തുടരൊഴുക്കുകളുടെ രണ്ടാം പുസ്തകം
പി.രാമൻ
1
മലയാള കവിതയെ പുതിയ പരപ്പുകളിലേക്കു പടർത്തിയ ഒരു പ്രധാന കവിയാണ് ഡി. അനിൽകുമാർ. കടലും കടലോര ജീവിതവും ഭാഷയും സമകാലികവും പൗരാണികവുമായ മാനങ്ങളോടെ മലയാള കവിതയുടെ കേന്ദ്രത്തിലേക്കു വരികയാണിവിടെ.ഈ പ്രമേയം കവിതയിൽ ഉപയോഗിച്ചിട്ടുള്ളവർ അനിൽകുമാറിനു മുമ്പും ഒരുപക്ഷേ കണ്ടേക്കും. അവയെല്ലാം നടപ്പു കാവ്യ രീതികളുടെ ചട്ടക്കൂട്ടിനകത്തുനിന്ന് എഴുതിയവയാകയാൽ പതിനായിരക്കണക്കിനു കവിതകളിൽ നിന്നും വേറിട്ടു കാണുകയേയില്ല.
സമകാല കവിതയുടെ പൊതുമയോട് വീക്ഷണം കൊണ്ടും ഭാഷകൊണ്ടും ഇടയുന്നതിനാലാണ് അനിലിൻ്റെ കാവ്യലോകം നമ്മുടെ കൺമുമ്പിൽ നിന്നു മായാതെ നിൽക്കുന്നത്. ഭാഷ ഭാഷയായി ഒതുങ്ങാതെ തൻ്റെ വീക്ഷണവുമായി ബന്ധിപ്പിക്കാൻ നിരന്തരം പരിശ്രമിച്ചു കൊണ്ടിരിക്കുന്ന കവിയാണ് അനിൽകുമാർ.ഇന്ന് വാമൊഴിയിലെഴുതി എന്നതുകൊണ്ടു മാത്രം ഒരു കവിത നമ്മുടെ ശ്രദ്ധയാകർഷിക്കണമെന്നില്ല. അത് ഒരു പുതുമയല്ലാതായിക്കഴിഞ്ഞിട്ടു കുറേയായി. ഏറ്റവും 'അപ് ടു ഡേറ്റ് ' ആയ കാര്യങ്ങളെക്കുറിച്ച് വർത്തമാനം പറയുന്ന മട്ടിൽ എഴുതിവിടുന്ന കവിതയല്ല അനിലിൻ്റേത്.തനിക്കാവിഷ്കരിക്കേണ്ടുന്ന അനുഭവലോകത്തിനിണങ്ങിയ വാക്കുകൾ താൻ ജീവിക്കുന 'കടപ്പെറ പാസ' യിലായതു കൊണ്ട് ഈ കവി അതിലെ പദാവലികൾ എടുത്തുപയോഗിക്കുകയാണ്. തൻ്റെ കാവ്യഭാഷ 'മ്യൂസിയം പീസ് ' ആകാതിരിക്കാൻ സമകാലികമായ ഉണർവും വിഷാദവും വൈകാരികതയും കൊണ്ട് കവിക്കു സാധിക്കുന്നുണ്ട്. അതുപോലെത്തന്നെ, ഇന്നത്തെ പൊതു കവിതാ ഫാഷൻ വാമൊഴി ട്രെൻഡ് ആയി പരിമിതപ്പെടാതിരിക്കാൻ സംസ്കാരത്തിലേക്കും ചരിത്രത്തിലേക്കും പൗരാണികതയിലേക്കുമുള്ള പടർച്ചകളിലൂടെയും കവി ജാഗ്രത്താവുന്നുണ്ട്. ഇങ്ങനെ, രണ്ടറ്റത്തു നിന്നും ഒരേ സമയം കൊളുത്തിയ ഭാഷാ സ്ഫോടമാണ് അനിലിൻ്റെ കാവ്യലോകത്തെ അതിൻ്റെ വീക്ഷണ വിശേഷങ്ങളോടെ വായനക്കാരുടെ മുന്നിൽ മായാതെ നിർത്തുന്നത്. ഭാഷക്കു പിന്നാലെ മായാതെ നിൽക്കുന്ന മിന്നലാകുന്നു ഡി. അനിൽകുമാറിൻ്റെ കവിത.
തൻ്റെ എഴുത്തിനെക്കുറിച്ച് വ്യക്തമായ ദിശാബോധമുള്ള കവിയാണ് അനിൽകുമാർ. ചങ്കൊണ്ടോ പറക്കൊണ്ടോ എന്ന വളരെ ശ്രദ്ധേമായ ആദ്യസമാഹാരത്തിനു (2016) ശേഷം വരുന്ന അവിയങ്കോര എന്ന രണ്ടാം സമാഹാരമാണിത്.ആദ്യസമാഹാരം വരവേൽപ്പിനോടൊപ്പം ചില വിമർശനങ്ങൾക്കും സ്വാഭാവികമായും ഇട നൽകും. വരവേൽപ്പുകളോ വിമർശനങ്ങളോ സമ്മർദ്ദത്തിലാഴ്ത്താതെ സ്വന്തം ഒഴുക്കു കണ്ടെത്തുക എന്നതാണിവിടെ പ്രധാനം.താൻ എഴുതി വന്ന രീതികളെ പുതിയ വിസ്തൃതികളിലേക്കു പടർത്തിക്കൊണ്ടാണ് ഈ കവി തൻ്റെ എഴുത്തിൻ്റെ സ്വാഭാവിക പ്രവാഹം നിലനിർത്തുന്നത്.ചരിത്രത്തിലേക്കും വംശഗാഥകളിലേക്കും കടൽപ്പരപ്പുകളിലേക്കും തീരത്തിരമ്പുന്ന ജീവിതത്തിൻ്റെ ഇരുൾ വെളിച്ചങ്ങളിലേക്കും കൂടുതൽ ആഴ്ന്നിറങ്ങുന്നു അവിയങ്കോരയിൽ അനിൽകുമാർ.കരയോടു ചേർന്ന് ലോഡിറക്കിക്കൊണ്ടിരിക്കുന്ന ബോട്ടിൻ്റെ ഇളക്കമാണ് ചങ്കൊണ്ടോ പറക്കൊണ്ടോവിൽ. കാറ്റ് വീണാൽ രായ്ക്കുരാമാനം കുടിയിലെത്താൻ കൊതി മൂത്തു പോകുന്ന, കര നോക്കി നിൽക്കുന്ന രാത്രി വള്ളങ്ങളാണതിൽ.കര നോക്കി നിൽക്കുന്ന കടലാണ് മിക്കവാറും. എന്നാൽ ഈ രണ്ടാം സമാഹാരമാകട്ടെ കടൽപ്പരപ്പിലേക്കുള്ള, തിരിച്ചെത്തുമോ എന്നുറപ്പില്ലാത്ത യാത്രകളുടെ ഗാഥകൾകൊണ്ടു മുഖരിതമായിരിക്കുന്നു. ആദ്യസമാഹാരത്തിലെ 'കടലെറങ്കണ പെണ്ണുങ്കോ' എന്ന കവിതയിൽ ആ പുറപ്പാടിൻ്റെ കാഹളം നാം കേൾക്കുന്നുണ്ടെന്നു മാത്രം.
തൻ്റെ ഒഴുക്കു കണ്ടെത്തുന്ന കവിയുടെ ദിശാബോധത്തിൻ്റെ ഒരടയാളമാണ് അനിൽകുമാർ ഇതിനിടെ പ്രസിദ്ധീകരിച്ച കടപ്പറപാസാ പദകോശം.ആദ്യസമാഹാരത്തിൻ്റെ അനുബന്ധമായി കടപ്പെറ പാസയുടെ ചെറിയൊരു പദകോശം ചേർത്തിട്ടുണ്ട്. അതിൻ്റെ വിപുലനമാണ് 'കടപ്പെറ പാസ' എന്ന പദകോശ ഗ്രന്ഥം. സ്വന്തം കവിതയെഴുത്തനുഭവത്തിൽ ഊന്നി നിന്നുകൊണ്ട് ഒരു കവി ഒരു പദകോശം നിർമ്മിക്കുന്നു എന്നത് മലയാള സാഹിത്യ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. തൻ്റെ കവിതാലോകത്തേക്കു കടക്കാൻ വായനക്കാരന് മാനകഭാഷാ പദാവലി മതിയാവുകയില്ല എന്ന ബോധ്യം ഈ കവിക്കുണ്ട്. വായനക്കാരനു വേണ്ടി കവി മാനക മലയാളത്തിലേക്കു സമരസപ്പെടുന്നില്ല എന്നു ചുരുക്കം. ഭാഷയുടെ മണൽക്കരയിലൂടോടുന്ന ഒരു ചെറു ഞെണ്ടു മാത്രമാണ് മാനകമലയാളവും അതിൻ്റെ വ്യാകരണവുമെന്ന് ഈ സമാഹാരത്തിലെ പാണിനീയം എന്ന കവിത സൂചിപ്പിക്കുന്നുണ്ട്. ഖിലങ്ങൾ, അപ്രയുക്തങ്ങൾ, ലിപിയില്ലാത്തവ എന്നിങ്ങനെ വ്യാകരണവ്യവസ്ഥ പുറത്തു നിർത്തിയ സ്വരൂപങ്ങളും സ്വഭാവങ്ങളുമെല്ലാം ചേർന്ന ഭാഷയുടെ കടലിരമ്പത്തിനാണ് ഈ കവി കാതോർക്കുന്നത്.ആ ഭാഷ പിടിച്ചെടുത്ത് അതുകൊണ്ടെഴുതുമ്പോൾ ഓരോ ജീവിതാനുഭവവും ഇളകിമറിയുന്ന ഒരു കടലായിത്തീരുന്നു.
കടലും കടൽത്തീര ജീവിതവുമാണ് ഡി. അനിൽകുമാറിൻ്റെ കവിതയിലെ മുഖ്യ പ്രമേയങ്ങളെന്ന് നേരത്തേ തന്നെ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. താൻ ജീവിക്കുന്ന അരികു ഭാഷകൊണ്ട് സ്വന്തം വംശത്തെ എഴുതുന്ന കവി എന്ന നിലയിൽ അനിൽകുമാറിൻ്റെ കവിത പഠിയ്ക്കപ്പെട്ടിട്ടുണ്ട്. (നെയ്തൽ തിണയിൽ കൊളുത്തിയ എഞ്ചിൻ ശബ്ദങ്ങൾ - എം.ആർ.വിഷ്ണുപ്രസാദ്.) ഇതുവരെ മുഖ്യധാരക്കുപുറത്ത് സമാന്തരമായി സഞ്ചരിച്ചു പോന്ന പ്രമേയങ്ങളും ഭാഷാരീതികളും ആധുനികാനന്തര കാലത്ത് കൂടുതൽ ദൃശ്യത കൈവരിക്കാൻ തുടങ്ങിയതിനെക്കുറിച്ചും പഠനങ്ങൾ വന്നിട്ടുണ്ട്.ഡി.അനിൽകുമാറിൻ്റെ കവിതകളുടെ പ്രമേയത്തിനും ഭാഷക്കും രാമകഥപ്പാട്ടു പോലുള്ള പഴയ കാവ്യങ്ങളുടെ സാംസ്കാരിക പാരമ്പര്യത്തിലേക്കോ സംഘകാല നെയ്തൽ തിണക്കവിതകളിലേക്കോ പ്രാചീനമായ കടൽപ്പാട്ടുകളിലേക്കോ ഉണ്ടാകാവുന്ന വേരു ബന്ധങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ശ്രദ്ധിക്കപ്പെട്ടതാണ്. മലയാളത്തിലെ ദളിത് കവിതയുടെ ഒരു സവിശേഷ ഘട്ടത്തെ പ്രതിനിധാനം ചെയ്യുന്ന കവിത എന്ന നിലയിൽ അനിൽകുമാറിൻ്റെ കവിതയെ ആദ്യ സമാഹാരത്തിൻ്റെ അനുബന്ധ പഠനത്തിൽ തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്.അതിനാൽ അക്കാര്യങ്ങൾ രണ്ടാം സമാഹാരത്തിൻ്റെ ഈ ആമുഖക്കുറിപ്പിൽ ആവർത്തിക്കുന്നില്ല.തൻ്റെ കാവ്യഭാഷയുടെ ചലനാത്മകത കൊണ്ട് ഓരോ ജീവിതാനുഭവത്തെയും ഇളകി മറിയുന്നതോ തിരയടങ്ങിയതോ ആയ കടലാക്കി മാറ്റുന്ന അനിൽകുമാറിൻ്റെ കവിതാരീതികളെക്കുറിച്ചാണ് ഞാനിവിടെ പ്രധാനമായും എഴുതാനാഗ്രഹിക്കുന്നത്.
2
ഇരച്ചാർക്കുന്ന രണ്ടു കടലുകൾ പരസ്പരം പകർന്നും ഇടഞ്ഞും മുഖാമുഖം നിൽക്കുന്നു ഈ കവിതകളിൽ. കൊമ്പൻ സ്രാവുതൊട്ട് ഒറത്തയും തെരച്ചിയും കടൽക്കുതിരയും ചിപ്പിയും വരെയുള്ള, നിവരുകയും ആഞ്ഞടിക്കുകയും ഇരമ്പുകയും പാടുകയും മൗനം കൊള്ളുകയും ചെയ്യുന്ന കടലും തീരത്തെ മനുഷ്യൻ്റെ അതിജീവനത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും സങ്കടങ്ങളുടെയും കടലുമാണവ. ആ അഭിമുഖീകരണത്തിൻ്റെ ഗാംഭീര്യവും സമകാലികതയും പൗരാണികതയും കാവ്യഭാഷകൊണ്ടനുഭവിപ്പിക്കാൻ കവിക്കു കഴിയുന്നു എന്നതാണ് ഏറ്റവും പ്രധാന കാര്യം.
കടലിൽ നിന്നു വന്ന് കരയിലടിച്ചു തിരിച്ചു പോകുന്നു തിര.കരയിൽ നിന്നു പുറപ്പെട്ട്, ഒന്നാം തുഴയിൽ ഒന്നാം കടലിലെത്തി, രണ്ടാം തുഴയിൽ രണ്ടാം കടലിലെത്തി, മൂന്നാം തുഴയിൽ മൂന്നാം കടലിലെത്തി, മീൻ നിറഞ്ഞ പാരുകൾ കൊയ്ത് തിരിച്ചുപോന്നു കരയണയുന്ന മറുതിരപ്പുറത്താണ് കവിയുടെ കണ്ണിരിക്കുന്നത്. ഇങ്ങനെ ഗതി തിരിച്ചിട്ട ഒരു തിരകൊണ്ടാണ് അനിൽകുമാർ കടലിനെ എഴുതുന്നത്. തീരം തല്ലുന്ന തിരകൾ നുറുങ്ങിച്ചിതറി നുരഞ്ഞ് കടലിലേക്കു പിൻമാറുന്നു. കടലാഴത്തിലേക്കു പോയ മറുതിരയും പലപ്പോഴും തിരിച്ചെത്തുക ഇതുപോലെ തകർന്നു നുറുങ്ങിയാവും. സെൻ്റ് ആൻഡ്രൂസ് കടപ്പൊറത്ത് ഇടിച്ചു കയറിത്തകർന്നു കിടക്കുന്ന ബോട്ടും അരികിൽ 'മുട്ടാങ്കിയിട്ടിരിക്കുന്ന' ഒടമയും ഇങ്ങനെ തിരിച്ചിട്ട തിരയെഴുതിയ ചിത്രങ്ങളാണ്.('സെൻ്റ് ആൻഡ്രൂസ്) കല്ലറയിൽ നിന്നും എണീറ്റു വന്ന് "അവിയങ്കോര പാവി തിരിച്ചണയാം" എന്നു മക്കളെ വിളിച്ചു പോവുന്നു അപ്പൻ തിര.('അവിയങ്കോര') കരയണയുന്ന മീനോളമോ അതിനെക്കാളുമോ കടലിലേക്കു തിരിച്ചു പോകുന്ന മീൻ ഈ കവിതകളിലുണ്ട്. കടലിലേക്കു തിരിച്ചു പോകുന്ന ഒറത്തയിലേക്കാണ് കവി സ്വയം പകരുന്നത്.
ശരിക്കും ഒരു ഒറത്തയാണ് ഞാൻ.
കടലിലേക്കു തിരിച്ചു പോകാനായി
ഹാർബറിൻ്റെ തലപ്പിൽ നിന്നു
ചാടുകയാണ്.
(ഒറത്ത)
കടപ്പൊറത്തെ ജീവിതത്തിൽ നിന്നും താൻ അകന്നു പോയോ എന്ന ആശങ്ക വളർന്നുണ്ടായ സംഘർഷത്തിനൊടുവിലാണ് കവി ഒറത്തയിലേക്കു പകർന്ന് കടലിലാഴുന്നത്. തുറ വെടിഞ്ഞു പോകുമോ താൻ, നാഗരികതയുടെ മാനകഭാഷ തുറയിൽ നിന്നു തന്നെ വലിച്ചുകൊണ്ടു പോകുമോ എന്ന ഭയത്തിൻ്റെ ഒരു തീപ്പൊരി ഈ രണ്ടാം സമാഹാരത്തിൽ വന്നു വീണിട്ടുള്ളത് കാണാതിരുന്നു കൂട. എന്തായാലും, കടപ്പുറത്തെ ജീവിതത്തിലേക്കു തിരിച്ചു വരാതിരിക്കാൻ കഴിയാത്ത മനുഷ്യനാണ് ഒറത്തയിലേക്കു പകർന്നിരിക്കുന്നത്. ഞാൻ ഒറത്തയെങ്കിൽ ഞാൻ ശ്വസിക്കുന്ന ഈ ജീവിതം തന്നെ കടൽ. കടലിൻ്റെ ജൈവലോകത്തോടു താദാത്മ്യപ്പെട്ടല്ലാതെ ഈ കവിതകളിൽ മനുഷ്യനില്ല. മണലിൽ മുട്ടയിട്ടു കടലിലേക്കു തിരിച്ചു പോകുന്ന ആമ, തീരത്തെ മനുഷ്യൻ്റെ 'കേളും കേപ്പോരുമില്ലാത്ത ജീവിതം കടൽക്കരയിൽ വെച്ചതു വിഴുങ്ങിയാണ്, പോകുന്നത്.('കാത്തിരിപ്പ്) അരയിൽ തോർത്തു കെട്ടി രാവിയ പിച്ചാത്തിയുമായി കരിമ്പച്ചപ്പാറയിൽ വെളഞ്ഞു നിൽക്കുന്ന ചിപ്പിക്കൂമ്പാരത്തിലിറങ്ങി ചിപ്പിയറുക്കുന്ന മനുഷ്യനെ അവതരിപ്പിക്കുന്ന ചിപ്പി എന്ന കവിത അവസാനിക്കുന്നത് ചിപ്പിക്കകത്തു പതിഞ്ഞിരിക്കുന്ന മനുഷ്യരൂപം കാണിച്ചാണ്.
സൂക്ഷിച്ചു നോക്കിയാൽ
ചിപ്പിയിൽ കാണാം
ചിപ്പിയെടുത്തു മറയുന്നൊ-
രാൾ രൂപം.
ഓരോ ചിപ്പിയിലുമുണ്ട്, ചിപ്പിയെടുത്തു മറയുന്ന ഒരാൾരൂപം.ചിപ്പിയിൽ മാത്രമല്ല, ഓരോ മീനിലുമുണ്ട്. ഒറത്തയിൽ ഞാനുള്ള പോലെ.മീനിലും കടൽക്കുതിരയിലും തീരത്തെ പന്നിയിൽ പോലുമുണ്ട്, മനുഷ്യൻ. തിരിച്ച് മനുഷ്യനിലുണ്ട്, മീനുകളും കടൽ ജീവികളും. അമ്മയെയോർക്കുമ്പോൾ കണവാമൊശടാണ് ഓർമ്മ വരിക.(കണവാമൊശട്)
അടുത്ത ജമ്മത്തീ
എങ്കമ്മയും പെറുമായിരിക്കും
തെരച്ചിയെ.
അത് നാനാവണമെന്നില്ല.
നാനായിക്കൂടെന്നുമില്ല.
(തെരച്ചി)
ഇങ്ങനെ പരസ്പരം കയറിയിറങ്ങിപ്പകർന്നുമിടഞ്ഞും തീരത്തെ ജീവിതവും കടലും ഇരമ്പി നിൽക്കുന്നു ഈ കവിതകളിൽ. അവിയങ്കോരയായും ഒറത്തയായും തെരച്ചിയായും കണവയായും പകർന്ന് കടലിലേക്കു പോകുന്നു കവി, മനുഷ്യൻ. ഇങ്ങനെ, പുറങ്കടലിലേക്കുള്ള യാത്രകളുടെ പുസ്തകമായിരിക്കുന്നു അവിയങ്കോര.ഒറ്റക്കും കൂട്ടായും സ്വയം പോയവരുടെ ഗാഥകൾ മാത്രമല്ല, കൊണ്ടു പോകപ്പെട്ടവരെയോർത്തുള്ള വിലാപങ്ങളുമുണ്ട്.
കാറ്റുകൊണ്ടു പോയവർ
ഉപ്പുവെള്ളത്തിലലിഞ്ഞ്
മീൻ തെവളകളിൽ വസിക്കുന്നു.
പെണമായോ പ്രേതമായോ
കടലിന്നടിത്തട്ടിലൊഴുകി നടക്കുന്നു.
ഞണ്ടിൻ്റെ മണമുള്ള സൂര്യ വെട്ടമായ്
നമ്മെ തൊടുന്നു.
(കാറ്റുകൊണ്ടു പോയവർ)
തിരിച്ചു വരവിനു വേണ്ടി കാത്തിരിക്കുന്നു, തീരം. കാറ്റുകൊണ്ടു പോയവർ കക്കത്തോടു നിറമുള്ള രാത്രിയിൽ തിരിച്ചെത്തുന്നു, നമ്മളവരെ മറന്നു തുടങ്ങുമ്പോൾ. തിരിച്ചുവരവ് എന്ന സാധ്യത ഒരു വിദൂര തീരമായി അവിയങ്കോരയിലെ കവിതകളിൽ മങ്ങിക്കാണാം. ചങ്കും പറക്കും പോലെ കടൽ തരുന്ന സമ്മാനങ്ങളുടെ പുസ്തകമായിരുന്നു 'ചങ്കൊണ്ടോ പറക്കൊണ്ടോ' യെങ്കിൽ കടലിലേക്കു പോകുന്നവരുടെ പുസ്തകമാണ് 'അവിയങ്കോര'. ഈ ദീർഘയാത്രകളിലൂടെയാണ് അനിൽകുമാറിൻ്റെ കവിത മനുഷ്യൻ പിന്നിട്ട ദൂരങ്ങളിലേക്ക് കടന്നു കയറുന്നത്. അപ്പൂപ്പൻ പറഞ്ഞ കഥ കടന്ന് നൂറ്റാണ്ടുകൾക്കു മുമ്പു മുങ്ങിത്താണ പറങ്കിക്കപ്പലിനടിയിൽ അളിഞ്ഞു പോയ ഉടലുകളിലേക്കും കോപ്പുകളിലേക്കും വെള്ളം കക്കും ഇരുമ്പു മണത്തിലേക്കും കവിതയെത്തുന്നു. മിത്തും ചരിത്രവും കവിതയും ഒന്നു ചേരുന്ന ഇടങ്ങളിലേക്കാണ് പാര്, കടൽക്കാക്ക എന്നീ കവിതകൾ സഞ്ചരിച്ചെത്തിയിരിക്കുന്നത്. ഇത് കാതലായ വ്യത്യാസവും മുതിർച്ചയുമാണ്. ആദ്യസമാഹാരത്തിലെ 'കടലെറങ്കണ പെണ്ണുങ്കോ' യിൽ നിന്ന് ഈ രണ്ടാം സമാഹാരത്തിലെ കവിതകൾ തുടങ്ങിയ പോലെ 'അവിയങ്കോര' യിലെ ഈ രണ്ടു കവിതകളിൽ നിന്ന് എഴുതപ്പെടാനിരിക്കുന്ന അടുത്ത സമാഹാരത്തിലെ കവിതകൾ തുടങ്ങിയേക്കുമെന്നു പ്രതീക്ഷിക്കാൻ തോന്നിപ്പോകുന്നു.സമുദ്രയാനങ്ങളുടെ സാഹസികതക്കൊപ്പം കടലെടുത്തു പോകുന്നതിൻ്റെ ദുരന്തമാനവും ഈ കവിതകളിലുണ്ട്. ആ നിലയ്ക്ക് അനിൽകുമാറിൻ്റെ ആദ്യസമാഹാരം കടൽ തന്ന പുസ്തകമാണെങ്കിൽ 'അവിയങ്കോര' കടലെടുത്ത പുസ്തകമാണ് എന്നും പറയാം. പല തരത്തിൽ കടലെടുത്തു പോകുന്ന ജനതയുടെ ഐതിഹാസിക ദുരന്തത്തിൻ്റെ കനൽത്തിളക്കങ്ങൾ കൂടി ഈ പുതിയ കവിതകളിലുണ്ട്. ആ കടലെടുപ്പിൻ്റെ രാഷ്ടീയ മാനങ്ങൾ കൂടങ്കൊളം, തുറ തുടങ്ങിയ കവിതകൾ ഉയർത്തുന്നുമുണ്ട്. കാറ്റും കോളും നിറഞ്ഞ കാലാവസ്ഥയിൽ കപ്പൽയാത്രക്കൊരുങ്ങുമ്പോൾ ഒരു റോമാക്കാരൻ ഇങ്ങനെ പറഞ്ഞതായി പ്ലൂട്ടാർക്ക് ഉദ്ധരിക്കുന്നുണ്ട്: "ജലയാത്ര അത്യാവശ്യം, ജീവിക്കുക അങ്ങനെയല്ല" (To sail is necessary, to live is not) അത്തരം നാവിക സാഹസികതയുടെ സ്തുതിഗീതങ്ങളുമല്ല അനിൽകുമാറിൻ്റെ കവിതകൾ. ജീവിക്കുക എന്ന അത്യാവശ്യത്തിനു വേണ്ടി അനിവാര്യമായിത്തീരുന്ന സമുദ്രയാനങ്ങളെക്കുറിച്ചാണ് ഈ കവി എഴുതുന്നത്.
3
കടൽ കവിക്കു നൽകുന്ന സമ്മാനം അതിൻ്റെ ചലനാത്മകതയാണ്.അതുകൊണ്ട് ഓരോ അനുഭവത്തേയും കടലാക്കുകയാണ് കവി.നിശ്ചലധ്യാനം ഈ കവിതകളിൽ കുറവാണ്. ശരിയാണ്, തീരത്തെ പാറകളുണ്ട്. എന്നാൽ അവയുടെ ഇടുക്കുകളിൽ കേറിയിറങ്ങുന്ന കടലുമുണ്ട്. കടലിൽ നിന്നു നോക്കുമ്പോൾ ദൂരെ കരയിൽ കെടാതെ കത്തുന്ന തിരി വെളിച്ചമുണ്ട്. അതിനു പിന്നിൽ, 'ഉപ്പു മണമുള്ള എന്നെ രുചിക്കുന്നവൾക്കുള്ളിലെ' കടലിരമ്പവുമുണ്ട്. അമ്മ കവിക്ക് ഒരു കടലാണ്. മറ്റൊരു കടലായി ഈ കവിതകളിൽ കയറിയിറങ്ങിയിരമ്പിത്തേങ്ങുന്നുണ്ട്, അമ്മ. അപ്പനും അമ്മയും മക്കളും മരുമക്കളും പിള്ളേരുമൊക്കെയായി കടപ്പുറത്തെ ഓരോ കുഞ്ഞു വീടും സമാന്തരമായൊരു കടലുപോലെ ചലനാത്മകമാണ്. ആ വീടകക്കടലിൻ്റെ ഒരാവിഷ്കാരമാണ് 'കല്ലേറ്' എന്ന കവിത.
ഈ ചലനാത്മകത കവി സൃഷ്ടിക്കുന്നത് മൂർത്തത കൊണ്ടാണ്. കടൽത്തീരത്തെ വീടുകൾ, വീടകക്കടലുകൾ, മനുഷ്യബന്ധങ്ങൾ, പ്രണയം എല്ലാം ആവുന്നത്ര മൂർത്തമായി തെളിഞ്ഞു വരുന്നു. കടലിൻ്റെ പശ്ചാത്തലത്തിൽ തീരത്തെ വീടുകളും മരങ്ങളും മനുഷ്യരും മൃഗങ്ങളും കടൽ ജീവികളുമെല്ലാം കൂടുതൽ മൂർത്തത കൈവരിക്കുന്നു. ഇളകി മറിയുന്ന കടലിൻ്റെ പശ്ചാത്തലത്തിൽ, സൂര്യനുകീഴെ, എല്ലാം മൂർത്തതയോടെ കറുത്തു തിളങ്ങുന്നു. ആ മൂർത്തത രാത്രിയെപ്പോലും ഭേദിക്കുന്നു. ഈ ആവിഷ്കാര മൂർത്തതക്ക് മികച്ച മാതൃകയാണ് 'സൊകം' എന്ന കവിത. പെണ്ണുങ്ങളോടു വഴക്കടിച്ച് ആണുങ്ങൾ രാത്രി കടപ്പുറത്ത് ഉറങ്ങുന്ന രംഗമാണതിൽ.അങ്ങനെ കിടക്കുന്ന ആണിന്,
കണ്ണയന്ത്
ചൊരിമണലിൽ
തല ചായ്ക്കുമ്പോ
പെണ്ടാട്ടിയുടെ മടിയിൽ
ചായും പോലെ തോന്നും.
ഇന്തിരൻ കെട്ടതും പെണ്ണാലെ എന്ന തമിഴ് പാട്ട് കാറ്റിലൂടെ അരിച്ചു വരുന്നുണ്ടാവും. കിടന്ന കിടപ്പിൽ വിരലുനീട്ടി ചൊരിമണലിൽ കൊമ്പൻ സ്രാവിൻ്റെ പടം വരയുകയാണ് ആണുങ്ങൾ. പോകേണ്ട കടലിനും തിരിച്ചെത്തേണ്ട തീരത്തിനുമിടയിൽ ചൊരിമണലിൽ കൊമ്പൻ സ്രാവിനെ എന്ന പോലെ മൂർത്തതയോടെ കോറിയിടുകയാണ് ജീവിതം.അകത്തും പുറത്തും ഇരമ്പുന്ന രണ്ടു കടലുകളെ ആ കൊമ്പൻ സ്രാവിൻ്റെ മണൽച്ചിത്രം കൂട്ടിയിണക്കുന്നു.
തിര മൂർത്തമാണ്. അതേ സമയം ചലനാത്മകവുമാണ്. നൃത്തം ചെയ്യുന്ന, പടർന്നു കയറുന്ന ദ്രവത്വമാണ്. അനിൽകുമാറിൻ്റെ ആവിഷ്കാര രീതി തിരയുടെ ആവിഷ്കാര രീതിയെ ഓർമ്മിപ്പിക്കുന്നു. മണലിന്മേൽ വിരൽ വരയുന്ന കൊമ്പൻ സ്രാവിൻ്റെ മൂർത്തതയിൽ നിന്ന് അത് മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതയിലേക്കു പടരുന്നു. ആവിഷ്കാര മൂർത്തതയാണ് കടലിനെക്കുറിച്ചുള്ള കാല്പനിക കവിതകളിൽ നിന്ന് അനിൽകുമാറിൻ്റെ കവിതയെ വെട്ടിമാറ്റുന്ന ഒരു പ്രത്യക്ഷ ഘടകം. തീരത്തെ പാറപോലെ, മരം പോലെ, മൃഗം പോലെ, മീൻ പോലെ, മനുഷ്യനെപ്പോലെ മൂർത്തതയുള്ള ഭാഷകൊണ്ടാണ് ഈ കവി മൂർത്തമായ തൻ്റെ കടലുകൾ സൃഷ്ടിച്ച് ഇളക്കിമറിച്ചു കൊണ്ടിരിക്കുന്നത്.കടപ്പെറ പാസയിലെ വാക്കുകളാണ് ഈ മൂർത്തതയുടെ പ്രധാന കരുക്കൾ.
ഇളകി മറിയുന്നതാണീ മൂർത്തത. ടാക്കീസിൽ ഇരുപത്തിനാലു മണിക്കൂറും ഓടിക്കൊണ്ടിരിക്കുന്ന പടത്തിൽ അതുണ്ട്.
ഇരുപത്തിനാലു മണിക്കൂറും
പടം കളിക്കുന്ന ടാക്കീസാണ്
മനസ്സ്.
കാവ്യബിംബങ്ങളെ ഇളക്കി മറിച്ച് കവി കടലാക്കുന്നതു ശ്രദ്ധിക്കൂ. എപ്പോഴും കാറ്റു പിടിച്ച തീരത്തെ ഒരു കാറ്റാടി മരം പോലെയാണ് അനിലിൻ്റെ കവിതയിലെ ഓരോ മൂർത്ത ബിംബവും. അത് തീരത്തു കിടക്കുന്ന പാറയാവട്ടെ, ബോട്ടിൽ പോകുന്ന മനുഷ്യരാവട്ടെ. വിഴിഞ്ഞം ഹാർബറിൻ്റെ തലപ്പത്ത്, തണുപ്പത്തിരുന്ന് അപ്പൻ പാടുന്ന പഴയ തമിഴ് പാട്ടു കേൾക്കുമ്പോൾ അതൊരു കടലായി മാറുന്നതു നോക്കൂ.
ചുറ്റുവട്ടാരത്തെ
കൊരട്ട വിട്ടിറങ്ങും കൂടങ്ങൾ
കൂടത്തിനുള്ളിൽ
ഞെണ്ടിറുക്കിപ്പോകും ഒടമ്പുകൾ
ആനിയാടി കടലാപ്പ്
ഒന്നുമില്ലാതണയും തങ്കൽ വള്ളം
എല്ലാം കേൾക്കും
അതിൻ ഓയ് വ്, ഓസൈയ്.
നാട്ടിൽ പണ്ടുണ്ടായിരുന്ന ഊട്ടി (പന്നി)കളുടെ ഓർമ്മ ആ മൃഗരൂപത്തിനു പിന്നിൽ പ്രണയത്തിൻ്റെ ഒരു കടൽ ഇളക്കിവിടുന്നു. പള്ളി മണി ഗോപുരത്തിൽ കെട്ടിത്തൂങ്ങിയ കമിതാക്കളെ ചുഴിയുടെ കണ്ണാക്കി ഒരു കടൽ ഇളകി മറിയുന്നു. ഇങ്ങനെ തൻ്റെ അനുഭവ ലോകങ്ങളെ മുഴുവൻ കടലാക്കുന്ന കരവിരുത് ഈ കവിതകളിലെമ്പാടും കാണാം.
തീരത്തെ മനുഷ്യൻ്റെ പ്രാഥമിക ജീവിതാവസ്ഥകളിലേക്കുള്ള ഊന്നൽ മൂർത്തതക്ക് മറ്റൊരു കാരണമാകുന്നുണ്ട്.(ആ പ്രാഥമിക ജീവിതാവസ്ഥകളെ എടുത്തുകാട്ടാൻ കടപ്പെറ പാസയിലെ വാക്കുകൾ തന്നെ വേണം) വളരെ പരിമിതമായ ഭൗതിക സൗകര്യങ്ങൾക്കിടയിലെ കൂട്ടു ജീവിതത്തിൻ്റെ സങ്കീർണ്ണതകൾ ഈ കവിതകളിലെ ഒരു മുഖ്യ പ്രമേയമാണ്.കടൽ തുറസ്സിലേക്കുള്ള സാഹസയാത്രകൾ പോലെ കരയിലെ മറവിടങ്ങൾ പറ്റിയിരുന്നുള്ള മുള്ളലും തൂറലും പല കവിതകളിലും ആവർത്തിച്ചുവരുന്നു.
നീ പെരട്ടം കഴുകുന്നത്
പാറകൾക്കിടയിലെ
വെള്ളത്തിലും
ഞാൻ കഴുകുന്നത്
തിരയടിക്കുന്നിടത്തുമാണല്ലോ.
ഒരുമിച്ചു നടന്നല്ലോ
കളിച്ചല്ലോ
തിന്നല്ലോ.
എൻ്റെ പെരട്ടം കണ്ടതായി
നീയോ
നിൻ്റെ പെരട്ടം കണ്ടതായി
ഞാനോ
മിണ്ടിയിട്ടില്ലല്ലോ.
(പെരട്ടം)
കടലിൻ്റെ മാത്രമല്ല തീരത്തിൻ്റെയും ഈ തുറവിയാണ് മനുഷ്യരുടെ പരസ്പര ബന്ധങ്ങളെ ദൃഢമാക്കുന്നത്, മൂല്യവത്താക്കുന്നത്. അമ്മയെക്കുറിച്ചുള്ള ദൃഢമൂർത്തമായ പല ഓർമ്മകളിലൊന്ന് ബസ്സിറങ്ങി വീട്ടിലേക്കു നടക്കുമ്പോൾ പുല്ലുകൾ പച്ചപ്പച്ചയായി കിളിർത്ത് പെരുച്ചാഴികൾ മറിയുന്ന മറവിൽ പെടുക്കാനിരിക്കുന്നതിൻ്റെയാണ്. ആ പുൽപ്പൊന്തക്കിപ്പുറം ആരെങ്കിലും വരുന്നുണ്ടോ എന്നു നോക്കി അമ്മക്കു കാവൽ നിൽക്കുകയാണ് മകൻ. ആധുനിക കക്കൂസുകളുടെ വരവ് സമൂഹ്യ ജീവിതത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കഴിഞ്ഞ നൂറ്റാണ്ടിൻ്റെ പകുതിയിൽ വൈക്കം മുഹമ്മദു ബഷീർ 'ൻ്റുപ്പാപ്പാക്കൊരാനേണ്ടാർന്നു' വിലൂടെ അടയാളപ്പെടുത്തിയത് ഓർക്കാം. അധികൃതരെ ബോധ്യപ്പെടുത്താൻ നിർമ്മിച്ച കക്കൂസുകൾ പരിശോധന കഴിഞ്ഞ പിറ്റേന്നു തന്നെ അഴിച്ചു കളയുകയാണ് അനിൽകുമാറിൻ്റെ കവിതയിൽ. ആധുനിക നാഗരിക ബോധത്തെ തൻ്റെ തുറയുടെ പ്രാഥമികാനുഭവങ്ങളുടെ സാംസ്കാരിക ബോധ്യത്തിൽ നിന്നു കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൽ സംശയപൂർവം ചോദ്യം ചെയ്യുന്നു, കവി.
അതെ,തുറസ്സുകളിൽ കവി ദൃഢമായി വിശ്വസിക്കുന്നു - അതു കടലിൻ്റെയായാലും തുറയുടെയായാലും. ആ തുറസ്സുകളിൽ നിന്നു രൂപം കൊണ്ട മൂല്യങ്ങൾ ഈ കവിതകളിൽ പ്രധാനമാണ്. പാരസ്പര്യത്തിൻ്റെ ദൃഢത തന്നെയാണ് അതിലേറ്റവും പ്രധാനം. ആ പാരസ്പര്യത്തിൽ സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, അമ്മ-മകൻ ബന്ധവും അപ്പൻ - മകൻ ബന്ധവുമുണ്ട്, അയൽപക്ക ബന്ധങ്ങളുണ്ട്,പ്രണയമുണ്ട്, രതിയുണ്ട്. തുറ ഉയർത്തിക്കാട്ടുന്ന ഒരു വിളക്ക് ഈ കവിതകളിലൂടെ പോകുമ്പോൾ നാം കാണുന്നു. നാളെ നമ്മുടെ പുള്ളകൾ അതു കെടാതെ കാക്കില്ലേ എന്ന ചോദ്യവും ഉയരുന്നു. മൂല്യം എന്നു കേട്ടാലുടനെ വെകിളിയെടുക്കുന്ന, അരാജകനാട്യമുള്ള തരം കവിതാ രീതികളിൽ നിന്ന് വെട്ടിത്തിരിഞ്ഞു നിൽക്കുന്നു, ഈ കവിതകൾ.
കടലിൻ്റെ ചലനാത്മകതകൊണ്ട് ഏതുതരം ലോകാനുഭവത്തേയും കവി നേരിടുന്നു. പല സന്ദർഭങ്ങളിലും കടപ്പെറ പാസയിലെ വാക്കുകൾക്കു പകരം മാനകഭാഷാ പദങ്ങൾ ഉപയോഗിക്കുമ്പോഴും തിരയുടെ മൂർത്തതയും ചലനാത്മകതയും വിടാതെ തുടരുന്നതു കാണാം.'പഠിച്ചു പഠിച്ചു മൂള കെട്ട്' നാളെ ഈ തീരം വിട്ടു പോയാലും ഇളകി മറിയുന്ന കടൽ ഇയാളെ വിട്ടൊഴിയുകയില്ല. ആഴുന്നിടമെല്ലാം കടലാക്കാൻ പോന്നതാണ് ഇയാളിലെ കവിത്വം.
4
"ഒരു തിര മതി ഞങ്ങൾക്ക് കടലായിരമ്പാൻ" എന്ന് തുറ എന്ന കവിതയിൽ അനിൽകുമാർ എഴുതുന്നത് ആ ഒറ്റത്തിര പ്രതിഷേധത്തിൻ്റെ പെരുങ്കടലായി മാറും എന്ന താക്കീതുകൂടിയായാണ്. കടലെടുത്തു പോവുക എന്നതിന് ഈ കവിയെ സംബന്ധിച്ചിടത്തോളം ആലങ്കാരികമോ സാഹിതീയമോ ആയ വിവക്ഷകളല്ല ഉള്ളത്. മറിച്ച് നടപ്പു കാലത്തെ പ്രാഥമികാനുഭവം തന്നെയാണത്. വാഴ് വും കവിതയും ഉയിരെടുത്ത ഈ തുറ അക്ഷരാർത്ഥത്തിൽ തന്നെ കടലെടുത്തു കൊണ്ടിരിക്കുകയാണ്. ആ കടലെടുപ്പ് മനുഷ്യസൃഷ്ടിയാണെന്നു മാത്രം. വികലമായ വികസന നയങ്ങളുടേയും അമിതമായ ലാഭക്കൊതിയുടേയും ഇരയായി മാറിയിരിക്കുകയാണ് വിഴിഞ്ഞത്തിനു തെക്കും വടക്കുമുള്ള അമ്പത്തിരണ്ടു തുറകളിലെ ഏറെക്കുറെ അസംഘടിതരായ മത്സ്യത്തൊഴിലാളികളുടെ ജീവിതം.വിഴിഞ്ഞത്ത് നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞ സ്വകാര്യ സംരംഭത്തിലുള്ള പോർട്ട് യാഥാർത്ഥ്യമാകുന്നതോടെ ഈ തുറകളിലെ ഏതാണ്ടു മൂന്നര ലക്ഷം വരുന്ന ജനങ്ങളാണ് അവരുടെ സ്വാഭാവിക ജീവിത സാഹചര്യത്തിൽ നിന്ന് എന്നേക്കുമായി തുടച്ചു നീക്കപ്പെടുക. കടലിൽ ഇതിനകം തുടങ്ങിക്കഴിഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ തന്നെ പലതുറകളിലും കൃത്രിമമായ കടലേറ്റത്തിന് കാരണമായിരിക്കുന്നു. എത്രയോ വീടുകൾ കടലെടുത്തു കഴിഞ്ഞു. നിരവധി കുടുംബങ്ങൾ ഇതിനകം അഭയാർത്ഥികളായി മാറി.നഗരത്തിലെ ഫ്ലാറ്റുകളിലേക്ക് പറിച്ചു നടപ്പെടുന്നവർ എങ്ങനെ കടലിൽ പോയി ഉപജീവനം നടത്തും? ഉപജീവനത്തിൻ്റെ കാര്യം മാത്രമല്ല, ജനിച്ചു വളർന്നു ജീവിക്കുന്ന സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് വികസനത്തിൻ്റെ പേരിൽ തുരത്തപ്പെടുകയാണ് ഈ ജനത.ഒരു സംസ്കൃതി തന്നെ അരുംകൊലക്കിരയാവുകയാണ്.ഒരു ജനതയെ സ്വാഭാവിക സാഹചര്യത്തിൽ ജീവിക്കാനനുവദിക്കാതെ നടപ്പാക്കുന്ന വികസനം ആർക്കുവേണ്ടിയുള്ളതാണ് എന്ന ചോദ്യം ശക്തമായി മുന്നോട്ടുവയ്ക്കുന്നുണ്ട് അവിയങ്കോരയിലെ കവിതകൾ. വികസനമല്ലേ, സഹിക്കണ്ടേ, ഒഴിഞ്ഞു പോകാൻ ഞങ്ങൾ സഹായിക്കാം എന്നാണ് പ്രധാന രാഷ്ട്രീയ കക്ഷികളും സ്ഥാപനവൽകൃത മതങ്ങളുമെല്ലാം പറഞ്ഞു കൊണ്ടിരിക്കുന്നത്. മനുഷ്യനിർമ്മിതമായ കടലേറ്റത്തിൻ്റെ ഇരകളായി മാറിക്കഴിഞ്ഞിരിക്കുന്നു തുറകളിലെ മനുഷ്യരും അവരുടെ കടലമ്മയും. ഇങ്ങനെ എന്നെന്നേക്കുമായി നഷ്ടപ്പെടാവുന്ന തൻ്റെ ജനതയുടെ നിലനില്പിൻ്റെ അവസാനത്തെ തുറയിൽ നിന്നുകൊണ്ടാണ് കടലെടുപ്പിൻ്റെ ഈ പുസ്തകം കവി എഴുതിയിരിക്കുന്നത്. അങ്ങനെ ഇത് അതിജീവന ഉൽക്കണ്ഠകളുടേയും വിലാപത്തിൻ്റേയും പ്രതിഷേധത്തിൻ്റെയും പുസ്തകമായിരിക്കുന്നു. ബാക്കിയെല്ലാം നിങ്ങളെടുത്തോളൂ, ഒരു തിര മതി ഞങ്ങൾക്ക് കടലാവാൻ എന്ന പ്രവാചകത്വം മുഴങ്ങുന്ന കവിയിരമ്പം 'അവിയങ്കോര' ബാക്കി വെയ്ക്കുന്നു.
5
മലയാളക്കരയുടെ തീരദേശ സംസ്കൃതിയിൽ നിന്നും സമകാല അതിജീവന ഉൽക്കണ്ഠകളിൽ നിന്നും ഡി. അനിൽകുമാറിൻ്റെ കവിത വന്ന് വൈകാതെ തന്നെയാണ് തമിഴിൽ സ.ദുരൈ രാമേശ്വരം കടൽപ്പുറത്തു നിന്നുള്ള തൻ്റെ കവിതകളുമായെത്തുന്നത്.ദുരൈയുടെ ആദ്യ സമാഹാരം 'മത്തി' 2018-ൽ പുറത്തു വന്നു. മത്തിയിലെ അവസാന കവിത ഇതാണ്.
കടൽപ്പാറയൊന്നിൻ മീതെ
ജീവിതം ഉണക്കാൻ വിരിച്ചിട്ടു.
ഇര കിട്ടാതെ
വയസ്സൻ പരുന്തുകൾ വന്നമർന്നു.
ഇടക്കാല മീൻപിടിത്ത നിരോധനത്തിൽ
ബോട്ടുകൾ കെട്ടിക്കിടക്കുന്നു.
മീൻ കുഞ്ഞുങ്ങളും വിഷമീനുകളും
ഉരസിപ്പോകുന്നു.
വർഷങ്ങളായി ഉണങ്ങാനിട്ട ജീവിതം
തിരിച്ചെടുക്കാൻ വന്നപ്പോൾ
വ്ളാങ്കുമീൻ പിടിക്കുന്ന ഒരു പയ്യൻ
പഴുത്ത തെങ്ങോല കീറിക്കൊണ്ടു പറഞ്ഞു
'നല്ല ജീവിതം തന്നെ, എന്നാൽ പാഴായിപ്പോകുന്നു.'
ഇപ്പോൾ ലണ്ടനിൽ കഴിയുന്ന ഈഴത്തമിഴ് കവി റഷ്മിയുടെ കവിതകളും എൻ്റെ ശ്രദ്ധയിൽ പെടുന്നത് അടുത്തിടെയാണ്. ശ്രീലങ്കയുടെ കിഴക്കൻ കടലോരത്തു നിന്നുളള റഷ്മിയുടെ 2010-ൽ പുറത്തിറങ്ങിയ 'ഈദേനിൻ പാമ്പുകൾ' എന്ന സമാഹാരത്തിൽ അനിൽകുമാറിൻ്റേയും ദുരൈയുടെയും കവിതകളോടു ചേർത്തു വായിക്കാവുന്ന പല കവിതകളുണ്ട്.കടലിനോടു ചോദിച്ചത് എന്ന കവിത ഇങ്ങനെ തുടങ്ങുന്നു:
നീ പാടുന്നതു കേട്ടു കണ്ണു വളർന്ന കുഞ്ഞുങ്ങൾ
നീയയച്ച കാറ്റിൽ മുടി പാറിപ്പറന്ന മനുഷ്യർ
നിൻ്റെ വാതുക്കൽ മണൽക്കോട്ട കെട്ടിയവർ
നീ മലം കഴുകി വിട്ടവർ
അവർക്കായ് നീ ചിപ്പികളും ശംഖുകളും
പുതിതു പുതിതായ് എറിഞ്ഞു കൊടുക്കുന്നു.
ഈ കവിതക്കൊടുവിൽ അതേ കടൽ വിശന്നുവലഞ്ഞ ഒരു പുലിയെപ്പോലെ എല്ലാം തിരിച്ചു വീഴുങ്ങുകയാണ്.
ദ്രാവിഡ ഭാഷാ തുറകളിൽ നിന്നുള്ള ഈ കടലെഴുത്തുകളോടു കണ്ണി ചേരാൻ തീർച്ചയായും ഇനിയും സഹോദര കവികളുണ്ടാവാം. സ്വാഭാവിക ജീവിത സാഹചര്യങ്ങളിൽ നിന്നു തുരത്തപ്പെടുന്ന തീരദേശമനുഷ്യരുടെ അതിജീവന സമരങ്ങൾ പല ഭാഷകളിൽ നിന്നുള്ള ഈ കവിമൊഴികളിൽ ഐക്യപ്പെടുന്നുമുണ്ടാവാം.കടലിലേയും തീരത്തേയും ജീവിതം കൊണ്ട് ഇളകിമറിയുന്ന എത്രയോ സാഹിത്യ കൃതികൾ ലോകഭാഷകളിലുണ്ടായിരിക്കുന്നു. മോബിഡിക്കും കിഴവനും കടലും കോളറിഡ്ജിൻ്റെ പ്രാചീന നാവികനും ജെ.എം.സിഞ്ചിൻ്റെ റൈഡേഴ്സ് ടു ദ സീയും ഡെറക് വാൽക്കോട്ടിൻ്റെ കവിതകളുമെല്ലാം പെട്ടെന്ന് ഓർമ്മയിലേക്കു വരും. നമ്മുടെ തീരത്തിരുന്ന് ഡി. അനിൽകുമാർ സൃഷ്ടിക്കുന്ന കവിതാ ലോകം ഈ ആഗോള സാഹിത്യ പശ്ചാത്തലത്തിലും അതിജീവനത്തെക്കുറിച്ച് ആഗോളതലത്തിൽ തന്നെയുള്ള ഉൽക്കണ്ഠകളുടെ പശ്ചാത്തലത്തിലും അടയാളപ്പെടേണ്ടതുണ്ട്.
തുടങ്ങാൻ എളുപ്പവും തുടരാൻ പ്രയാസവുമുള്ള യാത്രയാണ് കവിതയുടേത്.ഈ പ്രയാസഘട്ടത്തിൽ ദിശാബോധത്തോടെയും ആത്മവിശ്വാസത്തോടെയും മുന്നേറുന്ന ഡി.അനിൽകുമാറിൻ്റെ കവിതക്ക് എൻ്റെ ഭാവുകങ്ങൾ.ആദ്യപുസ്തകം പ്രസിദ്ധീകരിച്ച ശേഷമുള്ള ഈ പ്രയാസഘട്ടത്തിൽ നമ്മെ എന്നേക്കുമായി നിശ്ശബ്ദരാക്കാൻ പോന്ന ആട്ടും തുപ്പും തെറിയും പരിഹാസവുമാണ് സമകാലസാഹിത്യാന്തരീക്ഷത്തിൽ നിന്നു കിട്ടുക എന്നതാണ് സ്വാനുഭവത്തിൽ നിന്ന് എനിക്കു തോന്നിയിട്ടുള്ളത്. അതെന്തായാലും, സ്വാഭാവികമായ തുടരൊഴുക്കുകളിലൂടെ കൂടുതൽ തുറസ്സുകളിലേക്കും പുതുലോകങ്ങളിലേക്കും സമാനഹൃദയരായ വായനക്കാരെ എത്തിക്കാൻ പോന്ന കവിതയാണ് തൻ്റേത് എന്ന് ഉറച്ചു മുന്നോട്ടു പോകാൻ, അങ്ങനെ മലയാള കവിതയുടെ തന്നെ തുടരൊഴുക്കാവാൻ ഈ കവിക്കു കഴിയുക തന്നെ ചെയ്യും എന്ന വാഗ്ദാനം കൂടി ഈ പുസ്തകത്തിൽ നിന്ന് ഞാൻ വായിച്ചെടുക്കുന്നു. തുറകളെ മായ്ച്ചുകളയുന്ന അധിനിവേശങ്ങൾക്കുമേൽ ഈ കവിതകൾ ഇരമ്പിനിൽക്കട്ടെ.
No comments:
Post a Comment