Thursday, December 12, 2024

റൊട്ടി മണമുള്ള തെരുവ്

റൊട്ടി മണമുള്ള തെരുവ്



പനിക്കയ്പ്പു മാറാതെ ഞാൻ നടക്കുന്നു
ഒരു കഷണം റൊട്ടിയന്വേഷിച്ച്
റൊട്ടിമണത്തിനു ചൂടുണ്ട്
റൊട്ടിമണത്തിനേ ചൂടുള്ളൂ

റൊട്ടിമണമുള്ള
ഒരു തെരുവു പോയിട്ട്
റൊട്ടി മണമുള്ള ഒരു കട പോലുമില്ല
ഇവിടെ

റൊട്ടിയെക്കുറിച്ചു സംസാരിക്കാൻ പറ്റുന്ന
ഒരു മനുഷ്യനെ
കണ്ടെത്തുകയെങ്കിലും വേണം
ഈ യാത്രയിൽ

മുറിച്ചു കഷണങ്ങളാക്കിയ
തണുത്ത ബ്രഡ് അടങ്ങുന്ന
പ്ലാസ്റ്റിക് പൊതി - ഈ പട്ടാമ്പി,
ഒരാഴ്ചക്കുള്ളിൽ ചവച്ചു തീർക്കേണ്ടത്

നിൻ്റെ നഗരത്തിന്
എൻ്റെ വക എന്തു വേണം
എന്നു ദൈവം ചോദിച്ചാൽ
ഞാൻ പറയും,
റൊട്ടി മണമുള്ള ഒരു തെരുവ്











ജന്നിഫർ ക്ലമൻ്റ് (മെക്സിക്കോ, സ്പാനിഷ്, ജനനം: 1960)

കവിതകൾ

ജന്നിഫർ ക്ലമൻ്റ് (മെക്സിക്കോ, സ്പാനിഷ്, ജനനം: 1960)


1
കടൽക്കള്ളൻ


കടൽക്കള്ളൻ
രാവിലെ
സ്വന്തം കൈകളാൽ
എന്നെ ഊട്ടുന്നു.
ഞാൻ നുണയുന്നു,
രാത്രിയിൽ
ഒരു കപ്പൽപ്പായപോലെ
എന്നെ
തന്നോടു ചേർത്തു തുന്നുന്ന
അയാളുടെ
വിരലുകൾ


2

എൻ്റെ യുവവിധവ


സൂസന്ന മൂലകളിൽ മാത്രം ജീവിക്കുന്നു
തൻ്റെ വവ്വാൽക്കറുപ്പു വസ്ത്രം ധരിച്ച്.
കന്യാമഠച്ചുമരുകളുടെ മണമവൾക്ക്
അവൾക്കുണ്ട്
ഒരു റംബ്രാൻ്റ് - വിളർച്ച
ഭൂതമാവേശിച്ച കണ്ണുകൾ
പിന്നെ ചിരികൾ,
കന്യാസ്ത്രീകളുടെ
രഹസ്യ
പാതിച്ചിരികൾ

വൈകുന്നേരങ്ങളുടെ
അനങ്ങാച്ചിലന്തിശ്ശാന്തതയിൽ
സൂസന്നയുടെ ശ്വാസോച്ഛ്വാസം നിറയെ
മെഴുകുതിരികൾ
മന്ത്രവിളക്കുകണ്ണുകൾകൊണ്ടവൾ
അവനെയിപ്പൊഴും തേടുന്നു
തൻ്റെ കുരുവിശ്ശബ്ദത്തിൽ,
ഒരു നിദ്രാടകയുടെ ശബ്ദത്തിൽ,
നഷ്ടപ്പെട്ടുപോയ ഭർത്താവിനെ
അവൾ വിളിക്കുന്നു
പല്ലുകളില്ല
അവളുടെ വാക്കുകൾക്കുള്ളിൽ

Wednesday, December 11, 2024

നുവാല നിധോംനെയ്ൽ (അയർലൻ്റ്,ജനനം: 1952)

കവിതകൾ

നുവാല നിധോംനെയ്ൽ (അയർലൻ്റ്,ജനനം: 1952)


1

മഞ്ഞ്

ഇല്ല കിളി പാടിയില്ല
ഇല്ല മാൻ മിണ്ടിയില്ല
ഇല്ല സീൽ അലറിയില്ല
ഇല്ല തിര ചിതറിയില്ല


2

ചുംബനം

ഒരുവൻ്റെ ചുംബനം
നേരേ എൻ്റെ വായമേൽ
നാവ് എൻ്റെ ചുണ്ടുകൾക്കിടയിൽ
തിരുകി.
മരവിപ്പോടെ ഞാൻ പറഞ്ഞു:
"കൊച്ചു മനുഷ്യാ,
വീട്ടിൽ ചെല്ല്
നീ കുടിച്ചിട്ടുണ്ട്
വാതുക്കൽ കാണും നിൻ്റെ ഭാര്യ"

എന്നാൽ
നിൻ്റെ ചുംബനമോർമ്മിക്കേ
ഞാൻ വിറയ്ക്കുന്നു
അരക്കെട്ടിലുള്ളതെല്ലാം
കിനിയുന്നു പാലായ്

Tuesday, December 10, 2024

ഗു ചെങ് (ചൈന, 1956 - 1993)

കവിതകൾ

ഗു ചെങ് (ചൈന, 1956 - 1993)


1

ഒരു തലമുറ

കടുങ്കറുപ്പുരാവെനിക്കു തന്നു രണ്ടാഴക്കരിങ്കണ്ണുകൾ
വെളിച്ചം തിരഞ്ഞു പോകാൻ


2

ഇന്നലെ

ഒരു കരിനാഗം പോലെ
മൂലയിൽ ചുരുണ്ടു കിടക്കുന്നു,
ഇന്നലെ.
ജീവിച്ചപ്പോൾ തണുത്ത്.
മരിച്ചപ്പോൾ കൂടുതൽ തണുത്ത്.
ഒരിക്കലതു മെല്ലെയിഴഞ്ഞു
നിരവധി ഹൃദയങ്ങൾക്കു മേലെ
ഒരു പച്ചച്ച പാട് ബാക്കിവെച്ച്
ചോരപ്പാടുകളേതും മൂടി വെച്ച്

അതു ചത്തു, അവസാനം
പത്രക്കടലാസുമലകൾക്കടിയിൽ
രഹസ്യമായ് മറചെയ്യപ്പെട്ടു
ഇപ്പോൾ
ഉറുമ്പിൻപറ്റം പോലുള്ള അക്ഷരക്കൂട്ടങ്ങൾ
ചർച്ചിച്ചു കൊണ്ടിരിക്കുന്നു,
രണ്ടാം വരവിനു വഴിയൊരുക്കേണ്ടതിനെപ്പറ്റി.





വാങ് ജിയാക്സിൻ (ചൈന,ജനനം: 1957)

ഓറഞ്ച്

വാങ് ജിയാക്സിൻ (ചൈന,ജനനം: 1957)


ആ തണുപ്പുകാലം മുഴുവൻ
അയാൾ ഓറഞ്ചു തിന്നു
ചിലപ്പോൾ ഊൺമേശക്കരികിൽ, ചിലപ്പോൾ ബസ്സിലിരുന്ന്
ചിലപ്പോൾ അയാളതു തിന്നുമ്പോൾ
മഞ്ഞ് ഉള്ളിൽ നിന്നും വീണുകൊണ്ടിരുന്നു,
പുസ്തകഷെൽഫിനുള്ളിൽ നിന്നും.
ചിലപ്പോൾ അയാൾ തിന്നാതെ
പതുക്കെ വെറുതേ തൊലി കളഞ്ഞുകൊണ്ടിരുന്നു.
അതിനുള്ളിൽ എന്തോ ജീവിക്കുന്നുണ്ടെന്ന പോലെ

അങ്ങനെ അയാൾ തണുപ്പുകാലം മുഴുവൻ
ഓറഞ്ച് തിന്നു
തിന്നുമ്പോൾ, ഏതോ നോവലിലെ നായികയെക്കുറിച്ചയാൾ
ഓർത്തു
ഒരു പ്ലെയ്റ്റു നിറയെ ഓറഞ്ചുണ്ടായിരുന്നു
അവളുടെ കയ്യിൽ
അതിലൊന്ന് കഥാന്ത്യം വരെ ഉരുണ്ടുരുണ്ടുപോയി
പക്ഷേ ആരാണതെഴുതിയതെന്ന്
അയാൾക്കോർക്കാൻ കഴിഞ്ഞില്ല
അയാൾ നിശ്ശബ്ദമായിരുന്ന് ഓറഞ്ചു തിന്നുക മാത്രം ചെയ്തു
ജനൽപ്പടിമേൽ ഓറഞ്ചുതൊലി കൂമ്പാരം കൂടി.

താനൊരു കൊച്ചുപയ്യനായിരുന്നപ്പോൾ
ആശുപത്രിക്കിടക്കക്കരികിലിരുന്ന ഓറഞ്ച്
ഒടുവിലവൻ ഓർത്തു.
അമ്മക്കത് എവിടുന്നു കിട്ടി എന്നവനറിയില്ല
അവൻ്റെ കുഞ്ഞനിയന്
ഒരെണ്ണം തിന്നണമെന്നുണ്ട്.
പക്ഷേ അമ്മ പറഞ്ഞു, വേണ്ട,
ചേട്ടൻ തരുന്നത് പങ്കിട്ടാൽ മതി.
അവസാനത്തെ ഒരോറഞ്ച് തിന്നാൻ
രണ്ടു പേർക്കും കഴിഞ്ഞില്ല.
രാത്രിയായിട്ടും അതവിടെ ബാക്കിയായി.
(ആ അവസാന ഓറഞ്ചിന് പിന്നീടെന്തു സംഭവിച്ചു?)

അയാളങ്ങനെ ഓറഞ്ചു തിന്നു,
ആ തണുപ്പുകാലം മുഴുവൻ.
മഞ്ഞുള്ള ദിവസങ്ങളിൽ, നരച്ച കാലാവസ്ഥയിൽ
പ്രത്യേകിച്ചും.
സമയം മാത്രമേ തനിക്കുള്ളൂ
എന്ന മട്ടിൽ
വളരെ പതുക്കെ അയാൾ തിന്നു.
ഇരുട്ടു വിഴുങ്ങുകയാണെന്ന പോലെ.
അയാളങ്ങനെ തൊലികളഞ്ഞ് ഓറഞ്ചു തിന്നുകൊണ്ട്
ജനലിലൂടെ തിളങ്ങിക്കാണുന്ന
മഞ്ഞിൻ്റെ തേജസ്സ് നോക്കി നിന്നു.


Monday, December 9, 2024

കേദാർനാഥ് സിങ്

സമയവുമായ് എൻ്റെ ആദ്യസമാഗമം

കേദാർനാഥ് സിങ്


സമയത്തെ ഞാൻ ആദ്യം കണ്ടുമുട്ടിയതെപ്പോഴാണ്?
അതാലോചിക്കുമ്പോൾ
എൻ്റെ ആദ്യത്തെ സ്കൂളിലെ
മുൻഷി ഹുലാസ് റാമിനെ ഞാനോർക്കും
അദ്ദേഹം പറയും,
കുട്ടികളേ, കിണറിനടുത്തു പോയി
നട്ടുച്ചപ്പൂക്കൾ വിരിഞ്ഞോ ഇല്ലയോ നോക്ക് എന്ന്

ഉച്ച ഇടവേള 12 മണിക്കാണു തുടങ്ങുക
കൃത്യം 12 നു തന്നെ നട്ടുച്ചപ്പൂക്കൾ വിരിയുമെന്നാണ്
മാഷിൻ്റെ വിശ്വാസം

ഈ കുഞ്ഞിക്കുഞ്ഞിപ്പൂക്കളും
12 ൻ്റെ ക്ലോക്കടിയും
തമ്മിലെന്താണു ബന്ധം,
ഞങ്ങൾക്കതൊരത്ഭുതം തന്നെയായിരുന്നു.

കിണറ്റരികിലെ ചെളിവെള്ളത്തിനും

കുഞ്ഞിക്കുഞ്ഞിപ്പൂക്കൾക്കുമൊപ്പം
സമയം എന്നിലേക്ക്
ഇങ്ങനെയാണു കടന്നുവന്നതെന്ന്
വൈകി മാത്രമാണു ഞാനറിഞ്ഞത്.
അതാണ് എൻ്റെ വാച്ച്
തോന്നുമ്പോലെ പായുന്നത്.

എൻ്റേതല്ല,
ആരുടെ സമയമാണ്
എൻ്റെ വാച്ചിൽ മിടിച്ചുകൊണ്ടിരിക്കുന്നതെന്ന്
ആരോടാണു ഞാനിപ്പോളൊന്നു ചോദിക്കുക?

Saturday, December 7, 2024

ലിയു ക്സിയ (ചൈന, ജനനം:1961)

വാക്ക്

ലിയു ക്സിയ (ചൈന, ജനനം:1961)


രാവിലെ
ആരുടെയോ സ്വപ്നത്തിലെ ഒരു വാക്ക്
ഒരു ഗൂഢാലോചന പോലെ
എന്നെ നോക്കുന്നു
ഞാൻ കണ്ണു തുറക്കുന്ന സമയം
ഗംഭീരമൊരു ആംഗ്യത്തോടെ
അതെന്നെ കവരുന്നു

വേദനക്കും നിലവിളിക്കും
മരണത്തിനും വരെ കാരണമായേക്കാം
ഭേദമാകാത്ത രോഗം പോലുള്ള
ആ ഏകാന്ത വാക്ക്

എന്നാൽ ഞാൻ അസൂയാലു
അതു പറന്നുയരുന്നു
എന്നെ കവരുമ്പോൾ!