പരുന്തു വട്ടത്തിലെ നക്ഷത്രം
പി.രാമൻ
കവിതയുടെ ഭാഷ മറ്റു സാഹിത്യ വിഭാഗങ്ങളുടെ ഭാഷയിൽ നിന്നു വ്യത്യസ്തമാണെന്നു വിശ്വസിക്കുന്ന കവിയാണ് ആദിൽ മoത്തിൽ.ഈ ഒറ്റക്കാരണം കൊണ്ടു തന്നെ ഇന്നത്തെ മുഖ്യധാരാ മലയാള കവിതയിൽ നിന്ന് ഈ കവിയുടെ കവിത വിട്ടു നിൽക്കുന്നു. പാതി വെന്ത ഫിക്ഷനായി നമ്മുടെ മുഖ്യധാരാ കവിത മാറിക്കഴിഞ്ഞ ഈ കാലത്ത്
കവിതയുടെ ഭാഷ മറ്റു വ്യവഹാര രൂപങ്ങളിൽ നിന്നു വ്യത്യസ്തമെന്നു കരുതുന്ന ഒരു പുതിയ തലമുറയുടെതന്നെ വരവിൻ്റെ അടയാളമായിക്കണ്ട് ആദിൽക്കവിതയെ ഞാൻ വരവേൽക്കുന്നു.
അടഞ്ഞു കിടക്കുന്ന പുസ്തകത്തിൻ്റെ ഇരുട്ട് വായിക്കാൻ വാലൻ പുഴുവിനേ പറ്റൂ. സവിശേഷ രൂപത്തിലൂടെ, ഭാഷയിലൂടെ മാത്രം ആവിഷ്കരിക്കേണ്ടുന്നവയാണ് ഈ കവിക്ക് സകല ലോകങ്ങളും. അതുകൊണ്ടുതന്നെ,സവിശേഷ ഭാഷാ ഘടനകളിലേക്കും രീതിവൽക്കരണങ്ങളിലേക്കും അയാൾ ആകൃഷ്ടനാകുന്നു. പാറിയെത്താത്ത ദൂരങ്ങളും കണ്ടിട്ടില്ലാത്ത അകലങ്ങളും തൻ്റെ നോട്ടപ്പാടിലേക്കു ചുരുക്കാൻ ഈ കവിതയിലെ പക്ഷിക്ക് ഭൂമിക്കു മുകളിൽ കാലുകളിറുക്കി ചിറകു ദേഹത്തേക്കൊതുക്കി ഒരു പ്രത്യേക വിധത്തിൽ ഇരിക്കണം. അങ്ങനെ പ്രത്യേക തരത്തിൽ സംവിധാനം ചെയ്ത ഭാഷയുടെ കണ്ണിൽ തെളിയുന്ന അകങ്ങളും അകലങ്ങളുമാണ് ഈ പുസ്തകത്തിൽ വായനക്കാരെ കാത്തിരിക്കുന്നത്. നമ്മുടെ മുഖ്യധാരാ കവികളെല്ലാം ഒരേ ഭാഷയിലെഴുതാൻ വെമ്പുന്ന ഈ കാലത്ത് ഭാഷയെ ഇങ്ങനെ വിശേഷപ്പെടുത്തുന്ന ആദിൽരീതി എന്നെ അത്ഭുതപ്പെടുത്തുന്നു. താൻ തിരസ്കരിക്കപ്പെടും എന്ന ബോധ്യത്തോടെ തന്നെയാവണം ഇയാൾ ഇതിനു മുതിരുന്നത്. കാരണം, അതിലും പ്രധാനമാണ് ഇയാൾക്ക് ഒരു കവി എങ്ങനെയാണ് ലോകങ്ങളെ സ്വാംശീകരിക്കേണ്ടതും ആവിഷ്കരിക്കേണ്ടതുമെന്നതിനെക്കുറിച്ചുള്ള ബോധ്യം.
താൻ ഉപയോഗിക്കുന്ന വാക്കിൻ്റെ സ്വരൂപവും സ്വഭാവവും ഈ കവിക്ക് പ്രധാനമാണ്. അകത്തെ മുറിയിൽ കിടന്നുരുകി സഹികെട്ട് തെരുവിലിറങ്ങി നടക്കുന്ന കവി ഒടുവിൽ ഒരു കവിതയിലേക്കെത്തുന്ന ആ ഇടം നോക്കൂ.
"ആദ്യമാ വാക്കെന്തായിരുന്നു?
ഇപ്പൊഴാ വാക്കെന്താണ്?
ഒടുവിലാ വാക്കെന്താവും?"
കവിതയിലേക്കു കടക്കുന്നിടത്തു വെച്ചു തന്നെ വാക്കിൻ്റെ, ഭാഷയുടെ, സ്വരൂപത്തേയും സ്വഭാവത്തേയും കുറിച്ചുള്ള കാലുഷ്യമാണ് അയാൾ നേരിടുന്നത്. ആവിഷ്കരിക്കേണ്ടവയും അതാവിഷ്കരിക്കാനുള്ള ഭാഷയും തമ്മിലെ ടെൻഷൻ ആദിൽക്കവിതയിലുടനീളമുണ്ട്. ആ ടെൻഷനിലൂടെ ആവിഷ്കാരം പൂർത്തിയാക്കുമ്പോഴുണ്ടാവുന്ന സാഫല്യം വായിച്ചു തീരുമ്പോൾ വായനക്കാരിലും നിറയുന്നു.
ഓരോ അനുഭവലോകത്തേക്കു കടക്കുമ്പോഴും അതാവിഷ്ക്കരിക്കാനുള്ള ഭാഷയുടെ സ്വരൂപം വിഭിന്നവും തനതുമാണെന്നുമുള്ള സൂചന കൂടി
ഇവിടെയുണ്ട്. അതിനനുസരിച്ച് ചിലപ്പോൾ ഭാവഗീതപരവും ചിലപ്പോൾ ആഖ്യാനപരവുമാകുന്നു കവിയുടെ ഭാഷ.വൃത്തങ്ങളും ഇശലുകളും മുക്തഛന്ദസ്സും ഗദ്യവും മാറി മാറി ഉപയോഗിക്കുന്നു. മുറുക്കിയും അയച്ചും ഒഴുക്കോടെയും ഒഴുക്കു മുറിച്ചും ഭാഷ ഉപയോഗിക്കുന്നു. മൂർത്തതയോടെയും അമൂർത്തതയോടെയും പ്രയോഗിക്കുന്നു. ഉയരെ വട്ടമിട്ടു പറക്കുമ്പോൾ ഉള്ളിലെടുക്കുന്ന ലോകമല്ല തെങ്ങോലയിലിരുന്നുള്ള നോട്ടത്തിലേക്കു ചുരുങ്ങുന്ന ലോകം. അതല്ല, മൂവന്തിയിൽ ആളൊഴിഞ്ഞ അലക്കുകല്ലിൽ വന്നിരിക്കുമ്പോൾ തെളിയുന്നത്. ഇങ്ങനെ ലോകപ്പരപ്പിനെ സ്വരൂപ വൈവിധ്യമാർന്ന ഭാഷ കൊണ്ട് ഉള്ളിലേക്കെടുത്ത് തൻ്റെ ലോകമാക്കി വായനക്കാർക്കു തിരിച്ചുനൽകുന്നതിൻ്റെ സംഘർഷവും ആനന്ദവുമാണ് ആദിൽക്കവിതയുടെ നീക്കിയിരിപ്പ്.ആദിൽക്കവിതയിൽ മുഴുകുന്ന വായനക്കാരും സ്വയമറിയാതെ പതുക്കെ ഈ പണി ചെയ്തു തുടങ്ങാൻ പ്രലോഭിതരാവുന്നു.അങ്ങനെ വായനക്കാരെക്കൂടി സ്രഷ്ടാക്കളാക്കി മാറ്റുന്നതാണ് ഈ കവിതയുടെ പ്രവർത്തന രീതി. അകം, പുറം, ഭാഷ എന്നിവയാണ് ഇതിൻ്റെ പ്രധാന കരുക്കൾ. കൂട്ടിൽ നിന്നു മാനത്തേക്കും തിരിച്ചു കൂട്ടിലേക്കും വന്നും പോയും കൊണ്ടിരിക്കുന്ന കിളിയാകുന്നു ആദിൽക്കവിതയിലെ ഭാഷ.
കൊണ്ടുവരുന്നത് ചുള്ളിക്കമ്പാവാം, കായ്കനികളാവാം, പുഴുക്കളാവാം -എന്തും ആന്തരലോകത്തെ സമ്പന്നമാക്കാനാണ്. ആന്തരലോകം ഒരു കിളിക്കൂടായി, കുട്ടി സൂക്ഷിച്ചു വെയ്ക്കുന്ന പഴ്സായി, മനുഷ്യൻ ചെന്നു കിടക്കുന്ന ഖബറായി, പൂച്ച പെറ്റു കിടക്കുന്ന തട്ടിൻപുറമായി, വൈക്കോലും കൊന്നയിലകളും ഇരുട്ടും വെച്ചടച്ച് കൊട്ടകൾ നിറയെ മാങ്ങ വെയ്ക്കുമിടമായി, പെരുനാൾത്തലേന്ന് ഉച്ചത്തിൽ തക്ബീർ വിളിക്കുന്ന കുട്ടികളിലൊരാളുടെ ഏറ്റവുമുറക്കെ കേൾക്കുന്ന ഒച്ചയായി, കൂട്ടുകാരൻ മുങ്ങിയാണ്ട പുഴയായി, ട്രെയിൻ സ്റ്റേഷനിൽ നിന്നെടുക്കുമ്പോഴത്തെ തിക്കിത്തിരക്കിൽ പെട്ട് ഉറച്ചു പോകുന്ന ഒരു മൂലയായി,മരിച്ച വീട്ടിലെ അടുക്കളയിൽ നിന്നുയരുന്ന ദോശമണമായിപ്പോലും പ്രത്യക്ഷപ്പെടാം എന്ന് ആദിൽക്കവിത കാണിച്ചു തരുന്നു. ഇത്രയും മൂർത്തമായി ആന്തരലോകം വെളിപ്പെടുന്നതിൻ്റെ ലാഘവം കൊണ്ട് പ്രസന്നമായിരിക്കുന്നു ആദിൽക്കവിത. ലാഘവത്തോടെ പുറമേക്കു തെളിയുന്ന ഈ മൂർത്തതയ്ക്കിടയിലെ ഇരുൾക്കലക്കം ഞൊടി നേരത്തേക്കു കാണിച്ചു തരുമ്പോൾ നാം നടുങ്ങുകയും ചെയ്യുന്നു. ഈ ലാഘവവും നടുക്കവും തുടർച്ചയായി വിന്യസിക്കുന്നതിനാൽ ഈ സമാഹാരത്തിലെ കവിതകൾ തുടർച്ചയായി വായിച്ചു പോകാനും സാധിക്കുന്നു.
ആന്തര ലോകത്തിൻ്റെ കൊടിയടയാളമായി ഉയരെ ചന്ദ്രനും നക്ഷത്രവുമുണ്ട്. മാനത്ത് പരുന്തു പറക്കുന്ന വട്ടത്തിനുള്ളിലാണ് നക്ഷത്രം. പതിവു രാത്രിയിൽ കിടക്കയിരുട്ടത്തു ശ്വാസോച്ഛ്വാസത്തിൽ സെക്കൻ്റുകൾ എണ്ണി കണ്ണടക്കുമ്പോൾ തെളിയുന്ന ലോകത്തിൻ്റെ അടയാളം ചന്ദ്രനും നക്ഷത്രവുമാണ്. മുഴുവൻ ലോകവും ആന്തരലോകത്തിൻ്റെ ഭാഗമായി മാറുന്ന 'വലിയപള്ളിറോഡി' ൽ ഇറക്കമിറങ്ങുമ്പോൾ വീടുകൾക്കിടയിലായി ചന്ദ്രനെ കാണാം. വേണ്ടപ്പെട്ടവരുടെ ഖബറിടങ്ങൾ ഏതേതെന്നറിവില്ലാത്ത, മയ്യത്തു കൊണ്ടു പോകുമ്പോൾ ഇരുമ്പഴികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കുന്ന പെണ്ണുങ്ങൾ കുഞ്ഞുങ്ങൾക്ക് ചോറുവാരിക്കൊടുക്കുമ്പോൾ കാട്ടിക്കൊടുക്കുന്നത് ആ ചന്ദ്രനെയാണ്. മൂവന്തിയും അതു പതുക്കെ ഇരുട്ടിലാണ്ട് പിറയുദിക്കുന്ന രാത്രിയുമാണ് ആ ആന്തരലോകത്തിലെ നേരങ്ങൾ.ആ നേരത്തിൻ്റെ നിറം പുരണ്ടിരിക്കുന്നു ഓരോ വസ്തുവിന്മേലും.ചന്ദ്രൻ ചിലപ്പോൾ ആ ലോകത്തെ ലഹരി പിടിപ്പിക്കുന്ന മായികാനുഭവമാക്കി മാറ്റുന്നു, പൗർണ്ണമിച്ചന്ദ്രൻ, കാളവണ്ടി എന്ന കവിതയിലെപ്പോലെ.ചിലപ്പോൾ ഉള്ളിലെ പുകച്ചിലിനെയാവും തൻ്റെ ഉരുകലിലൂടെ ചന്ദ്രൻ കാണിക്കുക. മറ്റു കവികളുടെയും ആന്തര ജീവിതത്തിൻ്റെ കൊടിയടയാളമായി പിറയും നിലാവും ഇയാളിലെ വായനക്കാരൻ ഉളളിൽ പതിച്ചു വാങ്ങുന്നുണ്ട്. തനിക്കു മാത്രമല്ല, തൻ്റെ ഇഷ്ട കവികൾക്കു മാത്രമല്ല, എല്ലാ മനുഷ്യർക്കുമുണ്ട് ആ ഉള്ളുലകം. മറ്റൊരു വീട്ടിൽ മറ്റൊരു ഉമ്മയിൽ താനെന്ന കുട്ടി അതു നിറക്കാൻ തേടിപ്പോകുമ്പോൾ തൻ്റെ വീട്ടിൽ തൻ്റെയുമ്മയിൽ മറ്റൊരു കുട്ടി തേടിയെത്തുന്നു.
മൃതിയേക്കാൾ ആഴത്തിലാണ് ആ ആന്തരലോകം കുഴിച്ചിട്ടിട്ടുള്ളത്. അതിനു മേലേക്കൂടി ഒരു കാറ്റുപോലെ മരണം കടന്നു പോകുന്നു.വല്ല്യുപ്പയുടെയും വല്ല്യുപ്പയുടെ കൂട്ടുകാരൻ്റേയും മരണങ്ങൾക്കിടയിൽ കുട്ടിക്കു കിട്ടുന്ന ഒരു പുഞ്ചിരി- മരിച്ചയാളുടെ അവസാനത്തെ ചിരി- തുറക്കുന്ന ഒരു ഉൾ ലോകമുണ്ട്. മരണത്തെക്കുറിച്ചുള്ള കവിതകളിലെല്ലാം മരണത്തേക്കാൾ ആഴത്തിൽ ഒരു ലോകം പതുങ്ങുന്നുണ്ട്. ജീവിതത്തിൽ നിന്നെന്ന പോലെ മരണത്തിൽ നിന്നും വേണ്ടതെല്ലാമെടുത്ത് സമ്പന്നമാകുന്നതാണ് ആദിൽക്കവിതയിലെ അന്തർലോകം. ലൊട്ടുലൊടുക്കുകളും സ്വർഗ്ഗത്തേക്കുള്ള ടിക്കറ്റുകളുമെല്ലാം ഒരു കുട്ടി കുത്തിത്തിരുകി സൂക്ഷിച്ചു വെക്കുന്ന സ്വകാര്യമായ ഒരു പേഴ്സുപോലെയുമാണത്. ഉള്ളുലകത്തിൻ്റെ തിടം വെപ്പിക്കലിൽ വല്ലാത്തൊരു കുട്ടിത്തവും കൂടി കലർന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാവാം കുട്ടിക്കാലം ഈ കവിതകളിൽ ഒഴുകിപ്പടരുന്നതും. ബാല്യത്തിലേക്കല്ല, ബാല്യകൗതുകത്തോടെയുള്ള ആ ഉള്ളടക്കൽ വഴി സമ്പന്നമാവുന്ന ആന്തരലോകത്തിലേക്കാണ് കവിതയുടെ ഊന്നൽ. അതുകൊണ്ടു തന്നെ ഗൃഹാതുരവുമല്ല ഈ കവിതകൾ.
ഇവിടെ നിന്നാണ് പുറത്തേക്കുള്ള യാത്രകൾ തുടങ്ങുന്നത്. ഉപ്പ, ഉമ്മ, വല്യുമ്മ, വല്യുപ്പ, കുടുംബക്കാർ, നാട്ടിലെ മനുഷ്യർ, പറങ്ങോടിപ്പാറ, റെയിൽവേ സ്റ്റേഷനുകൾ, തീവണ്ടിയാത്രകൾ, ഹൈവേയിലൂടെ ചീറിപ്പായുന്ന വേഗങ്ങൾ, ജിപ്‌സിത്തെരുവ്, കാവ്യയാത്രകൾ എന്നിങ്ങനെ പടർന്നു പടർന്നു വരുന്ന ലോകത്തുനിന്ന് വേണ്ടതൊക്കെ അയാൾ ഉള്ളിലേക്കെടുക്കുന്നു. ഒപ്പം തന്നിലെന്ന പോലെ മറ്റുള്ളവരിലുമുള്ള അദൃശ്യ ലോകങ്ങൾക്കു മുന്നിൽ ആനന്ദത്തോടെ നിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ പല നിലകളിൽ പുറമേക്കു പടർന്ന് സമ്പന്നമാകുന്ന ആന്തര ലോകത്തിൽ സ്വേച്ഛയാ ചരിക്കുന്നതിൻ്റെ ആനന്ദത്തുടിപ്പുകളാണ് ഓരോ ആദിൽക്കവിതയും. പ്രപഞ്ചം വിഴുങ്ങുന്ന ഉള്ളും ഉള്ളിനെ വിഴുങ്ങുന്ന പ്രപഞ്ചവും പരസ്പര്യത്തോടെ നിൽക്കുകയാണിവിടെ.ഈയിടെ എന്തോ തമ്മിൽ സംസാരിക്കുന്നതിനിടയിൽ സ്വന്തം വാല് വിഴുങ്ങി നിൽക്കുന്ന പാമ്പിനെപ്പറ്റി യാദൃച്ഛികമായി അവൻ പറഞ്ഞത് ഇപ്പോൾ ഓർമ്മ വരുന്നു.
അതുകൊണ്ടുതന്നെ ഈ കവിത ഒരേ സമയം അകത്തേക്കും പുറത്തേക്കും മുഖം തിരിച്ചിരിക്കുന്നു. പ്രാദേശിക സംസ്കാരം,മതം, ആത്മീയത, രാഷ്ട്രീയം, എല്ലാം ഇക്കവിതയുടെ പരിധിയിൽ വരുന്നു. ഏറനാട്ടിലെ മുസ്ളീം ജീവിതത്തിൻ്റെയും സംസ്കാരത്തിൻ്റെയും അനുഭവ പരിസരം ഭാഷയാക്കുന്നു. അതിനോട് ഇണങ്ങുകയും പിണങ്ങുകയും ചെയ്യുന്നു. ഈ കവി നമ്മുടെ കാവ്യഭാഷയിൽ നടത്തുന്ന ഒരിടപെടൽ കൂടി എടുത്തു പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. മാപ്പിളപ്പാട്ടുകൾ ഇക്കാലം വരെയും നമ്മുടെ മുഖ്യധാരാ കവിതയുടെ ഭാഗമായിരുന്നില്ല. മാപ്പിളപ്പാട്ട് എന്ന പേരു തന്നെ ആ വേർതിരിവിനെക്കുറിക്കുന്നുണ്ട്. വൃത്തബദ്ധമായി എഴുതുന്ന പാരമ്പര്യ കവിതാ വഴിയേയും സമാന്തരമായിപ്പോന്ന ഇശൽ വഴിയേയും തമ്മിലിണക്കി ഒരു കലർപ്പു വഴി കണ്ടെത്താൻ ആദിൽ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
No comments:
Post a Comment