Saturday, March 18, 2023

കുടുംബപ്രശ്നം

 കുടുംബപ്രശ്നം



അച്ഛൻ തെറ്റു ചെയ്തിട്ടില്ല

അമ്മ തെറ്റു ചെയ്തിട്ടില്ല

മക്കളാരും ചെയ്തിട്ടില്ല.


എന്നിട്ടുമവരിൽ

എവിടുന്നൊക്കെയോ

ഊറിവന്ന കുറ്റബോധം

നിറഞ്ഞു പെരുത്തുണ്ടായ

ഈ മായത്തടാകക്കരയിൽ


അച്ഛൻ മയങ്ങിക്കിടക്കുന്നു

അമ്മ മയങ്ങിക്കിടക്കുന്നു

മക്കൾ മയങ്ങിക്കിടക്കുന്നു - ആ

കുറ്റബോധക്കയത്തിന്റെ -

യുള്ളിൽ നിന്നുമൊലിക്കുന്ന

നൂറായിരം ചോദ്യമവി -

ടെങ്ങുമെന്നും മുഴങ്ങുന്നു.


Wednesday, March 8, 2023

മടങ്ങിവരവ് - ഇന്നാ കാബൈഷ് (റഷ്യ)

 മടങ്ങിവരവ്


- ഇന്നാ കാബൈഷ് (റഷ്യ)



മുടിയനായ പുത്രൻ ഓരോരിക്കലും വീട്ടിൽ മടങ്ങിയെത്തുക

പട്ടാപ്പകൽ.

മുടിയയായ പുത്രിയോ മടങ്ങിയെത്തി

പതുങ്ങിക്കയറുക നേരമിരുട്ടിയ ശേഷം.


മകളും പാഠങ്ങൾ പഠിച്ചു തന്നെയാവാം

വരുന്നത്

എന്നാൽ അവളെത്തുക

കുഞ്ഞുങ്ങളെയും ചുമന്നു തട്ടിത്തടഞ്ഞ്.

ചാന്ദ്ര സ്നാനം - വേര ചിഷേവ്സ്കയ (റഷ്യ)

 ചാന്ദ്ര സ്നാനം


 വേര ചിഷേവ്സ്കയ (റഷ്യ)

 


മൂടൽമഞ്ഞിൻ വെൺമ

ഒരു പുഴയോടടുത്തു


"അതിനെന്താണു വേണ്ടത്?"

പുല്ലു ചോദിച്ചു.


"എന്താണതന്വേഷിക്കുന്നത്?"

മണൽ വിസ്മയിച്ചു.


"എന്തുകൊണ്ടതു വ്യക്തമാകുന്നില്ല?"

നക്ഷത്രങ്ങൾ അത്ഭുതപ്പെട്ടു.


മൂടൽമഞ്ഞാകട്ടെ കാത്തു നിന്നു

വെള്ളം കുടഞ്ഞുതെറിപ്പിച്ചുകൊണ്ട്

ചന്ദ്രൻ പുഴയിൽ നിന്നു പൊങ്ങി വരാനായി

മൂന്നു കവിതകൾ - വേരാ പാവ്‌ലോവ (റഷ്യ)

മൂന്നു കവിതകൾ

വേരാ പാവ്‌ലോവ (റഷ്യ)


1

അതു നല്ലത്
എന്നു ദൈവം കണ്ടു
അതു മികച്ചത്
എന്ന് ആദം കണ്ടു
അതു സഹിക്കാവുന്നത്
എന് ഹവ്വ കണ്ടു.


2

തണുപ്പുകാലത്തൊരു മൃഗം
വസന്തകാലത്തൊരു ചെടി
വേനൽക്കാലത്തൊരു കീടം
ശരൽക്കാലത്തൊരു പക്ഷി
മറ്റെപ്പോഴും ഞാനൊരു പെണ്ണ്


3


- ഉത്തമഗീതം എനിക്കു പാടിത്തരൂ
- വാക്കുകളറിയില്ല
- എങ്കിൽ അതിൻ്റെ സ്വരങ്ങൾ
- സ്വരങ്ങൾ അറിയില്ല
- എന്നാൽ വെറുതെ മൂളൂ
- ഈണം മറന്നുപോയി
- എങ്കിൽ എൻ്റെ ചെവി
നിൻ്റെ ചെവിയോടു ചേർത്തു വെക്കൂ
എന്നിട്ടെന്താണോ കേൾക്കുന്നത്
അതു പാടൂ.



ശബ്ദവും വെളിച്ചവും

ശബ്ദവും വെളിച്ചവും



വേണ്ടാത്തിടത്തേ പതിയൂ വെളിച്ചം

ശബ്ദം വേണ്ടിടം മാത്രം നിശ്ശബ്ദം

Tuesday, March 7, 2023

മൂന്നു കവിതകൾ - മരീന ബൊറോഡിറ്റ്സ്കയ (റഷ്യ)

മൂന്നു കവിതകൾ

- മരീന ബൊറോഡിറ്റ്സ്കയ (റഷ്യ)


 1. പാട്ടുകെട്ടുകാരൻ, പാവം!


ഒരു പിയാനോയില്ലാതെന്തു

പാട്ടുകെട്ടുകാരൻ, പാവം!

എഴുത്തുമേശയില്ലാതെന്തു

ഗദ്യമെഴുത്തുകാരൻ, പാവം!

ഈസിൽ, ബ്രഷുകൾ, ചായട്യൂബുകൾ

ഇല്ലാതെന്തു ചിത്രകാരൻ, പാവം!


പാവം പാവം ശില്പി

പാവം സിനിമാ സംവിധായകൻ

കവിയല്ലാതീ ലോകത്തില്ല

ഭാഗ്യവാനായ് ആരും

കവി പാർക്കിലുലാത്തുന്നു

തലയിലുണ്ടു വരികൾ

(നിങ്ങളയാളുടെ വയറിലേക്ക്

- പുഷ്കിനെ വെടിവെച്ചപോലെ -

വെടിയുതിർക്കാത്തോളം)



2. ശബ്ദക്കത്ത്


ഹലോ ദൈവമേ,

ഒരു ചെറു കവി

താങ്കൾക്കെഴുതുന്നു.

ഗായകസംഘത്തിലെ ഒരു ശബ്ദം

കാട്ടിലെ ഒരു കൊച്ചു പൈൻ മരം

സ്കൂൾ വൃന്ദവാദ്യത്തിലെ ഒരു ക്ലാരിനെറ്റ്.


ഇതിത്ര എളുപ്പമെന്നാണോ

താങ്കൾ കരുതുന്നത്, പ്രഭോ!

ഗായകസംഘത്തിലൊരു ശബ്ദമാവൽ,

വെള്ളത്തിലൊരു മീനാവൽ,

താങ്കളുടെ ആജ്ഞകളെ

തടസ്സപ്പെടുത്താതിരിക്കൽ?

എന്നിട്ടുമെത്ര മോശം

ആദ്യ വയലിൻ നിരയാകാൻ

നിയോഗിക്കപ്പെട്ടവരുടെ,

അല്ലെങ്കിൽ മലമുകളിലെ

ഏറ്റവുമുയർന്ന പൈൻ മരത്തിന്റെ,

മഞ്ഞുറഞ്ഞ വിധി.


കഷ്ടപ്പാടില്ല ഞങ്ങൾക്ക്

കൊല്ലം തോറും, നാൾ തോറും

കൂടുതലാഴത്തിൽ വേരാഴ്ത്താൻ

സ്വരവിസ്താരങ്ങൾ പരിശീലിക്കാൻ

സംഗീതവേദിയിൽ

സംവിധായകന്റെ സൂചനക്കോൽ

ചലനങ്ങൾ കാത്തു നിൽക്കാൻ

പർവതങ്ങളെപ്പോലും കരയിക്കുന്ന

വിശിഷ്ടമൊരു ഗാനം മുഴക്കാൻ.


3. നിശ്ശബ്ദതയുടെ ഇഷ്ടക്കാരി

നിശ്ശബ്ദതയുടെയിഷ്ടക്കാരി ഞാനിപ്പോൾ
മഞ്ഞുമൂടിയ മേൽപ്പുരകൾ നോക്കിയിരിക്കുന്നോൾ
എന്റെ ജനാലപ്പടിയിലിറങ്ങിവന്നൂ മന്മഥൻ
ഞാനവനോടു പറഞ്ഞൂ പോകെട മൂരിശൃംഗാരീ

കേൾക്കുമോ?

 കേൾക്കുമോ?


മരിക്കും നാവിനാൽ വിളിച്ചാൽ കേൾക്കുമോ?

വിളി കേട്ടോടിവന്നടുത്തിരിക്കുമോ?

മരിക്കും നാവിനാൽ വിളിച്ചാലുമേതോ

കവിത കേൾക്കുവാൻ വിളിക്കയാണെന്നു

കരുതിയീവഴി വരാതിരിക്കുമോ?

മരിക്കും നാവിനാൽ വിളിച്ചു, കേൾക്കുമോ?