Tuesday, March 24, 2026

വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ, ജനനം: 1939)

വ്യാചെസ്ലാവ് കുപ്രിയാനോവ് (റഷ്യ, ജനനം: 1939)

കവിതകൾ

1
എല്ലാം മറക്കപ്പെടുന്നു


എല്ലാം മറക്കപ്പെടുന്നു.

ഒരു പഴയ അലമാരയിൽ
ചന്ദ്രനെ മറന്നുവെച്ചു
എലി അതു തിന്നു

അതോടെ
ജന്മനാ
തിളങ്ങാൻ തുടങ്ങി
എലിക്കുഞ്ഞുങ്ങൾ

പൂച്ചകളവയെ തിന്നില്ല
അവ ഭയന്നിരുന്നു.
പൂച്ചകൾ ചത്തു,അവ
മറക്കപ്പെട്ടു.


2
കടലാസ് പട്ടങ്ങളുടെ കാലം


വിമാനവാഹിനികളുടെയും
മുങ്ങിക്കപ്പലുകളുടെയും കാലത്ത്
സമുദ്രത്തിലൂടെ
മെല്ലെ ഒഴുകിപ്പോകുന്നു
കോൺടിക്കിയും റായും.
അവ തെളിയിക്കുന്നു,
ദുർബലമായ ചങ്ങാടങ്ങളിലും തോണികളിലുമാണ്
നമ്മുടെ അപരിഷ്കൃതരായ പൂർവ്വപിതാക്കൾ
അഗാധ സമുദ്രം കടന്ന്
വിദൂരവൻകരയിൽ നിന്നു
വൻകരയിലേക്കു
കുടിയേറിപ്പാർത്തത് എന്ന്.

നക്ഷത്രനൗകകളുടെ കാലത്ത്
ആകാശങ്ങളിലൂടെ
മെല്ലെ
അപരിചിത ഭാഷകളിലെഴുതിയ
പഴയ കവിതകൾ ഒട്ടിച്ചു ചേർത്ത
കടലാസ് പട്ടങ്ങളിൽ
ആളുകൾ പറക്കും.
നമ്മൾ,
അവരുടെ വിജ്ഞരായ പൂർവപിതാക്കൾ
അഗാധാകാശം കടന്ന്
വിദൂരനക്ഷത്രത്തിൽ നിന്നു നക്ഷത്രത്തിലേക്ക്
കുടിയേറിപ്പാർത്തത്
കടലാസ് പട്ടങ്ങളിലാണ് എന്നു തെളിയിക്കാൻ




No comments:

Post a Comment