Thursday, July 29, 2021

പെണ്ണു തീണ്ടാത്ത പുരുഷാധുനികത

 പെണ്ണു തീണ്ടാത്ത പുരുഷാധുനികത

- മലയാളത്തിലും തമിഴിലും


പി.രാമൻ




ഒരു കവിത മുഴുവൻ ഒരേ വിഷയം

എന്തൊരു വീര സാഹസം പെണ്ണേ!

ഒന്നാം വരിയിൽ മനസ്സിൽ വന്നത്

കുഞ്ഞിന്റെ ചിരി.


രണ്ടാം വരിയിൽ 

വെള്ളം പിടിക്കുന്നിടത്തെ വഴക്കുകൾ

മൂന്നാം വരിയിൽ തണുത്തു വിറച്ചു മരിച്ച

ലക്ഷ്മിത്തള്ള

നാലാം വരിയിൽ ഗ്യാസു തീർന്ന ക്ഷീണത്തിൽ

സ്റ്റവിന്റെ പരാക്രമങ്ങൾ


അഞ്ചാം വരിയിൽ

ഓസിയിൽ ടീ വീ സിനിമ കാണാൻ

കതകിനു തട്ടുന്ന കുട്ടികൾ.

ആറാമതായ് ചിന്നമ്മയുടെ

മെനോപോസ് പ്രയാസക്കരച്ചിലുകൾ

ഏഴാം വരിയിൽ.......


ഇനിയും ചോറായില്ല.


ഇനിയൊരു വരി കൂടി വേണം.

കവിത അവസാനിപ്പിക്കാൻ ഒറ്റ വരി.

പറ പെണ്ണേ!


- സുഗന്ധി സുബ്രഹ്‌മണ്യൻ 



1990 കളിൽ കവി കെ.ജി.ശങ്കരപ്പിള്ള എഡിറ്റു ചെയ്തു പ്രസിദ്ധീകരിച്ചിരുന്ന സമകാലീന കവിതയുടെ ഏതോ ലക്കത്തിലാണ് ഞാൻ തമിഴ് കവി സുഗന്ധി സുബ്രഹ്‌മണ്യന്റെ ചില കവിതകൾ ആദ്യമായി വായിച്ചത് എന്നോർക്കുന്നു. പിന്നീട് ആറ്റൂർ രവിവർമ്മ തമിഴ് പുതു കവിതകളുടെ വിപുലമായ ഒരു പരിഭാഷാസമാഹരം പുതുനാനൂറ് എന്ന പേരിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ പ്രാധാന്യത്തോടെ സുഗന്ധിയുടെ കവിതകളും കൊടുത്തിരുന്നു. സുബ്രഹ്മണ്യഭാരതി തൊട്ടു തുടങ്ങുന്ന, ആകെ 59 കവികൾ ഉൾപ്പെട്ടിട്ടുള്ള ആ സമാഹരത്തിൽ മുപ്പത്തഞ്ചാമതായാണ് സുഗന്ധിയുടെ കവിതകൾ കൊടുത്തിട്ടുളളത്. ആ സമാഹാരത്തിൽ ചേർത്തിട്ടുള്ള പെൺകവികളിൽ കാലാനുക്രമം വെച്ചു നോക്കിയാൽ ആദ്യത്തെയാൾ ഇവരാണ്. തുടർന്ന് കനിമൊഴി, സൽമ എന്നിങ്ങനെ പലരുടേയും കവിതകൾ അതിലുണ്ട്. എന്തുകൊണ്ടാവാം ഈ സമാഹാരത്തിലെ ആദ്യ പെൺകവി മുപ്പത്തഞ്ചാമതായി മാത്രം ചേർക്കപ്പെട്ടത്? സുഗന്ധി സുബ്രഹ്‌മണ്യനു മുമ്പ് തമിഴിൽ ശ്രദ്ധിക്കപ്പെട്ട പെൺകവികൾ ആരും ഉണ്ടായിരുന്നില്ലേ?


1980 കളിലാണ് സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകൾ തമിഴ് വായനക്കാരുടെ ശ്രദ്ധയാകർഷിക്കുന്നത്. സമയവേൽ,സുകുമാരൻ, ആത്മാനാം എന്നിവരുൾപ്പെട്ട ഒരു തലമുറയിലെ ഒറ്റപ്പെട്ട പെൺശബ്ദമായിരുന്നു അവരുടേത്. സാമൂഹികവും വൈയക്തികവുമായ തീവ്രവികാരങ്ങൾ ഉച്ചസ്ഥായിയിലല്ലാതെ, എന്നാൽ മൂർച്ചയുള്ള ബിംബങ്ങളിലൂടെ ആവിഷ്കരിച്ച ഒരു തലമുറയായിരുന്നു അത്. സുഗന്ധിയുടെ ആദ്യസമാഹാരമായ പുതൈയുണ്ട വാഴ്ക്കൈ (കുഴിച്ചിട്ട ജീവിതം) 1988- ലാണു പുറത്തു വരുന്നത്. പെൺജീവിതത്തിലെ ദൈനംദിനാനുഭവപരിസരമാണ് സുഗന്ധിയുടെ കവിതകളിൽ. മറ്റൊരുദാഹരണം കൂടി ചേർത്തു വായിക്കാം :


എന്റെ കുഞ്ഞിന്റെ

പൊക്കിൾക്കൊടി

മുറിച്ചതാര്?

മുത്തശ്ശിയോ? നഴ്സോ?

ഓർമ്മയില്ല.


എന്റെ വയറ്റിൽ

വിശേഷമുണ്ടെന്ന്

ആരോടാണ് ഞാൻ

ആദ്യം പറഞ്ഞത്?

ഓർക്കുന്നില്ല


പള്ളിക്കൂടത്തിൽ

അ ആ ഇ ഈ ചൊല്ലിപ്പഠിപ്പിച്ച

മാഷാര്?

മറന്നു പോയി.


സ്കൂൾ മുറ്റത്തു കളിക്കുന്നതിനിടെ

തിരണ്ട നേരത്ത്

എന്റെ കൈ പിടിച്ചു സന്തോഷം കൊണ്ട മുഖമേത്?

ഓർമ്മയില്ല.


പെട്ടെന്നു മരിച്ചു പോയ അപ്പൻ

എനിക്കായ് വിട്ടു പോയ വാക്കുകളേതെല്ലാം?

ഏതെല്ലാം?

ഓർമ്മയില്ല.


ആദ്യത്തെ പ്രസവത്തെക്കുറിച്ച്

ഭയപ്പെടുത്തിപ്പറഞ്ഞതാരാണ്?

മറന്നു പോയി.


ഭാഷയറിയാത്ത നാട്ടിൽ

പുതു ഭാഷയിൽ

ആദ്യമായെന്നോടു മറുപടി പറഞ്ഞ പെണ്ണ്?

നീളുന്നൂ ഓർമ്മയില്ലായ്മകൾ

ഏതോ തരത്തിൽ

എല്ലാത്തിലും പ്രധാനം

അവയായിരുന്നിട്ടും.


കവിതക്കു ശീർഷകം പോലുമാവശ്യമില്ലാത്ത വിധം നേരെഴുത്താണിത്.നൂറ്റാണ്ടുകളുടെ ഇടവേളക്കുശേഷം പെണ്ണിനുമാത്രം എഴുതാൻ കഴിയുന്ന കവിത സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളോടെ തമിഴിലുണ്ടായി.


സംഘകാലത്ത് ഔവൈയാറിനെപ്പോലുള്ള പെൺകവികൾ തമിഴിൽ ഉണ്ടായിരുന്നു. അതിനുശേഷം ഭക്തി പ്രസ്ഥാനകാലത്ത് ആണ്ടാൾ, കാരൈക്കൽ അമ്മ എന്നീ എഴുത്തുകാരികളെ നാം കാണുന്നു. ആണ്ടാൾ വൈഷ്ണവഭക്തി പ്രസ്ഥാനവുമായും കാരൈക്കൽ അമ്മ ശൈവഭക്തി പ്രസ്ഥാനവുമായും ബന്ധപ്പെട്ട കവികളാണ്. എന്നാൽ ഇവർക്കു ശേഷം നൂറ്റാണ്ടുകളോളം തമിഴ് കവിതയിൽ പെൺ ശബ്ദങ്ങൾ നാം കേൾക്കുന്നേയില്ല. സുബ്രഹ്മണ്യഭാരതിയുടെ കാലത്തും തുടർന്നു വന്ന മണിക്കൊടിക്കാലം എന്നറിയപ്പെടുന്ന, ആധുനികതയിലേക്കുള്ള പകർച്ചയുടെ കാലത്തും സ്ഥിതി അതു തന്നെയായിരുന്നു. 1960 കളോടെ തമിഴ് കവിതയിൽ ആധുനികത പ്രബലമായി. ഇക്കാലത്ത് ഇരാ. മീനാക്ഷി എന്ന ഒരു കവിയെ നാം കാണുന്നു. തമിഴ് ആധുനികതയുടെ കൊടിയടയാളമായിരുന്ന 'എഴുത്ത്' മാസികയിൽ (പത്രാധിപർ സി.സു. ചെല്ലപ്പ) ഇവരുടെ കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ സുന്ദരരാമസ്വാമി, ജ്ഞാനക്കൂത്തൻ, നകുലൻ, പ്രമിൾ, സി.മണി തുടങ്ങിയവരുടെ കവിതകളോളം ശ്രദ്ധിക്കപ്പെട്ടില്ല ഇവരുടേത്. 


നൂറ്റാണ്ടുകൾ തുടർന്ന ഈ അദൃശ്യതക്ക് ഒരറുതിയുണ്ടാവുന്നത് സുഗന്ധി സുബ്രഹ്മണ്യന്റെ കവിതകളുടെ വരവോടെയാണ്. ആ നിലക്ക് പുതൈയുണ്ട വാഴ്കൈ തമിഴ് കവിതാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. തമിഴ് കവിതാ ചരിത്രത്തിൽ അന്നോളം വരാത്ത പെൺജീവിതം ആ കവിതാലോകത്ത് വിരിഞ്ഞു വരുന്നു. ഒരു ഭാഷ നൂറ്റാണ്ടുകളായി അമർത്തി വച്ചത് ഇവരിലൂടെ വെളിച്ചപ്പെട്ടു എന്നു വേണം പറയാൻ. ആ ആഘാതം കൊണ്ടാവാം എഴുത്തുകാരിക്ക് മനസ്സു തകർന്ന് ചിത്തരോഗാശുപത്രിയിൽ ജീവിതം കഴിക്കേണ്ടി വന്നു. ചികിത്സയിലിരിക്കെ 2009-ൽ അവർ മരിച്ചു. മരണശേഷം സമാഹരിച്ച സമ്പൂർണ്ണകൃതികളിലുൾപ്പെടുത്തിയിട്ടുള്ള ഡയറിക്കുറിപ്പുകളിലൊന്നിൽ അവരിങ്ങനെ എഴുതുന്നുണ്ട്. "ഔവൈയാറായി വേഗം ഞാൻ മാറും. അടുത്ത വർഷം കിഴവിയായിത്തീർന്നാൽ പിന്നെ ഔവൈയാർ തന്നെ"(സുഗന്ധി സുബ്രഹ്മണ്യൻ പടൈപ്പുകൾ) അത്രയും നൂറ്റാണ്ടുകളിലെ മൂകമാക്കപ്പെട്ട പെൺജീവിതം തന്നിലേല്പിച്ച താങ്ങാനാവാത്ത ഭാരം ഈ ഒറ്റ വാചകത്തിൽ നമുക്കു വായിക്കാം. ആധുനികാനന്തര തമിഴ് കവിതാലോകം രണ്ടു ബലികൾക്കു സാക്ഷിയായി. അതിലൊന്ന് സുഗന്ധിയുടേതാണ്. മറ്റൊന്ന് കവി ആത്മാനാമിന്റേതും. 1970 -കൾക്കൊടുവിൽ എഴുതിത്തുടങ്ങിയ തലമുറയിലെ പ്രധാന കവിയായിരുന്നു മുപ്പത്തിരണ്ടാം വയസ്സിൽ സ്വയം ജീവിതമവസാനിപ്പിച്ച ആത്മാനാം.


സുഗന്ധി തുടങ്ങിയേടത്തു നിന്നു മുന്നോട്ടു പോകാൻ 1990 കളോടെ ധാരാളം പുതിയ കവികൾ രംഗത്തെത്തി. അന്നുതൊട്ടിന്നോളമുള്ള തമിഴ് പെൺ കവിതയിലുടനീളം സുഗന്ധി സുബ്രഹ്‌മണ്യൻ എന്ന കവിയുടെ ദുരന്തത്തിന്റെയും ബലിയുടെയും കാണാനിഴൽ പതിഞ്ഞിരിക്കുന്നു. മറുവിത്തുകൾക്കു മുളയ്ക്കാൻ പ്രചോദനം കൊടുത്ത ആദ്യത്തെ വിത്തായിരുന്നു സുഗന്ധിയുടെ കവിത. തുടർന്ന് കനിമൊഴി കരുണാനിധി, സൽമ, ഉമാ മഹേശ്വരി, ലീന മണിമേഖല,പെരുന്തേവി,മാലതി മൈത്രി, ശക്തി ജ്യോതി, സുകിർതറാണി, കുട്ടിരേവതി എന്നിങ്ങനെ വലിയൊരു നിര എഴുത്തുകാരികൾ തമിഴ് കവിതയെ ചലനം കൊള്ളിച്ചു. അടുത്ത കാലത്ത് ഗീതാ സുകുമാരൻ, കവിൺമലർ, ചന്ദ്ര തങ്കരാജ്, ദീപു ഹരി, കല്പന ജയന്ത് തുടങ്ങി പുതിയൊരു നിരക്കവികളും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. 1990 കൾ തൊട്ട് തമിഴ് കവിതയിലുണ്ടായ മാറ്റങ്ങളിലൂടെയും പുതുക്കലുകളിലൂടെയുമെല്ലാം തമിഴ് പെൺ കവിത കടന്നുപോയിരിക്കുന്നു. ബിംബാത്മകതക്കു പ്രാധാന്യമുള്ള ഘട്ടം, ബിംബാത്മകത ഒഴിവാക്കുന്ന പ്ലെയിൻ പോയട്രിയുടെ ഘട്ടം, വിശദ സൂക്ഷ്മ ചിത്രണങ്ങൾക്കു പ്രാധാന്യമുളള ഘട്ടം, ഭാഷയും വീക്ഷണവും ലാഘവപൂർണ്ണമാകുന്ന ഘട്ടം എന്നിങ്ങനെ തമിഴ് കവിത പിന്നിട്ടു പോരുന്ന തലങ്ങളെല്ലാം ഈ കവികളും പങ്കുവയ്ക്കുന്നു. അതോടൊപ്പം സ്ത്രീപക്ഷ,ദളിത് രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ അവർ ശക്തമായി മുന്നോട്ടു വക്കുകയും ചെയ്യുന്നു.


തമിഴ് കവിതയിലെ പെണ്ണെഴുത്തിന്റെ സവിശേഷതകൾ ശ്രദ്ധിച്ചപ്പോൾ ഞാൻ സമാന്തരമായി മലയാളകവിതയിലെ പെൺ വാഴ് വിനെക്കുറിച്ചും സ്വാഭാവികമായി ആലോചിച്ചു. ഇന്ന് മലയാളത്തിലും മികച്ച എഴുത്തുകാരികൾ ഒട്ടേറെ പേരുണ്ട്. തമിഴിലെപ്പോലെത്തന്നെ മലയാളത്തിലും 1980 കളോടെയാണ് സ്ത്രീകൾ കവിതാ രംഗത്ത് കൂട്ടമായി വന്ന് ശക്തമായ ചലനങ്ങളുണ്ടാക്കിയത്. എ.പി. ഇന്ദിരാദേവി, ലളിത ലെനിൻ, സാവിത്രി രാജീവൻ, വിജയലക്ഷ്മി, റോസ് മേരി, ഗീതാ ഹിരണ്യൻ, സുജാതാ ദേവി തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. തൊണ്ണൂറുകളിലും തുടർന്ന് രണ്ടായിരത്തിനു ശേഷവും ആ കവിനിര കൂടുതൽ വിപുലമായി. ഫെമിനിസ്റ്റ്, ദലിത് സൗന്ദര്യ ശാസ്ത്രങ്ങളും രാഷ്ട്രീയ വീക്ഷണവും ഉയർത്തിപ്പിടിക്കുന്ന മികച്ച ഒട്ടേറെ കവികൾ ഇന്ന് മലയാളത്തിലുമുണ്ട്.


എന്നാൽ 1980 കൾക്കു മുമ്പ് അതായിരുന്നില്ല നില. 1960 മുതൽ 1980 വരെ തമിഴിലെപ്പോലെ മലയാളത്തിലും ആധുനികത ഉച്ചസ്ഥായിയിൽ നിന്ന കാലമാണ്. പരമ്പരാഗത കാവ്യ സങ്കല്‌പങ്ങളെ തകർത്തുകൊണ്ടാണ് ആധുനികത മലയാളത്തെ ആവേശിച്ചത്. പ്രമേയത്തിലും ഭാഷയിലും അത് പുതുമകൾ തേടി. സാമ്പ്രദായിക സദാചാര സങ്കല്‌പങ്ങളെ ചോദ്യം ചെയ്തു. പുതിയ രൂപഘടനകൾ കണ്ടെത്തി. പുതിയൊരാസ്വാദക സമൂഹത്തെ സൃഷ്ടിക്കാൻ ആധുനികർക്കു കഴിഞ്ഞു. എഴുപതുകളോടെ അത് രാഷ്ട്രീയവൽക്കരിക്കപ്പെട്ടു. കീഴാളർ, സ്ത്രീകൾ, ഒറ്റപ്പെട്ട മനുഷ്യർ, അധികാരത്തിൻ കീഴിൽ ഞെരിയുന്ന സാധാരണക്കാർ എന്നിവരോടെല്ലാം നമ്മുടെ ആധുനികത ഐക്യപ്പെടുകയും ചെയ്തു. എന്നിട്ടും ആധുനികതയുടെ ആ വലിയ ധാരയിൽ നാം പെൺ കവികളെ കാണുന്നേയില്ല. പെണ്ണിനുവേണ്ടി ശബ്ദമുയർത്തിയ പുരുഷന്മാരായിരുന്നു അവരെല്ലാം. വേദനയാണെന്നോപ്പോൾ എന്നു തുടക്കത്തിലേ എഴുതിയ സച്ചിദാനന്ദനും പുറപ്പെട്ടേടത്താണ് ഒരായിരം കാതമവൾ നടന്നിട്ടും എന്ന് അവളുടെ ജീവിതമടുത്തു കാണുന്ന ആറ്റൂരും ഊർമ്മിളയുടെ മൗനത്തിലേക്കിറങ്ങുന്ന കെ.ജി.എസ്സുമെല്ലാമടങ്ങുന്ന ആ ആധുനിക നിരയിൽ എന്തുകൊണ്ടായിരിക്കാം ഒരു പെൺ കവിക്ക് വാഴ്‌വ് ഇല്ലാതെ പോയത് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. പെൺജീവിതം പുരുഷന്മാരിലൂടെ മാത്രം പ്രകാശനം ചെയ്ത ഭാവുകത്വമാണ് നമ്മുടെ ആധുനിക കവിതയുടേത്.


ആ ശൂന്യതയിൽ ഏകാന്ത നക്ഷത്രം പോലെ നാം സുഗതകുമാരിയെ കാണുന്നു. എന്നാൽ സുഗതകുമാരി ആധുനികതയുടെ പൊതുധാരയിൽ നിന്നു ഭാവുകത്വപരമായി പല നിലയ്ക്കും അകന്നു നിൽക്കുന്ന കവിയാണ് എന്നത് എടുത്തു പറയേണ്ടതുണ്ട്. ആധുനികപൂർവ കവിതാധാരകളുടെ തുടർച്ചയാണ് അവരിലുള്ളത്. ആ തുടർച്ച സുഗതകുമാരിയിലൂടെ മാത്രം ആധുനികതയെ മുറിച്ചു കടന്നുപോവുകയും ചെയ്തു. 1972-ൽ പുറത്തിറങ്ങിയ ധ്യാനം എന്ന സമാഹാരത്തിലൂടെ രംഗത്തെത്തിയ ഒ.വി.ഉഷയുടെ കവിതയേയും ആധുനിക താപ്രസ്ഥാനത്തിന്റെ ഭാഗമായി കരുതാനാവില്ല. ഒ.വി.ഉഷയുടെ കവിത അക്കാലത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടതുമില്ല.


എന്നാൽ തമിഴിൽ നിന്നു വ്യത്യസ്തമായി മലയാളത്തിൽ ആധുനികതക്കു മുമ്പ് ശ്രദ്ധേയരായ പല പെൺ കവി ശബ്ദങ്ങളും കേൾക്കുന്നുണ്ട്. ബാലാമണിയമ്മ, കൂത്താട്ടുകുളം മേരി ജോൺ, മുതുകുളം പാർവതിയമ്മ, സിസ്റ്റർ മേരി ബെനീഞ്ജ, ലളിതാംബിക അന്തർജനം എന്നിവർ അവരിൽ പ്രമുഖരാണ്. സിസ്റ്റർ മേരി ബെനീഞ്ജയുടെ കവിതാരാമം 1929-ൽ പുറത്തിറങ്ങി എന്നോർക്കുക. മുകളിൽ പരാമർശിച്ച കവികൾക്കെല്ലാം തനതു ശൈലികളും ഉണ്ടായിരുന്നു. മേരി ജോൺ കൂത്താട്ടുകുളത്തിന്റെ ഒരു കവിതയിൽ കണ്ണിലൂറി, എന്നാൽ തുളുമ്പി വീഴാതെ നിൽക്കുന്ന രണ്ടു കണ്ണീർത്തുള്ളികളിലൂടെ ജീവിത ദുഃഖത്തേയും അതിജീവനത്തേയും അടയാളപ്പെടുത്തുന്നതു നോക്കൂ:


വീഴാൻ മടിച്ചിതാ തങ്ങിനിന്നീടുന്നു

വെൺമുത്തുപോൽ രണ്ടു കണ്ണീർക്കണികകൾ

എൻ കണ്ണിണയി, ലെൻ തപ്തചിത്തം പ്രതി -

ബിംബിക്കുമിക്കൊച്ചു വാതായനങ്ങളിൽ


എന്നേ തകർന്നൊരെൻ ജീവിത സ്വപ്നങ്ങൾ

നിന്നു തിളങ്ങുന്ന കണ്ണീർക്കണങ്ങളേ,

നിൽക്കണേ താഴോട്ടു വീഴാതെ നിങ്ങളി-

ശ്ശുഷ്കമാം ജീവന്നു താങ്ങും തണലുമായ്.


സങ്കല്പമേഖലമേലലതല്ലുമെൻ

സന്തപ്തചിന്താതരംഗമണികളേ,

എന്നൊടൊത്തിങ്ങനെ നിൽക്കണേ നിങ്ങളും

മണ്ണിലേയീ ഞാനടർന്നു വീഴും വരെ 

(കണ്ണീർക്കണികകൾ - 1954)


മേരി ജോൺ കൂത്താട്ടുകുളത്തിന്റെ മറ്റൊരു കവിത കൂടി പെട്ടെന്ന് ഓർമ്മ വരുന്നു. അമ്മയെ കാണാനായി വീട്ടിലേക്കു വരികയാണ് ആഖ്യാതാവ്. ഉമ്മറത്തു കേറിയിട്ടും ആരെയും കാണുന്നില്ല. പെട്ടെന്ന് തൊടിയിൽ നിന്ന് അമ്മയുടെ ശബ്ദം കേൾക്കുന്നു. പിറകേ അമ്മ ഉമ്മറത്തേക്കു കയറുന്നു.


അമ്പരന്നു ഞാൻ ചുറ്റും കണ്ണയക്കയായ്, കൈയിൽ

തൂങ്ങുമെൻ പെട്ടി താഴെ വെക്കുവാൻ മറന്നേ പോയ്.

താഴെ വെക്കുക മോളേ പെട്ടി, ഞാനിതാ വരാം,

ഏവമൊരശരീരിവാക്യമെൻ കാതിലെത്തി.

ഞെട്ടി ഞാൻ തിരിഞ്ഞൊന്നു നോക്കവേ കാണായ് വിള -

ഞ്ഞെത്രയും തുടുത്തതാം മധുരക്കിഴങ്ങുമായ്

തൊടിയിൽ നിന്നും വേഗമെത്തുമമ്മയെ, മക്കൾ -

ക്കിരയും കൊത്തിപ്പറന്നെത്തിടും കിളിയെപ്പോൽ.

ഇന്നുമീ മണ്ണിലുണ്ടു മധുരക്കിഴങ്ങെന്നാ-

ലമ്മയെക്കാണാനെത്ര ജന്മം ഞാൻ ജനിക്കണം.


ആധുനിക പൂർവ കവിതയിലെ ആ പെണ്ണിടങ്ങൾ ആധുനികതയുടെ കാലത്ത് ചുരുങ്ങിവന്നത് മലയാള കവിതാ ചരിത്രത്തിലെ കൗതുകകരമായ പ്രതിഭാസമാണ്. വിശാല മാനവിക വീക്ഷണവും നീതിബോധവും രാഷ്ട്രീയ പരതയും ഉയർത്തിപ്പിടിച്ചിട്ടും ആധുനികതയിൽ പെൺമൊഴികൾ പുലരാഞ്ഞത് എന്തുകൊണ്ടായിരിക്കാം? ഇക്കാര്യത്തിൽ ആധുനികതക്കു മുമ്പുള്ള കാലത്തെ അപേക്ഷിച്ച് കൂടുതൽ ഇടുക്കമുളളതായിരുന്നുവോ ആധുനികതാ കാലം?


അക്കാലത്തെ ആനുകാലികങ്ങളിൽ പെൺകവികളുടെ സാന്നിദ്ധ്യം ഇല്ലാതിരുന്നിട്ടില്ല. ഉദാഹരണത്തിന്, ആധുനികതയുടെ ഉദയഘട്ടത്തിൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച 'ഉറുമ്പുകടി' എന്ന കവിത നോക്കൂ:


ഞെട്ടി ഞാനുണർന്നെങ്ങും നോക്കവേയെറുമ്പിന്റെ

കൂട്ടമെൻ മെയ്യാകെയുമോടുന്നൂ,കടിക്കുന്നു.

പിടഞ്ഞങ്ങെഴുന്നേറ്റു കുടഞ്ഞൂ വിരിപ്പെല്ലാം

കിടന്നു മയങ്ങി ഞാൻ, പിന്നെയും കടിക്കുന്നു

തട്ടലും കുടയലും കഴിഞ്ഞൂ പലവട്ടം

വിട്ടൊഴിയുന്നതില്ലീച്ചെറു ജീവികൾ,ശല്യം!

വയ്യിനി, തളിച്ചൂ ഞാൻ ഡി.ഡി.ടി,അവക്കേതും

വയ്യാതായനങ്ങുവാൻ - സ്വൈരമായുറങ്ങാലോ.

മുറുക്കെക്കണ്ണും ചിമ്മിക്കിടന്നിതേറെ നേരം

ഉറക്കം വരുന്നില്ല, ലേശവും വരുന്നില്ല.

പുറത്തെയെറുമ്പെല്ലാം നശിച്ചിതെന്നാലയ്യോ

കടിച്ചു പൊളിക്കുന്നിതകത്തെയെറുമ്പുകൾ


പുതുകാല ജീവിതത്തിന്റെ ഹിംസാത്മകത മനസ്സിലുണ്ടാക്കുന്ന അസ്വസ്ഥതയാണ് എം.കെ. ദേവി എന്ന കവി 1952 ഒക്ടോബർ 5 ലക്കം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വന്ന ഈ കവിതയിൽ ആവിഷ്കരിച്ചത്. അയ്യപ്പപ്പണിക്കരും കക്കാടും മാധവൻ അയ്യപ്പത്തും പ്രതിനിധീകരിക്കുന്ന ആദ്യകാല ആധുനിക കവിതാധാരയിലേക്ക് സ്വാഭാവികമായും എത്തിച്ചേരാൻ പോന്നതാണ് ഇത്തരം എഴുത്തുകൾ. പക്ഷേ ആ തുടർച്ച നിലനിർത്താൻ കഴിഞ്ഞില്ല. ഈ എഴുത്തുകാരിയുടെ ഈയൊരു കവിതയല്ലാതെ മറ്റൊന്നും കണ്ടിട്ടുമില്ല. 


1960 കളിലും 70 കളിലും എഴുതി വന്ന കവിയാണ് സാവിത്രി മഹേശ്വരൻ. 1966-ൽ അവരുടെ 'ആകുമോ?' എന്ന കവിത മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ വരികയുണ്ടായി. ഭാഷയുടെയും ബിംബങ്ങളുടെയും സ്വാഭാവികതയും ജൈവികതയും കൊണ്ട് ശ്രദ്ധേയമാണ് ഇപ്പോൾ വായിക്കുമ്പോഴും ആ കവിത.


നനയുമിലകളിൽ തെളിഞ്ഞും മേഘച്ചാർത്തി -

ലൊളിഞ്ഞും സുഖസ്മൃതിയുണർത്തുമിളവെയിൽ,

കാറ്റു തട്ടുമ്പോൾ ഞെട്ടിക്കുളിരാർന്നിറുകുന്ന

കാട്ടുതിപ്പലി കെട്ടിപ്പിണഞ്ഞ മതിലോരം,

അതിയാമാലസ്യത്തിൽ കതിരാണ്ടു പോകുമ്പോ -

ളരിവാളിനെപ്പേടിച്ചുണരും പുഞ്ചപ്പാടം,

നീലനാഗംപോൽ ചുരുണ്ടുറങ്ങും മലനിര, 

മീതെ നിർഭയം നീന്തിയിഴയും മഴമേഘം,

ഈ നിസർഗ്ഗോന്മേഷങ്ങൾ മുകരാം മിഴിക്കെന്നാൽ

ഈരടിയുണർത്തും നിൻ മുഖമാവുമോ കാണ്മാൻ?


വായനക്കാരനെ/രിയെക്കുറിച്ചുള്ള എഴുത്തുകാരിയുടെ സങ്കല്പമാണീ കവിത. അനുഭവങ്ങളെ വായനക്കാരിലെത്തിക്കാൻ തനിക്കു കഴിയുമോ എന്ന വെമ്പൽ ഇവിടെത്തന്നെ കവിക്കുണ്ട്. ഈ കാവ്യഭാഷയിൽ നിന്നു വിട്ട് പിൽക്കാലത്ത് ആധുനിക ഭാവുകത്വത്തോടു ചേർന്നു നിൽക്കുന്ന കാവ്യഭാഷയിലേക്ക് ഇവരുടെ കവിത മാറുന്നതു കാണാം.1976-ൽ കലാകൗമുദിയിൽ പ്രസിദ്ധീകരിച്ച കലി എന്ന കവിതയിൽ കാളിയുടെ ഒരു ചിത്രമുണ്ട്. ആധുനികതയുടെ ഭാവുകത്വവും ഭാഷയുമായി പെൺമ ഐക്യപ്പെടുന്നു ആ ചിത്രത്തിൽ. എഴുപതുകളിലെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ആധുനികതയെ പെൺമ അഭിമുഖീകരിക്കുന്നുണ്ട് ഈ കവിതയിൽ, കലിയേയും കാളിയേയും മുഖാമുഖം നിർത്തിക്കൊണ്ട്.


ഇവിടെക്കാണുന്ന ഓരോ ദുഃഖവും

കാലം തേടുന്ന സ്വയം സാക്ഷാൽക്കാരങ്ങളത്രെ.

സക്തിയുടെ പ്രാകൃതജിഹ്വകൾ കൊണ്ട്

അവയെന്നെ നക്കിത്തുടക്കുമ്പോൾ

സ്വയം പീഡനത്തിന്റെ നിർവൃതിയിൽ

കൺപോളകൾ കൂടുന്നു.

മുറിവുകളിൽ കാളിയുടെ കുങ്കുമം പൊടിയുന്നു.


സുഖത്തിന്റെ പൊള്ളയായ പൊട്ടിച്ചിരി

ഭിത്തികൾക്കപ്പുറം മുഴങ്ങുമ്പോൾ

ഞാനസഹ്യതയോടെ മുഖം തിരിക്കുന്നു.

അതിന്റെ മുഖം എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു.

എങ്കിലുമതിന്റെ കണ്ണുകളിലെ ചിമർപ്പും

കണ്ണുകളിലെ വന്ധ്യമായ ഹാസവും

എനിക്കൂഹിക്കാൻ കഴിയും.


എന്നാൽ ആ തുടർച്ച നിലനിർത്താൻ കഴിയാതെ ഈ എഴുത്തുകാരി ഏറെക്കുറെ ആദൃശ്യയാവുകയാണുണ്ടായത്. ഇങ്ങനെ അന്നെഴുതി വന്നവരിൽ ഭാവുകത്വപരമായി ആധുനികതയോടൊപ്പം തുടരാൻ കഴിഞ്ഞ പെൺകവികൾ ആരെങ്കിലുമുണ്ടെന്നു തോന്നുന്നില്ല. ഭാഷയിലും ഭാവുകത്വത്തിലും പൊടുന്നനെയുണ്ടായ മാറ്റത്തിന്റെ അപരിചിതത്വമാവാം ഒരു പക്ഷേ അതിനു കാരണം. സഹജതയും ജൈവികതയും സ്വാഭാവികതയും പെണ്ണെഴുത്തിന്റെ സവിശേഷതയാണ്, ഏതു കാലത്തായാലും ഭാഷയിലായാലും. ആ പ്രകൃതത്തിന് ഇണങ്ങാത്ത കൃത്രിമ പരീക്ഷണങ്ങളിൽ മുഴുകിയിരുന്നു നമ്മുടെ ആധുനികത.ആധുനികതയുടെ ഉച്ചസ്ഥായിയിലുള്ള പൊതുഭാവുകത്വം പെണ്ണനുഭവങ്ങൾ ആഴത്തിലും സൂക്ഷ്മമായും ആവിഷ്കരിക്കാൻ പോന്നതല്ല എന്ന തോന്നലുമാകാം ആ ധാരയിൽ പെൺ ശബ്ദങ്ങൾ ഉയരാതിരിക്കാൻ കാരണം. എന്തായാലും ആധുനികതക്കു മുമ്പ് മലയാളകവിതയിലുണ്ടായിരുന്നത്ര പോലും പെൺ ശബ്ദങ്ങൾ ആധുനികതയുടെ കാലത്ത് ഉണ്ടായില്ല എന്നത് ഒരു വാസ്തവമാണ്.ആധുനികതക്കു മുമ്പുണ്ടായിരുന്ന പെൺകവിതാധാരയെ ആധുനികത മുറിക്കുകയും ചെയ്തു. (സുഗതകുമാരി മാത്രമാണ് അതിനെ അതിജീവിച്ചത്) ആധുനികാനന്തരം പെണ്ണിടങ്ങൾ കൂടുതൽ തെളിഞ്ഞു വന്നു. മലയാള കവിതയിലെ പെണ്ണെഴുത്തിന്റെ  ശ്രദ്ധേയമായ ആദ്യസമാഹാരമായ പെൺവഴികൾ 1994 ലാണ് പുറത്തിറങ്ങുന്നത്. കെ.ജി ശങ്കരപ്പിള്ള എഡിറ്റു ചെയ്ത ഈ പുസ്തകത്തിൽ ബാലാമണിയമ്മ, സുഗതകുമാരി, ഒ.വി.ഉഷ എന്നിവർ കഴിഞ്ഞാൽ പിന്നെ വരുന്നത് ആധുനികാനന്തര ഘട്ടത്തിലെ സാവിത്രി രാജീവനാണ്. അതിനിടയിലെ ദൂരത്തെക്കുറിച്ചാണ് നമ്മൾ പറയുന്നത്.


സമാന്തരമായി മലയാള കഥയിലും അക്കാലത്ത് സ്ത്രീ ശബ്ദങ്ങൾ കുറവു തന്നെയാണ്. എന്നാൽ മാധവിക്കുട്ടി ഇവിടെ വ്യത്യസ്തയാകുന്നു. ആധുനിക ഭാവുകത്വത്തെ പെണ്ണനുഭവങ്ങളോടിണക്കാൻ കഴിഞ്ഞ കഥാകൃത്താണ് മാധവിക്കുട്ടി. പക്ഷിയുടെ മണം പോലുള്ള കഥകൾ തന്നെ ഉദാഹരണം. എന്നാൽ കവിതയിൽ അവർക്കു മലയാളം മതിയാകാതെ വന്നു. കവിതക്ക് അവർ ഇംഗ്ലീഷ് സ്വീകരിച്ചു. രണ്ടു ഭാഷകളിലെഴുതുന്നതിലെ സങ്കീർണ്ണത 'ആൻ ഇൻട്രൊഡക്ഷൻ' എന്ന കവിതയിൽ അവർ ഇങ്ങനെ എഴുതുന്നു:


ഞാൻ മൂന്നു ഭാഷകളിൽ സംസാരിക്കുന്നു

രണ്ടിലെഴുതുന്നു

ഒന്നിൽ സ്വപ്നം കാണുന്നു.


ആധുനിക ഭാവുകത്വത്തെ പെണ്ണനുഭവങ്ങളോടു സ്വാഭാവികമായി ഇണക്കാൻ കവിതയിൽ അവർക്ക് ആധുനികതയുടെ മലയാളം പോരാതെ വന്നിരിക്കണം. മലയാള ആധുനികത കവിതയിൽ നിന്ന് അവരെ പുറന്തള്ളി എന്നും പറയാവുന്നതാണ്. ആധുനികതയുടെ തിരയടങ്ങിയ ശേഷം തന്റെ എഴുത്തു ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അവർ മലയാളത്തിൽ കവിതകളെഴുതി എന്നതും ശ്രദ്ധിക്കേണ്ടതാണ്.


മലയാള കവിതയിലെ പെൺമൊഴിത്തുടർച്ചയെ ആധുനികത നിഷേധാത്മകമായി ബാധിച്ചത് നമ്മുടെ വിഖ്യാതരായ ആധുനിക കവികളാരും ശ്രദ്ധിച്ചിട്ടില്ല എന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. സച്ചിദാനന്ദൻ, അയ്യപ്പപ്പണിക്കർ, എൻ.എൻ.കക്കാട് തുടങ്ങിയവർ കവിതയെക്കുറിച്ചും ആധുനിക ഭാവുകത്വത്തെക്കുറിച്ചും ഒട്ടേറെ പഠനങ്ങൾ നടത്തിയവരാണ്. തങ്ങളുടെ കൂട്ടത്തിൽ ഒരു പെണ്ണില്ല എന്നത് അവർ ശ്രദ്ധിച്ചതായി സൂചനകളൊന്നും ആ ലേഖനങ്ങളിലില്ല. മലയാളത്തിലെ പെണ്ണെഴുത്തിനെ സമഗ്രമായി വിശകലനം ചെയ്യുന്ന പി. ഗീതയുടെ എഴുത്തമ്മമാർ എന്ന പഠനഗ്രന്ഥത്തിലും ആധുനികത പെണ്ണെഴുത്തിന്റെ തുടർച്ചയെ മുറിച്ചത് നിരീക്ഷിക്കപ്പെട്ടിട്ടില്ല. ആധുനികതയുടെ വൻതിരയടങ്ങി 1980-നു ശേഷമാണ് തമിഴിലും മലയാളത്തിലും കവിതയിൽ സ്ത്രീകളുടെ ആവിഷ്കാരങ്ങൾ വിപുലമായത് എന്നത് ഒരു വസ്തുതയാണ്.




Wednesday, July 28, 2021

വീണ്ടും പേരിടേണ്ട വസ്തുക്കൾ, വീണ്ടും നിർവചിക്കേണ്ടേ ലോകം

 വീണ്ടും പേരിടേണ്ട വസ്തുക്കൾ,

വീണ്ടും നിർവചിക്കേണ്ട ലോകം.


പി.രാമൻ



പെറ്റു വീണ ഒരു കുഞ്ഞ് ലോകത്തെ അറിയുന്നത് ഇന്ദ്രിയങ്ങളിലൂടെയാണ് - അതായത് കണ്ടും കേട്ടും രുചിച്ചും തൊട്ടും മണത്തുമാണ്. ഇന്ദ്രിയ വാതിൽ കടന്നാണ് ലോകം നമ്മളിലേക്കു പ്രവേശിക്കുന്നത്. വായനക്കാരുടെ ഇന്ദ്രിയബോധങ്ങളെ തൃപ്തിപ്പെടുത്തിക്കൊണ്ടാണ് കവികൾ സൃഷ്ടിക്കുന്ന ലോകവും അവരുടെ ഉള്ളിലേക്കു കടക്കുക. ഇന്ദ്രിയവേദ്യത കവിതക്കുണ്ടാവേണ്ട അടിസ്ഥാനഗുണങ്ങളിൽ ന്നൊണ് . കവിത ഇന്ന തരത്തിലാവണം എന്ന് ആർക്കും തീർപ്പു പറയുക അസാദ്ധ്യമാണ്. എന്നാൽ കവിത ഇന്ദ്രിയവേദ്യമാവണം എന്ന് നമുക്കു ധൈര്യത്തോടെ പറയാൻ കഴിയും. അനുഭവത്തിന്റെയും അനുഭൂതിയുടെയുമെല്ലാമടിയിൽ ഇന്ദ്രിയവേദ്യതയുണ്ട്. എന്നാൽ ഏതെങ്കിലും ഇന്ദ്രിയവാതിൽ പൂർണ്ണമായോ ഭാഗികമായോ അടയപ്പെട്ട ധാരാളം മനുഷ്യർ നമുക്കിടയിലുണ്ട്. അവർ ലോകത്തെ അനുഭവിക്കുന്നതിന്റേയും ആവിഷ്കരിക്കുന്നതിന്റേയും രീതി സവിശേഷതകളുള്ളതാവുകയും ചെയ്യും. അത്തരത്തിൽ സവിശേഷമായി ലോകത്തെ അറിയുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന കവികൾ ലോക സാഹിത്യത്തിലുണ്ട്. മലയാളത്തിലും അടുത്ത കാലത്ത് അത്തരം ആവിഷ്കാരങ്ങൾക്കു ശ്രമിക്കുന്ന കവികൾ രംഗത്തുവന്നിട്ടുണ്ട്.


യൂറോപ്യൻ കവിതയിലെ പുതുനിരക്കവികളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നയാളാണ് ജമൈക്കൻ വംശജനായ ബ്രിട്ടീഷ് കവി റെയ്മണ്ട് ആൻട്രോബസ്.1986 -ൽ ജനിച്ച ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ കവിതാസമാഹാരമാണ് 'ദ പെഴ്സവറൻസ്'(2018 ). ഈ പുസ്തകത്തിന് 2019 ലെ ടെഡ് ഹ്യൂസ് പുരസ്കാരം കിട്ടുകയും ചെയ്തു. നിരന്തര പരിശ്രമം, സ്ഥിരോത്സാഹം എന്നെല്ലാമാണ് പെഴ്സവറൻസ് എന്ന വാക്കിന്റെ അർത്ഥം. ആ തലക്കെട്ടിനെ പൂർണ്ണമായും സാധൂകരിക്കുന്നവയാണ് അതിലെ കവിതകൾ. ഇംഗ്ലീഷുകാരിയായ അമ്മയുടെയും ജമൈക്കയിൽ നിന്ന് ബ്രിട്ടണിലേക്കു കുടിയേറിയ അച്ഛന്റേയും മകനായി ജനിച്ച റയ്മണ്ടിന് ആറാം വയസ്സിൽ കേൾവിശക്തി നഷ്ടപ്പെട്ടു. ആറുവയസ്സിനു മുമ്പ് അമ്മയുമച്ഛനും ചൊല്ലിക്കൊടുത്ത കവിതകളിൽ നിന്നു പ്രചോദിതനായാണ് അദ്ദേഹം എഴുതിത്തുടങ്ങുന്നത്. അങ്ങനെ വായിച്ചു കേട്ട ചില കവിതകൾ മുറിയുടെ ചുമരിൽ പതിപ്പിച്ചതിനെപ്പറ്റി അദ്ദേഹം ചില അഭിമുഖ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. വലുതായപ്പോൾ അദ്ദേഹം ബാധിര്യത്തെ ഹിയറിങ് എയ്ഡുകൾ കൊണ്ടും സ്വന്തം സർഗ്ഗാത്മകത കൊണ്ടും നേരിട്ടു. ആറു വയസ്സിനു മുമ്പു കേട്ടവ, ഹിയറിങ് എയ്ഡ് ഉപയോഗിച്ച് ഇപ്പോൾ കേൾക്കുന്നവ, ഒരിക്കലും കേൾക്കാനാവാത്ത ലോകം,കേൾവി എന്ന അനുഭവത്തിലൂടെയല്ലാതെ ഉള്ളിലെത്തുകയും ആവിഷ്കരിക്കപ്പെടുകയും ചെയ്യുന്ന ലോകം, ഇന്ദ്രിയങ്ങളെല്ലാം തികഞ്ഞ ലോകത്തിന് ആ തികവ് ഇല്ലാത്തവരോടുള്ള മനോഭാവം എന്നിവയെല്ലാം ഈ കവിയുടെ മുഖ്യപ്രമേയങ്ങളാണ്. മിയാമി എയർപോർട്ടിൽ വന്നിറങ്ങുന്ന ഭിന്ന ശേഷിക്കാരനായ ഒരു മനുഷ്യന്റെ അനുഭവത്തിലൂന്നുന്ന ഈ കവിത നോക്കൂ:



ചോദിച്ചതിനെന്താണു നിങ്ങൾ മറുപടി പറയാത്തത്?

ചെകിടനെപ്പോലെ തോന്നുന്നില്ലല്ലോ?

തെളിവു തരാമോ ?

നിങ്ങൾക്ക് ചിഹ്ന ഭാഷ അറിയാമോ?

ഐ.ഡി?

നിങ്ങളെപ്പോലാരെയും 

ഞാൻ ഇംഗ്ലണ്ടിലായിരുന്നപ്പോൾ

കണ്ടിട്ടില്ലല്ലോ.

ആഫ്രിക്കയിൽ എന്തായിരുന്നു?

ഒരു ടീച്ചറെപ്പോലെ നിങ്ങൾ കാണപ്പെടാത്തതെന്താണ്?

ഈ ഫോട്ടോകൾ ആരുടേത്?

നിങ്ങളുടെ ഗേൾഫ്രണ്ടാണോ ഇത്?

അവൾ ഇംഗ്ലീഷുകാരിയെപ്പോലെയല്ലാത്തത് എന്താണ്?

നിങ്ങൾ തങ്ങുന്നിടത്തെ അഡ്രസ്?

നിങ്ങളുടെ കൂടെയുള്ള ബാഗിന്റെ നിറമെന്താണ്?

താമസിച്ചേടത്തെ അഡ്രസ്, ഒന്നുകൂടിപ്പറയൂ.

അവിടെ നിന്നാണോ നമ്മൾ മയക്കുമരുന്നു പിടിച്ചെടുക്കാൻ പോകുന്നത്?

എന്താണ് നിങ്ങൾ ഫോൺ പരിശോധിക്കുന്നത്?

നിങ്ങളുടെ വിരലടയാളം എടുക്കട്ടെ?

ഉള്ളങ്കൈകൾ വിയർക്കുന്നല്ലോ?

നിങ്ങളുടെ ബാഗ് ചുവപ്പാണെന്നു പറഞ്ഞതെന്താണ്?

അത് നിറം മാറിയതെങ്ങനെ?

നിങ്ങളുടെ കണ്ണിന്റെ നിറമെന്ത്?

നിങ്ങളുടെ ബാഗിൽ നിന്ന് എത്ര മയക്കുമരുന്ന് എനിക്കു കിട്ടും?

എന്താണ് നിങ്ങളുടെ ബാഗിൽ മയക്കുമരുന്നില്ലാത്തത്?

നിങ്ങളെന്നെ കുഴക്കുകയാണല്ലോ?

കൈയിലൊന്നുമില്ലെങ്കിൽ പിന്നെ

നിങ്ങളിങ്ങനെ പരുങ്ങുന്നതെന്താണ് ?

നിങ്ങളെപ്പോലുള്ളവരുടെ ബാഗുകളിൽ ഞാൻ കണ്ടതു പറഞ്ഞാൽ വിശ്വസിക്കുമോ?

നിങ്ങളെ സ്വതന്ത്രനാക്കാൻ പോവുകയാണെന്നു

വിചാരിക്കുന്നോ?

നിങ്ങളെന്താ കേൾക്കാത്തത്?


ഒരു മനുഷ്യന്റെ ശരീരാവസ്ഥ അയാളുടെ വ്യക്തിത്വത്തെക്കുറിച്ചുള്ള മുൻധാരണയായി മാറുന്നതും അതിന്റെ പേരിൽ അയാൾ ചോദ്യം ചെയ്യപ്പെടുന്നതും ഈ കവിതയിൽ കാണാം. പ്രിയപ്പെട്ട കേൾവിലോകമേ എന്ന കവിതയിൽ കേൾക്കാത്ത ശബ്ദങ്ങളുടെ പേരിൽ താൻ എങ്ങനെയാണ് അന്യവൽക്കരിക്കപ്പെട്ടത് എന്നും നഷ്ടപ്പെട്ട അന്ധശബ്ദങ്ങളെത്തേടി ശൂന്യാകാശത്തു തെരയാൻ താൻ ഭൂമിവിട്ടു പോവുകയാണെന്നും കവി വ്യക്തമാക്കുന്നുണ്ട്. കേൾക്കാൻ കഴിയുന്ന ഒരു ദൈവത്തെ തെരഞ്ഞാണു താൻ ഭൂമി വിട്ടു പോകുന്നത്. നമ്മുടെ കാഴ്ച്ചകൾ എത്ര അപൂർണ്ണമാണെന്ന് ഓർമ്മിപ്പിക്കുന്നു റെയ്മണ്ട് ആൻട്രോബസിന്റെ കവിതാലോകം.


ഇന്ദ്രിയപരമായ അപൂർണ്ണതയെ എഴുത്തിലൂടെ അഭിമുഖീകരിച്ച ആദ്യത്തെ മലയാള കവി വള്ളത്തോളാണ്. മുപ്പതോടടുത്ത പ്രായത്തിലാണ് വള്ളത്തോളിന് ബാധിര്യം പിടിപെടുന്നത്. നേരിട്ട് ഈ വിഷയം മുന്നോട്ടുവയ്ക്കുന്നു ബധിരവിലാപം എന്ന കവിത. രോഗബാധയാലുണ്ടായ തന്റെ ദുഃഖം മാറ്റിത്തരണേ എന്ന് അംബികയോട് അപേക്ഷിക്കുകയാണ് വള്ളത്തോൾ. ഈ കവിതയിൽ മാത്രമല്ല, ഗണപതി, ശിഷ്യനും മകനും എന്നീ ഖണ്ഡകാവ്യങ്ങളിലും ഇതേ പ്രമേയം നേരിട്ടല്ലാതെ അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ഗണപതിയുടെ തല പോയി ആനത്തലവെച്ച കഥയാണ് ഗണപതിയിലെങ്കിൽ കൊമ്പറ്റ കഥയാണ് ശിഷ്യനും മകനും. പുരാണകഥ പറയുക എന്നതിലുപരി പരോക്ഷമായെങ്കിലും വികലാംഗത്വത്തെ പ്രശ്നവൽക്കരിക്കാൻ ശ്രമിക്കുക കൂടി ചെയ്യുന്നുണ്ട് ഈ ഖണ്ഡകാവ്യങ്ങൾ.


ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് നേരിൽ പരിചയപ്പെട്ട ആദ്യ കവിയാണ് പുലാക്കാട്ടു രവീന്ദ്രൻ. തൃശൂർ ജില്ലയിലെ ദേശമംഗലത്തെ വീട്ടിൽ ചെന്നു കാണുന്ന കാലത്ത് അദ്ദേഹത്തെ അന്ധത ഏറെക്കുറെ ബാധിച്ചു കഴിഞ്ഞിരുന്നു. "കണ്ണു പോയാലും കണ്ണീരുണ്ടെനിക്ക്, അതേ ഭാഗ്യം" എന്ന് ഒരു കവിതയിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. 'ഇപ്പൊഴും' എന്ന കവിതയിൽ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതിനു ശേഷവും തുടരുന്ന കാഴ്ച്ചയെ അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ട്.


ഇപ്പൊഴും കാൺമേൻ നക്ഷത്രങ്ങൾ തൻ കണ്ണീരൊപ്പൽ

ഇപ്പൊഴും കാൺമേൻ മണൽപ്പരപ്പിൻ കൊടും ചിരി

ഗിരിഗഹ്വരങ്ങൾ തൻ മറയ്ക്കാനാകാനാണം

ചെറു പുൽക്കൂമ്പിൻ തല കുനിക്കാത്തൊരു നില്പും.

രോഗിയാം കടലിന്റെയാകാശ സ്വപ്നം


എന്നിങ്ങനെ, പുറം കാഴ്ച്ച മങ്ങിയപ്പോഴും തിരയടിക്കുന്ന അകം കാഴ്ച്ചകൾ കവി വിവരിക്കുന്നു. ദൃശ്യത്തിൽ അദൃശ്യത്തേയും അദൃശ്യത്തിൽ ദൃശ്യത്തേയും ഇപ്പോൾ കാണാൻ കഴിയുന്നു എന്ന് അടിവരയിട്ടാണ് ആ കവിത അവസാനിക്കുന്നത്. സാധ്യതകളെക്കുറിച്ചു മാത്രമല്ല, പരിമിതികളെക്കുറിച്ചും അപൂർണ്ണതകളെക്കുറിച്ചും കൂടിയുള്ളതാവണം എഴുത്ത് എന്നു ഞാൻ മനസ്സിലാക്കിയത് ആ കവിയിൽ നിന്നാണ്. എന്റെ ഇത്തിരിവട്ടങ്ങളെക്കുറിച്ച് എഴുതാൻ വേണ്ട ഭാഷ തേടുകയാണ് ഞാൻ വേണ്ടത് എന്നു തോന്നിയത് അദ്ദേഹത്തെ പരിചയപ്പെട്ടതിനു ശേഷമാണ്.


തന്റെ സഹജമായ ശാരീരിക അപൂർണ്ണതകളെ സ്വന്തം ദർശനത്തോടിണക്കിയ തമിഴ് കവിയാണ് മനുഷ്യപുത്രൻ. 1990 കളുടെ തുടക്കം തൊട്ട് എഴുത്തിൽ സജീവമായ കവിയാണ് ഇദ്ദേഹം. സ്വന്തം ശരീരാവസ്ഥയെ മുൻനിർത്തിയുള്ള കവിതകൾ തുടക്കം തൊട്ടേ അദ്ദേഹം എഴുതിയിട്ടുണ്ട്. 'കാലുകളുടെ ആൽബം' അക്കൂട്ടത്തിൽ പെട്ട ഒരു കവിതയാണ്. തലകൾക്കു മാത്രം മതിയോ ആൽബം എന്നു ചോദിച്ചു തുടങ്ങുന്ന കവിത, ആറു ചാൺ ഉടലിന്ന് കാലേ പ്രധാനം എന്നതിനാൽ കാലുകളുടെ ഒരാൽബം നിർമ്മിക്കാനൊരുങ്ങുകയാണ്. തുടർന്ന് കവിതയിൽ പലതരം കാലുകളുടെ ചിത്രങ്ങൾ നിരക്കുന്നു. ഭൂമി മുഴുവൻ ചുറ്റിസ്സഞ്ചരിച്ച ചീനസ്സഞ്ചാരിയുടെ കാലുകൾ തൊട്ട് തയ്യൽ യന്ത്രം ചവിട്ടുകയും സിഗററ്റുകുറ്റി ചവിട്ടിക്കെടുത്തുകയും കുഷ്ഠം പിടിച്ചളിയുകയും ചെയ്ത കാലുകൾ വരെ കാലുകളുടെ ആൽബത്തിൽ ചേർക്കപ്പെടുന്നു. ആ തുടർച്ചിത്രങ്ങൾക്കു ശേഷം "എങ്കിലും പെട്ടിക്കടിയിൽ ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കും ഞാനെന്റെ പോളിയോക്കാലുകൾ മാത്രം" എന്നിങ്ങനെ, ആൽബത്തിൽ നിന്നു മാറ്റി നിർത്തുന്ന സ്വന്തം കാലുകളെക്കുറിച്ചു പറഞ്ഞാണ് ആഖ്യാതാവ് പിൻവാങ്ങുന്നത്. ശബ്ദമുണ്ടാക്കാതെ വാതിൽ തുറന്നു വന്ന് പതുക്കെ അടുത്തിരുന്ന്, കാഴ്ച്ചശക്തി നഷ്ടപ്പെട്ടയാളുടെ സ്വകാര്യതകളിലേക്ക് ഉറ്റുനോക്കുന്ന ഒരു ജോഡിക്കണ്ണായി മനുഷ്യ മനസ്സിനെത്തന്നെക്കാണുന്ന അന്തരംഗം എന്ന കവിതയും പെട്ടെന്ന് ഓർമ്മ വരുന്നു.


മലയാള കവിതയുടെ ചരിത്രം എന്നത്, ഏറ്റവും സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലമായി കാവ്യകല വിസ്തൃതമായതിന്റെ ചരിത്രമാണ്. ഓരോ കാലത്തും പുതുതായി അതിലേക്കു വന്നു ലയിച്ച പ്രവാഹങ്ങൾ ചേർന്നു തിടം വെച്ചതാണാ പൊതുമണ്ഡലം. നിരന്തരസമരങ്ങളുടെയും സഹനങ്ങളുടെയും ഫലമാണത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെയാണ് അന്നോളം കേൾക്കാത്ത ശബ്ദങ്ങൾ മുഴങ്ങിക്കേട്ട് ആ പൊതുമണ്ഡലം ശക്തിപ്പെട്ടത്.അന്നോളം പാർശ്വവൽക്കരിക്കപ്പെട്ട സംഘശബ്ദങ്ങളും വ്യക്തിശബ്ദങ്ങളും അവിടെയുയർന്നു. അവർണ്ണവും അഹൈന്ദവുമായ അനുഭവലോകം ആ പൊതുമണ്ഡലത്തിന്റെ അവിഭാജ്യ ഭാഗമായി. പെണ്ണനുഭവങ്ങൾ, വൈവിധ്യമാർന്ന തൊഴിലനുഭവങ്ങൾ എന്നിവയും ഏറെ വൈകി ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലെങ്കിലും മൂന്നാംലിംഗ അനുഭവ ലോകവും ആ പൊതുമണ്ഡലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ കേരളത്തിലെ ഗോത്രവർഗ്ഗ ഭാഷകളിലെ കവിതകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു വരുന്നു. ഭിന്നശേഷിയുള്ള മനുഷൃരുടെ എഴുത്ത് പക്ഷേ ഇപ്പൊഴും മലയാളത്തിൽ പരക്കേയുള്ള ചർച്ചകൾക്കിടം കൊടുക്കുമാറ് ശക്തിപ്പെട്ടു വരുന്നതേയുള്ളൂ. ആ കവിതകൾക്കുള്ള കേരളീയമായ പശ്ചാത്തലം എന്ന നിലയിലാണ് വള്ളത്തോളിന്റെയും പുലാക്കാട്ടു രവീന്ദ്രന്റേയും കവിതകളെക്കുറിച്ച് ഇവിടെ പരാമർശിച്ചത്. ആ കവിതകളുടെ വരവിനും വായനക്കും ഇണങ്ങിയ സമകാലസാഹിത്യാന്തരീക്ഷമാണ് മനുഷ്യപുത്രന്റേയും റെയ്മണ്ട് ആൻട്രോബസ്സിന്റേയും കവിതാലോകത്തിന്റെ സാന്നിദ്ധ്യത്തിലൂടെ നമുക്കു ബോധ്യപ്പെടുന്നത്.


അടുത്തിടെ മലയാളത്തിൽ വായിച്ച സി. പഴനിയപ്പന്റെ കവിതകളുടെ അനുഭവലോകം വ്യത്യസ്തമാകുന്നത് ഈ സാഹചര്യത്തിലാണ്. രൂപങ്ങൾ അരൂപങ്ങൾ നിർവചനങ്ങൾ എന്ന പേരിലാണ് ആ കവിതകൾ പുറത്തു വരുന്നത്. തന്റെ അനുഭവലോകത്തിലെ എല്ലാ വസ്തുക്കളെയും പുതുതായി നിർവചിക്കാനുള്ള ശ്രമമാണ് ഈ പുതിയ കവിയുടേത്. താൻ ഒരു കവിയാണെന്നോ എഴുതുന്നതു കവിതയാണെന്നോ ഉള്ള പരിഗണനയൊന്നും കൂടാതെ, നിവൃത്തിയില്ലാത്തതു കൊണ്ട് ഓരോ വസ്തുവിനേയും പുതുതായി നിർവചിക്കേണ്ടി വന്നിരിക്കുന്നു തനിക്ക് എന്ന ഭാവമാണ് ഇവിടെ കവിക്കുള്ളത്. ഓരോ വസ്തുവിനും പുതുതായി പേരിടുകയാണ് എന്നും പറയാം. കുരുടൻ, അന്ധൻ, ചെകിടൻ, ചെകിടു പൊട്ടൻ തുടങ്ങിയ വാക്കുകൾ യാതൊരു പുനശ്ചിന്തയുമില്ലാതെ വ്യാപകമായി മുമ്പുപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് ആ വാക്കുകളെല്ലാം പുറം നോട്ടങ്ങൾ മാത്രമാണെന്നും ഇന്ദ്രിയപരമായ പ്രയാസങ്ങൾ നേരിടുന്നവരുടെ യാഥാർത്ഥ്യത്തെ അവ ഉൾക്കൊള്ളുന്നില്ല എന്നുമുള്ള കാഴ്ച്ചപ്പാടിന് പ്രാധാന്യം കിട്ടിത്തുടങ്ങിയിട്ടുണ്ട്. ഓരോന്നിനും പുതുതായി പേരിടുന്നതിന്റെ , ഓരോന്നിനേയും പുതുതായി നിർവചിക്കുന്നതിന്റെ പ്രസക്തി ഇതു തന്നെയാണ്.


ഉദാഹരണത്തിന് പുസ്തകം എന്ന ആശയത്തിനും വസ്തുവിനും സി. പഴനിയപ്പൻ നൽകുന്ന ഈ രണ്ട് നിർവചനങ്ങൾ നോക്കൂ:

1. പുസ്തകം: വിരൽത്തുമ്പിലൂടരിച്ചു കയറുന്ന വെളിച്ചം.

2. പുസ്തകം: ഊതി വീർപ്പിച്ച ബലൂണിന് ഒരു കുത്തു കൊടുക്കാനുള്ള സൂചി.


നേത്രേന്ദ്രിയ പ്രയാസമുള്ള ഒരു മനുഷ്യന്റെ ഈ നിർവചനം കൂടി ചേർത്തുകൊണ്ടല്ലാതെ ഇനി നമുക്ക് പുസ്തകം എന്ന ആശയത്തെയോ വസ്തുവിനെയോ കുറിച്ചു പറയാനാവില്ല. ബ്രയിൽ ലിപി വിരലോടിച്ചു വായിക്കുമ്പോൾ ഉള്ളിൽ കയറുന്ന വെളിച്ചത്തെക്കുറിച്ചാണ് ആദ്യ നിർവചനം പറയുന്നത്. കണ്ണല്ല വിരൽത്തുമ്പാണ് ഇവിടെ മാധ്യമം. രണ്ടാമത്തെ നിർവചനമാകട്ടെ, പുസ്തകം നിർവഹിക്കുന്ന ധർമ്മത്തെക്കുറിച്ചാണ്. പൊള്ളയായ, ഊതിവീർപ്പിച്ച സങ്കല്‌പങ്ങളേയും ആശയങ്ങളേയും ഒറ്റക്കുത്തുകൊണ്ട് ചോർത്തിക്കളയാനുള്ള സൂചിയാണ് പുസ്തകം. ആശയങ്ങളെ വിരലിൽ തടയുന്ന അനുഭവങ്ങളാക്കി മാറ്റുന്ന ഈ കലാവിദ്യ ഇന്ദ്രിയ പ്രയാസമുള്ളവരുടെ എഴുത്ത് നമ്മുടെ സൗന്ദര്യ വീക്ഷണത്തിൽ വരുത്തുന്ന സുപ്രധാനമായ ഒരു കൂട്ടിച്ചേർപ്പാണ്.


സി. പഴനിയപ്പന്റെ കവിതാലോകത്തിലെ മറ്റു ചില നിർവചനങ്ങൾ നോക്കൂ:


വൈദ്യുതക്കാല്: നടപ്പാതയിലെ എന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന്റെ അപഹർത്താവ്.


തോട്: തൊട്ടോടുന്ന വെപ്രാളജലം


ഇറക്കം: ഭൂമിയുടെ കൈത്താങ്ങ്


കയറ്റം: മനുഷ്യന്റെ കൈത്താങ്ങ്


വീഴ്ച്ച: ഭൂമിയുടെ പിടിച്ചു വലി.


കാല്: എന്നെ നിലത്തു താങ്ങി നിർത്തുന്ന തൂണ്. നിലത്ത് എന്റെ പാട് അടയാളപ്പെടുത്തുന്ന കാല്പാട്. കാല്പാട് അവശേഷിപ്പിക്കുന്നത് എന്റെ നിലപാട്. കാല് എന്റെ നിലപാടെഴുതുന്ന പേന.


മഴ: ഓരോ തുള്ളിയുടെയും തുള്ളിത്വത്തിന്റെ വിളംബരയാത്ര.


കടൽ: തിരകളുടെ വിളി.കാതെത്താ ദൂരത്ത് ജീവന്റെ ഉപ്പുരസമുള്ള തിരകളുടെ വിളി.


കോഴി: വെട്ടാനോങ്ങി നിൽക്കുന്നവന്റെ മുന്നിൽ ഭയന്നു പോയ നിലവിളി. അതു കേട്ടു നിൽക്കുന്ന എന്റെയുള്ളിൽ ഇറച്ചിക്കുവേണ്ടിയുള്ള വിശപ്പ് ആമാശയത്തിൽ മാംസം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പ്.


റേഡിയോ: ശബ്ദത്തിന്റെ വീട്. സംസാരിക്കുന്ന കണ്ണാടി.

(രൂപങ്ങൾ അരൂപങ്ങൾ നിർവചനങ്ങൾ - സി. പഴനിയപ്പൻ)



ഇതാണ് സി. പഴനിയപ്പന്റെ കവിതാരീതിയുടെ സ്വഭാവം. ഈ രൂപവും ഈ വീക്ഷണവും നമുക്കു പുതുതാണ്. സൂക്ഷ്മസംവേദനശേഷിയുള്ള പൊതുമണ്ഡലമെന്ന നിലയിൽ കവിത കുറേക്കൂടി വിസ്തൃതമാകുന്നത് നാമനുഭവിക്കുന്നു ഈ കവിതകൾ വായിക്കുമ്പോൾ.


ബാഹ്യേന്ദ്രിയ നഷ്ടത്തെക്കുറിച്ചുള്ള പൗരാണികമായ ഒരു വീക്ഷണം അത് അന്തരിന്ദ്രിയത്തിന്റെ അധികശക്തിയുടെ ഒരു സൂചകമാണെന്നാണ്. ഇലിയഡും ഒഡീസിയുമെഴുതിയ ഹോമറുടെ അന്ധതയെക്കുറിച്ചുള്ള കഥക്കു പിന്നിൽ ഈ വീക്ഷണമുണ്ട്. കാഴ്ച്ചയില്ലാത്ത ചിത്രകാരൻ, കേൾവിശക്തിയില്ലാത്ത ഗായകൻ എന്നെല്ലാം വിശേഷിപ്പിക്കുമ്പോൾ ഈ വീക്ഷണത്തെ ആദിരൂപപരമാക്കാനുള്ള വെമ്പൽ ഉണ്ട്. ഹോമറെപ്പോലുള്ള പൗരാണികരുടെ മാത്രമല്ല, സമീപകാലീനരായ ബിനോദ് ബിഹാരി മുഖർജി എന്ന ചിത്രകാരന്റേയും ജോർജ് ലൂയി ബോർഹസ് എന്ന സാഹിത്യകാരന്റേയുമൊക്കെ ജീവിതചിത്രങ്ങൾ കൂടിക്കുഴഞ്ഞതാണ് ആ വീക്ഷണം. മുഖ്യധാരാ സാഹിത്യ സങ്കല്പങ്ങളുടെ അപൂർണ്ണതകളെ ചോദ്യം ചെയ്യുകയും പൂരിപ്പിക്കുകയും ചെയ്യുന്നതു പോലെത്തന്നെ ആദിരൂപപരതക്കുള്ള  വെമ്പലിനെ പൊളിച്ചെഴുതുക കൂടി ചെയ്യുന്നുണ്ട് റെയ്മണ്ട് ആൻട്രോബസ് തൊട്ട് സി. പഴനിയപ്പൻ വരെയുള്ളവരുടെ കവിതാലോകങ്ങൾ.

Tuesday, July 6, 2021

പെൺകൊടി - കി. രാ (തമിഴ്)

പെൺകൊടി
കി.രാജനാരായണൻ

കല്യാണവീടാകെ പരിഭ്രമത്തിലായി.
"എന്താ ... എന്താ ...." എന്ന് എല്ലാവരും ചോദിക്കുന്നതല്ലാതെ ആരും കാര്യമെന്തെന്നു പറയുന്നില്ല.
അകത്തു ചെന്ന് എത്തിനോക്കാമെന്നുവെച്ചാൽ അങ്ങോട്ടു കടക്കാൻ കഴിയാത്ത വിധം ചുമരു വെച്ച പോലെ പെൺകൂട്ടം.

പലതരം പൂക്കളുടേതു കൂടിക്കലർന്ന വാസന. ആ സുഗന്ധം പൂക്കളിൽ നിന്നാണോ അതോ ആ ശരീരത്തിൽ നിന്നാണോ വരുന്നത് എന്നറിയാത്ത ഒരു മയക്കം. തിരിയുന്നിടത്തെല്ലാം കല്യാണവീടിനു ചേർന്ന കാഴ്ച്ചകളും മണങ്ങളും.

"മാറ് ... ഒന്നു തള്ളിനിൽക്കൂ... ദൂരെപ്പോവിൻ ... ഞാനൊന്നു പോട്ടെ ..." എന്നിങ്ങനെ ശബ്ദങ്ങളുയർന്നതല്ലാതെ ആരും മാറിയതുമില്ല തള്ളി നിന്നതുമില്ല.മറിച്ച് ആളുകളെ അതങ്ങോട്ടു വീണ്ടും വീണ്ടും വിളിച്ചു വരുത്തി.

"ഏയ് മണി, ഇവിടെ വാ" എന്നു ഞാൻ ശബ്ദമുയത്തി. അവൻ കപ്പലു തുളയ്ക്കുന്ന ടോർപിഡോ പോലെ രണ്ടു പെണ്ണുങ്ങളുടെ ഇടുപ്പുകൾക്കിടയിലൂടെ തലയിട്ടു നൂണു, അകത്തു പോകാൻ.

അടുത്തിരുന്നവർ എന്റെ കൈയ്യമർത്തി, "മിണ്ടാതിരിക്ക്. ചെറുക്കൻ പോയി നോക്കി വന്നിട്ടു വേണം നമുക്ക് കാര്യമെന്തെന്നറിയാൻ" എന്നു പറഞ്ഞു തീരും മുമ്പേ മണി തിരിച്ചെത്തി.

**

നാലുപുരയും മുഖപ്പുകെട്ടും ചേർന്നതാണ് കല്യാണവീട്.മുൻവശത്ത് അടുക്കളക്കെട്ടും തൊഴുത്തും. മുഖപ്പുകെട്ടിടത്തിലാണ് കല്യാണപ്പെണ്ണിരിക്കുന്നത്. പെണ്ണു ചമഞ്ഞൊരുങ്ങിയപ്പൊഴേക്കും മുഹൂർത്തമടുത്തു. വിവാഹവേദിയിൽ ചെറുക്കൻ വന്നിരിപ്പായി. നാലുപുരക്കുള്ളിൽ തന്നെയാണ് വിവാഹവേദി. ഞങ്ങൾ നാലുപുരക്കും അടുക്കളക്കുമിടയിലെ മുറ്റത്തിരിക്കുകയാണ്.

ഞങ്ങളവിടെ ജമുക്കാളത്തിലിരുന്ന് വെറ്റില മുറുക്കുകയാണെന്ന പേരിൽ വെറ്റില ഞെട്ടിയും വെറ്റില ഞരമ്പുകളും കിള്ളിയെറിഞ്ഞ് ജമുക്കാളഞ്ഞെ കുപ്പയാക്കിയും വെറ്റിലച്ചാറും ചണ്ടിയും തുപ്പിത്തുപ്പി തറ അശുദ്ധമാക്കിയും വായ കറയാക്കിയും രാഷ്ട്രീയം സംസാരിച്ചു കൊണ്ടിരുന്നു. സംസാരത്തിൽ 'ഗരീബി ഹഠാവോ' ശക്തമായി കടന്നുവന്നു. കല്യാണം ഞങ്ങൾക്ക് രണ്ടാം വിഷയമായി മാറി. ഒരു തരത്തിൽ അതാണു സത്യവും.

കല്യാണം നടന്നത് ഞങ്ങളുടെ ചിറ്റപ്പന്റെ വീട്ടിൽ. എന്നാൽ കല്യാണം ഞങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ടതല്ല. കല്യാണപ്പെണ്ണ് ഒരനാഥ. ചെറു പ്രായത്തിൽ അവൾ ചിറ്റപ്പന്റെ വീട്ടിൽ എരുമയെ മേയ്ക്കാൻ വന്നതാണ്. വീട്ടുജോലിയെല്ലാം ചെയ്യും. ഭക്ഷണം കഴിക്കുന്ന നേരത്തൊഴികെ മറ്റെല്ലായ്പോഴും എരുമച്ചാണകത്തിന്റേയും മൂത്രത്തിന്റേയും നാറ്റത്തിലാണ് അവൾ താമസം. ഊമയല്ലെങ്കിലും വായ തുറന്ന് അധികമൊന്നും അവൾ മിണ്ടാറില്ല. ചെയ്യാൻ പറഞ്ഞ പണി ഏതു നേരത്തായാലും അവൾ മടിയില്ലാതെ ചെയ്യും. രാത്രി പത്തു പതിനൊന്നു മണിയോടെ വീട്ടിലെയാളുകൾ മിക്കവാറും ഉറക്കത്തിലാവും. തൊഴുത്തിൽ മാടുകൾ ഉറങ്ങുന്നുണ്ടാവും. ഒടുവിൽ മുത്തശ്ശി തന്നെ പറയും, "പേരക്കാളേ, എടിയേ....ഇനി മതി, നീ ഉറങ്ങിക്കോ" മുത്തശ്ശിക്ക് ഉറക്കം വരുന്നതു വരെ കൈയും കാലും തടവിക്കൊണ്ടിരിക്കണം അവൾ.

മുത്തശ്ശിക്ക് ഉറക്കമേ വരില്ല. ഒരു ചെറിയ കോഴിയുറക്കമുറങ്ങും,അത്ര തന്നെ. മൂന്നു മണിക്ക് തൊഴുത്തിന്റെ മേൽക്കൂരയിലിരിക്കുന്ന പൂവൻ കോഴി ചിറകുകൾ പടപടയെന്നടിച്ച് ഒരു കൊക്കരക്കോ കൂവും. ഗ്രാമത്തിൽ ആദ്യം കൂവുന്ന പൂവങ്കോഴി അതാണ്. ഇക്കാര്യത്തിലുമുണ്ട് മുത്തശ്ശിക്കൊരു പെരുമ.

കോഴിയുടെ ആദ്യത്തെ കൂവൽ കേട്ടാലുടനെ പാട്ടിയുടെ ശബ്ദമുയരും. "പേരക്കാളേ, എടീ ... എണീയ്ക്ക്" ഈ ഒരു വാക്കിനായി കാത്തിരുന്നതു പോലെ ചാടി വീണ് എഴുന്നേൽക്കും അവൾ.

രാവിലെ എഴുന്നേറ്റാൽ ചിറ്റപ്പൻ ആദ്യം തന്നെ തന്റെ വാച്ചിന് ചാവി കൊടുക്കും.

പേരക്കാളിനോ മുത്തശ്ശിയുടെ ശബ്ദം തന്നെയാണ് ചാവി. ഉടനെ മുറ്റം തളിച്ചുകൊണ്ടു ജോലി തുടങ്ങും.

പേരക്കാൾ ആ വീട്ടിലേക്കു വന്ന ശേഷം അവളുടെ ശരീരത്തിലുണ്ടായ മാറ്റങ്ങൾ പോലെ ആ വീട്ടിലും പല മാറ്റങ്ങളുണ്ടായി, അവൾ കാരണം.

തൂക്കണാങ്കുരുവിക്കൂടുപോലെ കാണപ്പെട്ട അവളുടെ തലമുടി ചിറ്റപ്പൻ അങ്ങാടിയിൽനിന്ന് ആളെ വരുത്തി പറ്റെ വടിക്കാൻ പറഞ്ഞു. കുറച്ചു കാലം പേരക്കാൾ അങ്ങനെയിരുന്നു. അപ്പോൾ പേരക്കാളെ കാണുന്നവർ "നല്ല ആട്ടുകല്ലു പോലെയുണ്ട്" എന്നു പറഞ്ഞു ചിരിക്കും.

അവൾ വളർന്ന ശേഷം മൊട്ടയടിക്കാതെ ബോബ് ചെയ്തു കൊള്ളാൻ ചിറ്റപ്പൻ അനുവദിച്ചു. വീട്ടിലെ പയ്യന്മാർക്ക് ബാർബർ വന്നു ബോയ്കട്ട് വെട്ടുമ്പോൾ പേരക്കാൾക്കും അതുപോലെ ചെയ്യും - അവളോടു ചോദിക്കാതെ തന്നെ.

അവൾക്ക് ദാവണി കൊടുത്ത് ഇട്ടുകൊള്ളാൻ പറഞ്ഞപ്പോൾ ചിറ്റപ്പന്റെ വീട്ടിലെ തൊഴുത്തു മേൽക്കൂര ഓട് ആയി മാറിയിരുന്നു.

വളരുമ്പോഴും അവൾ ബോബു വെച്ചുകൊണ്ടിരുന്നു. ചിലർ അവളെ ഇന്ദിരാഗാന്ധി എന്നു വട്ടപ്പേരിട്ടു വിളിച്ചു. വലിയേച്ചി അതിനൊന്നും പറഞ്ഞില്ല. ഇന്ദിരാഗാന്ധി തന്നെപ്പോലൊരു പെണ്ണാണെന്നോ ഇന്ത്യ ഭരിക്കുന്ന റാണിയാണെന്നോ അവൾക്കറിയില്ല.

പാട്ടി തന്നെ ഒരു ദിവസം ചിറ്റപ്പനോടു വഴക്കിട്ടു. അതിൽ പിന്നെ ബാർബർ വന്ന് അവളുടെ മുടി വെട്ടിയിട്ടില്ല.

കൃഷിപ്പണിക്കു വരുന്ന പണിക്കാർ ഗ്രാമക്കിണറിൽ നിന്നു കുടം കുടമായി വെള്ളം ചുമക്കാൻ വിസമ്മതിച്ചു. അതിനാൽ കർഷകർ അറുനൂറും ആയിരവും ചെലവഴിച്ച് വീടുതോറും മോട്ടോർ പമ്പ് വച്ചു. ചിറ്റപ്പന്റെ വീട്ടിൽ ആ മാറ്റം സംഭവിച്ചതേയില്ല. കുടം വയ്ക്കുന്നതിന് പേരക്കാളുടെ കരുത്തുറ്റ ഇടുപ്പ് ഉണ്ടായിരുന്നു. വെള്ളം നിറഞ്ഞ വലിയ തൊട്ടി കിണറ്റിൽ നിന്നു വലിച്ചു കോരി കിതയ്ക്കുമ്പോൾ അവളുടെ പരുത്ത മാറിടവും കൈത്തണ്ടകളും നോക്കി ഗ്രാമത്തിലെ ചെറുപ്പക്കാർ നെടുവീർപ്പു വിടും.

പണിയേറെയുള്ള വിത ദിവസങ്ങളിൽ ചിറ്റപ്പന്റെ വീട്ടിൽ പണിക്കാരുടെ കുറവ് അനുഭവപ്പെട്ടതേയില്ല. ആ സമയത്തു വന്നു ചേർന്ന പണിക്കാരിലൊരാളാണ് കുമരയ്യ. ചന്തയിൽ മാടിനെ നോക്കുന്നതിൽ എത്ര സാമർത്ഥ്യമുണ്ടോ അത്രയും സാമർത്ഥ്യം ചിറ്റപ്പന് പണിക്കാരെ വകതിരിവോടെ കണ്ടുപിടിക്കുന്നതിലുമുണ്ട്. കുമരയ്യയും പേരക്കാളും തമ്മിലുള്ള അടുപ്പം കണ്ടുപിടിക്കുന്നതിൽ പ്രത്യേക നൈപുണ്യമുണ്ടായിരുന്നു മുത്തശ്ശിക്ക്. ആകയാൽ അവരിരുവരെയും തമ്മിൽ ചേർത്തൊരുമിപ്പിക്കാൻ തീരുമാനമായി.

'നൂറു കല്യാണം നടന്ന വീട് ഐശ്വര്യമുള്ളത്' എന്നതൊരു വിശ്വാസം. ആകയാൽ ഈ കല്യാണം തങ്ങളുടെ വീട്ടിൽ തങ്ങളുടെ ചെലവിൽ നടത്തും എന്നവർ തീരുമാനിച്ചു. അതോടെ പേരക്കാളും കുമരയ്യയും ആ വീടിനോട് എന്നും കടപ്പെട്ടവരായിരിക്കും.

ഗ്രാമമാകെ ആ വിവാഹത്തിൽ ആവേശം കൊണ്ടു എന്നു പറയാം.

**
മണി ഇപ്പോൾ ആ തിരക്കിൽ നിന്നു പുറത്തേക്കു വന്നുകൊണ്ടിരുന്നു. കാര്യമെന്തെന്നു ചോദിക്കും മുമ്പേ അവൻ ഓടിവന്നു പറഞ്ഞു. കല്യാണപ്പെണ്ണ് മയങ്ങി വീണത്രെ.

ഞങ്ങൾക്കെല്ലാവർക്കും ഒരേ ആകാംക്ഷ. കാരണമറിയുന്നില്ല. തിക്കിത്തിരക്കു കൊണ്ടോ കാറ്റോട്ടമില്ലാത്തതിനാലോ ആവില്ല.അതൊന്നും പേരക്കാളുടെ ശരീരത്തെ തളർത്തില്ല. അങ്ങനെ തളർത്താവുന്ന പലതും അവിടെയുണ്ട്. ഒന്നും മയക്കമുണ്ടാക്കിയതായി കേട്ടിട്ടില്ല!

മുത്തശ്ശി ചിരിച്ചുകൊണ്ടു പുറത്തുവന്നു. അവർ ഈ കാല്ല്യാണത്തിന് തനിയ്ക്കായി എടുത്ത പുതിയ പരുത്തിപ്പട്ടുസാരി ഉടുത്തിരുന്നു. ചിറ്റപ്പനോട് എന്തോ പറഞ്ഞ് ഉറക്കെച്ചിരിച്ചു. ചിറ്റപ്പനും ചിരിച്ച പോലെ ഇരുന്നു.

എന്താണെന്നു ചോദിച്ചറിയാൻ ഞാൻ എഴുന്നേറ്റു. അതിനകം പാട്ടി തന്നെ പുറത്തു വന്നു പറഞ്ഞു: "കഴുത! ഒരു ദിവസമെങ്കിലും തലയിൽ പൂ വെച്ചാലല്ലേ, ഇന്നു ചമയിക്കുമ്പോൾ പൂ മണം താങ്ങാനാവാതെ മയങ്ങി വീണു പോയി!"

മുത്തശ്ശി പറഞ്ഞതു കേട്ട എല്ലാവരുടെ മുഖത്തും അത്ഭുതം വിരിഞ്ഞു. പിന്നെയത് ചിരിയായ് വഴിഞ്ഞു.

ചിരി വരുന്നില്ല, എനിക്ക്.

റെഡ് ഇന്ത്യൻ പാട്ടുകൾ

റെഡ് ഇന്ത്യൻ പാട്ടുകൾ (വടക്കേ അമേരിക്ക)

പച്ചപ്പച്ചക്കാടണിമലമേലൊരു
മേഘം പാടുന്നു
പച്ചക്കാടണിമലമേലൊരു
മേഘമനങ്ങാതേ നിൽക്കുന്നു
മഴയാണിടിയാണവിടെ
മഴ പെയ്യുന്നുണ്ടിവിടെ
മലയുടെ താഴെച്ചോളക്കുലയുടെ
നരയൻ മുടി വിറകൊള്ളുന്നു
മലയുടെ താഴെച്ചെറുതയ്യിൻമേൽ
ചോളക്കൂമ്പു തിളങ്ങുന്നു.

***
പറിക്കുമിവളീച്ചെറുപെൺകുട്ടി,
കാട്ടു റോസാപ്പൂക്കൾ,
അതുകൊണ്ടാണിവൾ ജനിച്ചത്.

കടുരുചിയുള്ളാക്കാട്ടരി വിരലാൽ
കുഴിച്ചെടുക്കുമിവൾ,
അതുകൊണ്ടാണിവൾ ജനിച്ചത്!


തേടിയെടുക്കും വിഷച്ചെടികളി-
ലൂറും കറയീപ്പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


കാട്ടുകരിമണിപ്പഴങ്ങൾ തേടി -
പ്പറിക്കുമീച്ചെറു പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


കൊട്ട കണക്കിനു നീലമണിപ്പഴ -
മെടുക്കുമിവ,ളീപ്പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


പറിച്ചെടുക്കും സോപ്പുമണിപ്പഴമീച്ചെറു പെൺകുട്ടി,
അതുകൊണ്ടാണിവൾ ജനിച്ചത്!


പറിക്കുമിവളീച്ചെറു പെൺകുട്ടി
കാട്ടുറോസാപ്പൂക്കൾ,
അതുകൊണ്ടാണിവൾ ജനിച്ചത്!

***
വേനലിൽ മഴ വരുന്നു
പുല്ല് മുളച്ചു വരുന്നു
മാനിന് പതുപതുത്ത
വെൽവെറ്റു കൊമ്പു വരുന്നു.

****

കാൽപ്പാടുകൾ പാകുന്നൂ ഞാൻ
അവയുടെ നടുവിൽ നിന്നും പുക പൊങ്ങുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
മണ്ണു കിടക്കുന്നൂ മയത്തിൽ പാകം വന്ന്
കാല്പാടുകൾ പാകുന്നൂ ഞാൻ
ചെറുകുന്നുകൾ നിൽക്കുന്നൂ വരിയായ്
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, ചെറുകുന്നുകൾ നരച്ചു പോയല്ലോ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, പകൽ വെട്ടത്തിൽ കുന്നുകൾ നിൽക്കുന്നു.
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ ഞാൻ വരുന്നതോ പവിത്രമായ പണിക്കായ്
കാല്പാടുകൾ പാകുന്നൂ ഞാൻ
തരികൊന്ന്, രണ്ട്, മൂന്ന്, നാലു ധാന്യമണികളെനിക്ക്
കാല്പാടുകൾ പാകുന്നൂ ഞാൻ
തരികഞ്ച്, ആറ്, അവസാനത്തേയും
ധാന്യമണികളെനിക്ക്
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കു,കിളം ഞാറുകൾ മണ്ണു തുരന്നു വരുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, പകലിൻ നടുവിൽ ഞാറുകൾ നിൽക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക,യോലത്തുമ്പുകൾ കാറ്റിൽ പടരുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, ചെടികളുറച്ചു നിവർന്നേ നിൽക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക, യോലത്തുമ്പുകൾ കാറ്റത്തുലയുന്നു
കാല്‌പാടുകൾ പാകുന്നൂ ഞാൻ
നോക്കുക, ചെടികൾ തമ്മിൽ തമ്മിൽ
ചേർന്നേ നിൽക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ ചെടി പൂത്തല്ലോ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക,യോലത്തുമ്പുകൾ നെടുവീർക്കുന്നൂ കാറ്റിൽ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക ചെടിയിൽ ധാന്യക്കതിരുകൾ പൊട്ടിയുറയ്ക്കുന്നൂ
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കൂ, ഞാൻ ധാന്യക്കതിരുകൾ കൊയ്തെടുക്കുന്നൂ.
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുക,യെൻ വീട്ടിലിപ്പോളെന്തൊരാനന്ദം
കാല്പാടുകൾ പാകുന്നൂ ഞാൻ
നോക്കുകിതാ സാഫല്യത്തിൻ സാക്ഷാൽക്കാരദിനം!

***
കല്ലെപ്പോഴുമുറച്ചു തന്നെ,
കൂട്ടുകാരേ,
മുന്നോട്ട്!

***

ഒറ്റയാക്കുമതെന്നെയെപ്പോഴും
ഉഗ്രമാമിടിയൊച്ച കേൾക്കുമ്പോൾ
എന്റെ സോദരരെക്കുറിച്ചോർക്കും
എപ്പൊഴുമിടിയൊച്ച കേൾക്കുമ്പോൾ

****

ഈപ്പാറയിങ്ങു വന്നതു തന്നത്താനല്ല
ഈ മരമിങ്ങു നില്പതു തന്നത്താനല്ല.
ഈക്കാണ്മതെല്ലാം സൃഷ്ടിച്ചുള്ളൊരാളുണ്ട്
ഈയെല്ലാം നമ്മെക്കാട്ടിത്തരുന്നൊരാള്.

****

എന്റെയച്ഛൻ പറയുന്നു
"കാറ്റടിക്കും നേരത്ത്
ഞാൻ പോകുമതിനൊപ്പം"

****
സിപാപുവിൽ
മഴമനുഷ്യരുടെ വീട്ടിൽ
മഴമനുഷ്യത്തലവൻ പറയുന്നു:
"മഴച്ചെറുക്കന്മാരേ, മഴപ്പെമ്പിള്ളേരേ,
പുറത്തു പോകാനൊരുങ്ങിയിപ്പോൾ
നിൽക്കുന്നൂ നിങ്ങൾ
മഴ പെയ്യട്ടേ ലോകം മുഴുവൻ
തെക്കിനുമേൽ വടക്കിനുമേൽ
മേഘങ്ങൾക്കു താഴെ മനുഷ്യരി -
ലേക്കണയട്ടേ മഴകൾ
കയ്യിലെടുക്കൂ ചന്തമേറും
പൂവുകൾ, കുട്ടികളേ,
മാനത്തുന്നാപ്പൂവുകളെല്ലാം
താഴത്തെറിയുവിനെല്ലാരും
ആശംസകളായ് നൽകാൻ നല്ലുട -
യാടകളീപ്പൂക്കൾ
ലോകമെങ്ങും പൂക്കൾ"

****
ഞാൻ നിങ്ങളെക്കാണാൻ വരുന്നേ പ്രേതങ്ങളേ
ഈയലമുറയെന്തിനു കൂട്ടുന്നു പ്രേതങ്ങളേ
പ്രാന്തുപിടിപ്പിച്ചെന്നെത്തുരത്താനോ പ്രേതങ്ങളേ
വീടു മുഴക്കിക്കുലുക്കുന്നതെന്താണു പ്രേതങ്ങളേ
പ്രാന്തുപിടിപ്പിച്ചെന്നെത്തുരത്താനോ പ്രേതങ്ങളേ
എന്തേ വിളിക്കുന്നു ഞങ്ങളെയങ്ങു കടപ്പുറത്തീന്ന്
പ്രാന്തെടുപ്പിച്ചു തുരത്താനോ ഞങ്ങളെ പ്രേതങ്ങളേ
പേരും പെരുമയുമുള്ളവർ നിങ്ങൾ വരുന്നു
കടപ്പുറത്തീന്നും
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന
പ്രേതങ്ങളേ
നിങ്ങടെയുള്ളിൻ നിലത്തീന്നു ഞങ്ങൾക്കു
നേരേയവ വരുന്നൂ
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന പ്രേതങ്ങളേ
നിങ്ങളിൽ നിന്നു വരുന്നൂ വിശപ്പിന്റെ
ശബ്ദം പ്രേതങ്ങളേ
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന
പ്രേതങ്ങളേ
നിങ്ങളിൽ നിന്നുനവധി കിട്ടുവാ-
നായി വരുന്നു ഞങ്ങൾ
ഞങ്ങളെ പ്രാന്തെടുപ്പിച്ചു തുരത്തുന്ന
പ്രേതങ്ങളേ.

*****

പുൽമേട്ടു നായ്ക്കളേ പുൽമേട്ടു നായ്ക്കളേ
വാലാട്ടി നിങ്ങൾ കളിക്കി
നന്നായിയാടിക്കളിക്കിൻ.

****
മരത്തിന്റെ ചോട്ടില്
കുറ്റിക്കാടിരിക്കുന്നു
ഇരിക്കുന്നു പാടുന്നു!

****
നമ്മുടെ പാട്ടാ
ദൂരനാട്ടിൽ
തിളങ്ങും നാട്ടിൽ
എത്തിച്ചേരും
തടാകത്തെത്തിരമാലകളിൽ
ചുരുട്ടിയെടുക്കും.


****

സൂര്യരേ, യെന്റെ ചാർച്ചക്കാരാ
കനിവൊടെങ്ങളെ നോക്കണേ
കനിവൊടുള്ളാ നോട്ടം കാത്ത്
കഴിവു ഞാനിവിടിങ്ങനെ
നിന്റെ കാട്ടുമൃഗങ്ങളെ നീ
ഞങ്ങൾക്കായിയയക്കണേ
വേഗമവയെക്കാണണേ
ചിലതു ഞങ്ങൾ കൊല്ലുമേ!

നഷ്ടസ്നേഹം - വില്യം വേഡ്സ്വർത്

നഷ്ടസ്നേഹം
വില്യം വേഡ്സ്വർത്ത്


ഉറവകൾ പ്രാവുപോലെ പൊങ്ങുന്നതി-
ന്നരികെയാരും ചവിട്ടാത്ത പാതകൾ
അവിടെയാണവൾ താമസം, വാഴ്ത്തുവാ -
നൊരുവരില്ല, സ്നേഹിക്കുവാൻ കൂടിയും

മിഴിയിൽ നിന്നൊട്ടൊളിഞ്ഞു പായൽ പടർ -
ന്നൊരു ശിലയാൽ മറഞ്ഞ വയ്ലറ്റിവൾ
ലളിതശോഭനം താരകം പോൽ, വാനി -
ലുയരെ മിന്നുമൊരേയൊരു താരകം.

അധികമാരുമറിഞ്ഞില്ല ലൂസിയീ
മഹിയിൽ വാണതും വാടിയർന്നതും
അവളിതാ മണ്ണടിയിൽ, ഈയന്തര-
മനുഭവിക്കുന്നു ഞാൻ മാത്രമിങ്ങനെ!

Monday, July 5, 2021

മുകുന്ദ് നാഗരാജ് കവിതകൾ - തമിഴ് പരിഭാഷ


മുകുന്ദ് നാഗരാജ് കവിതകൾ

1 പൂ പറിക്കൽ


വഴിയിൽ കരഞ്ഞു വാശി പിടിക്കുന്ന
കുഞ്ഞിനെ മെരട്ടാൻ
കൂട്ടത്തിലെ ചെറിയ ചില്ല
വഴിവക്കത്തെ മരത്തിൽ തേടുന്നു
അമ്മ.
കരച്ചിൽ നിറുത്തിയ കുഞ്ഞ്
അതേ മരത്തിലെ പൂ വേണം
എന്നു പറയുന്നു.


2. പിരിയലിനെപ്പറ്റി

വാതിൽ
പിരിയലിനെക്കുറിക്കുന്നു
കുഞ്ഞിന്.
വാതിലിനരികെച്ചെന്നാൽ തന്നെ
കരയാൻ തുടങ്ങുന്നു.
അതിനാൽ ദിവസവും
ചുമർ വഴി പുറത്തിറങ്ങി
ആപ്പീസിലേക്കു പോകുന്നു
പുതിയ അച്ഛൻ.


3. കുട്ടികളുടെ ജനലുകൾ

ഇപ്പോഴാണു കിട്ടിയത് ജനൽസീറ്റ് .
അപ്പൊഴേക്കും ഇറങ്ങാൻ പറയുന്നു അമ്മ.
വീട് ഇവിടെത്തന്നെയാവാം.
അതൊക്കെ ഒരു കാരണമാണോ?


4. പൂ വിൽക്കുന്നവരിലൊരുവൾ

വണ്ടിയിറങ്ങി
കൂട്ടത്തിൽ നടന്നപ്പോൾ
ഇരുപുറവും പല പല തരത്തിൽ
കൂവി പൂ വിൽക്കുന്ന ശബ്ദങ്ങളിലൊന്ന്
'എന്തൊരു ചന്തം നോക്കമ്മാ മല്ലി'
എന്നു പറഞ്ഞു കൊണ്ടിരുന്നു കൂടെക്കൂടെ.
വില്പനക്കാരിയുടെ ശബ്ദം പോലെയേ ഇല്ല.



5. ഒരേ ദിവസം

നീ എന്റെ പ്രേമം നിരസിച്ച
അതേ ദിവസം സന്ധ്യക്ക്
ഞങ്ങളുടെ തെരുവിലെ പെട്ടിക്കട
ഇടം മാറി
വളരെ ദൂരേക്കു പോയി.
ഇങ്ങനെ
ഒരേ ദിവസം
എല്ലാവരും എന്നെ
കൈവിട്ടാലെങ്ങനെ?


6. വെള്ളം തളിച്ചു കളിക്കൽ

മുമ്പും പിമ്പും പോയിട്ടില്ലാത്ത
വഴിയോര ഭക്ഷണശാലയിൽ
ഊണു കഴിച്ച ശേഷം
കൈ കഴുകാൻ ചെന്നു.
സാധാരണ ഉയരത്തിൽ
രണ്ടു വാഷ്ബേസിനുകളും
വളരെക്കുറഞ്ഞ ഉയരത്തിൽ
ഒരു വാഷ്ബേസിനുമുണ്ട്.
കൈ കഴുകുമ്പോൾ
കാരണം മനസ്സിലായി.
കുള്ളൻ വാഷ്ബേസിനു മുന്നിൽ
ഇല്ലാത്ത കുട്ടിയുടെ മേൽ
വാത്സല്യത്തോടെ വെള്ളം തളിച്ച്
കളിച്ച ശേഷം
വേഗം പുറത്തിറങ്ങി, ഞാൻ.


7. കളിക്കുന്ന കുട്ടികൾ

രണ്ടു കുട്ടികൾ ആ പാർക്കിൽ
കളിച്ചുകൊണ്ടിരുന്നു.
ഒന്ന്,
ഊഞ്ഞാലിൽ നിന്നും ഇരുന്നും
ഒറ്റക്കാൽ തൂക്കിയും
വേഗത്തിൽ വീശിയാടിയും
ഓ എന്നു ബഹളം വെച്ചു കൊണ്ടിരുന്നു.
മറ്റേക്കുട്ടി,
ഒഴിഞ്ഞ ഊഞ്ഞാൽ
വേഗത്തിലാട്ടിക്കൊണ്ടും
ഓ എന്നു ബഹളം വെച്ചു കൊണ്ടുമിരുന്നു.
ഇതിലേതാണു നല്ല കളിയെന്ന്
ആർക്കു പറയാൻ കഴിയും?


8. എന്റെ കയ്യിൽ വലിയതായി

'ജീവിതം എങ്ങനെ പോകുന്നു?'
എന്നു ചോദിച്ചു
ഏറെ നാൾ കഴിഞ്ഞു 
ചാറ്റിൽ വന്ന കൂട്ടുകാരൻ.
കഴിഞ്ഞ ദിവസം
ശരവണ ഭവനിൽ
വല്യ ദോശ വേണം
എന്നു വാശി പിടിച്ചു വാങ്ങി
തിന്നാൻ കഴിയാതെ
കുഴങ്ങിക്കൊണ്ടിരുന്ന
പെൺകുട്ടിയെപ്പറ്റി ഞാൻ പറഞ്ഞു.
'പിന്നെക്കാണാം' എന്നവൻ
മറഞ്ഞു പോയ്.
എന്റെ കയ്യിൽ
വല്യതായി
എന്തെങ്കിലും കണ്ടുകാണുമോ?


9. ദോശദൈവം

ദോശക്കെന്തു രുചി എന്നു ചോദിച്ചാൽ
എന്താ പറയുക?
എന്റെ പാട്ടി ചുട്ട ദോശയാണോ
എന്നമ്മ ചുട്ട ദോശയോ ?
പുറംനാട്ടു ബസ് വഴിയിൽ നിറുത്തിയപ്പോൾ
അവിടന്നു കഴിച്ച ദോശയാണോ?
ദോശക്കെന്തു രുചിയെന്നു ചോദിച്ചാൽ
എന്താ പറയുക?
അതതു ദോശയിലുള്ള രുചി
അടുത്ത ദോശയിൽ തേടുന്നതു വലിയ തെറ്റ്.
ഓരോരോ അവതാരത്തിലും
ഓരോരോ ഗുണം.
രണ്ടിനുമൊരേ രുചി എന്ന്
എപ്പോഴും പറയാതെ.
ദോശദൈവം കോപിക്കും.


10. അകി.

എന്തു കളിയാണിഷ്ടമെന്ന്
കൺ നിറയെ മയ്യെഴുതിവന്ന
യു.കെ.ജി. പെണ്ണിനോടു ഞാൻ ചോദിച്ചു.
അവൾ മെല്ലെ ആലോചിച്ച്
"ഓടിപ്പിടിത്തം" എന്നു പറഞ്ഞു
ആരോടൊപ്പമാ കളിക്കുന്നത്?
'അകിയോടൊപ്പം'
'അകി എന്നാൽ അഖിലയാ?'
അവൾ തലയാട്ടി.
അതെ എന്നോ അല്ല എന്നോ.
ആരാവും ആ അകി?
സ്കൂൾ ഫ്രണ്ട്? അല്ലെന്നോ?
അപ്പോൾ ചേച്ചിയോ? അതുമല്ല?
അടുത്ത വീട്ടിലെ പെൺകുട്ടിയാ?
പിന്നാരാകും?
'അറിയില്ല' അവൾ മെല്ലെ പറയുന്നു.
ആദ്യം ചിരിച്ചെങ്കിലും
പിന്നീടെനിക്കതു മനസ്സിലായി.