ്ദം,

വിളിച്ചിതെൻ പേരാരോ.

ആപ്പിൾ പൂക്കൾ മുടിയിലണിഞ്ഞു

തിളങ്ങും പെൺകൊടിയായാപ്പുഴമീൻ.

സുദീപ്ത വായുവിലൂടവളോടി-

യകന്നു മറഞ്ഞെൻ പേരു വിളിച്ച്.


വയസ്സനായ് ഞാൻ മലനാടുകളിൽ

പള്ളങ്ങളിലുമല, ഞ്ഞെന്നാലും

അവൾ പോയേടം കണ്ടുപിടിച്ചി -

ട്ടുമ്മകൾ നൽകും ചുണ്ടിൽ, കവരും

കൈകൾ, പലനിറമുലയും നീളൻ

പുല്ലിന്നിടയിൽ നടന്നു പറിക്കും

ഞങ്ങൾ, കാലം, കാലങ്ങൾ തിക -

വാർന്നിടുവോളം, പൂർണ്ണതയോളം

രജതം ചന്ദ്രൻ തൻ ആപ്പിളുകൾ

സ്വർണ്ണം സൂര്യൻ തൻ ആപ്പിളുകൾ!




* അലയുന്ന ഏയ്ംഗസ്സിന്റെ പാട്ട് എന്നാണ് കവിതയുടെ പേര്. ഐറിഷ് മിത്തോളജിയിലെ പ്രണയദേവനാണ് ഏയ്ംഗസ്, സ്വപ്നത്തിൽ കണ്ട പെൺകിടാവിനെ പ്രണയിച്ചലഞ്ഞ ദേവൻ.


Saturday, February 5, 2022

ചീന്തലിന്റെ ശേഷിപ്പ്

 ചീന്തലിന്റെ ശേഷിപ്പ്


പി.രാമൻ



പഴന്തുണിയും കടലാസും കീറുന്നതിന്റെ മാത്രമല്ല അവയെപ്പോലെ ഗ്രാമങ്ങളെയും നഗരങ്ങളെയും വലിച്ചു കീറുന്നതിന്റെ കൂടി ശബ്ദങ്ങൾ കേൾപ്പിക്കുന്ന കവിതകളാണ് പ്രഭാ സക്കറിയാസിന്റേത്. പഴന്തുണിക്കു പിന്നിൽ പേറും പെൺമയുമുണ്ട്. കടലാസിനു പിന്നിലും പേറും പെൺമയുമല്ലാതെ മറ്റെന്താണ്? പേറിനും പെൺമക്കും വേണ്ടി ഈ കവി പഴന്തുണിയും കടലാസും വലിച്ചു കീറുന്നു; ഗ്രാമ-നഗരങ്ങളെയും. കീറിയിട്ട അരികുകളിലൂടെ വിരലോടിക്കുന്നു. നഗരത്തിന്റെ അരികുകളെ തിരകളായ് വന്നു നനക്കുന്നു. ചീന്തിയിട്ടതിന്റെ ബാക്കിക്കെന്തു ഭംഗി എന്നു വിസ്മയിക്കുന്നു. ശസ്ത്രക്രിയ എന്നാൽ മുഖത്തു നിന്ന് ചിരിയും ഉറക്കത്തിൽ നിന്നു സ്വപ്നങ്ങളും കീറിയെറിയല്ലാതെ മറ്റൊന്നുമല്ല എന്നു വിങ്ങുന്നു. അങ്ങനെ, കീറിയെടുത്ത ശേഷമുള്ള വക്കുകളും അരികുകളും കൊണ്ട് നിറഞ്ഞതായിരിക്കുന്നു പ്രഭാ സക്കറിയാസിന്റെ കവിതാലോകം. ചീന്തലിന്റെ വക്കിൽ വിരലോടിക്കുന്നത് മുറിവിന്റെ വക്കിൽ വിരലോടിക്കുന്ന പോലെയാണ്. ഭാഷയെക്കുറിച്ചു പറയേണ്ടി വരുമ്പോൾ വാക്കിന്റെ വക്കിനെക്കുറിച്ചാണീ കവി പറയുക. ("വാക്കിനെ വാക്കിന്റെ വിളുമ്പിൽ തുളുമ്പി ക്കുക") പുസ്തകത്തിൽ നിന്നു ചീന്തിയെടുത്ത കടലാസിനെപ്പറ്റിയല്ല, കടലാസ് ചീന്തിയെടുത്തതിനു ശേഷമുള്ള പുസ്തകത്തെക്കുറിച്ചാണ് കവി എഴുതുന്നത്. ശേഷിപ്പുകളുടെ ഭാഷയാണ് ഇവരുടെ കവിതാഭാഷ. കീറപ്പെടാത്തതെല്ലാം ഈ കവിയുടെ നോട്ടത്തിൽ ദയനീയമാണ്. ഒരു കടലാസു പോലും കീറിയെടുക്കപ്പെടാതെ മലർന്നു കിടന്ന് വാക്കുകൾ തുപ്പുകയും വിഴുങ്ങുകയും ചെയ്യുന്ന ഒരു പുസ്തകത്തിന്റെ കാഴ്ച്ച പോലെ ദയനീയം.


ചീന്തലിന്റെ വക്കിൽ വിരലോടിക്കുന്നത് വെട്ടിയ മരത്തിന്റെ കുറ്റിയിൽ തലോടുന്നതു പോലെത്തന്നെയാണ്. ലഘുവായ, നിസ്സാരമായ ഒരു പ്രവൃത്തി. എന്നാൽ വേദനാകരം. മുറിവിലാണ് തലോടുന്നത് എന്നു തോന്നുകയേയില്ലെങ്കിലും മുറിവിലാണ് പതിയെ വിരലോടിക്കുന്നത്. വേദനയെ അതിന്റെ വിത്തിൽ ചെന്നു തൊടുകയാണ് കവി.


അരികുകൾ അതിരുകൾ കൂടിയാണ്. അങ്ങനെയെങ്കിൽ കീറിയെടുത്തതിന്റെ അവശേഷിപ്പാണ് ഓരോ അതിരും. അരികുകളെക്കുറിച്ചുള്ള ഈ കവിതകൾ അതിരുകളെക്കുറിച്ചുള്ളവയുമാകുന്നു. ഗ്രാമ - നഗരങ്ങളുടെ അതിരുകൾ കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പിടികിട്ടായ്മയാണ്. കേരളം മുഴുവനായും ഒരാഗോള നഗരമാണ് എന്നൊരു നിരീക്ഷണം മുമ്പേ പ്രചരിച്ചിട്ടുണ്ട്. ഗ്രാമത്തെക്കുറിച്ചുള്ള ഗൃഹാതുര സങ്കല്പങ്ങൾ പിന്നിലേക്കു ചീന്തിയെറിഞ്ഞ് നഗരാതിർത്തി കടക്കുന്നു ഈ സമാഹാരത്തിലെ കവിതകൾ. നൈറ്റി കയറ്റി കുത്തിയിരുന്ന് പുള്ളിക്കോഴിയുടെ കഴുത്തു പിരിക്കുന്നതും ഞെണ്ടിനെ ജീവനോടെ ചൂടുവെള്ളത്തിൽ മുക്കിയെടുക്കുന്നതുമായ ഉദാത്തഗ്രാമീണദൃശ്യങ്ങൾ കടന്ന് കവി നഗരത്തിലെത്തുന്നു. നെഹ്‌റു മെമ്മോറിയൽ എന്ന കവിതയിലെപ്പോലെ വൈരസ്യമുണ്ടെങ്കിലും താനിതിൽ മുങ്ങിത്താഴുകയാണ് എന്ന നിസ്സഹായതയുണ്ടെങ്കിലും ഈ കവിതകളിലെ നഗരം ഹിംസാത്മകമല്ല - അഥവാ ഗ്രാമത്തിന്റെ ഹിംസാത്മകത തന്നെയേ നഗരത്തിനുമുള്ളൂ. നഗരനിരത്തിലൂടെ മഴയത്ത് ഒരു കട്ടൻ മാത്രം കൊതിച്ചു നടന്നു പോകുമ്പോൾ തൊട്ടു മുമ്പിൽ പ്രണയത്തിന്റെ പിൻപുറത്ത് തെറിച്ച ചെളിച്ചിത്രം കാണുമ്പോഴത്തെ സ്വാഭാവിക പ്രസന്നത പല കവിതകളിലുമുണ്ട്. 


മലയാള കവിതയെ സംബന്ധിച്ചിടത്തോളം നഗരം കവിതയുടെ കേന്ദ്രാനുഭവമാകുമ്പോഴത്തെ ഈ സ്വാഭാവികത ഒരു പ്രധാനകാര്യം തന്നെയാണ്. പഴയ കവികളുടെ നഗരപ്പേടിയിൽ നിന്ന് നഗരാനുഭവങ്ങളുടെ സ്വാഭാവിക പ്രവാഹത്തിലേക്ക് കവിത ഗതി മാറുന്നത് ഇവിടെ അനുഭവിക്കാം. 2000 -നു ശേഷമുള്ള മലയാള കവിതയാണ്, ലതീഷ് മോഹനെയും എസ്.കലേഷിനെയും പോലുള്ളവരുടെ കവിതയാണ്, മലയാളത്തിന്റെ സിറ്റി സ്കേപ്പുകൾ സ്വാഭാവികമായി ആവിഷ്കരിച്ചത്. അത്ര തന്നെ സ്വാഭാവികമായി ഗ്രാമീണതയും നാഗരികതയും അവയിൽ കലർന്നു കിടക്കുന്നുമുണ്ട്. ആ നഗരാനുഭവങ്ങളെ പെൺമയുടെ കവിതക്കണ്ണുകളാൽ നോക്കുന്ന നോട്ടങ്ങളാണ് ഈ പുസ്തകത്തിലെ കവിതകളിൽ ചിലതെങ്കിലും. തുണിയോ കടലാസോ കീറുമ്പോലെ നഗരാനുഭവങ്ങളെ നെടുകെച്ചീന്തുന്നു ആ നോട്ടങ്ങൾ. കീറിയിട്ടതിന്റെ ശേഷിപ്പാണ് ഈ കവിതകളിലെ നഗരം.


കടലാസ് വലിച്ചു കീറാൻ കയ്യു മതി. പഴന്തുണി കീറാനുമതെ. എന്നാൽ പുതിയ വെള്ളത്തുണി കീറാൻ ചിലപ്പോൾ കത്രിക വേണ്ടി വന്നേക്കാം. കത്രിക കൊണ്ടു കീറുമ്പോഴും കയ്യുകൊണ്ടു കീറുമ്പോഴും വേറെ വേറെ ശബ്ദങ്ങളാണ് കേൾക്കുക. ഉറക്കത്തിൽ നിന്ന് സ്വപ്നങ്ങൾ ചീന്തി മാറ്റാൻ ആ ആയുധങ്ങൾ മതിയാകില്ല. വ്യക്തിത്വം, ബന്ധങ്ങൾ, മൂല്യങ്ങൾ, വികാരങ്ങൾ, ജീവനോപാധികൾ, സ്വസ്ഥത എല്ലാം അടർത്തിമാറ്റാൻ അദൃശ്യമായ ആയുധങ്ങൾ വേണ്ടിവരും. തലയുടെ തുന്നലഴിഞ്ഞു പോകുന്നതും ഹൃദയത്തിലൊരു നൂൽ ഇഴപൊട്ടി അകലുന്നതും കവി സൂക്ഷ്മമായിത്തന്നെ അറിയുന്നുണ്ട്. നമ്മൾ ഞാനായും നീയായും ചീന്തപ്പെടുന്നതിന്റെ ഞെരക്കവും ഈ കവിതകളിൽ നിന്നു കേൾക്കുന്നു. കീറൽ, മുറിയൽ, പേറ്, പിളർപ്പ്, എഴുത്ത് എന്നൊരു തുടർച്ച പ്രഭാ സക്കറിയാസിന്റെ കവിതകളിലുണ്ട്.


ജയമോഹനം

 

ജയമോഹനം

പി.രാമൻ

മലയാളിയുടെ പ്രകൃതത്തിനിണങ്ങിയ അടയാളവൃക്ഷം ഒറ്റയാൻ തെങ്ങാണെങ്കിൽ തമിഴന്റേത് പരസ്പരം പിണഞ്ഞു നിൽക്കുന്ന മുൾമരമാണെന്ന നിരീക്ഷണമടങ്ങിയ ഒരു ചെറിയ കുറിപ്പിലൂടെയാണ്,1990-കളുടെ തുടക്കത്തിലാണെന്നോർക്കുന്നു, ഞാൻ ജയമോഹനെ ആദ്യമായി വായിക്കുന്നത്. കെ.സി. നാരായണൻ മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ഓർമ്മയിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന അത്തരം ചെറുലേഖനങ്ങളുമായി ജയമോഹൻ എന്ന എഴുത്തുകാരൻ എന്നെപ്പോലൊരു വായനക്കാരന്റെ ശ്രദ്ധ ആകർഷിക്കുന്നത്.

അതിനും മുമ്പ് 1980-കളിൽ പാഠഭേദം മാസികയിൽ ജയമോഹൻ എഴുതിയിരുന്നെങ്കിലും പിൽക്കാല വായനക്കാരനായ ഞാൻ അന്നത് വായിച്ചിരുന്നില്ല. 1998-ൽ കെ.സി. നാരായണൻ പത്രാധിപരായ ശേഷം ഭാഷാപോഷിണി മാസികയിൽ നോട്ടങ്ങൾ എന്ന പേരിൽ വന്ന തുടരെഴുത്തുകൾ മലയാളത്തിൽ മുമ്പു കാണാത്ത പല സവിശേഷതകൾ കൊണ്ടും വായനക്കാരെ ആവേശം കൊള്ളിച്ചു. ഒന്നാമതായി ജീവിത സന്ദർഭങ്ങളിൽ നിന്നും സാംസ്കാരിക സന്ദർഭങ്ങളിൽ നിന്നും സ്വാഭാവികമായി ഊറിക്കൂടിയ കാവ്യാത്മകതയാൽ ആകർഷകമായിരുന്നു നോട്ടങ്ങളിലെ ഭാഷ. രണ്ടാമതായി എടുത്തു പറയേണ്ടത് വൈയക്തികതക്ക് നൽകിയ പ്രാധാന്യമാണ്. വൈയക്തികത സാമൂഹികതയുടെ ശത്രുവാണെന്നും അതിനാൽ സാഹിത്യത്തിനു ചേരാത്തതാണെന്നുമുള്ള ഉറച്ച ബോധ്യത്തിൽ കുടുങ്ങി നിൽക്കുകയായിരുന്ന മലയാള സാഹിത്യത്തെ വൈയക്തികതക്കു നൽകിയ പ്രാധാന്യത്തിലൂടെ അമ്പരപ്പിക്കാനും അസ്വസ്ഥമാക്കാനും ജയമോഹന്റെ എഴുത്തിനു കഴിഞ്ഞു. എന്റെ ഇത്തിരിപ്പോന്ന വ്യക്തിപരമായ അനുഭവങ്ങൾ എഴുതുന്നതാവണം എന്റെ കവിത എന്ന ധാരണ ഉള്ളിലുറപ്പിക്കാൻ നോട്ടങ്ങളുടെ വായന എന്നെ സഹായിച്ചു. വ്യക്തിപരമായ സൂക്ഷ്മ അനുഭവങ്ങളിൽ നിന്നു തുടങ്ങി സാംസ്കാരിക-സാമൂഹ്യ-ചരിത്ര തലങ്ങളിലേക്കും തത്വചിന്താപരവും ആത്മീയവുമായ ഉയരങ്ങളിലേക്കും കടന്നു കടന്നുപോകുന്ന ആ എഴുത്തു രീതിക്ക് മലയാളത്തിൽ സമാനതകൾ ഉണ്ടായിരുന്നില്ല. പല അടരുകളിലേക്കുള്ള ഈ പടർന്നു കയറലായിരുന്നു നോട്ടങ്ങളുടെ മൂന്നാമത്തെ സവിശേഷത. നിത്യജീവിത സാധാരണതയിൽ കാലുറപ്പിച്ച്, ആത്മീയത/ തത്വചിന്താപരതയിലേക്കു ശിരസ്സുയർത്തി നിൽക്കുന്ന വിശ്വാകാര മാർന്ന സാഹിത്യത്തെ ഇത്തിരിനോട്ടങ്ങളിൽ പ്രത്യക്ഷമാക്കാൻ നെടുമ്പാതയോരം എന്ന പേരിൽ പിന്നീടു പുസ്തകമായ ആ ചെറു ലേഖനങ്ങൾക്കു കഴിഞ്ഞു.

മലയാള സാഹിത്യത്തിൽ സീ.വി.രാമൻ പിള്ളക്കു ശേഷം പിന്നീടിന്നു വരെ ആവിഷ്ക്കരിക്കപ്പെടാതിരുന്ന നാഞ്ചിനാടൻ സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും അടരുകളിൽ നിന്നു വന്നവരായിരുന്നു ജയമോഹന്റെ ലേഖനങ്ങളിലെ മനുഷ്യർ.  തികവുറ്റ കഥാപാത്രങ്ങളായിരുന്നു അവരെല്ലാം. മനോഹരമായി മലയാളത്തിലെഴുതുന്ന ജയമോഹൻ തമിഴിലെ ശ്രദ്ധേയനായ നോവലിസ്റ്റും കഥാകൃത്തുമാണെന്ന് അതിനകം മനസ്സിലായിക്കഴിഞ്ഞിരുന്നു. നോട്ടങ്ങളിലെ മനുഷ്യരെയും പ്രമേയങ്ങളെയും പശ്ചാത്തലങ്ങളെയും ഭാഷയേയും മുൻനിർത്തി തമിഴിലെ അദ്ദേഹത്തിന്റെ എഴുത്ത് എത്രമാത്രം ജീവത്തായിരിക്കുമെന്ന് ഞാനക്കാലത്ത് ഊഹിച്ചു നോക്കിയിട്ടുണ്ട്.

എന്നാൽ ജയമോഹന്റെ എഴുത്തിനെക്കുറിച്ച് വ്യാപകമായ എതിരഭിപ്രായങ്ങളും അന്ന് ഉയർന്നതോർക്കുന്നു. സമകാലിക സംഭവങ്ങളോടുള്ള പ്രതികരണമാവണം സാഹിത്യമെന്നും അത് പുരോഗമനപരമായിരിക്കണമെന്നും എല്ലാത്തിനേയും ശരി തെറ്റ് എന്നു വിഭജിച്ച് ശരിയുടെ കൂടെ നിൽക്കുകയാണ് സാഹിത്യകാരൻ ചെയ്യേണ്ടതെന്നുമുള്ള പൊതുബോധം ശക്തമായി മലയാള സാഹിത്യാന്തരീക്ഷത്തിലുള്ളതിനാൽ അത്തരം കാര്യങ്ങളിൽ ഊന്നാതുള്ള ജയമോഹന്റെ എഴുത്ത് മലയാളത്തിൽ നിസ്സാരവൽക്കരിക്കപ്പെടുക സ്വാഭാവികം. മാത്രമല്ല, സത്യസന്ധമായിപ്പറയട്ടെ, മലയാളത്തിൽ ഇത്രയേറെ എഴുത്തുകാരുള്ളപ്പോൾ തമിഴിൽ നിന്നൊരാൾ ഇവിടെ വന്ന് തിളങ്ങേണ്ടതില്ല എന്ന സങ്കുചിത മനോഭാവവും ജയമോഹന്റെ എഴുത്തിനോടുള്ള അസഹിഷ്ണുതക്കു പിന്നിലുണ്ടായിരുന്നു. തമിഴ് സാഹിത്യപാരമ്പര്യത്തോടുള്ള തികഞ്ഞ അജ്ഞതയും ഒരു കാരണമായിരുന്നു. തമിഴ് നാട്ടിൽ നിന്നും തൊഴിലാളികൾ കൂട്ടത്തോടെ കേരളത്തിൽ വന്ന് ജോലിചെയ്യാൻ തുടങ്ങിയ കാലമായിരുന്നു അത്. അവരോടുള്ള മലയാളിയുടെ മേലാള മനോഭാവവും തമിഴ് സാഹിത്യപാരമ്പര്യത്തോടുള്ള അജ്ഞതയും ജയമോഹന്റെ എഴുത്തിനോടുള്ള മലയാളിയുടെ അസഹിഷ്ണുതക്കു പിന്നിലുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

1980 കളിൽ പാഠഭേദത്തിന്റെ കാലം തൊട്ടേ സാംസ്കാരിക വിഷയങ്ങളിൽ അഭിപ്രായങ്ങളും നിലപാടുകളും പ്രകടിപ്പിച്ചു പോന്നിട്ടുള്ള ജയമോഹൻ 1999-ൽ ആറ്റൂർ രവിവർമ്മ എഡിറ്റു ചെയ്ത പുതുമൊഴിവഴികൾ എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നടന്ന കവിതാ ചർച്ചയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ആ അസഹിഷ്ണുതക്ക് ആക്കം കൂട്ടി. കൊയിലാണ്ടിയിൽ നടന്ന ആ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നില്ല. ആകയാൽ ജയമോഹന്റെ ഏതേതഭിപ്രായങ്ങളാണ് സദസ്യരെ പ്രകോപിതരാക്കിയത് എന്നെനിക്കറിയില്ല. എന്നാൽ ആ പ്രകോപനം കവികൾക്കിടയിൽ ഏറെക്കാലം നിന്നിരുന്നു എന്നെനിക്കറിയാം.

തുടർന്ന് അദ്ദേഹം മലയാള കവിതയെ വിമർശനാത്മകമായി വിലയിരുത്തിക്കൊണ്ട് ഒരു ലേഖനം ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ചു. ആ ലേഖനം ഒരു പുതുകവിതാ ചർച്ചക്കു തന്നെ തുടക്കമിട്ടു. ജയമോഹന്റെ നിരീക്ഷണങ്ങളോട് വിയോജിച്ചും യോജിച്ചും പ്രതികരിച്ചുകൊണ്ട് ധാരാളം പ്രതികരണങ്ങൾ വന്നു. മറ്റൊരു ഭാഷയുടെ, അതും മലയാളത്തിന്റെ സഹോദര ഭാഷയുടെ സാഹിത്യപാരമ്പര്യത്തിലും സാമൂഹ്യപശ്ചാത്തലത്തിലും നിന്നുകൊണ്ടുള്ള സവിശേഷമായ നിരീക്ഷണങ്ങളായാണ് ഞാൻ അവയെ കണ്ടത്. ആ നിലക്ക് അവ വളരെ പ്രധാനമാണെന്നും ഞാൻ കരുതുന്നു. ഉച്ചസ്ഥായിയിലുളളതും അതിവാചാലവും കാല്പനികവും ഗാനാത്മകവുമായ സമകാല മലയാള കവിതാ രീതികളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഈ പശ്ചാത്തലത്തിനു പുറത്തുള്ള ഒരാൾക്കേ അങ്ങനെ മാറി നിന്നു നോക്കാൻ കഴിയുകയുള്ളൂ എന്നും മലയാള കവികളെ അത് സ്വയം വിമർശനത്തിന് പേരിപ്പിക്കേണ്ടതാണെന്നുമാണ് ഇക്കാര്യത്തിൽ എന്റെ നിലപാട്.

അതേസമയം മലയാള കവിതയുടെ പാരമ്പര്യത്തെക്കുറിച്ചുള്ള ജയമോഹന്റെ എല്ലാ അഭിപ്രായങ്ങളും പൂർണ്ണമാണെന്ന് ഞാൻ കരുതുന്നുമില്ല. ഉദാഹരണത്തിന്, മലയാള കവികൾ വിരസമായ വരികൾ പാടി കവിതയാണ് അതെന്നും കവിത എന്നാൽ പാട്ടാണ് എന്നും തെറ്റിദ്ധരിപ്പിക്കുന്നതിനെക്കുറിച്ചുള്ള ജയമോഹന്റെ വിമർശനം പൂർണ്ണമായും ശരിയാണ്. എന്നാൽ വൃത്തത്തിന് സംഗീത പദ്ധതിയുമായാണ് ബന്ധം എന്നു ഞാൻ വിചാരിക്കുന്നുമില്ല. മലയാളത്തെ സംബന്ധിച്ചിടത്തോളം, സ്വതവേ അയഞ്ഞ വ്യാകരണഘടനയെ മുറുക്കമുള്ളതാക്കാൻ, അങ്ങനെ കാവ്യഭാഷയെ മുറുക്കമുളളതാക്കാൻ മലയാളത്തിൽ വൃത്തം ഉപയോഗപ്പെടുന്നുണ്ട്. കവിത പാടൽ അല്ല ചൊല്ലൽ ആണ് മലയാളത്തിന്റെ പാരമ്പര്യത്തിലുള്ളത്. മാത്രമല്ല പിൽക്കാല മലയാള കവിതയിൽ നിയതവൃത്തങ്ങളായി ഉറച്ചത് സംഘകാല കവിതയിലെ അയവുള്ള താളമാണ് എന്നും തോന്നിയിട്ടുണ്ട്. ഇത്തരത്തിൽ വൃത്തത്തിന്റെ ധർമ്മം എന്ത് എന്നു പുനരാലോചിക്കാൻ എന്നെ പ്രേരിപ്പിച്ചത് ജയമോഹന്റെ നിരീക്ഷണങ്ങൾ തന്നെയാണ്.

സംഘകാല പാരമ്പര്യം മലയാളിക്കു കൂടി അവകാശപ്പെട്ടതാണ് എന്ന് മലയാള എഴുത്തുകാരെ ഓർമ്മിപ്പിക്കുക കൂടിയായിരുന്നു ജയമോഹൻ ഈ സംവാദങ്ങളിൽ. സംഘകാലമൊഴിയിലെ പല വാക്കുകളും തമിഴിൽ ഇല്ലാത്തത് മലയാളത്തിൽ പ്രയോഗത്തിലുണ്ടെന്ന് ജയമോഹൻ പറയാറുണ്ട്. ഓർമ്മ എന്ന വാക്കിനെപ്പറ്റി ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു. തമിഴിൽ പിന്നീട് ആ വാക്കു പോയി പകരം ഞാപകം എന്ന വാക്കു വന്നു. എന്നാൽ മലയാളം ഇപ്പോഴും ആ വാക്ക് നിലനിർത്തുന്നു. തമിഴ് ആധുനിക കവിത സംഘസാഹിത്യത്താൽ പ്രചോദിതമാണെങ്കിൽ, അതേ പാരമ്പര്യം അവകാശപ്പെടാവുന്ന മലയാളത്തിനും സംഘകാല കവിത പ്രചോദനമാകേണ്ടതല്ലേ എന്ന ചിന്ത എന്നിലുണ്ടായത് ജയമോഹന്റെ സംവാദങ്ങളിൽ നിന്നാണ്. ആ പ്രേരണയാലാണ് അകനാനൂറ്, പുറനാനൂറ്, കുറുന്തൊകൈ തുടങ്ങിയ പഴന്തമിഴ് കൃതികൾക്ക് മലയാളത്തിൽ കിട്ടാവുന്ന പരിഭാഷകളെല്ലാം വായിക്കാൻ ഞാൻ ആരംഭിച്ചതും. കെ.ജി.ശങ്കരപ്പിള്ള എഡിറ്ററായ സമകാലീന കവിതയിൽ ജയമോഹന്റെ തന്നെ പരിഭാഷകളും (ഐങ്കുറുനൂറ്) വരികയുണ്ടായി. എന്നെപ്പോലെ മറ്റു പല മലയാള എഴുത്തുകാരും ഈ തരത്തിൽ ചിന്തിച്ചു തുടങ്ങിയതിനു പിന്നിൽ ജയമോഹന്റെ പ്രചോദനമോ പ്രകോപനമോ ഉണ്ട് എന്നു ഞാൻ കരുതുന്നു. അതിന്റെ സത്ഫലമെന്നോണം പിൽക്കാലത്ത് മനോജ് കുറൂർ നിലം പൂത്തു മലർന്ന നാൾ എന്ന നോവൽ എഴുതുകയും അത് മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

2004 - 05 കാലത്ത് സംഘകാല കവിതകളെപ്പറ്റി മാധ്യമം വാരികയിൽ സംഘചിത്രങ്ങൾ എന്ന പേരിൽ ജയമോഹൻ എഴുതി വന്ന ലേഖനങ്ങളെക്കുറിച്ചും ഇവിടെ സൂചിപ്പിക്കാതെ വയ്യ. സംഘം കവിത പോലെ തന്നെ എന്നെ അതിൽ ആകർഷിച്ചത് കവിതയിലേക്കു വായനക്കാരൻ കടക്കുന്ന രീതിയായിരുന്നു. സ്വന്തം ജീവിതം കൊണ്ടാണ് ഏതു കവിതയും ഒരാൾ വായിക്കേണ്ടത് എന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു ആ ആസ്വാദന ലേഖനങ്ങൾ.
കൊല്ലൻ അഴിചി രചിച്ച കുറുന്തൊകൈ 138 - മതു പാട്ടിനെക്കുറിച്ചുള്ള ആസ്വാദനം പ്രത്യേകം ഓർക്കുന്നു. പാതിരക്ക് വീടിനടുത്തുള്ള ചെറുകുന്നിലെ നൊച്ചി മരത്തിൽ നിന്നും നീലപ്പൂക്കൾ വീഴുന്നത് ഉറങ്ങാതെ കേട്ടു കിടക്കുന്ന നായികയുടെ പാട്ടാണത്. രാത്രി ലോഡ്ജ് മുറിയിൽ ക്ലോക്കിന്റെ ടിക് ടിക് ശബ്ദം കേട്ട് ഉറങ്ങാതെ അസ്വസ്ഥനായി കിടക്കുന്ന ഒരു സുഹൃത്തിനെക്കുറിച്ചുള്ള ഓർമ്മയിൽ നിന്നാണ് ജയമോഹൻ ആ സംഘംകവിതയുടെ ഭാവതലത്തിലേക്കു കടക്കുന്നത് എന്നത് എന്നെ വിസ്മയിപ്പിച്ചു. കവിതയെക്കുറിച്ചുള്ള ജയമോഹന്റെ ഏതു പരാമർശവും സ്വന്തം ജീവിതാനുഭവത്തിൽ നിന്നാണ് തുടങ്ങുക എന്ന് ഞാൻ പതുക്കെ മനസ്സിലാക്കി. അതദ്ദേഹത്തിന്റെ സഹജമായ ആസ്വാദന രീതിയാണെന്ന് പിൽക്കാലത്ത് സാഹിത്യ സംബന്ധിയായ പ്രഭാഷണങ്ങൾ കേട്ടപ്പോൾ ഉറയ്ക്കുകയും ചെയ്തു. സംഘചിത്രങ്ങൾ എന്ന ആ ആസ്വാദന പരമ്പര മലയാളത്തിൽ പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടില്ല എന്നത് ഒരു നഷ്ടം തന്നെ.

2000 - ൽ  ജയമോഹന്റെ നേതൃത്വത്തിൽ കുറ്റാലത്തു വെച്ച് നടന്ന തമിഴ്-മലയാള കവി സംഗമം എന്റെ സാഹിത്യ ജീവിതത്തിലെ ഒരു പ്രധാന സംഭവമായിരുന്നു. തമിഴ് കവികളുമായി എന്നല്ല തമിഴ് കവിതയുമായിത്തന്നെ എന്റെ ആദ്യത്തെ അഭിമുഖീകരണം ആയിരുന്നു അത്. തമിഴിൽ നിന്ന് സുന്ദരരാമസ്വാമിയും മലയാളത്തിൽ നിന്ന് ആറ്റൂർ രവിവർമ്മയും മുതിർന്ന നിരീക്ഷകരായി അതിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുക്കുന്ന തമിഴ് കവികളുടെ കവിതകൾ ജയമോഹൻ തന്നെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സ്വന്തം കൈപ്പടയിൽ  എഴുതി മലയാളത്തിൽ നിന്നു വരുന്ന ഞങ്ങൾക്ക് അയച്ചു തന്നിരുന്നു. അന്നേക്ക് ജയമോഹൻ തന്റെ തമിഴ് കൃതികളെഴുതാൻ കംപ്യൂട്ടർ ടൈപ്പിങ് ഉപയോഗപ്പെടുത്തിക്കഴിഞ്ഞിരുന്നെങ്കിലും മലയാളം കയ്യെഴുത്തായിത്തന്നെ തുടരുകയായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇന്നും ജയമോഹൻ മലയാളം കയ്യെഴുത്തായിത്തന്നെ എഴുതുകയാണ് എന്നു ഞാൻ വിചാരിക്കുന്നു. ആ കയ്യെഴുത്തിൽ തപാലിൽ അയച്ചു കിട്ടി ഞാൻ വായിച്ച തമിഴ് കവിതകൾ തൊണ്ണൂറുകളിലെ മലയാള കവിതയിൽ നിന്ന് പൊതുവേ വളരെ വ്യത്യസ്തമായിരുന്നു. തൊണ്ണൂറുകളിൽ നടപ്പുണ്ടായിരുന്ന പൊതു കവിതാരീതികളെ കുറിക്കാനാണ് തൊണ്ണൂറുകളിലെ മലയാള കവിത എന്ന് ഇവിടെ പ്രയോഗിച്ചത്. ആ രീതികളിൽ നിന്ന് അമ്പേ വ്യത്യസ്തമായിരുന്നു ഞാൻ വായിച്ച ഈ പുതിയ തമിഴ് കവിതകൾ. മറിച്ച് തൊണ്ണൂറുകളിൽ പുതുതായി എഴുതിത്തുടങ്ങിയ പലരുടെയും കവിതകൾക്ക് ആ തമിഴ് കവിതാരീതികളുമായി ചില നിലയിൽ സാഹോദര്യം അനുഭവപ്പെടുകയും ചെയ്തു. ഇമേജുകളിലൂടെ സംസാരിക്കുന്ന രീതിയായിരുന്നു തമിഴ് കവിതകളിൽ പൊതുവേ ഉണ്ടായിരുന്നത്. മുതിർന്ന കവികളായ കലാപ്രിയ, കല്യാൺജി, വിക്രമാദിത്യൻ എന്നിവരുടെ കവിതകളുടെ പരിഭാഷകൾ അതിലുണ്ടായിരുന്നു. പിന്നെ, മനുഷ്യ പുത്രൻ, എം.യുവൻ തുടങ്ങിയ ചെറുപ്പക്കാരുടേയും.

കുറ്റാലത്ത് കലാപ്രിയയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു കവിസംഗമം. കലാപ്രിയ ഒരു സുന്ദരിയായ കവിയായിരിക്കും എന്നു കരുതി വന്ന മലയാള യുവകവികൾക്കു മുന്നിൽ ശബരിമലക്കു പോകാൻ മാലയിട്ടു നിൽക്കുന്ന രൂപത്തിൽ കറുത്ത മുണ്ടും ചുറ്റി ആതിഥേയനായി അദ്ദേഹം നിന്നു. വിക്രമാദിത്യനും കല്യാൺജിയും പരിപാടിക്ക് വന്നിരുന്നില്ലെന്നും ഓർക്കുന്നു. വട്ടത്തിലിരുന്ന് അനൗപചാരികമായി കവിത വായിക്കുകയും കേട്ട് മറ്റുള്ളവർ അഭിപ്രായം പറയുകയും ചെയ്ത ആ അവതരണരീതി മലയാളത്തിൽ അന്ന് പതിവുള്ളതായിരുന്നില്ല. സാമൂഹ്യ-രാഷ്ട്രീയ-വർത്തമാന കാല പശ്ചാത്തലത്തിൽ നിന്നുകൊണ്ട് കവിത മനസ്സിലാക്കാനായിരുന്നു മലയാളികൾക്കിഷ്ടം. കവിതക്കുള്ളിൽ നിന്നു കൊണ്ടു സംസാരിക്കുന്നതായിരുന്നു കുറ്റാലത്തെ സംവാദരീതി. ഈ രീതിയുമായി പൊരുത്തപ്പെടാൻ മലയാള കവികൾക്ക് അല്പം സാവകാശവും വേണ്ടി വന്നു. മലയാളികൾ കോൺടെക്സ്റ്റിനും തമിഴർ ടെക്സ്റ്റിനുമാണ് കൂടുതൽ പ്രാധാന്യം നൽകുന്നത് എന്നു തോന്നി.ടെക്സ്റ്റ് പ്രധാനമാണെന്നും ടെക്സ്റ്റിലൂടെ കോൺടെക്സ്റ്റിലേക്ക് എത്തുകയാണ് വേണ്ടതെന്നും മറിച്ചല്ലെന്നും കുറ്റാലം സംവാദം ബോധ്യപ്പെടുത്തി.

ജയമോഹനെ ആദ്യമായി നേരിൽ കാണുകയായിരുന്നു. അരുൺമൊഴിയും കുട്ടികളായ അജിതനും ചൈതന്യയുമുണ്ടായിരുന്നു. ജയമോഹന്റെ ഊർജ്ജം അവിടെ വന്നു ചേർന്ന എല്ലാവരെയും ചലിപ്പിച്ചിരുന്നു. രാത്രി ഭക്ഷണശാലയിൽ വെച്ച് പെട്ടെന്ന് അജിതൻ അടുത്തില്ല എന്നറിഞ്ഞ് എല്ലാവരും അന്വേഷിച്ചു പുറത്തേക്കോടിയതും ഒടുവിൽ തെരുവു മൂലയിൽ ക്ഷേത്രരഥം നോക്കി  നിൽക്കുന്ന മട്ടിൽ അജിതനെ കണ്ടെത്തിയതും എന്റെയുളളിൽ തങ്ങിയിട്ടുള്ള സ്വകാര്യമായ ഒരോർമ്മ. അജിതനെ പിന്നീട് ഒന്നു രണ്ടു തവണ കണ്ടപ്പോഴെല്ലാം ആ വലിയ തേരും ഞാൻ ഒരുമിച്ചു കണ്ടു.

കുറച്ചു മലയാളകവികൾ കുറ്റാലത്തു പോയി കുളിച്ചു വന്നത് അന്നു മലയാളത്തിൽ പരിഹാസകഥയായിരുന്നു. ഞാനാകട്ടെ, പതുക്കെ തമിഴ് അക്ഷരമാല പഠിക്കാനാണ് ശ്രമിച്ചു തുടങ്ങിയത്. എന്റെ അച്ഛൻ അന്ന് കോയമ്പത്തൂരിൽ ആശുപത്രിയിൽ കിടക്കുന്ന കാലം. തമിഴ് എഞ്ചുവടി വായിച്ച് അക്ഷരം പഠിച്ച ഞാൻ ബസ്സിന്റെയും കടകളുടെയും ബോർഡു വായിക്കാൻ തുടങ്ങി. അടുത്തവർഷവും കുറ്റാലത്ത് ചർച്ചയിൽ പങ്കെടുത്തു. തുടർ വർഷങ്ങളിൽ ഹൊഗനക്കലും ഊട്ടി ഫേൺ ഹില്ലിലും വെച്ച് കൂടിയിരിപ്പുകളുണ്ടായി. ഊട്ടിയിൽ വെച്ചു നടന്ന രണ്ടാമത്തെ സംഗമത്തിൽ പങ്കെടുക്കാൻ വ്യക്തിപരമായ എന്തോ പ്രയാസത്താൽ എനിക്ക് കഴിഞ്ഞില്ല. ഊട്ടിയിലെ സംഗമത്തിൽ വിനയചൈതന്യയുടെ സാന്നിദ്ധ്യം എടുത്തു പറയേണ്ടതാണ്. ഹൊഗനക്കലിലെ കൂടിയിരിപ്പിൽ മലയാളത്തിൽ വന്നു വീണ രണ്ടു വിത്തുകളിലൊന്ന് അധികം വൈകാതെ ടി.പി. രാജീവനിലൂടെ ഹൊഗനേക്കൽ എന്ന കവിതയായി മുളച്ചു. മറ്റൊന്ന് കുറച്ചു കൂടി സമയമെടുത്ത് മനോജ് കുറൂരിലൂടെ നിലം പൂത്തു മലർന്ന നാൾ എന്ന നോവലായി തഴച്ചു.

അപ്പൊഴേക്കും കോയമ്പത്തൂരെ പുസ്തകശാലകളിൽ നിന്ന് ഞാൻ ചില കവിതാ പുസ്തകങ്ങൾ വാങ്ങി വായിക്കാൻ പരിശീലിച്ചു തുടങ്ങിയിരുന്നു. അക്കൂട്ടത്തിൽ ഭാഷാ ലാളിത്യം കൊണ്ട് എനിക്കു പെട്ടെന്നു വഴങ്ങിക്കിട്ടിയത് മനുഷ്യപുത്രന്റെ ഇടമും ഇരിപ്പും എന്ന സമാഹാരമായിരുന്നു. ഇതിലെ ചില കവിതകൾ ജയമോഹന്റെ പരിഭാഷകൾ വഴി മുമ്പേ പരിചയപ്പെട്ടു കഴിഞ്ഞിരുന്നു. അത് പുതിയ കവിതകളുടെ വായന എളുപ്പമാക്കി. പതുക്കെ ചില കവിതകൾ ഞാൻ മലയാളത്തിലാക്കിത്തുടങ്ങി.

ഈ തമിഴ് - മലയാള കവി സംഗമങ്ങൾ അതിൽ പങ്കെടുത്ത മലയാളകവികളെ പല തരത്തിലാണ് സ്വാധീനിച്ചത് എന്നു തോന്നാറുണ്ട്. കല്‌പറ്റ നാരായണന്റെ കവിതകൾ തമിഴ് വായനക്കാർക്ക് വളരെ ഇഷ്ടമാവുകയും ആ കവിതകൾ തമിഴ് കവികൾക്കിടയിലെങ്കിലും നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. ടി.പി. രാജീവന്റെ കവിതകളും ശ്രദ്ധിക്കപ്പെട്ടു. എന്റെ കവിതകളിൽ തമിഴ് വായനക്കാർക്ക് സവിശേഷ താല്പര്യം തോന്നുകയുണ്ടായില്ല.മറിച്ച് തമിഴ് കവിതയോടുള്ള എന്റെ താല്പര്യമാണ് ശ്രദ്ധിക്കപ്പെട്ടത്. തമിഴ് കവിത അടുത്തറിയാൻ കിട്ടിയ അവസരമായാണ് ഞാൻ ആ സംവാദങ്ങളെ പ്രയോജനപ്പെടുത്തിയതും. പിൽക്കാലത്ത് ജ്ഞാനക്കൂത്തനുൾപ്പെടെ ഒട്ടേറെ കവികളുടെ കവിതകൾ മൊഴിമാറ്റാൻ സഹായിച്ചത് ആ താല്പര്യമാണ്. തമിഴ്-മലയാള ആധുനിക കവിതകളേയും ആധുനികാനന്തര കവിതകളേയും താരതമ്യം ചെയ്ത് രണ്ടിന്റേയും ശക്തിയും പരിമിതിയും മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചത് ആ കൂടിയിരിപ്പുകളുടെ ഫലശ്രുതിയാണ്, എന്നെ സംബന്ധിച്ചിടത്തോളം.

ഇതിനിടയിൽ ജയമോഹന്റെ നൂറു സിംഹാസനങ്ങൾ മലയാളത്തിൽ തരംഗമായിക്കഴിഞ്ഞിരുന്നു. എഴുത്തുകാരല്ലാത്ത വായനക്കാർ ഈ നോവൽ ഏറ്റുവാങ്ങി. ശക്തമായ രംഗാവിഷ്ക്കാരങ്ങൾ ഇതിനുണ്ടായി. എഴുത്തുകാരെ സംബന്ധിച്ചിടത്തോളം ജയമോഹനോടുള്ള മുൻധാരണ കൊണ്ട് കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ടു തുപ്പാനും വയ്യ എന്ന തരത്തിലായിരുന്നു ഇതിനോടുള്ള പ്രതികരണം. സാമൂഹ്യ രാഷ്ട്രീയ പ്രമേയങ്ങൾക്കു വലിയ സ്വീകാര്യതയുള്ള കേരളത്തിൽ നൂറു സിംഹാസനങ്ങൾ സ്വാഭാവികമായും ധാരാളമായി ചർച്ച ചെയ്യപ്പെട്ടു. എന്നാൽ മലയാളത്തിലെ അക്കാദമിക് - ബുദ്ധിജീവി സമൂഹം ഈ കൃതിയെ മനപ്പൂർവം അവഗണിച്ചു എന്നാണ് എന്റെ തോന്നൽ.

സാഹിത്യത്തേയും സംസ്ക്കാരത്തെയും കുറിച്ചുള്ള മലയാളിയുടെ പൊതുബോധ്യങ്ങൾക്കെതിരെ സംസാരിക്കുന്ന അപരനായാണ് ജയമോഹനെ കേരളത്തിലെ എഴുത്തുകാരും അക്കാദമിക സമൂഹവും മിക്കപ്പോഴും വിലയിരുത്തിക്കണ്ടിട്ടുള്ളത്. എന്നാൽ സ്വയം കാണാനായി മലയാളിയെ തന്റെ എഴുത്തിന്റെ കണ്ണാടിക്കു മുമ്പിൽ കൊണ്ടു നിർത്തുകയാണ് ഈ എഴുത്തുകാരൻ ചെയ്തത് എന്നാണ് എന്റെ പക്ഷം. ഒരേ സമയം രണ്ടു ഭാഷകളിൽ എഴുതുന്ന എഴുത്തുകാരൻ എന്ന നിലയിലും തമിഴ്-മലയാളങ്ങളുടെ സാംസ്ക്കാരികവും സാഹിതീയവുമായ അതിർത്തിയിൽ നിന്നു വരുന്ന എഴുത്തുകാരൻ എന്ന നിലയിലും അദ്ദേഹത്തിന്റെ എഴുത്ത് പഠിക്കപ്പെട്ടിട്ടില്ല.

കോവിഡ് ലോക് ഡൗണിന്റെ തുടക്കത്തിലാണ് പ്രസാദാത്മകമായ കഥകൾ താൻ ഇപ്പോൾ എഴുതുന്നതായും തന്റെ സുഹൃത്തുക്കളായ മറ്റെഴുത്തുകാരും പ്രസാദാത്മകമായ കഥകളും കവിതകളും എഴുതണമെന്നും ജയമോഹൻ ഒരു സന്ദേശത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. വെബ്സൈറ്റിൽ നിന്നും ഞാനാ കഥകൾ ഓരോന്നായി വായിച്ചു തുടങ്ങി. ഒരു വായനക്കാരൻ എന്ന നിലക്ക് സമകാല മലയാള കഥയിൽ എന്താണോ ഇല്ലാത്തതായി എനിക്കനുഭവപ്പെടുന്നത് അവയെല്ലാം തികഞ്ഞ കഥകളായി ഞാനവ രസിച്ചു വായിച്ചു , മുഴുകി വായിച്ചു. മറ്റൊന്നിനും വേണ്ടിയല്ലാതെ കഥ പറയാനുള്ള അടങ്ങാത്ത ആവേശമായിരുന്നു ആ കഥകളിൽ നിറഞ്ഞു നിന്നത്. രാഷ്ട്രീയ സാമൂഹ്യ ഉദ്ദേശ്യങ്ങൾ വെച്ച് ദിശാബോധത്തോടെ എഴുതപ്പെട്ട സമകാല മലയാള കഥകളുമായി അവക്ക് ഒരു താരതമ്യവുമുണ്ടായിരുന്നില്ല.

രണ്ടുതരം കഥകളാണ് ഇന്ന് മലയാളത്തിൽ പൊതുവേ എഴുതപ്പെടുന്നത്. ഒന്ന്, കൃത്യമായ സാമൂഹ്യ രാഷ്ട്രീയ ലക്ഷ്യങ്ങളും ഉയർന്ന നീതിബോധവും രാഷ്ട്രീയമായി ശരിയായതു മാത്രം എഴുതുക എന്ന നിലപാടുമുള്ള എഴുത്ത്. സാമൂഹ്യ രാഷ്ട്രീയ ഉള്ളടക്കങ്ങളാൽ ഇപ്പോൾ പൊട്ടിത്തെറിക്കും എന്ന മട്ടിലുള്ള കഥകളാണവ. രണ്ടാമത്തേത് അസ്തിത്വത്തിന്റെ ഇരുണ്ട മുഖങ്ങൾ ദുഃഖകരമാം വിധം അവതരിപ്പിക്കുന്ന, പഴയ അസ്തിത്വദർശനക്കാലത്തെ ഓർമ്മിപ്പിക്കുന്ന കഥകളാണ്. (വിദേശകഥകളുടെ സ്വാധീനത്തിൽ നിന്നല്ല കേരളീയ സാമൂഹ്യ ജീവിതത്തിന്റെ സമകാല വിഷാദത്തിൽ നിന്ന് എഴുതപ്പെട്ടവയാണ് ഈ രണ്ടാം അസ്തിത്വദർശനക്കാല കഥകൾ എന്നതാണ് വ്യത്യാസം) പത്രപ്രവർത്തന ഭാഷയുടെ ഉപരിപ്ലവത ഈ രണ്ടു വിഭാഗം കഥകളിലും കാണുകയും ചെയ്യും. ജയമോഹന്റെ ഈ പുതിയ കഥകൾ അതിനാൽ തന്നെ വളരെ വ്യത്യസ്തമായി അനുഭവപ്പെട്ടു. മറ്റെല്ലാത്തിനുമപ്പുറം കഥ പറച്ചിലിന്റെ ഒടുങ്ങാത്ത ലഹരിയാണ് ആ കഥകൾ എനിക്കു തന്നത്. മലയാളത്തിലെ സമകാല കഥാകൃത്തുക്കളിൽ സക്കറിയയിൽ നിന്നു മാത്രമാണ് എനിക്കാ ലഹരി കിട്ടിയിട്ടുള്ളത്. ജയമോഹന്റെ കഥകളുടെ സാംസ്കാരിക ഭൂമികയോട് കേരളീയർക്കുള്ള ആത്മബന്ധം അവയുടെ വായന സുഗമമാക്കുകയും ചെയ്തു. പത്തു ലക്ഷം കാലടികൾ, തീവണ്ടി, ആട്ടക്കഥ തുടങ്ങിയ പല കഥകളുടെയും പശ്ചാത്തലം വടക്കേ മലബാറുൾപ്പെടുന്ന കേരളമായിരുന്നു. കോവിഡ് കാലത്തിന്റെ കെട്ടിക്കിടപ്പിൽ വിഷാദം ചുരമാന്തിക്കൊണ്ടിരുന്ന എന്റെ മനസ്സിനെ ആശ്വസിപ്പിക്കാൻ പൊതുവേ പ്രസാദാത്മകമായ ഈ കഥകൾക്കു കഴിഞ്ഞു. പ്രമേയതലത്തിലും അവതരണത്തിലും വൈവിധ്യമുള്ള, ദൈർഘ്യം കുറഞ്ഞ ചില കഥകൾ മലയാളത്തിലാക്കാൻ ഞാൻ ശ്രമം തുടങ്ങി.

ജയമോഹൻ തന്നെ മലയാളത്തിലെഴുതുമ്പോൾ പിന്നെന്തിനാണ് ഞാനീ പണി ചെയ്യുന്നതെന്ന് പല വട്ടം സ്വയം ചോദിക്കുകയുണ്ടായി. ജയമോഹനെ മറ്റൊരു ഭാഷയിലെഴുതുന്ന എഴുത്തുകാരനായി മലയാളികൾ ഉൾക്കൊള്ളണമെങ്കിൽ പരിഭാഷ എന്ന നിലയിൽ തന്നെ ആ കഥകൾ ചിലതെങ്കിലും മലയാളത്തിൽ വരേണ്ടതുണ്ട് എന്നെനിക്കു തോന്നി. മലയാളത്തിനും തമിഴിനും ഇടയിലുള്ള, ഇരു ഭാഷകളിലുമെഴുതുന്ന സങ്കീർണ്ണമായ നിലകൊണ്ടു മാത്രം അടയാളപ്പെട്ടാൽ പോരാ ആ സാഹിത്യ വ്യക്തിത്വം. പൂർണ്ണമായും ഒരു തമിഴ് സാഹിത്യകാരൻ എന്ന നിലയിൽ തന്നെ ജയമോഹൻ വായിക്കപ്പടണമെങ്കിൽ അദ്ദേഹത്തിന്റെ ചില കൃതികളെങ്കിലും മറ്റു പരിഭാഷകർ മലയാളത്തിലാക്കിയേ പറ്റൂ. എന്നാൽ മറ്റൊരു പരിഭാഷകനെ സംബന്ധിച്ച് അതൊരു കനത്ത വെല്ലുവിളിയാണു താനും. കാരണം അത്രയും മോഹിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ മലയാള ഭാഷ. നാഞ്ചിനാടൻ ചൂരുള്ള, അഴകുള്ള മാനക മലയാളമായിരുന്നു അത്. ജയമോഹന ഭാഷയുടെ - തമിഴിന്റെ മാത്രമല്ല മലയാളത്തിന്റെയും - മോഹനത്വം മറ്റൊരാളുടെ പരിഭാഷയിൽ നഷ്മാകുന്നത് സഹിക്കാവുന്നതല്ല. അതേസമയം, കഥ പറച്ചിലിന്റെ ആനന്ദവും അതു വഴി സാക്ഷാത്കരിക്കാവുന്ന ആത്മിയമായ തേടലുമല്ലാതെ മറ്റൊന്നും ലക്ഷ്യമാക്കാത്ത ഈ കഥകൾ, സാമൂഹ്യ പ്രതികരണ സ്വഭാവമുള്ള രചനകൾ മാത്രം ചർച്ച ചെയ്യുന്ന മലയാള സാഹിത്യാന്തരീക്ഷത്തിലേക്കു കൊണ്ടുവരാൻ ജയമോഹൻ സ്വന്തം നിലക്ക് ഉത്സാഹിക്കുകയില്ലെന്നും അറിയാമായിരുന്നു. ഈ സമ്മർദ്ദ നിലയിൽ നിന്നാണ് ജയമോഹന്റെ പുതിയ പത്തു കഥകൾ ഞാൻ മലയാളത്തിലേക്കു മൊഴിമാറ്റിയത്. മായപ്പൊന്ന് എന്ന പേരിൽ പ്രസിദ്ധീകരിച്ച , പത്തു കഥകളടങ്ങുന്ന ആ കൃതിയുടെ രണ്ടാം പതിപ്പ് രണ്ടു മാസത്തിനകം തന്നെ പുറത്തിറങ്ങി.

അതിർത്തി പ്രദേശത്തു നിന്നുള്ള ഒരെഴുത്തുകാരന് ഒന്നിലേറെ മാതൃഭാഷകളുണ്ടാവാം. അമ്മയിൽ നിന്നു കിട്ടിയ ഭാഷ എന്ന നിലക്ക് മലയാളവും അമ്മ തന്നെയായ സ്വന്തം നാട്ടിൽ നിന്നു കിട്ടിയ ഭാഷ എന്ന നിലക്ക് തമിഴും അദ്ദേഹത്തിന്റെ മാതൃഭാഷകളാണ്. സമകാല ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരെഴുത്തുകാരന്റെ സംഭാവനകളെ സമഗ്രമായിക്കാണുന്ന ഈ സന്ദർഭത്തിൽ ഈ രണ്ടു താഴ്‌വാരങ്ങളിൽ നിന്നും ആ പർവത മുനമ്പിനെ നോക്കിക്കാണാതിരിക്കാനാവില്ല. മലയാളത്തിന്റെ താഴ് വാരച്ചെരുവിൽ നിന്നുള്ള നോട്ടത്തിന് തീർച്ചയായും പരിമിതികളുണ്ടാവുമെങ്കിലും. ജയമോഹന്റെ എഴുത്തിന്റെ മലയാളച്ചെരിവിലൂടൊഴുകിയ മൊഴിയഴകിന്റെ അമൃതധാരയും വീശിയ സംവാദക്കാറ്റുമില്ലെങ്കിൽ അത്രമേൽ വിളറി വിളർത്തു നിന്നേനെ എന്റെ മലയാള എഴുത്തു ജീവിതം.