കവിതവായനയുടെ ലഹരിപിടിച്ച കോളേജു കാലത്ത് എൻ്റെ പ്രിയ കവികളുടെ കൂട്ടത്തിൽ ഇടമുണ്ടായിരുന്നില്ല അയ്യപ്പപ്പണിക്കർക്ക്. പല കവിതകളും ഇഷ്ടമെങ്കിലും പൊതുവേ ബുദ്ധിപരമായ വ്യായാമങ്ങളിൽ കുറച്ചധികം ഏർപ്പെടുന്നതാണ് അദ്ദേഹത്തിൻ്റെ കവിത എന്നും ആഖ്യാനരീതി പലപ്പോഴും അതി വാചാലമാണെന്നുമുള്ള പരാതി എനിക്കുണ്ടായിരുന്നു.
എൻ്റെ രണ്ടു കവിതാസമാഹാരങ്ങൾ പുറത്തു വന്ന ശേഷം എഴുത്തേ വഴിമുട്ടി നിന്ന ഒരവസ്ഥ അനുഭവിച്ച കാലത്താണ് അയ്യപ്പപ്പണിക്കരുടെ കവിത പിന്നീടു ഞാൻ ഗൗരവത്തോടെ വായിക്കാനെടുക്കുന്നത്. തന്നിൽ നിന്നുതന്നെ രൂപമെടുത്ത പട്ടുനൂൽക്കൂടാരത്തിനുള്ളിൽ ചത്തൊടുങ്ങുന്ന പട്ടുനൂൽപ്പുഴുവിനെക്കുറിച്ച് കന്നടത്തിലെ ശൈവഭക്തിപ്രസ്ഥാന നായികയായ അക്കാ മഹാദേഹി ഒരു വചനത്തിൽ പറയുന്നുണ്ട്. അതുപോലെ സ്വന്തം ശൈലിയ്ക്കുള്ളിൽത്തന്നെ കുടുങ്ങി എൻ്റെ കവിത ചത്തൊടുങ്ങുമോ എന്നു പേടിച്ച കാലമായിരുന്നു അത്. ഈ രണ്ടാം വായനയിൽ അയ്യപ്പപ്പണിക്കരുടെ കവിത എന്നെ മുമ്പു പരിചയിക്കാത്ത തുറസ്സിലേക്കു കൊണ്ടുപോയി. തന്നെത്തന്നെ യഥേഷ്ടം അഴിച്ചുപണിയാവുന്ന തുറസ്സാണു കവിതയെന്ന് അയ്യപ്പപ്പണിക്കരുടെ കവിത ഇത്തവണ എന്നെ ബോധ്യപ്പെടുത്തി.
പണിക്കർ എഴുതാൻ തുടങ്ങിയ 1950 കളുടെ തുടക്കത്തിൽ മലയാളത്തിലെ കാവ്യഭാഷ വ്യവസ്ഥകൾ കൊണ്ട് അടഞ്ഞു പോയ ഒരു കോട്ടയായിരുന്നു. വൃത്തബദ്ധത, ആലങ്കാരികത, നിത്യജീവിതവുമായി ബന്ധമില്ലാത്ത പദാവലിയുടെ സാന്നിധ്യം, ഹൈന്ദവ പ്രമേയങ്ങളോടുള്ള ചായ് വ് തുടങ്ങിയവയെല്ലാം ചേർന്നതായിരുന്നു ആ വ്യവസ്ഥ. കാവ്യഭാഷയുടെ ഈ നെടുങ്കോട്ട പൊളിച്ചു കളയുകയാണ് പണിക്കർ ചെയ്തത്. കൗമാരത്തിലെ ചങ്ങമ്പുഴസ്വാധീനം കുടഞ്ഞെറിഞ്ഞ ശേഷമെഴുതിയ ആദ്യകാല കവിതകളിൽ തന്നെ അദ്ദേഹം ആ കോട്ട പൊളിക്കുന്നുണ്ട്.
"പൂക്കൾക്കും
കനികൾക്കും
പൂന്തോട്ടം പണിയുന്നൊരു
പൂന്തോട്ടക്കാരാ,
പുഞ്ചിരി തൻ പൂവുണ്ടോ
പുതുമോദക്കനിയുണ്ടോ
പൂന്തോട്ടക്കാരാ?" (തോട്ടക്കാരൻ - 1952) എന്നും,
"ഓമന മകളേ,
ഉറങ്ങുറങ്ങൂ
ഉലകമറിഞ്ഞ മനസ്സുകളഴലി-
ലുഴന്നിടുമ്പോൾ
ഉണർന്ന ലോകം ചെയ്യും ക്രൂരത
മറന്നുറങ്ങൂ" (ഉറങ്ങുറങ്ങൂ - 1952) എന്നും,
പാതിരാവായീ, പാട -
ത്തയൽപറ്റും പനന്തുച്ചത്തിലത്തുമ്പ-
ത്തമ്പിളിപ്പെണ്ണുറക്കമായീ, വിണ്ണിൻ
പൊൻമണാളരെയോർക്കുമംബര കിന്നരികൾ
സ്വപ്നവുമായീ" (ഉത്സവം - കുട്ടനാടൻ ദൃശ്യങ്ങൾ, 1953)
എന്നും അമ്പതുകളുടെ തുടക്കത്തിലെഴുതുമ്പോൾതന്നെ ആ കോട്ടപൊളിക്കൽ തുടങ്ങുന്നുണ്ട്.നാടൻ ഈണങ്ങൾ ആദ്യകാല കവിതകളിൽ ധാരാളം കാണാം. അടഞ്ഞ വ്യവസ്ഥകൾക്കു മുമ്പിൽ അന്തിച്ചു നിൽക്കുന്ന വായനക്കാർക്കുപോലും കടന്നിരിക്കാവുന്ന തരത്തിൽ കാവ്യഭാഷയെ ഇങ്ങനെ തുറന്നിട്ടതിൻ്റെ ഏറ്റവും നല്ല ആദ്യകാല ഉദാഹരണമാണ് 'കുട്ടനാടൻ ദൃശ്യങ്ങൾ'.ചിരുതയും മറിയയും കുഞ്ഞിപ്പുലയനുമെല്ലാം പ്രമേയത്തിൻ്റെ ഭാഗമാകുന്നു എന്നതുപോലെത്തന്നെ പ്രധാനമാണ്, ലഘുവായ താളക്കെട്ടുകളും ഈണങ്ങളും കൊണ്ട് ഭാഷയിൽ സൃഷ്ടിക്കുന്ന സുഗമത. ഇന്നു വായിക്കുമ്പോൾ കുരുക്ഷേത്രം പോലുള്ള കവിതകളേക്കാൾ കുട്ടനാടൻ ദൃശ്യങ്ങൾ പോലുള്ള കവിതകളാണ് വ്യവസ്ഥാപിത കാവ്യഭാഷയുടെ നെടുങ്കോട്ട പൊളിച്ചു തുടങ്ങിയത് എന്നു തോന്നാറുണ്ട്.നാട്ടീണങ്ങളെ പുതിയ ഭാവുകത്വത്തോടു ചേർത്തുവെയ്ക്കാൻ കഴിഞ്ഞു എന്നതാണ് ഈ നിരയിൽപ്പെട്ട ആദ്യകാല കവിതകളുടെ പ്രത്യേകത.1961-ലെഴുതിയ അയ്യർകളി, മോഹം, 1964-ലെ പ്രിയതമേ പ്രഭാതമേ തുടങ്ങിയ കവിതകൾ എഴുതി അറുപതാണ്ടു കഴിഞ്ഞിട്ടും വായനയിൽ തളിർമ വിടാതെ നിൽക്കുന്നു.
നാട്ടീണങ്ങളിൽ നിന്ന് പതുക്കെ പണിക്കരുടെ കാവ്യഭാഷ ഗദ്യത്തിലെത്തുന്നു. പിൽക്കാലത്ത് മലയാള കവിതയിൽ വേരുറച്ച, പ്രഭാഷണത്തേക്കാൾ സംഭാഷണത്തോടടുത്ത, ശൈലീവൽകൃതമല്ലാത്ത ഗദ്യഭാഷ നമ്മുടെ കവിതയിൽ ആദ്യം അവതരിപ്പിച്ചത് അയ്യപ്പപ്പണിക്കരാണ്. ചിത്രമെഴുത്തു കെ.എം.വറുഗീസ്, ടി.കെ.നാരായണക്കുറുപ്പ്, പൊൻകുന്നം വർക്കി, വി.വി.കെ.വാലത്ത് തുടങ്ങിയ കവികൾ മുമ്പു ഗദ്യകവിതകൾ ധാരാളമെഴുതിയിട്ടുണ്ടെങ്കിലും അവ അതികാല്പനികമോ ടാഗോറിയൻ മിസ്റ്റിസിസത്തോടടുത്തു നിൽക്കുന്നതോ ഉച്ചത്തിൽ പ്രഭാഷണസ്വഭാവമുള്ളതോ ആയിരുന്നു.1950-കൾക്കൊടുവിൽ മാധവൻ അയ്യപ്പത്ത് മണിയറക്കവിതകളിൽ ഇടകലർത്തിയെഴുതിയ ഗദ്യം പോലും ഇന്നു വായിക്കുമ്പോൾ അല്പം ശൈലീവൽകൃതമാണെന്നു കാണാം.1969-ൽ അയ്യപ്പപ്പണിയ്ക്കരെഴുതിയ 'പക്ഷി' എന്ന കവിതയിലെ ഭാഷ ഇതിൽ നിന്നൊക്കെ വ്യത്യസ്തമാണ്. കവിത മുഴുവനായും ഇവിടെ വായിക്കൂ:
എല്ലാ പക്ഷികളെയും എനിക്കു പരിചയമില്ല.
പക്ഷേ,
എൻ്റെ വീട്ടുമുറ്റത്തെ
കിളിമരച്ചില്ലയിൽ വന്നിരുന്ന്
ചിറകു കോതിയൊതുക്കി
ഒരു തൂവൽ നിക്ഷേപിച്ചു പറന്നു പോകുന്ന
ഈ പക്ഷിയെ എനിക്കു പരിചയമുണ്ട്
'ഉപ്പ്, ഉപ്പ് എന്നു ഞാൻ വിളിക്കുമ്പോൾ
'താനെന്തൊരജ്ഞാനി' എന്നൊരു നോട്ടം
'നീയോ ഒരു ജ്ഞാനി!' എന്നെൻ്റെ നോട്ടം.
വീണ്ടും ചിറകുകൾ തുറന്നടച്ച്
വാൽപൊക്കിത്താഴ്ത്തി
ഒരു കൊമ്പിൽ നിന്നു മറ്റൊരു കൊമ്പിലേക്കു ചാടി
അതാ പറന്നു പൊയ്ക്കളഞ്ഞു.
അതൊരു പക്ഷി തന്നെ.
ഈ കവിതക്കു ശേഷമാണ് സംഭാഷണ സ്വഭാവമുള്ള കവിതാഗദ്യം മലയാളത്തിൽ സ്വാഭാവികമായത്. ആ നിലയ്ക്ക് പിൽക്കാല മലയാള കാവ്യഭാഷയുടെ ദിശ നിർണ്ണയിച്ച ഒരു സുപ്രധാന കവിതയാണ് ഈ കൊച്ചു 'പക്ഷി'. ആ ഗദ്യഭാഷ കാവ്യകലയുടെ തന്നെ പ്രാപ്യതയുടെ വ്യാപ്തി കൂട്ടുകയും ചെയ്തു. ആധുനികത വായനക്കാരെ കവിതയിൽ നിന്ന് അകറ്റിക്കളഞ്ഞു എന്ന പഴയൊരു വാദം ഇവിടെ പൊളിയുന്നു എന്നു മാത്രമല്ല പുതുവായനക്കാർക്കു ചെന്നെത്താവുന്ന ഇടമായി കവിത മാറുകയും ചെയ്യുന്നു.
കവിതയുടെ ഭാഷ, സ്വരൂപം, സ്വഭാവം എന്നിവയെക്കുറിച്ചുള്ള മുൻധാരണകളെ തകർത്തുകൊണ്ടാണ് പണിക്കർ ഈ തുറവി സൃഷ്ടിച്ചത്.ഈ കവി പരീക്ഷിക്കാത്ത രൂപമാതൃകകളില്ല. ഭാവകവിതയും ആഖ്യാന കവിതയും കാർട്ടൂൺ കവിതയും ചമ്പുവും സംഗീത നാടകവും വരെ അദ്ദേഹം പരീക്ഷിച്ചിട്ടുണ്ട്.ഒരു കവിതയിൽ ഭാവഗായകനായിരിക്കെ, മറ്റൊരു കവിതയിൽ അസംബന്ധദർശനത്തിൻ്റെ കവിയായി അദ്ദേഹം കടന്നു വരും. ഗാനാത്മകതയും ഗദ്യവും മാറി മാറി വരും. തികഞ്ഞ കോമാളിയായും കടുത്ത സാമൂഹ്യ വിമർശകനായും ഇടപെടും. അവസാനകാല കവിതകളായ നാലുമണിപ്പൂക്കളിലെത്തുമ്പോൾ സാന്ധ്യ ശോഭയാർന്ന ധ്യാനാത്മകതയുടെ കവിയായി അയ്യപ്പപ്പണിക്കർ മാറുന്നു. ഇത്രയേറെ സ്വരഭേദങ്ങളും കാവ്യരൂപഭേദങ്ങളും സ്വീകരിച്ച മറ്റൊരു കവി മലയാളത്തിലില്ല.
പണിക്കർക്കവിതയുടെ സ്വരവൈവിധ്യത്തെക്കുറിച്ചോർക്കുമ്പൊഴൊക്കെ എൻ്റെ മനസ്സിൽ വരിക പോർച്ചുഗീസ് കവി ഫെർണാണ്ടോ പെസോവയാണ്. ഒരേ സമയം എഴുപതിൽപ്പരം വ്യത്യസ്ത പേരുകൾ സ്വീകരിച്ച്, വ്യത്യസ്ത കവിവ്യക്തിത്വങ്ങളോടെ എഴുതിയ കവിയാണ് പെസോവ (1888-1935). പല പേരിലെഴുതിയ കവിതകൾ പല തരം. കവിയ്ക്കുള്ളിലെ ഈ പല കവികളെ തൂലികാനാമങ്ങൾ എന്നതിനേക്കാൾ അപരവ്യക്തിത്വങ്ങൾ എന്നു വിളിക്കുന്നതാവും ഉചിതം. പെസോവ സ്വന്തം പേരിലെഴുതിയ കവിതകൾ കാൽപ്പനികവും ഭാവഗീതാത്മകവും ധ്യാനാത്മകവുമാണെങ്കിൽ അൽവാരോ ഡി കാംപോസ് എന്ന പേരിലെഴുതിയ കവിതകൾ യൗവനത്തിൻ്റെ തീവ്രക്ഷോഭങ്ങളുടെ ചടുലമായ ആവിഷ്കാരമാണ്. നാവികനായ കാംപോസിൻ്റെ കവിത കടലുപോലെ ഇളകിമറിയുന്നതാണ്. പഴയ രീതിയിൽ പൗരാണികവും ആത്മീയവുമായ മാനങ്ങളോടെ ജീവിതത്തിൻ്റെ ഉള്ളു കാണുകയും എഴുതുകയും ചെയ്യുന്ന കവിയാണ് റികാർഡോ റീസ്. ദൈവികതയെക്കുറിച്ചാണ് റീസിൻ്റെ പല കവിതകളും. എന്നാൽ യാതൊന്നിനും ഉള്ളില്ലെന്നും പുറം മാത്രമേ ഉള്ളൂവെന്നും വിശ്വസിക്കുന്ന, ഭൗതികമാത്രവാദിയായ മൂർത്തതയുടെ കവിയാണ് ആൽബെർടോ കെയ്‌റോ. പെസോവ സൃഷ്ടിച്ച അപരവ്യക്തിത്വങ്ങളിൽ പ്രധാനപ്പെട്ട ചിലതു മാത്രമേ ഇവിടെ സൂചിപ്പിക്കുന്നുള്ളൂ. ഓരോരുത്തർക്കും അദ്ദേഹം പ്രത്യേകം ജീവചരിത്രക്കുറിപ്പുകളും എഴുതിവെച്ചിട്ടുണ്ട്.
പെസോവയെപ്പോലെ പണിക്കർ അപരവ്യക്തിത്വങ്ങളെ സൃഷ്ടിച്ചില്ലെങ്കിലും അത്യന്തം ഭിന്നമായ പല പല ശൈലികളിലെഴുതി. പൂർണ്ണതക്കു വേണ്ടിയുള്ള വെമ്പലും എങ്ങനെയുമെഴുതാമെന്ന ചങ്കൂറ്റവും തന്നെത്തന്നെ നിരന്തരം തകർക്കാനുള്ള ത്വരയും പണിക്കരുടെ ഈ കവി വ്യക്തിത്വത്തിനു പിന്നിലുണ്ട്.പ്രത്യേകം പ്രത്യേകം പേരിട്ടിട്ടില്ലെങ്കിലും പണിക്കരിലൊരു കോമാളിയുണ്ട്, ഒരു വിദൂഷകനുണ്ട്, ഒരു ഭാവഗായകനുണ്ട്, ഒരു കലാപകാരിയുണ്ട്, ഒരു സംയമിയുണ്ട്, ഒരു ഗ്രാമീണനുണ്ട്, ഒരു നാഗരികനുണ്ട്, ഒരു പ്രണയിയുണ്ട്, ഒരു വിരക്തനുണ്ട്, ഒരു പൗരാണികനുണ്ട്, ഒരാധുനികനുണ്ട്.അവർക്കൊക്കെ വേറെ വേറെ കവിതകളുമുണ്ട്. ചില കവിതകളിൽ ഒന്നിലധികം പേർ ഒന്നിച്ചു മുഖം കാണിച്ചെന്നും വരും. ഇതിലാരാണ് തൽക്കാല കവി എന്നതനുസരിച്ച് കാവ്യരൂപങ്ങൾ ഭിന്നഭിന്നമാവുകയും ചെയ്യും.
കവിയുടെ നോട്ടത്തിൻ്റെ വിടർച്ചയാണല്ലോ കവിത. എവിടെ നിന്നാണ് നോക്കുന്നത് എന്ന സ്ഥാനം ഇവിടെ പ്രധാനമാണ്.ഒരു കവിയുടെ കാവ്യജീവിതത്തിലുടനീളം മിക്കവാറും ഒരേ കർതൃസ്ഥാനമായിരിക്കും കാണുക.എനാൽ അയ്യപ്പപ്പണിക്കർ, കർതൃസ്ഥാനത്തിൻ്റെ ഈ കൃത്യതയെ പുഴക്കിയെറിഞ്ഞു. "വിഗ്രഹങ്ങളുടച്ച് അനുഗ്രഹ ശക്തരാവുക കവികളേ" എന്നാഹ്വാനം ചെയ്യുന്ന 'ഹേ, ഗഗാറിൻ' നോക്കുക. വിഗ്രഹങ്ങളുടയണമെങ്കിൽ കവികൾ സർഗ്ഗജ്വാല വീശണം. സ്ഥലകാലങ്ങളുടെ അതിരുകൾ എരിയിക്കുന്നതാണ് സർഗ്ഗജ്വാല. വിഗ്രഹങ്ങളുടഞ്ഞാൽ പിന്നെ ശൂന്യമെന്നോ ബാഹ്യമെന്നോ ഭേദമില്ല."ശൂന്യ ബാഹ്യവിയൽപഥങ്ങളിൽ വിജയപര്യടനത്തിനായി വളർക്കുവിൻ പുതു ചിറകുകൾ" എന്നാണ് 1962-ലെഴുതിയ ഈ കവിത കവിലോകത്തോടു പറയുന്നത്.അകത്തോ പുറത്തോ അടുത്തോ വിദൂരത്തോ കവിക്കു നിന്നു നോക്കാം. കാര്യങ്ങളെ നോക്കിക്കാണുന്ന, കർമ്മങ്ങൾക്കൊക്കെ അടിപ്പടവായ ആ കർതൃസ്ഥാനം ഒരിടത്തുറച്ചു പോകാതെ പുഴക്കി മാറ്റൂ എന്നുകൂടിയുള്ള ആഹ്വാനമാണ് ഈ കവിത. കാല്പനികരെപ്പോലെ കാവ്യവസ്തുവിനെ അതിനുള്ളിൽ നിന്നുകൊണ്ടു കാണാം. പുറത്തെവിടെ നിന്നും നോക്കിക്കാണാം. ശൂന്യാകാശത്തു നിന്നു ഭൂമിയെ നോക്കും പോലെ അതിവിദൂരതയിൽ നിന്നു നോക്കാം. ('കുരുക്ഷേത്രം' തുടങ്ങുന്നത് അങ്ങനെയൊരു വിദൂര നോട്ടത്തിൽ നിന്നാണ്.
"താഴെ നോക്കു, മൽ ജീവിതപ്രേമതാരകമേ, യതാണെൻ പ്രപഞ്ചം") ഒരേ സമയം താഴെ നിന്നും മുകളിൽ നിന്നും അടുത്തു നിന്നും അകലെ നിന്നും മാറി മാറി നോക്കിക്കാണാം.
ഇങ്ങനെ കർതൃസ്ഥാനത്തെ ഒരേ കവിതയിൽ തന്നെ ഇടം മാറ്റി മാറ്റി വെയ്ക്കുന്നതുകൊണ്ടാണ് അയ്യപ്പപ്പണിക്കരുടെ ഒരൊറ്റക്കവിതയിൽ തന്നെ പല പല സ്വരഭേദങ്ങൾ നാം കേൾക്കുന്നത്. "പ്രിയതമേ പ്രഭാതമേ" എന്ന സൗമ്യമധുരമായ വിളിയിൽ തുടങ്ങുന്ന കവിതയിൽ തന്നെ "കാലമിന്നു കേടുവന്ന ടയറുമാറ്റി" എന്നും വായിക്കാനാവുന്നത്. കർതൃസ്ഥാനത്തെ മാറി മാറി വിന്യസിക്കുന്ന ഈ കളി തന്നെയാണ് പണിക്കർക്കവിതയെ ലീലാലോലുപമാക്കുന്നതും.
No comments:
Post a Comment